നെഞ്ചോടു ചേർത്തു വച്ച തലയിണയെ അവൾ എടുത്തുമാറ്റി…

Uncategorized

രചന: രഘു കുന്നുമക്കര

തൊലിയുരിച്ച സാവാള ചെറു കൂമ്പാരമായി, വിരിച്ചിട്ട ചണച്ചാക്കിലുയർന്നു നിന്നു. അരികിലിരിക്കുന്ന സ്റ്റീൽ ബേസണിൽ അതേ കണക്കിൽ വെളുത്തുള്ളിയും കുമിഞ്ഞു കൂടി. അടുക്കളയുടെ ഒരു മൂലയിലേക്ക് രണ്ടു തരങ്ങളേയും നീക്കി വച്ച്, ചിന്നു ഒന്നു മൂരിനിവർന്നു. സ്റ്റീൽ കുട്ടകം നിറയേയുണ്ടായിരുന്ന ചിക്കൻ പീസുകളേ അടുക്കളച്ചായ്പ്പിലെ വിറകടുപ്പിൽ വച്ച് അമ്മ വറുത്തെടുക്കുന്നതിന്റെ ഗന്ധം. ചിന്നു എഴുന്നേറ്റു. ഏറെ നേരമായുള്ള കുന്തിച്ചിരിപ്പു മൂലം കാൽവണ്ണകളും മുട്ടും മരവിച്ചു പോയിരിക്കുന്നു. അവൾ, അലുമിനിയം കപ്പിലിത്തിരി വെള്ളമെടുത്ത് മുഖം നന്നായി കഴുകി. ധരിച്ചിരുന്ന പഴയ ചുരിദാറിപ്പോൾ ആകെ മുഷിഞ്ഞുലഞ്ഞിരിക്കുന്നു. ഉടലിനും പുടവകൾക്കും വെളുത്തുള്ളിയുടേയും സവാളയുടേയും സംയുക്‌ത ഗന്ധമാണ്. മടുപ്പിക്കുന്ന ചൂര്…..

സമയമെന്തായിക്കാണും…? ചിന്നു, സ്വന്തം ഫോണിലേക്കു നോക്കി. പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. അച്ഛനിപ്പോൾ, കട പൂട്ടിയെത്തും. വഴിയോരത്തേ തട്ടുകടയിലിപ്പോൾ കച്ചവടത്തിനു നല്ല പുരോഗതിയുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. എങ്ങനെയാണ് പുരോഗതി ഉണ്ടാകാതിരിക്കുക…. ചിന്നൂന്റേം അമ്മയുടേയും സമർപ്പണം മുഴുവൻ ഈ സംരംഭത്തിനു വേണ്ടിയല്ലേ, ഇതിപ്പോൾ എത്രാമത്തെ കടയാണ്. അച്ഛൻ, ഈ സ്ഥലത്തെങ്കിലും ഒന്നുറച്ചു നിന്നാൽ മതിയായിരുന്നു. ലോട്ടറിയെടുപ്പും, ധൂർത്തും, മദ്യപാനവും അലസതയും ആരൊരാളിൽ സംഗമിച്ചുവോ, അയാളാണ് അച്ഛൻ…..

വറുത്ത ചിക്കൻ കഷ്ണങ്ങളുടെ വലിയ കുട്ടകവും താങ്ങിയെടുത്ത് അമ്മ അടുക്കളയിലേക്കു വന്നു. ഈ അമ്മയ്ക്ക്, ഉടുപ്പിത്ര കേറ്റിക്കുത്തണമോ….. വലതുകാലിന്റെ മുട്ടിനു മുകളിലേക്കു കയറിക്കിടന്ന ഉടുപ്പ്, അമ്മയുടെ യൗവ്വനം നഷ്ടപ്പെടാത്ത ഉരുണ്ട കാൽവണ്ണയെ അനാവൃതമാക്കിയിരിക്കുന്നു. ഉച്ചിയിലേക്കു കെട്ടിയ സമൃദ്ധമായ മുടിയും, ഹുക്കുകൾ എന്നോ നഷ്ടമായ ഉടുപ്പും, അതിലൂടെ പ്രദർശിക്കപ്പെടുന്ന മാംസക്കൊഴുപ്പുകളും, എന്നോ കണ്ടു മറന്ന ചലച്ചിത്രത്തിലെ ചായക്കടക്കാരിയുടെ വേഷമാണ് ഓർമ്മയിലെത്തിക്കുന്നത്.

വീടിനു മുന്നിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടു. അച്ഛൻ എത്തിയിരിക്കുന്നു. ചിന്നുവും അമ്മയും പൂമുഖത്തേക്കു നടന്നു. തട്ടുകടയിലെ പാത്രങ്ങളും അനുബന്ധ വസ്തുക്കളും കോലായിൽ ഇറക്കി വച്ചു കഴിഞ്ഞിരുന്നു. ചിന്നു ഉമ്മറത്തെ കട്ടിളപ്പടിയിൽ ചാരി നിന്നതേയുള്ളൂ. യുവാവായ ഓട്ടോ ഡ്രൈവർ സുപരിചിതനാണ്. പാത്രങ്ങൾ കുനിഞ്ഞെടുക്കുന്ന അമ്മയുടെ മാറിടത്തിലെ സുതാര്യതയിലേക്കു അയാൾ മിഴികളാലരിക്കുന്നതു കണ്ടപ്പോൾ ചിന്നുവിന് അസഹ്യത തോന്നിച്ചു. ഓട്ടോ പോയിക്കഴിഞ്ഞപ്പോൾ, തെരുവുവിളക്കുകൾ അണഞ്ഞുകിടന്നിരുന്ന നാട്ടുവഴിയേ വീണ്ടും അന്ധകാരം ഗ്രസിച്ചു.

ചായവും കുമ്മായവുമടർന്ന ഉമ്മറച്ചുവരിൽ, നിരതെറ്റി ദൈവങ്ങളുടെ ചിത്രങ്ങൾ തൂങ്ങിയാടി. കാലപ്പഴക്കത്താൽ ചിത്രങ്ങളും ഏറെ മുഷിഞ്ഞിരുന്നു. ദ്രവിച്ച മരവാതിൽ തഴുതിട്ട്, ജീർണ്ണത വ്യാപിച്ച സാരിയാലുള്ള വിരി താഴ്ത്തിയിട്ടു. തട്ടുകടയിലേ പാത്രങ്ങൾ മുഴുവൻ ഇനി മോറിക്കഴുകണം. നാളെ ഉച്ചതിരിഞ്ഞ്, അച്ഛന്റെ കടയിൽ അവ മിന്നിത്തിളങ്ങിയിരിക്കണം. അമ്മയോടൊപ്പം അതെല്ലാം വെടിപ്പാക്കിത്തീർത്തപ്പോഴേക്കും, പാതിരാവു പിന്നിട്ടിരുന്നു. അടുക്കളയുടെ ജാലകത്തിന്റെ മരയഴികൾക്കുള്ളിലൂടെ കൺപായിക്കുമ്പോൾ ധനു നിലാവിന്റെ ചേലു കാണാം. ചുളിയാക്കസവു പോലെ സുഭഗമായ നിലാവ്. മഞ്ഞിന്റെ കുളിര്. വീശിയടിച്ച ധനുക്കാറ്റിൽ, വേലിയ്ക്കലെ ശീമക്കൊന്നത്തലപ്പുകൾ ഇളകിയാടി.

അമ്മ കുളിയ്ക്കാൻ കയറിയിരിക്കുകയാണ്. ചിന്നു, അടുക്കളയും അകമുറികളും ഈർക്കിൽ ചൂലിനാൽ തൂത്തു വൃത്തിയാക്കി. അനുസരണയില്ലാതെ ചിതറുന്ന സവാളയുടെ തോൽപ്പുറങ്ങൾ. എത്ര ആട്ടിപ്പായിച്ചിട്ടും പോകാൻ തയ്യാറല്ലാത്ത ഉള്ളിയുടേയും പുതിനയുടേയും സമ്മിശ്ര ഗന്ധം. അടുക്കളച്ചുവരിനോടു ചേർന്നു പാഞ്ഞ ചുണ്ടെലിയുടെ പിടപിടപ്പും കരച്ചിലും… നടയകത്തേ കാലിളകിയ ബഞ്ചിൻമേലിരുന്നു അച്ഛൻ, പകലിൽ ശേഷിച്ച അവസാന ഇറ്റു മദ്യവും വിഴുങ്ങിയിരിക്കുന്നു. വില കുറഞ്ഞ ബ്രാണ്ടിയുടെ കുത്തുന്ന മണം. തൊണ്ട പൊള്ളിച്ചിറങ്ങിയ മദ്യത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് അച്ഛൻ എരിപൊരി തീർക്കുന്നു. അനുബന്ധമായി ബീഡിപ്പുകയുടെ നാറ്റവും.

അമ്മ കുളി കഴിഞ്ഞിറങ്ങി. ഇനി ചിന്നുവിന്റെ ഊഴമാണ്. കുടുസ്സായ കുളിമുറിയിൽ വാസനസോപ്പിന്റെ ഗന്ധം, അമ്മമണത്തോടു പൊരുതുന്നു. വിഴുപ്പുകൾ ഉരിഞ്ഞെറിഞ്ഞ് കുളിയ്ക്കുമ്പോൾ എത്ര ആശ്വാസമാണ്. എത്ര അകറ്റിയാലും ചേർന്നു നിൽക്കാൻ വെമ്പുന്ന സവാളച്ചൂര് പോകാൻ മടി പിടിച്ചു നിന്നു. പിന്നേയതു സോപ്പു മണത്തിനു കീഴടങ്ങി. അച്ഛന്റെയും അമ്മയുടേയും സംഭാഷണം സുവ്യക്തമാണ്.

“നാളെ രാവിലെ ബ്രോക്കർ ഗോപി, ഒരു കൂട്ടരെ കൊണ്ടുവരാന്നു പറഞ്ഞിട്ടുണ്ട്….. ടാക്സി ഡ്രൈവറാണത്രേ ചെറുക്കൻ…. ഇതെങ്കിലും ശരിയായാൽ മത്യായിരുന്നു…. എത്ര ആളുകള് വന്നതാ…. മോളെ പിടിച്ചാലും, ഈ ആട്ടിൻ കൂടു കണക്കേയുള്ള വീട് ആരിഷ്ടപ്പെടാനാണ്….. ഇരുപത്തിമൂന്നു വയസ്സു കഴിഞ്ഞു പെണ്ണിന്…..”

തെല്ലു നേരത്തേ നിശബ്ദതയ്ക്കു ശേഷമാണ്, അച്ഛനിൽ നിന്നും മറുപടിയുയർന്നത്…..

“അവളെ കൊണ്ടോണോർക്കു ഭാഗ്യല്ലേടീ….. അവള്, ഒരു ഹോട്ടൽ ഒറ്റയ്ക്കു നടത്തും. പാചകം ഒരു കലയാണ്….. ഡിഗ്രിയില്ലെങ്കിലും, ജീവിക്കാൻ പഠിച്ചിട്ടുണ്ട്….. അവളു പോയാൽ എനിക്കാ നഷ്ടം…..”

അച്ഛന്റെ സ്വരത്തിനു മദ്യത്തിന്റെ ഇഴച്ചിലുണ്ടായിരുന്നു.

കുളി കഴിഞ്ഞ്, ചിന്നു ചായ്പ്പിനോടു ചേർന്ന കുടുസ്സു മുറിയിൽ ഉറങ്ങാൻ കിടന്നു. വായുപ്രവാഹം തീർത്തും അന്യമായ മുറിയകത്ത് സവാളയുടെ ഉഷ്ണച്ചൂരും, വറ്റൽ മുളകിന്റെ കുത്തുന്ന മണവും ഇടകലർന്നു. വിവാഹം കഴിഞ്ഞാൽ, ഈ വീട്ടിലെ മണിയറ ഇതായിരിക്കും. തഴപ്പായിലെ ഉരുളൻ തലയിണയെടുത്ത് അവൾ നെഞ്ചോടു ചേർത്തു കിടന്നു. മാറിട സമൃദ്ധിയിലമർന്നു തലയണ ഞെരിഞ്ഞു. പൂർത്തിയാകാത്ത ചുവരിന്നപ്പുറത്തു നിന്നുള്ള പിറുപിറുക്കലുകൾ അവസാനിച്ചിരിക്കുന്നു. അച്ഛന്റെ ഉച്ഛാസങ്ങൾ മുറുകുന്നതും, അമ്മയുടെ ശീൽക്കാരങ്ങളും മടുപ്പാണു തോന്നിപ്പിച്ചത്….. ഇനിയും വിരുന്നു വരാത്ത ഉറക്കത്തിനോട്, അവൾക്ക് എന്തെന്നില്ലാത്ത പരിഭവം തോന്നി.

എപ്പോളോ അവളുറങ്ങി. ഉറക്കത്തിലവളൊരു കനവു കണ്ടു. ഒരു ടാക്സിക്കാറിൽ അവൾ യാത്ര പോവുകയാണ്. മുൻ സീറ്റിലാണിരിപ്പ്….. സുമുഖനായ ഡ്രൈവർ….. ഏറെ ദൂരം സഞ്ചരിച്ച്, അവരെത്തിയത് ഭംഗിയുള്ളൊരു കുഞ്ഞുവീട്ടിലേക്കാണ്….. അവരിരുവരും ആ വീടിന്റെ അകത്തളത്തിലെത്തി. അവിടെയൊന്നും സവാളയുടെയും പുതിനയുടേയും ഗന്ധമില്ലായിരുന്നു. അകമുറിയുടെ സ്വകാര്യതയിൽ, അവനവളേ ഗാഢം പുണർന്നു. അവളുടെ താലിയും, നിറമാറും ഞെരിഞ്ഞു. സീമന്തത്തിലെ സിന്ദൂരം അവന്റെ നെറ്റിയിൽ പുരണ്ടു. ആലിംഗനം കൂടുതൽ ദൃഢമായി…..

ചിന്നു ഞെട്ടിയുണർന്നു. പുലരിയെത്താറായിരിക്കുന്നുവെന്ന് തലയ്ക്കാം ഭാഗത്തേ, ടൈംപീസ് പറയാതെ പറഞ്ഞു. നെഞ്ചോടു ചേർത്തു വച്ച തലയിണയെ അവൾ എടുത്തുമാറ്റി….. തലയിണക്കപ്പോൾ തീച്ചൂടുണ്ടായിരുന്നു. വിരി മാത്രമുള്ള ജാലകത്തിലൂടെ പിൻനിലാവു കടന്നുവന്നു….. ഒപ്പം, ധനുക്കുളിരും…… അവളൊന്നു നെടുവീർപ്പിട്ടു. തിരിഞ്ഞു കിടന്നു. പിന്നേയാ പുലർക്കനവിന്റെ ചാരുതയേക്കുറിച്ചോർത്തു….. അതു സത്യമാകുവാൻ പ്രാർത്ഥിച്ചു.

നിലാവു പെയ്തുകൊണ്ടേയിരുന്നു…..

രചന: രഘു കുന്നുമക്കര

Leave a Reply

Your email address will not be published. Required fields are marked *