Categories
Uncategorized

“നീ ഇനി ആരെയും പേടിക്കണ്ട നിന…. ഈ കൂടി നിൽക്കുന്ന ആരും നിന്നെ ഒന്നും ചെയ്യില്ല.. അതീ ധരന്റെ ഉറപ്പാണ്.. നീ വന്നാൽ ഞാൻ നിന്നെ കൊണ്ട് പോകും … “

രചന : – ബിന്ധ്യ ബാലൻ

“നീ ഇനി ആരെയും പേടിക്കണ്ട നിന…. ഈ കൂടി നിൽക്കുന്ന ആരും നിന്നെ ഒന്നും ചെയ്യില്ല.. അതീ ധരന്റെ ഉറപ്പാണ്.. നീ വന്നാൽ ഞാൻ നിന്നെ കൊണ്ട് പോകും … ”

തല്ലാനായി വട്ടം നിന്ന അച്ഛനും ആങ്ങളയ്ക്കും മുന്നിൽ നിന്ന് വീറോടെ ധരൻ പറയുന്നത് കേട്ട് നിൽക്കുമ്പോൾ മനസ് ശൂന്യമായിരുന്നു. എന്റെ നിസ്സംഗത കണ്ട് ധരൻ വീണ്ടും പറഞ്ഞു

“ഒന്നിനെക്കുറിച്ചും ഓർക്കണ്ട നിന… ഈ വീട്ടിൽ ഇത്രയും നാൾ നീ അനുഭവിച്ചതെന്താണെന്നു നിനക്കും എനിക്കും പിന്നെ നീ വിശ്വസിക്കുന്ന നിന്റെ ദൈവത്തിനും അറിയാം.. അത് കൊണ്ടിനി നീ ആരെയും ഒന്നിനെയും പേടിക്കണ്ട, ഒന്നിനെക്കുറിച്ചോർത്തും ടെൻഷൻ ആവണ്ട.. നിനക്ക് ഞാൻ ഉണ്ട്.. ”

ധരനിൽ നിന്ന് കേട്ട ആ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ആശ്വാസം പകർന്നത്.. ധൈര്യം പകർന്നത്..

ഒരു നിറകൺ ചിരിയോടെ ധരനൊപ്പം ഇറങ്ങിപ്പോരുമ്പോൾ പിന്നിൽ നിന്ന് അമ്മ,സ്വന്തം അമ്മയല്ലങ്കിൽ പോലും സ്വന്തം അമ്മയായി തന്നെ കണ്ട ഇളയമ്മ തലയിൽ കൈ വച്ച് ശപിക്കുന്നുണ്ടായിരുന്നു

“എവിടെപ്പോയാലും നീ നശിച്ചു പോകുമെടി അസത്തെ ”

എപ്പോഴുമെന്നപോലെ അപ്പോൾ മാത്രം അത് കേട്ടിട്ട് എന്റെ ഉള്ളം പൊള്ളിയില്ല, തിരിഞ്ഞു നിന്നൊരു നോവ്‌ പടർന്ന ചിരിയോടെ ഞാൻ പറഞ്ഞു

“എട്ടാമത്തെ വയസിൽ, എന്റെ അമ്മയ്ക്ക് പകരമായി നിങ്ങൾ ഈ വീട്ടിലേക്ക് കയറി വരുമ്പോൾ എന്റെ കുഞ്ഞ് മനസ് എത്ര മാത്രം സന്തോഷിച്ചിട്ടുണ്ട് എന്നറിയാമോ?
നിങ്ങൾക്കും ഞാൻ സ്വന്തം മകള് തന്നെ ആയിരുന്നു, നിങ്ങളെന്നേ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്നു, രണ്ടു കൊല്ലങ്ങൾക്കിപ്പുറം നിങ്ങൾക്കൊരു മകൻ ജനിക്കുന്നത് വരെ. പിന്നെയങ്ങോട്ട് ഇവിടെ എന്റെ ജീവിതം എന്തായിരുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം.അന്ന് തൊട്ടു നീണ്ട പതിമൂന്നു വർഷം ഞാൻ ഉള്ളിൽ കരഞ്ഞത് നിങ്ങൾ ആരും അറിഞ്ഞിട്ടില്ല . എന്റെ ഈ നിൽക്കുന്ന അച്ഛൻ പോലും എനിക്ക് വേണ്ടി ഉണ്ടായിരുന്നില്ല ഒരിക്കൽപോലും.
എല്ലാവർക്കും വേണ്ടിയിരുന്നത് വാല്യക്കാരിയെപ്പോലെ ഒരുവളെ ആയിരുന്നു.. ഇത്രയും വർഷം സത്യത്തിൽ അത് തന്നെ ആയിരുന്നില്ലേ ഞാൻ.. കൂലി വാങ്ങാതെ ഒരു ജോലിക്കാരി… ”

“ഓഹോ ഇത്രയും കാലം പൂച്ചയെപ്പോലെ ഇരുന്നിട്ട് ആണൊരുത്തനെ കണ്ടപ്പോ അവളുടെ തനിനിറം പുറത്ത് വരുന്നത് കണ്ടോ.. ഇത്രയും നാളു ഉണ്ണാനും ഉടുക്കാനും തന്ന് പോറ്റിയ ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ? ”

ഇളയമ്മ വീറോടെ പറഞ്ഞു.

“ഉണ്ണാനും ഉടുക്കാനും തന്നത് ചെയ്യുന്ന ജോലിക്കും സഹിച്ച അപമാനത്തിനും ഉള്ള കൂലിയാണെന്നു കൂട്ടിക്കോളൂ ഇളയമ്മേ.. ”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു. പിന്നെ മെല്ലെ ധരന്റെ കൈ പിടിച്ച് രണ്ടടി വച്ചതും അച്ഛന്റെ അലർച്ച കാതിലേക്ക് തുളച്ചു കയറി

“തന്നിഷ്ടത്തിനു കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയിട്ട്, നാളെ വല്ല പുഴയിലോ കായലിലോ ചത്തു മലച്ചു കിടന്നാൽ ഇവിടെ നിന്നാരെങ്കിലും വരുമെന്നോർക്കണ്ട നീ.. ”

അച്ഛൻ പറഞ്ഞത് കേട്ട്, മെല്ലെ ധരന്റെ കൈ വിടുവിച്ചു ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.

“ഇല്ല അച്ഛാ.. ഈ നിമിഷം തൊട്ടുള്ള എന്റെ ജീവിതവും വിധിയും എന്റെ മാത്രമാണ്.. അത് എന്ത് തന്നെ ആയാലും, എങ്ങനെ ആയാലും, ഒരിക്കലും തോറ്റവളെപ്പോലെ ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് വരില്ല.. ഇതെന്റെ വാക്കാണ്. പിന്നെ, ദാ ഈ ഗേറ്റിനപ്പുറം ഇന്ന് തൊട്ട് ഈ നിനയ്ക്ക് സ്വന്തമെന്ന് പറയാൻ ധരൻ മാത്രമേയുള്ളു .. . ”

“കഥാപ്രസംഗം കഴിഞ്ഞെങ്കിൽ പോകാം.. പിന്നെ ഒരു കാര്യം, എന്റെ സ്വത്തിൽ നിന്നൊരു തരി പോലും നീ പ്രതീക്ഷിക്കരുത്.. ”

പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.

“ഇല്ല അച്ഛാ, ഇവിടെ നിന്നൊരു തരി മണ്ണ് പോലും എനിക്ക് വേണ്ട..ഇവിടെ നിന്ന് ഒന്ന് മാത്രം ഞാനെടുത്തിട്ടുണ്ട്, എന്റെ അമ്മയുടെ ഫോട്ടോ.. എന്നെപ്പോലെ ആ ഫോട്ടോയും ഇവിടെ ഒരധികപ്പറ്റായിരുന്നല്ലോ. അമ്മയും ഇനി ഇവിടെ ഉണ്ടാവില്ല. എന്തൊക്കെ ആയാലും എനിക്കൊരിക്കലും അച്ഛനോട് വെറുപ്പോ ദേഷ്യമോ തോന്നിയിട്ടില്ല. മരണം വരെ തോന്നുകയുമില്ല.. കാരണം അച്ഛനാണ് എന്റെ.. ഒരിക്കലും നിഷേധിക്കാനാവാത്ത ബന്ധം.അച്ഛൻ വേണ്ടാന്ന് വച്ചാലും എനിക്കതിനു കഴിയില്ലല്ലോ ”

അച്ഛൻ ഒന്നും മിണ്ടിയില്ല..
ഞാൻ കുറച്ചു നേരം അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു. കരയാൻ വെമ്പി നിന്നപ്പോഴേക്കും ധരൻ വന്നെന്റെ തോളിൽ കയ്യിട്ട് ആ നെഞ്ചോട് ചേർത്ത് അച്ഛനോട് പറഞ്ഞു

“ഇവളെ കണ്ടിഷ്ടപ്പെട്ട് കല്യാണം ആലോചിച്ചു ഞാൻ വന്നപ്പോ, ഒരു ബാധ്യത ഒഴിവാക്കാൻ വേണ്ടി നിങ്ങൾ കാത്തിരിക്കുവായിരുന്നെന്നു എനിക്കന്നേ മനസിലായതാണ്. നാലാളുടെ മുന്നിൽ അന്തസ്സായി താലി കെട്ടി കൊണ്ട് പോകണമെന്ന് തന്നെ ആയിരുന്നു.. നിങ്ങൾ അതിനു തയ്യാറല്ല എന്ന് കല്യാണകാര്യം പറയുമ്പോഴെല്ലാമുള്ള നിങ്ങളുടെ ഉഴപ്പൻ സംസാരത്തിൽ നിന്നെനിക്ക് മനസിലായി. അത് കൊണ്ട് തന്നെയാണ് ഇപ്പൊ ആരുടേയും അനുവാദം ചോദിക്കാതെ എന്റെ പെണ്ണിനെ ഞാൻ കൊണ്ട് പോകുന്നത്.. ഇവളെ എനിക്ക് അത്ര ജീവനായത് കൊണ്ട് ”

അത്രയും പറഞ്ഞ് എന്നെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നുയരുന്ന ശാപവാക്കുകളെ ഗൗനിക്കാതെ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ധരൻ പറഞ്ഞു

“ഇനിയും കരയാൻ കണ്ണീരുണ്ടോ നിന നിനക്ക്?ഇനി കരയരുത്. എനിക്ക് നീയും നിനക്ക് ഞാനും ഉണ്ട് മോളെ. നമ്മൾ ജീവിക്കും.. ഇവരുടെയൊക്കെ മുന്നിൽ അന്തസ്സായി തന്നെ.. ഇത് ധരന്റെ വാക്കാണ് “…

ആ കണ്ണീരിലും മെല്ലെ ഞാൻ ചിരിച്ചു…………….
………………………………………………………
ധരൻ വാക്ക് തന്നത് പോലെ തന്നെ ആയിരുന്നു പിന്നെയങ്ങോട്ട് ഞങ്ങളുടെ ജീവിതം. അമ്മയുടെ മരണത്തോടെ തീർത്തും തനിച്ചായിപ്പോയ ധരന്,ഭാര്യ മാത്രമല്ല ഒരമ്മ കൂടിയായി ഞാൻ.

എന്റെ സ്വപ്‌നങ്ങളെ തിരിച്ചറിഞ്ഞ് എന്നെ ഞാൻ ആക്കുകയായിരുന്നു ധരൻ..

ഒന്ന് തൊട്ടാൽ വാടിപ്പോകുന്നൊരു പെണ്ണിൽ നിന്ന് എത്ര പെട്ടന്നായിരുന്നു എന്റെ മാറ്റം.
എഴുതാനും വായിക്കാനും ഇഷ്ട്ടമുണ്ടായിരുന്ന എന്നെ കൂടെ നിന്നു പ്രോത്സാഹിപ്പിച്ച്‌ അറിയപ്പെടുന്നൊരു എഴുത്തുകാരിയാക്കി.

ഒക്കെയും ധരനൊരു വാശി ആയിരുന്നു.
എന്നെ തള്ളിക്കളഞ്ഞ,തെരുവിൽ ചത്ത്‌ മലച്ചു കിടക്കുമെന്നു തലയിൽ കൈ വച്ച് ശപിച്ച എന്റെ വീട്ടുകാരുടെ മുന്നിൽ എന്റെ തല ഉയർന്നു നിൽക്കണമെന്ന്..

ധരന്റെ മാത്രമായി ജീവിക്കാൻ തുടങ്ങിയ നാല് വർഷങ്ങൾ..

അറിയുകയായിരുന്നു ഞാൻ സ്നേഹം എന്താണെന്ന്.. കരുതൽ എന്താണെന്നു..

എല്ലാത്തിനുമുപരി ഞാൻ ആരാണെന്ന്..

അല്ലെങ്കിൽ തന്നെ ഒരു പെണ്ണിന്, അവളുടെ സ്വപ്‌നങ്ങൾക്ക് ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുന്നൊരു നല്ല പാതിയെ കിട്ടുന്നതിൽ കവിഞ്ഞ് മറ്റെന്ത് ഭാഗ്യമാണ് കിട്ടാനുള്ളത് …

പതിമൂന്നു വർഷത്തെ എന്റെ നരകജീവിതത്തിനു പകരമായി ദൈവം കയ്യിലേക്ക് വച്ച് തന്ന സ്വർഗം ആയിരുന്നു ധരന്റെ നെഞ്ചിലെ ആ ഇത്തിരിയിടം.. ആ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ ധരന് ഞാൻ കാമുകിയും ഭാര്യയും അമ്മയും മാത്രമായിരുന്നില്ല, മകൾ കൂടിയാണെന്ന് എന്റെ നെറുകിൽ ചുണ്ടമർത്തി എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോഴെല്ലാം നിറഞ്ഞു തൂവുന്ന എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് കളിയാക്കി ധരൻ പറയും

“അയ്യേ വലിയ വലിയ എഴുത്തുകാരൊക്കെ ഇങ്ങനെ കരയോ.. എന്റെ അറിവിൽ ഇല്ല..ദേ കേരളം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരി നിന ധരൻ കരയുന്നത് ആളുകൾ കാണണ്ട കേട്ടോ… അയ്യേ.. മോശം.. ”

അത് കേൾക്കുമ്പോഴെല്ലാം പോടാ എന്നൊരു വിളിയോടെ കള്ളച്ചിരിയുമായി ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഞാൻ പറയും

“കേരളം മുഴുവൻ അല്ല, ഈ ലോകം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരിയായി പേരെടുത്താലും, ഏത് വിശ്വ സാഹിത്യമെഴുതിയാലും ഈ നിന തിരികെ വന്നടിയുന്നത് ഈ നെഞ്ചിലേക്ക് ആണ് ധരൻ.. എവിടെ പോയാലും എത്ര വലിയ ആളായാലും ഈ നിന എന്നും നിന്റെ മാത്രം തൊട്ടാവാടിയാണ് ”

വീണ്ടുമുള്ള എന്റെ കണ്ണ് നിറയ്ക്കലിൽ, ചുണ്ടുകൾ കൊണ്ടെന്റെ കണ്ണീരിനെ തുടച്ചെടുത്തു ധരൻ പറയും

“ഓർത്ത് വച്ചോ പെണ്ണേ നീ, നിന്റെ കണ്ണിൽ നിന്നു വീഴുന്ന ഒരു തുള്ളി കണ്ണുനീരിലും ധരന്റെ ആയുസ് ചേർന്നിട്ടുണ്ട് . അതിങ്ങനെ ചുമ്മാ ഒഴുക്കിക്കളഞ്ഞു നീയെന്നെ നേരത്തെ ഈ ഭൂമിയിൽ നിന്നു പറഞ്ഞു വിടുമോ? ”

അത് കേൾക്കുമ്പോഴൊക്കെ കണ്ണുകൾ അമർത്തി തുടച്ച് ഞാൻ ആ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റിച്ചേരും

——————————————————————

” ധരൻ മാധവിന്റെ റിലേറ്റീവ് ആരാണ് ഉള്ളത്?”

മനസ് ഓർമ്മകളിലങ്ങനെ മുങ്ങിത്താഴ്ന്നു പൊയ്ക്കൊണ്ടിരിക്കവേ ഐ സി യു വിന്റെ വാതിൽ തുറന്നന്നിറങ്ങി വന്ന നഴ്സിന്റെ സ്വരമാണ് എന്നെ ഉണർത്തിയത്.കൂടെ ഡോക്ടറും ഉണ്ട്.

രാവിലെ പബ്ലിക് ലൈബ്രറിയിൽ നിൽക്കുമ്പോൾ ആണ് ഒരു കോൾ വരുന്നത്
സുഹൃത്തുക്കളിൽ ആരോ വിളിച്ച് ധരന് ആക്‌സിഡന്റായി , ഇവിടെ ആസ്റ്റർ മെഡിസിറ്റിയിൽ അഡ്മിറ്റ് ആണ് വേഗം ഹോസ്പിറ്റലിലേക്ക് വരണം എന്ന് പറഞ്ഞ് ആ ഫോൺ കോൾ അവസാനിപ്പിക്കുമ്പോൾ വലിയൊരു കൂടം കൊണ്ട് തലയ്ക്കു പിന്നിലോരടിയേറ്റത്‌ പോലെ ആണ് തോന്നിയത്. അവിടെ നിന്ന് ഇറങ്ങി ഇവിടെ എത്തുമ്പോഴേക്കും ജീവച്ഛവം ആയി തീർന്നിരുന്നു ഞാൻ. ഡോക്ടർ ഇറങ്ങി വന്നിട്ടും മരിച്ചവളെപ്പോലെ ഞാനിരുന്നു.

ഡോക്ടറെ കണ്ടതും
അവിടെ ഇവിടെ കൂട്ടം കൂടി നിന്നിരുന്ന ധരന്റെ കൂട്ടുകാരിൽ ചിലർ ഡോക്ടറുടെ അടുത്തേക്ക് ചെന്നു.

“ഞങ്ങൾ ധരന്റെ ഫ്രണ്ട്സാണ് ഡോക്ടർ.. ദാ ആ ഇരിക്കുന്നത് അവന്റെ വൈഫാണ്.. ഡോക്ടർ അറിയും, നിന.. നിന ധരൻ ”

“ആഹ്.. യെസ് യെസ്.. റൈറ്റർ നിന ധരൻ അല്ലേ. മൈ ഗുഡ്നെസ്സ് ”

എന്നെ നോക്കിയൊരു അതിശയത്തോടെ ഡോക്ടർ പറഞ്ഞു.

“ഡോക്ടർ.. ഹൗ ഈസ് ഹി? ”

അടുത്ത സുഹൃത്ത് കിഷോർ ആണ് ചോദിച്ചത്

“ഒന്നും പറയാറായിട്ടില്ല… ഹെഡ് ഇഞ്ചുറി ആയിരുന്നു. ഇവിടെ കൊണ്ട് വരുമ്പോൾ ബ്ലഡ്‌ ഒരുപാട് പോയിരുന്നു. വെരി ക്രിട്ടിക്കൽ. സർജറി കഴിഞ്ഞതേയുള്ളൂ. ട്വന്റി ഫോർ അവേഴ്സ് ഒബ്സർവേഷൻ കൂടി കഴിഞ്ഞാലേ കൃത്യമായി എന്തെങ്കിലും പറയാൻ കഴിയൂ, ലൈക്ക്, കോമ, പാരലൈസ്ഡ് അങ്ങനെ എന്തെങ്കിലും ഒക്കെ മേ ബി സംഭവിച്ചേക്കാം. ഓക്കേ ഒൺലി ആഫ്റ്റർ ദാറ്റ് ട്വന്റി ഫോർ അവേഴ്സ്. വി വിൽ ട്രൈ ഔർ മാക്സിമം.. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ ആണ് ”

എല്ലാം ഞാൻ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.. എങ്കിലും മനസും ശരീരവും ഒരുപോലെ മരവിച്ചിരുന്നു..

“നിന,ഡോക്ടർ പറഞ്ഞത്… ”

ഡോക്ടറുടെ അടുത്ത് നിന്നു മടങ്ങി വന്ന കിഷോർ എന്ത് പറയണമെന്നറിയാതെ എനിക്കരികിലേക്കിരുന്നു.

കുറെ നേരത്തെ മൗനത്തിനപ്പുറം
ഞാൻ മെല്ലെ ചോദിച്ചു

“ധരനെ എനിക്കൊന്നു കാണണം കിഷോർ.. ഡോക്ടറോട് ഒന്ന് ചോദിക്കോ? ”

എന്റെ കണ്ണുകളിലെ തളർച്ചയിലേക്ക് അലിവോടെ നോക്കി തലയാട്ടി കൊണ്ട് കിഷോർ ഡോക്ടറോട് അനുവാദം ചോദിക്കാനായി ചെന്നു. ആദ്യം ഒത്തിരി എതിർത്തെങ്കിലും,ഒടുവിൽ ഡോക്ടർ സമ്മതം മൂളി.

ഐ സി യുവിന്റെ വാതിൽ തുറന്ന് അകത്തു കയറിയ ഞാൻ കണ്ടു, വെളുത്ത തുണി കൊണ്ട് പൊതിഞ്ഞു കെട്ടിയ തലയുമായി ബോധമില്ലാതെ കിടക്കുന്ന എന്റെ പ്രാണനെ.

അടുത്ത് ചെന്ന് ഞാനാ മുഖത്തേക്ക് നോക്കി. നീര് കെട്ടി വീർത്ത നീലിച്ച കൺപോളകൾ..കയ്യിലെല്ലാം മുറിവിന്റെയും ചതവിന്റെയും ചോരചുവപ്പുകൾ. ഒരു നിമിഷമെന്റെ ഉയിര് പിടഞ്ഞെങ്കിലും, മനസിന്‌ ബലം കൊടുത്ത് ഞാൻ ധരന്റെ അരികിലേക്ക് ചെന്നു.. മെല്ലെ വിളിച്ചു

“ധരൻ … ”

താളം തെറ്റിയ ശ്വാസ നിശ്വാസങ്ങൾക്കപ്പുറം ധരനിൽ നിന്ന് ഒന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. എങ്കിലും മനസിന്‌ ബലം കൊടുത്തു കൊണ്ട് ഞാൻ മെല്ലെ ആ ചെവിയോരം പറഞ്ഞു

“എവിടെ ആയാലും ഏത് അവസ്ഥയിൽ ആയാലും എന്നെ കേൾക്കാൻ നിനക്ക് കഴിയും ധരൻ.. ധരന്റെ കൂടെ ജീവിച്ച് കരയാൻ മറന്നു പോയൊരു പെണ്ണുണ്ട്.. നിനക്ക് തന്ന വാക്ക് ‘കരഞ്ഞെന്റെ ആയുസ്സ് കുറയ്ക്കരുത് ‘ എന്ന നിന്റെ ഓർമ്മപ്പെടുത്തൽ പ്രാണനിൽ കൊണ്ട് നടക്കുന്നവൾ.. അതീ നിമിഷവും തെറ്റിച്ചിട്ടില്ല ധരൻ ഞാൻ..
നിൻറെ ആയുസ്സിനെ പിടിച്ചു നിർത്താൻ എന്റെ കണ്ണുനീരിനു കഴിയുമെന്ന് ധരൻ വിശ്വസിക്കുമ്പോൾ അറിയാതെ പോലും കണ്ണിൽ നിന്നൊരിറ്റു കണ്ണീർ വീഴാതെ കാക്കും ഞാൻ, നീ കണ്ണ് തുറക്കും വരെ..
എനിക്ക് ധരനില്ലാതെ വയ്യെന്നറിഞ്ഞൂടെ.. വേഗം വാ ധരൻ. ഒരിക്കൽ വീണുപോയിടത്തു നിന്നെന്നെ കൈ പിടിച്ചെഴുന്നേല്പിച്ചിട്ടു വീണ്ടും ഒരു നിലയില്ലാക്കയത്തിലേക്കെന്നെ തള്ളി വിടല്ലേ.. തോറ്റു ജീവിക്കാൻ വിധിക്കെന്നെ വിട്ട് കൊടുക്കല്ലേ പ്ലീസ്..
ദാ നോക്ക് ഈ ഐ സി യു വിന് പുറത്ത് ഞാൻ ഉണ്ട്, കൂടെ ധരനില്ലാതെ ഞാൻ വീട്ടിലേക്ക് പോകില്ല.. എനിക്കറിയാം ധരൻ വരും, ഒരു വലിയ നരകത്തിൽ നിന്ന് രക്ഷിച്ചു കൊണ്ട് വന്ന് വലിയൊരു സ്വർഗം തന്ന്, എന്നെ ചിരിക്കാൻ മാത്രം ശീലിപ്പിച്ചവനല്ലേ എന്റെ ധരൻ. അന്ന് തൊട്ടിന്നോളം, നിന്റെ പ്രണയത്തേക്കാൾ വലിയൊരു മതമോ നിന്നെക്കാൾ വലിയൊരു ഈശ്വരനോ ഈ നിനയ്ക്ക് ഇല്ല ധരൻ ..അങ്ങനെയുള്ളപ്പോ എന്റെ ധരനെ എന്റെ ശ്വാസം നിലയ്ക്കും വരെ എനിക്ക് കണ്ടോണ്ടിരിക്കണം.. .. ”

പറഞ്ഞു നിർതിയിട്ട് ഞാൻ ആ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു. ഇല്ല, പ്രതികരണങ്ങൾ ഒന്നുമില്ല. എന്നും എന്റെ വർത്തമാനങ്ങൾക്കും കാതും മനസും താറുള്ള ധരൻ അപ്പോ മാത്രം മൗനം പാലിച്ചു.അത് കണ്ട് ഉള്ളം നൊന്തുവെങ്കിലും കരയരുതെന്നു മനസിനെ ശാസിച്ചു നിർത്തി ഞാൻ പുറത്തേക്കിറങ്ങി.

———————————————————————–

പിറ്റേന്ന് ധരനെ ഐ സി യു വിൽ നിന്ന് വാർഡിലേക്ക് മാറ്റി. ആ മണിക്കൂറുകൾ അത്രയും ഒരു തുള്ളി കണ്ണീരു വീഴ്ത്താതെ ഞാൻ പിടിച്ചു നിന്നു. കരയാൻ ഭയമായിരുന്നു എനിക്ക്.. ധരൻ എന്നിൽ അത്രമേൽ പതിപ്പിച്ചു വച്ച ഒരോർമ്മപ്പെടുത്തലിന്റെ വേലിയേറ്റങ്ങൾ എന്നിൽ തിരമാല പോലെ ഇളകി മറിഞ്ഞു കൊണ്ടിരിന്നു.

ഒടുവിൽ, ഒരു ശലഭത്തിന്റെ ചിറകനക്കം പോലെ വൈകിട്ട് ധരൻ കണ്ണ് തുറന്നു.. ജീവിതത്തിലേക്ക് തിരികെ വന്നു.

പിന്നെയുള്ള ഒരാഴ്ചക്കാലം ധരന്റെ അതിജീവനത്തിന്റേതായിരുന്നു.
ശരീരം നനച്ചു തുടച്ചും ആഹാരം കഴിപ്പിച്ചും മരുന്നുകൾ കഴിപ്പിച്ചും വേദനിക്കുമ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ച് ഉറക്കിയുമെല്ലാം ഞാൻ വീണ്ടും വീണ്ടും ധരന് അമ്മയായി.

കഞ്ഞി കോരിക്കൊടുക്കുമ്പോൾ എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരിക്കും ധരൻ, ഒരു ചിരിയോടെ.

വൈകുന്നേരം എന്റെ തോളിലൂടെ കയ്യിട്ട് എന്നോട് ചേർന്നു പതിയെ ആ ഇടനാഴിയിലൂടെ നടക്കും..

ഒടുക്കം, ഒരാഴ്ചയ്ക്കിപ്പുറം, ധരന്റെ കയ്യിൽ കൈ കോർത്ത്‌ ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്ക് വന്ന് കയറുമ്പോൾ മനസ് ശാന്തമായിരുന്നു.

വരാന്തയിലെ ഊഞ്ഞാൽ കട്ടിലിൽ ഇത്തിരി നേരമൊന്നിരിക്കട്ടെ എന്ന് പറഞ്ഞ ധരനെ നോക്കിയൊരു ചിരിയോടെ ഞാൻ അകത്തേക്ക് പോയി.

മുറിയിൽ ചെന്ന് ബെഡ് എല്ലാം തട്ടിക്കുടഞ്ഞു വിരിച്ച് അടിച്ചു വാരി വൃത്തിയാക്കി, അടുക്കളയിൽ ചെന്ന് വാങ്ങി വന്ന ഓറഞ്ചുകളിൽ നിന്ന് രണ്ടെണ്ണമെടുത്തു ജ്യൂസ് ആക്കി ധരന് കൊടുത്തിട്ട് കുളിച്ചു വരാമെന്നു പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി.

അത്രയും ദിവസത്തെ ക്ഷീണവും നൊമ്പരവും ഒരു കുളിയിൽ ഇല്ലാതെയാക്കി പുറത്തേക്കിറങ്ങുമ്പോൾ കണ്ടു, എന്നെ തന്നെ നോക്കി നിൽക്കുന്ന ധരനെ . ഒരു നിമിഷം ആ കണ്ണുകളിൽ കണ്ണുടക്കി നിന്ന് പോയി ഞാൻ . പിന്നെ കണ്ടു കൈകൾ രണ്ടും വിരിച്ച് ഇങ്ങ് വാ എന്ന് എന്നെ നോക്കിയൊരു ചിരിയോടെ തലയാട്ടുന്ന ധരനെ.

ആ ഒരൊറ്റ നിമിഷം കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങൾ ഞാൻ പിടിച്ചു നിർത്തിയ എന്റെ സങ്കടം അണപൊട്ടിയൊഴുകി.

ഒരു പൊട്ടിക്കരച്ചിലോടെ ഓടി ചെന്ന് ധരനെ വട്ടം കെട്ടിപിടിച്ച്‌ ആ നെഞ്ചിൽ വീഴുമ്പോൾ കുറെ നേരത്തേക്കെന്നെ കരയാൻ വിട്ട് ധരനെന്നെ തലോടുക മാത്രം ചെയ്തു. പിന്നെ മെല്ലെ എന്റെ മുഖം കൈകളിലെടുത്തു നനഞ്ഞു ചുവന്ന കണ്ണുകളിൽ ചുണ്ട് ചേർത്തൊരിടർച്ചയോടെ

“കരയാതെ പെണ്ണെ.. കരഞ്ഞെന്റെ….. ”

എന്ന് പറഞ്ഞു മുഴുവനാക്കാൻ ആവാതെ കരഞ്ഞു പോയിരുന്നു ധരൻ …

ഒരു കരച്ചിലിനൊടുവിൽ ഒക്കെയും ശാന്തമായി, എല്ലാം എല്ലാം പഴയത് പോലെ.

രാത്രിയിൽ ആഹാരവും മരുന്നും കൊടുത്തു, ആ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ ധരൻ വെറുതെ ചോദിച്ചു

“ഞാനങ് മരിച്ചു പോയിരുന്നേൽ നീയെന്ത് ചെയ്യുമായിരുന്നു നിന… ”

ദേഷ്യത്തോടെ ധരന്റെ കവിളിൽ മെല്ലെ ഒരടിയടിച്ചിട്ട് ഞാൻ പറഞ്ഞു

“നിനക്കങ്ങനെ പോകാനാവില്ലെന്നു എനിക്കറിയാം ചെക്കാ.. പിന്നെ, ഞാൻ വിശ്വസിക്കുന്ന ഈശ്വരനോട് ഞാൻ പറഞ്ഞിട്ടുണ്ട്, എന്റെ ശ്വാസം നിലയ്ക്കും വരെ എനിക്കെന്റെ ധരനെ ഇത് പോലെ കണ്ടോണ്ടിരിക്കണമെന്ന്.. ഈശ്വരൻ വാക്ക് തെറ്റിക്കാൻ നോക്കിയാല്, ബാക്കി അപ്പോ.. ”

അത്‌ കേട്ടൊരു പൊട്ടിച്ചിരിയോടെ എന്നെ രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ച് ധരൻ പറഞ്ഞു

“ഇല്ല നിന…. ഞാനേ ആദ്യം മരിക്കൂ.. എന്റെ മരണമറിഞ്ഞു ചങ്ക് പൊട്ടിയല്ലാതെ നിനക്കൊരു മരണമുണ്ടാവില്ല മോളെ.. മരണത്തിനു എന്റെ ഈ പെണ്ണിനെ തൊടണമെങ്കിൽ പോലും അതിനും ഈ ധരന്റെ അനുവാദം വേണം…
വേണ്ട.. ഞാനോ നീയോ നമ്മളെ തനിച്ചാക്കി പോകില്ല..ഒരാൾ മാത്രമായി കരയാൻ ഈ ഭൂമിയിൽ ശേഷിക്കില്ല നിന… ഇത്രയും ദിവസം നീ കരയാതെ കരയാതെ പിടിച്ചു വച്ച നിന്റെ കണ്ണീരിന്റെ വിശുദ്ധിയിലും പ്രാർത്ഥനയുടെ പുണ്യത്തിലും പുനർജനിച്ചവനാണ് ഞാൻ…”

സ്വരമിടറി പറഞ്ഞു തീർക്കാനാവാതെ ധരൻ നിർത്തുമ്പോൾ അലിവോടെ ആ കൺകോണിൽ ചുണ്ട് ചേർക്കവേ ചുണ്ടിൽ കിനിഞ്ഞ ഉപ്പ് രസമെന്റെ ഉയിരിനെ നീറ്റി. ഒന്ന് കൂടി ധരനെ മുറുകെ കെട്ടിപിടിച്ചു ഞാൻ.
പെട്ടെന്നാണ് എന്തോ ഓർത്തത് പോലെ ഒരു കുസൃതിയോടെ ധരൻ പറഞ്ഞു

“എന്നാലും എന്റെ ഭാര്യേ.. ഇത്രേം ദിവസം ഞാൻ ചത്തത് പോലെ കിടന്നിട്ടും മനസ് കല്ലാക്കി നീ ഇരുന്ന് കളഞ്ഞല്ലോ പെണ്ണേ.. കിഷോർ ഇന്നലെ പറഞ്ഞു എന്നോട്, ഡാ നിന്റെ ഭാര്യ ഈ നിമിഷം വരെ ഒന്ന് കരഞ്ഞിട്ടില്ല എന്റെ കെട്ട്യോൾ ഓക്കേയാണേൽ കരഞ്ഞു ചത്തേനെ എന്ന്..
അപ്പോ ഞാൻ പറഞ്ഞു അവനോട്, എന്റെ ഭാര്യേ ഞാൻ കരയാൻ പഠിപ്പിച്ചിട്ടില്ലെടാ, ചിരിക്കാൻ അല്ലാതെ എന്ന്.ധരന്റെ പെണ്ണ് അങ്ങനെ പെട്ടെന്ന് വാടിപ്പോകുന്നൊരു തൊട്ടാവാടിയല്ലെന്ന്.. ”

ധരന്റെ വർത്തമാനം കേട്ട് ഞാൻ വെറുതെ ചിരിച്ചു.. പിന്നെ ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്ന് കിടന്നു…

പിന്നെ മെല്ലെ പറഞ്ഞു

“നിന്റെ പ്രണയത്തേക്കാൾ വലിയൊരു മതമോ നിന്നെക്കാൾ വലിയൊരു ഈശ്വരനോ നിന്റെ നിനയ്ക്ക് ഇല്ലാത്തപ്പോൾ എങ്ങനെയാണ് ധരൻ ഞാൻ നിന്നെയോർത്തു കരയുന്നത്..?
നിന്നെയോർത്തു ജീവിക്കാനല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ലല്ലോ.. ”

അത്രയും പറഞ്ഞിട്ട്, രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ നെഞ്ചിലേക്ക് ഞാനെന്റെ ആത്മാവിനെ ഒന്ന് കൂടി ചേർത്ത് വയ്ക്കുമ്പോൾ എന്നെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ച് എന്റെ നെറുകിൽ ചുണ്ടമർത്തി ഒരു കവിത മൂളുകയായിരുന്നു ധരനന്നേരം …

രചന : – ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *