രചന: സജിമോൻ തൈപറമ്പ്.
അച്ഛന്റെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ആനന്ദിനെ മറക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. ഒടുവിൽ അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
അമേരിക്കയിലുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകൻ ഡോക്ടർ വിപിൻദാസിനെ ആയിരുന്നു, അച്ഛൻ എനിക്ക് വരനായി കണ്ടെത്തിയത്. നേരത്തെ ലീവ് കിട്ടാത്തത് കൊണ്ട് കല്യാണതലേ ദിവസം മാത്രം എത്തുന്ന ചെറുക്കന്, എന്നെ കാണാൻ വേണ്ടി , എന്റെ ഫോട്ടോ അയച്ച് കൊടുക്കുകയായിരുന്നു.
എനിക്കും അയച്ച് തന്നു? പലതരത്തിലുള്ള ഫോട്ടോസ്. പക്ഷേ, എന്നെ കെട്ടാൻ ഒരുങ്ങുന്നയാളെ കാണാൻ എനിക്ക് തീരെ താത്പര്യമില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ചെറുക്കന്റെ സൗന്ദര്യമൊക്കെ കണ്ടിട്ട് ഇനി എന്തിനാ,
എന്റെ കാഴ്ചപ്പാടിൽ, ആനന്ദ് ആയിരുന്നു ഈ ലോകത്ത് ഏറ്റവും സുന്ദരൻ. അങ്ങനെ ശുഭമുഹൂർത്തത്തിൽ ,കോയിക്കൽ തറവാടിന്റെ അന്തസ്സിന് ചേർന്ന ആർഭാടപൂർണ്ണമായ ,ആ കല്യാണം നടന്നു.
വിവാഹപന്തലിൽ നില്ക്കുമ്പോഴും ,ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ പോലും അയാളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കാൻ ഒരിക്കൽ പോലും എനിക്ക് തോന്നിയില്ല, എന്നുള്ളതാണ് സത്യം .
പല വിധത്തിലുള്ള ഫോട്ടോസ് എടുക്കുമ്പോഴും എന്റെ തല ഉയർത്തിപ്പിടിക്കാനും, ഒന്ന് പുഞ്ചിരിക്കാനും ക്യാമറാമാൻ ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. അവർക്ക് വേണ്ടി ചിരിച്ചെന്ന് വരുത്തി. ഉള്ളിൽ ഒരു കടലിരമ്പം ചെവിയോർത്താൽ കേൾക്കാമായിരുന്നു.
ചുറ്റിലും കല്യാണത്തിന് വന്നവരുടെ കലപില ശബ്ദം കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു. പക്ഷേ എന്റെ കണ്ണിൽ ആ കാഴ്ചകൾക്കൊക്കെ മങ്ങലേറ്റിരുന്നു. തെളിഞ്ഞ് നിന്നത് ആനന്ദിന്റെ വേദനിക്കുന്ന മുഖം മാത്രമായിരുന്നു. “അഞ്ജു..
എന്നെ ഉപേക്ഷിച്ച് പോകല്ലേ അഞ്ജു, നീയില്ലാതെ എനിക്ക് പറ്റില്ല അഞ്ജു, നീ കേട്ടതെല്ലാം നുണയാണ്, ഞാൻ പ്രൂഫ് ചെയ്യാം, എന്നെയൊന്ന് വിശ്വസിക്കു അഞ്ജു” അവന്റെ നിലവിളി എന്റെ കാതിൽ പ്രകമ്പനം കൊള്ളുന്നു.
എനിക്ക് നന്നായി അറിയാമായിരുന്നു, അവൻ നിരപരാധിയാണെന്ന് ,കാരണം അവന്റെ മേൽ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ചത് ഞാൻ തന്നെയായിരുന്നല്ലോ, അല്ലാതെ എനിക്ക് അവനെ ഒഴിവാക്കാൻ മറ്റ് കാരണങ്ങളില്ലായിരുന്നു. “അഞ്ജലീ..
വല്യമ്മാമേടെയും മുത്തശ്ശിയുടെയും കൂടി കാലിൽ തൊട്ട് വന്ദിക്കു കുട്ടീ ..” അമ്മയുടെയും അച്ഛന്റെയും മാത്രം കാല്ക്കൽ തൊട്ട് വന്ദിച്ച് കാറിലേക്ക് കയറുമ്പോൾ ഇളയഅമ്മാവൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതിനൊന്നുമുള്ള ത്രാണി എനിക്കില്ലായിരുന്നു.
എത്രയും വേഗം ആ നാട് വിട്ട് പോകണമെന്നേ അപ്പോഴുണ്ടായിരുന്നുള്ളു. കാറിനകത്ത് അയാളോടൊപ്പം ഇരിക്കുമ്പോൾ ആ ദേഹത്ത് മുട്ടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വഴിയോരക്കാഴ്ചകളിൽ നോട്ടമുറപ്പിച്ച്, കഴിയുന്നതും അയാളെ ശ്രദ്ധിക്കാതെ, ഞാനിരുന്നു. പെട്ടെന്ന് കാറിന് കുറുകെ ഒരാൾ ചാടിയപ്പോൾ ഡ്രൈവർ സഡൻ ബ്രേക്കിട്ടതും എന്റെ നെറ്റി മുൻ സീറ്റിന്റെ ചാരിൽ പോയി ഇടിച്ചതും ഒരു പോലായിരുന്നു.
കുഷ്യനായത് കൊണ്ട് വേദനയെടുത്തില്ലെങ്കിലും നെറ്റിയിലെ ചന്ദനവും സിന്ദൂരവും സ്ഥാനം തെറ്റിയോന്ന് നോക്കാൻ, ഞാൻ മുന്നിലെ റിയർവ്യൂ മീറ്റിലേക്ക് നോക്കി.
ഒന്ന് നോക്കിയ ഞാൻ അസാധാരണമായി എന്തോ കണ്ടത് പോലെ വീണ്ടും ഒന്ന് കൂടി നോക്കിയപ്പോഴാണ് , ശരിക്കും ഞെട്ടിയത്. എന്റെ അരികിലിരിക്കുന്ന ,എന്നെ താലികെട്ടിയ പുരുഷൻ, ലോ, ലവനായിരുന്നു, എന്റെ ആനന്ദ്, അത്ഭുതവും സന്തോഷവും സങ്കടവുമൊക്കെ എനിക്ക് ഒരു പോലെ വന്നു.
“ഇത്, ഇതെങ്ങിനെ, എനിക്കൊന്നും മനസ്സിലാകുന്നില്ല” ഞാൻ എന്നെ തന്നെ പിച്ചിക്കൊണ്ട് സ്വപ്നമാണോ എന്ന് പരിശോധിച്ചു. “ഇത് സ്വപ്നമല്ല പെണ്ണേ.. സത്യം തന്നെയാണ് , അച്ഛന്റെ ആത്മഹത്യാ ഭീഷണിയിൽ നീ വീണപ്പോൾ ,
നീയെനിക്ക് അയച്ച് തന്ന അവസാന മെസ്സേജ് ഞാൻ അദ്ദേഹത്തെ കാണിച്ച് കൊടുത്തു ” എന്തായിരുന്നു നീ എഴുതിയിരുന്നത്?
“ആനന്ദ് നീയല്ലാതെ മറ്റൊരു പുരുഷനും, ജീവനുള്ള എന്റെ ശരീരത്തിൽ തൊടില്ല, അങ്ങനെ വന്നാൽ അതെന്റെ ശവത്തിലായിരിക്കുമെന്ന്” “അത് കണ്ടാൽ ഏതച്ഛനാ ഒന്ന് മാറി ചിന്തിക്കാത്തത്
അങ്ങനെ നിന്റച്ഛൻ, കല്യാണത്തിന് ഒരാഴ്ച മുമ്പേ മാറി ചിന്തിച്ചു, നിന്നെ കെട്ടാൻ ഒരുങ്ങി നിന്ന അമേരിക്കൻ ഡോക്ടറോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് അച്ഛൻ ക്ഷമ ചോദിച്ചു. “പിന്നെ എന്റെ വീട്ടുകാരെ കണ്ട് സംസാരിച്ചതും നമ്മുടെ വിവാഹം ഉറപ്പിച്ചതുമൊക്കെ, തകൃതിയിലായിരുന്നു.” “നിന്നോട് തല്ക്കാലം ഒന്നും പറയേണ്ടെന്ന്, ഞാനുൾപ്പെടെ
എല്ലാരോടും പറഞ്ഞത്, നിന്റച്ഛൻ തന്നെയായിരുന്നു എന്തിനാണെന്നോ, അച്ഛന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കാമുകനെ ഉപേക്ഷിക്കാൻ തയ്യാറായ മോൾക്ക് ഒരു സർപ്രൈസ് തരാൻ ,അതിന്റെ ശ്രമഫലമായാണ് ഇന്ന് ഉച്ചയ്ക്ക് 11.30 എന്ന ശുഭ മുഹൂർത്തത്തിൽ ഞാൻ നിന്നെ താലി കെട്ടിയത്” “പക്ഷേ നിന്നെ ഞാൻ സമ്മതിച്ച് കെട്ടോ? ഇത്രെയും നേരം താലികെട്ടിയ പുരുഷന്റെ മുഖത്തേയ്ക്ക് ഒരിക്കൽ പോലും നോക്കില്ല എന്ന വാശിയിൽ നീ ഇരുന്ന് കളഞ്ഞല്ലോ?
“അത് വാശിയല്ലായിരുന്നെടാ.. കുറ്റബോധമായിരുന്നു, അച്ഛനോടുള്ള സ്വാർത്ഥതയിൽ സ്നേഹിച്ച പുരുഷനെ തള്ളിക്കളയേണ്ടി വന്നതിന്റെ കുറ്റബോധം”
പിന്നെ , പരിസരം മറന്ന് പൊട്ടിക്കരഞ്ഞ എന്നെ ആനന്ദ് ആശ്വസിപ്പിക്കാൻ നന്നേ പാട് പെട്ടു.
രചന: സജിമോൻ തൈപറമ്പ്.