Categories
Uncategorized

നിർത്താതെ ഉള്ള ഹോണടി ശബ്ദം കേട്ടുകൊണ്ടാണ് അവൾ വീടിന്റെ പുറത്തേക്ക് വന്നത്. ആരാണെന്നറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്തുണ്ടായിരുന്നു. ഇ- കാർട്ടിന്റെ ആൾ ആണ്. ഓൺലൈൻ ആയി മേടിച്ച സാധനം വീട്ടിൽ കൊണ്ട് തരാൻ വന്നതാണ്. അഡ്രസ്സും പേരുമൊക്കെ ഒത്തു നോക്കി സാധനം കൈമാറി അയാൾ തിരിച്ചു പോയി. അയാൾ ഏല്പിച്ച സാധനവും കൊണ്ട് തിരിഞ്ഞുനടക്കുമ്പോൾ ആണ് അപ്പുറത്തെ വീട്ടിലെ ജാനകി ചേച്ചിയുടെ കൂർത്ത കണ്ണുകൾ തന്നിലേക്കും തന്റെ കൈയിലിരിക്കുന്ന വസ്തുവിലേക്കും മാറി മാറി പതിയുന്നത് അവൾ അറിഞ്ഞത്.

🖋️ശിവാൻഷിക

നിർത്താതെ ഉള്ള ഹോണടി ശബ്ദം കേട്ടുകൊണ്ടാണ് അവൾ വീടിന്റെ പുറത്തേക്ക് വന്നത്. ആരാണെന്നറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്തുണ്ടായിരുന്നു. ഇ- കാർട്ടിന്റെ ആൾ ആണ്. ഓൺലൈൻ ആയി മേടിച്ച സാധനം വീട്ടിൽ കൊണ്ട് തരാൻ വന്നതാണ്. അഡ്രസ്സും പേരുമൊക്കെ ഒത്തു നോക്കി സാധനം കൈമാറി അയാൾ തിരിച്ചു പോയി. അയാൾ ഏല്പിച്ച സാധനവും കൊണ്ട് തിരിഞ്ഞുനടക്കുമ്പോൾ ആണ് അപ്പുറത്തെ വീട്ടിലെ ജാനകി ചേച്ചിയുടെ കൂർത്ത കണ്ണുകൾ തന്നിലേക്കും തന്റെ കൈയിലിരിക്കുന്ന വസ്തുവിലേക്കും മാറി മാറി പതിയുന്നത് അവൾ അറിഞ്ഞത്.

ആരായിരുന്നു ദേവു മോളെ അത്.. ഉത്തരം അറിഞ്ഞുകൊണ്ട് തന്നെ അവർ ആ ചോദ്യം അവൾക്ക് നേരെ ഉന്നയിച്ചു.

ഓൺലൈൻ വഴി മേടിച്ച സാധനം കൊണ്ട് തരാൻ വന്നതാ ചേച്ചി… വിനയം കലർന്ന ശബ്ദത്തോടെ ദേവു ഉത്തരം നൽകി.

ഇന്നലെയും ഇയാൾ ഇവിടെ വന്നിരുന്നല്ലോ. ഇത്രക്കൊക്കെ എന്താണ് മേടിച്ചു കൂട്ടാനുള്ളത് . ആ ഇപ്പൊ ഇതൊക്കെ ആകാമല്ലോ ഗൾഫ്‌കാരന്റെ ഭാര്യയല്ലേ. തെല്ലൊരു പുച്ഛം കലർന്ന ശബ്ദത്തോടെ അവർ പറഞ്ഞു നിർത്തി.

അവരുടെ ആ പുച്ഛം നിറഞ്ഞ സംസാരത്തെ പാടെ അവഗണിച്ച് ചെറിയൊരു പുഞ്ചിരി നൽകികൊണ്ട് മുന്നോട്ട് നടക്കുമ്പോഴും അവളുടെ മനസ്നിറയെ അവർ പറഞ്ഞ ഒരു വാക്ക് നിറഞ്ഞു നിന്നു.

” ഗൾഫ്കാരന്റെ ഭാര്യ ”

തിരിച്ചു വന്നു കൈയിലുള്ള സാധനം മേശ പുറത്തേക്ക് വെച്ചുകൊണ്ട് കുഞ്ഞിന്റെ കാര്യങ്ങൾ ചെയ്യുമ്പോഴും അവളുടെ മനസ് ആ വാക്കിൽ തന്നെ ഉടക്കി നിന്നു.

ദേവൂച്ചി ദേവൂച്ചി…ഒത്തിരി ഉറക്കെ ഉള്ള ആരുടെയോ ശബ്ദം കേട്ടാണ് അവൾ ചിന്തകളിൽ നിന്ന് മുക്തയായത്.

ആരിത് നേഹമോളോ. എന്തിനാണ് പെണ്ണേ ഇങ്ങനെ ഉച്ചത്തിൽ കൂവൂന്നത്.എനിക്ക് ചെവി നല്ല വണ്ണം കേൾക്കാട്ടോ.

ഉവ്വ… എത്ര നേരായി വിളിക്കുന്നു ദേവൂച്ചി. കേൾക്കാത്തതാണോ അതോ കേട്ടിട്ടും കേൾക്കാത്തപോലെ അഭിനയിച്ചതാണോ..പരിഭവം കലർന്ന ശബ്ദത്തോടെ അവൾ ചോദിച്ചു.

ദേവൂച്ചി എന്തിനാ മോളെ കേൾക്കാത്തതായി അഭിനയിക്കുന്നത് എന്ന് മറുചോദ്യം ദേവുവും ഉന്നയിച്ചു.

ഞങ്ങളൊക്കെ പാവങ്ങൾ അല്ലെ, ദേവൂച്ചി ആണെലോ ഗൾഫ്കാരന്റെ ഭാര്യയും അപ്പൊ ഞങ്ങളോട് കൂട്ട് കൂടുന്നതൊക്കെ മോശായി തോന്നിയാലോ…. സങ്കടത്തോടെ പറഞ്ഞു നിർത്തി അവൾ നോക്കുമ്പോൾ മുഖത്ത് വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരു ഭാവവുമായി ഇരിക്കുന്ന ദേവൂച്ചിയെ ആണ് കണ്ടത്..

എന്ത്യേ ദേവൂച്ചി

ഇന്നീ ദേവൂച്ചിയെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ഒരു വാക്കാണ് നീ ഈ പറഞ്ഞ ഗൾഫ്കാരന്റെ ഭാര്യ എന്നത്.ഈ വാക്കിപ്പോൾ അലങ്കാരത്തേക്കാൾ ഉപരി ശാപമായി ആണ് ദേവൂച്ചിക്ക് തോന്നാറുള്ളത്.

ദേവൂച്ചിയുടെ ജീവിതം തന്നെ ആണ് ദേവൂച്ചിയെ കൊണ്ടിങ്ങനെ ചിന്തിപ്പിക്കുന്നത്.പൂർണഗർഭിണി ആയിരിക്കെ തന്റെ ജീവന്റെ പാതിയെ നാട്ടിലാക്കി പ്രവാസത്തിലേക്ക് ചേക്കേറേണ്ടി വന്ന ഒരുവന്റെ മാനസികാവസ്ഥ നിനക്ക് ഊഹിക്കാൻ കഴിയുമോ മോളെ . ഗർഭകാലം മൊത്തം കൂടെ ഉണ്ടാവണമെന്നാഗ്രഹിച്ച ഒരുവൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഗർഭകാലത്തിന്റെ അവസാന നാളുകളിൽ തന്റെ കൂടെ ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ ഉരുകിയ ഒരു പെണ്ണിനെക്കുറിച്ചു നീ ഒന്നാലോചിച്ചു നോക്കൂ . എയർപോർട്ടിൽ തന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നവളെ ചേർത്ത് നിർത്തി നെറ്റിയിൽ ഒരു നനുത്ത മുത്തം നൽകി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കുന്നവന്റെ വേദന ആരെങ്കിലും അറിയുവാൻ ശ്രമിച്ചിട്ടുണ്ടോ ?എന്നും ഉറക്കമുണരുമ്പോൾ കണികാണുന്ന മുഖം കാണാതെ വരുന്ന ആദ്യ ദിനങ്ങളിൽ അവർ അനുഭവിക്കുന്ന മനോവേദന എത്രയാണെന്ന് ആർക്കും ഊഹിക്കാൻ കഴിയില്ല.

പിന്നീടുള്ള ചെക്കപ്പുകളിലൊക്കെ ഡോക്ടറുടെ കാബിനിനുമുന്നിൽ ഒറ്റക്ക് ഇരിക്കേണ്ടി വന്നവളുടെ മനസ്സ് ആരെങ്കിലും കാണാൻ ശ്രമിച്ചിട്ടുണ്ടോ? സ്കാനിംഗിൽ തന്റെ കുഞ്ഞിനെ കാണുമ്പോൾ തനിക്ക് ഉണ്ടാകുന്ന സന്തോഷത്തോടൊപ്പം തന്റെ പ്രാണൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയെ സങ്കല്പിച്ചു നോക്കുന്നൊരു പെണ്ണിനെ കുറിച്ചോർത്തു നോക്കിയിട്ടുണ്ടോ?

പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ആയപ്പോൾ അവന്റെ സാമീപ്യത്തെ മനസ്സിൽ ആവാഹിക്കേണ്ടി വന്ന ഒരുവളുടെ അവസ്ഥ നീ ആലോചിക്കുന്നതിലും ഭീകരമാണ്. പ്രസവ വേദന കൊണ്ട് ആർത്തു കരയുമ്പോൾ അവൾ ആകെ ആഗ്രഹിക്കുന്നത് അവന്റെ സാമിപ്യമായിരിക്കാം. അതില്ലാതെ ആകുമ്പോൾ ശരീരവും മനസും തളർന്നിരിക്കും അവൾക്ക്. തളർന്ന ശരീരവും മനസും പിന്നെയും കോംപ്ലിക്കേഷൻസ് ഉണ്ടാക്കുമ്പോൾ സിസേറിയൻ എന്ന മാർഗത്തിലേക്ക് ഡോക്ടർമാർ സഞ്ചരിക്കുമ്പോൾ ഇനിയും അനുഭവിക്കേണ്ടി വരുന്ന വേദനയുടെ ഭീകരാവാസ്ഥയെയോർത്ത് മനസ് കലുഷിതമാകുമ്പോൾ അവൾ ആഗ്രഹിക്കുന്നത് അവനെ മാത്രമായിരിക്കും.

പാതി മയക്കത്തിൽ തന്റെ കുഞ്ഞിന്റെ മുഖംകാണുമ്പോൾ അവളുടെ മനസ്സിൽ അവളുടെ പാതിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും തെളിഞ്ഞുനിൽക്കും. ഓപ്പറേഷൻ തിയേറ്ററിൽ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ പാതി അബോധാവസ്ഥയിലും വെറുതെ ആണെന്നറിഞ്ഞിട്ടും അവളുടെ കണ്ണുകൾ അവനെ തിരയുന്നുണ്ടാകും. പിന്നീടുള്ള വേദന നിറഞ്ഞ ദിനങ്ങളിൽ അവൾ ആഗ്രഹിക്കുന്നത് അവനെ മാത്രമായിരിക്കും, അവളുടെ പ്രാണന്റെ പാതിയെ മാത്രം.. അവനോട് ചേർന്നിരിക്കാനും അവന്റെ കരവലയത്തിലിരുന്നു ഈ വേദനയെ മറക്കാനും അവൾ ഒത്തിരി ആഗ്രഹിക്കും. ചുറ്റുമുള്ളവർ അവന്റെ കുറവ് അറിയിക്കാതെ ഇരിക്കാൻ മത്സരിക്കുമ്പോൾ പുറമെ സന്തോഷം അഭിനയിക്കും എങ്കിലും ഉള്ളിൽ അവൾ തേങ്ങുകയായിരിക്കും.

എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്ത പോലെ ഉള്ള അവസ്ഥ എത്ര ഭീകരം ആണെന്ന് അനുഭവിച്ച ആളുകൾക്ക് മാത്രമേ അറിയൂ.

തന്റെ ചോരയിൽ ജനിച്ച പോന്നോമനയെ ഫോണിലൂടെ മാത്രം കണ്ട് കണ്ണ് നിറയ്ക്കുന്നവനോട് എന്ത് പറയണം എന്നറിയാതെ നോക്കി ഇരിക്കുമ്പോൾ അവളുടെ ഉള്ളവും ഉച്ചത്തിൽ നിലവിളിക്കാറുണ്ട്. കുഞ്ഞിന്റെ കളിചിരികളും കരച്ചിലുമൊക്കെ ഉറക്കമില്ലാത്ത രാത്രികൾ അവൾക്ക് സമ്മാനിക്കുമ്പോൾ വെറുതെ എങ്കിലും അവളും ആഗ്രഹിക്കാറുണ്ട്, അവൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്….

ഫോണിലൂടെ ആണെങ്കിലും കുഞ്ഞിനോട് കൊഞ്ചുന്ന,അവനെ കളിപ്പിക്കുന്ന തന്റെ പാതിയെ തെല്ലു കുശുമ്പോടെ നോക്കി ഇരിക്കാറുണ്ട് ആ പെണ്ണൊരുത്തി. തന്റെ വർത്തമാനം കേട്ട് കുഞ്ഞു മോണ കാട്ടി തന്റെ പൊന്നോമന ചിരിക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത്‌ അവളിൽ വിസ്മയം സൃഷ്ടിക്കാറുണ്ട് . നിന്നെ കൊണ്ട് കഴിയില്ലല്ലോ ഇത് പോലെ എന്റെ കുഞ്ഞിനെ ചിരിപ്പിക്കാൻ എന്ന് വീമ്പു പറയുന്ന അവന്റെ മുഖത്തെ സന്തോഷം മതിവരുവോളം അവൾ നോക്കി ഇരിക്കാറുണ്ട്.

തന്റെ കുഞ്ഞിന്റെ ചെറിയൊരു മാറ്റത്തെ പോലും തെല്ലു ഭയത്തോടെ അതിലുപരി ആകാംഷയോടെ ഫോണിലൂടെ നോക്കി കാണുന്നവനെക്കുറിച്ചോർക്കുമ്പോൾ അവൾക്ക് വേദനയും അതിലുപരി പറഞ്ഞറിക്കാനാവാത്ത മറ്റേന്തൊക്കെയോ വികാരവും ഉടലെടുക്കും. കുഞ്ഞ് കരയുന്നത്‌ കണ്ട് ഇപ്പോൾ കരയുമെന്ന ഭാവത്തിൽ നിൽക്കുന്ന അവനെ നോക്കി അവൾ ആർത്തുചിരിക്കാറുണ്ട്. കുഞ്ഞിന്റെ കുത്തിവെപ്പ് ആണ് നാളെ എന്ന് പറയുമ്പോഴേക്കും അവന്റെ മുഖത്തു വിരിയുന്ന വേദനയെ മറക്കാനെന്നോണം അവൻ അണിയുന്ന ദേഷ്യത്തിന്റെ മുഖാവരണത്തെ പോലും അവൾ പ്രണയിക്കാറുണ്ട്.

ഇടക്കൊക്കെ എന്നെയാണോ കുഞ്ഞിനെ ആണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യം ഉന്നയിച്ച് അത് താൻ ആയിരിക്കണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചിരിക്കാറുണ്ടവൾ. നിന്നെ ആടി പെണ്ണേ കൂടുതലിഷ്ടം എന്ന അവന്റെ വാക്കുകളെ അതിരുകവിഞ്ഞ പ്രണയത്തോടെ ഹൃദയത്തിലേക്ക് അവൾ ചേർത്ത് വെക്കും.

ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങി ഇരുന്നുകൊണ്ട് അവൻ ഇണങ്ങിക്കൊണ്ട് വരുന്നതും കാത്തിരിക്കുന്ന പെണ്ണാണവൾ. അവൻ അടുത്ത് തന്നെ ഉണ്ടെന്ന് അവൾ അവളെ തന്നെ ബോധിപ്പിക്കാനായി നടത്തുന്ന പാഴ് ശ്രമങ്ങൾ ആണിതൊക്കെയും. എന്റെ കുഞ്ഞു എന്നെ പോലെ ആണെന്ന് അവർ പറഞ്ഞു ഇവർ പറഞ്ഞു എന്നൊക്കെ വമ്പ് പറയുന്നവന്റെ മുഖത്തെ സന്തോഷം അവളിൽ നിറക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാകില്ല.

തന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്കിലും മറ്റും ഒറ്റക്ക് ഇരിക്കുമ്പോൾ തന്റെ വലത് ഭാഗത്തായി തന്റെ പ്രാണൻ ഇരിക്കുന്നത് സങ്കല്പിച്ചുനോക്കി മനസ്സിൽ കുളിർമ കണ്ടെത്തുന്നവളെ അവൾക്ക് മാത്രമേ അറിയൂ. പ്രസവത്തിന്റെ ബാക്കിപത്രമെന്നോണം ഉണ്ടാകുന്ന പല പ്രശ്നങ്ങളും നേരിട്ട് ശരീരം തളരുമ്പോൾ അവന്റെ നെഞ്ചിന്റെ ചൂട് അവൾ ഒത്തിരി കൊതിക്കാറുണ്ട്.

അവൾ അവനെ എന്ത് മാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന് അവളുടെ കണ്ണീർ വീണു നനഞ്ഞ ആ തലയണയ്ക്ക് മാത്രമേ അറിയൂ. അല്ലെങ്കിൽ അവൾ അവളുടെ മനസ്സിനെ ഇരുട്ടിന്റെ മറവിൽ മാത്രമേ തുറന്ന് കാണിക്കാറുള്ളു.

ഓരോ ചടങ്ങുകൾക്ക് പങ്കെടുക്കാനായി ചെല്ലുമ്പോഴും കണ്ണിൽ അസൂയ നിറച്ച് ഓ ഗൾഫ്‌കാരന്റെ ഭാര്യ എന്ന് പറയുന്നവരെ തിരിച്ചും കണ്ണിൽ അതേ അസൂയ നിറച്ചവൾ നോക്കാറുണ്ട്. ഭർത്താവിന്റെ മുഖം കണ്ടുണരാൻ ഭാഗ്യം ലഭിച്ചവരെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ അസൂയ തെളിഞ്ഞുനിൽക്കും. ഇത്രയൊക്കെ സംഘർഷം ഉള്ളിൽ നടക്കുമ്പോഴും അവൾ ആരോടും ഒന്നും പറയാറില്ല.

ഗൾഫ്കാരന്റെ പെണ്ണിന്റെ പത്രാസ് ആണെന്ന് പറയുന്നവരോട് ഒന്ന് പുഞ്ചിരിക്കും. അത്രമാത്രം. മനസിലാകുന്നവർക്ക് മനസിലാകും ആ പുഞ്ചിരിയുടെ അർത്ഥം. പത്രാസ് എന്ന് നിങ്ങൾ പറയുന്നതൊക്കെ അവൾക്ക് അവളുടെയും അവന്റെയും ത്യാഗത്തിന്റെയും ഫലമായി കിട്ടിയതാണ്. ഇതൊന്നും അവളുടെ കണ്ണുകളെ മഞ്ഞളിപ്പിക്കാറില്ല, മനസ്സിനെ സന്തോഷിപ്പിക്കാറില്ല. അവളെ സന്തോഷിപ്പിക്കുന്നത് കൊഴിഞ്ഞുപോകുന്ന ദിനങ്ങൾ മാത്രമാണ്. ഓരോ ദിനം കഴിയുംതോറും താൻ തന്റെ പ്രാണനെ കാണുവാനുള്ള ദിവസത്തോട് അടുക്കുകയാണെന്ന ചിന്ത മാത്രമാണ് ഇന്ന് അവളെ ആഹ്ലാദിപ്പി ക്കുന്നത്, സന്തോഷിപ്പിക്കുന്നത്….

ഇത്രയും പറഞ്ഞു എഴുന്നേറ്റ് നടക്കുന്ന ദേവുവിനെ അതിശയത്തോടെ നോക്കുകയായിരുന്നു നേഹ. ദേവു പറഞ്ഞതിന്റെ ഒക്കെ അർത്ഥം ഗ്രഹിക്കാനുള്ള തീവ്രമായ ശ്രമത്തിലായിരുന്നു നേഹ എങ്കിൽ തന്റെ മനസിലെ ഭാരങ്ങളെല്ലാം ആരുടെയെങ്കിലും മുന്നിൽ ഇറക്കി വെക്കാൻ സാധിച്ചല്ലോ എന്ന സമാധാനത്തിൽ ആയിരുന്നു ദേവു. ആ സമാധാനത്തിൽ തന്നെ അവൾ അവളുടെ കാത്തിരിപ്പ് തുടർന്നു.. തന്റെ പ്രിയപെട്ടവനുമായി വീണ്ടും സമാഗമിക്കുന്ന ആ നല്ല ദിനത്തിനായി……

🖋️ശിവാൻഷിക

Leave a Reply

Your email address will not be published. Required fields are marked *