Categories
Uncategorized

നിന്റെ ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാനാവുമോ? ഒരു പെണ്ണിന് സംഭവിക്കാത്ത കാര്യമൊന്നുമല്ലല്ലോ അവൾക്കും സംഭവിച്ചത്. കുട്ടികളുണ്ടാകാത്ത പുരുഷൻമാർ എത്രയോ പേരുണ്ട്. എന്നു കരുതി അവരുടെല്ലാം ഭാര്യമാർ ഉടനെ മറ്റൊരു പുരുഷനെ തേടിപ്പോകാറാണോ പതിവ് ..?

രചന : – സുരേന്ദൻ കരുളായി

“നിന്റെ സന്തതി പരമ്പരകളെ പെറ്റുപോറ്റാൻ കഴിയാത്തൊരു പെണ്ണിനെ നിനക്കെന്തിനാടാ ….?”

മരുമകൾ കേൾക്കാൻ പാകത്തിലായിരുന്നു രാജേശ്വരിയമ്മയുടെ സംസാരം. അടുക്കളയിൽ പണിയിലായിരുന്ന നന്ദന എല്ലാം കേൾക്കുന്നുണ്ടായിരുന്നു. കുറച്ചു കാലമായി നിരന്തരം കേൾക്കുന്ന വാക്കുകളായതിനാൽ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എല്ലാം കണ്ടും കേട്ടും മനസ്സിനൊരു മരവിപ്പ് ബാധിച്ചിരുന്നതിനാൽ ആ വീട്ടിലെ അവളുടെ ജീവിതം തികച്ചും യാന്ത്രികമായിരുന്നു.

” നിന്റെ ഡ്രസ്സലക്കാനും നിനക്ക് വെച്ചു വിളമ്പിത്തരാനുമാണെങ്കിൽ ഇവിടെ ഞാനില്ലേ…”

അമ്മയുടെ അനാവശ്യമായ ഈ വാക്കുകൾ ഗോപനിൽ കോപം ജനിപ്പിച്ചു.

” അമ്മയിതെന്താണ് പറഞ്ഞു വരുന്നത്…? ഇതെന്താ വീട്ടുജോലിക്ക് ആളെ വച്ചതാണോ തോന്നുമ്പോൾ പറഞ്ഞു പിടാൻ ….? അവളെന്റെ ഭാര്യയാണ്. അതമ്മ മറന്നു പോകരുത്. കുട്ടികളില്ലെന്നു വച്ച് അവളെന്റെ ഭാര്യയല്ലാതാവില്ലല്ലോ….”

” ഒരു താലി കെട്ടിയതുകൊണ്ടു മാത്രം ഭാര്യയാവില്ല. ”

“പിന്നെന്താണ് അമ്മ ഉദ്ദേശിക്കുന്നത് ?”

“അത് ഞാനിനി പ്രത്യേകിച്ച് പറഞ്ഞു തരണോ?”

“വേണ്ടി വരും…”

“അവർ എത്ര മാത്രം സ്നേഹത്തിലാ അമ്മേ കഴിയുന്നത്…. പെട്ടെന്നൊക്കെ ഒഴിവാക്കാൻ പറഞ്ഞാൽ ആർക്കായാലും സഹിക്കുമോ…?”

പെങ്ങൾ ഗോപികയുടെ വാക്കുകളിൽ പരിഹാസമാന്ന് നിറഞ്ഞു നിൽക്കുന്നതെന്ന് ഗോപനറിയാം.

“നിങ്ങൾ രണ്ടും സ്ത്രീകളല്ലേ…? ഒരു സ്ത്രീയുടെ വിഷമങ്ങൾ എന്നെക്കാളേറെ മനസ്സിലാക്കേണ്ടവരല്ലേ നിങ്ങൾ …? ആ നിങ്ങൾത്തന്നെ ഇങ്ങനെ തുടങ്ങിയാൽ കഷ്ടമാണ്. ”

ഗോപൻ ദേഷ്യം നിയന്ത്രിക്കാൻ പാടുപെട്ടു.

” ഈ നാട്ടിൽ എത്രയോ സ്ത്രീകൾ വിഷമമനുഭവിക്കുന്നുണ്ട്. അവരുടെയെല്ലാം വിഷമങ്ങളിൽ പങ്കുചേരാൻ പോയാൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയോ…?”

രാജേശ്വരിയമ്മ മകന്റെ വാദത്തെ ഖണ്ഡിച്ചതങ്ങനെയാണ്.

” നീയും ഒരു പുരുഷന്റെ ഭാര്യയാണ്. നിന്റെ ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാനാവുമോ? ഒരു പെണ്ണിന് സംഭവിക്കാത്ത കാര്യമൊന്നുമല്ലല്ലോ അവൾക്കും സംഭവിച്ചത്. കുട്ടികളുണ്ടാകാത്ത പുരുഷൻമാർ എത്രയോ പേരുണ്ട്. എന്നു കരുതി അവരുടെല്ലാം ഭാര്യമാർ ഉടനെ മറ്റൊരു പുരുഷനെ തേടിപ്പോകാറാണോ പതിവ് ..? എന്താ നിങ്ങളൊക്കെ ഇങ്ങനെ ചിന്തിക്കുന്നതെന്നാ എനിക്കു മനസ്സിലാകാത്തത്……”

ഗോപന് അവരെക്കുറിച്ച് ഏറെ നിരാശ തോന്നി. രാജേശ്വരിയമ്മയും ഗോപികയും പരസ്പരം നോക്കി. ” ഒന്നും ഏൽക്കുന്നില്ലല്ലോ. ” എന്ന മട്ടിൽ.

പത്തുവർഷം കഴിഞ്ഞു ഗോപന്റെയും നന്ദനയുടേയും വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ കുട്ടികളൊന്നുമായില്ല. ചികിൽസകൾ പലതും നടക്കുന്നുണ്ടെങ്കിലും ഒരു കുത്തിനു വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് നീളുകയാണ്.

രജേശ്വരിയമ്മക്ക് നന്ദനയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നുണ്ട്. ഗോപൻ ഒരിക്കലും അതിനു സമ്മതിക്കില്ലെന്ന് അവർക്കുറപ്പാണ്. പിന്നെയുള്ള വഴി അവളെ പുകച്ചു പുറത്തു ചാടിക്കലാണ്. അതിനുള്ള വഴിയാണ് അവരിപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്.

ഗോപൻ വീട്ടിലില്ലാത്ത സമയത്ത് അവളെ മാനസികമായി ഏറെ ദ്രോഹിക്കാറുണ്ട് രാജേശ്വരിയമ്മ. ഗോപന്റെ ജീവിതത്തിൽ നിന്നും അവൾ സ്വയം ഒഴിഞ്ഞു പോകണം…

ഏക മകളായ ഗോപികയെ വിവാഹം കഴിച്ചയച്ചതാണെങ്കിലും ഭർത്താവിന് വിദേശത്ത് ജോലിയായതിനാൽ അവൾ ഏറെയും ചില വഴിക്കുന്നത് സ്വന്തം വീട്ടിൽതന്നെയാണ്. അവൾക്കൂടി രാജേശ്വരിയമ്മക്ക് സപ്പോർട്ടായപ്പോൾ നന്ദന ആ വീട്ടിൽ തീർത്തും ഒററപ്പെട്ടു. ഗോപൻ വീട്ടിലുള്ളപ്പോഴും രാത്രിയിലും മാത്രമാണ് അവൾക്കൽപം ആശ്വാസമുള്ളത്.

ഭർത്താവിനെ വരച്ചവരയിൽ നിർത്തി ശീലിച്ച രാജേശ്വരിയമ്മക്ക് മകനേയും അതുപോലെ നിയന്ത്രിക്കണമെന്നുണ്ട്. പക്ഷേ, ഗോപനതിന് ഒരിക്കലും വഴങ്ങില്ലെന്ന് അവർക്കറിയാം. ആ കലിപ്പും കൂടിയാണ് അവർ നന്ദനയോട് തീർക്കുന്നത്. ഭർത്താവ് ജീവിച്ചിരിപ്പില്ലെങ്കിലും മക്കളെ തന്റെ വരുതിയിൽ നിർത്താൻ അവർ ആവും വിധം ശ്രമിച്ചു നോക്കി.

ഈ വീട്ടിൽ തനിക്കും നന്ദനക്കും സ്വസ്തമായ ഒരു ജീവിതം സാധ്യമല്ലെന്ന ബോധ്യം ഗോപന് നന്നായുണ്ട്. എന്നാൽ അമ്മയെ തനിച്ചാക്കി മാറിത്താമസിച്ചാൽ എല്ലാവരും തന്നെ കുററപ്പെടുത്തും എന്നൊരു വിഷമവും ഗോപനുണ്ട്. ഈ സാഹചര്യം തുടർന്നാൽ മാറിച്ചിന്തിക്കേണ്ടിവരുമെന്ന് ഗോപന് തോന്നിത്തുടങ്ങിയിരിക്കുന്നു. അമ്മക്ക് നന്ദനയോടുള്ള സമീപനം കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്.

രാത്രി.

ഗോപന്റെ നെഞ്ചിലേക്ക് തലവച്ച് കിടന്ന് അവന്റെ രോമാവൃതമായ മേനിയിലൂടെ വിരലുകളോടിച്ചുകൊണ്ട് നന്ദന ചോദിച്ചു:

“ഞാനൊരു കാര്യം ചോദിച്ചാൽ ഗോപേട്ടന് വിഷമാവോ ….?”

” വളച്ചുകെട്ടാതെ കാര്യം പറ പെണ്ണേ ….”

ഗോപന് അവൾ പറഞ്ഞു വരുന്നതെന്താന്നെന്നറിയാനുള്ള ആകാംക്ഷയായി.

” നാളെ മുതൽ ഗോപേട്ടന് നൈറ്റ് തുടങ്ങുകയല്ലേ… ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിന്നാലോ….?”

“അതിനാണോ നന്ദൂ . ഇത്ര മുഖവുര. നീയെന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ ഞാനിതുവരെ തടസ്സം നിന്നിട്ടുണ്ടോ…?”

“ഇല്ല…. എന്നാലും ഗോപേട്ടന് വിഷമാവോന്ന് കരുതി…”

” നീ പോയാൽ വിഷമമുണ്ടാകുമെന്നത് നേരുതന്നെ … എന്നു കരുതി നിന്റെ ആഗ്രഹങ്ങളും നടക്കേണ്ടെ….?”

നന്ദന ഒരുറച്ച തീരുമാനമെടുത്ത മട്ടിലായിരുന്നു. ഒരു ഭാര്യയെന്ന അർത്ഥത്തിൽ ഗോപേട്ടന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്തിരുന്നു. തിരിച്ച് ഗോപേട്ടനും അതിലധികമായി തന്നെ സ്നേഹിക്കുന്നു. തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നു.

എന്നാൽ ഗോപേട്ടന് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ആഗ്രഹം മാത്രം തനിക്കു നിറവേറ്റിക്കൊടുക്കാനായില്ല. അത് വലിയൊരു പോരായ്മ തന്നെയാണ്. അതുകൊണ്ട് ഗോപേട്ടന്റെ ജീവിതം അർത്ഥപൂർണ്ണമാകണമെങ്കിൽ താൻ ഒഴിഞ്ഞു പോയേ മതിയാകൂ. താനൊഴിഞ്ഞു പോയാൽ കുറച്ചു കാലമാക്കെ ഗോപേട്ടന് വിഷമം കാണും. അതു കഴിഞ്ഞാൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് സന്താന സൗഭാഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ….

എത്ര സ്നേഹം തന്റെ മേൽ വാരിവിതറിയാലും ലാളിക്കാനൊരു കുഞ്ഞിനെ നൽകാൻ കഴിയാത്ത തനിക്ക് ആ മനസ്സിന്റെ വിങ്ങൽ കേൾക്കാനാവും ….

ഈ രാത്രി ഗോപേട്ടന് നല്ല ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച് നാളെ ഈ പടിയിറങ്ങണം. ഇനിയുള്ള ജീവിതത്തിൽ തനിക്കു തള്ളിനീക്കാൻ ഈ ഓർമ്മകൾ മതി.

“നന്ദൂ… നീയുറങ്ങിയോ…?”

” നിമഷങ്ങൾ മൂകമായി കടന്നുപോയപ്പോൾ ഗോപൻ സംശയത്തോടെ അവളോടു ചോദിച്ചു.

“ഇല്ല… ഞാനോരോന്ന് ഓർത്ത് കിടന്നതാ…”

നന്ദന ചിന്തയിൽ നിന്നുണർന്ന് ഗോപന് മറുപടി നൽകി.

“അമ്മയിന്ന് പറഞ്ഞതിനെ കുറിച്ചാവും അല്ലേ…? എനിക്കറിയാം നിന്റെ മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന്. ”

ഗോപന്റെ വാക്കുകളിലും വേദന തിങ്ങി.

“ഏയ് അതൊന്നുമല്ല ഗോപേട്ടാ… അതെല്ലാം കേട്ട് തഴമ്പിച്ച വാക്കുകളല്ലേ… അതിനൊക്കെ വിഷമിക്കാൻ നിന്നാൽ അതിനേ നേരം കാണൂ….”

നന്ദന ഗോപന്റെ മനസ്സിന് ആശ്വാസം പകർന്നു. തന്റെ മനസ്സിന്റെ വേദനകളെല്ലാം മാറ്റിവച്ച് അവൾ ഗോപനോടൊത്ത് നല്ല ഒരു പിടി നിമിഷങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

ഒടുവിൽ എല്ലാ ആവേശവും ആറിത്തണുത്ത് അവർ അവശരായി. അവളെ ചേർത്ത് പിടിച്ചുകിടന്ന് ഉറക്കത്തിലേക്ക് നടന്നടുക്കുമ്പോൾ ഒരു തേങ്ങൽ കേട്ട് ഗോപൻ മിഴിതുറന്നു.

” എന്താ….എന്താ നന്ദു….?”

“ഏയ് …. ഒന്നൂല്ല….നാളെ ഗോപേട്ടൻ അടുത്തുണ്ടാവില്ലെന്നോർത്തപ്പോൾ ….”

അവൾ തേങ്ങലിനിടയിലും സ്വരം ശാന്തമാക്കാൻ ശ്രമിച്ചു.

” നിനക്ക് ഇത്രേം വിഷമമുണ്ടെങ്കിൽ പോകണ്ടാന്ന് വച്ചുടെ ….?”

ഗോപനും വിഷമത്തിലായി.

“സാരമില്ല ഗോപേട്ടാ….ഞാനിവിടെ നിന്നാലും ഗോപേട്ടൻ രാത്രി എന്റെയടുത്തുണ്ടാവില്ലല്ലോ….”

“ശരിയാ….നിന്റെ ഇഷ്ടംപോലെ ചെയ്യ്…”

ഗോപൻ താലൂക്ക് ഹോസ്പിറ്റലിൽ അറ്റൻററായി ജോലി ചെയ്യുകയാണ്. നാളെ മുതൽ അവന് നൈറ്റാണ് ഡ്യൂട്ടി.

പിറ്റേ ദിവസം ഗോപൻ നന്ദനയെ അവളുടെ വീട്ടിൽ കൊണ്ടു വിട്ടു. തിരിച്ചു പോരാൻ ഗോപൻ പടിയിറങ്ങിയപ്പോൾ നന്ദനക്ക് പിടിച്ചു നിൽക്കാനായില്ല. തന്റെ ശരീരത്തിലെ ഒരവയവം പറിഞ്ഞു പോകുന്ന വേദന തോന്നി അവൾക്ക്.

പൊട്ടിക്കരഞ്ഞു കൊണ്ടവൾ മുറിയിലേക്കോടി. ബെഡിൽ കമിഴ്ന്ന് കിടന്ന് പൊട്ടിക്കരയുന്ന മകളെ കാര്യമറിയാതെ പകച്ചു നോക്കി അമ്മയും അച്ഛനും. അവളോട് കാര്യം തിരക്കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. വിങ്ങുന്ന ഹൃദയത്തോടെ അച്ഛൻ ഗോപാലകൃഷ്ണൻ പുറത്തേക്ക് നടന്നു. അമ്മ ജാനകി അവളുടെ സങ്കടങ്ങൾ പെയ്തൊഴിയുന്നതും കാത്ത് അവിടെത്തന്നെ നിന്നു.

അൽപ സമയം കഴിഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു കൊണ്ട് നന്ദന എഴുന്നേറ്റിരുന്നു. നിറമിഴികളുമായി തന്നെ നോക്കി നിന്ന അമ്മയെ കണ്ടപ്പോൾ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“എന്താ മോളേ…. നീയെന്തിനാ കരഞ്ഞത് …..?”

ബെഡിൽ അവൾക്കടുത്തിരുന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ജാനകി ചോദിച്ചു. നന്ദനക്ക് തന്റെ തീരുമാനം അമ്മയെ അറിയിക്കേണ്ടി വന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇടി വെട്ടിയതു പോലെ ഇരുന്നു പോയി ജാനകി.. !

“ഗോപനറിഞ്ഞോണ്ടാണോ നീയിങ്ങനെയൊരു തീരുമാനമെടുത്തത് ….?”

“ഇല്ലമ്മേ…. ഗോപേട്ടനെ സാവദാനം പറഞ്ഞു മനസ്സിലാക്കാം…”

“എന്നാലും മോളേ… ഇങ്ങനെയൊരു കടുത്ത തീരുമാനം വേണോ…?”

“വേണമ്മേ …. ഗോപേട്ടന്റെ ജീവിതത്തിനൊരു അർത്ഥമുണ്ടാവണമെങ്കിൽ ഞാൻ മാറിക്കൊടുത്തേ പറ്റൂ….”

“അവൻ സമ്മതിക്കുംന്ന് തോന്നണുണ്ടോ നിനക്ക് …..?”

” സമ്മതിപ്പിക്കണം ….”

“നിനക്ക് വിഷമമൊന്നുമില്ലേ മോളേ ….?”

“എന്റെ വിഷമത്തിനല്ലമ്മേ… ഗോപേട്ടന്റെ ജീവിതം നന്നാവട്ടെ….”

അങ്ങനെയവൾ പറഞ്ഞുവെങ്കിലും അവളുടെ കൺകോണിൽ നീർക്കണങ്ങൾ ഉരുണ്ടു കൂടുന്നത് ജാനകി കണ്ടു. മകളുടെ തീരുമാനം അംഗീകരിക്കാനാവാതെ ജാനകിയും വേപഥു പൂണ്ട മനസ്സുമായി മുറിവിട്ട് പോയി.

നൈറ്റ് ഡ്യൂട്ടി കഴിയുന്നതും കാത്തിരിക്കുകയായിരുന്നു ഗോപൻ. നന്ദനയില്ലാത്തതിനാൽ ഗോപനും ഏറെ വിഷമത്തിലായിരുന്നു. ഇടക്കൊക്കെ വിളിക്കുമ്പോഴും നന്ദനക്ക് എന്തോ വിഷമുള്ളതുപോലെ തോന്നിയിരുന്നെങ്കിലും അത് തമ്മിൽ പിരിഞ്ഞിരിക്കുന്നതുകൊണ്ടാവും എന്നാണ് ഗോപൻ കരുതിയത്. ഓരോ തവണ ഗോപൻ വിളിക്കുമ്പോഴും അവന്റെ ശബ്ദം കേൾക്കുമ്പോൾ പിടിച്ചു നിൽക്കാൻ പാടുപെടുകയായിരുന്നു നന്ദന.

നൈറ്റ് കഴിയുന്ന അന്ന് ഗോപൻ നന്ദനയെ വിളിച്ചു. നന്ദനക്ക് ആ വിളി വന്നപ്പോൾ തന്നെ മനസ്സിലായി തന്നെ കൂട്ടി കൊണ്ടുപോകാൻ വരുന്ന കാര്യം പറയാനാണെന്ന്. ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നത് കേട്ട് ജാനകി ചെന്നു നോക്കി.

ഫോണും പിടിച്ച് നിറമിഴികളോടെ അതിലേക്ക് നോക്കിയിരിക്കുന്ന മകളെ കണ്ടപ്പോൾ ജാനകിക്കും സഹിക്കാനായില്ല.

“നിന്റെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ അവനെ അറിയിച്ചേക്ക് മോളേ….”

അമ്മയുടെ സ്വരം കേട്ടതും ദയനീയമായി നന്ദന ജാനകിയെ നോക്കി.

“അമ്മേ… ഞാനെങ്ങനെ….. അമ്മ തന്നെ പറഞ്ഞോളൂ ”

ഫോൺ ജാനകിയുടെ കയ്യിൽ കൊടുത്തിട്ട് അവൾ ബെഡിലേക്ക് വീണു… എന്തു ചെയ്യണമെന്നറിയാതെ ജാനകി ഫോണും പിടിച്ച് അൽപ നേരം നിന്നു. മൊബൈൽ റിംഗ് ചെയ്യുന്നത് നിർത്തിയപ്പോൾ അവർക്ക് ആശ്വാസം തോന്നിയെങ്കിലും അടുത്ത നിമിഷം അത് വീണ്ടും ശബ്ദിക്കാൻ തുടങ്ങി.

ജാനകി കാൾ അറ്റന്റ് ചെയ്തു. മറുവശത്ത് ഗോപന്റെ പരിഭവം നിറഞ്ഞ സ്വരം കേട്ടപ്പോൾ ജാനകി തളർന്നു…. എങ്കിലും എങ്ങനെയൊക്കെയോ അവർ കാര്യം അവനെ ധരിപ്പിച്ചു.

ഫോണിലൂടെ കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ ഫോൺ ചെവിയിൽ നിന്നെടുത്ത് അതിലേക്ക് നോക്കി കുറേ നേരം നിന്നു ഗോപൻ. കേട്ടത് സ്വപ്നമോ യാതാർത്ഥ്യമോയെന്നറിയാൻ പിന്നെയും ഒരുപാട് സമയമെടുത്തു. ഒന്നിനും ഉൻമേഷമില്ലാതെ ഗോപൻ അന്നത്തെ ഡ്യൂട്ടി സമയം തള്ളിനീക്കി. ഡ്യൂട്ടി കഴിഞ്ഞിറങ്ങി അവൻ നേരെ പോയത് നന്ദനയുടെ അടുത്തേക്കായിരുന്നു.

ഗോപനെ കണ്ടതും നന്ദനയുടെ അച്ഛനും അമ്മയും വല്ലാതായി. ഗോപൻ ഏറെ അവശനായതുപോലെ അവർക്കു തോന്നി. നന്ദന അപ്പോഴും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.

അപ്രതീക്ഷിതമായി ഗോപനെ കണ്ടതും നന്ദനയുടെ ശരീരം വിറച്ചു പോയി. ആ മുഖത്ത് നോക്കി എന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു.

” തീരുമാനം അസ്സലായിട്ടോ….എന്റെ നൻമ ആഗ്രഹിക്കുന്ന നിന്റെ അറിവിലേക്കായി ഒന്നു ഞാൻ പറയാം… നീ മാറിയാൽ ഉടനെ മറ്റൊരു പെണ്ണിനെ കെട്ടി എന്റെ ജീവിതം ധന്യമാകുമെന്നാണ് നീ കരുതുന്നതെങ്കിൽ നിനക്കു തെറ്റി… നീയെന്റെ ജീവിതത്തിലേക്കിനി ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി മറ്റൊരു പെണ്ണ് ഈ ജൻമം ഗോപന്റെ ജീവിതത്തിലുണ്ടാവില്ല. ”

ഒന്നും പറയാനാവാതെ നന്ദന നിന്നുരുകി.

” തീരുമാനത്തിൽ മാറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ കാത്തിരിക്കും ഈ ജൻമം മുഴുവൻ ….. ഒറ്റ സങ്കടമേയുള്ളൂ… നീയെന്നെ മനസ്സിലാക്കിയത് ഇങ്ങനെയാണല്ലോയെന്ന് …..”

പറഞ്ഞു കഴിഞ്ഞ് അവളുടെ പ്രതികരണത്തിന് കാത്തു നിൽക്കാതെ ഗോപൻ പുറത്തേക്ക് നടന്നു…

ദിവസങ്ങൾ കടന്നുപോയി….

നന്ദനയുടെ വിളിക്കായി ഓരോ നിമിഷവും ഗോപൻ പ്രതീക്ഷയോടെ കാത്തിരുന്നു. വീട്ടിൽ തീർത്തും നിശബ്ദനായി ഗോപൻ. ആരോടും ഒന്നും സംസാരിക്കാറില്ല. ഡ്യൂട്ടി കഴിഞ്ഞു വന്നാൽ തന്റെ മുറിയിൽ കയറി ഒററയിരുപ്പാണ്.

രാജേശ്വരിയമ്മക്കും മകന്റെ മാറ്റം അൽപം ഭീതി പടർത്തിയെങ്കിലും എല്ലാം താൻ വിചാരിച്ച വഴിയിലേക്കുതന്നെ എത്തുമെന്നവർ കണക്കുകൂട്ടി.

ഗോപൻ മുററത്ത് കാറും കഴുകിക്കൊണ്ട് നിൽക്കുമ്പോഴാണ് വലിയൊരു ശബ്ദവും ഗോപികയുടെ ആർത്തലച്ചുള്ള കരച്ചിലും കേട്ടത്. ഗോപൻ ഒരാന്തലോടെ ഉള്ളിലേക്കോടി…

സ്‌റ്റെയർകേസിനു താഴെ വീണുകിടക്കുന്ന രാജേശ്വരിയമ്മയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഗോപിക.

” എന്താ പറ്റിയത്…?”

അമ്മയെ താങ്ങിയുയർത്തുന്നതിനിടയിൽ ഗോപൻ ആരോടെന്നില്ലാതെ തിരക്കി.

“അമ്മ സ്റ്റെപ്പിൽ നിന്ന് കാല് സ്ലിപ്പായി വീണു….”

രണ്ടു പേരും അവരെ താങ്ങി ഉയത്തിയെങ്കിലും രാജേശ്വരിയമ്മക്ക് നടക്കാൻ പ്രയാസമുള്ളതു പോലെ തോന്നി. എങ്കിലും രണ്ടു പേരുടേയും തോളിൽ തൂങ്ങി അവർ കാറിനടുത്തേക്ക് പിച്ചവച്ചു. ഗോപൻ അവരെ താൻ വർക്കു ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

കാലിന്റെ ഉപ്പൂറ്റിക്ക് സ്ക്രാച്ചുണ്ട്. ഡോക്ടർ കണ്ടെത്തി. കാൽ ബാന്റേജ് ചെയ്ത് വീട്ടിൽ തിരിച്ചെത്തി. രാജേശ്വരിയമ്മ ബെഡ്റെസ്റ്റിലായി. സ്വന്തം കാര്യങ്ങൾക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലായി.

വീട്ടിലെ എല്ലാ കാര്യങ്ങളും അമ്മയെ പരിചരിക്കേണ്ടതും ഗോപികയുടെ ചുമലിലായി. നന്ദനയെ പുകച്ചു പുറത്തു ചാടിച്ചതിന്റെ ആഘാതം അനുഭവിക്കുകയായിരുന്നു ഗോപിക.

രണ്ടുമൂന്ന് ദിവസം കടന്നുപോയി…

ഇനിയും ഇവിടെ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന തിരിച്ചറിവുണ്ടായതാവാം ഗോപിക ഗോപനെ സമീപിച്ചു.

“ഏട്ടാ… ഗിര്യേട്ടൻ ഗൾഫീന്നു വിളിച്ചിരുന്നു. അവിടെ വീടുപണി തുടങ്ങാത്രെ …. ഞാനവിടെ ഉണ്ടാവണമെന്ന് ഏട്ടൻ പറയുന്നു. ”

“അമ്മയുടെ കാര്യം പറയാര്ന്നില്ലേ നിനക്ക് …?”

“ഞാൻ പറഞ്ഞു ഏട്ടാ… പണിയുടെ കാര്യങ്ങളൊക്കെ ഗിര്യേട്ടനെ അറിയിക്കാൻ ഞാനവിടെ ഇല്ലാതെ പറ്റില്ലാന്നാ പറയണത്… ഏട്ടനൊരു കാര്യം ചെയ്യ് …. ഏട്ടത്തിയമ്മയേ വിളിച്ചോണ്ട് പോര്…. ”

“അതിനവള് വച്ചുവിളമ്പലും തുണിയലക്കലും നിർത്തിയെന്നാ കേട്ടത്. അതുകൊണ്ട്തന്നെ അവൾക്കിങ്ങോട്ട് വരേണ്ട കാര്യവുമില്ല….”

ഗോപൻ ചെറിയൊരു പ്രതികാര ചുവയോടെ പറഞ്ഞു.

“ഏട്ടൻ എന്താന്നുവച്ചാൽ ചെയ്യ് ….ഞാൻ പോക്വാ…..”

എല്ലാം കേട്ടു കിടന്ന രാജേശ്വരിയമ്മക്കും മനസ്സിലായി മകളും തന്നെ കൈവിടുകയാണെന്ന്. ബന്ധങ്ങളുടെ ആഴവും പരപ്പും സ്വന്തം ചോരയിൽപോലും എത്രത്തോളുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു അവർ.

ഗോപനോടു പറഞ്ഞതു തന്നെ ഗോപിക അമ്മയോടും പറഞ്ഞു. ഒന്നും മിണ്ടാതെ രാജേശ്വരിയമ്മ മകളെ ഇമവെട്ടാതെ നോക്കിക്കിടന്നു…. അൽപം കഴിഞ്ഞപ്പോൾ ഡ്രസ്സു മാറി തന്റെ സ്കൂട്ടിയുമെടുത്ത് പുറത്തേക്ക് ഓടിച്ചിട്ടു പോയി….

” ഒരു ഹോംനേഴ്സിനെ വച്ചാലോ അമ്മേ…?

രാജേശ്വരിയമ്മ ദയനീയമായി ഗോപനെ നോക്കി … ഗോപൻ അത് തീർത്തും അവഗണിച്ച് ഏജൻസിയുടെ നമ്പർ മൊബൈലിൽ തിരഞ്ഞു കൊണ്ടിരുന്നു.

“മോനേ…”

ഗോപൻ മൊബൈലിൽ നിന്നു കണ്ണു പറിച്ച് അമ്മയെ നോക്കി.

“ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ …?”

പറഞ്ഞു വരുന്നത് എന്താണെന്ന് ഊഹിച്ചു കൊണ്ടുതന്നെ ചോദ്യഭാവത്തിൽ അമ്മയെ നോക്കി …

“നീ നന്ദനയെ വിളിച്ചോണ്ടു വരുമോ…?”

“എന്തിന്….? എന്താണവളുടെ പുതിയ പോസ്റ്റിംഗ് ….?”

ഗോപന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി തെളിഞ്ഞു വന്നു.

” നീയെന്നെ എന്തു വേണമെങ്കിലും പറഞ്ഞോ… എന്നാലും എനിക്കു പറയാനുള്ളത് നീ കേൾക്കണം… എനിക്കു തെറ്റുപറ്റി മോനേ… നന്ദനയെ ഞാനൊരുപാട് ദ്രോഹിച്ചു… അതിനുള്ള ശിക്ഷയാണ് ഇപ്പോൾ എന്റെയീ ഒററപ്പെടൽ….

“അഹങ്കാരമായിരുന്നു എനിക്ക്. എല്ലാവരും എന്റെ കാൽച്ചുവട്ടിൽ നിൽക്കണമെന്ന വാശി… അതൊക്കെ എന്തിനു വേണ്ടിയായിരുന്നെന്ന് ചിന്തിക്കാൻ എനിക്കീ അവസ്ഥ വരേണ്ടി വന്നു. ഞാൻ വളർത്തി വലുതാക്കിയ എന്റെ മോളുവരെ എന്നെ നിഷ്കരുണം ഒഴിവാക്കി പോകുന്നൊരു കാലം എനിക്കുണ്ടായില്ലേ… നന്ദന നൻമയുള്ളവളാണ് മോനേ… അവളുണ്ടായിരുന്നെങ്കിൽ ഒരിക്കലും എന്നോടിങ്ങനെ ചെയ്യില്ലായിരുന്നു… പക്ഷേ, അതു മനസ്സിലാക്കാൻ ഇത്രയും കാലം വേണ്ടി വന്നു. ”

രജേശ്വരിയമ്മയുടെ കണ്ണുകൾ അരുവികളാകുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടു ഗോപൻ.

” അവളെ ദ്രോഹിച്ച മനസ്സുകൊണ്ട് ഇനിയുള്ള കാലം എനിക്കവളെ സ്നേഹിക്കണം… എന്നെ പരിചരിക്കാൻ വേണ്ടിയല്ല ഇപ്പോളവളെ കൊണ്ടുവരാൻ പറയുന്നത്. എന്റെ കാര്യം നോക്കാൻ ഹോംനേഴ്സുതന്നെ മതി. എന്നാലും അവളിവിടെ വേണം…. കൊണ്ടു വരില്ലേടാ നീ….?”

അവർ പ്രതീക്ഷയോടെ മകനെ നോക്കി.

“ഞാൻ വിളിച്ചാൽ അവൾ വരില്ലമ്മേ… ഈ വീട്ടിലെ ജീവിതം അത്രയും മടുത്തിട്ടാണവൾ പോയത്. അവളുടെ വിളിക്കായി ഇത്രയും ദിവസം ഞാൻ കാത്തിരിക്കുകയായിരുന്നു. അവൾ വിളിച്ചില്ല….”

ഗോപന്റെ വാക്കുകളിൽ നിരാശ കലർന്നു.

” അവളിവിടന്ന് പോകാൻ കാരണക്കാരി ഞാനല്ലേ… ഞാൻ തന്നെ വിളിക്കാം അവളെ … നീയാ ഫോണിങ്ങു താ….”

രാജേശ്വരിയമ്മ ഫോണിനായി ഗോപനു നേരെ കൈ നീട്ടി. ഗോപൻ ഫോൺ അവർക്കു കൊടുത്തു. അമ്മ വിളിച്ചാൽ അവൾ ഒരുപക്ഷേ വരുമായിരിക്കാം… ഗോപൻ പ്രത്യാശയോടെ കാത്തിരുന്നു.

രാജേശ്വരിയമ്മ നന്ദനയുമായി സംസാരിച്ചു തുടങ്ങിയപ്പോൾ സ്വരമിടറുന്നതും കണ്ണുകൾ നിറയുന്നതും കണ്ടപ്പോൾ അമ്മയുടെ ഈ മാറ്റം ആത്മാത്ഥമായിട്ടുള്ളതാണെന്ന് ഗോപൻ തിരിച്ചറിഞ്ഞു. സംസാരത്തിനിടയിൽ അമ്മയുടെ മുഖം തെളിയുന്നത് വിശ്വാസം വരാതെ പിന്നെയും പിന്നെയും നോക്കി ഗോപൻ. അവൾ വരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫോൺ തിരികെ വാങ്ങുമ്പോൾ അമ്മയുടെ മുഖഭാവത്തിൽ നിന്നും ഗോപന് മനസ്സിലായി.

” ചെന്നു വിളിച്ചോണ്ടുവാടാ അവളെ …. അവൾ കാത്തിരിക്കുകയാ നിന്നെ…..”

നിറഞ്ഞ പുഞ്ചിരിയോടെ അവരതു പറയുമ്പോഴേക്കും ഗോപൻ പോർച്ചിലേക്കോടിയിരുന്നു….!

“ഹോംനേഴ്സിന്റെ കാര്യം മറക്കണ്ട …..”

പിന്നിൽ രാജേശ്വരിയമ്മയുടെ സ്വരം ഗോപൻ പിന്നെയും കേട്ടു……

ശുഭം.

രചന : – സുരേന്ദൻ കരുളായി

Leave a Reply

Your email address will not be published. Required fields are marked *