രചന : – സുരേന്ദ്രൻ കരുളായി.
“ദേവേട്ടാ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?”
” നിന്റെ ചോദ്യം കേട്ടാൽ തോന്നുമല്ലോ ഞാൻ നിന്നോട് കള്ളമേ പറയാറുള്ളെന്ന് ….”
” അതല്ല ദേവേട്ടാ….”
” നീ വളച്ചുകെട്ടാതെ കാര്യം പറയുന്നുണ്ടോ ?”
“അത്… ദേവേട്ടനിന്നലെ ഓഫീസിൽ നിന്നിറങ്ങിയിട്ട് എങ്ങോട്ടെങ്കിലും പോയിരുന്നോ ?”
“പോയിരുന്നു. എന്താ ഇപ്പോൾ ചോദിക്കാൻ …?”
“ആരെങ്കിലും ദേവേട്ടനോടൊപ്പമുണ്ടായിരുന്നോ?”
“അപ്പോൾ അതാണു കാര്യം. എന്നോടൊപ്പം എന്റെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഹേമയായിരുന്നു കൂടെ. ഓഫീസിൽ നിന്നിറങ്ങാൻ അൽപ്പം താമസിച്ചതുകൊണ്ട് അവൾ സ്ഥിരം പോകാറുള്ള ബസ്സ് മിസ്സായി. അവളെ ബസ്സ് സ്ഥാന്റിലൊന്ന് ട്രോപ്പ് ചെയ്യുമോന്ന് ചോദിച്ചു. ഞാൻ കൊണ്ടു വിട്ടു. അതിനെന്താ…? ആട്ടെ… ആരാ നിന്നോടിതു പറഞ്ഞത്…?”
“അതൊക്കെ ഞാനറിയും…”
“അപ്പോൾ നീയെന്നെ സംശയിക്കാൻ തുടങ്ങിയെന്നു സാരം….”
“അതല്ല ദേവേട്ടാ…. ദേവേട്ടൻ എന്നോട തേക്കുറിച്ചൊന്നും പറഞ്ഞില്ല. അതുകൊണ്ട് ചോദിച്ചതാണ്. ”
“പറയാൻ മാത്രം വലിയ സംഭവമാണെന്ന് എനിക്കു തോന്നിയില്ല. ”
ലേഖ പിന്നീടെന്തു പറയണമെന്നറിയാതെ പ്രതിസന്ധിയിലായി.
” നിനക്കെന്നെ സംശയമുണ്ടോ ലേഖാ….?”
അതിനും ഒരു മറുപടി പെട്ടെന്നവളിൽ നിന്നുണ്ടായില്ല.
“വാതുറന്നെന്തെങ്കിലുമൊന്ന് പറയോ നീ…?”
ജയദേവന്റെ സ്വരം അൽപമുയർന്നു. അതോടെ ലേഖ തളർന്നു പോയി. അതങ്ങനെയാണ്. ജയദേവൻ അൽപ്പം ശബ്ദമുയർത്തി സംസാരിച്ചാൽ മതി അവൾക്ക് സങ്കടം വരും. ഇന്നും അതു തന്നെ സംഭവിച്ചു.
എങ്കിലും ഒന്നോർത്ത് ലേഖയുടെ മനസ്സു നീറി… ദേവേട്ടൻ തന്നോടു കള്ളം പറയുകയാണെന്ന് അവൾക്കറിയാം. ഇന്നലെ ദേവേട്ടനോടൊപ്പം ഉണ്ടായിരുന്നത് ദേവേട്ടൻ പറഞ്ഞതുപോലെ ഹേമയായിരുന്നില്ല. നാട്ടിൽ സാമാന്യം മോശമായ രീതിയിൽ അറിയപ്പെടുന്നൊരു സ്ത്രീ.
അവർക്ക് വേണ്ടി ദേവേട്ടൻ തന്നോട് കള്ളം പറഞ്ഞിരിക്കുന്നു. അവളുടെ പേര് തന്നോടു പറഞ്ഞാൽ പെട്ടെന്നത് മനസ്സിലാക്കും എന്നതുകൊണ്ടാവാം പേര് മാറ്റി പറഞ്ഞത് ….
എന്തായാലും അത് നല്ലൊരു ഉദ്ദേശമല്ലാ എന്നത് വ്യക്തം. കേട്ടാൽ വെറുപ്പു തോന്നുന്ന സംഭവങ്ങളാണ് ആ സ്ത്രീയെക്കുറിച്ച് നാട്ടിൽ അറിയപ്പെടുന്നത്. അവരുമായി തന്റെ ദേവേട്ടനൊരു ബന്ധം…..
അതോർക്കുന്തോറും ലേഖക്ക് വല്ലാത്ത വേദന തോന്നി….
ഇന്നലെ അടുത്ത വീട്ടിലെ സുഗന്ധി ചേച്ചിയാണ് ഇങ്ങനെയൊരു കാര്യം തന്നോടു സൂചിപ്പിച്ചത്.
” ഇനി അതിന്റെ പേരിൽ നീയവനെ ചോദ്യം ചെയ്യാനോ വഴക്കിടാനോ ഒന്നും നിൽക്കണ്ട. അങ്ങനെ ചെയ്താൽ അവൻ കൂടുതൽ നിന്നിൽ നിന്നകലാനെ അതുപകരിക്കൂ…. ബുദ്ധിപരമായിട്ടു വേണം ഇതു കൈകാര്യം ചെയ്യാൻ. അതൊന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞൂന്നേയുള്ളൂ. ”
ഇതിൽ ദേവേട്ടന്റെ പ്രതികരണം എന്താകുമെന്ന് അറിയാൻ വേണ്ടിയാണ് ചോദിച്ചത്. അതിപ്പോൾ നിരാശ മാത്രമല്ല. ഉള്ളിൽ അൽപം തീയ്യുംകൂടി കോരിയിടുകയാണ് ചെയ്തത്.
ജയദേവനോടവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലെന്നവൾക്ക് നന്നായറിയാം ….. പക്ഷേ, അയാളെ ചോദ്യം ചെയ്യാനോ ശാസിക്കാനോ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ ഈ നില തുടർന്നാൽ എല്ലാം കൈവിട്ടു പോകുമെന്നുറപ്പാണ്.
അപ്പോഴാണ് സുഗന്ധി ചേച്ചിയുടെ വാക്കുകൾ പിന്നെയും അവളുടെ കാതിലലച്ചത്.
” ഇതിന്റെ പേരിൽ നീയവനോട് ദേഷ്യപ്പെടാനോ പിണങ്ങാനോ പോയാൽ കൂടുതൽ സങ്കീർണ്ണതകളിലേക്കാവും കാര്യങ്ങൾ നീങ്ങുക…. സ്നേഹംകൊണ്ട് അവനെ കീഴ്പ്പെടുത്താൻ ശ്രമിക്കണം. അപ്പോഴേ ഇതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ….”
ശരിയാണ്…. കണ്ട പെണ്ണുങ്ങൾക്ക് തന്റെ ഭർത്താവിന്റെ സ്നേഹം പങ്കുവയ്ക്കാൻ അനുവദിച്ചു കൂട….. ലേഖയുടെ ഭർത്താവ് ഈ ജൻമം ലേഖയുടെ ഭർത്താവായിത്തന്നെ നിലനിൽക്കണം…. അതിനു വേണ്ടി കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു.
അവൾ പുറത്തേക്ക് ചെന്നു നോക്കുമ്പോൾ , ബാൽക്കണിയിൽ വിദൂരതയിലേക്ക് കണ്ണുനട്ടു നിൽക്കുന്ന ജയദേവനെ കണ്ടു.
അവൾ പിന്നിലൂടെ ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.
“എന്നോടു ദേഷ്യണ്ടോ ദേവേട്ടാ….?”
” നീയെന്നെ സംശയിക്കാൻ തുടങ്ങിയാൽ എനിക്കു ദേഷ്യം വരാതിരിക്കുമോ…?
“സാരല്ല ദേവേട്ടാ…..ഇനിയങ്ങനെ ഉണ്ടാവില്ല…. ദേവേട്ടനറിയാലോ ദേവേട്ടനെന്നോട് പിണങ്ങിയാൽ എനിക്കത് സഹിക്കാനാവില്ലാന്ന്…..”
“സോറി മോളേ…. അത് മറന്നേക്ക് ….”
ജയദേവൻ തിരിഞ്ഞു നിന്ന് അവളേ നെഞ്ചോടു ചേർത്ത് നെറുകെയിൽ ചുണ്ടമർത്തി.
ജയദേവൻ കെ എസ് എഫിയിലാണ് ജോലി ചെയ്യുന്നത്. അയാൾ ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ ലേഖ സുഗന്ധി ചേച്ചിയെ പോയി കണ്ടു. തന്റെ മനസ്സിന്റെ ആകുലതയെല്ലാം ലേഖ സുഗന്ധി ചേച്ചിയുടെ മുമ്പിൽ കുടഞ്ഞിട്ടു.
” ഇനിയെന്താ നിന്റെ പ്ലാൻ ….?”
അവളെ ആശ്വസിപ്പിച്ചിട്ട് സുഗന്ധി ചോദിച്ചു.
“എനിക്കറിയില്ല ചേച്ചീ…. ദേവേട്ടൻ അങ്ങനെ മറ്റൊരു പെണ്ണിനോടൊപ്പം ജീവിതമാരംഭിച്ചാൽ ഞാനും മോളും പിന്നെ ജീവിച്ചിരിക്കില്ല. അല്ലാതെ എനിക്കതു താങ്ങാനാവില്ല ചേച്ചീ….”
ലേഖ വിതുമ്പലോടെ പറഞ്ഞവസാനിപ്പിച്ചു.
“ഛെ… ഛെ… എന്തായിത് ലേഖേ …. അതൊരു പരിഹാരമാണോ? അതൊരു ഒളിച്ചോട്ടമല്ലേ… അതാണോ അതിനുള്ള പോംവഴി….?”
” പിന്നെ ഞാനെന്തു ചെയ്യണം ചേച്ചീ….?”
അവൾ ആ കണ്ണീരിനിടയിലും പ്രതീക്ഷയോടെ സുഗന്ധിയെ നോക്കി.
“ഞാനൊന്നു ചോദിക്കുന്നതു കൊണ്ട് നിനക്ക് വിഷമമൊന്നും തോന്നരുത്. ”
“എന്താ ചേച്ചീ…?”
“നിങ്ങളുടെ സ്വകാര്യ ജീവിതത്തിനിടയിൽ ഈ അടുത്ത കാലത്തായി എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ…?”
“എന്തു മാറ്റം…? മോളുണ്ടായി എന്നല്ലാതെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല ചേച്ചീ….”
“അങ്ങനെ ഒറ്റയടിക്ക് നീ പറയേണ്ട…. മോളുണ്ടായതിന് ശേഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ എന്തെങ്കിലും താളപ്പിഴകൾ വന്നിട്ടുണ്ടോ എന്ന് ആലോചിച്ചു നോക്ക്… അതെന്നോടു പറയുകയൊന്നും വേണ്ട…. അങ്ങനെയെന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തി പഴയതു പോലെ ജീവിതം തുടരുക…. ജയദേവൻ നിന്റെ സ്വന്തമായിത്തന്നെ നിന്നിലേക്ക് ചുരുങ്ങും തീർച്ച….
അയാളാഗ്രഹിക്കുന്നത് നിന്നിൽ നിന്നും ലഭിക്കാത്തതു കൊണ്ടായിരിക്കാം അയാളുടെ മനസ്സ് മറ്റൊരു സ്ത്രീയിലേക്ക് ചാഞ്ഞത് …. അങ്ങനെയൊന്ന് ചിന്തിച്ചു നോക്ക് ….”
സുഗന്ധി പറഞ്ഞവസാനിപ്പിച്ചു. അതിനു ശേഷം ലേഖയുടെ ചിന്ത അതേക്കുറിച്ചു തന്നെയായിരുന്നു. ഒരുപാടൊന്നും ചിന്തിക്കേണ്ടി വന്നില്ല അവൾക്കതിനുള്ള ഉത്തരം കണ്ടെത്താൻ.
തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ആ മാറ്റം സംഭവിച്ചിട്ടുണ്ട്…. മോളുണ്ടായതിന് ശേഷമാണത്.
മോളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ വളരെ കുറഞ്ഞു പോയിരുന്നു എന്നത് സത്യമാണ്. സെക്സിൽ അൽപം കൂടുതൽ താത്പര്യമുള്ള ആളാണ് ദേവേട്ടനെന്ന് അറിയാഞ്ഞിട്ടായിരുന്നില്ല.
പലപ്പോഴും മോള് വൈകിയാണുറങ്ങുക. അവളെ ഉറക്കി ചിലപ്പോഴെല്ലാം താനും ഉറങ്ങിപ്പോയിട്ടുണ്ട്. ചില ദിവസങ്ങളിൽ മോളുണർന്ന് കരയുമ്പോൾ സ്വകാര്യ മുഹൂർത്തങ്ങൾ ഇടക്ക് വച്ച് മുറിഞ്ഞു പോകാറുമുണ്ട് …. അതെല്ലാം ചേർത്ത് വായിക്കുമ്പോൾ അതിനുള്ള ഉത്തരമായി….
ആ നിമിഷങ്ങളിലെല്ലാം ദേവേട്ടനത് അതിയായി ആഗ്രഹിക്കാറുണ്ടാവാം… എന്നാൽ അതിന്റെ പേരിലൊരു സ്നേഹക്കുറവോ മുഷിച്ചിലോ ദേവേട്ടൻ പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം താനും അക്കാര്യം കൂടുതൽ ഗൗരവത്തിലെടുക്കാതിരുന്നത്.
ഇക്കാര്യം ദേവേട്ടന് തന്നോടൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വഴി ദേവേട്ടന് സ്വീകരിക്കേണ്ടി വരുമായിരുന്നല്ലല്ലോ….
ദേവേട്ടന്റെ അനുജന്റെ വിവാഹം കഴിഞ്ഞയുടനെ ഒരു വീടു വാങ്ങി മാറിത്താമസിച്ചപ്പോൾ താൻ ചോദിച്ചതാണ്.
” ഇത്ര പെട്ടെന്നൊരു മാറ്റം വേണോ ദേവേട്ടാ….?”
” നമുക്കും ഒരു പ്രൈവസിയൊക്കെ വേണ്ടേ ലേഖാ….”
അന്നതിനു മറുപടിയായി പറഞ്ഞതങ്ങനെയാണ്.
എല്ലാംകൂടി ഓർത്തപ്പോൾ ലേഖയ്ക്ക് കുററബോധവും സങ്കടവും തോന്നി…
ആ ചിന്തകൾ അന്നവളുടെ മനസ്സിൽ നിന്നും പോയതേയില്ല. വീട്ടിലെ ജോലികൾ ചെയ്തു തീർക്കുമ്പോളും മോളുടെ കാര്യങ്ങൾ നോക്കുമ്പോഴുമെല്ലാം ജയദേവനുമൊത്തുള്ള പഴയ ഓർമ്മകൾ അവളിൽ തികട്ടി വന്നു.
ജയദേവൻ ഓഫീസിൽ നിന്നെത്തിയപ്പോൾ അവളുടെ ആ മാറ്റം ശ്രദ്ധിക്കുകയും ചെയ്തു.
“എന്തു പറ്റീ ലേഖാ…നിന്റെ മുഖം വല്ലാതിരിക്കുന്നത്….? രാവിലത്തെ സംഭവം ഇനിയും വിട്ടില്ലേ….?”
“അതൊന്നുമല്ല ദേവേട്ടാ …. ദേവേട്ടന് വെറുതെ തോന്നുന്നതാണ്. ”
ജയദേവൻ അതേക്കുറിച്ച് കൂടുതലൊന്നും ചോദിക്കാതെ കയ്യിലിരുന്ന ടെക്റ്റൈൽസ് കവർ അവളെ ഏൽപ്പിച്ച് ബെഡ്റൂമിലേക്ക് നടന്നു…
” ഇതെന്താ ദേവേട്ടാ….?”
” തുറന്ന് നോക്ക് …..”
അയാൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു. ലേഖ ആകാംക്ഷയോടെ കവർ തുറന്നു നോക്കി. സാരിയാണ്….പിന്നെ മോർക്കുള്ള ഡ്രസ്സുമുണ്ട് … അവൾക്ക് കാര്യമൊന്നും മനസ്സിലായില്ല. ഇന്നിതു കൊണ്ടുവരാനായി പ്രത്യേഗിച്ച് കാരണമൊന്നുമുള്ളതായി അവൾക്ക് തോന്നിയില്ല.
രാവിലത്തെ സംഭവത്തിൽ തന്നെയൊന്നു സന്തോഷിപ്പിക്കാൻ കൊണ്ടുവന്നതാവും അത്രയേ അവളുടെ മനസ്സിലപ്പോൾ തോന്നിയുള്ളൂ.
ജയദേവൻ കുളികഴിഞ്ഞ് വേഷം മാറി വന്നപ്പോഴും ലേഖ ആ ഡ്രസ്സും കയ്യിൽ പിടിച്ചിരിക്കുന്നതാണ് കണ്ടത്.
” ഇതെന്താ ലേഖാ… ഇത്തരം സാധനങ്ങളൊന്നും നീയിതിനു മുമ്പു കണ്ടിട്ടില്ലേ…?”
ആ ചോദ്യമാണ് ലേഖയെ ചിന്തയിൽ നിന്നുണർത്തിയത്…
“അതല്ല ദേവേട്ടാ… ഇപ്പോഴിത് വാങ്ങിയതെന്തിനാണെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. ”
“എന്നിട്ടോ….? വല്ലതും പിടി കിട്ടിയോ…?”
“ഇല്ല…”
” ഒട്ടും …?”
“ഇല്ലെന്നേ…..”
” ഇന്നേതാ ദിവസംന്നറിയോ…?”
” ഇന്നെന്താ പ്രത്യേഗത….?”
” നിനക്ക് പ്രത്യേഗതയൊന്നുമുണ്ടാവില്ലായിരിക്കാം… എനിക്കുണ്ട്… നീയെന്റെ ജീവിതത്തിലേക്ക് ചേക്കേറിയ ദിവസം എനിക്കു മറക്കാനാവില്ലല്ലോ….”
അവൾ സ്വയം തലക്കടിച്ചു കൊണ്ട് എണീറ്റ് ജയദേവനെ കെട്ടിപ്പുണർന്നു. എല്ലാം ഓർമ്മയുണ്ടായിരുന്നതാണ്. മനസ്സിൽ മറ്റു ചിന്തകൾ ഉടലെടുത്തപ്പോൾ എല്ലാം മറന്നു പോയി… അവൾ മനസ്സിൽ വിചാരിച്ചു.
“എന്നോടു ക്ഷമിക്കൂ ദേവേട്ടാ… ഓരോന്ന് ചിന്തിച്ച് എല്ലാം മറന്നു….”
“എന്തു ചിന്തകൾ… നിനക്കെന്താ പറ്റിയത് ലേഖാ….?”
“പറ്റിയതെനിക്കല്ലല്ലോ … നിങ്ങൾക്കല്ലേ… ഓരോന്ന് വരുത്തിവച്ചിട്ടിപ്പോൾ …..”
അവൾ മനസ്സിലങ്ങനെ പറഞ്ഞു.
“എന്താ നീയൊന്നും മിണ്ടാത്തത് …?”
മോളു വന്ന് രണ്ടു പേരുടേയും കാലിൽ പിടിച്ചു കുലുക്കിയപ്പോഴാണ് അവർ സ്ഥലകാലബോധത്തിലേക്ക് മടങ്ങിയെത്തിയത്. അവളെ വാരിയെടുത്ത് രണ്ടു പേരും അവളെ ഉമ്മകൾ കൊണ്ടു മൂടി….
രാതി.
ചെറിയൊരു കേക്കൊക്കെ കട്ട് ചെയ്ത് ആഘോഷങ്ങളില്ലാതെ അവർ ആ ദിവസത്തിന്റെ മാധുര്യം നുകർന്നു.
മോളന്ന് നേരത്തെ ഉറങ്ങി. അവൾ പകൽ സമയത്ത് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. പിടിച്ച പിടിയാലെ കിടത്തി ഉറക്കിയെങ്കിലേ അവളുറങ്ങൂ.. അല്ലെങ്കിൽ അങ്ങനെ കളിച്ചു നടക്കും. ഇന്നതിനു മെനെക്കെട്ടില്ല.
“ദേവേട്ടൻ ഉറങ്ങാണോ…?”
ലേഖ കിടപ്പറയിലെത്തുമ്പോഴേക്കും ജയദേവൻ കിടന്നിരുന്നു. ലൈറ്റണച്ച് അയാൾക്കരികിലേക്ക് ചേർന്ന് കിടന്നുകൊണ്ടവൾ ചോദിച്ചു.
” ഉറങ്ങണം… രാത്രി ഉറങ്ങാനുള്ളതല്ലേ….?”
“അതെ… അന്നത്തെ ഈ ദിവസം അങ്ങനെയല്ലല്ലോ പറഞ്ഞിരുന്നത്….”
അവൾ കുസൃതിയോടെ അയാളുടെ ചെവിയിൽ പിടിച്ചു തിരുമ്മി…
” അതന്നല്ലേ…. കാലം മാറിയില്ലേ… നമ്മളും ….”
“എന്നാൽ അന്നത്തെ ആ ദിവസത്തിലേക്ക് നമുക്കൊന്ന് പോയാലോ….?”
“ആ… എനിക്കൊന്നും വയ്യ ….”
“എനിക്കു പോകണം ….”
അതിനു മറുപടിയായി അയാളൊന്നും പറഞ്ഞുമില്ല. അവൾ പതിയെ അയാളിലേക്ക് പടർന്നു…. ജയദേവന്റെ നിസംഗ ഭാവം അപ്പോഴും തുടർന്നു. എന്നാൽ …. ഓരോ അണുവിലും വികാരത്തിന്റെ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു കൊണ്ടവൾ മുന്നേറുമ്പോൾ ജയദേവന് അധികനേരം ആ ഭാവം തുടരാൻ കഴിഞ്ഞില്ല…..
ഇതുവരെ അഭവിച്ചിട്ടില്ലാത്തൊരനുഭൂതി അവളിൽ നിന്നും ലഭിച്ചപ്പോൾ സത്യത്തിൽ അയാൾ പതറിപ്പോയിരുന്നു. പിന്നെ ഒരു മെയ്യായി നിമിഷങ്ങളോളം അവർ അലിഞ്ഞുചേർന്നു…..
കാറും കോളും പെയ്തിറങ്ങി അവസാനിച്ചു. നിശബ്ദമായ നിമിഷങ്ങളിൽ അവരുടെ നിശ്വാസം മാത്രം ഉച്ചസ്ഥായിയിലായി മുഴങ്ങിക്കേട്ടു …. ജയദേവന് ഒട്ടും വിശ്വസിക്കാനാവാത്ത നിമിഷങ്ങളായിരുന്നു ലേഖ സമ്മാനിച്ചത്.
” നിനക്ക് എന്തുപറ്റി ലേഖാ….?”
ആ ആശ്ചര്യം അയാളിൽ ചോദ്യമായി പുറത്തേക്ക് വന്നപ്പോൾ അവൾ പൊട്ടിക്കരയുകയാണ് ചെയ്തത്. കാര്യമറിയാതെ ജയദേവൻ അന്ധാളിച്ചു പോയി…!
“എന്താ ലേഖാ… നീയെന്തിനാണു കരയുന്നത്…?”
” ഇതിനു വേണ്ടിയല്ലേ നിങ്ങൾ മറ്റു സ്ത്രീകളെ തേടി പോകുന്നത്….?”
അവൾക്ക് വിതുമ്പലടക്കാൻ കഴിഞ്ഞില്ല. ജയദേവന് കാര്യം മനസ്സിലായെങ്കിലും അയാൾ അജ്ഞത നടിച്ചു.
” നീയെന്താണു ലേഖേ ഈ പറയുന്നത് ..? ഞാനാരെത്തേടിപ്പോയെന്നാ…?”
“എനിക്കെല്ലാമറിയാം…. ഇനിയൊന്നും ഒളിച്ചു വയ്ക്കാൻ ശ്രമിക്കേണ്ട….പക്ഷേ, ഞാനും മോളും ദേവേട്ടനൊരു ശല്ല്യമാവില്ല… ദേവേട്ടന്റെ ഇഷ്ടംപോലെ ജീവിച്ചോളൂ …..”
അവൾ പുതപ്പുകൊണ്ട് മുഖപ്പൊത്തി വിങ്ങിപ്പൊട്ടി. ജയദേവനിൽ അതു കേട്ട് ചിരിയാണുണ്ടായത്. അതോടെ ലേഖ കോപത്തോടെ അയാളിൽ നിന്നകന്ന് തിരിഞ്ഞു കിടന്നു. എന്നാൽ ജയദേവൻ അവൾക്കരികിലേക്ക് ചേർന്ന് കിടന്ന് അവളെ പുണർന്നു….
“വിടെന്നെ…”
“ഞാനൊന്നു പറയട്ടെ…. നീയെന്നെ തെറ്റിദ്ധരിച്ചതാണ് ….”
” ഒരു തെറ്റിദ്ധാരണയുമില്ല…. ഇനിയെന്നോടു കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട….”
“ശരീ… ഞാൻ പറയുന്നതൊന്ന് കേട്ടിട്ട് നീ തീരുമാനിച്ചോ കള്ളമാണോ സത്യമാണോ എന്ന് ….”
അവൾ മൗനയായി.
“പറയട്ടെ….”
അതിനും അവളിൽ നിന്ന് പ്രതികരണമൊന്നുമില്ല. ജയദേവൻ ബലം പ്രയോഗിച്ച് അവളെ തനിക്കഭിമുഖമായി കിടത്തി. എന്നിട്ടവളുടെ ചെവിലെന്നോണം പറഞ്ഞു:
“ഞാൻ നിന്നോടു രാവിലെ പറഞ്ഞത് കള്ളമാണ്. ”
ലേഖ ശ്വാസമടക്കിപ്പിടിച്ച് അതു കേട്ടു ….
“എന്നോടൊപ്പമുണ്ടായിരുന്നത് ആരാണെന്നൊക്കെ നിനക്കറിയാലോ… എന്നാൽ ആ സ്ത്രീയുമായി അരുതാത്ത ഒരു ബന്ധവും ഉണ്ടായിട്ടില്ല. ഇത് ഞാൻ പ്ലാൻ ചെയ്ത ഒരു നാടകമായിരുന്നു….നിന്നെ പഴയ ലേഖയാക്കാൻ …. സുഗന്ധി ചേച്ചി അവിടെ നിൽക്കുന്നത് കണ്ടിട്ടു തന്നെയാണ് ഞാനവളെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. അവർ കണ്ടാൽ ഡയറക്ട് നിന്റെ അടുത്തെത്തുമെന്ന് എനിക്കറിയാമായിരുന്നു. നിന്നെ തെറ്റായ വഴിക്ക് അവർ വഴി തിരിച്ചു വിടില്ലെന്നൊരു വിശ്വാസവും എനിക്കുണ്ടായിരുന്നെന്നു കൂട്ടിക്കോ….എന്തായാലും കാര്യങ്ങൾ നീ വേണ്ട വിധം മനസ്സിലാക്കിക്കളഞ്ഞല്ലോ …. ആശ്വാസം….! ”
“കള്ളക്കുറുക്കാ… ഇതെന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ തീരുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ….”
അവൾ പറയുന്നതോടൊപ്പം അയാളുടെ കൈത്തണ്ടയിൽ അമർത്തി കടിച്ചു…
“ആഹ്…. നിനോട് പറഞ്ഞാൽ അതെന്റെ സ്വാർത്ഥതയായേ നീ കാണൂ …. നീ സ്വയം മനസ്സിലാക്കുമ്പോഴല്ലേ ഒരു ത്രില്ലുള്ളൂ….”
ഇത്തവണ അവൾ അയാളുടെ കവിളിലാണ് കടിച്ചത്.
“ആഹ്…നിനക്കെന്താ പെണ്ണേ വട്ടു പിടിച്ചോ…?”
” വട്ടു പിടിച്ചേനെ ആ ചേച്ചിയില്ലായിരുന്നെങ്കിൽ….”
“ആ ചേച്ചിക്ക് നമുക്ക് നല്ലൊരു ഗിഫ്റ്റ് കൊടുക്കാം… അവരെ അസൂയപ്പെടുത്തി നമ്മൾ ജീവിച്ചു കൊണ്ട്….എന്താ…”
“പോ അവിടന്ന് …. എന്നെ തീ തീറ്റിച്ചിട്ട് ….”
“എങ്കിൽ ആ തീയണയ്ക്കാൻ നമുക്ക് പഴയ കാലത്തിലേക്ക് ഒന്നൂടി പോയാലോ….?”
“അയ്യ…. എനിക്കൊന്നും വയ്യ …..”
“വേണ്ടെങ്കിൽ വേണ്ട… ഞാനിനിയും….”
അയാളത് പൂർത്തിയാക്കും മുമ്പേ “കൊന്നു കളയും കെളവാ ….” എന്ന ഭീഷണിയോടെ തന്റെ അധരത്താൽ അയാളുടെ അധരം മൂടപ്പെട്ടിരുന്നു അവൾ……
ശുഭം.
രചന : – സുരേന്ദ്രൻ കരുളായി.