നിന്റെ ഈ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് നിനക്ക് എന്നോടുള്ള പ്രണയം…

Uncategorized

രചന: Nisha L

“സോറി കുട്ടി.. എനിക്ക് താല്പര്യമില്ലന്ന് പലവട്ടം പറഞ്ഞതല്ലേ. എന്റെ പിറകെ ഇനി വരരുത്.”…

” ഞാൻ വരും, ഇനിയും വരും, തന്നെ കൊണ്ട് ഞാൻ ഈ കഴുത്തിൽ താലിയും കെട്ടിക്കും, എന്റെ അഞ്ചാറ് പിള്ളേരുടെ അച്ഛനും ആക്കും നോക്കിക്കോ,…. കേട്ടോടൊ ബാങ്ക് മാനേജരെ…” പറഞ്ഞിട്ട് അപർണ തിരിച്ചു നടന്നു.

ഓഹോ അപ്പോൾ താൻ ബാങ്ക് മാനേജർ ആണെന്ന് അറിഞ്ഞിട്ടുള്ള വരവാണ്.. സാരമില്ല എന്നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുമ്പോൾ വിട്ടു പൊയ്ക്കൊള്ളും.

പിറ്റേന്നും അതേ സ്ഥലത്തു വച്ച് മഹേഷിന്റെ മുന്നിൽ അപർണ എത്തി. “ഹലോ.. എന്തായി തീരുമാനം? “….

“ശല്യപ്പെടുത്താതെ ഒന്ന് പോ കുട്ടി. ഞാൻ നിനക്ക് എന്ത് ദ്രോഹമാ ചെയ്തത് ഇങ്ങനെ എന്റെ പിറകെ കൂടാൻ. “…

“അതോ…. ! കണ്ട മാത്രയിൽ നിങ്ങൾ എന്റെ ഹൃദയം കവർന്നെടുത്തില്ലേ.. അതിങ്ങു തന്നേക്ക്.”.. അവൾ ഒരു കുസൃതി ചിരി ചിരിച്ചു.

“ആ പിന്നെ എന്റെ പേര് അപർണ. ഇഷ്ടം ഉള്ളവർ എന്നെ “അപ്പു “ന്ന് വിളിക്കും. നിങ്ങളും അങ്ങനെ വിളിച്ചാൽ മതി. എന്റെ വീട്ടിൽ പപ്പയും അമ്മയും ചേട്ടനും ഉണ്ട്. നിങ്ങൾ കല്യാണം കഴിക്കുകയാണെങ്കിൽ അത് എന്നെ മാത്രമായിരിക്കും കേട്ടോ.., ഡോ ബാങ്ക് മാനേജരെ.”…

അതും പറഞ്ഞു അവൾ റോഡ് ക്രോസ്സ് ചെയ്തു പോയി.

🌹🌹🌹

ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ട് രാധമ്മ പോയി വാതിൽ തുറന്നു.

” ഇതല്ലേ ബാങ്ക് മാനേജർ മഹേഷിന്റെ വീട്?.. . “അതേ ” “ആളിവിടെ ഉണ്ടോ.” “ഉണ്ട്.. ഞാൻ വിളിക്കാം ”

മഹേഷ്‌ ഇറങ്ങി വന്നു മുന്നിൽ നിൽക്കുന്ന അപരിചിതരെ നോക്കി “ആരാ? എന്ത് വേണം.? ”

“എന്റെ പേര് ജയദേവൻ, ഇത് എന്റെ മകൻ അഖിൽ. ”

“ഇരിക്കൂ ”

“എനിക്ക് ഒരു മകൾ കൂടിയുണ്ട് അപർണ”

“അപർണ? ”

“അതെ”!

“അവൾ എല്ലാം ഞങ്ങളോട് പറഞ്ഞു. കുറച്ചു വാശിയും ബഹളവും ഉണ്ടെന്നേയുള്ളൂ, ആള് പാവമാ. ഞങ്ങൾ ഒരു സാധാരണ കുടുംബമാണ്. ആദ്യമായിട്ടാ അവൾ ഒരു ചെക്കനെ ഇഷ്ടമാണെന്ന് പറയുന്നത്. അവളുടെ ഇഷ്ടമാണ് ഞങ്ങൾക്ക് വലുത്. അതു കൊണ്ടാ ഞങ്ങൾ ഇവിടെ ഇപ്പൊ വന്നത് തന്നെ…” “സോറി സർ… ആ കുട്ടി ഒന്നും അറിയാതെ എന്റെ പിറകെ വരുന്നതാ. ഞാൻ ഒരു… ”

“വേണ്ട മോനെ.. ഒന്നും പറയണ്ട.. എല്ലാം അറിഞ്ഞിട്ട് തന്നെയാ. മോൻ ഒരു അനാഥൻ ആണെന്നും സ്നേഹാലയത്തിലാണ് വളർന്നതെന്നും ഒക്കെ അറിയാം. അവിടെ കുഞ്ഞിലേ മുതൽ മോനെ നോക്കിയ അമ്മയെ, സ്വന്തം അമ്മയായി കൂട്ടികൊണ്ട് വന്ന് ഇവിടെ താമസിക്കുകയാണെന്നും അറിയാം. “..!!

മഹി അവരെ അത്ഭുതത്തോടെ നോക്കി. !!

“ഞാൻ ആലോചിച്ചു പറയാം സർ. എല്ലാ കാര്യങ്ങളും ഞാൻ അമ്മമാരോട് കൂടി ആലോചിച്ചേ ചെയ്യൂ,, അവരോടു കൂടി ചോദിച്ചിട്ട് ഞാൻ പറയാം”…

“മ്മ്… ഇനി വരുമ്പോൾ സർ മാറ്റി പപ്പാ എന്ന് വിളിക്കണം കേട്ടോ…”

പോകാൻ നേരം അഖിൽ മഹിയോട് പറഞ്ഞു

“അളിയാ അങ്ങ് സമ്മതിക്കുന്നതാ നല്ലത്.. ഇല്ലേൽ നിന്നെ അവള് പിറകെ നടന്നു വട്ട് പിടിപ്പിക്കും”… മഹി മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.

🌹🌹🌹🌹

“മാഷേ ഒന്ന് നിന്നേ.. ”

മഹി തിരിഞ്ഞു നോക്കി.. ” ഇന്നലെ ഞാൻ വീട്ടിൽ നിന്ന് രണ്ടു പേരെ അങ്ങോട്ട്‌ അയച്ചിരുന്നു. മറുപടി ഒന്നും കിട്ടിയില്ല.”…

മഹി അവളെ കുറച്ചു നേരം നോക്കി നിന്നു.

“എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. “..

“അതിനെന്താ സംസാരിക്കലോ… ”

🌹🌹

നിറയെ മരങ്ങൾ തണൽ വിരിച്ച വിശാലമായ പാർക്കിലെ ഒരു ഒഴിഞ്ഞ ബെഞ്ചിൽ അവർ ഇരുന്നു. .

“താൻ എന്ത് കണ്ടിട്ടാ എന്റെ പിറകെ നടക്കുന്നത്?… ”

“ഈ ഗ്ലാമർ കണ്ടിട്ട്”… അവൾ കുസൃതിയോടെ പറഞ്ഞു.

അവന്റെ മുഖം ഒന്ന് മങ്ങി.

“ഞാൻ തനിക്കു ചേരില്ല.. ഒന്ന് കൂടി ആലോചിച്ചു നോക്ക് കുട്ടി”…..

” അത് ഞാനല്ലേ തീരുമാനിക്കേണ്ടത്…. ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു ഇവൻ നിനക്ക് വേണ്ടി മാത്രം ജനിച്ചവൻ ആണെന്ന്.. ”

അവൻ വീണ്ടും അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു..

“എനിക്ക് മാഷേ അല്ലാതെ വേറെ ആരെയും വേണ്ട.. ”

“ഒരുപാട് സ്വപ്‌നങ്ങളും മോഹങ്ങളും തന്നിട്ട് എന്നെ പകുതിയിൽ ഉപേക്ഷിച്ചു പോകുമോ?.. .,,, എടുത്ത തീരുമാനം തെറ്റിപോയി എന്ന് തോന്നിയാലോ പിന്നീട് എപ്പോഴെങ്കിലും.?…

“എന്റെ കണ്ണുകളിലേക്ക് നോക്കു… അവിടെ സ്നേഹവും ആത്മാർത്ഥതയും കാണാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ഇനി ഒരിക്കലും പിറകെ വരില്ല.. ”

അവൾ കണ്ണുകൾ നിറച്ചു അവനേ നോക്കി.

കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു…..!!!

മഹി മുഖം ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. “ഞാൻ തീരുമാനിച്ചു,,…

എന്റെ അപ്പുന്റെ അഞ്ചാറ് കുട്ടികളുടെ അച്ഛൻ ആകാൻ.. “!!!

അവൾ വിശ്വാസം വരാതെ നിറകണ്ണോടെ അവനെ സൂക്ഷിച്ചു നോക്കി..

“നിന്റെ ഈ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് നിനക്ക് എന്നോടുള്ള പ്രണയം.. ഇനിയും അത് കൈവിട്ടു കളയാൻ ഞാൻ ഒരുക്കമല്ല. എനിക്ക് വേണം എന്റെ അപ്പൂനെ ഈ ജന്മവും ഇനിയുള്ള ജന്മങ്ങളിലും..”

മഹി അവളെ ചേർത്തു പിടിച്ചു… ഒരിക്കലും പിരിയില്ല എന്ന ഉറപ്പോടെ… ❤️

N B : പ്രണയകഥകൾ എഴുതാൻ അറിയില്ല.. ഒരു ശ്രമം നടത്തി നോക്കിയതാ 🙄.ഇങ്ങനെയുള്ള അച്ഛനും ആങ്ങളയും ഉണ്ടാകുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.. 😜

രചന: Nisha L

Leave a Reply

Your email address will not be published. Required fields are marked *