Categories
Uncategorized

നിക്ക് ഇപ്പൊ തന്നെ വന്നു കല്യാണം ആലോചിക്കാൻ സമ്മതമാണ് ഉമ. ഞാൻ അമ്മയോട് എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്. അവർക്കൊന്നും എതിർപ്പില്ല “അവൻ പറഞ്ഞു

രചന : – Ammu Santhosh

“ഇനിയെത്ര കാലം കാത്തിരിക്കണം?അതെങ്കിലും കൃത്യമായി പറയാനാവുമോ നിനക്ക്?”ഉമ രൂക്ഷമായി ചോദിച്ചു

മഹി എന്ത് പറയണമെന്നറിയാതെ കുറച്ചു നേരം നിന്നു.

“എനിക്ക് ഇപ്പൊ തന്നെ വന്നു കല്യാണം ആലോചിക്കാൻ സമ്മതമാണ് ഉമ. ഞാൻ അമ്മയോട് എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്. അവർക്കൊന്നും എതിർപ്പില്ല “അവൻ പറഞ്ഞു

“അതുണ്ടാകില്ലല്ലോ. ഒരു ഗവണ്മെന്റ് ജോലിക്കാരി മരുമോളെ കിട്ടുവല്ലേ? എഞ്ചിനീയറിംഗ് ഡിഗ്രി ഉണ്ടെങ്കിലും നിന്റെ പ്രൈവറ്റ് ജോലിയൊരു പ്രോബ്ലം ആണ് മഹി.. ഒരു റിസോർട്ടിലെ താത്കാലിക ജോലി കൊണ്ട് എന്താവാൻ എന്ന് അച്ഛൻ ചോദിച്ചു.നീ എങ്ങനെ എങ്കിലും psc എഴുതി എടുക്ക്. അല്ലെങ്കിൽ ഗൾഫിൽ പോ.. ചുരുങ്ങിയത് അങ്ങനെ ഒന്നില്ലാതെ എന്റെ വീട്ടിൽ സമ്മതിക്കില്ല.. വീട്ടുകാരെ ധിക്കരിച്ചു ഞാനും വരില്ല ”

“ഞാൻ എഴുതാഞ്ഞിട്ടാണോ ഉമേ കിട്ടണ്ടേ? നീ കാണുന്നതല്ലേ എല്ലാം? പിന്നെ നീ എന്റെ വീട്ടുകാരെ അങ്ങനെ അങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്തു കളഞ്ഞേക്കരുത്.സ്കൂൾ കാലം മുതൽ നിനക്കറിയാമവരെ. നിനക്ക് ജോലി കിട്ടിയത് കഴിഞ്ഞ മാസമല്ലേ? അമ്മ അതിന് മുന്നേ നിന്നേ സ്നേഹിച്ചു തുടങ്ങിയതല്ലേ?”അവന്റെ മുഖം ചുവന്നു

“ടാ സോറി എനിക്ക് പെട്ടെന്ന് ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാ. നീ എന്തെങ്കിലും ചെയ്യ്.. വീട്ടിൽ നല്ല പ്രഷർ ഉണ്ട് അതാ ”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളെ അവന് മനസിലാകുന്നുണ്ടായിരുന്നു. ഇരുപത്തി അഞ്ചു വയസായി രണ്ടു പേർക്കും. അവളെ ഇനി വീട്ടുകാർ ഇങ്ങനെ നിർത്തുകയില്ലാന്നുമവനറിയാം.

“ഞാൻ എന്താ ചെയ്യണ്ടേ?”

“നിനക്ക് ശരി എന്ന് തോന്നുന്നത് ”

അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. ഇനി കാത്തിരിക്കാൻ പറയുന്നത് ക്രൂരതയാണ്. നല്ല ഒരു ജീവിതം കിട്ടുന്നെങ്കിൽ ആവട്ടെ..

“നീ എന്ത് ദുഷ്ടനാടാ.”അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി

“നിവൃത്തികേട്.. ഗതികേട്..ഞാൻ PSC ടെസ്റ്റ്‌ എഴുതി കൊണ്ടിരിക്കുകയാണ് ഇപ്പോഴും.. പക്ഷെ ഗൾഫിൽ പോകില്ല. അത് എനിക്ക് ഇഷ്ടമല്ല.. എനിക്ക് ജോലി കിട്ടുമോ എന്ന് എനിക്കുറപ്പല്ല. പക്ഷെ എന്തെങ്കിലും ജോലി എടുത്തു നിന്നേ ഞാൻ നോക്കും ”

“എന്നെ നീ നോക്കണ്ട. എനിക്ക് ജോലിയുണ്ട്. പക്ഷെ എന്റെ വീട്ടിൽ സമ്മതിക്കില്ല..’

“ശരി പറഞ്ഞത് തന്നെ റിപീറ്റ് ചെയ്യണ്ട.. ഏത് ജോലിക്കും അന്തസ്സുണ്ട്. കൂലിപ്പണിക്കാരന്റെ ഭാര്യയും ജീവിക്കുന്നത് ഒരു ജീവിതം തന്നെ ആണ്..”

“അങ്ങനെ ചിന്തിക്കാൻ എനിക്ക് പറ്റുകേല. ഇത് സിനിമയും സീരിയലും ഒന്നുമല്ല എന്റെ ജീവിതം ആണ്..പിന്നെ നിന്റെ ശമ്പളം പകുതി ഇപ്പോഴും അനിയനെ പഠിപ്പിക്കാൻ ഉപയോഗിക്കുവല്ലേ? ബാക്കിയെന്തുണ്ടാകും? എനിക്ക് മടുത്തു.ഈ റിലേഷൻ ദേ ഇവിടെ തീരുകയാ.. എന്നെ ഇനി വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യരുത്..”

“അതിന് നീ എന്റെ നമ്പർ ബ്ലോക്ക് ചെയ്തു കളഞ്ഞാൽ പോരെ ”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചു പോയി

അവളോടങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവൾ തന്റെ നമ്പർ ബ്ലോക്ക് ചെയ്തു കളയുമെന്ന് അവൻ ഓർത്തില്ല. ആദ്യമൊക്കെ കഠിനമായ ഒരു വേദന വന്നെങ്കിലും പിന്നെ പിന്നെ അവൻ അത് മറക്കാൻ ശ്രമിച്ചു.ദിവസങ്ങൾ കഴിഞ്ഞു പോയി.

“മഹേഷേ.. റൂം നമ്പർ ട്വന്റിയിലേക്ക് ഫുഡ് വേണം ഒന്ന് ചെല്ലണെ ”

റിസെപ്ഷനിലെ ടീന പറഞ്ഞപ്പോൾ മഹേഷ്‌ അങ്ങോട്ടേയ്ക്ക് നടന്നു

റിസോർട്ടിൽ ഭക്ഷണം ഉണ്ടെങ്കിലും ചിലർ പുറത്ത് നിന്നു ഭക്ഷണം വാങ്ങിപ്പിച്ചു കഴിക്കാറുണ്ട്.

ഒരു മധ്യവയസ്കനും കുടുംബവും ആയിരുന്നു അത്.

“കുറച്ചു കഞ്ഞി കിട്ടുമോ?”

അയാൾ അവനോട് ചോദിച്ചു.. അവനൊരു ചിരി വന്നു. പക്ഷെ കൂടെയുള്ള മകളുടെയും അമ്മയുടെയും നോട്ടങ്ങൾ കണ്ടപ്പോൾ അവൻ അത് ഒതുക്കി.

“ഇവിടെ കഞ്ഞി കിട്ടില്ല സാർ..പക്ഷെ പുറത്ത് ഏതെങ്കിലും ഹോട്ടലിൽ കിട്ടുമോന്നു നോക്കാം ”

“മതി കൂടെ ചുട്ടരച്ച ചമ്മന്തിയും പയർ തോരനും കണ്ണിമാങ്ങാ അച്ചാറും “അത് മകൾ ആണ് പറഞ്ഞത്.

അവന്റെ കണ്ണ് മിഴിഞ്ഞു

“ഇതൊക്കെ കിട്ടുമോന്ന് അറിയില്ല സാർ.ഞാൻ ട്രൈ ചെയ്യാം.. സാറിന് മാത്രം മതിയോ അതോ എല്ലാർക്കും?”

“എനിക്കല്ല എന്റെ മകൾക്കാണ്.. ഞങ്ങൾ കാനഡയിലാണ്.. ഒരു കല്യാണത്തിന് വന്നതാ.. ഇവൾക്ക് കഞ്ഞി വലിയ ഇഷ്ടമാണ്.. . സാധാരണ നാട്ടിൽ വരുമ്പോൾ അമ്മ ഇതൊക്കെ ഉണ്ടാക്കി തരും.ഇപ്പൊ അമ്മയില്ല.വേറെ ആരോടും പറയാനും തോന്നിയില്ല.. ചില ഹോട്ടലിൽ കഞ്ഞി ഉണ്ടെന്ന് എവിടെയോ വായിച്ചു. ഒന്ന് അന്വേഷിക്കാമോ?”അയാൾ ചോദിച്ചു.

ദൈവമേ കാനഡയിൽ ജീവിക്കുന്ന കഞ്ഞി കഴിക്കുന്ന കുട്ടി

അവന് വീണ്ടും ചിരി വന്നു. അവൻ റിസപ്ഷനിലേക്ക് പോരുന്നു.

“ടീനായെ അവര് കഞ്ഞി പാർട്ടിയാണല്ലോ കൊച്ചേ ”

എന്നിട്ട് മഹേഷ്‌ കാര്യം പറഞ്ഞു ടീന ചിരിയോട് ചിരി

“അയ്യോ അത് പറഞ്ഞപ്പോഴാ കഴിഞ്ഞ ആഴ്ചയിൽ പെണ്ണ് കാണാൻ വന്നിട്ട് എന്തായി? ദുബായ് ക്കാരന്റെ ആലോചന?”അവൻ ടീനയോട് ചോദിച്ചു

“ഓ അതൊന്നും നടക്കുകേലന്നെ.. അവർ ചോദിക്കുന്നതൊന്നും കൊടുക്കാൻ പപ്പയുടെ കയ്യിൽ ഇല്ല.. അതുമല്ല എനിക്ക് പപ്പയേം അമ്മയേം അനിയത്തിയെം ഒക്കെ വിട്ടു പോകാൻ മേലെന്നെ..അനിയത്തി മെഡിസിന് പഠിക്കുവാ.. ഫീസ് ഒക്കെ പപ്പയെ കൊണ്ട് ഒറ്റയ്ക്ക് കൂടിയാൽ കൂടുകേല. അമ്മയ്ക്കും പപ്പയ്ക്കും വയ്യ..എന്നാത്തിനാ വെറുതെ അന്യനാട്ടിൽ പോയി കിടക്കുന്നെ?അതുമല്ല അവരെക്കൂടി നോക്കുന്ന ഒരാൾ മതിയെനിക്ക്. .”അവൾ പറഞ്ഞു

അവൻ പുഞ്ചിരിച്ചു

ടീന ഏകദേശം തന്റെ തന്നെ പെൺരൂപമാണ് എന്നവന് തോന്നാറുണ്ട്.. ഏകദേശം ഒരെ സ്വഭാവമാണ് തങ്ങളുടെ.

വീട്ടിൽ വന്ന് അമ്മയെ കൊണ്ട് നല്ല ചൂട് കഞ്ഞിയും പയർ തോരനും അവർ പറഞ്ഞ ചുട്ടരച്ച ചമ്മന്തി ഒക്കെയും ഉണ്ടാക്കി കൊടുത്തപ്പോൾ അവർക്ക് സന്തോഷമായി. വീട്ടിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി. അഞ്ജലി അതാണ് ആ കഞ്ഞിക്കൊച്ചിന്റെ പേര്.. കല്യാണം കൂടാനാണ് വന്നെങ്കിലും കുറച്ചു ദിവസം ഒക്കെ നാട് കണ്ടു നിന്നിട്ടെ പോവുള്ളു എന്ന് അവർ അവനോട് പറഞ്ഞു.എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് അവൻ ഈ ജോലി ചെയ്യുന്നത് ആദ്യമൊക്കെ അവർക്ക് അവിശ്വസനീയമായിരുന്നു.പ്രത്യേകിച്ച് കേരളത്തിൽ. അവർ അവനെ അഭിനന്ദിച്ചു

“ഉമ പിന്നെ വിളിച്ചോ?”ഒരു ദിവസം ടീന ചോദിച്ചു

“ഹേയ്.. ”

“പോയവരൊക്കെ പോട്ടെന്ന്.. നമുക്ക് വിധിച്ചത് ദൈവം നമ്മുടെ മുന്നിൽ കൊണ്ട് തരും. മഹിക്ക് ചിലപ്പോൾ കഞ്ഞിയുടെ രൂപത്തിൽ ആവും ”

ടീന പൊട്ടിച്ചിരിച്ചു

“പോടീ.. അയ്യോ സോറി ടീന ” പെട്ടെന്ന് അവൻ തിരുത്തി

“എന്തിന് സോറി? എനിക്ക് ഇഷ്ടമാ എടി പോടീ എന്നൊക്കെ വിളിക്കുന്നെ.നല്ല അടുപ്പം ഉള്ളവരാ അങ്ങനെയൊക്കെ വിളിക്കുക. ”

അവൻ മനോഹരമായ ഒരു ചിരി പാസ്സാക്കി. പിന്നെ കുസൃതിയോടെ അവളെ ഒന്ന് നോക്കി

“എനിക്ക് നിന്നോട് അടുപ്പമുണ്ട് എന്ന് സമ്മതിച്ചല്ലോ ഭാഗ്യം ”

അവൾ കയ്യിൽ ഇരുന്ന പേന എടുത്തു അവനെ ഒറ്റ ഏറ് കൊടുത്തു

“പോ പോയി രക്ഷപെടാൻ നോക്ക്.. ആ കഞ്ഞിക്കൊച്ചിനെ കെട്ടി കാനഡയിൽ പോകാൻ നോക്ക്.. നീയും കുടുംബവും രക്ഷപെട്ടു പിന്നെ ”

അവൻ ചിരിച്ചതേയുള്ളു

സംഭവം ടീന പറഞ്ഞതിലും കുറച്ചു കാര്യമുണ്ടായിരുന്നു കഞ്ഞിക്കൊച്ചിന് തന്നോട് എന്തൊ ഒരിത് ഉണ്ടെന്ന് അവന് തോന്നി തുടങ്ങി.. നോട്ടം, ചിരി പുറത്ത് പോകാൻ കൂടെ വരാനുള്ള ഉത്സാഹം. എന്തിന് അവന്റെ വീട്ടിൽ വരെ കക്ഷി വന്നു കളഞ്ഞു

പോകാറായപ്പോൾ അവർ അവനോട് ഒരു വിസ റെഡിയാക്കി വെച്ചോളാൻ പറഞ്ഞു..

പക്ഷെ സ്നേഹപൂർവ്വം അവനാ ഓഫർ നിരസിച്ചു ഇവിടെ വിട്ടു ഒരിടത്തും വരില്ല എന്ന് തീർത്തു പറഞ്ഞു

കഞ്ഞിക്കൊച്ചിന്റെ മുഖത്തെ സങ്കടം അവൻ കണ്ടില്ലന്നു നടിച്ചു. അതൊക്കെ മാറിക്കൊള്ളും എന്നവന് ഉറപ്പായിരുന്നു. പത്തു കൊല്ലം പ്രേമിച്ചു നൈസ് ആയിട്ട് ഉപേക്ഷിച്ചു പോയ പെണ്ണിനെ ഓർക്കുമ്പോൾ തനിക്ക് ഇപ്പൊ സങ്കടം തോന്നുന്നില്ല. പിന്നെയല്ലെ തന്നെ ഒരു മാസം കണ്ട ഈ കൊച്ചിന് ?

അവർ പോയി

എന്ന് കാനഡയ്ക്ക് ചെല്ലാൻ ആഗ്രഹം തോന്നുന്നുവോ അന്ന് ചെല്ലാൻ മടിക്കേണ്ട എന്ന് പറഞ്ഞാണവർ പോയത്.

‘”അതേ ടീന കൊച്ചേ,ഈ ജാതിയും മതവുമൊന്നും പ്രശ്നമല്ലെങ്കിൽ നിനക്ക് എന്നെ കെട്ടിക്കൂടെ? “ഒരു ദിവസം അവൻ ടീനയോട് ചോദിച്ചു

“ങ്ങേ?”ടീനയുടെ കണ്ണ് മിഴിഞ്ഞു

“അല്ലെടി ദൈവം കഞ്ഞിയുടെ രൂപത്തിലല്ല ചിലപ്പോൾ കുരിശിന്റ രൂപത്തിലാണ് വരുന്നതെങ്കിലോ?”

അവളുടെ മാലയിൽ കിടന്ന കുരിശിന്റ ലോക്കറ്റ് തൊട്ട് അവൻ ചോദിച്ചു

“ദേ കളിക്കല്ലേ ”

“കളിയല്ല നീ വീട്ടിൽ പോയി ചോദിക്ക്.. സമ്മതമാണെങ്കിൽ ഞാൻ എന്റെ വീട്ടുകാരെ കൂട്ടി വരാം.. ഇപ്പൊ ഈ ജോലിയാണെങ്കിലും ഞാൻ ഒരു എഞ്ചിനീയർ അല്ലേടി.. എനിക്ക് കുറച്ചു കൂടി നല്ല ഒരു ജോലി കിട്ടും ”

“ഈ ജോലിക്കെന്താ കുഴപ്പം?ഈ ജോലി മതി.. നമ്മൾ രണ്ടുപേരും ഇവിടെ ഒന്നിച്ചല്ലേ?എന്നും ഇവിടെ ഒപ്പം കാണുല്ലോ? ഏത് ജോലിയാണെങ്കിലും അത് ചെയ്യാനുള്ള മനസ്സല്ലേ വലുത്?” അവൾ നാണത്തിൽ ഒന്ന് ചിരിച്ചു

അങ്ങനെ അതങ്ങുറച്ചു.

കല്യാണത്തിന്റെ രണ്ടു ദിവസം മുൻപൊരു വൈകുന്നേരം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു

“നിന്റെ കല്യാണമാണോ?”

ഉമയുടെ ശബ്ദം

“അതേ വരുന്ന ഇരുപത്തി മൂന്നിന് “അവൻ പറഞ്ഞു

“നീ ഇത്രയും പെട്ടെന്ന് എല്ലാം മറന്നല്ലേ?”

“മറന്നു… എന്തെ?വെച്ചിട്ട് പോടീ.. അവളുടെ സെന്റിമെന്റ്സ്.. നിന്നേ പോലുള്ള പെണ്ണുങ്ങൾക്കൊരു വിചാരം ഉണ്ട്.എന്താണെങ്കിലും എത്ര ആക്ഷേപിച്ചാലും ഇവന്മാർ പട്ടിയെ പുറകെ വന്നോളും ന്നു.. നമ്പറും ബ്ലോക്ക് ചെയ്തു ടാറ്റാ പറഞ്ഞു പോകുമ്പോൾ ഓർത്തില്ലാരുന്നോ വേറേം പെണ്ണുങ്ങൾ ഭൂമിയിലുണ്ടെന്ന്?.നല്ല പോലെ ചോറുണ്ടിട്ട് മോളു കിടന്നുറങ്ങിക്കോ.. പിന്നെ മേലിൽ എന്നെ വിളിച്ചേക്കരുത്.. ഞാൻ ബ്ലോക്ക് ചെയ്യുവാണേ ”

അവനാ നമ്പർ ബ്ലോക്ക് ചെയ്തു. അല്ല പിന്നെ.തന്റെ അഭിമാനത്തിന്റ നിറുകയിൽ അടിച്ചിട്ട്, തന്റെ സ്നേഹത്തെയും മനസ്സിനെയും ചവിട്ടിയരച്ചിട്ട് പിന്നേം വിളിച്ചു തുടങ്ങിയിരിക്കുവാ മനസമാധാനം കളയാൻ..

ഉപേക്ഷിച്ചു പോയവരൊക്കെ ആ വഴിക്കങ്ങു പൊയ്ക്കോണം..

എങ്ങാനും വന്നാ പടിക്കകത്തു കയറ്റിയേക്കരുത്

ശരിയാവുകേല സത്യം

രചന : – Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *