Categories
Uncategorized

നാൽപ്പത്തിരണ്ടു വയസ്സിൽ ഒരു പുരുഷൻ വാർദ്ധക്യത്തേ അഭിമുഖീകരിക്കുമോ….? അതും സർക്കാർ ഉദ്യോഗസ്ഥനായ ഒരോഫീസ് ക്ലർക്ക്. അന്തിക്ക്, ജോലിയും കഴിഞ്ഞെത്തി തിടുക്കത്തിലൊരു കുളിയും കഴിഞ്ഞ് കവലയിലേക്കിറങ്ങാനൊരുങ്ങുന്ന ഭർത്താവിനെ കണ്ടപ്പോൾ ശ്രീദേവിക്ക് മനസ്സിൽ തോന്നിയതീ ചോദ്യമാണ്.

രചന : -രഘു കുന്നുമക്കര പുതുക്കാട്

നാൽപ്പത്തിരണ്ടു വയസ്സിൽ ഒരു പുരുഷൻ വാർദ്ധക്യത്തേ അഭിമുഖീകരിക്കുമോ….? അതും സർക്കാർ ഉദ്യോഗസ്ഥനായ ഒരോഫീസ് ക്ലർക്ക്. അന്തിക്ക്, ജോലിയും കഴിഞ്ഞെത്തി തിടുക്കത്തിലൊരു കുളിയും കഴിഞ്ഞ് കവലയിലേക്കിറങ്ങാനൊരുങ്ങുന്ന ഭർത്താവിനെ കണ്ടപ്പോൾ ശ്രീദേവിക്ക് മനസ്സിൽ തോന്നിയതീ ചോദ്യമാണ്.

രാജീവിന്റെ മുടിയിഴകളെല്ലാം നരയുടെ അധിനിവേശത്തിനു കീഴടങ്ങിയിരിക്കുന്നു. പാന്റും ഷർട്ടുമെന്ന ഓഫീസ് മോടിയുടെ ആവരണങ്ങളിൽ നിന്നും വിടുതൽ നേടി, രാജീവിപ്പോൾ അലക്കിത്തേച്ച വെള്ളമുണ്ടിലേക്കും കടുംനിറമുള്ള ഷർട്ടിലേക്കും രൂപത്തെ ഉൾക്കൊള്ളിച്ചു. ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴും രാജീവിന്റെ ഇടംകയ്യിൽ ഫോണുണ്ടായിരുന്നു. അങ്ങേത്തലയ്ക്കലും ഒരു ഇടനിലക്കാരനായിരിക്കും. തീർച്ച. രാജീവിനു ഓഫീസ് കഴിഞ്ഞാൽ പിന്നേയുള്ള ബന്ധങ്ങൾ മുഴുവൻ ഭൂമിക്കച്ചവടക്കാരുടേതു മാത്രമാണ്.

“രാജീവേട്ടാ.. ചായ കുടിച്ചില്ലല്ലോ. ഞാനെടുത്തു തരാം ഒരു നിമിഷം നിൽക്കൂ.”

രാജീവ് നിഷേധാർത്ഥത്തിൽ തലവെട്ടിച്ചു. ബൈക്കിനു ജീവൻ വച്ചു. അതു തുറന്ന ഗേറ്റിലൂടെ പുറത്തേക്കു പാഞ്ഞു. അപ്പുറത്തേ ടാർനിരത്തിൽ തെല്ലുനേരം കൂടിയാ ഇരമ്പലുകളവശേഷിച്ചു. ശ്രീദേവി മുറ്റത്തേക്കിറങ്ങി ഗേറ്റു പൂട്ടി…. വീണ്ടും അകത്തളത്തിലേക്കു വന്നു. ടീപ്പോയി മേലിരുന്ന ചായ തണുത്തുപോയിരുന്നു. ആറിയ ചായയേ അടുക്കളയിലെ സിങ്കിലൊഴിച്ചു കളഞ്ഞ്, ഗ്ലാസ് വൃത്തിയാക്കി വച്ചു.

മകന്റെ പഠനമുറിയിലേക്കൊന്നെത്തി നോക്കി. അവനെന്തോ എഴുതുകയാണ്. അവൻ നല്ല രീതിയിൽ പഠിക്കുന്നവനാണ്. മറ്റു പിന്തുണകളുടെ കാര്യമവനില്ല. എഴുത്തും പഠനവും രാജീവ് വരുന്നതുവരേ തുടരും. അത്താഴം കഴിക്കാനൊരുമിച്ചു കൂടും. അതിനു ശേഷം അവൻ അവന്റെ മുറിയിലേക്കു പിൻവലിയും.

അടുക്കള ജോലികളെല്ലാം നേരത്തേ തീരും. ഇനിയുള്ള രണ്ടുമൂന്നു മണിക്കൂറുകൾ വിരസതകളുടേതാണ്. കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നും സാറാ ജോസഫിന്റെ ഒരു നോവലെടുത്തു. കട്ടിലിൽ കമിഴന്നടിച്ചു കിടന്ന്, വായിച്ചു നിർത്തിയേടത്തു നിന്നും പുനരാരംഭിച്ചു. പതുപതുത്ത കിടക്കമേലെയുള്ള കിടപ്പ് തീർത്തും വായനക്കനുകൂലമായിരുന്നു. വലിയ വീടിന്റെ വിസ്താരമേറിയ കിടപ്പറയിൽ അവൾക്കു കൂട്ടായി നോവൽ കഥാപാത്രങ്ങൾ തിക്കിത്തിരക്കി. ഏറെക്കഴിയും മുൻപേ എന്തെന്നില്ലാത്തൊരു വിരസതയിൽ വായനയ്ക്കു വിരാമമാകുന്നു. ഇന്നലേകളിലേക്കു മനസ്സു വൃഥാ സഞ്ചരിക്കുന്നു.

കോളേജ് കാലഘട്ടങ്ങളിൽ, എത്രയോ കഥകൾ എഴുതിക്കൂട്ടിയിരിക്കുന്നു. ഗ്രാമീണതയുടെ താരള്യം ചൂടിയ കഥകളെഴുതുന്ന നാട്ടിൻപുറത്തുകാരി സുന്ദരിക്ക് അന്നാരധകരേറെയുണ്ടായിരുന്നു. നഗരത്തിൽ നിന്നെത്തിയ രാജീവും മോഹിച്ചത് ഉടലഴകിനേയും അളവുകളേയും മാത്രമായിരുന്നു. ഭൂമിവ്യാപാരത്തിന്റെ പുഷ്കലകാലഘട്ടങ്ങളിൽ ഇടനിലക്കാരനെന്ന നിലയിൽ രാജീവ് അനേകകോടികൾ സമ്പാദിച്ചിരുന്നു.

വിലയേറിയ കാറിൽ, കൂടെക്കൂട്ടാൻ മജ്ജയും മാംസവുമുള്ള ഒരു സുന്ദരിപ്പാവ. രാജീവിനു അതുമാത്രമായിരുന്നു താൻ. ഗവർമെന്റ് ജോലി ഒരു വിലാസവും. കല്യാണം കഴിഞ്ഞ നാൾമുതൽക്കേ കേൾക്കുന്ന ചില വാക്കുകൾ ഇപ്പോൾ സുപരിചിതമായിരിക്കുന്നു. രാജീവിന്റെ നിഘണ്ടുവിലെ പ്രധാനപദങ്ങൾ….

കണ്ണായ സ്ഥലം, അലുവാക്കഷ്ണം, ഫുൾ ഫിനീഷ്ഡ് പുര, എക്സ്ചേഞ്ച് പിടുത്തം, രജിസ്ട്രേഷൻ, പോക്കുവരവ്, സ്റ്റാമ്പ് കാശ്, തീറ്….. ഏറ്റവുമൊടുവിൽ കമ്മീഷൻ…. ഇത്ര വാക്കുകളേ രാജീവിനറിയൂ. ശ്രീദേവിയെന്ന പേരു പോലും ഓർമ്മയിലുണ്ടോ, ആവോ.

ഒരിക്കൽ, കഥകളെഴുതിക്കൂട്ടിയ ഡയറി കണ്ട് രാജീവ് ചോദിച്ചതോർമ്മയിൽ നിന്നും അടർന്നു പോയിട്ടില്ല.

“നീയാര്… മാധവിക്കുട്ടിയോ…? എഴുത്തൊന്നും ഇവിടേ വേണ്ട. എനിക്കീ സാഹിത്യകാരികളെ കണ്ണെടുത്താൽ കണ്ടൂടാ.”

പിന്നീട് ഒരിക്കൽ പോലും ഒരു വരിയെഴുതാൻ തോന്നിയിട്ടില്ല. ഭാവനയുടെ ചിറകുകൾ ആരോയരിഞ്ഞു ദൂരെയെറിഞ്ഞിരിക്കുന്നു. മകൻ ജനിച്ചപ്പോൾ ഒന്നു ബോധ്യമായി. കുട്ടികളുണ്ടാക്കാൻ പ്രണയം ആവശ്യമില്ലെന്ന്. കാലങ്ങളങ്ങനേയൊഴുകി കടന്നുപോകുന്നു.

തന്റെ മാതാപിതാക്കളെ വിലവക്കാതെ, ഭാര്യവീട്ടിൽ ഒരു രാവു പാർക്കാതെ, ഇറക്കു ജലപാനം നടത്താതെ രാജീവ് ഇന്നും തുടരുന്നു. മകന്റെ പേരിനെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് അച്ഛൻ പറഞ്ഞൊരഭിപ്രായം അറിയിച്ചപ്പോൾ മറുപടി വന്നത് പൊടുന്നനേയാണ്.

“നിന്റെ അച്ഛനോട് പറയണം…. ഈ വീട്ടിലെ കാര്യങ്ങളിൽ ഇടപെടണ്ടാന്ന്. എനിക്കറിയാം എന്തു ചെയ്യണമെന്ന്….. പുറമേ നിന്നുള്ള ഉപദേശം ആവശ്യമുള്ളപ്പോൾ അറിയിക്കാം.”

അതു പലതിന്റേയും അന്ത്യമായിരുന്നു. എങ്കിലും അച്ഛനുമമ്മയും ഇടയ്ക്കു വരും. തന്നെയും, മോനേയും കാണാൻ…. ഒരു രാത്രിപോലും തങ്ങാതെ മടങ്ങിപ്പോവുകയും ചെയ്യും. കഴിയുന്നതും രാജീവ് എത്തുന്നതിനു മുൻപേ തന്നേ.

ഇന്നു പതിവിലും വൈകിയാണ് രാജീവ് തിരിച്ചെത്തിയത്. മുഖമാകെ കല്ലിച്ചിരുന്നു. ഹാളിലൂടെ വെരുകിനേപ്പോലെ ഉലാത്തുകയും, ആരേയൊക്കെയോ ഫോൺ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പത്തുകോടിയുടെ കച്ചവടം അവസാനനിമിഷം മുടങ്ങിയതിന്റെ അരിശമാണെന്ന് മനസ്സിലായി. എത്ര കമ്മീഷൻ രാജീവിനു കിട്ടുമായിരുന്നിരിക്കണം? എത്ര ലക്ഷങ്ങൾ….. പുലമ്പലുകൾ തുടർന്നുകൊണ്ടേയിരുന്നു.

കിടപ്പുമുറിയിൽ നിശബ്ദത തളം കെട്ടിനിന്നു. മോൻ, അങ്ങേ മുറിയിൽ നേരത്തേ ഉറക്കത്തിലാണ്ടു പോയിട്ടുണ്ടാകും. രാജീവ്, ഫോണിലെ കാൽക്കുലേറ്ററിൽ കണക്കു കൂട്ടിക്കൊണ്ടിരുന്നു. പോയ ലക്ഷങ്ങളേക്കുറിച്ചുള്ള അയവിറക്കലുകളുടെ തുടർച്ചയാണ്.

അരണ്ട വെട്ടത്തിൽ നിശാവസ്ത്രത്തിന്റെ സുതാര്യതകളിൽ ചൂടുതേടുന്ന ദേഹം എന്തോ മോഹിച്ചു കാത്തിരുന്നു. രാവിനു പ്രായം കൂടുംതോറും അവളൊരു പാഠം പഠിക്കുകയായിരുന്നു. ആയിരം തവണ ഉരുവിട്ടു പഠിച്ചിട്ടും ഉൾക്കൊള്ളാനാകാത്ത പാഠം.

താനൊരു പുറമ്പോക്ക് ഭൂമിയാണ്. കാലികൾ മേയുന്ന, ആർക്കും വേണ്ടാത്ത വിലയില്ലാചരക്കായ ഭൂമി. എത്ര പണം കിട്ടിയാലാണ് ഒരാളുടെ ആർത്തി തീരുക.? അക്കൗണ്ടിൽ എത്ര സംഖ്യ വന്നാലാണ് ഒരാൾക്കു പ്രണയം വരിക.? അതിൽ നിന്നുമെത്ര പണം വേണ്ടിവരും വല്ലപ്പോഴുമൊരിക്കൽ പുറത്തൊന്നു കറങ്ങാനും, ഇഷ്ടഭക്ഷണം കഴിക്കാനും. ഒരു സിനിമ കാണാൻ…? ഓർത്തു കിടന്നൊടുക്കം അവൾക്കുറക്കം വന്നു. അവൾ മിഴികളടച്ചു ചുവരരികു ചേർന്നു കിടന്നു. മുറിയിലപ്പോഴും മൊബൈൽഫോണിന്റെ ചതുരവെളിച്ചം പ്രകാശിക്കുന്നുണ്ടായിരുന്നു.

രചന : -രഘു കുന്നുമക്കര പുതുക്കാട്

Leave a Reply

Your email address will not be published. Required fields are marked *