Categories
Uncategorized

നാളെ ഈ നേരം എന്റെ കയ്യിൽ നമ്മുടെ മകളുണ്ടാകും, ഞാനവളെ കേൾക്കുകയാണ്…

രചന: രമ്യ എം കൗസല്യൻ

ഒരാൾ തന്റെ ഗർഭിണിയായ ഭാര്യയുമായി അഞ്ചാം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് പോയതാണ്… “സമയം അടുത്തു, നാളെയോ മറ്റന്നാളോ വേദന വരാം. സൂക്ഷിക്കണം..” ഡോക്ടർ നിർദ്ദേശം നൽകി. ഇത് കേട്ട അവളുടെ ഭർത്താവിന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അന്ന് രാത്രി ഭർത്താവ് ഭാര്യയുടെ നിറവയറിൽ ചെവി ചേർത്തു വെച്ചു. “എന്താ പരിപാടി..”ഭാര്യ ചോദിച്ചു

“നാളെ ഈ നേരം എന്റെ കയ്യിൽ നമ്മുടെ മകളുണ്ടാകും, ഞാനവളെ കേൾക്കുകയാണ്.. ” അത് കേട്ട ഭാര്യ “എനിക്ക് ആണ് കുട്ടി മതി” എന്ന് പറഞ്ഞു. “ഇല്ലില്ല എനിക്ക് പെൺകുട്ടി മതി” അവനും വിട്ടുകൊടുത്തില്ല. ഒടുവിലവർ ഉറക്കത്തിലേക്ക് വഴുതിവീണു. തൊട്ടടുത് കിടന്നിരുന്ന ഭർത്താവിന്റെ അടുത്തേക്ക് അവൾ നീങ്ങി ചെന്നു.. ശേഷം അവന്റെ കൈവിരലുകളിൽ മുറുക്കി പിടിച്ചു.

ഉറക്കത്തിലായിരുന്ന അവൻ പെട്ടെന്ന് കണ്ണ് തുറന്ന് ഭാര്യയെ നോക്കി. “എന്താണെന്ന് അറിയില്ല.. വല്ലാത്ത പരവേശം, എനിക്കുറങ്ങാൻ കഴിയുന്നില്ല..എന്തോ പേടി തോന്നുന്നു” അവൾ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

അത് കേട്ടതും അവൻ അവളോട് ചേർന്ന് കിടന്നുകൊണ്ട് അവളുടെ കണ്ണീർ തുടച്ചു നീക്കി. അവളെ ആശ്വസിപ്പിച്ചു. പെട്ടെന്ന് വേദനയോടെ വയറിൽ കൈമർത്തികൊണ്ട് അവൾ കരഞ്ഞു. ഭയത്തിലും കഠിനമായ നടുവേദനയാലും അവൾ കട്ടിലിൽ കിടന്നു പുളഞ്ഞു. ഇത് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവനും പരക്കം പാഞ്ഞു.

ഭാര്യ വേദനകൊണ്ട് പുളയുന്നത് കണ്ട അവൻ ഉടൻ തന്നെ അവളെയും കോരിയെടുത്തു ആശുപത്രിയിലേക്ക് പാഞ്ഞെത്തി. രാത്രി ആയതിനാൽ ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. നിശബ്ദമായ ആശുപത്രിയിൽ ഭാര്യയുടെ നിലവിളി അവന്റെ കാതുകളെ കൂടുതൽ ഭയപ്പെടുത്തി. ഇരു കൈകളും തലയിൽ വെച്ചുകൊണ്ട് അക്ഷമനായി അവനാ പ്രസവവാർഡിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. “അമ്മേ…. അമ്മേ…” അവൾ വേദനയാൽ പൊട്ടിക്കരഞ്ഞു…

ഇത് വരെ അവളെ അങ്ങനെ കരഞ്ഞു കണ്ടിട്ടില്ലാത്ത അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.. “ദൈവമേ…എന്റെ ഭാര്യയുടെ ആദ്യ പ്രസവമാണ്.. അവൾക്കും കുഞ്ഞിനും ആപത്തൊന്നും വരരുതേ..” അവൻ പ്രാർത്ഥിച്ചു.

നേരമേറുന്തോറും അവന്റെ മുഖം വിയർത്തു കൊണ്ടിരുന്നു. അവൾ പ്രസവ വേദനയാൽ തുടിക്കുന്നത് അവന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… പെട്ടെന്ന് അവളുടെ ശബ്ദം നിശ്ചലമായി..

അവന്റെ ഉള്ളിലെ ഭയം നിറഞ്ഞു. വീണ്ടുമൊരു നിലവിളിയോട് കൂടി.. അവൾ നിശബ്ദമായി.. “ദൈവമേ എന്താണിതൊക്കെ..അവൾക്കെന്തെങ്കിലും സംഭവിച്ചു കാണുമോ..? ” ആ മുറിക്കുള്ളിൽ സംഭവിച്ചതെന്നറിയാതെ അവൻ ചില്ലു വാതിലിലൂടെ അകത്തേക്ക് നോക്കി നിന്നു.. അല്പസമയത്തിന് ശേഷം ഒരു നേഴ്സ് പുറത്തേക്ക് വന്നു.

“പ്രസിവിച്ചു.. പെൺകുഞ്ഞാണ്.. പേടിക്കാനൊന്നുമില്ല സമാദാനമായി അകത്തു പോയി നോക്കിക്കോളൂ..” അവർ പറഞ്ഞു..

അത് കേട്ടതും അവൻ മിന്നൽ വേഗത്തിൽ അകത്തേക്ക് കുതിച്ചു. ആദ്യം അവന്റെ കണ്ണുകൾ തേടിയത് അവളെയാണ്.. അവൾ കണ്ണുകളടച്ചു ഉറങ്ങുകയാണ്.. അവൾ കൂടുതൽ സുന്ദരിയായി അവനു തോന്നി.. അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു… അവളനുഭവിച്ച വേദനകളായിരുന്നു അവന്റെ മനസ്സ് നിറയെ.. പിന്നെ അവൻ തന്റെ കുഞ്ഞിനെ തിരഞ്ഞു.

അമ്മയുടെ അടുത്ത് ഒരു കുഞ്ഞു പാവക്കുട്ടിയെ പോലെ തന്റെ കുഞ്ഞു.. അവന്റെ കാലുകൾ ഭൂമിയെ ചുംബിക്കുന്ന ലാകവത്തോടെ കുഞ്ഞിനടുത്തേക്ക് നീങ്ങി.

പളുങ്കു പോലുള്ള ആ കുഞ്ഞു കവിൾ തടത്തിൽ അവൻ മൃദുലമായി തൊട്ടു.. അച്ഛന്റെ വിരൽ തോട്ടതും അവൾ തന്റെ പഞ്ഞികെട്ടുപോലുള്ള കുഞ്ഞി കാൽ ഇളക്കി.. അത് കണ്ടതും അവൻ ചിരിച്ചു..

ആരാണ് പറഞ്ഞത് ഒരു സ്ത്രീ മാത്രമാണ് ജീവനെ ചുമക്കുന്നതെന്ന്. ഒരു സ്ത്രീയെ സ്നേഹിക്കുന്ന ഓരോ പുരുഷന്റെ നെഞ്ചിൽ കൈവെച്ചു നോക്കിയാൽ അറിയാം. ഒരു ജീവിതകാലം മുഴുവൻ അവൻ അവന്റെ ഭാര്യയെയും മകളെയുംനെഞ്ചിൽ ചുമക്കാൻ മടിയില്ലാത്തവനാണ് ഒരു പുരുഷണെന്ന്.

രചന: രമ്യ എം കൗസല്യൻ

Leave a Reply

Your email address will not be published. Required fields are marked *