Categories
Uncategorized

നാട്ടിലേക്ക് ഫോൺ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇത്താത്ത ആ കാര്യം പറഞ്ഞത്.. എടീ.. നമ്മുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുധ ചേച്ചിയില്ലേ അവർ മരണ പെട്ടു.. പെട്ടെന്ന് കേട്ടപ്പോ ഭയങ്കര വിഷമം തോന്നി.. പാവം..

✍️ ബുഷ്‌റ ജമാൽ

നാട്ടിലേക്ക് ഫോൺ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇത്താത്ത ആ കാര്യം പറഞ്ഞത്..

എടീ.. നമ്മുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുധ ചേച്ചിയില്ലേ അവർ മരണ പെട്ടു.. പെട്ടെന്ന് കേട്ടപ്പോ ഭയങ്കര വിഷമം തോന്നി.. പാവം..

സുധ ചേച്ചിയെ ആദ്യമായി കണ്ട ദിവസം എന്റെ ഓർമയിൽ തെളിഞ്ഞു വന്നു..

വീട്ടിൽ വിറക് പുര കെട്ടുന്ന ദിവസമാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്…

വിറകു പുര കെട്ടാൻ വന്ന അലിക്ക ഓല എടുത്തു കൊടുക്കാനും മറ്റുമായി കൂടെ കൊണ്ട് വന്നതാണ് അവരെ..

ഒരു പാവം.. കൂടുതൽ ആയി ആരോടും സംസാരിക്കില്ല.. ഒരു അമ്പത് അമ്പത്തഞ്ചു വയസൊളം പ്രായമുണ്ടാകും അവർക്ക്…

അവരുടെ ജോലി എന്താണോ അത് ചെയ്തു കൂലിയും വാങ്ങി തിരിച്ചു പോവും. ഭക്ഷണവും ചേച്ചിക്ക് അധികം വേണ്ട. ആകെ വേണ്ടത് കുറച്ചു മുറുക്കാൻ ആണ്.

അവർ ജോലിക്ക് വരുമ്പോൾ കൊണ്ടു വരുന്ന കവറിൽ നിന്ന് അതിങ്ങനെ എടുത്തു കഴിക്കും..

എന്തിനാ സുധ ചേച്ചി ഇങ്ങനെ മുറുക്കാൻ മുറുക്കുന്നത്.. ഇത് അത്ര നല്ലതല്ലാട്ടാ എന്ന് പറഞ്ഞ പറയും എന്ത് മോളെ ഇനി ഇപ്പൊ അധികം കാലമൊന്നുമില്ലല്ലോ.. ഇങ്ങനെ അങ്ങ് പോട്ടെ എന്ന്..

ഭക്ഷണം കഴിക്കാതെ ചേച്ചി ചിലപ്പോ രണ്ടു ദിവസമെങ്കിലും ഇരിക്കും. പക്ഷെ മുറുക്കാൻ ഇല്ലാതെ ഒരു നേരം ചേച്ചിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല..

അന്ന് അലിക്കാടെ കൂടെ വന്നതിന് ശേഷം ഇടയ്ക്കിടെ വീട്ടിൽ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഉമ്മ ചേച്ചിയെ വിളിപ്പിക്കും..

തെങ്ങ് കയറ്റ സമയത്തും അത് പോലെ തന്നെ പറമ്പ് അടിച്ചു തീ ഇടാനും പെരുന്നാളൊക്കെ ആവുമ്പോ വീടും പരിസരവും എല്ലാം വൃത്തി ആക്കാനുമൊക്കെയാണ് ചേച്ചിയെ വിളിക്കുക..

എല്ലാം നല്ല വൃത്തി ആയി തന്നെ ചേച്ചി ചെയ്തു തീർക്കും..

ഒരു ദിവസം വെല്ലിമ്മ പറഞ്ഞാണ് ഞാൻ അവരെ പറ്റി കൂടുതൽ അറിയുന്നത്..

അന്നത്തെ കാലത്ത് അവർ കുറച്ചു പഠിച്ചിട്ടുണ്ടെന്നും കുറച്ചു കാലം എന്തോ ജോലിക്ക് പോയിരുന്നു എന്നും എല്ലാം..

പിന്നെ എങ്ങനെ അവർ ഇങ്ങനെ ആയി എന്ന് ഞാൻ ചോദിച്ചപ്പോ വെല്ലിമ്മ പറഞ്ഞ കാര്യം ഒരു കഥ പോലെ ഞാൻ കേട്ടിരുന്നു…

ഭർത്താവ് നേരത്തെ മരിച്ച അവരുടെ അമ്മയും രണ്ടു പെണ്മക്കളും അടങ്ങിയതായിരുന്നു അവരുടെ കുടുംബം..

അച്ഛൻ നേരത്തെ മരിച്ചത് കൊണ്ടു തന്നെ അമ്മ അടുത്ത വീടുകളിൽ ഒക്കെ ജോലിക്ക് പോയിട്ടാണ് അവരെ നോക്കിയത്..

ചേച്ചിയുടെ താഴെ ഒരു അനുജത്തി ഉണ്ട്.. ചേച്ചി പഠിക്കാൻ മിടുക്കി ആയിരുന്നു അനുജത്തി നേരെ തിരിച്ചും..

അങ്ങനെ കല്യാണ പ്രായം ആയപ്പോ കല്യാണ കാര്യങ്ങളെല്ലാം വരാൻ തുടങ്ങി.. പക്ഷെ വരുന്നവർക്കെല്ലാം വേണ്ടത് പൊന്നും പണവുമാണ്..

അത് കൊടുക്കാൻ അവരുടെ അമ്മക്ക് കഴിവുണ്ടായിരുന്നില്ല..

അതിനിടയിൽ ബ്രോക്കർ ഒരു കാര്യം കൊണ്ടു വന്നു. ഭാര്യ മരിച്ചു പോയ ഒരാൾ.. രണ്ടാം കെട്ട് ആണ്.. മക്കൾ ഒന്നുമില്ല..

അവർക്ക് പൊന്നും പണവുമൊന്നും വേണ്ട.. അവരുടെ അമ്മയെ പോന്നു പോലെ നോക്കുന്ന ഒരു പെണ്ണ്. അത്രയേ വേണ്ടു..

അങ്ങനെ ഒരു കാര്യം വന്നപ്പോ അവരുടെ അമ്മക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല..

ബ്രോക്കറോട് പറഞ്ഞയച്ചു..അവരോട് വന്നു പെണ്ണ് കാണാൻ വരാൻ പറയാൻ.. പക്ഷെ ചേച്ചിക്ക് ഈ കല്യാണം തീരെ താല്പര്യമില്ലായിരുന്നു..

എനിക്ക് ഇപ്പൊ തന്നെ കല്യാണം വേണ്ട എന്നവർ വാശി പിടിച്ചു.. ഞാൻ അമ്മയുടെ കൂടെ കുറച്ചു കൂടി ഇവിടെ നിൽക്കട്ടെ.. വേണേൽ രാധയെ കെട്ടിച്ചു കൊടുത്തോ എന്നവർ പറഞ്ഞു..

അനുജത്തിക്ക് ഈ കല്യാണത്തിന് ഇഷ്ടകുറവൊന്നുമില്ലായിരുന്നു..

അങ്ങനെ അനുജത്തിയുടെ കല്യാണം കഴിഞ്ഞു.. അനുജത്തി അയാളുടെ കൂടെ അയാളുടെ നാട്ടിൽ പോയി..

ഇടയ്ക്കിടെ വിരുന്നു വരുന്ന അയാളുടെ കഴുകൻ കണ്ണുകൾ ചേച്ചിയെ വട്ടമിടാൻ തുടങ്ങി..

ആദ്യമാദ്യമൊന്നും ചേച്ചി അത് ശ്രദ്ധിച്ചിരുന്നില്ല.. പിന്നെ പിന്നെ അറിയാത്ത രീതിയിൽ അയാളുടെ തട്ടലും മുട്ടലുമെല്ലാം അവർക്ക് അരോചകമായി തുടങ്ങി..

അമ്മയോട് വിവരം പറഞ്ഞപ്പോ അത് നിനക്ക് തോന്നുന്നതാവുമെന്ന മറുപടിയാണ് കിട്ടിയത്..

അനുജത്തിയെ അയാൾ നല്ല രീതിയിൽ തന്നെ നോക്കുന്നുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ അമ്മക്കയാൾ പ്രിയപ്പെട്ട മോൻ തന്നെ ആയിരുന്നു..

അങ്ങനെയിരിക്കെ അനുജത്തി ഗർഭിണി ആയി.. ഇടയ്ക്കിടെ അവർ വന്നു നിന്നിട്ട് പോവും..

അപ്പോഴൊക്കെ ചേച്ചി അയാളുടെ കൺവെട്ടത്തു വരാതെ മാറി നടക്കും..

അനുജത്തിയുടെ പ്രസവ തീയതി അടുത്ത് വന്നു.. സ്വന്തം വീട്ടിൽ തന്നെ പ്രസവം വേണമെന്നുള്ള നാട്ടു നടപ്പിൽ അനുജത്തി പിന്നെ അവിടെ തന്നെ നിൽപ്പ് തുടങ്ങി..

ഇടയ്ക്കിടെ അയാളും വീട്ടിൽ വരും.. രണ്ടു ദിവസം ഒക്കെ നിന്ന് തിരിച്ചു പോവും..

തക്കം കിട്ടിയാൽ ചേച്ചിയെ അറിയാത്ത രീതിയിൽ തൊടാനും തലോടാനുമൊന്നും അയാൾ മറന്നില്ല..

അനുജത്തിയോടും അമ്മയോടും ഒരു ദിവസം കാര്യം സൂചിപ്പിച്ചപ്പോ അവൾ പറഞ്ഞ മറുപടി കേട്ട് അവർ ഞെട്ടി പോയി..

ചേച്ചിക്ക് കല്യാണമാവാത്തതും ഞാൻ നല്ല രീതിയിൽ ഭർത്താവിന്റെ കൂടെ ജീവിക്കുന്നതും കണ്ടു ചേച്ചിക്ക് അസൂയ ആണെന്ന് അവൾ പറഞ്ഞപ്പോ അവരുടെ നെഞ്ച് തകർന്നു..

അമ്മയുടെ മറുപടിയാണ് അവരെ ഏറെ തളർത്തിയത്..

അനുജത്തി നല്ല രീതിയിൽ ജീവിക്കുന്നില്ലേ മോളെ.. കുറച്ചൊക്കെ നമ്മൾ കണ്ടില്ല കേട്ടില്ല എന്ന് വെച്ച് ജീവിക്കണം എന്ന് അമ്മ പറഞ്ഞപ്പോ ഇനി ആരോടും ഒന്നും പറയുന്നില്ല..

തന്റെ രക്ഷ താൻ തന്നെ നോക്കണം എന്ന് അവർ ഉറപ്പിച്ചു..

അനുജത്തിയുടെ പ്രസവ ദിവസം ആയി. അമ്മയും അയാളും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി..

അന്നാണെങ്കിൽ നല്ല മഴയുള്ള ഒരു ദിവസവുമായിരുന്നു..

അവർ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്റെ ജോലിയെല്ലാം തീർത്തു ചേച്ചി തയ്ക്കാൻ ഇരുന്നു..

ഇടയ്ക്കിടെ ബ്ലൗസും മറ്റുമായി അടുത്തുള്ളവരൊക്കെ അവരുടെ കയ്യിൽ തയ്ക്കാൻ കൊടുത്തിരുന്നു…

ഉച്ചയായപ്പോ അയാൾ തിരക്കിട്ടു വീട്ടിലെത്തി.. അനുജത്തി പ്രസവിച്ചു.. കുഴപ്പമൊന്നുമില്ല..

ആൺകുഞ്ഞാണെന്നും അയാൾ പറഞ്ഞപ്പോ സന്തോഷം കൊണ്ടവർ മതി മറന്നു..

ആശുപത്രിയിലേക്ക് അധികം ദൂരമൊന്നുമില്ല..

തിരിച്ചു പോവുമ്പോൾ കുറച്ചു പൊടിയരി കഞ്ഞി കൊണ്ടു ചെല്ലാൻ അമ്മ പറഞ്ഞിട്ടുണ്ടെന്ന് അയാൾ പറഞ്ഞു..

അയാൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴൊക്കെ അയാളുടെ കഴുകൻ കണ്ണുകൾ അവരുടെ ശരീരത്തെ കൊത്തി വലിച്ചു..

ആശുപത്രിയിലേക്ക് കൊടുത്തയാക്കാൻ വേണ്ടി കഞ്ഞി എടുക്കുന്നതിനിടയിൽ അയാൾ അടുക്കളയിൽ എത്തി..

പേടിയോടെ അവർ ഒതുങ്ങി നിന്നു.. പെട്ടെന്ന് അയാൾ അവരെ കയറി പിടിച്ചു..അവരുടെ ചെറുത്തു നിൽപ്പുകളെ അവഗണിച്ചു ബലിഷ്ടമായ അയാളുടെ കൈകളിൽ കിടന്നവർ പിടഞ്ഞു…

ഒരു പെണ്ണൊരിക്കലും നഷ്ടപെടരുതേ എന്നാഗ്രഹിക്കുന്ന അവരുടെ ചാരിത്ര്യം അയാൾ കവർന്നെടുത്തു..

എല്ലാം കഴിഞ്ഞു കരഞ്ഞു തളർന്നു കിടന്ന അവരോട് അയാൾ പറഞ്ഞു..

നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഇതാരുമറിയരുത്..അറിഞ്ഞ നിന്റെ അനുജത്തിയും കുഞ്ഞും ഇവിടെ നിൽക്കും..

അത് വേണോ എന്ന് നിങ്ങൾ തീരുമാനിക്കുക.. അതും പറഞ്ഞു കഞ്ഞിയുമെടുത്തു അയാൾ പോയി..

അവിടെ നടന്ന കാര്യങ്ങൾ തുറന്നു പറയാൻ പറ്റാതെ അവർ വല്ലാതെ ബുദ്ധിമുട്ടി.. പിന്നീടങ്ങോട്ട് മാനസിക നില തെറ്റിയ രീതിയിൽ ആയിരുന്നു അവർ..

മരുന്നും മന്ത്രവുമൊക്കെയായി അമ്മ അവരെയും കൊണ്ട് കേറിയിറങ്ങാത്ത ഇടങ്ങളില്ല..

അതിനിടയിൽ അവർഞെട്ടിക്കുന്ന ഒരു സത്യം കൂടി മനസിലാക്കി..

തന്റെ മോൾ ഗർഭിണിയാണ്.. ആരാണ് ഇതിനുത്തരവാദി എന്ന് ഒരു പാട് വട്ടം ചോദിച്ചു.. അവസാനം അവർ അമ്മയോടത് തുറന്നു പറഞ്ഞു..

വലിയ ഒരു ആഘാതം ആയിരുന്നു അവർക്കത്.. മോനെ പോലെ കരുതി സ്നേഹിച്ച അവനിൽ നിന്ന് ഇങ്ങനെ ഒരു ചതി ഉണ്ടാവുമെന്ന് അവർ കരുതിയിരുന്നില്ല..

പെട്ടെന്നുണ്ടായ ഷോക്കിൽ ഒരു വശം തളർന്നു അമ്മ കിടപ്പിലായി..

ദൈവത്തിന്റെ കാരുണ്യം കൊണ്ട് ചേച്ചി പതിയെ പഴയ രീതിയിൽ ആയി…അമ്മ മരണപ്പെട്ടു..

ഒരു പെൺകുഞ്ഞിന് അവർ ജന്മം നൽകി.. ജീവിക്കാൻ ഗതിയില്ലാതെ അവർ അമ്മ പോയിരുന്ന വീടുകളിൽ വീട്ടുജോലിക്ക് പോയി തുടങ്ങി..

അയാളുടെ ഒരു ചില്ലി കാശുപോലും തനിക്ക് വേണ്ടെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു..

പിന്നേ ഒരു യുദ്ധം ആയിരുന്നു.. പിഴച്ചവൾ എന്ന് മുദ്ര കുത്തിയ ആളുകളുടെ മുൻപിൽ അവർ മോളെയും കൊണ്ട് ജീവിതം തുടങ്ങി..

മോളെ പഠിപ്പിച്ചു. അതിനിടയിൽ അനുജത്തിയുടെ മക്കൾ കുറച്ചു മുതിർന്നപ്പോ വിവരങ്ങൾ എല്ലാം അറിഞ്ഞ അവർ അനുജത്തിയുടെ സമ്മതത്തോടെ അവരെ വന്നു കൂട്ടി കൊണ്ട് പോയിരുന്നു..കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ..

അനുജത്തിയുടെ ഭർത്താവിന് ക്യാൻസർ വന്നു കുറച്ചു കാലം കിടന്നു.. തന്റെ തെറ്റുകൾ എല്ലാം അയാൾ ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു..

മക്കളോട് അവരെയും കൂടി നോക്കണം എന്ന് പറഞ്ഞേൽപ്പിച്ചു.. കുറച്ചു കഴിയുമ്പോഴേക്കും അയാൾ മരണപ്പെട്ടു..

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടം ഇല്ലാത്ത അവർ ജോലിക്ക് പോവൽ നിർത്തിയില്ല..മോളെ പഠിപ്പിച്ചു..നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചയച്ചു… മോളിപ്പോ മക്കളോടും ഭർത്താവിനോടുമൊത്ത് സുഖമായി ജീവിക്കുന്നു..

ഒരു ഗൾഫ്കാരന്റെ അടഞ്ഞു കിടക്കുന്ന വീട് ക്‌ളീൻ ചെയ്യാനാണ് അന്നവർ പോയത്..

വീട്ടിൽ തിരിച്ചു വരുന്ന സമയം കഴിഞ്ഞിട്ടും കാണാതെയായപ്പോ അനുജത്തിയുടെ മോൻ തിരഞ്ഞു പോയി..

പോയപ്പോ കണ്ട കാഴ്ച ദേഹമാസകാലം നീല കളർ കയറി മരിച്ച നിലയിൽ കിടക്കുന്ന അവരെയാണ്..

ആൾ താമസം ഇല്ലാത്ത വീട്ടിലെ പറമ്പ് അടിച്ചു വാരി തീയിടുന്നതിനിടയിൽ പാമ്പ് കടിയേറ്റാണ് അവർ മരണപ്പെട്ടു..

അങ്ങനെ ആ അധ്യായം അവിടെ അവസാനിച്ചു.. സുഖവും സന്തോഷവും എന്തെന്നറിയാത്ത അവർ ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞു…

സ്നേഹത്തോടെ

✍️ ബുഷ്‌റ ജമാൽ

Leave a Reply

Your email address will not be published. Required fields are marked *