രചന : – Shine Shine
“അതിരിലെ രണ്ട് തേക്കാണ് അങ്ങേര് കഴിഞ്ഞയാഴ്ച വെട്ടി വിറ്റത്…നിങ്ങൾക്ക് കൂടെ അവകാശമുള്ള മണ്ണിലെ മരംവെട്ടി വില്ക്കുമ്പോൾ നിങ്ങളോട് ചോദിക്കേണ്ടേ…?”
” അത് ദേവൂട്ടിക്ക് എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടാനല്ലേ?”
“നിങ്ങൾക്ക് ഒരു മകൾ വളർന്നു വരുന്നുണ്ട്…അതിന്റ ഓർമ്മ നിങ്ങൾക്കുണ്ടോ?
ചേട്ടന്റെ മകൾ എഞ്ചിനീയർ ആയാൽ നിങ്ങൾക്ക് എന്താ?”
“അങ്ങനെ ചേട്ടൻ വിചാരിച്ചാൽ, ഈ അനിയൻ സർക്കാർ ജീവനക്കാരൻ ആകില്ലായിരുന്നു”
“ഈ കഥ പറഞ്ഞാണ് അവർ നിങ്ങളെ കാലാകാലം പറ്റിക്കണത്…തള്ള ഇല്ലാതെ വളർത്തിയതിന്റ കദനകഥ….നിങ്ങളുടെ ജന്മനക്ഷത്രത്തിന്റ ഗുണമാണ്… അല്ലാതെ അയാളുടെ വളർത്ത് ഗുണമല്ല”
“നമുക്ക് അവിടം വരെ പോകണം. …മരംവെട്ടിയ കാര്യം ചോദിക്കണം,…. രണ്ടേക്കർ സ്ഥലത്തുനിന്നുള്ള വരുമാനത്തിന്റെ കാര്യം ചോദിക്കണം… നിങ്ങൾക്ക് പേടിയാണേൽ ഞാൻ ചോദിക്കാം”
“വേണ്ട … വേണ്ട… വേണ്ട ഞാൻ ചോദിച്ചുകൊള്ളാം. ഞാനിത് പലവട്ടം ചോദിക്കാൻ ആലോചിച്ചതാ…ഒരു കാരണം കിട്ടാൻ നോക്കിയിരിക്കുവാ..”
“ഉവ്വാ…ചേട്ടനേയും, ചേട്ടത്തിയേയും കാണുമ്പോൾ നിങ്ങടെ മുട്ട് കൂട്ടിയിടിക്കും”
“നീ നോക്കിക്കോ , ഇന്നത്തെ എന്റ പെർഫോമൻസ്”
വീടിന്റെ ഗയിറ്റ് തുറന്ന് കാർ തറവാട് മുറ്റത്തേക്ക് കയറ്റി. പൂമുഖത്ത് ചിരി തൂകി നില്ക്കണ ചേട്ടനും, ചേട്ടത്തിയമ്മയും. ചിരി സമ്മാനിക്കാൻ തുടങ്ങിയപ്പോൾ ഭാര്യ തുടയിൽ തോണ്ടി. “ചിരിക്കാതെ ഗൗരവം നടിക്ക്” മുഖത്ത് ഗൗരവം വരുത്തി ഉമ്മറത്ത് കയറി
“എന്താ മാലതി മുഖം വല്ലാതെ ഇരിക്കണേ?”
“ഓ…സന്തോഷകരമായ കാര്യങ്ങളല്ലേ കേൾക്കണേ…”
“എന്നാ പറ്റി
“നിങ്ങൾ പറയ് മനുഷ്യാ”
“എന്ത്”
“തേക്ക് വെട്ടിയ കാര്യം”
“അല്പം കഴിഞ്ഞ് പറഞ്ഞാൽ പോരെ ?”
“പോരാ….ഞാൻ പറയണപോലെ ചോദിക്ക്…എനിക്കൂടെ അവകാശപ്പെട്ട തേക്ക് എന്തിനാണ് സ്വന്തമായി വെട്ടി വിറ്റത്?”
“കുഞ്ഞേട്ടാ…എനിക്കുടെ അവകാശപ്പെട്ട തേക്ക് എന്തിനാണ് എന്നോട് ആലോചിക്കാതെ വിറ്റത്?”
“മോനെ… ദേവൂട്ടിക്ക് എഞ്ചിനീയറിങ്ങിന് മാനേജ്മെന്റ് ക്വാട്ടായിൽ അഡ്മിഷൻ കിട്ടാൻ പെട്ടെന്ന് പണം കൊടുക്കണമായിരുന്നു. അതാണ് നിന്നോട് ചോദിക്കാതെ വിറ്റത്
“നിങ്ങടെ മകൾ എഞ്ചിനീയർ ആയാൽ ഞങ്ങൾക്കെന്നാ ഗുണം എന്ന് ചോദിക്ക് മനുഷ്യാ..”
“ഏയ്…. അതുവേണ്ട. അത് അതിരുകടന്ന ചോദ്യമാണ്”
“നിങ്ങൾ അതിരിൽ കെട്ടിപിടിച്ച് കിടക്ക്….എന്റ ദൈവമേ…ഇങ്ങനെയൊരു കോന്തനെയാണല്ലോ… എനിക്ക് ഭർത്താവായ് കിട്ടിയത്”
“കുഞ്ഞേട്ടാ….ഞാൻ വളരെ ഗൗരവത്തിൽ ചില കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്. ഞാൻ ഈ വസ്തുവിന്റെ തുല്യ അവകാശിയാണ്. പക്ഷെ ഞാൻ ഇതിന്റെ കണക്കൊന്നും ചോദിക്കാറില്ല…ഇനി അങ്ങനെ ആയിരിക്കില്ല”
“ഉവ്വ…ഞാൻ കണക്ക് തരാം…എന്തെടാ…നിന്റെ ശബ്ദവും, കൈയ്യും വിറക്കണത്”
“അത് അരിശം കൊണ്ടാണ്…പേടിച്ചിട്ടല്ല”
“അത് കണ്ടപ്പോഴെ മനസ്സിലായി”
“മാലതിയേ….പാലില്ല…രണ്ടുപേരും ഓരോ ഗ്ലാസ് കട്ടൻചായ കുടി…അനിയൻ കുട്ടാ…നിന്റെ കട്ടൻ ചായയിൽ അരിവറുത്തത് ഇടട്ടെ”
“ആ…ഇട്… അയ്യോ വേണ്ട… ഈ അനിയൻ അതീവ ഗൗരവത്തിലാണ്”
“ചെറിയച്ഛാ…അതീവ ഗൗരവത്തിൽ ഇരിക്കുമ്പോഴാണ് കട്ടൻ കുടിക്കേണ്ടത്”
“നീ ചെറിയച്ഛാ….ചെറിയച്ഛായെന്ന് വിളിച്ച് എന്റ മനസ്സ് ഇളക്കാൻ നോക്കേണ്ട… തേക്ക് വെട്ടിയതോടെ ഈ ചെറിയച്ഛന്റ മനസ്സ് പാറപോലെ ആയി”
“പത്രോസേ…നീ പാറയാകുന്നു..ആ പാറമേൽ ഞാൻ എന്റെ ആലയം പണിയും” മകൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“ചെറിയച്ഛൻ എന്നാൽ അച്ഛന്റെ സ്ഥാനമുള്ള ആളാണ് .അതുകൊണ്ട് പരിഹാസം വേണ്ട”
“മാലതി പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു. ഇനി നമുക്ക് പോകാം”
“ഊണ് കഴിച്ചിട്ട് പോയാൽ മതി”
“വേണ്ട…ഒരു തീരുമാനം ആയിട്ട് മതി ഊണും, സദ്യയും. ഈ അനിയൻ അതീവ ഗൗരവത്തിലാണ്”
കാർ സ്റ്റാർട്ടാക്കി തറവാട്ടു വളപ്പിൽ നിന്ന് റോഡിലേക്ക് തിരിഞ്ഞു. “അയ്യോ എന്റെ മൊബൈൽ എടുത്തില്ല. നീ കാറിൽ ഇരി. ഞാൻ പോയ് എടുത്തുകൊണ്ട് വരാം” “ഉം’ വീട്ടിൽ എത്തിയപ്പോൾ ചേട്ടനും, ചേട്ടത്തിയും, മോളും നോക്കി നില്ക്കണു.
“,എടാ…തെണ്ടി നീ മൊബൈൽ എടുക്കാൻ മറന്നതല്ല …അറിഞ്ഞോണ്ട് മറന്നതാണെന്ന് ഈ ചേട്ടന് അറിയാം”
“ഏയ്..അല്ല. ഞാൻ അതീവ ഗൗരവത്തിലാണ്. ചേട്ടത്തിയമ്മേ…ആ കട്ടൻ ചായയിൽ അരിവറുത്ത് ഇട്ടത് ഇങ്ങ് എടുത്തേ..”
ഒറ്റവലിക്ക് കുടിച്ചിട്ട് ഗ്ലാസ് തിരികെ നല്കി.
“ചെറിയച്ഛാ… മീശയിൽ അരിവറുത്തത് പറ്റിപിടിച്ചിരിക്കുന്നു.. തൂത്ത്കള…ചെറിയമ്മ കാണും”
” കുഞ്ഞേട്ടാ….എങ്ങനെയുണ്ട് എന്റ പെർഫോമൻസ്”
മറുപടി പറഞ്ഞത് ദേവൂട്ടിയായിരുന്നു. “ചെറിയച്ഛാ… നിങ്ങൾക്ക് അഭിനയിക്കാൻ അറിയില്ല..അഭിനയിച്ചാൽ അത് കുളമാക്കുകയും ചെയ്യും”
“ഏട്ടത്തിയമ്മേ….മനസ്സിൽ പോലും , ഒരു മാത്ര ഈ അനിയൻ കുട്ടനെ ശപിക്കരുതേ…നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തള്ള ചത്ത ഈ അനിയൻ കുട്ടനെ വളർത്തി വലുതാക്കിയത് എന്റ ചേട്ടത്തിയമ്മയാണ്”
“എന്റ അനിയൻ കുട്ടാ…നിന്നെ എനിക്ക് അറിയാവുന്ന പോലെ ആർക്ക് അറിയാം”
“എന്നാലും ഞാൻ അതീവ ഗൗരവത്തിലാണ്”
“ദേവൂട്ടി… നിന്റെ ഗൂഗിൾ നമ്പറിൽ ചെറിയച്ഛൻ കുറച്ച് പൈസ അയച്ചിട്ടുണ്ട്. നല്ല ഡ്രസ്സ് വാങ്ങി, അടിപൊളിയായി കോളേജിൽ പോകാൻ”” ചേട്ടത്തിയമ്മേ…ഈ അനിയൻ കുട്ടൻ ഇറങ്ങുവാണ്…
എന്നാലും ഞാൻ അതീവ ഗൗരവത്തിലാണ്
രചന : – Shine Shine