✍SHEROON4S
അപ്പോൾ നിന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല അല്ലേ ?? രാജീവന്റെ ശബ്ദം കടുത്തു …
ഇല്ല … രാജീവേട്ടാ … ഇത് ഞാൻ വളരെ ആലോചിച്ചെടുത്ത തീരുമാനം ആണ് … ഒരുപാട് ശ്രമിച്ചിട്ടാണ് ഇപ്പോൾ എനിക്ക് ഈ ജോലി കിട്ടിയത് … അത് എന്ത് കാരണത്തിന്റെ പേരിൽ ആയാലും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല … നന്ദനയുടെ ശബ്ദം ഉറച്ചതായിരുന്നു …
ശെരി …നിന്റെ വാശി തന്നെ ജയിക്കട്ടെ … നീ എന്താണെന്ന് വെച്ചാൽ കാണിക്ക് … പക്ഷെ നീ ജോലിക്ക് പോകുവാൻ ഉറപ്പിക്കുന്നതിന് മുൻപ് നമ്മുടെ മോനെ ആര് നോക്കും എന്ന് കൂടി അലോചിക്ക് ?? അതിനുള്ള പ്രതിവിധി എന്താണെന്ന് കൂടി കണ്ടുപിടിച്ചിട്ട് എന്റെ പൊന്നുമോള് ജോലിക്ക് പൊയ്ക്കോ !!! രാജീവൻ അവസാനത്തെ അടവ് പുറത്തെടുത്തു …
നന്ദനയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഇല്ലന്ന് കണ്ട രാജീവ് വിജയിയെ പോലെ മുറി വിട്ട് ഇറങ്ങാൻ ഒരുങ്ങിയതും നന്ദന പിന്നിൽ നിന്നും വിളിച്ചു …
രാജീവേട്ടൻ ഒന്ന് നിന്നേ !!!
എനിക്ക് ഒരു കാര്യം രാജീവേട്ടനോട് ചോദിക്കാനുണ്ട് ??
മ്മ് ,, എന്താ നിനക്ക് അറിയേണ്ടത് ?? രാജീവൻ തിരക്കി …
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി ?? നന്ദന ചോദിച്ചു …
ങേ …ഇത് എന്താ നീ ഇപ്പോൾ എന്നോട് ഇങ്ങനെ ചോദിക്കുന്നത് ?? രാജീവ് ചോദിച്ചു ..
ഒന്ന് പറ രാജീവേട്ടാ !!!
ഹൊ … അഞ്ചുവർഷം …രാജീവ് മറുപടി പറഞ്ഞു …
ശെരി … നമ്മുടെ. അപ്പുമോൻ ഉണ്ടായിട്ട് എത്ര വർഷമായി ?? നന്ദന അടുത്ത ചോദ്യം ചോദിച്ചു …
നീയെന്താ ആളെ കളിയാക്കുവാനോ …എനിക്ക് പറയാൻ സൗകര്യം ഇല്ല …
വേണ്ട സൗകര്യം ഇല്ലങ്കിൽ പറയണ്ട ……നമ്മുടെ മോൻ ഉണ്ടായിട്ട് നാലു വർഷം …
ഞാൻ ഈ വീട്ടിൽ വന്നപ്പോൾ രാജീവേട്ടൻ എന്നോട് പറഞ്ഞു കല്യാണത്തിന്റെ പുതുമോടി ഒക്കെ കഴിയട്ടെ എന്നിട്ട് ജോലിക്ക് ശ്രമിക്കാം എന്ന് …
കല്യാണത്തിന്റെ പുതുമോടി കഴിഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സന്തോഷാന്തിന് വകയായി എനിക്ക് വിശേഷം ആയില്ലേ … അതോടെ ജോലി കാര്യം ഡിം !!!
ഈ കഴിഞ്ഞ നാല് കൊല്ലം അവനെ നോക്കിയത് ഞാൻ മാത്രമാണ് … നിങ്ങൾ രാവിലെ ജോലിക്ക് പോകും വൈകിട്ട് വരും ..
അവൻ ഒന്ന് കരഞ്ഞാലോ , മൂത്രം ഒഴിച്ചാലോ , ഛർദിച്ചാലോ എല്ലാം ഞാൻ നിങ്ങളുടെ ദുർമുഖം കാണണം … അല്ല … പറഞ്ഞിട്ട് കാര്യം ഇല്ല .. ഇതൊക്കെ വൃത്തിയാക്കുന്ന കടമ അമ്മമാർക്ക് പറഞ്ഞിട്ടുള്ളതല്ലേ …നന്ദന തുടർന്നു …
നീയെന്താ കണക്ക് പറയുവാനോ ??രാജീവ് അമർഷത്തോടെ ചോദിച്ചു …
ഒരിക്കലുമല്ല !!!!
കല്യാണം കഴിഞ്ഞ അന്നുമുതൽ പുതിയ സാഹചര്യവുമായി. ഇണങ്ങി ജീവിക്കണം എന്ന് തലമുറയായി കേട്ട് വന്ന പാരായണം മുറ പോലെ അനുസരിച്ചു ഞാൻ ജീവിച്ചു …
ഈ നിമിഷം വരെ ഈ വീട്ടിൽ ആർക്കും ഒരു കുറവും വരാതെ ഞാൻ നോക്കി … എന്നിട്ട്. എന്റെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ. അത് മുടക്കാനായി നൂറു ന്യായങ്ങൾ പറഞ്ഞു വരുന്ന രാജീവേട്ടനെ കാണുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത് …
ദേ നന്ദന … മതി നിറുത്തിക്കൊ !!! രാജീവന് ദേഷ്യം വന്ന് തുടങ്ങി ..
ഇല്ല രാജീവേട്ടാ !!! എനിക്ക് പറയുവാൻ ഉള്ളത് മുഴുവൻ നിങ്ങൾ കേൾക്കണം !! നന്ദന രാജീവനേ തടഞ്ഞു നിറുത്തി ..:
കല്യാണം കഴിഞ്ഞത് കൊണ്ട് രാജീവേട്ടന്റെ ജീവിതചര്യയിൽ എന്തെങ്കിലും മാറ്റം വന്നോ ?? എനിക്ക് വേണ്ടിയോ നമ്മുടെ മോന് വേണ്ടിയോ എന്തെങ്കിലും വിട്ടുവീഴ്ച്ച ചെയ്തോ ??
നിങ്ങൾ ജോലിക്ക് പോകുന്നു … കൂട്ടുകാരുടെ കൂടെ കൂടുന്നു … വീട്ടിലെ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നില്കുന്നു …എന്തുകൊണ്ട് വീട്ടിലെ പെണ്ണുങ്ങൾക്ക് മാത്രം ഇതൊക്കെ നിഷേധിക്കുന്നു …
ഒരു കാര്യം ഞാൻ പച്ചക്ക് പറയാം … ഞാൻ ഈ വീട്ടിൽ വന്നപ്പോൾ വെറുംകൈയോടെ ആണ് വന്നത് !!! രാജീവ് നന്ദനയെ മിഴിച്ചു നോക്കി ..
എന്റെ മാത്രം അല്ല നിങ്ങളുടെ കൂടെ മോനാണ് അപ്പു … അവന് നാല് വയസ്സായി …. അവനെ രാവിലെ സ്കൂളിൽ വിട്ടാൽ വൈകിട്ടെ വരു … പിന്നെ രാജീവേട്ടന്റെ അച്ഛനും അമ്മയ്ക്കും ഒരു കുഴപ്പവും ഇല്ല … രണ്ടുപേർക്കും നല്ല ആരോഗ്യം ഉണ്ട് … അവർ പരസ്പരം അവരുടെ കാര്യങ്ങൾ നോക്കിക്കൊള്ളും …
അല്ല അവർക്ക് നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അച്ഛനും അമ്മയ്ക്കും പെൻഷൻ ഉണ്ടല്ലോ … ഒരു ജോലിക്കാരിയെ വെക്കട്ടെ …രാജീവ് നന്ദനയെ ആദ്യമായി കാണുന്നത് പോലെ നോക്കി …
അതല്ല അവർക്ക് അതിന് മനസ്സിലെങ്കിൽ രാജീവേട്ടൻ എന്നെ രാവിലെ അടുക്കളയിൽ ഒന്ന് സഹായിച്ചാൽ മതി … എനിക്കും ബുദ്ധിമുട്ടില്ലാതെ ജോലിക്ക് പോകാം ….
മക്കളെ നോക്കുന്ന ഉത്തരവാദിത്തം അമ്മക്ക് മാത്രം തീറെഴുതി തന്ന ഒന്നല്ല രാജീവേട്ടാ … അത് നിങ്ങൾ ആണുങ്ങൾ ആദ്യം മനസിലാക്കണം … നിങ്ങൾ കഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്ന് നല്ലത് പോലെ അറിയാം …
രാജീവേട്ടനെപോലെ തന്നെ കഷ്ടപ്പെട്ട് പഠിച്ചവളാണ് ഞാനും … ആ സർട്ടിഫിക്കറ്റ് ചില്ലിട്ട് സൂക്ഷിച്ചു വെക്കാനുള്ളതല്ല …
അവസാനമായി എനിക്ക് ഒന്നേ പറയാനൊള്ളൂ … നാളെ മോനെ സ്കൂളിൽ ചേർക്കും … അടുത്തയാഴ്ച്ച മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും … സഹകരിച്ചാൽ നമുക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാം …
അല്ലെങ്കിൽ രാജീവേട്ടൻ മോനെയും നോക്കി വീട്ടിൽ ഇരിക്കേണ്ടി വരും …നന്ദന പറഞ്ഞുകൊണ്ട് രാജീവിന്റെ മുഖത്തേക്ക് നോക്കി …
നന്ദനയുടെ രണ്ടുംകല്പിച്ചുള്ള മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ രാജീവ് ഒന്ന് മയപ്പെട്ടു ….
നീ പറയുന്നതൊക്കെ ശെരി തന്നെയാണ് … പക്ഷെ അച്ഛനും അമ്മയും സമ്മതിക്കുമോ ?? രാജീവ് തന്റെ സംശയം പറഞ്ഞു …
എന്തികൊണ്ട് സമ്മതിച്ചുകൂടാ … അവർ രണ്ടുപേരും ജോലിക്ക് പോയിട്ടുള്ളതാണല്ലോ ..അതുകൊണ്ട് അല്ലെ അവർ ഇപ്പോൾ പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കുന്നത് …
അവർക്കു എന്നേ തടയാനുള്ള ഒരു അവകാശവും ഇല്ല … അവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി കൊടുക്കുവാൻ എനിക്ക് അറിയാം … നന്ദന തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു …
മ്മ് ,, ശെരി എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ ..ഒടുവിൽ രാജീവ് സമ്മതിച്ചു….
നന്ദന രാജീവന്റെ കരങ്ങൾ ഗ്രഹിച്ചു ……അരെയും തോൽപിക്കാൻ അല്ല രാജീവേട്ടാ ..സ്വയം തോൽക്കാതിരിക്കാനാണ് … നന്ദനയുടെ കണ്ണുകൾ നിറഞ്ഞു .::
അയ്യേ … ഇത്രെയും നേരം എന്ന് വിറപ്പിച്ച പുലികുട്ടി പൂച്ചക്കുട്ടി ആയോ .. നീ പറഞ്ഞ കാര്യങ്ങൾ എല്ലാം യാഥാർഥ്യങ്ങളാണ് … നിന്റെ മനസ്സ് വിഷമിപ്പിച്ചെങ്കിൽ മാപ്പ് …
എന്തായാലും നിനക്ക് ലൈസൻസ് ഉള്ളതല്ലേ … നമ്മുക്ക് സിസി ഇട്ട് ഒരു സ്കൂട്ടർ എടുക്കാം ..നിനക്ക് അത് ഒരുപാട് സഹായമാകും …
നന്ദന അമ്പരപ്പോടെ രാജീവനെ നോക്കി ..
നന്ദനയുടെ കണ്ണുകളിലെ പ്രതീക്ഷയുടെ നീർത്തിളക്കം രാജീവ് വായിച്ചെടുത്തു …നന്ദനയെ ചേർത്തുപിടിച്ചു രാജീവ് നിറുകയിൽ ചുംബിച്ചു
പുതിയ പടവുകൾ കയറുവാനുള്ള നന്ദനയുടെ നിശ്ചയദാർത്യത്തിന് ഒരായിരം പൂച്ചെണ്ടുകൾ 💐💐
✍SHEROON4S