രചന : – സീനവിനോദ് അഞ്ചുമൂർത്തി മംഗലം
ദൂരെ കുന്നിന്റെ മുകളിൽ നിന്ന് ഉറക്കെയുള്ള പാട്ടു കേട്ടപ്പോൾ തന്നെ അപ്പച്ചൻ അന്നമ്മച്ചിയോട് പറഞ്ഞു – ” ദേ പെണ്ണു വരുന്നൊണ്ട് ”
” ആര്? ആൻസിക്കൊച്ചോ?
അവരുടെ മൂത്ത മോന്റെ മോളാണ് ആൻസി.
“ആ… അവൾ തന്നെ. അവളല്ലേ ഒരു ദിവസം നാലു നേരം ഈ കാട്ടുമൂട്ടിലേക്ക് ഓടിയോടി വരുന്നെ ”
” ആ … പിന്നേയ് … ചാക്കില് വൈക്കോലു നിറച്ച് മാങ്ങ പഴുക്കാൻ വെച്ചിട്ടില്ലേ , അതായിട്ടുണ്ടാവും. മറക്കാതെ അതീന്ന് കുറച്ച് കൊടുത്തു വിടണംട്ടോ. ആ പഴച്ചക്കേടെ ഒരു മുറിയും കൊടുത്തേക്ക്. ചക്കേം മാങ്ങേം പെണ്ണിന് പ്രാന്താ. ചക്കയാണേൽ ആറും തിന്നും … മാങ്ങയാണേൽ നൂറും തിന്നും ” അന്നമ്മച്ചിയോടായി ഇതും പറഞ്ഞ് ചിരിച്ചോണ്ട് അപ്പച്ചൻ തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങി.
അപ്പോഴേക്കും പാട്ടുകാരി ഇങ്ങടുത്തെത്തി.
” എന്തിനാ കൊച്ചേ നീ ഇങ്ങനെ ഒച്ചയിട്ട് നടക്കണെ? നിന്റെ പാട്ടും ബഹളവും ദൂരേന്നേ കേൾക്കാലോ ” – അപ്പച്ചൻ കൊച്ചുമോളെ ശാസിച്ചു.
“അതേ… ആരോടും പറയണ്ട … സത്യത്തിൽ പാമ്പിനെ പേടിച്ചിട്ടാ ഇങ്ങനെ ഉറക്കെ പാടുന്നത്. ഒച്ച കേട്ട് അത് ഓടി പൊക്കോട്ടേന്ന് കരുതി. പല തവണ ആ പനേടെ ഭാഗത്ത് കണ്ടിട്ടുണ്ടേ. ഇത് അവർക്കുള്ള മുന്നറിയിപ്പാ” – ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞവൾ വരാന്തയിലേക്ക് ഓടിക്കയറി.
പ്ലാവും മാവും തേക്കും തെങ്ങും ചേനയും കപ്പയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു കാട്ടു സ്വർഗ്ഗത്തിലാണ് ആ തറവാടു വീട്. ചുറ്റും വരാന്തയും മുറ്റത്തു തന്നെ പശുതൊഴുത്തുമുള്ള ഒരു സാധാരണ ഓടിട്ട വീട്. എപ്പോഴും പക്ഷികൾ ചിലയ്ക്കുന്ന, ഇലച്ചാർത്തുകൾക്കുള്ളിലൂടെ സൂര്യന്റെ സ്വർണ്ണ രശ്മികൾ അരിച്ചിറങ്ങുന്ന, മഴ പെയ്തു തോർന്നാലും മരം പെയ്യുന്ന ചാമ്പ മരമുള്ള വീട്.
ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് ആൻസി താമസിക്കുന്ന വീട്ടിലേക്ക് . ആ ഗ്രാമത്തിലെ കവലയിലാണ് അവളുടെ വീട്.അവരുടെ വീട്ടിൽ സ്പെഷ്യൽ ആയി എന്ത് ഉണ്ടാക്കിയാലും അതിന്റെ ഒരു പങ്ക് തൻ്റെ മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കണം എന്നത് അവളുടെ പപ്പയുടെ നിർബന്ധമായിരുന്നു. ആ പങ്കുമായി തറവാട്ടിലേക്ക് പോകേണ്ടത് എന്നും അവളുടെ ജോലിയായിരുന്നു. സന്തോഷത്തോടെ അവൾ അത് ഏറ്റെടുക്കുകയും ചെയ്യും. കാരണം എന്നും നാലഞ്ച് തവണ കാണുന്ന വഴി ആണെങ്കിലും അവൾക്കത് പുതുമയായിരുന്നു. വഴിയോരത്ത് ഉള്ള വീട്ടുകാരോടും പൂക്കളോടും പക്ഷികളോടും വിശേഷങ്ങൾ പങ്കുവെച്ച് അവിടെ എത്തുമ്പോഴേക്കും ഒരു നേരം ആവും . വെയിലും മഴയും കാറ്റും തണുപ്പും ഒന്നും ഈ യാത്രകൾക്ക് ഒരു മുടക്കവും വരുത്തിയില്ല. വീട്ടിലുണ്ടാക്കിയ എല്ലും കപ്പയുമായി എത്തിയതാണവളിന്ന്. അന്നമ്മച്ചിക്കേറ്റവും പ്രിയപ്പെട്ടത്.
അടുക്കളയിൽ കയറി പാത്രം തുറന്നു നോക്കിയപ്പോഴാണ് മാങ്ങാക്കറി കണ്ടത്. എന്നാൽ പിന്നെ തുടങ്ങിക്കളയാം എന്ന് പറഞ്ഞ് അവൾ കുറച്ചു കറിയും എടുത്ത് ചോറുണ്ണാൻ തുടങ്ങി. അപ്പോഴേക്കും അമ്മച്ചി മീൻ വറുത്തതും കൊണ്ട് കൊടുത്തു. ആഹാ … അടിപൊളി . കിടു കോമ്പിനേഷൻ😋
അടുക്കളയിലേക്കുള്ള നല്ല വെള്ളം താഴെ പറമ്പിലെ കിണറ്റിൽ നിന്ന് കൊണ്ടുവരണം. അത് നിറയ്ക്കാനായി കുടവും എടുത്ത് അവൾ താഴേക്കുള്ള ഒതുക്കിറങ്ങി. അപ്പോഴാണ് വഴിയിൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടത്. മീൻകാരൻ ആകും . വെളുപ്പിനെ തന്നെ മീൻ എത്തിക്കുമെങ്കിലും വില്പന കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് പൈസ വാങ്ങാറ്. “ദാ … വരണു ” ആൻസി ഉറക്കെ പറഞ്ഞു. വീണ്ടും സൈക്കിൾ ബെല്ലടി തന്നെ, നിർത്തുന്നില്ല. ഇയാളുടെ സൈക്കിൾ ബെല്ലിന്റെ ശബ്ദം എന്താ ഇങ്ങനെ ? എന്നോർത്ത് അവൾ പൈസ എടുക്കാനായി അകത്തേക്ക് പോയി.
“എത്ര നേരമായി ഈ അലാറം അടിക്കുന്നു. അതൊന്ന് ഓഫ് ആക്കുന്നുണ്ടോ ?” എന്ന ഭർത്താവിൻെറ വാക്കുകൾ കേട്ടപ്പോഴാണ് അയ്യോ … ഞാൻ …. തറവാട് …. മീൻകാരൻ…. എല്ലാം ഒരു സ്വപ്നമാണെന്ന് അറിഞ്ഞത്. അത് ഒരു സ്വപ്നം ആയിരുന്നെങ്കിലും സ്വപ്നത്തിൽ നിന്ന് പുറത്തേക്ക് വരാൻ അവൾ ആഗ്രഹിച്ചില്ല. അലാറം ഓഫ് ചെയ്ത് കണ്ണടച്ച് കുറച്ചുനേരം കൂടി കിടന്നു നോക്കി. ഇനിയെങ്ങാനും ആ സുന്ദര സ്വപ്നത്തിന്റെ ബാക്കി കാണാൻ കഴിഞ്ഞാലോ ? ഇല്ല … പറ്റുന്നില്ല … അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു . ഭർത്താവിന് ഇന്ന് നേരത്തെ പോകേണ്ടതാണ്. മക്കളുടെ സ്കൂൾ ബസ്സിനാണെങ്കിൽ ഒരു സമയനിഷ്ഠയുമില്ല. ഇനി കാര്യങ്ങളെല്ലാം വേഗത്തിലാക്കണം. അവൾ ഇന്നലെയുടെ സ്വപ്നങ്ങളിൽ നിന്നുണർന്ന്, ഇന്നിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.
😊😊🥰😊😊
രചന : – സീനവിനോദ് അഞ്ചുമൂർത്തി മംഗലം