Categories
Uncategorized

“ദിവ്യാ… ടാക്സിയൊക്കെ വിളിക്കാൻ എത്രയധികം രൂപ വേണം…. കൈയ്യിലാണെങ്കില് കാശും ഇല്ല… നീ വാ.. എന്റെ പൊന്നു മോള് ഇതിന്മേൽ കയറ്..”

✒️ Jamsheer Paravetty

“ദിവ്യാ… ടാക്സിയൊക്കെ വിളിക്കാൻ എത്രയധികം രൂപ വേണം…. കൈയ്യിലാണെങ്കില് കാശും ഇല്ല… നീ വാ.. എന്റെ പൊന്നു മോള് ഇതിന്മേൽ കയറ്..”

അമ്മയും അച്ഛനും നോക്കി നിൽക്കുന്നു.. ഇനിയും ഇവളുടെ മുന്നിൽ താഴാൻ വയ്യ… “നോക്ക്.. നിനക്ക് പറ്റുമെങ്കിൽ കയറ്..”

“ഇല്ല.. ഈ ലൊടുക്ക് വണ്ടിയിൽ ഞാനില്ല.. ഞാനെന്റെ ഫ്രണ്ട്സിന്റെ കൂടെ പൊയ്ക്കോളാം..” “അപ്പോ ഞാനൊറ്റയ്ക്ക് ഇതിൽ വരണോ..” “ആ.. നിങ്ങള് വന്നില്ലെങ്കിലും അവിടെ ആരും ചോദിക്കൊന്നുമില്ല..” അപ്പോ വണ്ടിയാണോ അതോ ഞാനാണാവോ ലൊട്ക്ക്.. സിഡി ഡീലക്സ് ബൈക്ക് സൈഡാക്കി വെച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മയുടേയും അച്ഛന്റെയും കൂർപ്പിച്ച നോട്ടം കണ്ടില്ലെന്ന് നടിച്ചു.. ഇന്നിപ്പോ പണിയും ലീവാക്കി.. വല്ലാത്തൊരു ദിവസം…

ഞങ്ങളുടെ ഇടയിൽ ഒരു കുഞ്ഞ് ഉണ്ടായിരുന്നു എങ്കിൽ ദിവ്യ ഇങ്ങനെ ആവില്ലായിരുന്നു.. ഒരു വർഷത്തെ പ്രണയത്തിന് ശേഷം ഒരുപാട് പ്രതീക്ഷകൾ നൽകി അവളെ സ്വന്തമാക്കുമ്പോൾ അമ്മയും അച്ഛനും ഒരുപാട് എതിർത്തതാണ്… “എടാ.. മറ്റൊരാളുടെ ഭാര്യയാണവൾ.. അവളല്ലാതെ നിനക്ക് ലോകത്ത് വേറെ എത്ര പെണ്ണുങ്ങളുണ്ട്..” “വേറെ ഒരു പെണ്ണും ഇവളെ പോലെ ആവില്ലല്ലോ.. ഞാനത്രമാത്രം ഇഷ്ടപ്പെട്ടു പോയി..” “മോനേ അജീ… നീ അവളെ വിളിച്ചുകൊണ്ട് വരുന്നതിനു മുമ്പ് നൂറു വട്ടം ആലോചിക്ക്.. മറ്റൊരാളുടെ ഭാര്യയാണവൾ.. അവനെ ഒഴിവാക്കി.. നിന്റെ ഇത്ര പെട്ടെന്ന് നിന്റെ കൂടെ ഇറങ്ങി വരുമ്പോൾ അവളെത്ര നല്ലതൊന്നും ആവില്ല.. ഞങ്ങള് പറയുന്നത് നോക്കേണ്ട നീ.. ശരിക്കും ആലോചിച്ച് നിനക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തോളൂ..”

ദിവ്യയുടെ ഭർത്താവ് വിജയനെ ചെറുപ്പം മുതലേ അറിയാം.. സ്കൂൾ കാലത്തും ആ പരിചയം ഉണ്ട്.. അത് കഴിഞ്ഞും അങ്ങാടിയിൽ നിന്ന് കാണുമ്പോൾ ഒരുപാട് സംസാരിക്കും.. ഗൾഫിൽ നിന്നും വന്ന അവന്റെ കല്യാണവും എന്നോട് പറഞ്ഞിരുന്നു… പക്ഷേ അന്ന് പോവാൻ പറ്റിയില്ല.. അവൻ തിരിച്ച് ഗൾഫിലേക്ക് പോയതിന് ശേഷമാണവന്റെ വീട് പണി തുടങ്ങുന്നത്. അലക്സ് മേസ്തിരി കരാറെടുത്തതും ഞാൻ മേൽനോട്ടം വഹിക്കുന്നതും.. ആദ്യമായി അവളെ കാണുന്നതും.. വീടിന്റെ ഓരോ കാര്യങ്ങളും അവൾക്ക് വ്യക്തമായ പ്ളാൻ ഉണ്ടായിരുന്നു… എന്ത് കാര്യവും വിളിച്ചു ചോദിക്കും.. ഓരോ ആവശ്യങ്ങൾക്ക് വേണ്ടി തുടങ്ങിയ ഫോൺവിളി പിന്നെ പിന്നെ എപ്പോഴാണ് വേറൊരു രീതിയിൽ ആയത്.. ബെൽറ്റ് വാർപ്പിന്റെ അന്നാണ് അവൾക്ക് എന്നോട് ശരിക്കും ഇഷ്ടമുണ്ടെന്ന് അറിയുന്നത്.. ആണി തട്ടി കൈയ്യിൽ പറ്റിയ മുറിവ് മുറികൂട്ടിയുടെ ഇല പിഴിഞ്ഞത് ചേർത്ത് വെച്ച് പഴന്തുണിക്കഷ്ണം കൊണ്ട് കെട്ടിത്തരുമ്പോൾ അവളുടെ മുഖത്ത് കണ്ട വേവലാതി എന്നോടുള്ള സ്നേഹമാണെന്ന് തിരിച്ചറിഞ്ഞത് മുതൽ തുടങ്ങിയ പ്രണയമാണ് ദിവ്യയോട്..

അവൾക്ക് വേണ്ടി പണിയുന്ന വീടും അവിടെയുള്ള സൗകര്യങ്ങളും ഒഴിവാക്കി ദിവ്യ എന്റെ കൂടെ ഇറങ്ങി വരുമ്പോൾ ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ ഞാനാണ് എന്ന് തോന്നിയിരുന്നു…

ഇന്ന് വരെ കാണാത്ത പുതിയ ലോകത്തേക്ക് ദിവ്യ എന്റെ കൈപിടിച്ച് നടന്നു… എല്ലാം ആസ്വദിച്ചു… അത് വരേയായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യം ഏകദേശം മുഴുവൻ അവളുടെ സന്തോഷങ്ങൾക്ക് വേണ്ടി ചിലവഴിച്ചു… അമ്മയും അച്ഛനും പലപ്പോഴും ഞങ്ങളുടെ ഇടയിൽ അധികപ്പറ്റായിരുന്നു..

എന്റെ കൂടെ ഇറങ്ങി വന്നതൊടെ ദിവ്യയുടെ വീട്ടുകാരും അവളെ പാടെ ഒഴിവാക്കി.

കൈയ്യിൽ ഉള്ള കാശ് പെട്ടെന്ന് തന്നെ തീർന്നു.. പിന്നെ പണിയെടുത്ത് കിട്ടുന്നത് അവളുടെ കാര്യങ്ങൾക്ക് പലപ്പോഴും തികയാതെ വന്നപ്പോൾ ആദ്യമായി ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ നീ സുന്ദരിയാണെന്ന് അവളോട് പറയേണ്ടി വന്നു.. അതിനവളന്ന് ഒരുപാട് കരഞ്ഞു.. പിന്നെ പിന്നെ പലപ്പോഴും എന്റെ ഇഷ്ടങ്ങൾക്കപ്പുറം ആയിരുന്നു അവളുടെ ജീവിതം.. പരമാവധി പറഞ്ഞു നോക്കി. അതിനിടയിലാണ് അവരുടെ പത്താം ക്ലാസ്സിന്റെ ഒത്തുകൂടൽ.. ആദ്യം പുതിയ കമ്മിറ്റി കൂടി.. പിന്നെ വാട്സാപ്പായി.. ഗ്രൂപ്പായി.. സൗഹൃദങ്ങളായി… ചാറ്റിംഗായി..

ശ്രീകാന്തിനും സതീഷിനും വിവേകിനുമൊക്കെ നല്ല ജോബുണ്ട്.. അവരൊക്കെ കാറിലാണ് ഫംഗ്ഷന് വരുന്നത്… പലപ്പോഴും പഴിപറഞ്ഞു.. അവളുടെ ഹതഭാഗ്യം എടുത്തു പറഞ്ഞു.. തന്റെ കൂടെ ഇറങ്ങി വന്നത് വലിയൊരു തെറ്റായിപ്പോയി എന്നവൾക്ക് തോന്നി തുടങ്ങിയത് അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നു..

ഒന്ന് രണ്ട് തവണ സതീഷാണ് ദിവ്യയെ ഇവിടെ കൊണ്ട് വന്നാക്കിയത്… മാസം തോറുമുള്ള എക്സിക്യൂട്ടീവ് മീറ്റിംഗുകളുടെ എണ്ണം കൂടി വരുന്നത് പോലെ ദിവ്യക്ക് എന്നോടുള്ള അകലവും കൂടി വന്നു..

“എടാ.. അജീ.. വന്ന് കഞ്ഞി കുടിക്കെടാ.. താളും തവരയും വെച്ചതുമുണ്ട്…. വാ.. അച്ഛനും നിന്നെ കാത്തിരിക്കുന്നു..” അമ്മയോടും അച്ഛനോടും ഒപ്പമിരുന്ന് കഞ്ഞി കുടിച്ചു.. “മോനേ… ആ സതീശൻ കല്യാണം കഴിച്ചിട്ടില്ല..” പെട്ടെന്ന് അമ്മ അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും ഒന്ന് പരുങ്ങി.. “അതമ്മയ്ക്കെങ്ങനെ അറിയാം..” “അവന്റെ അമ്മ വന്നിരുന്നു മോനേ.. കുറച്ചു ദിവസം മുൻപ്.. രണ്ട് മൂന്ന് വട്ടം സതീശന്റെ കൂടെ നമ്മുടെ ദിവ്യ അവിടെ ചെന്നിരുന്നെത്രെ…” ഒന്നും പറഞ്ഞില്ല.. മനസ്സിൽ ഒരു വലിയ കാർമേഘം ഉരുണ്ടു കൂടി പെയ്തു തുടങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞത് അമ്മ നോക്കുന്നുണ്ട്.. “അമ്മേ… കാന്താരിയാണോ ഇട്ടത്… നല്ല എരിവുണ്ട്..” മകന്റെ മനസിനാണ് നീറ്റൽ എന്ന് ആ അമ്മയ്ക്ക് മനസ്സിലായി.. എങ്കിലും വീണ്ടും തന്റെ മകന്റെ ഹൃദയം കുത്തി നോവിച്ചില്ല… മെല്ലെ അവിടെ നിന്നും എണീറ്റു.. ഓർമ്മകൾ പെയ്തു തുടങ്ങുമ്പോൾ മനസും ശരീരവും തളരുന്നു..

പാവം വിജയൻ.. അന്നവനെത്ര വേദനിച്ചിട്ടുണ്ടാവും… മറ്റുള്ളവരുടെ മുന്നിൽ മാനക്കേട് സഹിച്ച്… ഒരുപാട് അഭിമാനത്തോടെ ഹൃദയത്തിൽ ചേർത്ത് വെച്ച സ്വന്തം ഭാര്യ മറ്റൊരാളെ പ്രണയിക്കാൻ തുടങ്ങുമ്പോൾ അനുഭവിക്കുന്ന മനോവേദന… ഈശ്വരാ… വേണ്ടിയിരുന്നില്ല… അവളുടെ ഫോൺ വിളിയും.. അവളുടെ സ്നേഹവും.. മറ്റൊരാളുടെ കണ്ണീര് കൂടിയാണെന്ന് തിരിച്ചറിയാൻ വൈകി.. എന്തൊരു പാപമാണ് ഞാൻ ചെയ്തത്.. പാവം വിജയൻ.. തന്നെ വിശ്വസിച്ച് ആവും അലക്സ് മേസ്തിരിയോട് ഞാൻ തന്നെ മേൽനോട്ടം വഹിച്ചാൽ മതിയെന്നവൻ പറഞ്ഞിട്ടുണ്ടാവുക.. അറിയുന്ന ഒരാളെന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കും എന്ന് കരുതിക്കാണും പാവം.. ഈ ചിന്ത അന്ന് തനിക്കുണ്ടായിരുന്നുവെങ്കില്… “ഡാ..മോനേ.. ഇങ്ങോട്ടാരോ വരുന്നുണ്ടല്ലോ…. ഒന്ന് പോയി നോക്കെടാ..” മുറ്റത്തേക്ക് വന്ന് നിന്ന കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ശരിക്കും ഞെട്ടി.. ഈശ്വരാ..വിജയൻ.. അവന് നൂറായുസ്സാണ്.. ഇപ്പോ ഓർത്തതേയുള്ളൂ.. എന്തിനാണാവോ.. വരുന്നത്.. അമ്മയുടെയും അച്ഛന്റെയും മുന്നിൽ വെച്ച് വഴക്ക് പറയാതിരുന്നാൽ മതിയായിരുന്നു.. നിറഞ്ഞു ചിരിച്ച് അടുത്തേക്ക് വന്നു വിജയൻ.. “അകത്തേക്ക് കയറി ഇരിക്കൂ..” യാന്ത്രികമായി കയറി ഇരിക്കാൻ പറഞ്ഞു.. അമ്മയും അച്ഛനും കൂടി കോലായിലേക്ക് വന്നു. കസേരയിൽ ഇരുന്ന വിജയൻറെ ഗൾഫ് സുഗന്ധം അവിടെ ആകെ പരന്നു.. “ആരാ.. മോനെ..” അമ്മ അടക്കം ചോദിച്ചു. “ദിവ്യയുടെ പഴയ ഭർത്താവാണ്..” “ഈശ്വരാ…” അമ്മ മൂക്കത്ത് വിരൽ വെച്ചു. “മോന് കുടിക്കാനെന്താണ് വേണ്ടത്..” “ഒന്നും വേണ്ടമ്മേ.. ഞാനെന്റെ കല്യാണത്തിന് വിളിക്കാൻ വന്നതാണ്.. ” “വിജയാ… ഞാൻ.. നിന്നോട് ഒരുപാട് തെറ്റുകൾ ചെയ്തു… എന്നെയൊന്നു വഴക്ക് പറഞ്ഞൂടെ നിനക്ക്..” “ഏയ്.. അജീ.. എന്തിനാ വഴക്ക് പറയുന്നത്.. അവള് പോയപ്പോൾ ആദ്യം കുറച്ച് വേദനിച്ചു… പക്ഷേ തകർന്നു പോയില്ല… പിന്നെ പിന്നെ തിരിച്ചറിഞ്ഞു.. അവൾ വേഗം പോയത് നന്നായി.. എന്ന്. അല്ലെങ്കിൽ കുട്ടികളൊക്കെ ആയതിന് ശേഷമാണ് പോവുന്നതെങ്കിൽ… ഒന്നോർത്തു നോക്കിയേ… നീ അല്ലെങ്കിൽ മറ്റൊരാളുടെ കൂടെ അവള് എന്തായാലും പോകും.. പക്ഷേ നീയാണാ ഹത ഭാഗ്യനായത്..” “വിജയാ.. ഞാൻ.. ശരിക്കും ഒരുപാട് വട്ടം മനസ് കൊണ്ട് മാപ്പ് പറഞ്ഞതാണ്… നിന്നോട്… ഇന്നിപ്പോ നേരിട്ട് ചോദിക്കുന്നു… എന്നോട് പൊറുക്കണം…” “ഏയ് അജീ.. നിന്നോടെനിക്കിപ്പോ സ്നേഹം മാത്രമാണ്.. എന്റെ ജീവിതത്തിൽ ഒരുപാട് വഴിത്തിരിവ് ഉണ്ടായി.. ദിവ്യ പോയതോടെ.. ഇന്ന് എന്റെ പ്രതിശ്രുത വധു ടീച്ചറാണ്.. അതും ഗവൺമെന്റ് സ്കൂൾ ടീച്ചർ.. നല്ല കുടുംബം.. എന്നെ ശരിക്കും അറിയാവുന്ന കുടുംബം.. ഇതിനെല്ലാം കാരണം നീയാണ്.. ഞങ്ങളുടെ കല്യാണമാണ് വരുന്ന ശനിയാഴ്ച രാവിലെ 10 ന് അവളുടെ വീട്ടിൽ.. പിറ്റേ ദിവസം ഞായറാഴ്ച എന്റെ പുതിയ വീട്ടിലേക്ക് മാറിത്താമസവും രണ്ടിന്റെയും കൂടി പാർട്ടിയും.. നീ വരണം.. അല്ല.. നിങ്ങളെല്ലാവരും കൂടി വരണം…” ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ മുറ്റത്ത് മറ്റൊരു കാറ് വന്ന് നിന്നു… മുന്നിലെ ഡോറ് തുറന്ന് ഇറങ്ങി വരുന്ന ദിവ്യ സിറ്റൗട്ടിലേക്ക് കയറിയ പാടെ പിടിച്ചു വെച്ചത് പോലെ നിന്നു… ദേഷ്യവും നിരാശയും മാനക്കേടും ഒക്കെ ചേർന്ന് അജിത്തിന്റെ മുഖം ചുവന്നു തുടുത്തു നിൽക്കുന്നത് ദിവ്യ കണ്ടു… തൊട്ടടുത്ത് പതിഞ്ഞ ചിരിചിരിച്ച് ഇരിക്കുന്ന വിജയനേയും കണ്ടു.. അപ്പോഴുമവൾ വണ്ടി തിരിക്കുന്ന സതീഷിനെ കൈ വീശി കാണിച്ചു.. അജിത്തിന്റെ സകല നിയന്ത്രണവും വിട്ടു. ദിവ്യയുടെ മുഖമടച്ചൊരു അടി കൊടുത്തു അവൻ. അടിയുടെ ഒച്ച കാറിൽ ഇരുന്ന സതീഷും കേട്ടു. വേച്ച് വീഴാൻ പോയ അവളെ വണ്ടി നിർത്തി ഓടി വന്ന സതീഷ് താങ്ങി നിർത്തി. “ഏയ് മിസ്റ്റർ.. തനിക്കിവളെ അടിക്കാൻ ആരാണ് അധികാരം തന്നത്…” വീണ്ടും തല്ലാൻ ആഞ്ഞ അജിത്തിനെ വിജയൻ പിടിച്ചു മാറ്റി.. “അജീ… വേണ്ട.. ഇനി അവരായി… അവരുടെ പാടായി… കുറച്ച് കാലം അവനും അനുഭവിക്കട്ടെ…” സതീഷ് തന്നോട് ചേർത്ത് പിടിച്ച് ദിവ്യയെ കാറിൽ കൊണ്ട് കയറ്റി.. ഡോറടച്ച് തിരിച്ചു വന്നു. “ഞാനവളെ എങ്ങനെ വിളിച്ചിറക്കി കൊണ്ട് പോകും എന്ന ടെൻഷനിലായിരുന്നു… എന്തായാലും അതിന് പെട്ടെന്ന് അവസരം ഉണ്ടാക്കിയതിന് നന്ദി….” ഞാനവളെ എങ്ങനെ ഒഴിവാക്കും എന്ന ടെൻഷനിലായിരുന്നു എന്ന് പറയാൻ നാവിൻ തുമ്പിൽ വന്നു എങ്കിലും പറഞ്ഞില്ല.. സതീഷിന്റെ കാറ് മുറ്റത്ത് അകന്ന് പോകുന്നത് അജിത്തും വിജയനും നോക്കി നിന്നു… “ഈശ്വരാ… എന്റെ കുട്ടിയും രക്ഷപ്പെട്ടു…” അമ്മയുടെ ആത്മഗതം കേട്ട് വിജയനോടൊപ്പം അജിത്തും ചിരിച്ചു…. ഒരുപാട് നാളുകൾക്കു ശേഷം മനസ് നിറഞ്ഞുള്ള ചിരി….

………. ശുഭം………

✒️ Jamsheer Paravetty _________

നമുക്ക് പ്രിയപ്പെട്ടതാണ് എന്ന് കരുതി.., ഒരിക്കലും മറ്റൊരാളുടേത് ഒന്നും സ്വന്തമാക്കരുത്.. (ജംഷീർ പറവെട്ടി)

Leave a Reply

Your email address will not be published. Required fields are marked *