Categories
Uncategorized

തോരാതെ പെയ്യുന്ന മഴ….മുംബൈ നഗരത്തിന്റെ ചാലുകളിൽ വെള്ളത്തിൽ ചോരയുടെ ഗന്ധവും.വെടിവെപ്പ് ശബ്ദം അങ്ങകലെ കേൾക്കുന്നുമുണ്ട്.അവസാനം കിട്ടിയ ഓർഡർ നാലു തീവ്രവാദികൾ നഗരത്തിൽ വെടിവെപ്പ് തുടങ്ങിയെന്നും കീഴക്കാൻ എത്രയും വേഗം ഒരു ബറ്റാലിയൻ സൈന്യം ഇറങ്ങണം എന്നും

രചന: ശരത് ലാൽ

തോരാതെ പെയ്യുന്ന മഴ….മുംബൈ നഗരത്തിന്റെ ചാലുകളിൽ വെള്ളത്തിൽ ചോരയുടെ ഗന്ധവും.വെടിവെപ്പ് ശബ്ദം അങ്ങകലെ കേൾക്കുന്നുമുണ്ട്.അവസാനം കിട്ടിയ ഓർഡർ നാലു തീവ്രവാദികൾ നഗരത്തിൽ വെടിവെപ്പ് തുടങ്ങിയെന്നും കീഴക്കാൻ എത്രയും വേഗം ഒരു ബറ്റാലിയൻ സൈന്യം ഇറങ്ങണം എന്നും.ഞാൻ ഒറ്റക്ക് നാലിൽ മൂന്നു പേരെ കൊന്ന്കഴിഞ്ഞു. അതും ഒരു പിസ്റ്റലിൽ.ഇനി ഉള്ളത് നാലു ബുള്ളെറ്റ്.പെട്ടെന്നു ആണ് ചെവി കീറും പോലെ ഒരു ബുള്ളറ്റ് കടന്ന് പോയത്.അടുത്ത ബുള്ളറ്റ് എന്റെ നെഞ്ചിന്റെ തൊട്ടുമുകളിൽ പതിച്ചു. “അയ്യോ വെടി വെടി…ക്യാപ്റ്റാ എന്നെ വെടിവെച്ചേ…” ബെഡിന്ന് ഉരുണ്ടുംമ്പിടച്ചു താഴെ വീണതും അമ്മ ഓടിവന്നതും ഒരുമിച്ച്. “ക്യാപ്റ്റനാ…ടാ സുധി…ഇത് അമ്മയാടാ….”

“ങേ….അപ്പൊ എന്നേം അച്ഛനേം അവര് വെടിവെച്ചില്ലേ….അച്ഛൻ അപ്പറേ കിടപ്പുണ്ടാർന്നല്ല…” “ആ…അച്ഛൻ അപ്പുറത് ചാരുകസേരേൽ കിടപ്പുണ്ട്…പത്രോം വായിച്ചോണ്ട്…നിന്നെ തിരക്കണുണ്ടായിരുന്നു…ചന്തിക്ക് വെയിൽ അടിച്ചിട്ടും ഉറക്കം തീർന്നില്ലേന്നും ചോദിച്ചു…”

“അയ്യോ…ഇതിലും ഭേദം ആ വേടി കൊണ്ട് ചാവണതാരുന്നു…” ഞാൻ വേഗം അടുക്കളേൽ ചെന്ന് കാപ്പിയും എടുത്ത് ഉമ്മറത്തേക്ക് ഇറങ്ങി… “വാഴ കൃഷിക്ക് നല്ല ഡിമാൻഡ്….അനുകൂലമായ കാലാവസ്ഥ എന്ന് കൃഷിവകുപ്പ്…” അച്ഛൻ പത്രത്തിൽ നോക്കി ഉറക്കെ വായിച്ചു. ശോ….ഒരു ദിവസം പോയി എന്ന് മനസ്സിൽ കരുതി അകത്തേക്ക് കേറാൻ തുടങ്ങുമ്പോഴാണ് അടുത്ത വായന…അനിയത്തി ഒരു പേജ് എടുത്തു അച്ഛന്റെ അടുത്തിരുന്നു വായിക്കുന്നുണ്ട്.

“ചേര കുഞ്ഞിനെ പാമ്പ്കടിച്ചു…ങേ ചേരകുഞ്ഞിനെയാ…” അച്ഛൻ ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് പറഞ്ഞു. “ഓഹ്…എടി പോത്തെ ചേരകുഞ്ഞു അല്ല…ചോരകുഞ്ഞു…പത്രം വായിക്കാൻ ഇരിക്കുന്നു…കഴുത…” “ടാ സുധി… ആർമിയുടെ പരീക്ഷ എപ്പോഴാ നിനക്ക്.…” “അടുത്ത ആഴ്ച ആണ് അച്ഛാ….”

“ആ പോയിട്ട് വരുമ്പോ നീ ഒരു ചാക്ക് അരി കൂടി വാങ്ങിയിട്ട് വാ…ഇവിടെ അരി തീരാറായി ഇരിക്കുവാ….എന്തായാലും പട്ടി ചന്തക്ക് പോകുവല്ലേ…”

“ആഹാ…അച്ഛൻ അങ്ങനെ ഒന്നും കളിയാക്കണ്ട…ഈ ടെസ്റ്റ് എങ്കിലും ഞാൻ പാസ്സ് ആയിരിക്കും…ഇത് സത്യം സത്യം സത്യം…” വാശിയില് ഞാൻ അകത്തേക്ക് കേറി കുളിച്ചു നേരെ അഖിലിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി… ബൈക്കിൽ പെട്രോൾ ഇല്ല…അടിക്കാൻ പൈസ ചോദിച്ചാൽ വാഴ കൃഷി എന്നും പറഞ്ഞു നാണം കെടുത്തുകേം ചെയ്യും…അതുകൊണ്ട് ബസ് തന്നെ ശരണം.

“അമ്മേ…ഞാൻ അഖിലിന്റെ വീട് വരെ പോയിട്ട് വരാം.” “പെട്ടെന്ന് വരണം…കണ്ട സ്‌ഥാലത്തേക്ക് ഒന്നും പോയേക്കരുത്…” നേരെ റോഡിലേക്ക് ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു.സ്റ്റോപ്പിൽ വലിയ ആളില്ല… ഇത്തിരി നേരം നിന്നു കഴിഞ്ഞപ്പോ ഒരു കാർ വന്നു മുമ്പിൽ നിർത്തി… “മോനെ…ഈ അച്യുതങ്കുട്ടി മാഷിന്റെ വീടു എവിടാ…”

അച്ഛനെ തിരക്കി ആണല്ലോ ആള് വന്നേക്കണേ…എന്ന് മനസ്സിൽ ഓർത്തു ഞാൻ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.എന്നിട്ട് നേരെ ഞാനും വീട്ടിലേക്ക് നടന്നു. ചെന്നപ്പോഴാണ് പെങ്ങൾക്ക് പെണ്ണുകാണാൻ ഒരു കൂട്ടര് വന്നതാണെന്ന് മനസിലായത്.

ദേ വന്നു നമ്മുടെ മകൻ…ഇത് സുധി…സിമിയുടെ ചേട്ടൻ ആണ്…ഞങ്ങളുടെ മൂത്ത മകൻ… അകത്തേക്ക് ഞാൻ നോക്കിയപ്പോ ചെറുക്കനും അച്ഛനും അമ്മയും പിന്നെ ഒരു കുട്ടിയും ഇരിക്കുന്നു…ഇന്നേ വരെ ഇത്രയും സുന്ദരിയായ ഒരു കുട്ടിയെ ഞാൻ സത്യം ആയിട്ടും കണ്ടിട്ടില്ല…അത്രയ്ക്ക് സൗന്ദര്യം…കണ്ണെടുക്കാനെ തോന്നുന്നില്ല…അനു എന്നാണ് പേര് പറഞ്ഞു കേട്ടത്… “പെണ്ണിനെ ചെക്കന് ഇഷ്ടായി…സ്ത്രീധനം ഒന്നും വേണ്ട…ഞങ്ങൾക്ക് വേറെ ഡിമാൻഡ് ഒന്നുമില്ല…പെണ്ണിനു ഇഷ്ടം ആയോ ആവോ ഞങ്ങളുടെ കുട്ടിയെ…”

സിമി പതിയെ വാതിലിന്റെ അരികിൽ നിന്ന് പതിയെ ചിരിച്ചു… “അപ്പൊ രണ്ടുകൂട്ടർക്കും ഇഷ്ടം ആയ സ്ഥിതിക്ക് അതങ്ങു ഉറപ്പിച്ചാലോ അച്യുതാ…” “അങ്ങനെ തന്നെ ആയിക്കോട്ടെ…”

“എന്നാൽപിന്നെ ഞങ്ങളോട്ട് ഇറങ്ങാം…നിശ്ചയവും തീയതിയും തീരുമാനിക്കാൻ ഒരുദിവസം നമുക്ക് കൂടാം…” ഇതെല്ലാം നടക്കുമ്പോഴും ഞാൻ അനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുകയായിരുന്നു. കാറിൽ കയറി പതിയെ എല്ലാവരെയും നോക്കുന്ന കൂട്ടത്തിൽ എന്നെയും ഒന്ന് നോക്കി…ഞാൻ നോക്കുന്നു എന്ന് മനസിലായപ്പോ പെട്ടെന്ന് നോട്ടം മാറ്റി.കാർ പതിയെ ഗേറ്റ് കടന്ന് പോയി.വണ്ടി പോവുന്നത് വരെ അവളെയും നോക്കി നിൽക്കുകയായിരുന്നു ഞാൻ. “ടാ…നീ അഖിലിന്റെ വീട്ടിൽ പോണെന്ന് പറഞ്ഞിട്ട് പോയില്ലേ…”

“ഇല്ലമ്മേ…അവൻ അവിടെ ഇല്ലന്ന്…” അവളെ കണ്ട ത്രില്ലിൽ പോവാനുള്ള പ്ലാൻ എല്ലാം ഞാൻ ക്യാൻസൽ ചെയ്തു. രാത്രി കിടക്കുമ്പോഴും അവളുടെ മുഖം മനസ്സിൽ നിന്നും മായാണുണ്ടാർന്നില്ല…എപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു ഞാൻ. രാവിലെ 5 മണിക്ക് വെച്ച അലാറം കൃത്യമായി അടിച്ചതുകൊണ്ട് സമയത്തിനു തന്നെ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റി. ടാ സുധി…നിനക്ക് ഒരു ജോലി ഉണ്ട് ഇന്ന്.നീ പോയി ഇന്നലെ വന്ന ചെക്കനില്ലെ…അവരുടെ വീട്‌ വരെ പോയി ആ ജാതകം ഇങ്ങു വാങ്ങി വാ… ഏത് ചെക്കനാ അച്ഛാ…ഞാൻ ഓർക്കുന്നില്ലല്ലോ…

അയ്യോ മോൻ അത് ഇത്ര വേഗം മറന്നോ…കൂടെ വന്ന കൊച്ചിന്റെ വായിലേക്ക് നോക്കി ഒലിപ്പിച് നിക്കണത് കണ്ടാരുന്നല്ലോ.എന്നിട്ടും നിനക്ക് ഓർമ ഇല്ല അല്ലെ…കള്ള ബെടുവ… ഹിഹി…അത് അച്ഛാ…. കൂടുതൽ നിന്ന് ഉരുണ്ട് കളിക്കാണ്ട് പോയി വാങ്ങീട്ട് വാടാ… ദേ പോയി അച്ഛാ… ഒരു വളിച്ച ചിരിയോടെ സുധി നേരെ ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങി.

ആദ്യം കണ്ട ബസ്സിലേക്ക് ചാടിക്കയറി കിട്ടിയ സീറ്റിൽ ഇരുന്നു. ചുമ്മാ ഒരു കോട്ടുവാ ഇട്ട് മുമ്പോട്ട് നോക്കിയപ്പോ ദേ അനു മുമ്പിൽ ഇരിക്കുന്നു.അപ്പൊ എനിക്ക് രണ്ടു കാര്യങ്ങൾ ആണ് തോന്നിയത്.ഒന്ന് അവളോട് സൊള്ളികൊണ്ട് വീട് വരെ പോവാം.രണ്ട്‌ വീട് ചോതിച്ചു ചോതിച്ചു പോവാം എന്നാകരുതിയെങ്കിലും ഇപ്പൊ അവൾ ഉള്ളത്കൊണ്ട് ഇനി അതിന്റെ ആവിശ്യം ഇല്ലല്ലോ. “ഹല്ല അനുവല്ലേ ഇത്.എവിടെ പോവുന്നു.”

ആദ്യം അവൾക്ക് ആളെ മനസ്സിലായില്ലെങ്കിലും പെട്ടെന്ന് അവൾക്ക് ആളെ മനസിലായി. “ഞാൻ കോളേജിൽ പോയിട്ട് വരുവാ…അവിടെ ഇന്ന് എന്തോ കാര്യത്തിനു സമരം.അതോണ്ട് ഇന്നിനി ക്ലാസ് ഒന്നും കാണില്ല.വീട്ടിലേക്ക് പോരാന്ന് വെച്ചു.ചേട്ടൻ എങ്ങോട്ടാ.”

മനസ്സിൽ ഒരു ത്രിൽ അങ്ങു പാഞ്ഞത് ഞാൻ അറിഞ്ഞു.അവൾ എന്നെ ചേട്ടാന്നു വിളിച്ചു.കെട്ട് കഴിഞ്ഞ പെണ്ണുങ്ങൾ ഭർത്താവിനെ വിളിക്കുന്ന പോലെ…. ആഹാഹാ അതിമനോഹരം…ചേട്ടൻ…ചേട്ടൻ…സുധിചേട്ടൻ…സുധിയേട്ടൻ…ശോ എനിക്ക് വയ്യ..” [ “ചേട്ടോ…ആൾ ഇവിടെ ഒന്നുമില്ലേ…” കിളി മൊത്തം പോയപോലെ ഇരിക്കുന്ന എന്നെക്കണ്ട്‌ അനു ചോദിച്ചു. “ആ…ഏ.…ഇവിടെ ഉണ്ട്…ഞാൻ തന്റെ വീട്ടിലേക്ക് പോകുവാരുന്നു…അല്ല വരുവാരുന്നു…തന്റെ ജാതകം…അല്ല ചേട്ടന്റെ ജാതകം വാങ്ങാൻ.” “ഓഹ്…ഐ സി….ജാതകം അച്ഛന്റെ കയ്യിൽ ഉണ്ട്…” “അതേ…അച്ഛന്റെ കയ്യിൽ ഉണ്ട്..അത് വാങ്ങണം…അനു കമ്മിറ്റഡ് ആണോ…”

“അല്ലല്ലോ…എന്താ ചേട്ടാ…ബ്രോക്കർ ആണോ..” അവളുടെ ആ ചോദ്യത്തിൽ ഞാൻ ഒന്ന് അന്ധാളിച്ചു. “ഏയ്…ഞാൻ ചുമ്മാ ചോദിച്ചതാ…ഞാനും സിംഗ്‌ളാ…എന്താല്ലേ…ഓരോരോ ജീവിതമേ…” ഒരു ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു. “അതെന്താ ചേട്ടാ…ആരും വളഞ്ഞില്ലേ…”

പറ്റിയ അവസരം തന്നെ ഇത്…സെന്റി അടിച്ചു സെറ്റ് ആകാമെന്ന് വിചാരിച്ചു ശോകം ഡയലോഗിൽ ഞാൻ പറഞ്ഞു തുടങ്ങി. “വളയാഞ്ഞതല്ല കുട്ടി…..ഇഷ്ടപെട്ട പെണ്ണിനെ കിട്ടാൻ യോഗം ഇല്ലാത്ത ഒരാളായി പോയതാ…അതൊരു വലിയ കഥയാ….കോളേജിലെ സ്നേഹം വീട്ടിൽ അറിഞ്ഞപ്പോ വീട്ടുകാർ അവൾക്ക് വേറെ ചെറുക്കനെ കണ്ടുപിടിച്ചു….എത്ര എതിർത്തിട്ടും അയാളുമായുള്ള കല്യാണം അവർ ഉറപ്പിച്ചു….കല്യാണത്തിന് തലേദിവസം വൈകിട്ട് ഒളിച്ചോടാൻ തുടങ്ങിയ ഞങ്ങളെ അവളുടെ വീട്ടുകാർ പിടിച്ചു.എന്നെ ഒരുപാട് തല്ലി ആശുപത്രിയിലാക്കി…അവളുടെ കല്യാണം അയാളുമായി നടക്കുകയും ചെയ്തു.അത് കഴിഞ്ഞു അവളെ ഞാൻ കണ്ടിട്ടില്ല…എവിടാ എന്ന് പോലും അറിയില്ല എനിക്ക്”

പറഞ്ഞുതീർന്നു അവളെ നോക്കിയപ്പോ ഞാൻ തന്നെ ഞെട്ടിപ്പോയി…അനു ഇരുന്നു കരയുന്നു. “പാവം കുട്ടി…ചേട്ടന് അവളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു കൂടയിരുന്നോ…പാവം” “ഹാ…എന്റെ വിധി…ഇതു നടന്നിട്ട് ഇപ്പൊ വർഷങ്ങൾ ആയി…സാരമില്ല…അനു വിഷമിക്കണ്ട”

“മം…എന്റയും അവസ്ഥ ഇതുപോലെ ഒക്കെ തന്നെയാ ചേട്ടാ…കല്യാണം ആലോചിച്ചു വന്നപ്പോഴേ അവര് പറഞ്ഞു കാണുമല്ലോ… ‘അമ്മ ഇല്ല ഞങ്ങൾക്ക്…കുഞ്ഞിലെ പോയതാ ‘അമ്മ…..ആ ലാളന കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞങ്ങൾ…ഒരുപാട് രാത്രികളിൽ ഒരമ്മയുടെ മടിയിൽ കിടന്നു ഉറങ്ങാൻ ആശിച്ചിട്ടുണ്ട്….ചേട്ടന്റെ ഏറ്റവും വലിയ സന്തോഷം തന്നെ ചേച്ചിയെ കിട്ടണതല്ല….ഒരമ്മയുടെ സാമിപ്യം ഉണ്ടാവുന്നതാ….അവിടുത്തെ അമ്മയുടെ….എനിക്കും അതേ…”

ഞാൻ ചുമ്മാ അവളെ വളക്കാൻ വേണ്ടി പറഞ്ഞ കഥ കേട്ട് അവൾ കരഞ്ഞു….ശെരിക്കും ഉള്ള അവളുടെ കഥ കേട്ടിട്ട് ഞാൻ ആണേൽ അന്ധാളിച്ചു നിക്കുവാ…ഇത്രേം വേദന മനസ്സിൽ വെച്ചാണോ ഈ കുട്ടി ഇത്രേം സന്തോഷിച്ചു നടന്നത്…വെറുമൊരു വളക്കൽ എന്നതിനുപരി അതൊരു പ്രണയം ആയി മൊട്ടിട്ടു നിൽക്കാൻ എന്റെ മനസ്സിൽ അധികം സമയം വേണ്ടി വന്നില്ല.

“ചേട്ടാ ദേ വീട്ടിലേക്കുള്ള സ്റ്റോപ് എത്തി…ഇവിടെ ഇറങ്ങിയാൽ ഇത്തിരി ദൂരം നടക്കാൻ ഉള്ളതെ ഉള്ളു…വരു…” ഞങ്ങൾ ഒരുമിച്ചു നടക്കാൻ തുടങ്ങി…ഓരോ വട്ടവും അവളുടെ മുഖത്തേക്ക് നോക്കുമ്പോ ഇപ്പൊ എന്തോ ഒരു മിടിപ്പ് കൂട്ടുന്നപോലെ….പ്രണയം അത് അങ്ങനെ എവിടെയോ കൂടുവെക്കാൻ തുടങ്ങിയിരുന്നു.

“‘അമ്മ ഇല്ല എന്ന് അനു പറഞ്ഞു….അമ്മയുടെ കുറവ് നികത്താൻ ഈ കല്യാണം കൊണ്ട് ആവുമെന്നും അനു പറഞ്ഞു….എങ്കിൽ ആ വീട്ടിലേക്ക് വന്നുകൂടെ….ചേട്ടന്റെ ഭാര്യ വീട് എന്ന നിലക്കല്ല….സ്വന്തം വീട് ആയിട്ട്….ഞാൻ തന്നെ കെട്ടിക്കോട്ടെ….” എന്റെ ഈ ഡയലോഗ്‌ കേട്ടപാടെ അവൾ ഒന്ന് നിന്നു…എന്നിട്ട് വീണ്ടും നടക്കാൻ തുടങ്ങി. “ചേട്ടാ….അങ്ങനെ ഒക്കെ ചോദിച്ചാ എനിക്ക് ഉത്തരം പറയാൻ അറിഞ്ഞൂടാ…അതൊക്കെ വീട്ടുകാരുടെ തീരുമാനം അല്ലെ….എനിക്ക് കുഴപ്പം ഒന്നുമില്ല…ജോലിയും സ്വഭാവവും ഒക്കെ ഒത്തുവന്നാൽ വീട്ടുകാർക്കും കുഴപ്പം ഒന്നും ഉണ്ടാവില്ല….അങ്ങനെ ആണെങ്കിൽ….നോക്കാം.” “അപ്പൊ അനുവിന് വിരോധം ഒന്നും ഇല്ല അല്ലെ…”

ഒരു ചെറു ചിരിയോടെ ഞാൻ ചോദിച്ചു. അപ്പൊ അനുവിന്റെ മുഖത്തുകൂടി ഒരു ചിരി അവിടെ എവിടെയോ കൂടെ പോണത് ഞാൻ കണ്ടു.അപ്പൊ ഏതാണ്ടൊക്കെ ശെരിയായ അവസ്ഥ ആണു…ഇനി ഇപ്പൊ വീട്ടിൽ എങ്ങനെയാ കാര്യം പറഞ്ഞു സമ്മദിപ്പിക്ക എന്ന് മാത്രം നോക്കിയാ മതി.ഞാൻ ആണെങ്കി തലപുകഞ്ഞു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാനില്ലാത്ത അവസ്ഥ….എന്നെ കണ്ടാൽ അപ്പൊ അച്ഛൻ വാഴകൃഷി എന്നും പറഞ്ഞു ഇറങ്ങും…ഒരു ജോലി ഉണ്ടാരുന്നെങ്കിൽ എന്തേലും ഒക്കെ ഒപ്പിച്ചു വെക്കാരുന്നു…ഇനി ഉള്ളത് ഒരേ ഒരു മാർഗം.ഭൂമിയിൽ ഉള്ള ഒന്നിനും എന്നെ ഇതിൽ സഹായിക്കാൻ പറ്റില്ല എന്ന് ഉറപ്പ്…അപ്പൊ ഭൂമിക്ക് അപ്പുറത്ത്…അതായത് കോടാനുകോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഉള്ള ചൊവ്വയെ പിടിക്കാം….അതാ ഇതിനു ബെസ്റ്റ്.

പിറ്റേ ദിവസം അലമാരീന്നു ജാതകം എടുത്തു ഞാൻ നേരെ അഖിലിന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു.അവൻ എന്നെക്കാളും ഭീകരൻ ആണു…ഇതിനൊക്കെ അവന്റെ കുരുട്ടുബുദ്ധി ആണു ബെസ്റ്റ്. “എടാ അഖിലേ…ടാ…”

ഒച്ചവെച്ചു കേറിച്ചെന്നാലെ ഉറക്കത്തിൽ നിന്നു അവൻ എഴുന്നേൽക്കു എന്ന് എനിക്കും അവന്റെ അമ്മക്കും നല്ല ബോധ്യം ഉള്ളത്കൊണ്ട് പടക്കം പൊട്ടിച്ചു കേറിച്ചെന്നാലും അവന്റെ വീട്ടുകാർ എന്നെ ഒന്നും പറയില്ല.

“ഓ…എന്നാത്തിനാടാ ഈ രാവിലെ തന്നെ എന്റെ നെഞ്ചത്ത് അരീം പൂവും ഇടാൻ വരണത്…എന്നതാ കാര്യം…” അവനു അരിശം കേറിയെന്നു മനസിലായെങ്കിലും ഞാൻ അത് മുഖത്തു കാണിച്ചില്ല. “എടാ…എനിക്ക് കല്യാണം കഴിക്കണം…”

“കല്യാണോ….നിനക്ക് ഇപ്പൊ വേണേൽ അമ്മേടെ കയ്യിൽ നിന്ന് പുട്ടും പഴവും കഴിക്കാം.കല്യാണം ഇവിടെ കിട്ടുല്ല.” “അളിയാ…വളിച്ച കോമഡി രാവിലെ തന്നെ അടിക്കല്ലേ…എടാ എന്റെ ചേച്ചിയെ കാണാൻ വന്ന കൂട്ടരില്ലേ…ആ ഭാവി അളിയന്റെ പെങ്ങൾക്ക് എന്നെ ഇഷ്ടായി…”

“എന്തോ….എങ്ങനെ…” അഖിൽ മുഖം ചുളിപ്പിച് ഒരു നോട്ടത്തിൽ ചോദിച്ചു. “അല്ല…എനിക്ക് ആ കൊച്ചിന്റെ സ്വഭാവോം ഒക്കെ ഇഷ്ടായി…അപ്പൊ ആ കൊച്ചിനും എതിർപ്പ് ഒന്നുമില്ല…അപ്പൊ…” “അപ്പൊ”

“എടാ…എനിക്ക് പറ്റിയ കൊച്ചാടാ…ജോലി ഒന്നും ഇല്ലാത്തൊണ്ടു അച്ഛനോട് ഞാൻ ഇത് പറഞ്ഞാൽ കളിയാക്കി കൊല്ലും…അതോണ്ട് ഒരു വഴി ഞാൻ ഇതിനു കണ്ടിട്ടുണ്ട്…നീ ഒന്ന് സഹായിച്ചാ മതി.” “എന്ത് വഴി” ഞാൻ ജാതകം എടുത്തു അവന്റെ കൈയ്യിൽ വെച്ച് കൊടുത്തു.

“എടാ ഏതേലും ഒരു ജ്യോത്സ്യൻ എനിക്ക് കല്യാണം കഴിക്കാൻ 6 മാസം കൂടിയേ സമയം ഉള്ളു എന്ന് പറഞ്ഞാൽ എനിക്ക് ആ കൊച്ചിനെ ഇപ്പൊ തന്നെ കെട്ടാം…അല്ലേൽ അവളെ ആരേലും കെട്ടിക്കൊണ്ടു പോവും.” “അമ്പടാ. നീ ആള് കൊള്ളാല്ലോ….വഴി ഒക്കെ പൊളിച്ചു….ജ്യോത്സ്യൻ എന്റെ കയ്യിൽ ഒരാളുണ്ട്…പൈസ ഇത്തിരി പൊടിയും…എന്നാലും കാര്യം നടക്കും….”

“എന്നാ ഞാൻ ചേച്ചിയുടെ ജാതകം അയാളെ കൊണ്ട് നോക്കിപ്പിക്കാം…അതിന്റെ കൂട്ടത്തിൽ എന്റേം കൂടി നോക്കിയാൽ അച്ഛനോട് അയാൾക്ക് നേരിട്ട് പറയാല്ലോ.നീ വേഗം ഇത് ഒന്ന് ശെരിയ്ക്ക് അയാളെ പറഞ്ഞു മനസിലാക്കി വാ…നാളെ ജാതകം നോക്കാൻ അഛന്റെ കൂടെ ഞാനും പോവാം..”

“മം ശെരി….ഞാൻ അയാളെ ഒന്ന് വിളിച്ചു നോക്കട്ടെ…സെറ്റ് ആക്കാടാ…” പിറ്റേ ദിവസം നേരെ അച്ഛനേം കൂട്ടി അയാളുടെ വീട്ടിലേക്ക് ചെന്നു…. “രണ്ടു കൂട്ടരുടെയും ജാതകം നല്ല ചേർച്ച ഉണ്ട്…അതോണ്ട് നിങ്ങൾ ജാതകം ഓർത്തു പേടിക്കണ്ട കാര്യം ഒന്നുമില്ല…” “ജ്യോത്സരെ സുധിയുടെ കൂടി ജാതകം ഒന്നു നോക്കണം….അവൻ ഇന്നലെ മുതൽ ഇത് പറഞ്ഞോണ്ട് നടക്കുവാ….ജോലി കിട്ടുന്ന സമയം ഒന്ന് നോക്കി പറഞ്ഞാൽ നന്നായിരുന്നു…”

ജാതകം ഒന്ന് ഓടിച്ചു നോക്കി ജ്യോത്സ്യൻ എന്നെ ഒരു നോട്ടം നോക്കി…. “ജാതകപ്രകാരം ഇയാൾക്ക് ജോലി അടുത്ത് തന്നെ കിട്ടാൻ ഉള്ള വഴികൾ തെളിയും…സമയം തെളിയുന്നു….എന്നാൽ….കല്യാണം അടുത്ത 6 മാസത്തിനുള്ളിൽ ഉണ്ടാവണം….അല്ലെങ്കിൽ ഇനി 35 കഴിഞ്ഞു നോക്കിയാൽ മതി.”

അച്ചന്റെ കിളി പോയ ഇരുപ്പ് കണ്ടപ്പോഴേ സംഭവം ഏറ്റു എന്നെനിക്ക് മനസിലായി.. “ഇവനോ…കല്യാണമോ…..എന്റെ ദൈവമേ…എന്ത് കണ്ടാ ഇവനൊക്കെ ആരെങ്കിലും പെണ്ണ്കൊടുക്കുക…” “ഞാൻ പറയാൻ ഉള്ളത് പറഞ്ഞു…വേണ്ടത് ചെയ്തോളാ…”

ജ്യോത്സരു കലക്കി….ഇന്ന് അഖിലിനൊരു ടട്രീറ്റ് കൊടുക്കണം എന്ന് കരുതി വൈകിട്ട് അവന്റെ വീട്ടിലേക്ക് ഞാൻ ചെന്നു….അവിടെ അവനും അവന്റെ അമ്മയും പുറത്തു ഇരുന്നു സംസാരിക്കുന്നുണ്ട്….എന്താണോ ഇത്ര ഗൗരവം ആയിട്ട് ചർച്ച ചെയ്യുന്നത്… “എന്താ അമ്മേം മോനും കൂടി ചർച്ച….”

“എടാ നിന്റെ കാര്യാ പറഞ്ഞോണ്ടിരുന്നെ…ഞാൻ ജ്യോത്സരെ പോയി കണ്ടിരുന്നു.. .എടാ അയാള് പറഞ്ഞത് മൊത്തം സത്യാ…നിനക്ക് അടുത്ത 6 മാസത്തിനുള്ളിൽ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മൂക്കിൽ പല്ലു മുളച്ചിട്ടു നോക്കിയാ മതി…” എന്റമ്മേ എന്ന് പറഞ്ഞൊരു വീഴ്ച മാത്രേ അഖിലും അമ്മേം കണ്ടോള്ളു….ഞാൻ കണ്ണുതുറക്കുമ്പോ അവന്റെ വീടിന്റെ ഉമ്മറത് എന്നെ കേറ്റി ഇരുത്തിയെക്കുവാ….ബോധം പോയത് അപ്പോഴാ ഞാനും അറിയണെ…ഉമ്മറത് ചാരു കസേരയിൽ അച്ഛനും ഇരുപ്പുണ്ട്…

“നീ കാണിച്ച കുരുത്തക്കേട് അഖിൽ എന്നോട് പറഞ്ഞു…അതുകൊണ്ടാണേലും ഇപ്പൊ ഇത് അറിഞ്ഞത് നന്നായി….6 മാസം കൊണ്ട് പെണ്ണ് കെട്ടിയില്ലെങ്കി ഞാൻ എപ്പോഴും പറയണ പോലെ വാഴ ആയിപ്പോവും നീ..” കുരു പൊട്ടി നിക്കണ എന്നെ കാണാൻ അപ്പൊ ഒരു ചേലും ഉണ്ടായിരുന്നില്ല… “അച്ഛാ….നമ്മുടെ ചേച്ചിയെ കാണാൻ വന്ന കൂട്ടത്തിലെ അനു….അവൾക്ക് എന്നെ ഇഷ്ടമാ….എനിക്കും അങ്ങനെ തന്നെ….അതുകൊണ്ടാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തേ…അല്ലാണ്ട് ആളാവാൻ ഒന്നുമല്ല….എന്നോട് ക്ഷേമിക്കു അച്ഛാ”

“ഫാ ഇരണം കെട്ടവനെ….പെണ്ണ്കെട്ടാൻ ആദ്യം വേണ്ടത് സ്വന്തം കാലിൽ നിക്കാൻ പഠിക്കുക എന്നതാണ്….അല്ലാണ്ട് തെണ്ടിതിരിഞ്ഞു പ്രേമിച്ചു നടന്നാ പോരാ…അവരോട് പോയി എന്തും പറഞ്ഞാ അവരുടെ മകളെ നിനക്ക് വേണ്ടി ഞാൻ ചോദിക്കുക….” തെറി ആണ് പറഞ്ഞതെങ്കിലും പിതാജി പറഞ്ഞതിൽ കാര്യമുണ്ട്….എന്ത് കണ്ടിട്ടാ ഞാനും പോയി അമ്മായിയച്ഛന്റെ മുന്നിൽ നിക്കുക….ഒന്ന് ആലോചിച്ചിട്ട് ഞാൻ പറഞ്ഞു..

“ശെരി അച്ഛാ…ജോലി ആണ് വേണ്ടതെങ്കിൽ ആ ആർമി ടെസ്റ്റ് ഞാൻ ഇത്തവണ എഴുതി എടുക്കും….ഉറപ്പാ…ഇത് സത്യം സത്യം സത്യം.” “എഴുതി എടുത്താ എന്റെ പൊന്നുമോന് കൊള്ളാം….അല്ലെങ്കി പെണ്ണ് ചോദിക്കാൻ ഞാൻ എങ്ങും പോവില്ല….വാഴ എങ്കിൽ വാഴ എന്ന് ഞാൻ അങ്ങു വെക്കും…ഓർത്തോ.” “ഹച്ചാ…അങ്ങനെ പറയരുത്…”

“പോടാ….പോയിരുന്നു ടെസ്റ്റിന് എന്താ വേണ്ടേ എന്ന് വെച്ചാൽ പോയിരുന്നു നോക്ക്…” അങ്ങനെ ടെസ്റ്റ് അങ്ങു എഴുതി ഞാൻ….എന്തോ ദൈവ ഭാഗ്യം കൊണ്ട് ടെസ്റ്റ് പാസ്സ് ആയി സെലക്ഷൻ കിട്ടി…അടുത്ത ദിവസം തന്നെ അനുവിനെ പോയി പെണ്ണ്ചോദിച്ചു അച്ഛൻ…അവർക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല….ഒരേ വീട്ടിലേക്ക് രണ്ട് പേരെയും അയക്കുന്ന ആശ്വാസം മാത്രം ഉണ്ടായിരുന്നു അവർക്ക്..

ജോലിക്ക് ഇനി മെഡിക്കൽ കൂടി കഴിഞ്ഞാ മതി…അതിന് ഇടയ്ക്ക് എന്റെ കല്യാണം അങ്ങിനെ നടന്നു.പക്ഷെ അവളും ഒരു പാര എനിക്ക് വെച്ചു…ജോലി കിട്ടിയിട്ടെ ഒരുമിച്ച് ജീവിക്കാൻ അവൾക്ക് പ്ലാൻ ഒള്ളു അത്രേ…ആഹ് എന്നാലെന്ത്….സ്നേഹിക്കണ പെണ്ണ് പറഞ്ഞാൽ നമ്മൾ ആണുങ്ങൾ എന്തും ചെയ്യുല്ലേ….പട്ടാളക്കാരൻ ആവാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇപ്പൊ എന്നിൽ ഉണ്ട്….പ്രതേകിച്ചു ബോധം കെട്ടു വീഴില്ല എന്ന ഉറപ്പ്….സ്വപ്നം കണ്ടു കാറി അമ്മേനെ പേടിപ്പിക്കില്ല എന്ന ഉറപ്പ്…ജയ് ജവാൻ ജയ് കിസാൻ…

—ശുഭം—

രചന: ശരത് ലാൽ

Leave a Reply

Your email address will not be published. Required fields are marked *