Categories
Uncategorized

ഞാൻ ജനിച്ചപ്പോൾ എന്റെ അച്ഛമ്മ എന്നെ കാണാൻ ആശുപത്രിയിലേക്കു വന്നതേയില്ലെന്നു ഞാൻ വളർന്നു വലുതായപ്പോൾ എന്റെ ബന്ധുക്കൾ എന്നോടു പറഞ്ഞിട്ടുണ്ട്….. ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും എന്നെ ഒന്നെടുക്കാൻ പോലും അച്ഛമ്മ കൂട്ടാക്കിയില്ല…..ഞാൻ ഒരു പെൺകുട്ടിയായിപ്പോയതിന്റെ ഈർഷ്യ….. ആ ഈർഷ്യ അനിയൻ ജനിക്കുന്നതു വരെ എന്റെ അമ്മയോടുമുണ്ടായിരുന്നു…..

രചന : മേഘ മയൂരി

ഞാൻ ജനിച്ചപ്പോൾ എന്റെ അച്ഛമ്മ എന്നെ കാണാൻ ആശുപത്രിയിലേക്കു വന്നതേയില്ലെന്നു ഞാൻ വളർന്നു വലുതായപ്പോൾ എന്റെ ബന്ധുക്കൾ എന്നോടു പറഞ്ഞിട്ടുണ്ട്….. ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും എന്നെ ഒന്നെടുക്കാൻ പോലും അച്ഛമ്മ കൂട്ടാക്കിയില്ല…..ഞാൻ ഒരു പെൺകുട്ടിയായിപ്പോയതിന്റെ ഈർഷ്യ….. ആ ഈർഷ്യ അനിയൻ ജനിക്കുന്നതു വരെ എന്റെ അമ്മയോടുമുണ്ടായിരുന്നു…..

എന്റെ മൂന്നു വലിയച്ഛന്മാരുടെ മക്കളും പെൺകുട്ടികളാണെന്നതു അച്ഛമ്മക്കു പെൺമക്കളെ വെറുക്കുന്നതിന് കാരണമായി ഭവിച്ചു…….. എന്നെ തീർത്തും അവഗണിച്ച അച്ഛമ്മ പക്ഷേ അനിയനെ താഴത്തും തലയിലും വക്കാതെ വളർത്തി…… അച്ഛമ്മയുടെ നിയന്ത്രണത്തിലായിരുന്നു അച്ഛനും ഒരു പരിധി വരെ അമ്മയും……..

പെൺകുട്ടി അച്ഛനമ്മമാർക്കൊരു ഭാരമാണെന്നും ആൺ കുട്ടിയാണ് വയസ്സാം കാലത്തു അച്ഛനമ്മമാരെ നോക്കുകയെന്നും നാഴികക്ക് നാൽപതു വട്ടം അച്ഛനമ്മമാരും അച്ഛമ്മയും പറയാറുണ്ടായിരുന്നു……… ( തുല്യനീതിയെന്ന അവകാശത്തിലുള്ള ലംഘനം) അനിയന്റെ പിറന്നാളാഘോഷിക്കാൻ വീട്ടിലെല്ലാവരും വളരെയേറെ ഉത്സാഹിക്കുമ്പോൾ എന്റെ പിറന്നാളാഘോഷം പേരിനു മാത്രമായി ഒതുങ്ങി…… അവനു കൊടുക്കുന്ന ഭക്ഷണത്തിൽ പ്രത്യേകശ്രദ്ധ…. എനിക്കു സാധാരണ ഭക്ഷണം….

എന്നേക്കാൾ ഒരു വയസ്സിനു മാത്രം ഇളപ്പമുള്ള അനിയനെയും എന്നെയും ഒരുമിച്ചു സ്കൂളിൽ ചേർത്തു….. കാലം കടന്നു പോയി….. സ്കൂളിൽ പോകുമ്പോൾ പുതിയ ബാഗും കുടയും പുസ്തകങ്ങളും അവന്…… അവൻ ഉപയോഗിച്ചു പഴകിയ വസ്തുവകകളെല്ലാം എനിക്ക്.. പുതിയതിനു വേണ്ടി വാശി പിടിക്കുന്ന എനിക്ക് ചുട്ട അടിയും അനിയന് ആവശ്യമുള്ളതെല്ലാം…… ( അവൾ ഉള്ളതു കൊണ്ട് തൃപ്തിപ്പെടണം)

പത്താം ക്ലാസിലും പ്ലസ്ടുവിനും ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ജയിച്ചിട്ടും മെഡിക്കൽ എൻട്രൻസിന് കോച്ചിംഗിനൊന്നും പോവാതെ തന്നെ മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയിട്ടും MBBS എന്ന കടമ്പ കടക്കാനുള്ള ഭീമമായ സാമ്പത്തിക ബാധ്യത മൂലം ഡോക്ടറാവുക എന്ന എന്റെ ചെറുപ്പം മുതലുള്ള സ്വപ്നത്തിന് തിരശ്ശീല വീണു….. ഞാൻ ഡിഗ്രിക്ക് ചേർന്നു……

പെൺകുട്ടിയെ ഒരു പാട് പണം മുടക്കി പഠിപ്പിച്ചിട്ട് കാര്യമില്ലല്ലോ? അത് അന്യ കുടുംബത്തിലേക്ക് പോകാനുള്ളതല്ലേ? പഠിപ്പിക്കുന്നത് പോരാഞ്ഞ് വിവാഹം ചെയ്തയക്കേണ്ട ബാധ്യത വേറെ……. പിന്നെ പ്രസവം, നൂലുകെട്ട് എന്തൊക്കെ ചെലവുകളാ? വല്ലവരുടെയും അടുക്കളപ്പണി ചെയ്യാനല്ലേ? അതിനിത്രയും പഠിപ്പൊക്കെ മതി……… അതേ സമയം റാങ്ക് ലിസ്റ്റിൽ പുറകോട്ടായ അനിയന് സ്വാശ്രയകോളേജിൽ അഡ്മിഷൻ വാങ്ങാൻ ലോണെടുക്കാനും വസ്തു വിൽക്കാനും എന്റെ മാതാപിതാക്കൾ തയ്യാറായി………

കാരണം ഡിപ്പോസിറ്റ് ചെയ്ത മുതൽ പലിശയും കൂട്ടുപലിശയും സഹിതം തിരിച്ചുപിടിക്കാം. (പെൺകുട്ടിക്ക് സ്വന്തമായി ആഗ്രഹങ്ങളില്ല. അല്ലെങ്കിൽ ആഗ്രഹിക്കാവുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്…..) ഡിഗ്രി കഴിഞ്ഞ് എന്റെ പഠിത്തം നിർത്തി….. അക്കാലത്താണ് യാത്രയിൽ സ്ഥിരമായി കാണാറുള്ള വ്യക്തി എന്നെ കല്യാണമാലോചിച്ച് വീട്ടിലേക്കു വന്നത്……

അവർ സാമ്പത്തികമായി ഞങ്ങളേക്കാൾ പിന്നിലായതു കൊണ്ട് എന്റെ വീട്ടുകാർക്ക് ആ ആലോചന ഇഷ്ടമായില്ല….. എനിക്കയാളോടു പ്രണയമൊന്നും അതുവരെ തോന്നിയില്ലെങ്കിലും പുറകെ നടന്നു ശല്യപ്പെടുത്താതെ വീട്ടിൽ നേരിട്ടു വന്നു പെണ്ണു ചോദിക്കാനുള്ള ആ ചങ്കൂറ്റം എനിക്കിഷ്ടമായി…….. പക്ഷേ എന്തു ചെയ്യാൻ?എന്നിൽ മുള പൊട്ടിയ പ്രണയം വീട്ടുകാരുടെ എതിർപ്പുമൂലം വെള്ളവും വളവും കൊടുക്കാനാവാത്തതിനാൽ അതിന്റെ ശൈശവാവസ്ഥയിൽ തന്നെ വാടിക്കരിഞ്ഞുപോയി……….

വീട്ടുകാർക്കിഷ്ടപ്പെട്ട, എന്നാൽ എനിക്കിഷ്ടമില്ലാതിരുന്ന ഒരാളുമായി എന്റെ വിവാഹം നടന്നു…….. അനിയൻ വിദ്യാഭ്യാസം കഴിഞ്ഞു ജോലി ആയി അവനിഷ്ടപ്പെട്ട പെൺകുട്ടിയുമായുള്ള വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യമൊക്കെ അവർ എതിർത്തെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം നടത്തിക്കൊടുത്തു…… (പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമില്ല….. ആൺ കുട്ടിക്ക് വേണമെങ്കിൽ അതാവാം… വാശി പിടിച്ചാൽ നടത്തിക്കൊടുക്കും…)

ഇഷ്ടപ്പെടാതെ നടന്ന വിവാഹമാണെങ്കിൽ പോലും ലഭിച്ച ജീവിതവുമായി പൊരുത്തപ്പെട്ടു പോവാനും ആ ജീവിതത്തിൽ താളം കണ്ടു പിടിക്കുവാനും ഞാൻ ശ്രമിച്ചു……. ഏറെക്കുറെ ആ ശ്രമം വിജയം കാണുകയും ചെയ്തു……. ഭർത്താവും കുട്ടികളുമായി ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു……. ( സ്ത്രീ ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു ജീവിക്കണം ) പിന്നീട് ഞാൻ ബി. എഡ്. എടുത്തു ഒരു സർക്കാർ സ്കൂളിൽ ഹൈസ്കൂൾ അധ്യാപികയായ് ജോലിക്കു കയറി. അച്ഛമ്മ എൺപതാമത്തെ വയസ്സിൽ മരിച്ചു……

അനിയന്റെ ഭാര്യക്ക് ഭർത്താവിന്റെ വയസ്സായ അച്ഛനുമമ്മയെയും ശുശ്രൂഷിക്കുന്നത് ഒരു ബാധ്യതയായി തോന്നിയതിനാൽ വിദേശത്തായ അനിയന്റെ അടുക്കലേക്ക് കുട്ടികളുമായി പോയി…….. അടുത്ത വരവിന് അനിയനും ഭാര്യയും ചേർന്ന് തറവാടു വീട് വിൽക്കുകയും അച്ഛനെയും അമ്മയെയും ഒരു വൃദ്ധസദനത്തിലാക്കുകയും ചെയ്തു….. ചെലവിനു കുറച്ചു പൈസയും അവിടെ ഏൽപിച്ചു……

അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ നിർത്താൻ മനസുവരാത്തതിനാൽ ഞാൻ എന്റെ ഭർത്താവിന്റെ സമ്മതത്തോടു കൂടി അവരെ ഞങ്ങളുടെ പുതിയ വീട്ടിലേക്കു വിളിച്ചു കൊണ്ടുവന്നു……. പത്ത് വർഷത്തോളമായി അച്ഛനുമമ്മയും എന്റെയൊപ്പം താമസിക്കുന്നു…….. എന്റെ രണ്ടു മക്കളെയും ആൺ പെൺ വേർതിരിച്ചു കാണാതെ ……… വാൽക്കഷണം: പെൺകുട്ടികൾ ഭാരമാണെന്ന തോന്നൽ മൂലം പെൺകുട്ടികളോടുള്ള വേർതിരിവ് ഇന്നും പല കുടുംബങ്ങളിലുമുണ്ട്. ഒരു പ്രായമാവുമ്പോൾ ഉടമസ്ഥന് കൈമാറാനുള്ള ഒരു വാടകഉരുപ്പടിയായിട്ടാണ് പെൺകുട്ടിയെ പല വീട്ടുകാരും കാണുന്നത്……

അവളെ എങ്ങനെയെങ്കിലും വിവാഹം ചെയ്തയക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമ എന്ന് ധരിച്ചു വച്ചിരിക്കുന്നവർ…….. യഥാർത്ഥത്തിൽ പെൺകുട്ടിക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന ഒരു പശ്ചാത്തലം ഉണ്ടാക്കിക്കൊടുക്കുക, അതിനുതകുന്ന വിദ്യാഭ്യാസം നൽകുക എന്നതല്ലേ വിവാഹം ചെയ്തയക്കുന്നതിനു മുമ്പ് മാതാപിതാക്കൾ ചെയ്യേണ്ടുന്ന കടമ? മാതാപിതാക്കളെ നോക്കേണ്ട ചുമതല പുത്രന്റേതു മാത്രമല്ല. പുത്രിക്കും ആവാം……

മകൾക്കും ആ ചുമതല പൂർവാധികം ഭംഗിയായി നിർവഹിക്കാൻ സാധിക്കും.

രചന : മേഘ മയൂരി

Leave a Reply

Your email address will not be published. Required fields are marked *