കടപ്പാട്: ഏട്ടായിടെ അനിയൻകുട്ടി
“വൈഗ……… ഞാൻ നിന്നിലേക്ക് ഒന്ന് പടർന്നു കേറട്ടെ “.? ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അവന്റെ ആ ചോദ്യം.
നനഞ്ഞ തല തോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ അവനെ നോക്കി അവൾ പറഞ്ഞു “അഭി നീ ഇപ്പോൾ എന്തെങ്കിലും എന്നോട് പറഞ്ഞോ”…?
മ്മ്…. അല്ല പുറത്ത് നല്ല മഴയല്ലേ. പോരാത്തതിന് നമ്മൾ രണ്ടു പേരും കേറി നിൽക്കുന്ന ഈ കടത്തിണ്ണക്കടുത്ത് പോലും ഒരു മനുഷ്യ കുഞ്ഞു പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇനി ഈ മഴ ഇപ്പോ അടുത്തൊന്നും തോരുന്ന ലക്ഷണവും ഇല്ല. ആ സ്ഥിതിക്ക് വെറുതെ ചുമ്മാ ഒരു രസത്തിന്….
നനഞ്ഞ മാറിടത്തിൽ ഒട്ടി കിടന്ന ഷാളിനെ നെഞ്ചിൽ നിന്നും വലിച്ചു ഊരി അവനു നേരെ തിരിഞ്ഞു നിന്ന് കൊണ്ട് അവൾ ചോദിച്ചു
“ഇപ്പോൾ എന്നെ കണ്ടിട്ട് കൂടുതലായി നിനക്ക് എന്തെങ്കിലും തോന്നുണ്ടോ “..?
നിനക്കറിയാം എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണെന്ന്. ഇത് ആദ്യമായല്ല ഞാൻ നിന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്രകൾ പോകുന്നത്. കടൽ ഉറങ്ങുവോളം കരയിൽ നിന്റെ തോളോട് ചേർന്നിരുന്നു ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ട്. ആരും കാണാത്ത പുഴയോരങ്ങളുടെ തീരത്ത് ഇരുന്ന് പരസ്പരം നല്ല നിമിഷങ്ങളെ നമ്മൾ പങ്കു വെച്ചിട്ടുണ്ട്. ഒട്ടു മിക്ക കാമുകി കാമുകന്മാരെ പോലെ നിന്റെ ചുടു ചുംബനങ്ങൾ ഞാൻ എന്റെ കവിളിൽ ഏറ്റു വാങ്ങിയിട്ടുമുണ്ട്. പക്ഷെ അന്നൊന്നും ഞാൻ നിന്നിൽ കണ്ടിട്ടില്ലാത്ത എന്തിനെയോ കീഴടക്കണം എന്ന വികാരം ഇന്ന് നിന്നിൽ കാണുന്നുണ്ട്.
വൈഗ… അത് പിന്നെ ഞാൻ….പെട്ടന്ന് എനിക്ക് അങ്ങനെ തോന്നിയപ്പോൾ…..
“അഭി നീ ഇപ്പോൾ ആളി പടരുന്ന കാമവും ഞാൻ തണുത്തു മരവിച്ച പ്രണയവുമാണ്. ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി നിനക്ക് മുന്നിൽ പ്രണയത്തിന്റെ തിരശീല കൊണ്ട് മറച്ചു വെച്ച് നിന്നിലേക്ക് പടർന്നു കേറാൻ എനിക്ക് ആവില്ല. കെട്ട കാലത്തിന്റെ ശാപ വിത്തുകളെ ഉദരത്തിൽ മുളക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
“വൈഗ.. അപ്പോൾ നിനക്ക് എന്നോട് ഒട്ടും ഇഷ്ടമില്ലേ…? ഇതൊക്കെ ഒരു രസമല്ലെടോ? എല്ലാം ഒരു തമാശയായി കണ്ടു കൂടെ”..?
“അഭി…. എന്റെ മാറിടം ഒന്ന് നനഞ്ഞു ഒട്ടി കിടന്നത് കണ്ടപ്പോഴേക്കും നിന്നിൽ ഉണർന്ന ഈ വികാരത്തെ ആണോ നീ പ്രണയം എന്ന് പറയുന്നത് “..?
പിന്നെ നീ പറഞ്ഞ പോലെ നിന്റെ തമാശകൾക്ക് ഞാൻ ഇപ്പോൾ കൂട്ട് നിന്ന് അത് ഒരിക്കലും തിരുത്താൻ കഴിയാത്ത നോവായി മാറിയാൽ ഞാൻ നിന്നോട് നേരത്തെ പറഞ്ഞ പോലെ ആ കെട്ട കാലത്തിന്റെ ശാപ വിത്തുകളെ പൊട്ടകിണറ്റിൽ എറിഞ്ഞു കൊല്ലാനോ പാറമടയിൽ എറിയാനോ എനിക്ക് ആവില്ല. പിന്നെ അറിയാത്ത കാലത്തിന്റെ മടിത്തട്ടിലേക്ക് ആ കുഞ്ഞു വിത്തുകളെ വലിച്ചെറിയാൻ അവർ ഒരു തെറ്റും ചെയ്തിട്ടില്ലലോ….?
ഇനിയും അധിക നേരം ഞാൻ ഇവിടെ നിന്നാൽ ഒരുപക്ഷെ നിന്നോടുള്ള പ്രണയത്തിന്റെ പേരിൽ വലിയൊരു തെറ്റിലേക്ക് ഞാൻ വഴുതി വീണെന്ന് വരും. എന്തായാലും നനഞ്ഞതല്ലേ. ഈ മഴ കൊണ്ട് കുറച്ച് മുന്നോട്ട് നടന്നാൽ ഏതെങ്കിലും വണ്ടി കിട്ടാതിരിക്കില്ല. പിന്നെ എന്നും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അച്ഛൻ നൂറു രൂപ കൂടുതൽ തരും. പെണ്മക്കൾ അല്ലെ എത്ര വൈകിയാലും സുരക്ഷിതമായി വീട്ടിൽ എത്താൻ. ആ വിശ്വാസം തെറ്റിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ദീർഘ ശ്വാസം എടുത്ത് വിട്ട് അവൾ മഴയിലേക്ക് ഇറങ്ങി നടന്നു.
അവന്റെ കണ്ണിൽ നിന്നും മറയും മുൻപേ അവൾ ഒരിക്കൽ കൂടി അവനോട് പറഞ്ഞു.
“അഭി… ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു പുതപ്പിനുള്ളിൽ പുലരുവോളം നിന്റെ ചുടു ചുംബനങ്ങളിൽ കിടന്ന് പുളയണമെന്ന്.
പക്ഷെ അത് ഇന്നല്ല.അഗ്നി സാക്ഷിയായ് ഒരു നുള്ള് സിന്ദൂരവും ഒരു താലി ചരടും നീ എനിക്ക് നൽകുന്ന നാൾ”…..
ശുഭം❤
കടപ്പാട്: ഏട്ടായിടെ അനിയൻകുട്ടി