രചന : മാനസ ഹൃദയ
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അതിനെ വയറ്റിൽ വച്ച് തന്നെ അങ്ങ് കൊന്ന് കളഞ്ഞേക്കാൻ… പെങ്ങളുടെ മോളല്ലേന്നു വിചാരിച്ചു ഇവിടേക്ക് കൂട്ടി കൊണ്ട് വന്നതാ.. വേണ്ടായിരുന്നു.. തറവാട്ടിനപമാനമാക്കി വച്ചില്ലേ… ആ കൊച്ചിന്റെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നുണ്ടെനിക്ക്….. അതെങ്ങനാ.. ന്റെ സൽസ്വഭാവിയായ മകൻ ഒരുത്തൻ ഇവിടെ ഉണ്ടായിപ്പോയില്ലേ….ഇതിപ്പോ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണമായി… മേലേടത്തു വീട്ടിലെ അരവിന്ദ്ന് കല്യാണം കഴിക്കാതെ തന്നെ ഒരു ഭാര്യയെയും കുട്ടിയെയും കിട്ടി എന്ന്”
മഹേശ്വരൻ പുച്ഛത്തോടെ പറഞ്ഞപ്പോൾ അരവിന്ദ് ദേഷ്യം കടിച്ചമർത്തി.
“അതിനിപ്പോ അച്ഛനെന്താ…. … നിങ്ങൾക്ക് അത്രയ്ക്ക് അങ്ങട് സഹിക്കണില്ലേന്ന് വച്ച അവളേം കൊണ്ട് ഞാൻ എവിടെക്കേലും പോയിക്കോളാം”
ഇതെല്ലാം ലക്ഷ്മിയുടെ കാതുകളിൽ പതിയുകയായിരുന്നു…. അച്ഛനും മകനും വാക്ക് തർക്കത്തിലാവുന്നത് കേട്ട് തന്റെ അരികിലായി കിടത്തിയിട്ടുള്ള കുഞ്ഞിനേയും നോക്കി അവൾ അടക്കി പിടിച്ചു കരഞ്ഞു.
മഹേശ്വരൻ നമ്പ്യാരുടെ മൂത്ത പെങ്ങളായിരുന്നു ലക്ഷ്മിയുടെ അമ്മ ശാരദ . ആ അമ്മയുടെ മരണ ശേഷം മുതൽക്കേ അമ്മാവന്മാരുടെ കൂടെയായിരുന്നു അവളുടെ താമസം. …. കുഞ്ഞു നാൾമുതൽ ഇതുവരെയുള്ള ജീവിതവും പഠിപ്പും കാര്യങ്ങളുമെല്ലാം അവരായിരുന്നു നോക്കിയിരുന്നത്… അതിനിടയിയി പ്രായത്തിൻെറ വികൃതികളെന്നോണം അറിയാതൊരു പ്രണയവും ലക്ഷ്മിയുടെ മനസിൽ മുളച്ചു…. അയൽവാസിയും അമ്മാവന്മാരുടേ ഉറ്റ ചങ്ങാതിയുമായിരുന്ന മുഹമ്മദ് ഹാജ്യാരുടെ മകൻ ഷബീറുമായി പ്രണയം എന്ന സാഹസത്തിനു മുതിർന്നപ്പോൾ ലക്ഷ്മിക്ക് ഒട്ടും ഭയമില്ലായിരുന്നു.. ******* സ്വന്തം അമ്മാവനും മകനും തമ്മിലുള്ള സംഭാഷണം കേട്ടപ്പോൾ അവൾ വയ്യായികയാലും കുഞ്ഞിനേം വാരി പിടിച്ചെഴുന്നേറ്റു….. സമ്പാദ്യമെന്നു പറയാൻ മറ്റൊന്നും അവൾക്കുണ്ടായിരുന്നില്ല.. ആരും കാണാതെ മുറിയിൽ നിന്നും പുറത്തെറങ്ങി.
“വയ്യാ…അരവിന്ദേട്ടന്റെ വാശിക്ക് മുമ്പിൽ തോറ്റു പോയതാണ് അമ്മാവന്മാർ… ഇനിയും ഇവിടെ നിന്നാൽ ആ പാവത്തെ കൂടി എല്ലാവരും വെറുക്കും….”
ഓരോന്നു ഓർത്തു പുലമ്പി കൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ നേരെ ചെന്നു പെട്ടത് അരവിന്ദ്ന്റെ മുന്നിലായിരുന്നു…
“!മ്മ്മ്…. ങ്ങോട്ടാ…”
അവന്റെ ചോദ്യത്തിന് മുന്നിൽ ലക്ഷ്മി പരുങ്ങി….
“എങ്ങോട്ടേലും…. നിങ്ങൾ ഇങ്ങനെ തമ്മിൽ പിരിയണത് നിക്ക് കാണാൻ വയ്യാ…. പൊക്കോളാം ഞാൻ….നിക്കി വേണ്ടി അരവിന്ദേട്ടന്റെ ജീവിതം നശിപ്പിക്കരുത് !”
“എന്റെ ജീവിതം നശിക്കുകയാണെന്ന് ഞാൻ പറഞ്ഞോ.. ഇല്ലല്ലോ…”
“അരവിന്ദേട്ടാ വേണ്ട… ഇത് വരെ കൂടെ നിന്നതിനു എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല… എവിടേലും പൊക്കോളാം… ഇനിയും വേണ്ട…”
“ഷബീറോ? അവനെയും കാത്തിരിക്കാൻ തുടങ്ങീട്ട് നാളേറെയായില്ലേ…. എന്നെങ്കിലും ഒരു നാൾ നിന്നെ തേടി ഇവിടെ വന്നാൽ ഞാൻ എന്ത് പറയും ???”
അവൾ ഒന്നും മിണ്ടിയില്ല… പകരം മിഴികൾ നിറഞ്ഞു കവിയുകയായിരുന്നു….
“മ്മ്??? പറ”
“ഈ പത്തു മാസക്കാലം ഓന്റെ ചോരയെയും കൊണ്ട് നടന്നതാ ഞാൻ… ഒന്ന് കാണാൻ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചതാ.. പക്ഷെ.. വന്നില്ല… ഇനി വരുവേം ഇല്ലാ . ആർക്കും വേണ്ടാത്തവളായി ഈ ലക്ഷ്മി മാറി.. വരില്ല…. ഉറപ്പാ…. ഈ കുഞ്ഞു മാത്രേ നിക്കിപ്പോ ഉള്ളു…. ഇതിനേം കൊണ്ട് എങ്ങനേലും ജീവിച്ചോളാം”
“അവൻ വന്നാലോ…. നീ അങ്ങനെ ചിന്തിക്ക്”
അത്രയും ആകാംഷയോടെയായിരുന്നു അവൾ അത് കേട്ടത്…എവിടെ എന്ന ഭാവത്തിൽ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും പരതി.
“ഇവിടെങ്ങുമില്ല …… പക്ഷേ പിടിച്ചു നിക്ക്…. ഈ സമയത്ത് എങ്ങോട്ടും പോണ്ട..നിന്റെ മുന്നിൽ അവനെ ഞാൻ എത്തിച്ചു തരും. എന്റെ വാക്കാ… ഈ വയ്യായ്കഒക്കെ മാറട്ടെ….”
കുഞ്ഞിനെ ഒരു കയ്യിലൊതുക്കി കൊണ്ട് അവൾ അരവിന്ദ്നെ പിടിച്ചു വച്ചു.
“പറ്റിക്കാൻ പറീണതല്ലല്ലോ അരവിന്ദേട്ടാ…”
“അല്ല… എന്നെ വിശ്വാസല്ലേ നിനക്ക്…”
“ഈ ലോകത്തിപ്പോ ഷബീറിനെക്കാളും വിശ്വാസ എനിക്കിപ്പോ നിങ്ങളെ….”
“എങ്കിൽ പിന്നെ വാ.. ചെന്ന് കിടക്ക്… ഇങ്ങനെ എഴുന്നേറ്റ് നടക്കാനൊന്നും സമയം ആയില്ല…”
അവനവളെ പിടിച്ചു കൊണ്ട് അകത്തെ മുറിയിലെ കട്ടിലിൽ കൊണ്ടിരുത്തി…. ശാന്തമായി അവളുടെ കയ്യിൽ കുഞ്ഞ് ഉറങ്ങുന്നത് കണ്ടപ്പോൾ അവളുടെ കയ്യിൽ നിന്നുമതിനെ വാങ്ങി മെല്ലെ കിടത്തി കൊടുത്തു….
“ഷബീറിനെ പോലെതന്നെ അല്ലേ…”
മിഴികൾ നിറച്ചു കൊണ്ട് അതേ എന്ന് അവൾ തലയാട്ടുന്നുണ്ടായിരുന്നു… അരവിന്ദ് കടന്ന് പോയതും അവൾ തന്റെ പൊന്നോമനയുടെ മുഖത്തു ഒരു നനുത്ത മുത്തം നൽകി. കുഞ്ഞിനെ നോക്കുന്തോറും പ്രണയം സമ്മാനിച്ച ഓർമ്മകളും വേദനകളും അവളുടെ മനസിൽ ഇടം പിടിച്ചു…… ഓരോന്നും ഓർക്കേ മിഴികൾ നിറയുന്നുണ്ടായിരുന്നു.
********
“പച്ച വെള്ളം കൊടുത്തു പോകരുത് ഈ അസത്തിനു….പ്രേമം പോലും എന്നിട്ടെന്തായി നിനക്കൊരു സമ്മാനോം തന്നിട്ട് അവൻ അങ്ങ് മുങ്ങീലെ…”
കവിളിൽ കരുത്തുറ്റ കരങ്ങളാൽ പ്രഹരിച്ചു കൊണ്ട് മഹേശ്വരൻ ലക്ഷ്മിയെ വലിച്ചു നിലത്തിടുകയായിരുന്നു.
“ഇല്ലാ.. ഷബീര് എവിടേക്കും പോകില്ല… എന്നെ കാണാൻ വരും… നിക്കുറപ്പാ”
“മിണ്ടരുത്… കൊന്ന് കുഴിച്ചു മൂടും ഞാൻ.. അന്യ മതത്തിൽ പെട്ട ഒരുത്തനെ പ്രേമിച്ചതും പോരാ.. ന്നിട്ട് അവൻ ഇട്ടിട്ടു പോയിട്ടും അവളുടെ പ്രസംഗം കേട്ടില്ലേ”
“വേണ്ട .. അച്ഛാ ലക്ഷ്മിയെ വിട്ടേക്ക്”
അവള്ടെ വഴറ്റിനിട്ടു തൊഴിക്കുവാൻ തുടങ്ങിയ മഹേശ്വരനെ പിടിച്ചു വച്ചുകൊണ്ടരവിന്ദ് പറഞ്ഞു.
“വേണ്ട … ഒന്നല്ല രണ്ട് ജീവന.. പാപമാണ്….”
“പ്പാ… ഇവളെ തൊഴിക്കുമ്പോൾ ആർക്കുമില്ലാത്ത ദണ്ണമാണല്ലോ നിനക്ക്…കുടുംബത്തിന് നാണക്കേട് ആക്കി വച്ച ഇവളെ ഞാൻ പൂവിട്ടു പൂജിക്കണോ.. നാട്ടുകാരുടെ മുഖത്തിനി എങ്ങനെ നോക്കും…..”
അവളെ ഒന്ന് നോക്കിയ ശേഷം നിലം ഒന്നമർത്തി ചവിട്ടി കൊണ്ട് മഹേശ്വരൻ കടന്നു പോയി…വീട്ടിലെ അമ്മായിമാരും അപ്പോൾ തന്നെ സ്ഥലം കാലിയാക്കിയിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയിഴകളാൽ പേടിച്ചു കൊണ്ട് ലക്ഷ്മി ഒരു മൂലയിലേക്ക് ഒതുങ്ങിയിരുന്നു. അവളുടെ അടക്കി പിടിച്ച കരച്ചിൽ മാത്രമായിരുന്നു പിന്നീട് അവിടെ … ഏകാന്തമായ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അരവിന്ദ് അവളുടെ അടുത്തേക്ക് ചെന്നു ചേർത്തു പിടിച്ചു….
“എന്റെ ലക്ഷ്മി കുട്ടിക്ക് ഒരു തെറ്റ് പറ്റി പോയി….. പോട്ടെ സാരില്ല…”
‘കൈകളാൽ അവൻ അണയ്ച്ചപ്പോൾ അവൾ അരവിന്ദന്റെ ദേഹത്തേക്ക് ചാഞ്ഞു… “ഇങ്ങള് എന്തിനാ എന്നെ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കുന്നെ…ഓരോന്നിനും പിന്തുണയ്ക്കുന്നെ…” അവൾ വെറുതെ കരയുകയായിരുന്നു അപ്പോഴും…
“നിക്ക് ഷബീര്നോട് ഞാൻ പോലുമറിയാതെ ഒരിഷ്ടം മൊട്ടിട്ട് പോയി… അകലാൻ പറ്റാത്തത്ര….. അത്രയ്ക്ക് ബന്ധായിരുന്നല്ലോ അവന്റെ ഉപ്പയോടും കുടുംബത്തോടും അമ്മാവൻമാർക്ക്….. ന്നായാലും സമ്മതിക്കുംന്ന് ഞാനും നിരീച്ചു..പ്രേമം വീട്ടിൽ പിടിച്ചപ്പോ മുതൽ കൊള്ളണതാ ഈ അടീം തൊഴീം… ഇനി നിക്ക് വയ്യാ… നിക്ക് ന്റെ ശബീടെ ചോരയെ വേണം….. അവനു വേണ്ടേലും നിക്ക് വേണം ..ന്നാലും ഈ പെണ്ണിനെ വിട്ട് എവിടെ പോയതായിരിക്കും?? അടി കൊള്ളണതിനെക്കാൾ വേദനയ അവനെ കാണാതിരിക്കുമ്പോൾ”
“നീ കരയാതിരിക്ക്…. ഇനി ആരും എന്റെ ലക്ഷ്മിയെ അടിക്കില്ല…. ഞാൻ വിടില്ല….”
“പറ്റി പോയി അരവിന്ദേട്ടാ….. അത്രയ്ക്ക് ഇഷ്ടായോണ്ട ഞാൻ……..”
പറഞ്ഞു മുഴുവിപ്പിക്കുവാൻ സമ്മതിക്കാതെ അരവിന്ദ് അവളുടെ വായ പൊത്തിയിരുന്നു .. “വേണ്ട എനിക്കൊന്നും കേൾക്കേണ്ട… വെറുതെ കരഞ്ഞു തളരല്ലേ നീയ്…..”
അവളുടെ നീലിച്ച കൺ പോളയിലൂടെയും… ചുവപ്പാർന്ന കവിൾ തടങ്ങളലൂടെയും അവൻ വിരലോടിക്കുന്നുണ്ടായിരുന്നു. .. ആ തലോടലിനു പോലും മുഖത്തു വേദന ആയിരുന്നു… കണ്ണീർ ഒഴുകിച്ചു കൊണ്ട് അവന്റെ കൈ മെല്ലെ തട്ടി മാറ്റി.. തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റ അരവിന്ദ്നെ അകലും വരെ കൺ പാർത്തു….
ലക്ഷ്മിയുടെ കണ്ണുകൾ പിന്നെ തിരഞ്ഞത്. ജനൽ പാളികൾക്കിടയിലൂടെ കാണുന്ന ഷബീറിന്റെ മുറിയിലേക്കായിരുന്നു..അയല്പക്കത്തെ ആള്താമസം ഒഴിഞ്ഞ അവിടേക്ക് നോക്കുമ്പോൾ തന്നെ ഉള്ളിലെ പ്രണയം വേദനാതിരിനാളമായി മാറി….. അവന്റെ വാക്കുകളോരോന്നും കാതുകളിൽ മുഴങ്ങും പോലെ തോന്നി.
“ലക്ഷ്മി… നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല… നീ എന്റെയാ… ഈ ഷബീറിന്റെ മാത്രമാ…. കൺപോളകളിൽ ഇന്ന് കൊണ്ട പ്രഹരങ്ങളെക്കാൾ നല്ലൊരു ചുംബനവും പതിഞ്ഞിരുന്നെന്ന് ഓർത്തു… കവിൾ തടങ്ങൾ അവന്റെ ചെറു കടിയിൽ ചുമന്നതോർത്തു… പിന്നീടുണ്ടായ കുളിർ മഞ്ഞു പോലുള്ള അവന്റെ ലാളനകളും എതിർക്കുവാൻ വയ്യാതെ ചേർത്തണയിച്ചതും എല്ലാം കണ്ണുകളിലെ ഓർമ്മകളായി മാറി….. അപ്പോഴും പ്രതീക്ഷയായിരുന്നു….അവന്റെ ഉപ്പാടെ കൂടെ ന്തിനും ഏതിനും ഇറങ്ങി തിരിക്കുന്ന ഈ വീട്ട്കാരോട്…. അവർ നോയമ്പ് നോൽക്കുമ്പോൾ … അതേ ആചാരങ്ങളെ സ്വീകരിക്കുന്ന അമ്മാവൻമാരോട്… പക്ഷെ ഷബീർ പോകുമെന്ന് മാത്രം വിചാരിച്ചില്ല… എന്തിനാ എല്ലാം ഉപേക്ഷിച്ചു പോയത്… ഇനി എല്ലാരും പറയും പോലെ ഈ പെണ്ണിനെ ചതിച്ചതാണോ…. നിക്കറിയാം ഉള്ളിലുള്ള ഈ ജീവന്റെ തുടിപ്പ് നിങ്ങൾ അറിഞ്ഞാൽ എന്നെ തേടി വരുമെന്ന്…”
🌺🌺🌺
അന്ന് മുതൽ ഷബീറിന് വേണ്ടി കാത്തിരിക്കുന്നതായിരുന്നു ലക്ഷ്മി..അരവിന്ദന്റെ കണ്ണ് തെറ്റിയാൽ അമ്മായിമാർ അവളെ ദ്രോഹിക്കുമായിരുന്നു …എല്ലാവരും ഓമനിച്ച ലക്ഷ്മിയെ പിന്നെല്ലാവരും അധികപറ്റായി കാണാൻ തുടങ്ങി.. ഗർഭിണി ആയിരുന്നിട്ട് പോലും അവൾക്കൊരു സ്വസ്ഥത അവർ കൊടുത്തിരുന്നില്ല. പക്ഷെ അവളുടെ പ്രസവം കഴിഞ്ഞിട്ടും ഷബീർ വന്നില്ല….. അല്ല… ഈ കാര്യങ്ങളൊന്നും അവൻ അറിഞ്ഞില്ല…..പക്ഷെ അവൾ ഷബീറിനെ കുറിച്ചോർക്കാത്ത ദിന രാത്രങ്ങൾ ഇല്ലായിരുന്നു. ഒരു ചതി പറ്റിയോ എന്ന് പോലും അവൾക്ക് തോന്നുവായിരുന്നു.. അന്നൊരു പുലർച്ചെ അരവിന്ദന്റെ വിളി കേട്ടപ്പോഴാണ് പെണ്ണ് ഞെട്ടി ഉണർന്നത്…
“വാ.. ലക്ഷ്മി എഴുന്നേല്ക്ക്….പോകാം”
“എങ്ങേക്ക… നിക്ക് വയ്യാ…”
“സാരില്ല വാ”
അരവിന്ദ് ഒരു കയ്യാൽ അവളെ താങ്ങി. കുഞ്ഞിനെയും അവൻ വാരി എടുത്തു… ബഹളമുണ്ടാക്കാതെ അവളുടെ കയ്യും പിടിച്ചു അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി…..അപ്പോഴും ഒന്നും മനസിലാവാ മട്ടിലായിരുന്നു ലക്ഷ്മി. ഒടുക്കം ചെന്നെത്തിയത് ഒരു കടവത്തായിരുന്നു… മങ്ങിയ വെളിച്ചമായതിനാൽ ഒന്നും വ്യക്തമായിരുന്നില്ല… പക്ഷെ അവിടെ… അങ്ങകലെ ഒരു രൂപം കാണുമ്പോൾ തന്നെ ഉള്ളിലെ സ്നേഹ തിരയിളക്കം അലയടിക്കുവാൻ തുടങ്ങിയിരുന്നു…. നാവുകൾ അവൾ പോലുമറിയാതെ മന്ത്രിക്കുന്നുണ്ടായിരുന്നു “ഷബീർ…..” സന്തോഷത്താൽ അവൾ ഒന്നരവിന്ദനെ നോക്കി…. അപ്പോഴേക്കും അരവിന്ദ് അവളുടെ കൈയിലെ പിടുത്തം വിട്ടിരുന്നു…ഒരു മുത്തം നൽകികൊണ്ട് കുഞ്ഞിനെ അവളുടെ കൈകളിലേക്ക് ഏല്പിച്ചു….
“‘മ്മ്മ്.. പൊക്കോ.. രണ്ടാളും.. ഇനിയും അടീം തൊഴീം വാങ്ങി കൂട്ടണ്ട….”
“അരവിന്ദ്ട്ടാ ഞാൻ…..”
“വേണ്ട അവന്റെ കൂടെ പോ.. എല്ലാം ഞാൻ ഷബീറിനു കത്തയച്ചിരുന്നു… നിന്നേം കുഞ്ഞിനേം ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരിച്ചേൽപ്പിക്കും എന്ന വാക്കും കൊടുത്തിരുന്നു…”
“ലക്ഷ്മി…..”
ഷബീര് കുഞ്ഞിനെ വാങ്ങി തുരു തുരെ ചുംബിക്കുന്നത് കണ്ടു…. ഒരായിരം വട്ടം മാപ്പിരയ്ക്കുന്നത് കേട്ടു… ”
“മനഃപൂർവവമല്ല ലക്ഷ്മിയെ…എന്റെ ഉപ്പാക്ക് സമ്മതായിരുന്നു നിന്നെ എന്റെ ബീവി ആക്കാൻ…ആ കാര്യം അരവിന്ദേട്ടന്റെ അച്ഛനോട് സംസാരിക്കാനും ഉപ്പ ചെന്നിരുന്നു… പക്ഷെ അവർ സമ്മതിച്ചില്ല…പിന്നെ ദേഷ്യം മുഴുവൻ അവർ നിന്നിൽ തീർക്കാൻ തുടങ്ങി.. എന്നെ മാത്രം മതീന്ന് പറഞ്ഞു വാശി പിടിക്കുന്ന നിന്നെ തല്ലി ചതക്കണത് കാണാൻ വയ്യാത്തോണ്ട്… എന്നെ മറന്നോട്ടെന്ന് വച്ചു ഉപ്പ കൂട്ടീട്ട് പോയതാ… പക്ഷെ ഈ ജീവന്റെ തുടിപ്പ് ഞങ്ങൾ അറിഞ്ഞില്ലായിരുന്നു…… അരവിന്ദേട്ടൻ പറഞ്ഞപ്പോഴാ ഞാൻ……. ന്നോട് ക്ഷമിക്ക് പെണ്ണേ… നിന്നെ വേദനിപ്പിക്കണത് കാണാൻ വയ്യാത്തോണ്ട് പോയതാ…. എന്ന് വച്ചു ഓർക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു…. ഞങ്ങളിപ്പോ മറ്റൊരിടത്താ താമസം… അവിടെ എല്ലാവരും നിന്നേം കാത്തിരിക്ക്യ… ആർക്കും എതിർപ്പില്ല….. അരവിന്ദേട്ടാ… ഞാൻ ഇപ്പോ എങ്ങനെ നന്ദി……”
ഷബീർ കൈ കൂപ്പുമ്പോൾ അരവിന്ദ് തടഞ്ഞു..
“ഒന്നും പറയേണ്ട… എന്റെ ലക്ഷ്മീടെ അഗ്രഹാ നിന്റെ കൂടെയുള്ളരു ജീവിതം…പ്രണയം രണ്ടു കുടുംബങ്ങളെ തമ്മിൽ അകറ്റി… നിങ്ങളുടെ കുഞ്ഞ്.. അവനിതെല്ലാം അറിഞ്ഞു തന്നെ വളരണം. ദേ… രണ്ട് പേരെയും ഞാൻ നിന്നെ എൽപ്പിക്ക്യ….ഇടയ്ക്ക് കുഞ്ഞിനോട് പറയണം ഇങ്ങനൊരു മാമൻ ഉണ്ടായിരുന്നെന്ന്….ഞാൻ ഇനി നിങ്ങളെ തേടി വരില്ല….. മ്മ്… പോ…”
വള്ളം ചൂണ്ടി പറഞ്ഞപ്പോൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് രണ്ട് പേരും വള്ളത്തിൽ കയറി… ലക്ഷ്മിയുടെ കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു… ഒപ്പം സന്തോഷവും….. പക്ഷെ ഇവിടെ ഒരുവൻ ബാക്കിയാണ്…. ഈ നഷ്ടപ്രണയത്തിന്റെ ഉടമ അരവിന്ദ്…… പ്രണയം ഒളിപ്പിച്ചു വച്ചു അവൾക്ക് വേണ്ടി കീഴടങ്ങിയ അരവിന്ദ്…. അവർ അങ്ങകന്നു കഴിഞ്ഞപ്പോ പിന്നെ ഒരു മഴയായിരുന്നു… അവന്റെ കണ്ണീർ മഴ.
ആത്മാവിൽ കുറിച്ചിട്ട കൗമാരക്കാരി പെണ്ണിനോട് തോന്നിയ ഇഷ്ടം മുതൽ… അവൾക്ക് മറ്റൊരുവനെയാണ് ഇഷ്ടം എന്ന തിരിച്ചറിവ് മനസിൽ പതിഞ്ഞ വരെ ആയുസുണ്ടായിരുന്ന പ്രണയം. പറയാതെ ഒളിപ്പിച്ചു വച്ച അരവിന്ദന്റെ നിനക്കുള്ളൊരാ പ്രണയം. അവസാനിച്ചു. 🌺 ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…
രചന : മാനസ ഹൃദയ