Categories
Uncategorized

ഞാനെന്റെ ലക്ഷ്യത്തിൽ എത്തിയാൽ അന്ന് എന്നെ ചേർത്ത് പിടിച്ച്,അഭിമാനത്തോടെ…

രചന: അപർണ്ണ ഷാജി

“എന്ത് ചോദിച്ചാലും , ഇങ്ങനെ അറിയില്ലാന്ന് പറഞ്ഞ് ,, തല താഴ്ത്തി നിൽക്കാൻ നാണമാവുന്നില്ലേ നിനക്ക് …?? ” സഹതാപത്തിന്റെ ലാഞ്ചന തെല്ലുമില്ലാതെ , ഗൗരവത്തോടെ അവനത് ചോദിച്ചപ്പോൾ ,, തല ഉയർത്താനാവാതവൾ , വീണ്ടും അതേ നിൽപ്പ് തുടർന്നു ….

ഭൂമി പി ളർന്നു താൻ ഇല്ലാതായിരുന്നെങ്കിലെന്ന് ഒരുമാത്രേ ആ പെണ്ണിന്റെ ഉള്ളം ആഗ്രഹിച്ചു …. ഹൃദയത്തിൽ വലിയൊരു ഭാരമെടുത്തു വച്ചത് പോലെ ,, വല്ലാതെ നോവുന്നു …..

പ്രതിക്കൂട്ടിൽ അകപ്പെട്ട കുറ്റവാളിയെ പോലെ , തല കുനിച്ചു നിൽക്കുമ്പോൾ മഷിക്കറുപ്പില്ലാത്ത കരിമിഴികളിൽ നീർച്ചാലുകൾ , കവിളിണകളെ തഴുകിയൊഴുകാൻ വെമ്പൽ കൊണ്ടു … ഉള്ളിലുയരുന്ന തേങ്ങൽ അടക്കിപ്പിടിച്ചവൾ കരയാതെ നിന്നു ….

നിശ്വാസങ്ങൾ ഉയർന്ന് ,, വായുവിൽ അലിഞ്ഞു ചേർന്ന് ,, മൂകമായി ഏതാനും നിമിഷങ്ങൾ കടന്നു പോയി …

” ദ്രിപിക ….!!!! നിന്നോടാ ഞാൻ സംസാരിക്കുന്നത് … ” ആ ക്ലാസ് മുറിയാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഉയർന്നു കേട്ട അവന്റെ ശബ്ദത്തിൽ തെല്ലൊന്നവൾ പകച്ചുപോയി ….

വിളറിയ മുഖത്തോടെ തല ഉയർത്തുമ്പോൾ ,, മാറിൽ കൈകൾ കെട്ടി ,,ചുവരിൽ ചാരി നിന്ന് ,, തന്നിലേക്ക് തന്നെ മിഴികളൂന്നി നിൽക്കുന്ന ധ്യാൻവിനെയാണവൾ കാണുന്നത് ….

ദൈന്യതയോടെ അവളാ , ഗൗരവം നിറഞ്ഞ മുഖത്തേക്ക് നോക്കി …. ആ കണ്ണുകളിൽ , ക്രോതതത്തിനും , സഹതാപത്തിനപ്പറും മറ്റെന്തോ ഭാവമാണെന്നവൾക്ക് തോന്നി …. ആ കണ്ണുകളുടെ തീക്ഷ്ണതയെ നേരിടാനാവാതവൾ വീണ്ടും തല കുനിച്ചു ….

ചുറ്റും കൂടിയിരിക്കുന്നവരിൽ ചിലർ അനുതാപത്തോടെ അവളെ നോക്കുമ്പോൾ , മറ്റുചിലർ പരിഹാസത്തോടെ അടക്കിപ്പിടിച്ച ചിരിയുമായിരുന്നു ….

സെന്റ് മേരീസ് കോളേജിലെ , കെമിസ്ട്രി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ദ്രിപിക ബാലകൃഷ്ണൻ …. ഒന്നാം വർഷം അവസാനത്തോട് അടുത്തിട്ടും , ആ ക്ലാസിൽ ദ്രിപികക്ക് പറയത്തക്ക സൗഹൃദങ്ങൾ ഒന്നുമില്ല …. അധികമാരോടും അടുപ്പത്തിന് പോകാത്ത ക്ലാസ് റൂമിന്റെ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങി കൂടുന്നൊരു പാവം പെണ്ണ് ….!!!

ദ്രിപിക അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലായതുകൊണ്ട് അധ്യാപകർക്കൊന്നും അവളെക്കുറിച്ചു പരാതിയില്ല …

ആദ്യ സെമസ്റ്റർ പകുതി ആയപ്പോഴാണ് , അവരുടെ ക്ലാസ് ട്യൂട്ടറായിരുന്ന മിസ് , ഒരു ആക്സിഡന്റിൽ മരിക്കുന്നത് … ആ മിസ്സിന് പകരമായി ജോയിൻ ചെയ്ത ചെറുപ്പക്കാരനായ ലെക്ചറാണ് ധ്യാൻവിൻ രഘുറാം ….

ആദ്യമായി പഠിപ്പിക്കാൻ വരുന്നതിന്റെ ഒരു സഭാഗംഭവുമില്ലാതെയണവൻ ക്ലാസ്സിലേക്ക് കടന്നു വന്നത്….

നന്നായി പ്രസംഗിക്കാനറിയുന്ന ധ്യാൻവിന് , വന്ന ദിവസം തന്നെ , നർമ്മം നിറഞ്ഞ സംസാര ശൈലികൊണ്ട് , ഒരേ പോലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനായി ….

പിന്നീടുള്ള ദിവസങ്ങളിൽ മാന്യമായ പെരുമാറ്റത്തിലൂടെയും ,, സൗമ്യമായ മനോഭാവം കൊണ്ടും കുട്ടികളുടെ ഇടയിൽ ധ്യാൻവിൻ എന്ന അധ്യാപകൻ പ്രിയങ്കരനായി മാറി….

പഠനത്തിനപ്പുറം മറ്റു പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മുൻപന്തിയിൽ നിൽക്കണമെന്ന ആശയത്തെ മുന്നോട്ട് വച്ചുകൊണ്ട് ,, അതിനായി കോളേജിൽ പലപല കലാപരിപാടികൾ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുമ്പോൾ അധ്യാപകർക്കിടയിലും അയാൾ ശ്രദ്ധേയനായി മാറി …

പഠനത്തിനപ്പുറം പറയത്തക്ക മറ്റൊരു കഴിവുമില്ലാത്ത ദ്രിപികയായിരുന്നു, ധ്യാൻവിന്റെ സ്ഥിരം വേട്ടമൃഗം .. അൻപതിനോട് അടുത്ത് കുട്ടികൾ ഉള്ള ആ ക്ലാസിൽ , പറയാൻ ഒരു കഴിവുമില്ലാത്തവൾ അവൾ മാത്രമായി …. ഓരോ പ്രോഗ്രാം വരുമ്പോഴും ,, തനിക്ക് ഒന്നുമറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവൾക്ക് അവന്റെ ചീത്തവിളികൾ പതിവായി ….

എന്തിനാണയാൾ തന്നെമാത്രം എപ്പോഴും ഇത്രയേറെ വഴക്ക് പറയുന്നത് എന്നവൾക്ക് ഇന്നും അറിയില്ല …

ധ്യാൻവിൻ എന്ത് പറഞ്ഞാലും മറുത്തൊന്നും പറയാതെ , ദ്രിപിക കേട്ട് നിൽക്കും ….ഒരുപക്ഷേ അയാൾ പറയുന്നത് ശരി ആയതുകൊണ്ടാകും ,, എതിർത്തൊന്നും പറയാൻ ആ പെണ്ണിന് തോന്നാറില്ല ….

ആർട്‌സ് ഡേ , അടുത്ത് വരുന്നതിന്റെ ഭാഗമായി , ഓരോരുത്തരും എന്തൊക്കെ പ്രോഗ്രാമിനാണ് പങ്കെടുക്കുന്നത് എന്ന ,, ചർച്ച നടക്കുന്നതിനിടയിലാണ് , ഒന്നിനുമില്ല എന്ന് പറഞ്ഞ് , ഒഴിഞ്ഞു മാറിയ ദ്രിപികയെ അവൻ വഴക്ക് പറഞ്ഞത് ….

ആരോടും ഒന്നും മിണ്ടാതെ ക്ലാസ്സിന്റെ ഒരു കോർണറിൽ ഒതുങ്ങി കൂടുന്ന , ലൈബ്രറിയിൽ ഒറ്റക്ക് കാണുന്ന ആ പെണ്ണിനെ വന്ന അന്ന് മുതൽ ധ്യാൻവിൻ ശ്രദ്ധിക്കുന്നതാണ് …..

തനിക്ക് മുന്നിൽ കള്ളംപിടിക്കപ്പെട്ട കുട്ടിയെ പോലെ തല താഴ്ത്തി നിൽക്കുന്ന ദ്രിപികയെ അവൻ വെറുതെ നോക്കി നിന്നു …

ഇരുനിറമെങ്കിലും ഐശ്വര്യം വിളങ്ങുന്ന മുഖം…. നെറ്റിയിലും , കവിളിലുമായി കാണുന്ന മുഖക്കുരു ആ മുഖത്തിനൊരു അഭംഗിയായി തോന്നുകയില്ല … അലസമായി പിന്നിയിട്ട എണ്ണമയമില്ലാത്ത ചെമ്പൻ മുടിയിഴകളിൽ ചിലത് , അനുസരണയില്ലാതെ പാറി കളിച്ചു …. നെറ്റിയിൽ ഒരു കുഞ്ഞു വട്ടപൊട്ടല്ലാതെ മറ്റു ചമയങ്ങൾ ഒന്നുമില്ല ….

ഉമിനീർ നനവില്ലാത്ത വരണ്ട ചുണ്ടുകളും ,, കലങ്ങിയ നയനങ്ങളും അവളുടെ സങ്കടം വിളിച്ചോതി ….

വിരസതയോടെ വിരലുകൾ ചുരുട്ടിപ്പിടിച്ച് , കൈയുഴിഞ്ഞ് നിൽക്കുന്നവളെ കാണവേ ധ്യാൻവിന് ചെറിയൊരു സങ്കടം തോന്നി ….

എങ്കിലും താൻ പറയുന്നതൊക്കെ അവളുടെ നല്ലതിന് വേണ്ടിയാണല്ലോ എന്നോർത്തവൻ ആശ്വാസം കണ്ടെത്തി ….

” ദ്രിപിക …. ” ഒരു കുസൃതി ചിരി ചുണ്ടിലൊളിപ്പിച്ചവൻ ഡെസ്കിൽ ഒന്ന് കൊട്ടിയതും , ആലോചനയിൽ മുഴുകി നിന്നവൾ ഞെട്ടിപ്പോയി ….

എന്തെന്ന ഭാവത്തിൽ പുരികകൊടികൾ വളച്ചുപിടിച്ച് , ധ്യാൻവിനെ നോക്കി … പകപ്പോടെ നിൽക്കുന്നവളുടെ മേൽചുണ്ടിനുമുകളിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു ….

ഇനിയെന്താകും അവൻ പറയാൻ പോകുന്നത് എന്നോർത്തുള്ള ടെൻഷനിൽ ചുണ്ടുകൾ കൂട്ടിപിടിച്ച് വെപ്രാളത്തോടെ നിന്നു …

” ഒരു competitive വേൾഡിലാ നമ്മളൊക്കെ ജീവിക്കുന്നത് …. ഈ ലോകത്തിൽ ‘ എനിക്ക് ഒന്നും അറിയില്ല ‘ എന്ന് പറയുന്നവർക്ക് , ഇനിയുള്ള കാലത്ത് ആരും ഒരു വിലയും നൽകില്ല …..!!! ഇപ്പോൾ നീ തല താഴ്ത്തി പിടിച്ചു നിൽക്കുന്ന പോലെ ജീവിതകാലം മുഴുവൻ തല താഴ്ത്തി പിടിച്ചു നിൽക്കേണ്ടി വരും …. ഇങ്ങനെ നിൽക്കാനാണോ നിനക്ക് ഇഷ്ടം ….?? ” വളരെ സൗമ്യമായി അവനത് ചോദിച്ചതും ,, ദ്രിപിക മുഖമുയർത്തി അല്ലെന്ന് തല ചലിപ്പിച്ചു ….

അവനൊന്ന് ചിരിച്ചു ….

” പിന്നെന്താ ഇയാൾ ഇപ്പോൾ നന്നായി പഠിക്കാത്തത് …. ??? ഓരോ exam കഴിയുമ്പോഴും തന്റെ മാർക്ക് കുറഞ്ഞാണല്ലോ വരുന്നത് … ?? ” ചോദ്യഭാവത്തിൽ അവളിലേക്ക് മിഴികളെറിഞ്ഞതും ,, ദയനീയമായൊന്ന് നോക്കിയതല്ലാതെ ,, അതിനവൾ മറുപടിയൊന്നും നൽകിയില്ല …..

” ഇനിയുള്ള രണ്ടുവർഷം എങ്ങനെയെങ്കിലും തള്ളി നീക്കി … പേരിനൊരു ഡിഗ്രിയും സ്വന്തമാക്കി , പഠിത്തം നിർത്തി ,, ആരെയെങ്കിലും കല്യാണം കഴിക്കാൻ ആണോടോ പ്ലാൻ ….?? അതാണോ പഠിത്തം വേണ്ടാന്ന് വച്ചിട്ട് , ഉഴപ്പാൻ തുടങ്ങിയത്…?? ”

“അങ്ങനെ … ഒന്നുമില്ല … ഞാൻ … പഠിക്കണുണ്ട് …. ” നേർത്തതെങ്കിലും , ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ ….

” അതെന്താ സാർ കല്യാണം കഴിക്കുന്നത് അത്ര മോശമാണോ ….?? ” ഇരുവരുടെയും സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന ആൺകുട്ടികളിൽ ഒരാളുടെതായിരുന്നു ആ ചോദ്യം …. ധ്യാൻവിൻ ഒന്ന് ചിരിച്ചു ….

” കല്യാണം കഴിക്കുന്നത് മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല … മോശമായി ഇതുവരെ തോന്നീട്ടില്ല …!!! എന്നാൽ അതത്ര മഹത്തായ കാര്യമായും തോന്നിയിട്ടില്ല …!!!

ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് കല്യാണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല …. എന്റെ മാത്രം അഭിപ്രായമാണ് ….അതുകൊണ്ട് തന്നെ പത്തിരൂപത് വയസ്സാകുമ്പോൾ തൊട്ട് കല്യാണം , കല്യാണം എന്ന് പറഞ്ഞു നടക്കുന്നവരോട് പുച്ഛവുമാണ് ….

നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തിൽ എക്സ്‌പ്ലോർ ചെയ്യാൻ ഉണ്ട് …. അല്ലാണ്ട് കല്യാണം കഴിക്കുന്നത് മാത്രമല്ല അശ്വവിനെ ജീവിതം …. ” മുഴുവൻ കുട്ടികളോടുമായിട്ടാണവനത് പറഞ്ഞതെങ്കിലും ,, അവസാനത്തെ വരി ആ ചോദ്യം ചോദിച്ച അശ്വവിനോടായിട്ടാണ് പറഞ്ഞത് …

” പുസ്തകത്തിലുള്ളത് കാണാതെ പഠിച്ചതുകൊണ്ട് മാത്രം , ഉയരങ്ങളിൽ എത്താൻ കഴിയില്ല …. ഇനിയും ടൈമുണ്ട് …. വേണമെന്ന് വച്ചാൽ ,, നിനക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാം …. പരിശ്രമിക്കണമെന്ന് മാത്രം …!!! ” ദ്രിപികയോട് അത്രയും പറഞ്ഞശേഷമവൻ തന്റെ ബുക്‌സും എടുത്ത് ക്ലാസ്സിന് പുറത്തേക്ക് പോയി ….

വീട്ടിലേക്കുള്ള യാത്രയിൽ , ബസിൽ തിരക്കൊഴിഞ്ഞപ്പോൾ ആളൊഴിഞ്ഞൊരു സീറ്റിലിരുന്നവൾ സ്വയമൊന്ന് വിലയിരുത്താൻ ശ്രമിച്ചു … കുറച്ചു പഠിക്കും എന്നല്ലാതെ മറ്റൊരു കഴിവും , ദ്രിപികക്ക് തന്നിൽ കണ്ടെത്താൻ കഴിഞ്ഞില്ല ….

എന്തിന് മറ്റുള്ളവരോട് നന്നായി സംസാരിക്കാനും ,, നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ പോലും തനിക്ക് അറിയില്ല എന്ന തിരിച്ചറിവിലവൾക്ക് ചെറിയൊരു വിഷമം തോന്നി ….

അന്ന് വീട്ടിൽ എത്തിയിട്ടും ദ്രിപികയുടെ മനസ്സിൽ ധ്യാൻവിൻ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു …..

കോളേജിൽ നിന്ന് വന്നത് മുതൽ , യൂണിഫോം പോലും മാറ്റാതെ ടിവിയും ഓൺ ചെയ്‌തു വച്ച് , ആലോചനയിൽമുഴുകിയിരിക്കുന്ന ദ്രിപികയോട് അമ്മ കാര്യം തിരക്കിയെങ്കിലും ,, കണ്ണ് നിറച്ച് , കത്തുന്നൊരു നോട്ടം മാത്രമായിരുന്നു മറുപടി …

ജോലി കഴിഞ്ഞ് അച്ചൻ ബാലകൃഷ്ണൻ വരുമ്പോഴും , അവൾ സെറ്റിയിൽ അതേ ഇരുപ്പാണ് … കയ്യിലിരുന്ന പലഹാരപ്പൊതി അയാൾ , അവൾക്ക് നേരെ നീട്ടിയതും , അവളാ കൈ തട്ടി മാറ്റി …മുഖം ഒന്നൂടെ വീർപ്പിച്ചു പിടിച്ചു …

അവളുടെ ഇരുപ്പും , പ്രവൃത്തിയും അയാളിൽ ചിരി വിരിയിച്ചപ്പോൾ ആ പെണ്ണിന്റെ ഉള്ളം നോവുന്നുണ്ടായിരുന്നു … ആ സങ്കടം തിരിച്ചറിഞ്ഞ പോലെ അയാളുടെ മുഖത്തെ ചിരിയിൽ മങ്ങൽ വീണു ….

” എന്റെ ദച്ചൂട്ടിക്ക് എന്തുപറ്റി … ” ഫ്രഷായി വന്ന് , കയ്യിൽ രണ്ടുകപ്പ് ചായുമായി അയാൾ ദ്രിപികക്ക് അരികിൽ വന്നിരുന്നു ….അതിലൊന്ന് , നിർബന്ധിച്ച് അവളുടെ കയ്യിൽ കൊടുത്തു ….

ഏകമകൾ ആയതുകൊണ്ട് ദ്രിപികയെ അമ്മയും , അച്ചനും വഴക്ക് പറയാറില്ലെങ്കിലും ,, അമ്മയെക്കാൾ അവൾക്കിഷ്ടം അച്ചനെയാണ് … അച്ചനും അമ്മയും മാത്രമായി ആ പെണ്ണിന്റെ ലോകം ചുരുങ്ങി പോയിരുന്നു …

ബാല്യത്തിലെ ഏകത്വം വലുതായപ്പോൾ ,, അവളുടെ ഇഷ്ട്ടങ്ങളിൽ ഒന്നായി മാറി … അച്ചനും , അമ്മയും അല്ലാതെ മറ്റൊരാളോടും അടുക്കാൻ അവൾക്ക് തോന്നിയിട്ടില്ല …. ഏകാന്തതയെ അവൾ തന്റെ സഹചാരിയാക്കി മാറ്റി ….

” ദച്ചൂ … ” വാത്സല്യം നിറഞ്ഞാവിളിയിൽ ,, തല ചരിച്ചവൾ നോക്കി ….

” എന്തുപറ്റി എന്റെ മോൾക്ക് ….എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ….?? ”

” എന്തിനാ നിങ്ങളെന്നെ ,, ഇങ്ങനെ ഒന്നിനും കഴിവില്ലാത്ത ഒരാളാക്കി വളർത്തിയത് ….. ?? ” അമർഷത്തേക്കാൾ ഏറെ സങ്കടമായിരുന്നു … അച്ചന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് നീർധാരകൾ ചാലുകൾ തീർത്തു ഭൂമിയിൽ മുത്തമിട്ടു ….

അച്ചനും , അമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി …. ഇപ്പോൾ ഇരുവരും ഗവർണമെന്റ് ജോലിക്കാരാണെങ്കിലും ,, വീട്ടുകാരെ എതിർത്തു , പ്രണയിച്ചു വിവാഹം കഴിച്ച ഇരുവർക്കും ആദ്യനാളുകളിൽ പട്ടിണിയും , കഷ്ട്ടപ്പാടും മാത്രമായിരുന്നു കൂട്ടിന് ഉണ്ടായിരുന്നത് ….

അതുകൊണ്ട് തന്നെ ആ സമയത്ത് മകളുടെ നല്ല ഭാവിക്കായി ,, ഒന്നും കണ്ടറിഞ്ഞ് ചെയ്യാൻ അവർക്ക് ആയില്ല …..

ഇരുവരുടെയും കണ്ണ് നിറഞ്ഞിരിക്കുന്ന കണ്ടതും ,, ദ്രിപിക വേഗം തന്റെ കണ്ണ് തുടച്ചു ….. അച്ഛനെയും ,അമ്മയെയും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതിലവൾക്ക് , കുറ്റബോധം തോന്നി ….. സ്വയം കയ്യിലൊന്നടിച്ചു … മുഖമുയർത്തി , രണ്ടുപേരെയും മാറി മാറി നോക്കി ….

” അതേയ് നിങ്ങളോട് രണ്ടുപേരോടും നിക്കൊരു കാര്യം പറയണം … ”

ഗൗരവത്തോടെ ദ്രിപിക പറഞ്ഞതും ,, എന്താകും അവൾ പറയാൻ പോകുന്നതെന്ന് അറിയാനുള്ള വ്യഗ്രതയോടെ രണ്ടുപേരും അവളെ നോക്കി …

” എനിക്ക് കരാട്ടെ പഠിക്കണം …. ” നേർത്തൊരു ചിരിയോടെയാണവളത് പറഞ്ഞത് …. അമ്മ എന്തോ പറയാൻ തുടങ്ങിയതും ,, അയാൾ കണ്ണടച്ചു കാട്ടി ഒന്നും പറയരുത് എന്ന് ആംഗ്യം കാണിച്ചു …..

ഇന്ന് കോളേജിൽ നടന്നതൊക്കെയും ഒറ്റശ്വാസത്തിൽ , ദ്രിപിക ഇരുവരോടുമായി പറഞ്ഞു ….

” ദച്ചൂ …ഞാൻ കോളേജിൽ വന്ന് ആ സാറിനെ ഒന്ന് കാണണോ ….? ” അൽപ്പസമയത്തെ മൗനത്തിന് ശേഷം ചെറുചിരിയോടെയാണ് അയാൾ ചോദിച്ചത് …

” എന്റച്ചേ …. ഇത് ലൗ ഒന്നുമല്ല ….. ആ ക്ലാസ്സിലെ ലോക തോൽവിയായ എന്നോടുള്ള സഹതാപം കൊണ്ട് ,, ആ സാർ ഇടക്കിടെ വഴക്ക് പറയുന്നതാ …. ”

” അതിന് ലൗ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ … ”

” ആഹ് .. അല്ലെങ്കിലും അച്ചൻ പറയില്ല …. !! നിക്കറിയാം …. ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞതാ …

അങ്ങേരെ കാണാൻ നല്ല ഭംഗിയാ … സാറിനെ എല്ലാവർക്കും ഇഷ്ട്ടമാ …. പക്ഷേ ആ സാറിന് ,ഞങ്ങളുടെ ക്ലാസ്സിൽ എന്നെ മാത്രം ആന്ന് തോന്നുന്നു ഇഷ്ട്ടമില്ലാത്തത് …. അല്ലെങ്കിൽ തന്നെ ഇഷ്ട്ടപ്പെടാൻ മാത്രം പ്രിത്യേകത ഒന്നും എനിക്കില്ലല്ലോ … ” സങ്കടത്തോടെ അതും പറഞ്ഞ് , ഇരുന്നിടത്തു നിന്നും എണീറ്റു ….

” അമ്മാ…. നല്ല വിശപ്പ് …കാര്യമായി എന്തെങ്കിലും എടുത്തു വയ്ക്കണേ … ഞാൻ കുളിച്ചിട്ട് വരാം … ” അച്ചനും അമ്മക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് ഓടുമ്പോൾ എന്തിനെന്നില്ലാതെ ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു …

****** ദ്രിപിക പറഞ്ഞ പോലെതന്നെ കരാട്ടെ ക്ലാസ്സിൽ ജോയിൻ ചെയ്തു … അതിനൊപ്പം തന്നെ അവധി ദിവസങ്ങളിൽ ,, അച്ചന്റെ ഒരു സുഹൃത്തിന്റെയടുത്ത് ഡ്രോയിങ് പഠിക്കാനും പോകാൻ തുടങ്ങി …. ഓൺലൈനായി വിവിധ ഭാഷകൾ പഠിച്ചു തുടങ്ങി …..

ധ്യാൻവിൻ ക്ലാസ്സിൽ വരുമ്പോഴൊല്ലാം ,, ദ്രിപികയോട് മാത്രമായി എന്തെങ്കിലും ഒക്കെ തിരക്കും …. പണ്ടത്തെക്കാൾ ആർജവത്തോടെ മറുപടി നൽകുമ്പോൾ , പരിഹാസത്തോടെ നോക്കിയവരൊക്കെ തന്നെ അത്ഭുതത്തോടെ നോക്കുന്നത് ആ പെണ്ണിന് ആനന്ദം പകരുന്ന കാഴ്ചയായിരുന്നു …

നേരത്തത്തെക്കാൾ ഉത്സാഹത്തോടെ ദ്രിപിക പഠിച്ചു …. പഠനത്തിന്റെ വിരസത മാറ്റാൻ ലൈബ്രറി ബുക്കിന്റെ വായന കൂടി ….

ഒരുദിവസം ലൈബ്രറിയിൽ ബുക്ക് തിരയുന്നതിനിടയിലാണ് ധ്യാൻവിൻ വലിയൊരു ബുക്ക് അവൾക്ക് നേരെ നീട്ടുന്നത് ….

‘ ലെ മിസെറബിൾസ് ‘ എന്ന വിക്ടർഹ്യൂഗോയുടെ ബുക്കിന്റെ മലയാളം പതിപ്പായിരുന്നത് …

ചെറിയ ബുക്കുകൾ വായിക്കാൻ ഇഷ്ട്ടപെടുന്ന ദ്രിപിക ആ ബുക്കിന്റെ വലിപ്പം കണ്ടു വാങ്ങാൻ മടിച്ചു നിന്നു …

” നല്ല ബുക്കാടോ , ഒരിക്കലെങ്കിലും ഇതൊക്കെ വായിക്കണം …!! ” നേർത്തൊരു ചിരി നൽകി ,അവളാ ബുക്ക് വാങ്ങി … കൂടുതൽ ഒന്നും പറയാതെ അവനും നടന്നകന്നു …

” മുഴുവൻ വായിക്കണേ ….” നടന്നകലുമ്പോൾ ഒരു കുസൃതിചിരിയുടെ അകമ്പടിയോടെ തിരിഞ്ഞുനോക്കി പറഞ്ഞു ….. ചെറുചിരിയോടെ ഇരുവശത്തേക്കും തല ചലിപ്പിച്ചവൾ , മറുപടി നൽകി …

പിന്നീട് ദ്രിപികക്ക് ബുക്കുകൾ നൽകുന്നതവൻ പതിവാക്കി … അവൾക്ക് നൽകിയിരുന്നത് അത്രയും , ധ്യാൻവിന്റെ സ്വന്തം ബുക്കുകളായിരുന്നു ….

ദ്രിപികയുടെ പിറന്നാളിനവൻ , സമ്മാനം നൽകിയപ്പോൾ , സന്തോഷത്തെക്കാൾ അധികം അവളിൽ ഞെട്ടലായിരുന്നു …. അച്ഛനും , അമ്മയും അല്ലാതൊരാൾ ആദ്യമായിട്ടാണ് അവൾക്ക് ഗിഫ്റ്റ് നൽകുന്നത് …. കാരണമറിയാതെ അന്നാ പെണ്ണിന്റെ മിഴികൾ ഈറനണിഞ്ഞു ….

ദിവസങ്ങൾ കടന്നു പോകും തോറും ,, ഇരുവരും കൂടുതൽ അടുത്തു … ലൈബ്രറിയിലും , ക്ലാസ് റൂമിലും , കാന്റീനിലുമൊക്കെ വച്ചു കാണുമ്പോൾ ,, ദ്രിപിക അവനോട് സംസാരിക്കാൻ തുടങ്ങി …. അധികം ദൈർഘ്യമില്ലാത്ത സംസാരം….

****

സെക്കന്റിയറിൽ എത്തിയപ്പോഴേക്കും ദ്രിപികക്ക് ഒരുപാട് സൗഹൃദങ്ങളായി … ഒരുപക്ഷേ ആ ക്ലാസ്സിൽ എല്ലാവരോടും ഒരേപോലെ സംസാരിക്കുകയും , ഇടപഴകുകയും ചെയ്യുന്ന ഒരാൾ അവൾ മാത്രമായി …

ധ്യാൻവിൻ അവളോട് കാണിക്കുന്ന അടുപ്പത്തിന് ,,സുഹൃത്തുക്കളിൽ പലരും പ്രണയമെന്ന നിർവചനം നൽകിയപ്പോൾ , അവളതിന് മറുപടി നൽകാൻ നിന്നില്ല … ദ്രിപികക്ക് അയാൾ നല്ലൊരു അധ്യാപകൻ മാത്രമായിരുന്നു ….

തേർഡിയർ ആയപ്പോഴേക്കും കോളേജിൽ എന്തെങ്കിലും പ്രോഗ്രാം വരുമ്പോൾ ,, ഒന്നിനും പങ്കെടുത്തില്ലെങ്കിലും എല്ലാം കോർഡിനേറ്റ് ചെയ്യുന്നത് അവളായിരുന്നു ……

********

” എന്തായിത് ….?? ” ധ്യാൻവിൻ ടേബിളിലേക്ക് നീക്കി വച്ച മോഡൽ exam ന്റെ ആൻസർ ഷീറ്റിലേക്കവൾ നോക്കിയതേ ഇല്ല …. മാർക്ക് കുറവായിരിക്കും എന്ന് ഉറപ്പായിരുന്നു …. ഗൗരവും നിറഞ്ഞ ആ മുഖത്തേക്ക് നോക്കി ,, നേർത്തൊരു ചിരി നൽകിയപ്പോൾ , അവന്റെ മുഖം ഒന്നൂടെ കനത്തു …..

” ഞാൻ പഠിക്കാഞ്ഞിട്ടല്ല …. എനിക്കാ ‘ദിവ്യ’ മിസ് പഠിപ്പിക്കണതൊന്നും മനസ്സിലാവണില്ല….. അതാ മാർക്ക് കുറഞ്ഞത് ….” രൂക്ഷമായ ആ നോട്ടത്തിന് മറുപടിയെന്നോണം ,, ഡിപ്പാർട്ട്‌മെന്റിൽ വേറെ ആരുമില്ലാന്ന് ഉറപ്പാക്കിയ ശേഷം പറഞ്ഞു ….

” നിനക്ക് മാത്രമേ മാർക്ക് കുറവുള്ളു …. ബാക്കി ഉള്ളവർക്കൊക്കെ , മാർക് ഉണ്ടല്ലോ …. ”

” ആ മിസ് നന്നായിട്ട് പഠിപ്പിക്കുന്നൊക്കെയുണ്ട് … പക്ഷേ എന്തോ , അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലാവണില്ല്യ …. ”

” അതിന് ക്ലാസ്സിൽ ശ്രദ്ധിക്കണം ..!! വഴിയെ പോകുന്നവരെ നോക്കി ഇരുന്നാൽ , മനസ്സിലാവില്ല …!! ” കഴിഞ്ഞ ദിവസം ദ്രിപിക ,, ക്ലാസിലിരുന്നപ്പോൾ യാദൃശ്ചികമായി പുറത്തേക്ക് നോക്കിയതും , കോറിഡോറിലൂടെ നടന്നപോകുന്ന ധ്യാൻവിനെയാണ് കണ്ടത് …. അവൾ നോക്കിയത് , അവനും കണ്ടിരുന്നു … അതാണ് ഇപ്പോൾ പറഞ്ഞതെന്ന് മനസ്സിലായതുകൊണ്ട് , ദ്രിപിക മറുപടിയൊന്നും നൽകിയില്ല…

” നാളെ സാറ്റർഡേ അല്ലെ .. സ്‌പെഷ്യൽ ക്ലാസ് ഒന്നുമില്ലാല്ലോ … വീട്ടിലേക്ക് വന്നാൽ ,,ഞാൻ പറഞ്ഞു തരാം …!!” കേട്ടത് വിശ്വാസം വരാത്തപോലെ അവളാ മുഖത്തേക്ക് നോക്കി ,, കണ്ണ് മിഴിച്ചു …. മറുപടിയൊന്നും പറയാനാവാതെ സംശയത്തോടെ നിന്നു ….

” എനിക്ക് അമ്മയും , അനിയത്തിയും ഒക്കെയുണ്ട് …. വിശ്വാസം ഉണ്ടെങ്കിൽ വന്നാൽ മതി …. ഇനി നീ വരുവാണേലും , ഒറ്റക്ക് വരേണ്ട …. ഫ്രണ്ട്സിനൊപ്പമോ ,, അല്ലെങ്കിൽ siblings ന്റെ കൂടെയോ വന്നാൽ മതി….” അവൾ സംശയിച്ചു നിൽക്കുന്ന കണ്ടുകൊണ്ട് പറഞ്ഞു …

” സോറി സാർ … ഞാൻ അങ്ങനെ ഒന്നും ഓർത്തല്ല …. നിക്ക്‌ വരാൻ പേടിയൊന്നുമില്ല.. ”

” എനിക്ക് ഈ hour ക്ലാസ് ഉണ്ട് ….. ” മറ്റൊന്നും പറയാതവൻ എണീറ്റ് പോയതും , ദ്രിപികക്ക് സങ്കടം വന്നു ….

” ക്ലാസ്സിൽ പോടി …. ഒന്ന് ഓർമിപ്പിച്ചാൽ മതി ,, അഡ്രസ് ഞാൻ വാട്സപ്പ് ചെയ്തേക്കാം …. ” ദ്രിപിക അവിടെ തന്നെ നിൽക്കുന്നത് കണ്ടുകൊണ്ട്, തിരിച്ചു വന്ന് അത്രയും പറഞ്ഞിട്ടവൻ ,, ക്ലാസ്സിലേക്ക് പോയി ….

****** അച്ഛനൊപ്പമാണവൾ ധ്യാൻവിന്റെ വീട്ടിലേക്ക് പോയത് …

കാറിൽ നിന്നിയറങ്ങിയപ്പോൾ തന്നെ മിഴികൾ ചെന്ന് നിന്നത് ഗാർഡനിൽ ചെടികൾ നനക്കുന്ന ധ്യാൻവിനിലാണ് …

എങ്കിലും അവനെക്കാൾ , ദ്രിപിക ശ്രദ്ധിച്ചത് മനോഹരമായ ആ ഉദ്യാനമായിരുന്നു … നാനാവർണ്ണങ്ങളിൽ വിടർന്ന് നിൽക്കുന്ന പനിനീർ പൂക്കളുടെ ഭംഗി നോക്കി നിൽക്കവേ , ധ്യാൻവിൻ അടുത്തുവന്നതറിഞ്ഞ് അവനെ നോക്കി ,, മനോഹരമായൊരു ചിരി സമ്മാനിച്ചു ….

” ഗുഡ് മോർണിംഗ് സാർ … ”

” മോർണിംഗ് …. ” അവളെയൊന്ന് നോക്കി ചിരിച്ച ശേഷം …. ദ്രിപികക്കൊപ്പം വന്ന അച്ഛനെയവൻ പരിചയപ്പെട്ടു …. ഏതാനും നിമിഷത്തെ സംസാരത്തിനൊടുവിൽ ദ്രിപികയെ അവിടാക്കി അച്ചൻ തിരികെ പോയി ….

വീടിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു നിന്നവളെ കണ്ണുരുട്ടി ഒന്ന് നോക്കിയതും , ആള് ടെക്സ്റ്റും , നോട്സും എടുത്തു ടേബിളിൽ വച്ച് ,പഠിക്കാൻ റെഡിയായിരുന്നു …

ഓരോന്നും പറഞ്ഞു കൊടുത്തതിന് ശേഷം , അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആക്ടിവിറ്റി കൊടുത്തിട്ട് ,, ധ്യാൻവിൻ അമ്മയെ സഹായിക്കാൻ പോകും …. ആ കാഴ്ചകൾ ഒക്കെയും അവൾക്ക് പുതുമയുള്ളതായിരുന്നു ….

” മതി വിനു…. കുറെ നേരായില്ലേ … ആ കുട്ടി മടുത്തു കാണും …. ” ഇരുവർക്കുമടുത്തായി വന്നിരുകൊണ്ട് ധ്യാൻവിന്റെ അമ്മ പറഞ്ഞതും , ദ്രിപിക ആശ്വാസത്തോടെ ബുക്ക് മടക്കി , നന്ദി സൂചകമായി ആ അമ്മയെ നോക്കിയൊന്ന് ചിരിച്ചു ….

ധ്യാൻവിൻ നോക്കി പേടിപ്പിച്ചതും , അടച്ചതിനെക്കാൾ സ്പീഡിൽ വീണ്ടും ബുക്ക്‌ തുറന്നു …. അവളുടെ പ്രവർത്തി കണ്ടവൻ ചിരിയടക്കി പിടിച്ചു ….

” ചുമ്മാതിരക്ക് ചെക്കാ …!! ഇവനൊന്നും പറയില്ല…. മോളത് അടച്ചു വച്ചോ … ഇനി കുറച്ചു കഴിഞ്ഞു പഠിക്കാം …!! ” ദ്രിപിക ,, ധ്യാൻവിനെ നോക്കി … അവൻ ചിരിക്കുകയാണെന്ന് കണ്ടതും , പരിഭവത്തോടെ ചുണ്ടുകോട്ടി , ആ അമ്മക്കൊപ്പം എണീറ്റുപോയി …

” സാർ എന്നുമിങ്ങനെ ജോലി ഒക്കെ ചെയ്യുമോ ….?? ” സംശയത്തോടെയുള്ള ആ പെണ്ണിന്റെ ചോദ്യം കേട്ട് അമ്മയൊന്ന് പുഞ്ചിരിച്ചു …

” ആഹ് … വീട്ടിൽ ഉണ്ടെങ്കിൽ , വിനുവിന് ജോലി ചെയ്യാനൊന്നും ഒരു മടിയുമില്ല …. പക്ഷേ അവൻ വീട്ടിൽ ഇരിക്കാനാ ബുദ്ധിമുട്ട് ….”

” എങ്ങനെ ഇരിക്കും … ഞാൻ വീട്ടിലിരുന്നാൽ ,, മമ്മ എന്നെ ബംഗാളി ആക്കില്ലേ …?? ” ഇരുവരും സംസാരിക്കുന്നത് കേട്ടുകൊണ്ട് വന്ന ധ്യാൻവിൻ ,, തെല്ലും പരിഭവത്തോടെ പറഞ്ഞതും ,, അവർ മറുപടിയായി ചിരിച്ചു….

” രണ്ടുപേരും വാചകമടിച്ചത് മതിട്ടാ.. പോയിരുന്നു പഠിക്കടി … ” ഒരു പ്രിത്യേക ടോണിൽ അവനത് പറഞ്ഞതും ,, അവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ടവൾ , പാതി മനസ്സോടെ അവിടുന്ന് പോയി …..

” നിന്റെ കരാട്ടെ പഠനം എന്തായി …?? ” ബുക്കിലൂടെ മിഴികൾ ചലിപ്പിച്ചുകൊണ്ട് ,, അവളെ നോക്കാതെ ആയിരുന്നു ചോദ്യം ….

” ഗ്രീൻ ബെൽറ്റ് ആയെ ഒള്ളൂ …. ”

” ആഹ് ….!!! ”

” സാർ എനിക്കൊരു കാര്യം പറയാനുണ്ട്… ” ചെറിയൊരു ഉൾഭയത്തോടെയവൾ ,അവനെ നോക്കി …

” മ്മ്…എന്താടോ …?? ” ആ മുഖത്തെ ചിരി മാഞ്ഞ് ഗൗരവം നിറഞ്ഞു…. തന്റെ സംഭ്രമം ഉള്ളിലൊതുക്കിയവൾ എന്തോ പറയാൻ തുടങ്ങിയതും

” വിനുവേട്ടാ …. ” എന്നൊരു വിളി കാതിൽ പതിച്ചു ….

” ദച്ചൂ , വൺ മിനിറ്റ് …. ” കയ്യിലിരുന്ന ബുക്ക് ടേബിളിലേക്ക് വച്ചിട്ട് ,, എണീറ്റു പോകുമ്പോൾ ,, ദച്ചൂ എന്നവൻ വിളിച്ചതിന്റെ ഞെട്ടലിലായിരുന്നു ദ്രിപിക…

“അങ്ങനെ തന്നെയല്ലേ വിളിച്ചത്….?? അതോ തന്റെ തോന്നലാണോ ..?? ” എന്ന് തിരിച്ചറിയാൻ കഴിയാതെ സംശയിച്ചിരുന്നപ്പോഴേക്കും , അവൻ വീണ്ടും അരികിൽ വന്നിരുന്നു …

” ഹലോ …. ദ്രിപിക മേഡം … ഭാവിയിൽ ,, ഐപിഎസുകാരിയാകുന്നതും സ്വപ്നം കണ്ടിരിക്കുവാണോ …. .?” കണ്ണിന് മുകളിലൂടാ കൈകൾ വീശിയതും ,, അവൾ നേർത്തൊരു ചിരി മാത്രം നൽകി ,, എഴുതി കൊണ്ടിരുന്ന ബുക്കിലേക്ക് ശ്രദ്ധ കൊടുത്തു….

” ദ്രിപിക , IPS ഓഫീസറൊക്കെ ആകുമ്പോൾ , എനിക്ക് അഭിമാനത്തോടെ പറയാല്ലോ എന്റെ സ്റ്റുഡന്റ് ആയിരുന്നെന്ന് … ” അത് കേട്ടതും ദ്രിപിക , മുഖമുയർത്തി അവനെ ഒന്ന് നോക്കി …. ആ വാക്കുകൾ , ഊർജ്ജം പകരുന്നതായിരുന്നെങ്കിലും ,, ‘ സ്റ്റുഡന്റ് ‘ എന്ന പരാമർശം അവളെ തെല്ലൊന്നു വേദനിപ്പിച്ചു … ഒന്നും മിണ്ടാതവൾ തന്റെ എഴുത്ത് തുടർന്നു ….. പിന്നെന്തോ ഓർത്തതും വീണ്ടും അവനെ നോക്കി ….

” സാർ ,, അതരാ അപ്സ്റ്റയറിയിൽ നിന്ന് വിളിച്ചത് ….?? ”

” ധീരജ്‌ …. അനിയനാ .. മെഡിസിൻ ഫൈനൽ ഇയർ … അവന് നെക്സ്റ്റ് വീക്ക് exam ആണ് … ഹോസ്റ്റലിൽ നിന്നാൽ പഠിക്കില്ല എന്നും പറഞ്ഞ് , ഇവിടേക്ക് വന്നതാ … ഇവിടെ വന്നിട്ട് അതിനേക്കാൾ ഉഴപ്പ് …. അതുകൊണ്ട് ഞാൻ മൊബൈൽ വാങ്ങി വച്ചു … അത് തിരികെ ചോദിക്കാൻ വിളിച്ചതാ ….”

” ഓഹ് …. സാറിന്റെ അനിയൻ അല്ലെ പഠിപ്പി ആയിരിക്കുംല്ലേ … ”

” നിന്നെപ്പോലെയാ …. കഴിവ്‌ ഉണ്ടെങ്കിലും ,, ഉപയോഗിക്കാൻ വല്യ മടിയാ …. ”

” അനിയൻ ഉണ്ടെന്ന് ഒരിക്കൽ പോലും എന്നോട് പറഞ്ഞില്ലല്ലോ ….”

” അനിയൻ മാത്രമല്ല …. ഒരു അനിയത്തിയും ഉണ്ടായിരുന്നു …..

ദ്രിപിക എന്നായിരുന്നു അവളുടെ പേരും …. ഞങ്ങളുടെ ദച്ചൂട്ടീ ….!! നാല് വർഷം മുൻപ് ഒരാക്സിഡന്റിൽ അവളെയും , അച്ഛനേയും ഞങ്ങൾക്ക് നഷ്ടമായി ….

നിന്നെ കാണുമ്പോഴൊക്കെ അവളെയാ ഓർമ വരുന്നത് …. ദ്രിപിക ആ പേരാണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചതും ….

പക്ഷേ ഞങ്ങളുടെ ദച്ചു നിന്നെപോലെ ആയിരുന്നില്ല …. ഭയങ്കര വൈബ്രന്റായിരുന്നു …. she is an extrovert …. ഏത് കാര്യത്തിനും മുന്നിൽ നിൽക്കും … നന്നായി പഠിക്കും ,, പാട്ട് പാടും ,, ഡാൻസ് കളിക്കും ,, അഭിനയിക്കും , കവിത എഴുതും , അങ്ങനെ അങ്ങനെ നീണ്ടുപോകും അവളുടെ കഴിവുകൾ… എന്ത് പറഞ്ഞാലും ദച്ചൂ ചെയ്യും …. ‘ എനിക്കറിയില്ല’ എന്നവൾ പറഞ്ഞു ഞാൻ കേട്ടിട്ടെ ഇല്ല ….

നീയും , ദച്ചുവും തമ്മിൽ പേരിലുള്ള സമാനത അല്ലാതെ മറ്റൊന്നുമില്ല …. എങ്കിലും എപ്പോഴൊക്കെയോ നിന്നിൽ ഞാനെന്റെ ദച്ചുവിനെ കാണാൻ ശ്രമിച്ചു …. അതുകൊണ്ടാണ് പലപ്പോഴും സ്വർഥതയോടെ വഴക്ക് പറഞ്ഞതും ….. വേദനിപ്പിച്ചിട്ടുണ്ടെന്നറിയാം … സോറി …. റിയലി സോറി ….!!! ” ഇടറിയ ശബ്ദത്തിൽ അവനാ സോറി കൂടി പറഞ്ഞതും ,, ദ്രിപികയുടെ കണ്ണുകൾ ഈറനണിഞ്ഞു ….

അവൾ തന്റെ ബാഗിൽ നിന്നൊരു ഗിഫ്റ്റ് ബോക്സ് എടുത്ത് അവന് നേരെ നീട്ടി ….

” സാർ ഇതൊന്ന് ഓപ്പൺ ചെയ്തു നോക്കാമോ …?? ”

മനസ്സ് മറ്റെവിടെയോ ആയിരുന്നെങ്കിലും , വിസമ്മതം ഒന്നും കാട്ടാതെ അവനത് വാങ്ങി തുറന്നു നോക്കി …..

ദ്രിപിക വരച്ച ധ്യാൻവിന്റെ ഫ്രെയിം ചെയ്തൊരു ചിത്രമായിരുന്നതിൽ …

” To my loving brother ❤️❤️ ” എന്നെഴുതിയ വരികളിലൂടെ അവന്റെ വിരലുകൾ ചലിക്കുമ്പോൾ ,, എന്നത്തേയും പോലെ ആ കണ്ണുകളിൽ അവളോടുള്ള വാത്സല്യം അലയടിച്ചു …. സന്തോഷം കൊണ്ടാ ഹൃദയം നിറഞ്ഞു …

” ഞാനെന്റെ ലക്ഷ്യത്തിൽ എത്തിയാൽ ,, അന്ന് എന്നെ ചേർത്ത് പിടിച്ച് , അഭിമാനത്തോടെ ,, ഇതെന്റെ അനിയത്തി ആന്ന് പറയുമോ ….?? ” ഒരു തേങ്ങൽ അടക്കിപ്പിടിച്ച് ,, നിറമിഴികളിൽ പ്രതീക്ഷനിറച്ചവൾ ആ മുഖത്തേക്ക് നോക്കി ….

നിറപുഞ്ചിരിയോടെ അവൻ തല ചലിപ്പിക്കുമ്പോൾ ,, ഇരുമിഴികളിലും ആനന്ദാശ്രുക്കൾ ഒരേ പോലെ തിളങ്ങി ….

ആ പെണ്ണിനെ അവൻ തന്റെ നെഞ്ചോട് അണച്ചുപിടിച്ച് ,, നിറഞ്ഞാ മിഴികൾ തുടച്ചു ….

” You are always my sister …. Not by blood,,but by heart…❤️❤️ ”

അവസാനിച്ചു …

ലൈക്ക് കമന്റ് ചെയ്യണേ…

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *