Categories
Uncategorized

ഞാനെന്ന ഭ്രാന്ത് നിറഞ്ഞ അവന്റെയുള്ളിലേക്കും പിന്നെ ഉടലിലേക്കും…

രചന: Ammu Santhosh

“നല്ല തലവേദന അനു.ബാം ഇരിപ്പുണ്ടോ?”

അനു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. Lkg ക്ലാസ്സ്‌ മുതൽ പിജി വരെ ഒരുമിച്ചു പഠിച്ചവൾ. എന്റെ ഹൃദയം എന്ന് ഞാൻ എന്റെ ഭർത്താവിനോട് തന്നെ പറയുന്നവൾ.ഓഫീസിൽ നിന്നു അവളുടെ വീട്ടിലേക്ക് പോയിട്ടാണ് ഞാൻ മിക്കവാറും എന്റെ വീട്ടിൽ എത്തുക.

“നീ ഒന്ന് കിടന്നോളു ഞാൻ കുറച്ചു കാപ്പി ഇട്ടു ബാമുമായി വരാം. കുളിക്കുവാണേ ”

ഞാൻ ചിരിയോടെ കട്ടിലിലേക്ക് വീണു. അതേ നിമിഷം ഒരു പൊള്ളലോടെ ഞാൻ ചാടിയെഴുന്നേൽക്കുകയും ചെയ്തു. വിരിപ്പിന് തലയിണയ്ക്ക് ഒക്കെ അർജുവിന്റ മണം.. തോന്നിയതാണോ എന്ന് അറിയാൻ വീണ്ടും മണത്തു നോക്കി.. ശരീരം കുഴയുന്നത് പോലെ.. തന്റെ ഇന്ദ്രിയങ്ങൾ തന്നെ വഞ്ചിതാകാം. ഇത് സത്യം അല്ല.. അല്ല. ബലമില്ലാതെ ഫോൺ എടുത്തു അർജുവിനെ വിളിച്ചു

“എവിടെ ആണ് അർജു?”

” ഇപ്പൊ വീട്ടിലെത്തി നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള ബജി ഉണ്ടാക്കുന്നു. എപ്പോ വരും വേഗം വാ ” അവൾ എന്ത് പറയണം എന്ന് അറിയാത് വെറുതെ മൂളി..

“തലവേദന വന്നോ പിന്നെയും?” അവൾ വീണ്ടും മൂളി

“നമുക്ക് നാളെ ഹോസ്പിറ്റലിൽ പോകാം ട്ടോ ലീവിന് അപ്ലൈ ചെയ്തിട്ട് വാ..”

“ആ ”

അവൾ ഫോൺ വെച്ചു

കുളി കഴിഞ്ഞു ഒരു കയ്യിൽ ബാമും ഒരു കയ്യിൽ കാപ്പിയുമായി അനു എത്തിയപ്പോൾ ഞാൻ അവളെ വിഡ്ഢിയെ പോലെ നോക്കി..

“അർജു വന്നിരുന്നോ ഇവിടെ?”ഞാൻ പെട്ടെന്ന് അവളോട് ചോദിച്ചു

“ഉവ്വല്ലോ.. ദേ ഇപ്പൊ വന്നിട്ട് പോയെ ഉള്ളു. അഭിയും ഉണ്ടായിരുന്നു.. ഡിവോഴ്സിന്റെ പേപ്പറിൽ ഒപ്പിട്ട് കൊടുക്കണം എന്ന് പറയാൻ ”

“എന്നിട്ട്?”

“ഞാനും അഭിയും തമ്മിൽ പതിവ് പോലെ വഴക്കായി.. അഭി കുറെ അടിച്ചു എന്നെ… അർജു ഇല്ലായിരുന്നു എങ്കിൽ കൊന്നേനെ..” അവൾ ബാം പുരട്ടി കൊണ്ട് പറഞ്ഞു..

“അർജുവിന്റ മണം ഉണ്ട് ഈ കിടക്കയിൽ ഈ അന്തരീക്ഷത്തിൽ..”ഞാനവളേ നോക്കി..

അവളുടെ കണ്ണ് നിറഞ്ഞു

“എന്നെ പിടിച്ചു തള്ളിയപ്പോ ഇടക്ക് കയറിയ അർജുവിനാണ് അടിയേറ്റത്.. ദേ ഈ വാതിലിൽ തല അടിച്ചു വീണു.. അതോടെ അഭിയുടെ ആവേശം തീരുകയും ചെയ്ത്‌.. അർജു കുറച്ചു നേരം കിടന്നു ഇവിടെ.. ഒരു മയക്കം പോലെ വന്നു.. ഇപ്പൊ പോയതേ ഉള്ളു ”

അവൾ തന്ന കാപ്പി കുടിച്ചു കൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി.

“ഞാൻ ആ പേപ്പറിൽ ഒപ്പിട്ട് കൊടുത്തു. ഇനി അതിന്റ പേരിൽ എന്തിന്…? അർജു ഇതിന്റെ പേരിൽ ഒരു പാട് വിഷമിച്ചിട്ടുണ്ട് മോളെ. കൂട്ടുകാരനെ എനിക്ക് വേണ്ടി പ്രൊപ്പോസ് ചെയ്തപ്പോഴും വിവാഹം നടത്തിയപ്പോഴും അവൻ ഓർത്തു കാണില്ല ഇത്രയും വേദന തരുന്ന ഒന്നാ അതെന്ന്..അർജു നിന്റെ ഭാഗ്യാ ”

എന്റെ നെഞ്ച് പൊട്ടും പോലെ ഒരു വേദന വന്നു.. ഒരു നിമിഷം കൊണ്ട് ഞാൻ എന്തൊക്കെ….

“വേദന കുറഞ്ഞോ നിന്റെ ?” ഞാൻ ഒന്ന് മൂളി..

“നീ വിഷമിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ” ഞാൻ വെറുതെ നോക്കുക മാത്രം ചെയ്തു..

“ദുബായിൽ നിന്നു മനുവേട്ടൻ വിളിച്ചിരുന്നു. ഏട്ടന്റെ അനിയത്തി കുട്ടിക്ക് ഇങ്ങനെ ഒരു ജീവിതം ആയിപ്പോയല്ലോ എന്നോർത്ത് കുറെ വേദനിച്ചു.. കരഞ്ഞു.. അവിടെ എനിക്കൊരു ജോലി ശരിയാക്കി.. ഞാൻ പോവാണ്..” ഞാൻ അമ്പരപ്പോടെ അവളെ നോക്കി

“എന്താ ഇത് പറയാതിരുന്നത് എന്ന് നീ ചോദിക്കും.. പറഞ്ഞാൽ നീ സമ്മതിക്കില്ല.. പക്ഷെ എനിക്ക് പോകണം.. നമ്മൾ ഒന്നിച്ചായിരുന്നു എന്നും. കോളേജിൽ വെച്ചു അർജു ഒപ്പം ചേർന്നു. അർജുവിനെ എനിക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു.. പക്ഷെ അവന്റെ ഉള്ളിൽ നീ മാത്രം.. അവനത് ആദ്യം എന്നോടാ പറഞ്ഞത്.. എന്ത് പറയണം എന്നറിയാതെ.അന്ന് ഞാൻ കുറെ കരഞ്ഞു .”അവളുടെ ശബ്ദം ഇടറി

ഞാൻ അമ്പരന്ന് അത് കേട്ട് കൊണ്ടിരുന്നു ..

“നിനക്ക് പ്രേത്യേകിച്ചു ഒരിഷ്ടവും ഇല്ലന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അത് പറഞ്ഞു.. പക്ഷെ അവന് നീ എന്ന് വെച്ചാൽ ഒരു തരം ഭ്രാന്ത് ആയി പോകുന്നത് ഞാൻ കണ്ടു. ഞാൻ ചിന്തിച്ചിട്ടുണ്ട് നിന്നേ എങ്ങനെയാണവൻ ഇത്രയും സ്നേഹിച്ചത് എന്ന്… എനിക്കൊരഹങ്കാരമുണ്ടായിരുന്നു ആ കാലത്തൊക്കെ. ഞാൻ കോളേജ് ബ്യൂട്ടി ആണ്.കലാപ്രതിഭ ആണ്.ആരെ ആഗ്രഹിച്ചാലും എനിക്ക് കിട്ടും എന്നൊക്കെ. വെറുതെ ആണ്.നിങ്ങൾ പ്രണയിച്ചു തുടങ്ങിയതിൽ പിന്നെ അർജുൻ എന്റെ പഴയ സുഹൃത്ത് മാത്രമായ്.”

ഞാൻ നിറയുന്ന മിഴികളോട അത് കേട്ടിരുന്നു

“അവന്റെ നിന്നോടുള്ള സ്നേഹം, കരുതൽ, ബഹുമാനം ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹത്തിനു മുന്നേ തോന്നേണ്ടത് ആ ബഹുമാനം ആണ്, മനസിലാക്കൽ ആണ് സ്നേഹം അതിലൂടെ വളർന്നു വരുന്നതാണ്. സത്യം ല്ലേ?”

ഞാൻ വെറുതെ തലയാട്ടി.

“അഭിയെ കല്യാണം കഴിക്കുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ പല സ്ത്രീകളെ സ്നേഹിക്കുന്നവന് ഭാര്യയെ ബഹുമാനിക്കാൻ കഴിയില്ല, കരുതാൻ കഴിയില്ല. അർജുവിന് അഭിയുടെ ആ വശം അറിയില്ലായിരുന്നു താനും.. സാരമില്ല..ഞാൻ പോയാൽ പിന്നെ ഇടക്ക് വല്ലപ്പോഴും മാത്രം അവധിക്ക് വരുന്ന ഒരാളാവും. എന്നാലും എന്റെ മനസ്സിൽ എന്നും നിങ്ങൾ ഉണ്ടാകും “അവൾ എന്നെ കെട്ടിപ്പിടിച്ചു.

അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ അർജു മാത്രം ആയിരുന്നു. ഞാനും ചിന്തിച്ചിട്ടുണ്ട് അർജുവിന് എന്നോട് എന്താ ഇത്ര ഇഷ്ടം തോന്നാൻ കാരണം ന്ന്

“ദേ എന്റെ കൊച്ചിന്റെ ഫേവറിറ്റ് ബജിയും ചായയും.”

ഞാൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ആവി പറക്കുന്ന ചായ മുന്നിൽ

“തലവേദന മാറിയോ?”

“അർജുവിന്റ വേദന മാറിയോ?”ഞാൻ ആ നെറ്റിയിൽ തൊട്ട് ചോദിച്ചു.

“അനു പറഞ്ഞല്ലേ? ഞാൻ പറഞ്ഞതാണല്ലോ പറയണ്ടാന്ന്.. എന്റെ കൊച്ച് വിഷമിക്കും ന്ന്‌..” ഞാൻ ആ നെഞ്ചിലേക്ക് വീണു വിങ്ങിക്കരഞ്ഞു..

“എന്നെയെന്ത്‌ കൊണ്ടാ അർജു സ്നേഹിച്ചത്? നോക്ക്.. എനിക്ക് അത്ര ഭംഗിയൊന്നുമില്ല. പ്രത്യേകിച്ച് ഒരു കഴിവുമില്ല. അത്രക്ക് മിടുക്കിയുമല്ല..”പിന്നീട് രാത്രിയിൽ മഴ കണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു

“എങ്ങനെയാണൊരാൾ മറ്റൊരാളെ സ്നേഹിച്ചു തുടങ്ങുന്നത് എന്ന് പലപ്പോഴും നമുക്ക് മനസിലാവില്ല. അത് എങ്ങനെയാ പറഞ്ഞു തരിക? നിന്നേ അനുവിനോപ്പമാണ് ഞാൻ ആദ്യം കാണുന്നത്. അന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല പക്ഷെ പിന്നീട് ഒരു ദിവസം നീ വരാതെയിരുന്ന ഒരു ദിവസം ആ പകൽ മുഴുവൻ ഒരു ശൂന്യത.. എന്തൊ നഷ്ടമായ പോലെ.. ഒരാളെ കാണാതിരിക്കുമ്പോൾ അനുഭവപ്പെടുന്ന ആ മിസ്സിംഗ്‌ ആണ് എത്രത്തോളം അയാളെ നമ്മൾ സ്നേഹിക്കുന്നുണ്ട് എന്ന് നമുക്ക് മനസിലാകുന്നത്. അവിടെ നിറമോ ഭംഗിയോ കഴിവൊ ഒന്നുല്ല.. അതൊരു ഭ്രാന്ത് ആണ്… തലച്ചോറിൽ നിറയുന്ന ഒരു തരം ഭ്രാന്ത്.” അർജു എന്നെ അവന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു. അവന്റെ ആത്മാവിലേക്ക്…

ഞാനെന്ന ഭ്രാന്ത് നിറഞ്ഞ അവന്റെയുള്ളിലേക്കും പിന്നെ ഉടലിലേക്കും…

രചന: Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *