Categories
Uncategorized

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്, വർഷങ്ങൾ ആയുള്ള ബന്ധമാണ്…

രചന: ഗായത്രി ഗോവിന്ദ്

“ഇല്ലാ.. ഞാൻ പോകില്ല.. അജിത്തിനെ കാണാതെ ഞാൻ പോകില്ല.. ”

“കുട്ടി അവൻ പുറത്തേക്ക് പോയിരിക്കുകയാണ്.. അവന്റെ കല്യാണ റിസപ്ഷൻ ആണ് ഇന്ന്.. അവന്റെ കുറച്ചു ഫ്രണ്ട്സ് വരുന്നുണ്ട് അവരെ കൂട്ടികൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയതാണ്..”

അവൾ വിതുമ്പി കൊണ്ടു അവിടെ തന്നെ നിന്നു.. റിസപ്ഷന്റെ പന്തൽ പണി ചെയ്യുന്നവർ എല്ലാവരും അവളെ ശ്രെദ്ധിക്കുന്നുണ്ട്.. ഇന്നലെയായിരുന്നു അജിത്തിന്റെയും കീർത്തിയുടെയും വിവാഹം.. കീർത്തിയുടെ വീട് കുറച്ചധികം ദൂരെ ആയതിനാൽ റിസപ്ഷൻ പിറ്റേന്നത്തേക്ക് ആക്കിയതാണ്..

അജിത്തിന്റെ അച്ഛനും അമ്മയും അനുജത്തിയും അടുത്ത ബന്ധുക്കളും എല്ലാവരും ഉണ്ട് ഉമ്മറത്ത്..എല്ലാവരും ശ്രെദ്ധിക്കുന്നു എന്നുകണ്ട കേശവൻ മാമ അവളോടായി പറഞ്ഞു

“കുട്ടി ഒരു കാര്യം ചെയ്യൂ.. അകത്തേക്ക് കയറി ഇരിക്കൂ..”

“ഇല്ലാ.. അവൻ വരാതെ ഞാൻ ഇവിടുന്ന് എങ്ങോട്ടും ഇല്ലാ..”

പുറത്തെ ഒച്ചയും കരച്ചിലും കേട്ടാണ് കീർത്തി അവിടേക്ക് വരുന്നത്

“എന്താ.. എന്താ ഇവിടെ പ്രശ്നം??”

ആരും ഒന്നും മിണ്ടിയില്ല..

“ഇതേതാ ഈ കുട്ടി?? എന്തിനാ കരയുന്നത്??”

വീണ്ടും മൗനം..

“ആരെങ്കിലും ഒന്നു പറയൂ..”

“ഞാൻ പറയാം.. എന്റെ പേര് ഗ്രീഷ്മ.. ഞാൻ അജിത്തിനെ കാണാൻ വന്നതാണ്..”

“എന്താ കാര്യം??”

“അത്.. ” അവൾ വീണ്ടും കരയാൻ തുടങ്ങി..

“കുട്ടി ഇങ്ങനെ കരയാതെ.. അജിത്തിനോട് പറയാനുള്ളത് എന്തായാലും എന്നോട് പറഞ്ഞോളൂ.. ഞാൻ അജിത്തിന്റെ ഭാര്യയാണ്.. അദ്ദേഹത്തിനോട് പറയാനുള്ളത് എന്തും എന്നോടും പറയാം.. വാ അകത്തേക്ക് ഇരിക്കാം..” കീർത്തി ഗ്രീഷ്മയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി.. അവളെ നിർബന്ധിച്ചു ഇരുത്തിയതിനു ശേഷം അവൾക്ക് കുടിക്കാനായി വെള്ളവും കൊടുത്തു..ശേഷം അവൾക്കരികിലേക്ക് ഇരുന്നു..

“ഇപ്പോൾ ഒന്ന് റീലാക്സ് ആയില്ലേ.. ഇനിയും പറഞ്ഞോളൂ..”

“മോളെ നീ റെഡിയാകൂ.. ഇപ്പോൾ വരാൻ തുടങ്ങും റിസപ്ഷൻ ഉള്ള ആളുകൾ..” അജിത്തിന്റെ അമ്മ പറഞ്ഞു..

“ഈ കുട്ടിക്ക് എന്താണ് പറയാനുള്ളത് എന്നു കേൾക്കെട്ടെ അമ്മാ.. ഇതിന്റെ വിഷമം കണ്ടു നിൽക്കാൻ കഴിയുന്നില്ല…നീ പറയൂ കുട്ടി എന്താ നിന്റെ പ്രശ്നം??”

അവൾ കണ്ണുനീർ തുടച്ചു സംസാരിച്ചു തുടങ്ങിയിരുന്നു..

“ഇയാളോട് എന്താ പറയേണ്ടത് എന്നെനിക്കറിയില്ല.. ഞാനും അജിത്തും സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ്.. ഞങ്ങൾ തമ്മിൽ ഒൻപതാം ക്ലാസ്സ്‌ മുതൽ ഇഷ്ടത്തിലാണ്.. വർഷങ്ങൾ ആയുള്ള ബന്ധമാണ്.. അവൻ എല്ലാ അർത്ഥത്തിലും എന്നെ സ്വന്തമാക്കിയിരുന്നു.. ഞാൻ മുംബൈയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്.. എല്ലാ മാസവും എന്റെ വീട്ടിൽ അയച്ചു കൊടുക്കുന്നത് പോലെ ഒരു തുക ഞാൻ അവന്റെ അക്കൗണ്ടിലും ഇട്ടുകൊടുക്കാറുണ്ടായിയിരുന്നു..”

“അതിന്റെ ആവശ്യം എന്താണ്?? അജിത്തിന് ജോലി ഉണ്ടല്ലോ..”

“അജിത്തിന്റെ പേരിലുള്ള വീടാണ് ഇത് കുറച്ചു കടം ഉണ്ടെന്ന് ഓക്കെ പറഞ്ഞപ്പോൾ ഞാൻ ആണ് പറഞ്ഞത് കുറച്ച് രൂപ ഞാനും സഹായിക്കാമെന്ന്.. എന്റെ അച്ഛനും അമ്മയും ലോൺ എടുത്തു പഠിപ്പിച്ചു ഞാൻ കഷ്ടപ്പെട്ട് ഡ്യൂട്ടി ചെയ്തു കിട്ടുന്ന കാശാണ് ഞാൻ അവനു കൊടുത്തുകൊണ്ടിരുന്നത്.. എല്ലാരീതിയിലും എന്റെ സ്വന്തമാണ് എന്നോർത്തിരുന്ന ആൾ എന്നെ ഒരിക്കലും ചതിക്കുമെന്ന് ഞാൻ ഓർത്തില്ല..” അവൾ കണ്ണുകൾ തുടച്ചു.. ശേഷം മൊബൈൽ എടുത്തു അവന്റെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും.. അവർ ഒരുമിച്ചുള്ള ഫോട്ടോസ് എല്ലാം കീർത്തിയെ കാണിച്ചു..

“ഞങ്ങളുടെ ഒരു പഴയ ഫ്രണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഇട്ടിരുന്ന ഫോട്ടോ കണ്ടാണ് അജിത്തിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞത്.. രണ്ടു ദിവസമായി അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നപ്പോഴും ഞാൻ കരുതിയത് അവൻ മുൻപ് എന്നെ ഒഴിവാക്കണം എന്നുദ്ദേശത്തോടെ പറഞ്ഞിരുന്ന ജോലി തിരക്കാവുമെന്നാണ്.. പെട്ടെന്നു എന്തു ചെയ്യണം എന്നറിയാതെ എന്നെ നിയന്ത്രിക്കാൻ കഴിയാതെ.. ശ്വാസം മുട്ടി മരിച്ചു പോകുമെന്ന് ഓർത്താണ്.. രാവിലെ തന്നെ ഇല്ലാത്ത പൈസ ഒപ്പിച്ചു ഫ്ലൈറ്റ് എടുത്തു വന്നത്.. തെറ്റാണെന്ന് അറിയാം ഞാൻ ഈ ചെയ്തത്.. താനും എന്നെപോലെ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തിട്ടുണ്ടാവാം.. അതെല്ലാമാണ് ഞാൻ ഇന്നു തകർത്തത്..” അവൾ കരച്ചിൽ തുടർന്നു..

ചുറ്റും കൂടി നിന്നവരുടെ മുഖം കീർത്തിയിൽ ആയിരുന്നു.. അവൾ ഒരു ഭാവ ഭേദവും ഇല്ലാതെ എന്തോ ഓർത്തിരിക്കുകയായിരുന്നു.. അപ്പോഴേക്കും അജിത്ത് വന്നു.. ഗ്രീഷ്മയെ കണ്ട അവൻ ഒന്നു ഞെട്ടി.. ഗ്രീഷ്മ ഓടി അവനരികിലേക്ക് ചെന്നു..

“മാറി നിക്ക്..” അവൻ അവളെ തള്ളി മാറ്റി..

“കീർത്തി നീ ഇവൾ പറയുന്നത് ഒന്നും വിശ്വസിക്കേണ്ട.. എനിക്ക് ഇവളുമായിട്ട് യാതൊരു ബന്ധവും ഇല്ലാ.. കണ്ടവന്റെ കൂടെ ഓക്കെ കറങ്ങി നടന്നിട്ട് എന്റെ തലയിൽ കയറാനുള്ള ഇവളുടെ തന്ത്രമാണ്..”

“അതിന് ഇവൾക്ക് അജിത്തുമായി റിലേഷൻ ഉണ്ടെന്ന് അജിത്ത് പറഞ്ഞ് ഇപ്പോഴാണ് ഞാൻ അറിയുന്നത്.. ” അവൻ ഒന്നു പരുങ്ങി..

“ഇറങ്ങെടി വെളിയിൽ.. ഇത് എന്റെ വീടാണ്.. ആരോട് ചോദിച്ചിട്ടാണ് ഇവളെ ഇതിനകത്ത് കയറ്റി ഇരുത്തിയത്..” അവൻ അവൾക്ക് നേരെ തിരിഞ്ഞു

“അതെങ്ങനെയാ അജിത്തിന്റെ മാത്രം വീടാകുന്നത്..ലോൺ അടവ് അവളുടെ പൈസ കൂടി എടുത്തല്ലേ അടക്കുന്നത്..”

അവൻ മറുപടി ഒന്നും പറയാതെ അവളുടെ മുടികുത്തിൽ പിടിച്ചു വെളിയിലേക്ക് ഇറങ്ങി.. കീർത്തി വന്നു അവനെ തടഞ്ഞു..

“അവളെ വിടൂ.. സ്ത്രീകളെ ഉപദ്രവിക്കുന്നത് തെറ്റാണ്.. പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ ഇയാളുടെ പേരിൽ മറ്റു പല കേസുകളും ഉണ്ടാവും..” അതുകേട്ടപ്പോൾ അജിത്ത് അവളുടെ മുടിയിൽ നിന്നും വിട്ടു.. ഗ്രീഷ്മ പുറത്തേക്ക് ഇറങ്ങി.. പിന്നാലെ കീർത്തിയും

“ഞാൻ പോവാണ്.. ഒരിക്കലും വരാൻ പാടില്ലായിരുന്നു ഇങ്ങോട്ടേക്കു.. എന്റെ തെറ്റാണ്..ഞാൻ കരുതി അജിത്ത് ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങിയതാണെന്നാണ്..”

“പോകാൻ വരട്ടെ.. കാര്യങ്ങൾ ഓക്കെ നമ്മുക്ക് ഇപ്പോൾ തന്നെ തീരുമാനിക്കാം..” കീർത്തി ഗ്രീഷ്മയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് ഇരുത്തി.. അപ്പോഴേക്കും കീർത്തിയുടെ വീട്ടിൽ നിന്നും ആളുകൾ എത്തി.. എല്ലാ വിവരങ്ങളും അവൾ വീട്ടുകാരോട് പറഞ്ഞു..

എല്ലാം കേട്ടുകഴിഞ്ഞു അവളുടെ അച്ഛൻ അവളോടായി ചോദിച്ചു

“മോളുടെ തീരുമാനം എന്താണ്??”

“എന്റെ തീരുമാനം എന്താകുമെന്ന് ആരെക്കാളും നന്നായി അച്ഛനു അറിയരുക്കുമല്ലോ.. എനിക്ക് ഈ ബിന്ധം തുടരാൻ താത്പര്യം ഇല്ലാ.. ” അവളുടെ അച്ഛൻ ചിരിച്ചു.. ബാക്കി എല്ലാവരും ഞെട്ടലിൽ ആയിരുന്നു..

“വേണ്ട… ഞാൻ കാരണം ഒരു പെൺകുട്ടി കല്യാണപിറ്റേന്ന് ബന്ധം ഉപേക്ഷിച്ചു പോകുന്ന ശാപം കൂടി എനിക്ക് താങ്ങാൻ ആവില്ല.. I am സോറി.. എല്ലാം എന്റെ എടുത്തു ചാട്ടം മൂലമാണ്.. ” ഗ്രീഷ്മ പറഞ്ഞു..

“ഒരിക്കലും അല്ലടോ.. ഇത് എന്നെങ്കിലും ഞാൻ അറിയുമായിരുന്നു.. ഒരു പെൺകുട്ടിയെ പറ്റിച്ചു അവളുടെ ചിലവിൽ ജീവിച്ച നട്ടെല്ല് ഇല്ലാത്ത ഒരുത്തന്റെ കൂടെ എനിക്ക് ജീവിക്കാൻ താത്പര്യം ഇല്ലാ.. പ്രണയം ഓക്കെ എല്ലാവർക്കും ഉണ്ടാകും അത് സ്വാഭാവികം.. പക്ഷേ ഇത് ചീറ്റിങ് ആണ്.. എനിക്ക് ഇയാളുടെ കൂടെ ഇനിയുള്ള കാലം ജീവിക്കാൻ പറ്റില്ല..”

“പക്ഷേ മോളെ.. കല്യാണം കഴിഞ്ഞു ഒരു രാത്രി ഒരുത്തന്റെ കൂടെ കഴിഞ്ഞിട്ട് ബന്ധം വേണ്ട എന്നു വയ്ക്കുന്നത് എങ്ങനെയാ..” കുടുംബത്തിലെ തല മൂത്ത കാർണവർ പറഞ്ഞു..

“മുത്തശ്ശാ.. മറ്റൊരു പെണ്ണിന്റെ കൂടെ ജീവിച്ചിട്ട് എന്നെ കൂടെ കൂട്ടിയ ഇയാൾക്കു നഷ്ടപ്പെടാത്ത മാനം ഇല്ലേ അത് എനിക്കും നഷ്ടപ്പെട്ടിട്ടില്ല.. നാളെ ഇയാൾക്കു കുറച്ചു കൂടി നല്ല ഒരാളെ കിട്ടിയാൽ വല്ല പാമ്പിനെയും വിട്ട് എന്നെ കൊല്ലാൻ പോലും മടികാണിക്കില്ല..”

ആരും പിന്നെ ഒരഭിപ്രായവും പറഞ്ഞില്ല.. അവൾ തന്റെ സാധനങ്ങൾ എല്ലാം എടുത്ത് പടിയിറങ്ങി.. അപ്പോഴും ഗ്രീഷ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു..

“ഗ്രീഷമയെ അവൻ ചിലപ്പോൾ സ്വീകരിക്കും.. പക്ഷേ അവന്റെ തനി രൂപം മനസ്സിലായ തനിക്ക് തീരുമാനിക്കാം അവനൊപ്പം ഒരു ജീവിതം ആണോ വേണ്ടത് അതോ തന്നെ പറ്റിച്ചു നേടിയ പണം തിരികെ വാങ്ങി മടങ്ങാണോ എന്ന്..”

അച്ഛന്റെയും അമ്മയുടെയും ഒപ്പം തന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ കീർത്തിയുടെ മുത്തശ്ശി പിന്നിൽ ഇരുന്നു പറയുന്നുണ്ടായിരുന്നു

“ശാപം കിട്ടിയ ജന്മം ആണോ എന്റെ കുട്ടിയുടെ കല്യാണപിറ്റേന്ന് തന്നെ സിന്ദൂരം മായ്ക്കേണ്ട അവസ്ഥ വന്നല്ലോ..”

ഒന്നും മിണ്ടിയില്ല അവൾ.. പകരം നന്നായി ഒന്നു ചിരിച്ചു

അവസാനിച്ചു..

(ഗ്രീഷ്മയുടെ തീരുമാനം വായനക്കാർക്ക് വിട്ടു തന്നിരിക്കുന്നു 😬) ലൈക്ക് കമന്റ് ചെയ്യണേ

രചന: ഗായത്രി ഗോവിന്ദ്

Leave a Reply

Your email address will not be published. Required fields are marked *