രചന : – ജോമോൻ തമ്പി…
ഞെളിഞ്ഞ് നിവർന്ന് തിരയിളകുന്ന പോലത്തെ എളി വയറ് ഒരു ഈരെഴൻ തോർത്തിന്റെ തുമ്പിൽ പാതി ഒളിപ്പിച്ച് ശിങ്കാരി മേളക്കാരുടെ താളത്തിനൊത്തപോലെ അങ്ങാടിയിലൂടെ കയ്യിലൊരു വട്ടകുട്ടയുമായി തുള്ളി തുള്ളി വരുന്ന ശാന്ത ഒരു മോഹമായി ശങ്കരേട്ടന്റെ മനസ്സിൽ കയറിയിട്ട് നാളുകൾ കുറെയായി.
പരസ്യമായ ഒരു സംവാദം ശാന്തയുമായി നടത്തിയാൽ അവളുടെ വരവിനായി കാത്തിരിക്കുന്ന പല പുരുഷജന്മങ്ങളും എന്തെങ്കിലും ഒക്കെ പറഞ്ഞ് തന്റെ ഇതു വരെയുള്ള സൽപ്പേര് കളയുമെന്നുള്ള പേടിയിൽ ശങ്കരേട്ടൻ ആ ഉദ്യമത്തിന് ഇതുവരെ മുതിർന്നിട്ടില്ല.
പക്ഷെ ഓരോ തവണ ശാന്തയെ കാണുമ്പോഴും കളിപ്പാട്ടം കണ്ട കൊച്ചുകുട്ടിയെ പൊലെ മനസ്സ് തുള്ളികളിക്കുന്നു. കിട്ടിയ കളിപ്പാട്ടം ഒന്നോമനിക്കുവാൻ ആ മനസ്സ് വെമ്പുന്നു. കെട്ടിക്കാൻ പ്രായമുള്ള പെങ്കൊച്ചു വീട്ടിലുള്ള ഒരു തന്തപ്പടി ഇങ്ങനൊക്കെ ചെയ്താൽ തന്റെ കൊച്ചിന്റെ ഭാവിയും കുടുംബമഹിമയും കപ്പല് കയറുമെന്നുള്ള ബോധ്യം നന്നായിട്ടുള്ളതിനാൽ ശാന്ത ഒരു കനലായി ഉള്ളിലിരുന്ന് ചുട്ടുപൊള്ളുകയും ചെയ്യുന്നു.
അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ എന്ന പറഞ്ഞ പൊലെ ശങ്കരേട്ടൻ ചില സമയങ്ങളിൽ ഒതുക്കത്തിൽ ശാന്തയെ കാണുമ്പോൾ അർത്ഥംവെച്ചുള്ള ശൃംഗാരനോട്ടവും കോഴിക്ക് പനിവരുമ്പോൾ പനറ്റുന്നത് പൊലത്തെ മൂളലും കൊണ്ട് തന്റെ ആശ ശാന്തയെ ഒന്നറിയിക്കാനും ശ്രെമിക്കുന്നുണ്ട്.
നാളുകൾ കുറെയായി പനറ്റലും മൂളലുമൊക്കെയായി കഴിഞ്ഞു പോകുന്നു. ശാന്തയാണെങ്കിൽ ഇതൊക്കെ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. ചുരുക്കത്തിൽ ഒന്നിനും ഒരു പുരോഗതിയില്ല.
അങ്ങനിരിക്കെ ഒരു ദിവസം സന്ധ്യമയങ്ങുന്ന നേരത്ത് ഒരു കുട്ട നിറയെ മലക്കറിയും സാധനങ്ങളുമായി എളിയിൽ വെച്ച് ശാന്ത ഇടവഴിയിലൂടെ ഒറ്റയ്ക്ക് വരുന്നു. വഴിയിലാണെങ്കിൽ കുട്ടി പോയിട്ട് ഒരു പട്ടികുഞ്ഞിനെ പോലും കാണുന്നില്ല. ഇത് തന്നെ പറ്റിയ സമയം ശങ്കരേട്ടന്റെ മനസ്സും മുഖവും തിരുവാതിരക്ക് പൂത്തിരി വിടർന്ന പൊലെ പൂത്തുലഞ്ഞു നിൽക്കുന്നു.
ചെറിയൊരു സംഭ്രമം ഉള്ളിലുണ്ടെങ്കിലും അത് മുഖത്ത് കാണിക്കാതെ ശങ്കരേട്ടൻ ശാന്തക്കരികിലേക്ക് ചെന്ന് മൃദുസ്വരത്തിൽ അതിലുപരി തേനിൽ ചാലിച്ച്… ‘ശാന്തേ..’.. എന്നൊരു വിളി.
വാടിയ ചേമ്പിൻ തണ്ട് പൊലെ മുഖം താഴേക്ക് കൂമ്പിപിടിച്ച് ഒരു പതിനേഴുകാരിയുടെ നാണത്തോടെ ശാന്ത.
എന്താ.. കൊച്ചേട്ടാ…
ശാന്തയുടെ മറുപടിയും ഭാവവും ശങ്കരേട്ടനിൽ ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.
‘ശാന്തേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..’ ശങ്കരേട്ടൻ തുടരുന്നു.
‘അതിനെന്താ.. ചേട്ടാ.. പറഞ്ഞോ.. ‘മുഖം മുകളിലേക്ക് പോലും ഉയർത്താതെ ശാന്ത.
അയ്യോ ശാന്തേ ഇവിടെ വെച്ചല്ല..
പിന്നെ.. ഒരു സംശയത്തോടെ ശാന്ത മുഖമൊന്നുയർത്തി ശങ്കരേട്ടന്റെ കണ്ണുകളിലേക്കു നോക്കി.
‘ഇന്ന് രാത്രിയിൽ…’ശങ്കരേട്ടൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുമ്പേ ശാന്ത. “രാത്രിയിലോ….’
“അതെ രാത്രിയിൽ എല്ലാരും ഉറങ്ങിയതിനു ശേഷം നിങ്ങടെ തെക്കേപ്പാടത്തെ കുളത്തിൻ കരയിലുള്ള കപ്പതോട്ടത്തിലേക്ക് വരാമോ.’ ശങ്കരേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
“നോക്കട്ടെ ചേട്ടാ..”പകുതി സമ്മതത്തിൽ നാണത്തോടെ പറഞ്ഞിട്ട് ശാന്ത ശങ്കരേട്ടന്റെ മറുപടിക്ക് കാത്തു നിൽക്കാതെ തെന്നി തെറിച്ച് നടന്ന് തുടങ്ങി.
എന്റെ ശാന്തേ… ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും… ഉദ്ധിഷ്ട കാര്യം നടക്കാൻ പോകുന്ന സന്തോഷത്തിൽ ശങ്കരേട്ടൻ അങ്ങാടിയിൽ നിന്നും വാങ്ങാനുള്ള സാധനം പോലും മറന്ന് തുള്ളിച്ചാടി വീട്ടിലേക്ക്.
പെണ്ണിന് വേണ്ടി പല കരിങ്കൽകോട്ടകളും ചാടികടന്ന പുരുഷകേസരികളെ മനസ്സിൽ ധ്യാനിച്ചും കൊണ്ട് ശങ്കരേട്ടൻ പറഞ്ഞത് പൊലെ പാതിരാത്രിയിൽ കപ്പതോട്ടത്തിൽ എത്തി ശാന്തക്കായി കാത്തിരിക്കുന്നു.
ശാന്ത വരുമോ, അതോ പറ്റിക്കുമോ ശങ്കരേട്ടന്റെ മനസ്സിൽ സംശയം മുളപൊട്ടി വരുമ്പോഴേക്കും..
കൊച്ചേട്ടാ…
എന്ന് പതുക്കെ വിളിച്ചും കൊണ്ട് ശാന്ത.
എല്ലാരും ഉറങ്ങിയോ ശാന്തേ.. ശാന്തക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ പതുക്കെ ശങ്കരേട്ടൻ.
ഓ.. അങ്ങേര് കുടിച്ച് ബോധമില്ലാതെ അവിടെ കിടപ്പമുണ്ട്..
എന്നാ വാ ശാന്തേ നമുക്ക് അകത്തോട്ടിരിക്കാം എന്നും പറഞ്ഞ് മണവാളൻ മണവാട്ടിയുടെ കയ്യും പിടിച്ച് മണ്ഡപത്തിന് ചുറ്റും വലംവെയ്ക്കാനെന്നപൊലെ ശാന്തയുടെ കയ്യും പിടിച്ച് ശങ്കരേട്ടൻ നടവരമ്പിൽ നിന്നും കപ്പതോട്ടത്തിനകത്തേക്ക്.
അപ്പോഴാണ് ശാന്തയുടെ തെക്കേ വീട്ടിലെ ചന്ദ്രൻ സെക്കന്റ് ഷോയും കഴിഞ്ഞ് ഒരു കട്ടൻ ബീഡിയും വലിച്ചോണ്ട് ഇടവഴി കേറി അതിലെ വന്നത്.
കൊച്ചുവർത്തമാനം പറഞ്ഞ് ശങ്കരേട്ടനും ശാന്തയും മണ്ണിലേക്ക് ഒന്നിരുന്നതേയുള്ളു അപ്പോഴാണ് ചന്ദ്രൻ അത് ശ്രെദ്ധിച്ചതു കപ്പക്കിടയിൽ ഒരനക്കം പൊലെ.
ഒരു പകപ്പോടെ കയ്യിലിരുന്ന ബീഡികുറ്റി എങ്ങോട്ടോ കളഞ്ഞിട്ട് അനക്കം കേട്ടിടത്തോട്ടു നോക്കി ചന്ദ്രൻ..
ആരാ അവിടെ…
ഒരു വെള്ളിടിവെട്ടിയത് പൊലെ പകച്ചു പോയി ശങ്കരേട്ടൻ. തീർന്നു തന്റെ ജീവിതം, ഇപ്പോ നാട്ടുകാര് കൂടും ആകെ നാറും.
ശാന്തേ.. എന്ത് ചെയ്യുമെടി.. കരച്ചിലിന്റെ വക്കത്തെത്തി ശങ്കരേട്ടൻ.
ആദ്യമൊന്ന് ഭയന്നെങ്കിലും അത് ചന്ദ്രനാണെന്ന് മനസ്സിലാക്കിയ ശാന്ത ശങ്കരേട്ടനെ നോക്കി അടക്കിയ സ്വരത്തിൽ
നിങ്ങളൊന്നു പിടക്കാതെ അടങ്ങു മനുഷ്യ.. അവനൊരു പേടിച്ചു തൂറിയാ…
അപ്പോഴും ചന്ദ്രൻ വരമ്പേ നിന്നോണ്ട്..
ആരാന്നാ.. ചോദിച്ചേ..
അത് കൂടി കേട്ടതും ശങ്കരേട്ടൻ ശാന്തയുടെ അഴിഞ്ഞു കിടക്കുന്ന മുടിയുടെ ഇടയിലേക്ക് ഒളിച്ചു കണ്ണുമടച്ചു നിൽക്കുന്നു.
സംയമനം വീണ്ടെടുത്ത ശാന്ത പ്രതിസന്ധിയിൽ നിന്നും രക്ഷപെടാനെന്നവണ്ണം ഒരറ്റ കൈ പ്രേയോഗിക്കാൻ തീരുമാനിച്ചു.
ആദ്യം ഒരു എങ്ങലടിയിലൂടെ ആയിരുന്നു തുടക്കം.
ഒരു സ്ത്രിയുടെ എങ്ങലടി കേട്ടതും ചന്ദ്രന്റെ വയറ്റിലും ഒരാന്തൽ.
ഞാനാ.. ചന്ദ്രേട്ടാ… എങ്ങലിനിടയിലൂടെ ഒരു ശബ്ദം.
ആ… രാ…..
ഞാനാ.. ചേട്ടാ.. കുഞ്ഞുലക്ഷ്മി.
തൊട്ടപ്പുറത്തെ കുളത്തിൽ പണ്ട് മുങ്ങി പെടുമരണം സംഭവിച്ച കുഞ്ഞുലക്ഷ്മിയുടെ മുഖം ചന്ദ്രന്റെ മനസ്സിലേക്ക് ഓടി വന്നു.
കുഞ്ഞു… ലെച്ച്… മീ… ചന്ദ്രന്റെ തൊണ്ട ഉണങ്ങി ശബ്ദം പുറത്തു പോലും വരുന്നില്ല.
അതെ ചേട്ടാ.. എത്ര നാളായി എല്ലാരേയും കണ്ടിട്ട് എന്നെയും കൂടി കൊണ്ട് പോ ചേട്ടാ… പോരാത്തതിന് ഒരു ചിരിയും കൂടി ചിരിയെന്നു പറഞ്ഞാൽ ഒരു ഒന്നന്നര കൊലച്ചിരി..
കിടുങ്ങിപ്പോയി ചന്ദ്രൻ പിന്നെ ഒന്നും നോക്കിയില്ല ഉടുമുണ്ടും പറിച്ച് നാലു കാലേൽ “എന്റമ്മച്ചിയെ ” എന്നലറി കൊണ്ട് ഒറ്റയോട്ടം.
ചന്ദ്രന്റെ ഓട്ടം കണ്ട് ശാന്ത തിരിഞ്ഞു നോക്കുമ്പോൾ ശങ്കരേട്ടനെ ആ ജില്ലയിൽ കാണാനില്ല. അങ്ങേര് എങ്ങോട്ടേലും പോകട്ടെ എന്നും കരുതി ശാന്തയും വീട്ടിലേക്കോടി.
അപ്പോഴേക്കും ചന്ദ്രൻ പാഞ്ഞു പറിച്ച് സ്വന്തം വീടിന്റെ മുറ്റത്തെത്തി വെട്ടിയിട്ട വാഴ പൊലെ ഒറ്റ വീഴ്ച്ച.
മുറ്റത്ത് ചക്ക വീഴുന്ന പോലത്തെ ശബ്ദം കേട്ടാണ് ഉറങ്ങാതെ ചന്ദ്രനെ കാത്തിരുന്ന ഭാര്യ കതകു തുറന്നത്.
നോക്കുമ്പോൾ വെട്ടിവിയർത്ത് ബോധമില്ലാതെ കിടക്കുന്ന ഭർത്താവ്.
മക്കളെ ഓടി വാടാ.. അച്ഛന് എന്തോ ഏനക്കേട്.. അമ്മയുടെ നിലവിളി കേട്ട് പിള്ളാരും ഓടി വന്നു.
മുഖത്ത് കുറച്ചു വെള്ളം തളിച്ച് പോയ ബോധം ചന്ദ്രന് തിരികെ കിട്ടിയെങ്കിലും ആ ഞെട്ടല് അപ്പോഴും മാറിയിട്ടില്ല.
തള്ളയും പിള്ളാരും കൂടി ചന്ദ്രനെ പിടിച്ചു പുരക്കകത്തു കയറ്റി സമാധാനം പറഞ്ഞു ഒരു വിധേന കട്ടിലിൽ കൊണ്ട് കിടത്തി.
പിറ്റേന്ന് രാവിലെ പനിച്ചു തുള്ളി കരിമ്പടവും പുതച്ച് ഉമ്മറത്തിരുന്നു വിറയ്ക്കുന്ന ചന്ദ്രനെ കാണാനായി ശാന്ത അങ്ങോട്ട് വന്നത്.
എന്തായിരുന്നടി പെണ്ണെ ഇന്നലയിവിടെ ഒരു ബഹളം കേട്ടത്. ഒന്നുമറിയാത്ത കുഞ്ഞുപിള്ളയെ പൊലെ ശാന്ത ചന്ദ്രന്റെ പെണ്ണിനോട്.
അത് ചേച്ചി.. പാതിരാത്രിയിൽ ഇങ്ങനെ ഒറ്റയ്ക്കിറങ്ങി നടക്കരുതെന്നു ഇങ്ങേരോട് പറഞ്ഞാൽ കേൾക്കില്ല.. എന്തോ കണ്ട് പേടിച്ചതാ..
കരിമ്പടത്തിനകത്തിരുന്നു മൊത്തത്തിൽ വിറക്കുന്ന ചന്ദ്രനെ നോക്കി ശാന്ത ഉപദേശമെന്നോണം… “എന്തായാലും നീ എവിടേലും കൊണ്ടുപോയി ഒരു രെക്ഷ എഴുതി കെട്ടിക്കടി പെണ്ണെ..” എന്നും പറഞ്ഞ് പതുക്കെ വീട്ടിലേക്ക്..
രചന : – ജോമോൻ തമ്പി…