Categories
Uncategorized

ചില പ്രണയങ്ങൾ ഇങ്ങനെയാണ് അത്രത്തോളം ആത്മാവ് തൊട്ടറിഞ്ഞ പ്രണയം.

രചന: നിഷ L

“പ്രമോ … എന്തൊരു പാടാ ഈ സാരി ഉടുക്കാൻ.. നിന്റെ ഇഷ്ടം നോക്കി മാത്രമാ ഞാനിത് ചുറ്റുന്നത്.. ഹോ.. ഇത്രേം വലിയ തുണി ഈ കൊച്ചു ശരീരത്തിൽ അടുക്കി വയ്ക്കുന്നതിന്റെ പാട് എനിക്കേ അറിയൂ.. നിനക്ക് ഇങ്ങനെ നോക്കി ചിരിച്ചാൽ മതിയല്ലോ.. “!!

ഫോണിന്റെ ഡിസ്പ്ലേയിലെ പ്രമോദിന്റെ ചിരിക്കുന്ന മുഖം നോക്കി രക്ഷ പറഞ്ഞു..

“കിച്ചൂട്ടനെ ഒരുക്കി മമ്മിയുടെ അടുത്തേക്ക് വിട്ടിട്ടുണ്ട്. ഞാൻ പോയി നോക്കട്ടെ… “!!പറഞ്ഞു കൊണ്ട് ധൃതിയിൽ അവൾ താഴേക്ക് പോയി.

രക്ഷ എന്ന രച്ചുവും പ്രമോദും പ്രണയിച്ചു വിവാഹിതരായവരാണ്. ബാംഗ്ലൂർ ഒരേ കമ്പനിയിൽ ജോലി ചെയ്തു അവിടെ വച്ച് പരസ്പരം പ്രണയം തുടങ്ങി അവസാനം അത് വിവാഹത്തിൽ എത്തി.

രച്ചു ഡ്രസ്സിങ്ങിൽ മോഡേൺ ആണെങ്കിലും സ്വഭാവത്തിൽ ഒരു നാട്ടിന്പുറത്തുകാരി കുട്ടി. പ്രമോദിനെ ഏറെ ആകർഷിച്ചതും അവളുടെ ആ സ്വഭാവമാണ്.

രക്ഷ മാതാപിതാക്കൾക്ക് ഒറ്റ കുട്ടിയാണ്. തുടക്കത്തിൽ രച്ചുവിന്റെ വീട്ടിൽ വിവാഹത്തിന് എതിർപ്പുണ്ടായെങ്കിലും പ്രമോദുമായി സംസാരിച്ചപ്പോൾ അവർക്ക് അവനെ ഇഷ്ടമാകുകയും തങ്ങളുടെ മകൾ അവന്റെ കൈകളിൽ സുരക്ഷിത ആയിരിക്കുമെന്ന് തോന്നി വിവാഹത്തിന് സമ്മതം കൊടുക്കുകയും ചെയ്തു. പ്രമോദിന് അമ്മയും ഒരു ചേട്ടനുമുണ്ട്. അച്ഛൻ മരിച്ചു. ചേട്ടൻ വിവാഹം കഴിച്ച് കുടുംബവീടിന്റെ തൊട്ടടുത്തു തന്നെ പുതിയ വീട് വച്ചു താമസിക്കുന്നു. അവർക്ക് ഒരു മകൾ കുഞ്ഞാറ്റ.

ഇന്നിപ്പോൾ പ്രമോദിന്റെ ചെറിയമ്മയുടെ മകളുടെ വിവാഹമാണ്. അതിന് പോകാനുള്ള ഒരുക്കത്തിലാണ് രച്ചുവും വീട്ടുകാരും.

കാറിൽ ഇരിക്കെ രച്ചു അവനെ കുറിച്ച് ഓർത്തു. ആദ്യമായി സാരി ഉടുക്കാൻ പ്രമോദിനെ പുറത്താക്കി റൂമിൽ കയറി കതകടച്ചു. കുറെ നേരത്തെ ശ്രമത്തിനൊടുവിൽ സാരിയും കൈയിൽ പിടിച്ചു വാതിൽ തുറന്ന തന്നെ കണ്ട് അവൻ പൊട്ടി ചിരിച്ചു. പിന്നെ തന്നെ സാരി ഉടുത്തു പഠിപ്പിക്കാൻ അമ്മയെ ഏൽപ്പിച്ചു. ഇപ്പോൾ അത്യാവശ്യം നന്നായി സാരി ഉടുക്കാൻ അറിയാം. കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളും വാശികളും അവന് ഉണ്ടായിരുന്നു. അതൊക്കെ സാധിച്ചു കൊടുക്കാൻ എനിക്ക് ഇഷ്ടവുമാണ്.

“മോളെ ഇറങ്ങുന്നില്ലേ.. “!! അച്ഛന്റെ സ്വരമാണ് ചിന്തകളിൽ നിന്നുണർത്തിയത്.

ഓഡിറ്റോറിയത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയ രച്ചു പ്രമോദിന്റെ ചേട്ടൻ മഹിയെ കണ്ട് അങ്ങോട്ടേക്ക് നടന്നു.

“മഹിയേട്ട.. അമ്മയും ചേട്ടത്തിയും കുഞ്ഞാറ്റയും എവിടെ…? “!!

“അകത്തുണ്ട് മോളേ…. ”

“കിച്ചൂട്ടാ… നീ വലിയച്ഛനെ മറന്നോ.. “!! മോനെ എടുത്തു കൊണ്ട് മഹി ചോദിച്ചു. കിച്ചൂട്ടൻ അവനെ കടിച്ചും ഉമ്മ കൊടുത്തും ഒക്കെ സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്നു..

“വാ പപ്പാ,.. മമ്മി… വാ നമുക്ക് അകത്തേക്ക് പോകാം…”!! രക്ഷയുടെ മാതാപിതാക്കളെ മഹി അകത്തേക്ക് ക്ഷണിച്ചു.

ഓഡിറ്റോറിയത്തിന് അകത്തു കസേരയിൽ ഇരിക്കുന്ന പത്മാമ്മയുടെ അടുത്തേക്ക് രച്ചു ഓടി ചെന്നു.

“അമ്മേ.. “!!

“ആ മോള് വന്നോ… കുഞ്ഞെവിടെ..? “!!

“മഹിയേട്ടന്റെ കൈയിലുണ്ട്.. ഞാൻ സാരി ഉടുത്തു കാണുന്നതാ പ്രമോദിന് ഇഷ്ടം. അതുകൊണ്ട് സാരി ഉടുക്കാൻ നോക്കി കുറെ സമയം വേസ്റ്റ് ആയി പോയി.. അതുകൊണ്ട് കുറച്ചു ലേറ്റ് ആയി..”!!

“സാരമില്ല മോളെ.. മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ടല്ലോ..”!! രച്ചുവിന്റെ തലയിൽ തലോടി കൊണ്ട് പത്മാമ്മ പറഞ്ഞു.

“ഓ… ലേറ്റ് ആയിന്നു പറഞ്ഞു പ്രമോ മുഖം വീർപ്പിക്കും ഇന്ന്.. “!!

സന്ദേഹത്തോടെ പറഞ്ഞു കൊണ്ട് അവൾ തിരക്കി.

“ചേട്ടത്തി എവിടെ..? “!!

“അവിടെ പെണ്ണിനെ ഒരുക്കുന്നിടത്തുണ്ട്…”!! “എന്നാൽ ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം….”!!! “ശരി മോളെ.. “!!

പത്മാമ്മ അവൾ പോകുന്നത് നോക്കി നിന്നു. അവരുടെ കണ്ണിൽ നനവൂറി.

“പാവം കുട്ടി.. ഇവൾക്ക് വേണ്ടി മറ്റൊരു കല്യാണം ആലോചിക്കാൻ എനിക്ക് തോന്നിയല്ലോ ദൈവമേ.. “!!

“എന്താ പത്മാമ്മേ കണ്ണ് നിറഞ്ഞിരിക്കുന്നത്…? “!! രച്ചുവിന്റെ അമ്മ ജയ ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു.

“ഓ.. ഞാൻ മോളെ കുറിച്ച് ഓർത്തു പോയതാ ജയേ.. വേറൊരു വിവാഹത്തിന് അവളെ നിർബന്ധിക്കണം എന്നുള്ള വിചാരത്തിലായിരുന്നു ഞാൻ.. പക്ഷേ.. “!!!

“വേണ്ട പത്മാമ്മേ… പ്രമോദ് അവളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നിടത്തോളം മറ്റൊരു വിവാഹം അവൾ സമ്മതിക്കില്ല. അന്നത്തെ അവളുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ. ഇപ്പോൾ ഉള്ള ഈ സന്തോഷം ഇങ്ങനെ തന്നെ പോകട്ടെ. വെറുതെ വേറെ വിവാഹ കാര്യം പറഞ്ഞു അവളുടെ മനസ്സിൽ തീ കോരി ഇടണ്ട.. “!!

“ശരിയാ ജയേ… അവൾക്ക് സന്തോഷം കിട്ടുന്ന ജീവിതം അവൾ ജീവിക്കട്ടെ. അതാ അതിന്റെ ശരി… “!!

പ്രമോദ് മരിച്ചിട്ട് രണ്ടു വർഷം ആകുന്നു. രച്ചു പ്രസവശേഷം അവളുടെ വീട്ടിൽ ആയിരുന്നപ്പോൾ ഒരു ദിവസം അവൻ രച്ചുവിനെയും കുഞ്ഞിനേയും കാണാൻ പോയതായിരുന്നു . അവന്റെ ബൈക്കിൽ ഒരു കാർ വന്നിടിച്ചു തൽക്ഷണം അവൻ മരിച്ചു.

അവന്റെ മരണ വാർത്ത അറിഞ്ഞു ഉണ്ണാതെ ഉറങ്ങാതെ മാനസിക നില തെറ്റിയ അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് കിച്ചൂട്ടന്റെ കളി ചിരികളാണ്..

ഇപ്പോഴും പ്രമോദ് കണ്മുന്നിൽ ഉള്ളത് പോലെയാണ് അവളുടെ പെരുമാറ്റം. ഇന്നും അവളുടെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും പ്രമോദിന്റെ ഇഷ്ടങ്ങളിലൂടെയും അനിഷ്ടങ്ങളിലൂടെയുമാണ്.. അത്ര മേൽ അവൾ പ്രമോദുമായി ഇഴുകി ചേർന്നിരിക്കുന്നു.

ചില പ്രണയങ്ങൾ ഇങ്ങനെയാണ്. അത്രത്തോളം ആത്മാവ് തൊട്ടറിഞ്ഞ പ്രണയം.

രചന: നിഷ L

Leave a Reply

Your email address will not be published. Required fields are marked *