രചന: ബിന്ധ്യ ബാലൻ
അമ്പാട്ട്കടവില് ആമ്പല് പൂത്ത നാളിലൊന്നിലാണ് അവനെ ഞാനാദ്യമായി കാണുന്നത്.
കണ്ടത്തിറമ്പിനോട് ചേർന്ന ഇടത്തെ ചപ്പും ചവറും അഴുകിയ പുല്ലുമെല്ലാം വാരി വൃത്തിയാക്കി തെളിച്ചിട്ട കളത്തിലേക്ക് വീശിയെറിഞ്ഞ വലയിൽ കുരുങ്ങിയ പള്ളത്തിമീനുകളെ വലിച്ചെടുത്തു കരയിലേക്ക് കുടഞ്ഞിട്ട് ആർക്കെങ്കിലും മീൻ വേണോ എന്ന് ചോദിക്കുമ്പോൾ .
റോഡ് അരികില പേരറിയാ മരത്തിന് താഴെ സ്കൂട്ടി ഒതുക്കി വച്ച് അവന്റെ അരികിലേക്ക് ചെന്നിട്ട് ഞാൻ ചോദിച്ചു
“എന്ത് വിലയ്ക്ക് തരും ? ”
“തൂക്കം നോക്കുവാണേല് ഒരു കിലോയോണ്ട്.. നൂറ് രൂപ.. ”
വലയിൽ ഉടക്കി പിടയ്ക്കുന്ന പള്ളത്തികുഞ്ഞുങ്ങളെ കൈ കൊണ്ട് പെറുക്കി ബക്കറ്റിലേക്കിട്ടു കൊണ്ടാണ് അവൻ മറുപടി പറഞ്ഞത്.
“നൂറ് രൂപയോ.. ഈ മീനിനോ.. അത് വളരെ കൂടുതൽ അല്ലേ .? ”
ഞാൻ ചോദിച്ചു.അപ്പോഴാണ് അവനെന്റെ മുഖത്തേക്ക് ആദ്യമായി നോക്കുന്നത്. ആമ്പൽ പോലെ വിടർന്ന മുഖം.
മുണ്ട് മടക്കി കുത്തി മുഖം കൂർപ്പിച്ച് അവൻ പറഞ്ഞു
“ചുമ്മാതല്ലല്ലോ .. ദേ കണ്ടത്തിൽ കെടക്കണ മീനിനെ കഷ്ടപ്പെട്ടു വലയെറിഞ്ഞു പിടിച്ചാ തരുന്നത്. വേണേൽ വാങ്ങി പോകാൻ നോക്ക്.. ഇല്ലേ വേറേ ആളൊണ്ട് വാങ്ങാൻ ”
ഞാൻ ആ മുഖത്തേക്ക് കൗതുകത്തോടെ നോക്കി.പിന്നെ അവൻ പറഞ്ഞ പൈസ കൊടുത്ത് മീൻ വാങ്ങിയിട്ട് അവനോട് വീണ്ടും ചോദിച്ചു
“കുറച്ചു പൂവ് കൂടി പൊട്ടിച്ചു തരോ? ”
“തരാല്ലോ.. ഒരു കെട്ടു പൂവാണ് കണക്ക്,കെട്ടൊന്നിനു നൂറ്റിയന്പത്, മീൻ വാങ്ങിയതോണ്ട് നൂറ് തന്നാൽ മതി ”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഇയാൾ ആള് കൊള്ളാല്ലോ… ”
ഞാനും ചിരിയോടെ പറഞ്ഞു.
” ജീവിക്കാൻ കാശ് വേണ്ടേടോ? ”
എന്നും പറഞ്ഞ് തലയിലൊരു തോർത്ത് ചുറ്റിക്കെട്ടി കണ്ടത്തിലേക്കിറങ്ങി ഒരു കെട്ടു പൂവ് അവൻ പൊട്ടിച്ചെടുത്തു. പിന്നെ കരയ്ക്ക് കയറി വന്ന്, കൂട്ടത്തിലൊരു ആമ്പൽ തണ്ടിന്റെ നാര് കീറി ആ പൂക്കളെ ചേർത്ത് കെട്ടുമ്പോൾ ഞാൻ പറഞ്ഞു
“നിങ്ങളൊക്കെ എന്ത് ഭാഗ്യവാൻമാരാടോ.. ഈ ആമ്പൽപ്പാടത്തിന്റെ ഭംഗി എന്നും കാണാൻ കഴിയുന്നുണ്ടലൊ ”
പൂക്കൾ മുഴുവൻ ഒന്നായി ചേർത്ത് കെട്ടി ചെണ്ടു പോലെയാക്കി എനിക്ക് നേരെ നീട്ടി നിസ്സംഗ ഭാവത്തിൽ അവനതിനു മറുപടി പറഞ്ഞു
“എന്നും കണ്ടാൽ ഇത് വെറും പൂക്കളാടോ.. പ്രത്യേകിച്ചു ഭംഗിയോ മണമോ ഇല്ലാത്തവർ. ഒരേ കാഴ്ച തന്നെ വീണ്ടും വീണ്ടും കാണുമ്പോൾ കണ്ണിനും മനസിനും ഒരുപോലെ മടുക്കില്ലേ.. അത് തന്നെയാണ് ഇവിടെയും. അല്ലെങ്കിൽ പിന്നെ നമുക്കതിനോട് സ്നേഹം തോന്നണം, അപ്പൊ പിന്നെ എത്ര പഴകിയാലും മടുപ്പ് തോന്നില്ല. ഈ പൂക്കളും അങ്ങനെ തന്നെയാടോ ”
അവൻ പറഞ്ഞത് ഒരു ചെറു ചിരിയോടെ കേട്ട് ആ പൂക്കളും വാങ്ങി വണ്ടിയുമെടുത്തു പോകുമ്പോൾ പിന്നിൽ നിന്നവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു കുപ്പിയിൽ വെള്ളം നിറച്ച് പൂവ് അതിൽ ഇറക്കി വയ്ക്കണമെന്ന്.. രണ്ടു ദിവസം കൂടി ആ പൂക്കൾ ജീവിക്കുമെന്നു.. അത് കേട്ടപ്പോഴും ഞാൻ ചിരിച്ചു.. അതേ.. സ്നേഹമുള്ളവനാണ്..
വീട്ടിലെത്തി അവൻ പറഞ്ഞത് പോലെ ഒരു ചില്ല് ഭരണിയിൽ വെള്ളം നിറച്ചു പൂക്കൾ അതിലിറക്കി ഞാനെന്റെ തിരക്കുകളിലേക്ക് പോയി.
————————————————————————-
ഒരു പിടി പൂവിനൊപ്പം മനസ്സിൽ പതിഞ്ഞ ആ മുഖം പിന്നെ ഞാൻ വീണ്ടും കാണുന്നത് നാല് ദിവസം കഴിഞ്ഞാണ്.
ജോലി കഴിഞ്ഞു മടങ്ങും വഴി.
ബ്രേക്ക് ഡൗൺ ആയ വണ്ടി സ്റ്റാർട്ട് ചെയ്യാൻ എത്ര നോക്കിയിട്ടും സ്റ്റാർട്ട് ആകാതെ വന്നപ്പോ വീട്ടിലേക്ക് വിളിച്ച് അച്ഛനോട് ഒരു മെക്കാനിക്കിനെയും കൂട്ടി വരാൻ പറഞ്ഞിട്ട്, ആദ്യം കണ്ട ഓട്ടോയ്ക്ക് ഞാൻ കൈ കാണിച്ചു.
വണ്ടിയിൽ കയറി ഇറങ്ങാനുള്ള സ്ഥലം പറഞ്ഞു കൊണ്ട് ഡ്രൈവറെ നോക്കുമ്പോൾ ആണ്,അത് അവനാണ് എന്ന് കണ്ടത്. ഒരു ചിരിയോടെ ഞാൻ ചോദിച്ചു
“ആഹാ… ഇയാളു ഓട്ടോ ഡ്രൈവർ ആണോ? ”
“അതെന്നാ ഞാൻ ഓട്ടോഡ്രൈവർ ആയാല് കൊള്ളത്തില്ലേ? ”
കനമുള്ള സ്വരം….
“ഓഹ് ഞാൻ ചുമ്മാ ചോദിച്ചതാ… പിന്നേയ് ഓട്ടോക്കൂലി നൂറും മുന്നൂറും ഒന്നും ചോദിക്കല്ലേ… ഞാൻ പാവമാണ് കേട്ടോ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
വണ്ടി മുന്നോട്ടെടുക്കുമ്പോൾ അവൻ പറഞ്ഞു
“അന്നങ്ങനെ കാശ് വാങ്ങി എന്ന് വച്ച് താനെന്നെ ഒരു ഷൈലോക് ആക്കാതെടോ.. താൻ മീറ്റർ കാശ് മാത്രം തന്നാ മതി.. ”
വീട്ടിലേക്കുള്ള വഴി തിരിയുന്നിടത്ത് എന്നെ ഇറക്കി, കൊടുത്ത കാശിൽ നിന്ന് ഓട്ടോക്കൂലിയെടുത്തിട്ട് ബാക്കി തിരികെ തരുമ്പോൾ ഞാനവനോട് പേര് ചോദിച്ചു
ഇടം കൈ കൊണ്ട് മീശ പിരിച്ച് തിളങ്ങുന്ന കണ്ണുകളോടെ അവൻ പേര് പറഞ്ഞു
“ആര്യൻ ”
ഞാൻ മെല്ലെ ചിരിച്ചു.
ഇനി എപ്പോഴെങ്കിലും കാണമെന്നൊരു വാക്കിൽ അവനകന്ന് പോകുന്നതും നോക്കിയങ്ങനെ നിൽക്കുമ്പോൾ ഉയിരിലെവിടെയോ ഒരു തണുപ്പ് പടരാൻ തുടങ്ങിയിരുന്നു……………………
ജീവിതത്തിൽ അത് വരെ ഒരിക്കലും തോന്നിയിട്ടില്ലാത്തൊരു പിടച്ചിൽ ചങ്കിലേക്ക് നിറച്ചു വച്ചൊരുവനെ പിന്നെയങ്ങോടുള്ള ദിവസങ്ങളിളെല്ലാം ഓരോ ഇടങ്ങളിൽ ഓരോ വേഷങ്ങളിൽ ഞാൻ കണ്ട് കൊണ്ടിരുന്നു.
ഒരിക്കൽ കണ്ടത്, പണി നടന്നു കൊണ്ടിരിക്കുന്ന ഒരു ഇരുനില വീടിന്റെ ഉമ്മറത്ത് സിമന്റും മണലും കുഴയ്ക്കുമ്പോൾ ആണ്..
പിന്നൊരിക്കൽ കണ്ടത്, ടൗണിലെ പുതുതായി പണി കഴിഞ്ഞ മൂന്ന് നില കെട്ടിടത്തിന്റെ ഭിത്തിയിൽ പെയിന്റടിച്ചു നിൽക്കുന്നതാണ്…
പിന്നൊരിക്കൽ കണ്ടു, ബസ് കണ്ടക്ടർ ആയി.
അങ്ങനെ കാണുന്ന ഇടങ്ങളിളെല്ലാം ഡ്രൈവർ ആയും കെട്ടിടം പണിക്കാരനായും, ചുമട്ടുകാരനായയും ഉന്തുവണ്ടിയിലെ പഴം കച്ചവടക്കാരനായും ലോട്ടറി വില്പനക്കാരനായുമെല്ലാം ആര്യനെ ഞാൻ കണ്ടുകൊണ്ടിരുന്നു.
ഓരോ തവണ കാണുമ്പോഴും കൗതുകവും അതിലേറെ പേരറിയാത്തൊരിഷ്ടവും തോന്നിപ്പിച്ചു കൊണ്ട് ആര്യനെന്ന കാറ്റെന്നിൽ കൂടുതൽ ശക്തിയോടെ വീശിയടിക്കാൻ തുടങ്ങുകയായിരുന്നു.
————————————————————————- ആര്യനെന്ന കാറ്റിനെ ഉള്ളിൽ നിറച്ചങ്ങനെ നടക്കുമ്പോൾ ആണ് നിനച്ചിരിക്കാത്ത നേരത്ത് എന്നെ ഞെട്ടിച്ചു കൊണ്ട് ആര്യൻ ഒരിക്കൽ വീട്ടിലേക്ക് കയറി വന്നത്.
പനിപിടിച്ച് ലീവെടുത്തു വീട്ടിലിരുന്ന ദിവസം. ..
പുതിയതായി ഓർഡർ ചെയ്ത ഫ്രിഡ്ജുമായി വന്ന കമ്പനി സ്റ്റാഫ് ആര്യൻ ആയിരുന്നു.
കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ട് ചെന്നു വാതിൽ തുറന്ന് പുറത്ത് നിൽക്കുന്ന ആര്യനെ കണ്ട് അത്ഭുതത്തോടെ നിന്ന് പോയി ഞാൻ.
“ആഹാ ഇത് തന്റെ.. സോറി മാഡത്തിന്റെ വീടായിരുന്നോ? ”
എന്റെ നിൽപ്പ് കണ്ടൊരു വിടർന്ന ചിരിയോടെ ആര്യൻ ചോദിച്ചു.
ചിരിക്കുമ്പോൾ അവന്റെ കവിളിൽ രണ്ടു നുണക്കുഴികൾ തെളിയുന്നുണ്ടായിരുന്നു . രണ്ടു കുഞ്ഞ് നക്ഷത്രങ്ങൾ പോലെ.
ഞാൻ മെല്ലെ ചിരിച്ചു.
കിച്ചൺ കോർണറിൽ കൊണ്ട് വച്ച് ഫ്രിഡ്ജ് കണക്ഷൻ കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഞാൻ ആര്യനോട് ചോദിച്ചു
“ആര്യന് അറിയാൻ വയ്യാത്ത പണി എന്തെങ്കിലും ഉണ്ടോ? ”
“അതെന്താ അങ്ങനെ ചോദിച്ചത്? ”
“അല്ല, ആര്യനെ പല പല റോളുകളിൽ കുറച്ചു നാളുകളായി ഞാൻ കാണുന്നു.. കെട്ടിടം പണിക്കാരൻ, പെയിന്റിങ് ലോട്ടറി വിൽപ്പന അങ്ങനെ.. ശരിക്കുള്ള ജോലി ഇതിൽ ഏതാണ്? ”
ആര്യൻ വയർ വലിക്കുന്നതും ഭിത്തിയിൽ സോക്കറ്റ് സ്ക്രൂ ചെയ്തുറപ്പിക്കുന്നതും നോക്കി നിന്ന് കൊണ്ട് ഞാൻ ചോദിച്ചു .
“അതിപ്പോ അങ്ങനെ ചോദിച്ചാൽ ശരിക്കുള്ള ജോലി ദേ ഇതാണ്.. ഈ ജോലിയിൽ ഇടയ്ക്ക് ബ്രേക്ക് വരുമ്പോൾ കിട്ടുന്ന പണിക്ക് പോകും. ജീവിക്കണ്ടേ മാഷേ… എം കോം വരെ പഠിച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം, അതിനൊന്നും കൊട്ടത്തേങ്ങയുടെ വില പോലുമില്ലെന്ന് ജീവിതം കൊണ്ട് തിരിച്ചറിഞ്ഞപ്പോ കിട്ടുന്ന പണിക്ക് പോകാൻ തുടങ്ങി… സ്വപ്‌നങ്ങൾ ഒത്തിരി ഉള്ളവനാണെ ”
ആര്യനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോ, അവനെ ആദ്യമായി കണ്ടപ്പോൾ തോന്നിയ കൗതുകം മെല്ലെ ഒരു തരം ആരാധനയിലേക്ക് വഴി മാറി.
ജോലിയെല്ലാം തീർത്ത് ആര്യൻ പോകുന്നതും നോക്കി ഗേറ്റിലേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്ന് അച്ഛൻ ചോദിച്ചത്
“മോള് അറിയോ ആ പയ്യനെ? ”
“അറിയും അച്ഛാ.. അത് ആര്യൻ . പരിചയം എങ്ങനാന്ന് ചോദിച്ചാ, ആര്യനെ ആദ്യമായി കണ്ടത് ഒരു കൊല്ലം മുൻപാണ്, നമ്മുടെ അമ്പാട്ട് കടവിൽ വലയെറിഞ്ഞു മീനിനെ പിടിക്കുമ്പോ. പിന്നെ ഒരിക്കൽ ഓട്ടോ ഡ്രൈവർ ആയിട്ടാണ് കണ്ടത്. എല്ലാ ജോലിയും ചെയ്യും അച്ഛാ..കല്ല് വെട്ടാനും കെട്ടിടം പണിക്കും ഓട്ടോ ഓടിക്കാനും ഒന്നും മടിയില്ലാത്ത ആളാണ്. മാത്രമോ എംകോം വരെ പഠിച്ചിട്ടുമുണ്ട്. എന്നിട്ടും പഠിപ്പിന് ചേർന്ന വൈറ്റ് കോളർ ജോബ് നോക്കിയിരിക്കാതെ കിട്ടുന്ന എല്ലാ പണിക്കും പോകുന്നുണ്ട് പാവം.. ”
ആര്യനെക്കുറിച്ചുള്ള വിവരണത്തിലെ എന്റെ ആവേശം കണ്ട്, അച്ഛൻ ഒരു ചിരിയോടെ ചോദിച്ചു
“എന്നതാണ് അയാളെക്കുറിച്ചു പറയുമ്പോൾ ഒരാവേശം… പ്രേമം എങ്ങാനുമാണോടി മോളെ? ”
“ഏയ് അങ്ങനെ ഒന്നുമില്ല അച്ഛാ… ആണെങ്കിൽ ഞാനെന്റെ അച്ഛനോട് പറയാതിരിക്കോ…. ഇത് പ്രേമമോ സ്നേഹമോ ഒന്നുമല്ല.. ആദ്യം ആദ്യം തോന്നിയത് കൗതുകമായിരുന്നു. ഇപ്പൊ ആര്യനെക്കുറിച്ച് കൂടുതൽ മനസിലായപ്പോൾ അതൊരുതരം ആരാധനയായി. ”
ഞാൻ പറഞ്ഞു
“ആ ഈ ആരാധനയ്ക്ക് പറയുന്ന നാടൻ പേരാണ് പ്രണയം ”
ഒരു പൊട്ടിച്ചിരിയോടെയാണ് അച്ഛനത് പറഞ്ഞത്.
“അങ്ങനെയൊന്നുമില്ല അച്ഛാ.. പിന്നെ മനസ്സിൽ തോന്നുണ്ട് ഇപ്പൊ ആര്യനെപ്പോലൊരാളുടെ കൂടെയാണെങ്കിൽ ഞാൻ ഏറ്റവും കംഫർട്ടബിൾ ആയിരിക്കുമെന്ന്.. പാവമാണ് അച്ഛാ.. അത് പോലെ തന്നെ സംസാരം കേട്ടാൽ അറിയാം, ചങ്കൂറ്റമുള്ളവനാണ്….അത് പോലൊരാൾ ആണ് ഭർത്താവ് ആയി വരുന്നതെങ്കിൽ അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും നല്ല ലൈഫ് ”
ഒരു പുഞ്ചിരിയോടെ ഞാൻ പറയുന്നത് കേട്ട്, വീണ്ടുമൊരു പൊട്ടിച്ചിരിയോടെ എന്റെ തോളിൽ തട്ടി അകത്തേക്ക് പോകുമ്പോൾ അച്ഛൻ പറയുന്നുണ്ടായിരുന്നു
“നല്ല പയ്യനാട്ടോ… വേണേൽ ആലോചിക്കാം… ”
അത് കേട്ട്, മനസ്സിൽ എന്നോ പടർന്നു പിടിച്ചൊരു തണുപ്പിലേക്ക് ഒരു കാറ്റു വീശി ഒന്നു കൂടി കുളിർന്നത് പോലെ തറഞ്ഞു നിന്ന് പോയി ഞാൻ.. മനസ്സിൽ വലിയൊരു ചോദ്യചിഹ്നമായി ആര്യന്റെ ചിരി നിറഞ്ഞു…
ആര്യൻ.. ആരാണവൻ..? എന്താണവൻ…? ചോദ്യങ്ങൾ ഒത്തിരി ആയിരുന്നു..
————————————————————————
എന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം പറയാൻ ഈ ലോകത്ത് ആര്യന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിൽ രണ്ടാഴ്ചയോളം പിന്നെ ഞാൻ ആര്യനെ തേടിയലഞ്ഞു.
ആര്യനെ മുൻപ് കണ്ട ഇടങ്ങളിളെല്ലാം ഞാൻ പോയി.
ഇല്ല… ആര്യൻ ഒരിടത്തും ഇല്ലായിരുന്നു.
ആര്യനെ കാണാനായി പരതി നടന്ന എന്റെ കണ്ണുകൾ പിന്നെപ്പോഴോ നിറയാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസിലായത്, ആര്യൻ എന്നിലെത്ര മാത്രമുണ്ടെന്ന്… ആ തിരിച്ചറിവിൽ ആര്യനെ തിരഞ്ഞ് ഞാൻ വീണ്ടും അലഞ്ഞു. എങ്ങും കണ്ടില്ല. ഒടുക്കം, പുതുപ്പള്ളി പുണ്യാളന്റെ തിരുരൂപത്തിനു മുന്നിൽ ഒരു കൂടു മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് പടവുകൾ ഇറങ്ങി വരുമ്പോൾ ആണ് ഇത്ര ദിവസവും തേടി നടന്നയാളെ ഞാൻ കാണുന്നത്. എവിടെയോ യാത്ര പോയിട്ടുള്ള വരവാണ്. ഓടിച്ചെന്ന് അണച്ച് കൊണ്ട് ഞാൻ ദേഷ്യത്തോടെ ചോദിച്ചു
“എവിടെ ആയിരുന്നു ഇത്രേം ദിവസം.. ഞാനെവിടെയൊക്കെ തിരക്കിയെന്നറിയോ. എവിടേലും പോകുവാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ മനുഷ്യാ.. ”
എന്റെ ചാട്ടവും ബഹളവും കണ്ട് കാര്യമെന്താണെന്നറിയാതെ എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അമ്പരന്നു നിൽക്കുകയായിരുന്നു ആര്യൻ.
“എന്നാ ഞാൻ ചോദിച്ചത് കേട്ടില്ലേ…? ”
ഞാൻ വീണ്ടും ചോദിച്ചു.
ഇല്ല എന്ന് ആര്യൻ തലയാട്ടുന്നത് കണ്ടപ്പോൾ ആണ് എനിക്ക് പെട്ടന്ന് ബോധം വന്നത്.ഈശ്വരാ എന്തൊക്കെയാ ഞാൻ പറഞ്ഞു കൂട്ടിയത്… ആ മനസൊന്നു അറിയുക കൂടി ചെയ്യാതെ.
എന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുന്ന ആര്യനെ നോക്കാനുള്ള കരുത്തില്ലാതെ ഞാൻ വേഗം ഓടിച്ചെന്നു വണ്ടി സ്റ്റാർട്ട് ചെയ്തു. ഒന്നും മിണ്ടാതെ എന്റെ പിന്നാലെ വന്നവൻ, പക്ഷെ വണ്ടിയിൽ നിന്നു താക്കോൽ ഊരിയെടുത്തിട്ട് മുന്നിൽ വന്ന് നിന്ന് കണ്ണെടുക്കാതെ എന്നെ നോക്കി നിൽക്കുമെന്ന് ഞാൻ കരുതിയില്ല. ആകെ പെട്ടത് പോലെ ആയി ഞാൻ.
“താനെന്റെ മുഖത്തോട്ട് ഒന്ന് നോക്കിയേ? ”
ഒരു ചെറിയ ചിരിയോടെയാണ് ആര്യൻ പറഞ്ഞത്. ഞാൻ മെല്ലെ കണ്ണുകൾ ഉയർത്തി ആര്യനെ നോക്കി.
“എന്നാടോ.. പ്രേമം വല്ലതും ആണോ എന്നോട്.?”
വീണ്ടും അതേ ചിരി. ഒന്നും മിണ്ടാതെ ഞാൻ ആര്യനെ നോക്കി കണ്ണുകൾ നിറച്ചു. എന്റെ ആ നിറഞ്ഞ കണ്ണുകളിൽ ഉണ്ടായിരുന്നു അവനുള്ള ഉത്തരം. അത് തിരിച്ചറിഞ്ഞ പോലെ ആര്യൻ പറഞ്ഞു
“തന്റെയീ കണ്ണ് നിറയ്ക്കലിലൊണ്ട് അതിനുള്ള ഉത്തരം.. പക്ഷെ..എങ്ങനെ.. എന്ത് കാരണം കൊണ്ട്..എന്നെക്കുറിച്ച് തനിക്ക് എന്തറിയാം അതാണ് എന്റെ ചോദ്യം.”
“എന്തെങ്കിലും ഒരു കാരണം കൊണ്ടാണ് ഇഷ്ട്ടം തോന്നുന്നതെങ്കിൽ അതിനെ പ്രണയമെന്നു വിളിക്കോ ആര്യൻ. കഴിഞ്ഞ കുറെ നാളുകളായ് ഞാൻ ആര്യനെ കാണുന്നു.അപ്പോഴൊക്കെ കരണമില്ലാത്തൊരിഷ്ടം എനിക്ക് തോന്നി. പിന്നെ അന്ന് വീട്ടിൽ വന്നപ്പോ ആര്യനുമായി മിണ്ടിയും പറഞ്ഞും ഒക്കെ ഇരുന്നപ്പോ അറിയാതൊരു നിമിഷം തോന്നിപ്പോയി ആര്യനെപ്പോഴും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.., അതാ.. ഞാൻ.. ”
പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി ഞാൻ തല കുനിച്ചു.
“താൻ വാ. ”
ആര്യൻ എന്നെയും കൂട്ടി പുണ്യാളന് അഭിമുഖമായി അലസമൊഴുകുന്ന ആറിന് അരഞ്ഞാണം കെട്ടിയ അരമതിലിനോട് ചേർത്തിട്ടിരിക്കുന്ന സിമന്റ് ബഞ്ചിൽ പോയിരുന്നു. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ ആര്യൻ സംസാരിക്കാൻ തുടങ്ങി
“എന്നെ കുറെ നാളുകളായുള്ള കണ്ടു പരിചയം മാത്രം വച്ച് തനിക്കെങ്ങനെ എന്നെ ഇഷ്ടപ്പെടാൻ കഴിഞ്ഞു..എന്നെക്കുറിച്ച് ഒന്നും അറിയാതെ… ”
“അറിയാതെ ഒരിഷ്ടം തോന്നി.. അതിന്റെ കാരണങ്ങൾ ചോദിക്കല്ലേ ആര്യൻ.”
വിങ്ങലോടെ ഞാൻ പറഞ്ഞു.
“താൻ പറഞ്ഞില്ലേ, എന്നെ പല പല റോളുകളിൽ താൻ കണ്ടു എന്ന്.. കെട്ടിടം പണിക്കാരൻ, കല്ല് വെട്ടുകാരൻ, പെയിന്റ്പണിക്കാരൻ , കണ്ടക്ടർ അങ്ങനെ പല വേഷത്തില്. ശരിയാടോ, ഓരോ വേഷത്തില് അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കാൻ ഇറങ്ങിയവനാണ് ഞാൻ പഠിച്ചു വാങ്ങിയ സർട്ടിഫിക്കറ്റുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി തുടങ്ങിയപ്പോൾ. തനിക്കറിയോ എന്റെ അച്ഛൻ എനിക്ക് പത്തു വയസുള്ളപ്പോൾ മരിച്ചതാണ്. പിന്നെ അമ്മ കുറെ കഷ്ട്ടപ്പെട്ടു എന്നെ വളർത്താൻ. എന്നെ വളർത്തി പഠിപ്പിച്ചു .. എന്നിട്ടും ഇപ്പോഴും കഷ്ടപ്പാടിന് മാത്രം ഒരു കുറവുമില്ല. സ്വപ്‌നങ്ങൾ ഒത്തിരി ഉണ്ടെടോ…അതിൽ ഏറ്റവും വലുത് സ്വന്തമായൊരു വീടാണ്. ഉള്ള കിടപ്പാടം ബാങ്ക് കാര് കൊണ്ട് പോയി. അച്ഛന്റെ പേരിലൊരു ലോൺ ഉണ്ടായിരുന്നു.. ഇപ്പൊ താമസം വാടക വീട്ടിൽ ആണ്.ഇതൊക്കെയാണ് താൻ ഇഷ്ട്ടപ്പെടുന്ന ആര്യൻ… സ്വന്തമായൊരു കിടപ്പാടം പോലുമില്ലാത്തൊരുത്തന് എവിടെ പ്രേമം.. ”
ഒരു ചിരിയോടെ ആര്യൻ പറഞ്ഞു നിർത്തി. എന്റെ മൗനം കണ്ടത് കൊണ്ടാകാം അതേ ചിരിയോടെ ആര്യൻ വീണ്ടും പറഞ്ഞു
“ഇപ്പൊ തോന്നുന്നില്ലേ ഇഷ്ട്ടം വേണ്ടെന്നു വയ്ക്കാൻ.. അതാടോ ശരി.. താനൊക്കെ സമ്പന്നതയിൽ ജനിച്ചു ജീവിക്കുന്നവരാണ്. വെറുതെ എന്നെപ്പോലെ ഒരു ഗതിയുമില്ലാത്തൊരുത്തനെ പ്രേമിച്ച് സമയം കളയാതെ. സ്നേഹിക്കാൻ കൊള്ളില്ലാത്തത് കൊണ്ടല്ലെടോ, ഇപ്പൊ തനിക്ക് എന്നോട് തോന്നണ പോലെ എനിക്ക് തിരിച്ച് തന്നോടും ഇഷ്ട്ടം തോന്നിപ്പോയാൽ പിന്നെ വേറൊരുത്തനും തന്നെ കൊടുക്കുകേലെന്നു ഞാനങ് തീരുമാനിച്ചു കളയും. ആരൊക്കെ തടസ്സം നിന്നാലും താനെന്റെ കൂടെ തന്നെ ജീവിക്കും. പക്ഷെ അങ്ങനെ വിളിച്ചിറക്കി കൊണ്ട് വന്നേച്ചു, എന്റെ കഷ്ടപ്പാട് പങ്കിട്ടു തരുന്നതെങ്ങിനെ.. കഥേലൊക്കെ വായിക്കാൻ കൊള്ളാം നീ കൂടെയുണ്ടെങ്കിൽ കടത്തിണ്ണയായാലും മതി തല ചായ്ക്കാൻ എന്നൊക്കെ. പക്ഷെ റിയാലിറ്റിയിലേക്ക് വരുമ്പോൾ മനസിലാകും, മൂന്ന് നേരം പ്രേമം ഉരുട്ടികുഴച്ച് തിന്നാലൊന്നും വിശപ്പ് മാറുകേലെന്ന്.. ”
ഞാൻ ആര്യനെ കണ്ണെടുക്കാതെ നോക്കിയിരുന്നു. ആദ്യമായി കണ്ട അന്ന് തൊട്ട് ദേ ഈ നിമിഷം വരെയുള്ള കാലത്തോളം എങ്ങനെയാണ് ഈ ചെക്കൻ എന്നിലിത്രമാത്രം കൗതുകം നിറയ്ക്കുന്നതെന്നു ഞാൻ ഓർത്തു.
ഞാൻ ആ കണ്ണുകളിലേക്ക് കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ മെല്ലെയെഴുന്നേറ്റ് ആര്യന്റെ മുന്നിലേക്ക് നിന്ന് രണ്ടു കൈകൾ കൊണ്ടും ആ മീശയുടെ തുമ്പ് പിരിച്ചു വച്ചു ഞാൻ പറഞ്ഞു
“നേരത്തെ പറഞ്ഞില്ലെ, അറിയാത്തൊരിഷ്ടം തോന്നിപ്പോയാൽ എന്നെ വേറൊരുത്തനും കൊടുക്കില്ലെന്ന്… ആ ഓർമ്മപ്പെടുത്തലിൽ ഉണ്ട് എന്നോടുള്ള ഇഷ്ടം.. എന്റെ നല്ല ഭാവിക്ക് വേണ്ടി ആര്യൻ മാറ്റി വയ്ക്കുന്ന ഇഷ്ടം…അത് കൊണ്ട് തന്നെ ഒത്തിരി സ്വപ്‌നങ്ങൾ ഉള്ളൊരുവനോട്, അധ്വാനിക്കാൻ മടിയില്ലാതൊരുത്തനോട് ചോദിക്കുവാ കാത്തിരുന്നോട്ടെ ഞാൻ.. ഈ ധനു ആര്യന്റെ ആകുന്ന ആ ദിവസത്തിനു വേണ്ടി.. ”
“എത്ര നാള് കാത്തിരിക്കും താൻ… ഒക്കെ തന്റെ തോന്നലാടോ… താൻ പോകാൻ നോക്ക്. പ്രേമം.. മണ്ണാങ്കട്ട.. ”
അസ്വസ്ഥതയോടെ എന്റെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് നടന്നകന്നു പോകുന്ന ആര്യനെ നോക്കിയങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു.
————————————————————————-
എന്റെ ഇഷ്ടം ആര്യനെ അറിയിച്ച് പുണ്യാളന്റെ തിരുനടയിൽ നിന്ന് തോറ്റവളെപ്പോലെ തിരികെ മടങ്ങി കുറെ ദിവസങ്ങൾ കഴിഞ്ഞു ഞാൻ വീണ്ടും ആര്യനെ കണ്ടു.
അവഗണനയോടെ മുഖം തിരിച്ചു നടക്കുമ്പോൾ ഒരു ചിരിയോടെ ഞാനോർത്തു കണ്ടിട്ടും കാണാതെ പോകുന്നവളെയോർത്ത് ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ആ നെഞ്ചോന്നു പിടയ്ക്കട്ടെ.. എന്നെ നോവിച്ചതിനു ഒരു കുഞ്ഞ് ശിക്ഷ.
പിന്നെയും പിന്നെയും ഓരോ ഇടങ്ങളിൽ ആര്യനെ കാണുമ്പോൾ ഞാൻ അത് തുടർന്നു. ദിവസങ്ങളും മാസങ്ങളും ഓടിപ്പോയിക്കൊണ്ടിരുന്നു. അവഗണയുടെ നോട്ടങ്ങളിൽ കരളുരുകിയെങ്കിലും ആര്യൻ മനസ്സിൽ നിന്നു പോയില്ല. അങ്ങനെ മായ്ച്ചു കളയാനല്ലല്ലോ ഞാൻ സ്നേഹിച്ചത്. അങ്ങനെ ഓരോ ദിവസം കഴിയും തോറും ആര്യനെന്ന സൗരയൂഥത്തിലേക്ക് ചുരുങ്ങിപ്പോകുന്ന ഒറ്റ നക്ഷത്രം കണക്കെ ഞാനും എന്റെ പ്രണയവും ചുരുങ്ങാൻ തുടങ്ങി.
ഇരുവർക്കുമിടയിൽ വീണ്ടുമൊരു ആമ്പൽക്കാലം വന്നു. ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിപ്പിച്ചൊരുവനെ ആദ്യമായി കണ്ട ദിവസത്തിന്റെ ഓർമ്മ പുതുക്കാനെന്നപോലെ ഞാൻ അമ്പാട്ട് കടവിലെ ആ ആമ്പൽ പടത്തിന്റെ ചന്തം കാണാൻ ചെന്നു. കണ്ടത്തിരമ്പിനോട് ചേർന്ന് നിന്ന് കൂമ്പി നിൽക്കുന്ന ആ പൂക്കളെ നോക്കിയങ്ങനെ നിൽക്കുബോൾ ആമ്പൽപാടം കാണാനെത്തിയൊരു കുട്ടി എന്നെ വന്ന് തോണ്ടി
“ചേച്ചി ഒരു പൂവ് പൊട്ടിച്ച് തരോ.. പ്ലീസ്? ”
അവനെ നോക്കിയൊരു ചിരിയോടെ തലയാട്ടിയിട്ടു മെല്ലെ ആ ചേറിലേക്കിറങ്ങി കൈ നീട്ടി രണ്ടു പൂക്കൾ ഞാൻ പൊട്ടിച്ചെടുത്തു. പിന്നെ കരയ്ക്ക് കയറി വന്നിട്ട് ആ കുഞ്ഞിന്റെ കൈയിലേക്ക് ആ പൂക്കൾ വച്ച് കൊടുത്തിട്ട് ഞാൻ പറഞ്ഞു
“വീട്ടിൽ കൊണ്ട് പോയി കുപ്പിയിൽ വെള്ളം നിറച്ച് അതിൽ ഇറക്കി വെക്കണം പൂവ്.. രണ്ടു ദിവസം കൂടി ഇവര് ജീവിക്കും.. ”
“അതെങ്ങനാ ചേച്ചിക്ക് അറിയാവുന്നെ? ”
അവൻ ചോദിച്ചു.
“അതോ. ഇന്നാളൊരു ദിവസം ചേച്ചിക്ക് കുറച്ചു പൂവ് പൊട്ടിച്ചു തന്നിട്ട് ഒരു തെമ്മാടിച്ചെക്കൻ പറഞ്ഞു തന്നതാ… ”
അവനത് ശ്രെദ്ധിക്കാതെ ഓടിപ്പോയി. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് ഞാൻ വീട്ടിലേക്ക് ചെന്നു. വീട്ടിലെത്തി ഗേറ്റ് തുറക്കുമ്പോൾ അച്ഛനാരോടോ സംസാരിക്കുന്നതും ചിരിക്കുന്നതുമൊക്കെ ഞാൻ കേട്ടു. അകത്തേക്ക് ചെന്നതും സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഷോക്ക് ആയി..ആര്യൻ..
എന്നെ നോക്കിയൊരു കള്ളച്ചിരിയോടെ കണ്ണുകൾ ചിമ്മിയ ആര്യനെ നോക്കി തറഞ്ഞങ്ങനെ നിൽക്കുമ്പോൾ അച്ഛൻ പറഞ്ഞു
“ആര്യൻ എന്റെ മോളെ പെണ്ണ് ചോദിക്കാൻ വന്നതാ…ദേ മോളെ അച്ഛന് സമ്മതമാണ്.. എനിക്കിവനെ അത്രയ്ക്ക് ഇഷ്ട്ടായി കേട്ടോ ”
“പക്ഷെ എനിക്ക് ഒട്ടും ഇഷ്ടമായില്ല… ”
മുഖം വീർപ്പിച്ച് അത്ര മാത്രം പറഞ്ഞിട്ട് ഞാൻ അകത്തേക്ക് പോയി ഉള്ളിലൊരു ചിരിയോടെ.
ഒരു പൊട്ടിച്ചിരിയോടെ അകത്തിരിക്കുന്ന ഞാൻ കേൾക്കാൻ പാകത്തിൽ ആര്യൻ അച്ഛനോട് ചോദിച്ചു
“പെണ്ണിനോട് എനിക്കൊന്നു തനിച്ചു സംസാരിക്കാമോ അച്ഛാ.. ”
“അതിനെന്താ.. മോൻ പോയി സംസാരിച്ചിട്ട് വാ ”
അച്ഛന്റെ അനുവാദം വാങ്ങി ആര്യൻ മുറിയിലേക്ക് വന്നു. ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും ഇടയിൽപെട്ട് മനസ് കലമ്പിയിരുന്നു എന്റെ. ഞാൻ ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് പോലും നോക്കാതെ അങ്ങനെ ഇരുന്നു.
“എന്റെ മുഖത്തോട്ട് ഒന്ന് നോക്കിയേ ”
ആര്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അനങ്ങിയില്ല. കല്ലിനു കാറ്റ് പിടിച്ചത് പോലുള്ള എന്റെ നിൽപ്പ് കണ്ട് എന്റെ അടുത്തേക്ക് വന്ന് ചേർന്ന് നിന്ന് കൊണ്ട് സ്വരം കനപ്പിച്ചു വീണ്ടും പറഞ്ഞു
“മുഖത്തേക്ക് നോക്കെടി. ”
ഞാൻ അറിയാതെ നോക്കിപ്പോയി.
എന്റെ കണ്ണുകളുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങിയ ആര്യന്റെ കണ്ണുകളിലെ പ്രണയം താങ്ങാനാവാതെ തളർന്നു പോയ എന്റെ കൈകൾ ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ആര്യൻ എന്നോട് ചോദിച്ചു
“സ്വപ്‌നങ്ങൾ ഒത്തിരിയുള്ള ഒരുത്തനോട് ഒരിക്കൽ ചോദിച്ചില്ലേ കാത്തിരുന്നോട്ടെ എന്ന്.. ഒന്ന് നിവർന്നു നില്ക്കാനുള്ള ഊർജ്ജം ആയിരുന്നു ആ ചോദ്യം.. ഒരു ജോലി കിട്ടി… പിന്നെ ഒന്നും ആലോചിച്ചില്ല, എനിക്ക് വേണ്ടി കാത്തിരുന്ന എന്റെ പെണ്ണിനെ കൊണ്ട് പോകാൻ അവളുടെ അച്ഛന്റെ അനുവാദത്തിനു വന്നതാണ് ഞാൻ. അനുവാദം തന്നു അച്ഛൻ.. ഇനി എന്റെയീ പെണ്ണിനെ എന്റെ മാത്രമായിട്ട് ഞാൻ കൊണ്ട് പൊയ്ക്കോട്ടേ? ”
ഒന്നും മിണ്ടാതെ ഒരു തേങ്ങലോടെ ആ നെഞ്ചിലേക്ക് ചേർന്ന് നിന്ന് സമ്മതം മൂളുമ്പോൾ ആര്യൻ പറഞ്ഞു
“ഇഷ്ട്ടമാണെടി ഒത്തിരി… കണ്ട അന്ന് തൊട്ട്… സ്വന്തമാക്കി കൊണ്ട് വന്നിട്ട് പട്ടിണി പങ്കിടാൻ ഒരുക്കമായിരുന്നെങ്കിലും, നമ്മുടെ മക്കള് പട്ടിണി ആവാതിരിക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും കരുതി വയ്ക്കാനായുള്ള സമയത്തിന് വേണ്ടിയാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞ് ഞാൻ നോവിച്ചത്.. എനിക്ക് അറിയാമായിരുന്നു നീയെനിക്കു വേണ്ടി കാത്തിരിക്കുമെന്നു.. കാരണം ന്താന്നറിയോ, നീ ജനിച്ചത് ആര്യന്റെ പെണ്ണാകാൻ ആണ്… ”
ആ നെഞ്ചിൽ നിന്നടർന്നു മാറി തലയുയർത്തി ഞാനാ കണ്ണുകളിലേക്ക് കൗതുകത്തോടെ നോക്കി. എന്റെ നോട്ടം കണ്ടൊരു ചിരിയോടെ കട്ടിമീശയുടെ തുമ്പ് പിരിച്ച്
“എന്നതാടി നീ കരുതിയേ, ഞാൻ നിന്നെ ഇട്ടേച്ചു പോകുമെന്നോ.. കണ്ടയന്നു മനസ്സിൽ ഉറപ്പിച്ചതാ വേറൊരുത്തനും കൊടുക്കുകേലെന്നു.. നീയെന്റെ ആണെന്ന്.. അത് നിന്നോട് പറഞ്ഞില്ല എന്നേയുള്ളൂ… ”
എന്ന് പറഞ്ഞ് ചിരിക്കുന്ന എന്റെ ചെക്കനെ കണ്ണെടുക്കാതെങ്ങനെ നോക്കി നിൽക്കുമ്പോൾ, ഒരാമ്പൽപ്പാടത്തിന്റെ മുഴുവൻ സുഗന്ധവും നിറച്ചൊരു കാറ്റ് ഞങ്ങളെ തഴുകി കടന്ന് പോകുന്നുണ്ടായിരുന്നു…..
രചന: ബിന്ധ്യ ബാലൻ