Categories
Uncategorized

ചിന്തകൾക്കിടയിൽ ചിമ്മി തുറന്ന അഖിലിന്റെ കണ്ണുകൾ അച്ഛന്റെ ഫോട്ടോ തുടയ്ക്കുന്ന അമ്മയിൽ കൊളുത്തി നിന്നു.”അച്ഛന്റെ ഫോട്ടോ വൃത്തിയാക്കുന്ന നിമിഷങ്ങളിലെപ്പോഴോ അമ്മയുടെ കണ്ണ് നിറഞ്ഞുവോ, ഇല്ല അച്ഛന്റെ ഓർമ്മകളിൽ കരയുന്ന അമ്മയെ ഇതുവരെ കണ്ടിട്ടില്ല.”അഖിൽ ഓർത്തു.

രചന :സയന

“അമ്മയുടെ രണ്ടാം വിവാഹം നടത്തിയ മിടുക്കി.ബിഗ് ബോസ്സ് താരം ജാനകിയുടെ ജീവിതകഥ വൈറൽ “ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നതിനിടെ കണ്ട ന്യൂസ്‌ അഖിലിനെ ഒന്ന് ചിന്തിപ്പിച്ചു.

“ഹമ്, എല്ലായിടത്തും ഇത് തന്നെ ന്യൂസ്‌, അച്ഛനെ മകൻ വിവാഹം കഴിപ്പിക്കുന്നു. അമ്മയുടെ മുൻകാമുകനെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്ന മകൾ, ഇതൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലും.

“ചിന്തകൾക്കിടയിൽ ചിമ്മി തുറന്ന അഖിലിന്റെ കണ്ണുകൾ അച്ഛന്റെ ഫോട്ടോ തുടയ്ക്കുന്ന അമ്മയിൽ കൊളുത്തി നിന്നു.”അച്ഛന്റെ ഫോട്ടോ വൃത്തിയാക്കുന്ന നിമിഷങ്ങളിലെപ്പോഴോ അമ്മയുടെ കണ്ണ് നിറഞ്ഞുവോ, ഇല്ല അച്ഛന്റെ ഓർമ്മകളിൽ കരയുന്ന അമ്മയെ ഇതുവരെ കണ്ടിട്ടില്ല.”അഖിൽ ഓർത്തു.

അവന്റെ കണ്ണുകൾ വീണ്ടും അമ്മയിലേക്കെത്തി.”എത്ര സൂക്ഷ്മതയോടെയാണ് അമ്മ അച്ഛന്റെ ഫോട്ടോ ക്ലീൻ ചെയ്യുന്നത്,”ക്ലീൻ ചെയ്ത് കഴിഞ്ഞ് അമ്മ കസേര വലിച്ചിട്ട് അതിൽ കയറി നിന്ന് അച്ഛന്റെ ഫോട്ടോ പഴയ സ്ഥാനത്തുറപ്പിച്ചു. ഒന്ന് രണ്ട് നിമിഷം അച്ഛന്റെ ഫോട്ടോയിൽ നോക്കി നിന്നതിന് ശേഷം ഒരു നെടുവീർപ്പോട് കൂടെ അമ്മ കസേരയിൽ നിന്നിറങ്ങി അമ്മയുടെ റൂമിലേക്ക് കടന്ന് വാതിലടച്ചു. അഖിൽ ഒരു നിമിഷം പകച്ചു, അവന്റെ ചിന്തകൾ വീണ്ടും മെട്രോയുടെ സ്പീഡിൽ ഓടുവാൻ തുടങ്ങി.”അച്ഛൻ മരിക്കുന്നത് അമ്മയുടെ മുപ്പത്തിയാറാമത്തെ വയസ്സിലാണ്.

വെറും പതിനെട്ട് വർഷത്തെ ദാമ്പത്യം. അന്ന് മുതൽ എനിക്കും ആരവിനുമായി ജീവിതം ഉഴിഞ്ഞ് വച്ചതാണ് അമ്മ. അമ്മയ്ക്കുമുണ്ടായിരുന്നിരിക്കുമോ പണ്ട് അമ്മയെ ഇഷ്ടപ്പെട്ടിരുന്നൊരാൾ, അമ്മ ഇഷ്ടപ്പെട്ടിരുന്നൊരാൾ? അച്ഛന്റെ മരണ ശേഷം കുടുംബഭാരം മുഴുവനായി ഏറ്റെടുത്ത ശേഷം എപ്പോഴെങ്കിലും അമ്മയ്ക്ക് തോന്നിയിട്ടുണ്ടാകുമോ തളരുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് “ചിന്തകളുടെ ട്രെയിനിൽ നിന്നിറങ്ങി അഖിൽ ചുവരിൽ വച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയുടെ അടുത്തേക്ക് ചെന്നു.”അച്ഛാ, ഞാൻ ചെയ്യാൻ പോകുന്നത് ഒരു വലിയ കാര്യമാണ്.

എനിക്ക് മുൻപിൽ പ്രതിസന്ധികൾ ഏറെയാണ്. അച്ഛൻ എന്നെ അനുഗ്രഹിക്കണം..”കണ്ണിലൂറിയ നനവ് തുടച്ച്‌ കൊണ്ട് അവൻ റൂമിൽ പഠിച്ചുകൊണ്ടിരുന്ന ആരവിന്റ അടുത്തേക്ക് നടന്നു.

“ടാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്,”അഖിൽ ആരവിന്റ ബുക്ക്‌ മടക്കികൊണ്ട് പറഞ്ഞു.”ദേ ചെക്കാ നാളെ എക്സാം ആണ്, നിന്റെ കാര്യമൊക്കെ പിന്നെ പറയാം.”ആരവ് അഖിലിന്റെ കൈ നീക്കി വീണ്ടും ബുക്ക്‌ തുറന്നു. “ഹമ്, മനുഷ്യൻ ഇവിടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുത്തുനിൽക്കുമ്പോഴാണ് അവന്റെ ഒരു ഹും… ഇങ്ങ് വാ നീ എന്റെ കൂടെ, ഞാൻ പറഞ്ഞോളാം അമ്മയോട്. നീ ഒന്ന് കൂടെ നിന്നാൽ മാത്രം മതി.നമ്മുടെ അമ്മയല്ലേടാ “അഖിൽ ആരവിനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

“ടാ, ആദ്യം നീ കാര്യം പറയെടാ മനുഷ്യനെ ടെൻഷൻ ആക്കാതെ “അഖിലിനെ പുറകിൽ നിന്നും വിളിച്ചു ആരവെങ്കിലും അഖിൽ അമ്മയുടെ മുറിയുടെ മുൻപിലെത്തിയിരുന്നു അപ്പോഴേക്കും.

“അമ്മേ,…. അമ്മേ…”ഡോറിൽ തട്ടിക്കൊണ്ട് അഖിൽ വിളിച്ചു.”ദാ വരണൂ “എന്നും പറഞ്ഞു അമ്മ ഡോർ തുറന്ന് പുറത്തേക്ക് കടന്ന് വന്നു. ആരവും അപ്പോഴേക്ക് അവിടേക്കെത്തിയിരുന്നു. അഖിലിന്റെ നിൽപ്പും ആരവിന്റെ കിതപ്പും കണ്ട് അമ്മ സംശയത്തോടെ രണ്ടാളോടുമായി ചോദിച്ചു “എന്താടാ, എന്തേലും ഒപ്പിച്ചോ രണ്ടും കൂടെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ടല്ലോ?” “അയ്യോ എനിക്കൊന്നുമറിയില്ല അമ്മേ, ഇവനാണ് അമ്മയുടെന്തോ തീരുമാനം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് എന്നെ വിളിച്ച് കൊണ്ട് വന്നത്.”ആരവ് അവന്റെ ഭാഗം അമ്മയുടെ മുൻപിൽ ക്ലിയറാക്കി.

“എന്താടാ, ഏതെങ്കിലും പെണ്ണിനെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വരാനോ മറ്റോ ആണോ? അമ്മ പുരികം ചുളിച്ചുകൊണ്ട് അഖിലിനടുത്തേക്ക് തിരിഞ്ഞു.

“എന്റെ ജീവിതത്തിലേക്കല്ലമ്മാ, അമ്മയുടെ ജീവിതത്തിലേക്ക്.”അമ്മയുടെ ഇരുതോളിലും പിടിച്ചു കൊണ്ട് അഖിൽ പറഞ്ഞു. “എന്റെ ജീവിതത്തിലോട്ടോ ഇവന് ഭ്രാന്തായോ അതോ കള്ള് കുടിച്ചിട്ടുണ്ടോ നീ,”അമ്മ മണം പിടിക്കാനായി മൂക്കും കൊണ്ട് അഖിലിനടുത്തേക്ക് വന്നു.

“ഇല്ല അമ്മാ, ഞാൻ സ്വബോധത്തോടെയാണ് പറയുന്നത്. ഞാനോ ആരാവോ ഈ കാര്യം മുൻപേ ആലോചിക്കേണ്ടതായിരുന്നു. സാരമില്ല, ഇതാകും അതിനുള്ള സമയം. അത്കൊണ്ട് അമ്മയുടെ പുനർവിവാഹം നടത്താൻ ഞാൻ തീരുമാനിച്ചു. ഇനി അമ്മയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിലും പറയാം അമ്മയ്ക്ക്. ഞങ്ങൾ എതിർക്കില്ല, അല്ലേ ആരൂ,? അമ്മയെ ചേർത്ത് നിർത്തികൊണ്ട് അഖിൽ പറഞ്ഞു നിർത്തി. ഒരു സെക്കന്റ്‌ അവർ മൂന്നുപേർക്കിടയിൽ നിശബ്ദത കടന്ന് വന്നു. ആരവ് അമ്മയെയും അഖിലിനെയും മാറി മാറി നോക്കി. പെട്ടന്ന് ഒരു കാതടപ്പിക്കുന്ന സ്വരം ആരവിലേക്കെത്തി “പടേ “… ആരവ് നോക്കുമ്പോൾ നമ്മുടെന്ന് അടി കൊണ്ട കവിൾ പൊത്തിപ്പിടിച്ച് കൊണ്ട് കണ്ണും തുറുപ്പിച്ഛ് നിൽക്കുന്ന അഖിലിനെയും, കണ്ണൊക്കെ ചുവന്ന് ദേഷ്യത്താൽ നാഗവല്ലിയായി നിൽക്കുന്ന അമ്മയേയുമാണ് കണ്ടത്. “പ്ഫാ, അമ്മയെ കെട്ടിക്കാൻ നടക്കുന്നു, പറഞ്ഞു തുടങ്ങിയപ്പോൾ എന്തോ മലമറിക്കണ കാര്യമാണെന്ന് കരുതിയാ കേട്ട് നിന്നത്, അപ്പോൾ അവൻ ഹാ,”അമ്മ അഖിലിന് നേരെ വീണ്ടും കൈയ്യോങ്ങിക്കൊണ്ട് ചെന്നു.

“അമ്മ അപ്പോൾ അച്ഛന്റെ ഫോട്ടോ ചുവരിൽ വച്ച് നെടുവീർപ്പിട്ടതെന്തിനാ? പെട്ടന്ന് റൂമിൽ പോയി കതകടച്ചത് അമ്മ കരയുന്നത് ഞങ്ങൾ കാണാതിരിക്കാനല്ലേ?”അഖിൽ തന്റെ സംശയം അമ്മയോട് ചോദിച്ചു.

“ഓ.. എന്റെ ദൈവമേ ഇവനെ പെറ്റ് വലുതാക്കിയ നേരം പറമ്പിൽ വാഴ വച്ചാൽ മതിയായിരുന്നു. എടാ മണ്ടാ, നിങ്ങൾ രണ്ട് മുതുക്കന്മാരുണ്ടായിട്ടും ഇതൊക്കെ ഞാൻ തന്നെ ചെയ്യണമെന്നാലോചിച്ചാണ് ഞാൻ നെടുവീർപ്പിട്ടത്. വേഗം റൂമിൽ കയറിയത് ഫാനിലെ പൊടി തൂത്തത് കൊണ്ട് മേൽ ഉണ്ടായ പൊടി കളയാൻ കുളിക്കാനായിട്ടാണ്. അതിന്പുന്നാരമോൻ ഫോണിൽ തൊണ്ടിയിരുന്നത് കൊണ്ട് അതൊന്നും കണ്ടുകാണില്ലല്ലേ?”അമ്മ ദേഷ്യത്തോടെ അഖിലിനോട് ചോദിച്ചു.

ചുമൽ ഉയർത്തി താഴ്ത്തി “ഇല്ല “എന്ന് അഖിൽ അമ്മയോട് പറഞ്ഞതും ദേഷ്യം കൂടി അവന്റെ തലക്കിട്ട് കൊട്ടികൊണ്ട് അമ്മ പറഞ്ഞു “പൊന്നുമോൻ ഡിഗ്രി കഴിഞ്ഞ് ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചായില്ലേ,നാളെ മുതൽ ഒരു ജോലിയൊക്കെ അന്വേഷിച്ച് കണ്ട് പിടിച്ച്, എന്നിട്ട് അമ്മയുടെ ചുമലിൽ നിന്ന് വീടിന്റ ഭാരമൊക്കെ മോന്റെ ചുമലിലേക്ക് വച്ചോട്ടാ, അവൻ അമ്മയെ കെട്ടിക്കാൻ നടക്കുന്നു.” അഖിലിനെ തള്ളി മാറ്റി അമ്മ അടുക്കളയിലേക്ക് പോയതും “കവിൾ പൊത്തി നിൽക്കുന്ന അഖിലിനെ നോക്കി “എന്ത് തോൽവിയടാ “എന്നും പറഞ്ഞ് ആരവ് തിരികെ റൂമിലേക്ക് നടന്നു.

കവിളും തടവി അമ്മപോയ വഴിയേ നോക്കിനിന്ന അഖിലിന്റെ ഫോൺ അപ്പോൾ ഒരു നോട്ടിഫിക്കേഷൻ കാണിച്ച് വൈബ്രേറ്റ് ചെയ്തു.”പഠനം കഴിഞ്ഞിട്ടും ജോലിക്ക് പോകാതെ വീട്ടിൽ കുത്തിയിരുന്ന മകന്റെ ഷർട്ടടുത്ത് അമ്മ വാഴയ്ക്കണിയിച്ചു, ചിത്രങ്ങൾ വൈറൽ ”

രചന :സയന

Leave a Reply

Your email address will not be published. Required fields are marked *