Categories
Uncategorized

ഗൾഫിൽ നിന്ന് വന്ന എന്റെ കൂട്ടുകാരനും ഞാനും കൂടിയാണ് അന്ന് പെണ്ണ് കാണാൻ പോയത്.

രചന : – Ibnu.

ഗൾഫിൽ നിന്ന് വന്ന എന്റെ കൂട്ടുകാരനും ഞാനും കൂടിയാണ് അന്ന് പെണ്ണ് കാണാൻ പോയത്.

അതിന് മുമ്പും ഞാൻ കുറേ പെണ്ണ് കണ്ടിട്ടുണ്ട്.

ആദ്യം കണ്ട പെണ്ണിനെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.

അവളെ തന്നെ കെട്ടാനും എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു.

പക്ഷേ ഒപ്പം വന്ന കൂട്ടുകാരൻ ഉടക്കി..

അവന് ഇഷ്ടപ്പെട്ടില്ലത്രേ..

അതിന് ശേഷവും ഞാൻ കുറേ പെണ്ണ് കണ്ടു. എല്ലാരേം എനിക്ക് ഇഷ്ട്ടപെടുകയും ചെയ്തു.

എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് അന്വേഷിക്കുമ്പോൾ കിട്ടിയിരുന്ന സി ഗ്രേഡ് സർട്ടിഫിക്കറ്റ് കൊണ്ടാവാം ആ കാണലുകളൊന്നും ഒരു കല്യാണത്തിലേക്ക് എത്തിയില്ല.

പെണ്ണ് കാണൽ രീതിയോട് ഒരു വെറുപ്പ് തന്നെ വന്ന് കൊണ്ടിരുന്ന ആ സമയത്താണ്, പെരിന്തൽമണ്ണക്കും അപ്പുറത്തേക്ക് കെട്ടിച്ചു വിട്ട അയലോക്കത്തെ ഇത്ത അവരുടെ അയല്പക്കത്തുള്ള ഒരു കുട്ടിയെ പോയി കാണാൻ എന്നോട് നിർദ്ദേശിച്ചത്.

എനിക്ക് ഉറപ്പായിട്ടും ഇഷ്ടപ്പെടുമത്രേ..

അങ്ങനെയാണ് ഗൾഫ്കാരൻ കൂട്ടുകാരനും ഞാനും കൂടി ആ വീട്ടിൽ എത്തിയത്.

എല്ലാ കാണലുകളും പോലെ തന്നെ അവൾ കൊണ്ടുവന്ന ചായയും കുടിച് അവളെയും ഇഷ്ടപ്പെട്ട് ആ വീട്ടിൽ നിന്നും ഇറങ്ങി ബൈക്കിൽ കേറാൻ തുടങ്ങുമ്പോഴാണ് കൂട്ടുകാരൻ ചോദിച്ചത്..

“എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ” ന്ന്!

കൂട്ടുകാരിൽ നിന്ന് മുൻ അനുഭവങ്ങൾ ഉള്ളത് കൊണ്ടു തന്നെ ആദ്യം അവനോട് എന്ത് പറയണം എന്ന് എനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല.

എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയണമെത്രെ..

അവന് നന്നായി ഇഷ്ടപ്പെട്ടൂന്ന്..

അവനവളെ കെട്ടാൻ ആഗ്രഹം ഉണ്ടെന്ന്..!!

എന്റെ ആത്മ മിത്രങ്ങൾ വഴി എനിക്ക് കിട്ടുന്ന ഓരോ പണികൾ….

അയലോക്കത്തെ ഇത്ത വഴി ആ പെണ്ണ് കാണൽ ചടങ്ങ് ഒന്നുകൂടി ആവർത്തിച്ചു.

ഇക്കുറി പക്ഷേ മുഖ്യ പുരുഷു എന്റെ ഗൾഫ്‌കാരൻ കൂട്ടുകാരനായിരുന്നു..

പക്ഷേ ആ ചടങ്ങിലേക്ക് അവനൊപ്പം കൂട്ട് പോവാൻ എന്തോ എന്റെ മനസ്സ് സമ്മതിച്ചില്ല.

ആ കല്യാണം നടന്നു…

എന്നെ കെട്ടാതിരുന്നത് കൊണ്ട് മാത്രം.. ജീവിതത്തിൽ എല്ലാ ഭാഗ്യങ്ങളും ആസ്വദിച്ചു കൊണ്ട് ആ പെണ്ണിവിടെ.. ഞങ്ങളുടെ നാട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു ഇപ്പോഴും…

അവളെ കാണുമ്പോഴെല്ലാം ഞാൻ ഓർക്കും ഭാഗ്യം ചെയ്ത ‘പെണ്ണെ’ ന്ന്…

ആ വീടിനും കുറച്ച് വീടുകൾ മാറി എന്റെ വീട്ടിലുമുണ്ടൊരു പെണ്ണ്..

ഭാഗ്യം കെട്ട പെണ്ണ്..

എന്നെ കെട്ടിയത് കൊണ്ട് മാത്രം ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ത്യെജിക്കേണ്ടി വന്ന നിർഭാഗ്യവതിയായ ഒരു പെണ്ണ്…

എന്റെ സ്വന്തം പെണ്ണ്..

ഇവളെയും പെണ്ണ് കണ്ടിരുന്നു എന്റെ അകന്ന ബന്ധത്തിലുള്ള ഒരു കൂട്ടുകാരൻ..

അവന് പക്ഷേ ഇഷ്ടപ്പെട്ടില്ലത്രേ..

അവന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉറപ്പാണ്, അവനെക്കാൾ പെൺ സൗന്ദര്യ ബോധം കൊണ്ടു നടക്കുന്ന എനിക്ക് ഒരിക്കലും ആ പെണ്ണിനെ ഇഷ്ടപ്പെടാൻ കഴിയില്ലെന്ന്…

വീട്ടുകാരുടെ രൂക്ഷ പ്രതികരണങ്ങളിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി മാത്രമാണ് അവളെ പോയി കണ്ടത്.

അവള് തന്ന ചായയും ഈത്തപ്പഴവും കഴിച്ച് അവളെ ഇഷ്ടപ്പെടാതെ തന്നെ അവിടെ നിന്നിറങ്ങി..

ജീവിതത്തിൽ ആദ്യമായിട്ട്…

ഒരു പെണ്ണിനെ ഇഷ്ടപ്പെടാതെ…

പക്ഷേ എനിക്ക് വേണ്ടി ദൈവം തിരഞ്ഞെടുക്കുകയായിരുന്നു ആ പെണ്ണിനെ..

എന്റെ എല്ലാ വിഷമങ്ങളും അവളെയും അനുഭവിപ്പിക്കാൻ വേണ്ടി..

ഏറ്റം നിർഭാഗ്യവതിയായ ഒരു പെണ്ണാവാൻ വേണ്ടി..

ആ കല്യാണം നടന്നു..

അന്ന് മുതലാണെന്ന് തോന്നുന്നു, ഈത്തപ്പഴങ്ങളെയും ഞാൻ കൂടുതൽ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്..

ഇക്കഴിഞ്ഞ മാസമായിരുന്നു ഞങ്ങളുടെ പന്ത്രണ്ടാമത് വിവാഹ വാർഷികം..

അവൾക്കു വേണ്ടി വലിയ സമ്മാനങ്ങൾ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല എനിക്കിതുവരെയും..

നട്ടപ്പാതിര സമയത്ത് പെരിന്തൽമണ്ണയിലെ വിജനമായ റോഡുകളിലൂടെ ബൈക്കിൽ കറങ്ങി നടന്നിരുന്നു ഞങ്ങൾ മധുവിധു കാലത്ത്…

ഒരു സവനപ്പ് ടിന്ന് വാങ്ങി പങ്കിട്ടെടുത്ത്..

ഒരു ഷവർമ വാങ്ങി അത് പകുതിയാക്കി…

കൂരാ കൂരിരുട്ടിൽ, വീണു കിടക്കുന്ന ഞാവൽ പഴങ്ങൾ വാരിയെടുത്ത്, അതവളുടെ മുഖത്തും ചുരിദാറിലും തേച്ചു പിടിപ്പിച്ച്…

ഇരുട്ടിന്റെ മറവിലേക്ക് മാറി, അവളുടെ പരിഭവം പറയുന്ന കണ്ണുകളെ അവഗണിച്ച്, ആ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത് ഞാവൽ പഴങ്ങൾ തിന്ന് നീലിച്ച ചുണ്ടുകളിൽ അമർത്തിയമർത്തിച്ചുംബിച്ച്…

അങ്ങനെയങ്ങനെ..

ആ യാത്ര ചിലപ്പോൾ മേലാറ്റൂരങ്ങാടിയും ചുറ്റി പാണ്ടിക്കാടും കടന്നങ്ങനെ മുന്നോട്ട് പോവുമായിരുന്നു,

രാവെളുക്കുവോളം….

കഥകളും പറഞ്…

ആ ഒരു സന്തോഷമൊഴിച്ചാൽ പിന്നെ അവൾക്ക് കിട്ടിയത് മുഴുവൻ ദുഖങ്ങളായിരുന്നു..

എന്റൊപ്പം കൂടിയത് കൊണ്ട് മാത്രം അവളനുഭവിക്കേണ്ടി വന്ന സങ്കടങ്ങൾ…

എന്നിട്ടും,

ഈ വിവാഹ വാർഷികത്തിന്റന്ന്..

രാത്രി ഭക്ഷണവും കഴിഞ്ഞ്, എന്റെ പതിവ് പ്രശ്നങ്ങളെയും ചിന്തിച്ചു കൊണ്ട് ഉയർത്തി വെച്ച തലയിണയിൽ ചാരി കിടക്കുന്ന എന്റരികിലേക്കവൾ വന്നിരുന്നു…

പിന്നെ..

കൂടെ ചേർന്ന് കിടന്നു…

ഒരു നാട്ടിൻപുറത്തുകാരി പെണ്ണിന് അറിയാവുന്ന രീതിയിൽ അവളെനിക്ക് എല്ലാ ആശംസകളും നേർന്നു..

പിന്നെയും കുറച്ച് കൂടി മുകളിലേക്ക് നീങ്ങിക്കിടന്ന് എന്റെ തലമുടിയിൽ വിരലോടിച്ച് ചെവിയിലേക്കവളുടെ ചുണ്ടുകൾ മുട്ടിച്ചു പറഞ്ഞു…

“ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണല്ലേ ഞാനെന്ന്!!!”

പെണ്ണേ…

എന്നാണ് നിന്നോടുള്ള കടങ്ങളൊക്കെ എനിക്കൊന്ന് വീട്ടിതീർക്കാൻ കഴിയുക????

രചന : – Ibnu.

Leave a Reply

Your email address will not be published. Required fields are marked *