Categories
Uncategorized

കോളേജിൽ പഠിക്കുന്ന കാലം എന്റെ അടുത്ത കൂട്ടുക്കാരിൽ ഒരാളായിരുന്നു ശ്രുതി.. സുന്ദരിയായിരുന്നു അവൾ.. അത് കൊണ്ട് തന്നെയാവണം രഞ്ജിത്തിനെ പോലെയൊരാൾ പ്രണയാഭ്യർഥനയുമായി അവളുടെയടുത്ത് വന്നത്…

രചന : Saheer Sha

ആരോരുമില്ലാത്തവർക്ക് താങ്ങും തണലുമായ ഏതെങ്കിലും അഗതിമന്ദിരത്തിലേക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകണമെന്നുള്ളത് എന്റെ കെട്ട്യോളുടെ വലിയൊരു ആഗ്രഹമായിരുന്നു..

അങ്ങനെയാണ് ആ സ്ഥാപനത്തിലേക്ക് ഞങ്ങൾ പോവുന്നത്.. അവിടുത്തെ അന്തേവാസികൾ ഒട്ടുമിക്കവരും വൃദ്ധജനങ്ങളായിരുന്നു… ഒരു പക്ഷേ മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാർ..

അവരോട് സംസാരിച്ചിരിക്കുന്നതിനടിയിലാണ് കുറച്ചകലെ മാറി ഒരു യുവാവ് എന്നെത്തന്നെ നോക്കി കൊണ്ട് കിടക്കുന്നതായി ശ്രദ്ധയിൽ പതിയുന്നത്…

എവിടെയോ കണ്ടു നല്ല പരിചയമുള്ള മുഖം… എന്റെ നോട്ടം കണ്ടിട്ടെന്നോണം അയാളിലൊരു പുഞ്ചിരി വിരിഞ്ഞപ്പോഴാണ് ഞാനയാളെ തിരിച്ചറിയുന്നത്… ദൈവമേ ടോമി ജോസഫ്.. ടോമിച്ചായൻ.. അപ്രതീക്ഷിതമായി ആ അവസ്ഥയിൽ അവനെ കണ്ടതിനാലാവണം ഒരു നിമിഷം ഞാനങ്ങനെ തരിച്ചു നിന്നു പോയി…

” എന്നതാടാ വാധ്യാരെ ഇങ്ങനെയൊക്കെ നോക്കുന്നത്.. ഇത് ഞാൻ തന്നെയാടാ..” പുഞ്ചിരിച്ചു കൊണ്ടുള്ള ആ വാക്കുകളാണ് ഒരു പക്ഷെ എന്നിൽ ബോധോദയം ഉണ്ടാക്കിയത്…

“എന്നതാടാ നിനക്ക് പറ്റിയത്.. നീ എന്താടാ ഇവിടെ വന്നു കിടക്കുന്നത്…” അത്ഭുതത്തോടെയും അതിലേറെ ഞെട്ടലോടെയുമുള്ള എന്റെ ചോദ്യങ്ങൾ കേട്ടിട്ടെന്നോണം വീണ്ടും അവനിലൊരു പുഞ്ചിരി തെളിഞ്ഞു..

“ദാ..കണ്ടില്ലെടാ.. എണീക്കാൻ പോലും കഴിയാത്ത വിധം ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തളർന്ന് പോയിരിക്കുന്നു.. സത്യം പറഞ്ഞാൽ ഞാനിപ്പോൾ വെറും ജീവച്ഛവമാടോ”

” അപ്പോൾ ശ്രുതിയെവിടെ..? അവളുമിവിടെയുണ്ടോ..?”

” ഹേയ്.. അവളൊന്നും കൂടെയില്ലേടാ… ഈ അച്ഛനമ്മമാരോടൊക്കെയൊപ്പം ഞാനും ഇവിടെയിങ്ങനെ സന്തോഷത്തോടെ കഴിയുന്നു…” അത് പറയുമ്പോൾ മാത്രം അവന്റെ ശബ്ദമൊന്ന് ഇടറിയോ എന്ന് ഞാൻ സംശയിച്ചു…

” അല്ലെടോ… നിന്റെയും ശ്രുതിയുടെയും വിവാഹം കഴിഞ്ഞെന്നും നിങ്ങൾ കർണാടകയിലെവിടെയോ സുഖമായി ജീവിക്കുന്നുവെന്നുമൊക്കെയായിരുന്നല്ലോ ഞാൻ കേട്ടിരുന്നത്…” തെല്ലൊരു സംശയത്തോടെയാണ് ഞാനത് ചോദിച്ചത്..

” ശരിയാണ്… അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് തന്നെയായിരുന്നു… കർണാടകയിലെ ഷിമോഗയിലായിരുന്നു ഞങ്ങളുടെ താമസം…പക്ഷെ നിയമപ്രകാരം വിവാഹിതരൊന്നുമായിരുന്നില്ല…”

എന്തോ.. എന്റെ സംശയങ്ങൾ അപ്പോഴും തീർന്നിട്ടില്ലായിരുന്നു.. ” എന്നിട്ട് അവളിപ്പോളെവിടെ..? അവൾക്കെന്തു പറ്റി..?”

പഴയ കൂട്ടുക്കാരിയെ കുറിച്ചറിയാനുള്ള എന്റെ ആകാംഷ കണ്ടിട്ടെന്നോണം ഒരു പൊട്ടിച്ചിരിയാണവനിൽ നിന്നുണ്ടായത്..

” അവൾക്കൊന്നും പറ്റിയിട്ടില്ലെടാ… അവളിപ്പോഴും ഷിമോഗയിൽ തന്നെയുണ്ട്.. പക്ഷെ മറ്റൊരാളോടൊപ്പം ജീവിക്കുന്നുവെന്ന് മാത്രം…”

“എന്തൊക്കെയാടാ നീ ഈ പറയുന്നേ..?” എന്നെ സംബന്ധിച്ചിടത്തോളം കേട്ടത് വിശ്വസിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല…

” സത്യം തന്നെയാടാ.. ഞങ്ങൾ ഷിമോഗയിലെത്തിയതിന് ശേഷം ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോവുമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതായിരുന്നു മലയാളിയും അതിലുപരി കോഴിക്കോട്ടുക്കാരനുമായ സമീറിക്കയെ..

അദ്ദേഹം ഞങ്ങളെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കടയിൽ എനിക്ക് നല്ലൊരു ജോലി നൽകുകയും ചെയ്തു…

പതിയെ ഞാൻ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വിശ്വസ്തനും സുഹൃത്തുമൊക്കെയായി മാറി… ആരോരുമില്ലാത്ത ഞങ്ങൾക്കൊരു ആശ്വാസം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം…

പിന്നീട് വിധിയുടെ വിളയാട്ടത്തിൽ എന്റെ ശരീരം തളർന്നപ്പോൾ കൂടെ നിൽക്കുകയും ഞങ്ങൾക്ക് വേണ്ടി ഒരുപ്പാട് പണം ചെലവാക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം..

മരുന്ന് കൊണ്ടും ചികിത്സ കൊണ്ടും ഒരു ഫലവുമില്ലെന്ന് തിരിച്ചറിഞ്ഞ സമയത്ത് തന്നെ ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം കൂടിയായിരുന്നു ശ്രുതിയുടെയും സമീറിക്കയുടെയും ഇടയിൽ ഒരു പ്രത്യേക ബന്ധം ഉടലെടുത്തിട്ടുണ്ടെന്നുള്ളത്…

അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും സംസാരിക്കുന്നതിനും ഞാൻ കിടക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള അവരുടെ അടക്കി പിടിച്ചുള്ള സംസാരങ്ങൾക്കും ചിരികൾക്കും ഞാൻ സാക്ഷിയാവാൻ തുടങ്ങി…

എന്നാൽ എന്നോടുള്ള സമീപനത്തിൽ അവൾക്ക് മാറ്റമൊന്നുമില്ലായിരുന്നു… എനിക്ക് ഭക്ഷണം നൽകാനും കുളിപ്പിക്കാനും മറ്റു ശുചീകരണാവശ്യങ്ങൾക്കൊക്കെയും ഒരു മടിയും കൂടാതെ അവൾ സഹായിച്ച് കൊണ്ടിരുന്നു…

അവരുടെ ആ ബന്ധം ഞാൻ മനസ്സിലാക്കിയിട്ടുണ്ടെന്നത് അവൾക്കുമറിയാമായിരുന്നു.. ചിലപ്പോളെങ്കിലും അവളുടെ മുഖത്ത് കാണുന്ന കുറ്റബോധം ഞാനൊരു പുഞ്ചിരിയാൽ സമാശ്വസിപ്പിക്കുമായിരുന്നു..

പിന്നീട് എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് എന്നെയവർ ഇവിടെയെത്തിക്കുന്നത്.. ഒരിക്കലും ഒരു ബുദ്ധിമുട്ടും കൂടാതെ എന്നെ നോക്കാമെന്നും അവിടെത്തന്നെ നിൽക്കണമെന്നുമുള്ള അവരുടെ അപേക്ഷ എന്റെ വാശിയ്ക്ക് മുമ്പിൽ ഇല്ലാതാവുകയായിരുന്നു… ”

അവൻ ഇത്രയ്ക്കും പറഞ്ഞ് തീർത്തപ്പോളേക്കും എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

” ആ നായീന്റെ മോളെ കൈയ്യിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കണമെനിക്ക്.. ” എന്റെ ശബ്ദം കുറച്ചധികം ഉയർന്നെന്ന് അവിടെയുള്ളവരുടെ മുഖഭാവം കണ്ടപ്പോളാണ് മനസ്സിലായത്…

” ഹേയ്.. എന്തിനാടാ ഇങ്ങനെയൊക്കെ പറയുന്നത്.. അവളൊരു സ്ത്രീയല്ലേ.. ഏതൊരു വ്യക്തിയ്ക്കും പ്രതേകിച്ച് യൗവനത്തിൽ ഒഴിച്ചുകൂടാനാവാത്തതായ ചില കാര്യങ്ങളുണ്ട്.. ഒരിക്കലും അടക്കിപ്പിടിച്ച് ജീവിക്കേണ്ടവയൊന്നുമല്ല.. എനിക്കൊരിക്കലും നിറവേറ്റി നൽകാൻ കഴിയില്ലെന്നുള്ളതിനാൽ തന്നെ എനിക്കവളിൽ തെറ്റൊന്നും കാണാൻ കഴിയില്ല… ഒരു പക്ഷെ അവളുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഒരാശ്വാസം തേടിപ്പോയിട്ടുണ്ടാവും… ”

ഇത്രയും ഉറച്ച നിലപാടുകൾ അവനിൽ നിന്നുമുണ്ടായപ്പോൾ പൂർണ്ണമായും യോജിക്കുവാൻ കഴിയുന്നില്ലെങ്കിൽ പോലും എനിക്കൊരു മറുപടിയുണ്ടായിരുന്നില്ല…

” അല്ലേടാ.. നമ്മുടെ രഞ്ജിത്ത് ഇപ്പോൾ എവിടെയാ.. എനിക്കവനെയൊന്ന് കാണാൻ സാധിക്കുമോ…? ഒരു പക്ഷെ അവനെന്നെ ഒരുപ്പാട് ശപിച്ചിട്ടുണ്ടാവുമല്ലേ..? ” നിർവികാരത്തോടെയുള്ള അവന്റെ ആ ചോദ്യം ഒരു തീഴുണ്ട പോലെയാണ് എനിക്കനുഭവപ്പെട്ടത്..

“രഞ്ജിത്ത് നാട്ടിൽ തന്നെയുണ്ട്… അവന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാരിൽ ഒരാളാണ് ഞാനും… അവൻ നിന്നെ ശപിച്ചിട്ടൊന്നുമുണ്ടാവില്ല.. അക്കാര്യത്തിലൊന്നും നീ ദുഃഖിക്കേണ്ട.. എന്തായാലും ഞാൻ രഞ്ജിത്തുമായി ഉടനെത്തന്നെ വരാം.. ” ഇത്രയും പറഞ്ഞ് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ കെട്ട്യോളുടെ കൈയ്യും പിടിച്ച് അവിടെ നിന്നിറങ്ങി.. ഒരു പക്ഷെ പിന്നെയും അവിടെ നിൽക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു…

“ഇക്കാ ആരാണയാൾ..? നിങ്ങളും രഞ്ജിത്തേട്ടനുമായിട്ടൊക്കെ അയാൾക്കുള്ള ബന്ധമെന്താണ്..? ” മടക്കയാത്രയിൽ ഭാര്യയുടെ ചോദ്യം കേട്ടപ്പോളാണ് പഴയ ആ ഓർമ്മകളിലേക്ക് വീണ്ടും ഞാൻ തിരിച്ച് നടക്കാൻ തുടങ്ങിയത്…

കോളേജിൽ പഠിക്കുന്ന കാലം എന്റെ അടുത്ത കൂട്ടുക്കാരിൽ ഒരാളായിരുന്നു ശ്രുതി.. സുന്ദരിയായിരുന്നു അവൾ.. അത് കൊണ്ട് തന്നെയാവണം രഞ്ജിത്തിനെ പോലെയൊരാൾ പ്രണയാഭ്യർഥനയുമായി അവളുടെയടുത്ത് വന്നത്…

അറിയപ്പെട്ട ഒരു വ്യവസായിയുടെ മകൻ.. അതിലുപരി സുമുഖൻ.. ഇത്രയൊക്കെ മതിയായിരുന്നു അവൾക്കും സമ്മതമറിയിക്കാൻ…

ഒരു പക്ഷെ പണത്തിന് വേണ്ടി വീട്ടുക്കാരെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന അക്കാലത്ത് രഞ്ജിത്തിനെ പോലെയൊരാൾ ഞങ്ങളുടെ സൗഹൃദവലയത്തിൽ വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു… അവനും അവന്റെ കൂട്ടുക്കാരൻ ടോമിയും കൂടി ഞങ്ങളുടെ ഗ്യാങിലേയ്ക്ക് എത്തിയപ്പോളായിരുന്നു ഞങ്ങളുടെ കോളേജ് ജീവിതം ശരിക്കും ആഘോഷമായത്…

കോളേജ് ജീവിതത്തിന് ശേഷം ശ്രുതിയെയും രഞ്ജിത്തിനെയും ഒന്നിപ്പിക്കുകയെന്നുള്ളതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.. രഞ്ജിത്തിന്റെ അച്ഛന് ഒരിക്കലും യോജിക്കാൻ കഴിയാത്തതായിരുന്നു ആ ബന്ധം.. അദ്ദേഹത്തെ സമ്മതിപ്പിച്ചെടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ അവസാനം വിജയം കണ്ടു…

അങ്ങനെ വിവാഹതീയ്യതി വരെ ഉറപ്പിച്ച് എല്ലാവരും സന്തോഷത്തിൽ നിൽക്കുമ്പോളാണ് അപ്രതീക്ഷിതമായി ഞങ്ങളെയെല്ലാവരെയും ഞെട്ടിച്ചു കൊണ്ട് “”*എല്ലാവരോടും മാപ്പ്.. പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്ത് പോയി.. ഞങ്ങളെ ആരും അന്വേഷിക്കരുത്.. രഞ്ജിത്തേ ക്ഷമിക്കണം മാപ്പ്…*”” എന്ന സന്ദേശവുമെഴുതി വെച്ചിട്ട് ശ്രുതിയും ടോമിയും കൂടി നാട് വിടുന്നത്..

അത് ഞങ്ങൾക്കെല്ലാവർക്കും വലിയൊരു ഷോക്കായിരുന്നു.. അതിന് ശേഷം പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ രഞ്ജിത്തിന് കുറച്ചധികം സമയം വേണ്ടി വന്നു… പിന്നീട് എല്ലാവരും പലവഴിക്ക് പോയപ്പോളും ഞാൻ അവന്റെ കൂടെ തന്നെ നിൽക്കുകയായിരുന്നു..

ഇന്ന് അവന്റെ സ്ഥാപനങ്ങൾ ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുമ്പോൾ അതിന്റെയെല്ലാം ഒരറ്റത്ത് എന്നേയും കൊണ്ടിരുത്തി കൂടെ തന്നെ കൂട്ടിയിരിക്കുകയാണവൻ…

പറഞ്ഞ് വരുന്നതെന്തെന്നു വെച്ചാൽ ആ ടോമിയെയാണ് ഇന്ന് ഞാൻ ഇങ്ങനെയൊരു അവസ്ഥയിൽ കണ്ടത്..

രഞ്ജിത്തുമായി ഉടനെ വരാം എന്നു പറഞ്ഞാണ് ടോമിയുടെയടുത്ത് നിന്ന് പോന്നതെങ്കിലും ജീവിതത്തിൽ പൂർണ്ണമായും മറന്നു കഴിഞ്ഞ ആ ദുരിതത്തെ എങ്ങനെയാണ് ഈയൊരു രൂപത്തിൽ അവന് മുമ്പിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഞാൻ നിസ്സഹായനായിരുന്നു…

എങ്കിലും ഞാൻ കണ്ട കാഴ്ച്ചകൾ അവനിലെത്തിക്കേണ്ടത് എന്റെ ഉത്തരവാദിത്ത്യമാണെന്ന ബോധ്യമുള്ളതിനാൽ വിഷമത്തോടെയാണെങ്കിലും അവനെ അറിയിക്കുക തന്നെ ചെയ്തു..

എന്റെ വിവരണമത്രയും കേട്ടിട്ടെന്നോണം അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ശത്രുവിന്റെ പതനത്തെ കുറിച്ചറിഞ്ഞതിന്റെ സന്തോഷമാണെന്ന് ഒരു നിമിഷമെങ്കിലും ഞാൻ തെറ്റിദ്ധരിക്കുകയുണ്ടായി…

” എല്ലാം ഞാൻ അറിഞ്ഞിട്ടുണ്ടെടാ.. അത് കൊണ്ടാണല്ലോ ഏതെങ്കിലും ഒരു അഗതി മന്ദിരത്തിലേക്ക് ഭക്ഷണം നൽകണമെന്നുള്ള നിന്റെ ആഗ്രഹം കേട്ടപ്പോൾ അവിടേയ്ക്ക് തന്നെ നിന്നെ ഞാൻ പറഞ്ഞയച്ചത്.. എന്തായാലും ഒരു ദിവസം അങ്ങോട്ടേയ്ക്ക് പോവണമെന്ന ചിന്തയിൽ തന്നെയാണ് ഞാനും.. അതിന് മുമ്പ് അവന്റെ വീട്ടുക്കാരെ ഇക്കാര്യങ്ങളൊക്കെ അറിയിക്കണ്ടേ നമുക്ക്..? ”

അവനിൽ നിന്നങ്ങനെയൊരു മറുപടി കേട്ടപ്പോൾ ഭയങ്കരമായ അത്ഭുതമാണെനിക്ക് തോന്നിയത്…

എന്റെ ആ നിൽപ്പ് കണ്ടിട്ടെന്നോണം എന്നെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞു “എങ്ങനെയിതൊക്കെ ഞാനറിഞ്ഞെന്നായിരിക്കും അല്ലേ..? അവർ പോയതിന് ശേഷം എവിടെയാണെന്ന് കണ്ടെത്താനൊരല്പം സമയമെടുത്തെങ്കിലും പിന്നീട് അവരുടെ ഓരോ വിശേഷങ്ങളും ഞാനറിയുന്നുണ്ടായിരുന്നെടോ.. എനിക്കവരെ പെട്ടെന്നങ്ങനെ മറക്കാൻ കഴിയുമോ..? ഒന്നുമല്ലെങ്കിലും ഒരിക്കലവളെ അത്രയ്ക്ക് സ്നേഹിച്ചതായിരുന്നില്ലെടാ ഉവ്വേ.. ”

അവനത്രയും പറഞ്ഞ് തീർന്നപ്പോഴാണ്‌ ജീവിതത്തെക്കുറിച്ചുള്ള എന്റെ പല ധാരണകളും മാറ്റിയെഴുതാനുള്ളതാണെന്ന് ബോധ്യപ്പെടുന്നത്…

ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പലതും ഓർക്കാൻ ആഗ്രഹിക്കുന്നവയല്ലെങ്കിൽ പോലും നമുക്കത് മറക്കാൻ സാധിക്കില്ലായെന്നുള്ള സത്യവും

അതിനോടൊപ്പം തന്നെ നാം ആത്മാർഥമായി സ്നേഹിച്ചിരുന്ന വ്യക്തി നമ്മെ വഞ്ചിച്ച് കടന്ന് കളഞ്ഞവരാണെങ്കിൽ പോലും അവരുടെ ജീവിതത്തെക്കുറിച്ചറിയാനുള്ള ആകാംഷ നമ്മിൽ അവശേഷിക്കുന്നുണ്ടാവുമെന്ന മറ്റൊരു സത്യവും ഞാൻ മനസ്സിലാക്കുന്നത്..

—————————————————————————-

ശ്രുതിയുടെയും ടോമിയുടെയും ജീവിതം നമുക്ക് നൽകുന്ന വലിയൊരു പാഠമുണ്ട്.. അതിനേക്കാളുപരി ശത്രുവിന് പോലും നന്മ ആഗ്രഹിക്കുന്ന രഞ്ജിത്തിനെ പോലുള്ളവരുടെ ജീവിതം നൽകുന്ന സന്ദേശവും..

രചന : Saheer Sha

Leave a Reply

Your email address will not be published. Required fields are marked *