Courtesy: Amal Sujatha Satheesan
കോളേജിലെ അവസാന ദിവസമായിരുന്നു. പരീക്ഷ കഴിഞ്ഞ് എല്ലാവരും ഗ്രൂപ് ഫോട്ടോ എടുക്കാനായി കോളേജിന്റെ മുന്നിലെ ലോണിലേക്ക് വന്നു. ഞങ്ങടെ ക്ലാസിലെ എല്ലാവരും വന്നില്ലേ എന്ന് HOD ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ഫ്രണ്ട്സിന്റെ ഒപ്പം നടുക്കിലെ വരിയുടെ നടുക്കായിട്ട് തന്നെയുണ്ടായിരുന്നു.
“മച്ചാ.. വാണി ഉന്നൈ പാത്തുട്ടെ ഇറക്കറുടാ … പുതു സൺഡേ ഏതാവുത് ആയിടുച്ചാ?” എന്റെ കൂടെ ഉണ്ടായിരുന്ന അരുൺ എന്റെ ചെവിയിൽ രഹസ്യം പറയുന്ന പോലെ പറഞ്ഞു.
” അപ്പിടി ഏതും ഇല്ലാടാ..ലാസ്റ്റ് ഡേ.. അതിനാലെ.. ”
ഞാനും വാണിയെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു. ഇന്ന് അവളുടെ മുഖം ആകെ മാറിയിട്ടുണ്ട്. മുഖത്തെ ആ പ്ലാസ്റ്റിക്ക് ചിരി കണ്ടപ്പോൾ എനിക്ക് വല്ലാത്തെ ഒരു സങ്കടം വന്നു.
കോളേജിനോട് പതിവിൽ നിന്നും വിപരീതമായി കുറച്ചധികം ഇഷ്ടം തോന്നി. ആദ്യം അസഹ്യമായി തോന്നിയ ഇവിടെത്തെ വെയിലും, ആശ്വാസം പോലെ വീശുയ കാറ്റും, മഴയും അനുഭവിച്ചറിഞ്ഞതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭൂതി മനസ്സിന് തന്നു. എല്ലാം മിസ്സ് ചെയ്യാൻ പോകുന്ന പോലെ ഒരു തോന്നൽ തുടങ്ങി.
അവളെ ഫസ്റ്റ് ഇയറിൽ ആദ്യം കണ്ടത് മുതൽ ദാ ഇപ്പൊ എന്റെ മുന്നിൽ നിക്കുന്ന വാണിയിലേക്ക് ഉള്ള യാത്ര ഒരു സെക്കന്റ് കൊണ്ട് എന്റെ മനസ്സിലൂടെ പാഞ്ഞു.
അവളെ ഞാൻ ഒന്നൂടെ നോക്കി. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. മുടി ഒതുക്കി വെക്കാൻ കൈ കൊണ്ട് ആഗ്യം കാട്ടി. ഞാൻ ഒതുക്കി വെച്ചു. അതു കണ്ട് അവൾ എന്നെ അടുത്തേക്ക് വിളിച്ചു.
“എന്നാടാ പണ്ണിവെച്ചിറിക്കെ.. ഒളുങ്കാ ഇറക്കമാട്ടിയ” എന്ന് പറഞ്ഞു ആരേലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ അവൾ എന്റെ മുടി സെറ്റ് ചെയ്തു. അപ്പോഴേക്കും എല്ലാരോടും ക്യാമെറയിലേക്ക് നോക്കാൻ പറഞ്ഞു. വാണി എന്റെ അടുത്തായി ചേർന്ന് നിന്നു. ഫോട്ടോയിൽ കാണാൻ കഴിയില്ല എങ്കിലും എന്റെ കൈയ്യിൽ അവൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.
“വിഷ്ണു.. ക്ലാസ് വറൈക്കും പോളാമാ?” ഫോട്ടോ എടുത്ത് കഴിഞ്ഞ് അവൾ എന്നോട് ചോദിച്ചു. “പോവാലോ..” ഞങ്ങൾ ക്ലാസിലേക്ക് നടന്നു.
ഫൈനൽ ഇയർ റൂം സെക്കന്റ് ഫ്ലോറിൽ ആണ്. ഞങ്ങൾ ഗ്രൗണ്ട് ഫ്ലോറിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ വാണി പഴയ ഓർമ്മകൾ പുതുക്കി.
“എല്ലാമെ നേത്ത് നടന്ത മാറിയെ ഇറുക്ക്.. നാല് വർഷം പോണതെ തെറിയലെ.. അല്ലെ…”
ഞാൻ അവളെ ആദ്യമായിട്ട് കണ്ടത് മനസ്സിൽ ഓർത്തു. ആദ്യ സെമെസ്റ്ററിൽ എല്ലാ ഫസ്റ്റ് ഇയേഴ്‌സിനെയും ഡിപ്പാർട്ട്മെന്റ് പിരിക്കാതെ തന്നെ പല ഡിവിഷനുകളിൽ ആക്കി ഇരുത്തി. ഞാനും വാണിയും ഒരേ ഡിവിഷനിൽ ആയിരുന്നു. C ഡിവിഷൻ. അപ്പോഴും ഞാൻ മാത്രമായിരുന്നു ക്ലാസിലെ ഏക മലയാളി.
ഞാൻ മിഡിൽ ബെഞ്ചിൽ പോയിരുന്നു. ഒപ്പം വന്നിരുന്നതു ആരായിരുന്നോ അവനായിട്ട് കമ്പനി ആവുക. അരുൺ ആയിരുന്നു അന്ന് ഒപ്പം വന്നിരുന്നത്. ഇരുന്ന ഉടനെ അവനായിട്ട് സംസാരിച്ചു. വളരെ വേഗം തന്നെ നല്ല ഫ്രണ്ട്സ് ആയി. അവനും ഹോസ്റ്റലർ ആയിരുന്നു. എനിക്ക് തൊട്ട് അപ്പുറത്തെ ബെഞ്ചിൽ ഇരുന്ന വാണിയെ ഞാൻ അന്നാണ് ആദ്യമായ് കാണുന്നത്.
സെല്ഫ് ഇൻട്രോ ചെയ്യുമ്പോൾ കേരളം ആണ് നാട് എന്ന് ഞാൻ പറഞ്ഞപ്പോൾ പലരും ഞെട്ടി, അവർക്ക് ഇടയിൽ ചെറിയ സംസാരം അപ്പോൾ ഉണ്ടായി. ഞാൻ പെട്ടന്ന് നോക്കിയത് അവളുടെ വശത്തേക്കയിരുന്നു. അപ്പോഴാണ് എന്റെ ഓർമ്മയിൽ അവൾ എന്നെ ആദ്യമായി നോക്കുന്നത്. അന്ന് മുതലേ മനസ്സിൽ പതിഞ്ഞതാണ് കണ്മഷികൊണ്ട് എഴുതിയ അവളുടെ വിടർന്ന കണ്ണുകൾ. പക്ഷെ ഞങ്ങൾ പരിചയം തുടങ്ങുന്നത് ഒരിക്കൽ ഒരു ഇന്റർവ്വൽ സമയത്ത് വാണിയുടെ ബുക്ക് ചോദിച്ചാണ്.
തമിഴ് സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഒരാളോട് തമിഴിൽ സംസാരിക്കുവാൻ ഞാൻ കുറച്ച് പ്രയാസപ്പെട്ടിരുന്നു. എന്റെ തമിഴ് കേട്ട് അവൾ എന്തോ ചിരിച്ചില്ല. തെറ്റു വന്ന വാക്കുകൾ തിരുത്തി തന്നു. എന്ത് ഹെൽപ്പ് വേണെങ്കിലും ചോദിച്ചാൽ മതിയെന്ന് പറഞ്ഞു. എന്റെ തമിഴ് മെച്ചമാക്കാൻ അരുണും ഒരുപാട് സഹായിച്ചു.
ക്ലാസിലെ ഒറ്റ മലയാളി എന്ന പരിഗണന ഒരുപാട് സഹായിച്ചിട്ടുണ്ട്. ആദ്യം തോന്നിയ ഒറ്റപ്പെടൽ പതിയെ മാറി. ഭാഷയുടെ അതിരുകൾ ഭേദിച്ചുണ്ടായ സൗഹൃദങ്ങൾ മനസ്സിനെ പലപ്പോഴും തണുപ്പിച്ചിട്ടുണ്ട്. പിന്നെയും ശല്യം എന്ന് ആദ്യം തോന്നിയത് ഹോസ്റ്റലിലെ റാഗിങ് ആയിരുന്നു. അതും മലയാളി സീനിയേസിന്റെ വക.
തീരെ താത്പര്യം ഉണ്ടായ കാര്യം ആയിരുന്നില്ല അത്. ഹോസ്റ്റലിൽ ആ കൊല്ലം എന്നെക്കൂടെ ചേർത്ത് 4 മലയാളികളെ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ എല്ലാവരും ഒരു റൂമിലായിരുന്നു. ആദ്യ നാളുകളിൽ സീനിയേസിന്റെ റൂമിലേക്ക് വിളിപ്പിക്കും അവിടെ വെച്ച് എന്തേലും ടാസ്ക് തരും. ആദ്യ ആ നാളുകളിൽ അവർ ഈ മസ്സിൽ പിടുത്തം ഇല്ലാതെ കുറച്ചൂടെ ഫ്രണ്ട്ലി ആയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
ആ റാഗിങ്ങിന്റെ ഇഷ്ടമില്ലായ്മയും ട്രിച്ചിയിലെ കൊടും ചൂടും എന്നെ വല്ലാതെ തളർത്തി. തിരിച്ച് പോയാലോ എന്ന് വരെ തോന്നി, എന്നാലും കോളേജിലേക്ക് എന്നെ അടുപ്പിച്ചിരുന്ന ഒരു ഘടകം അത് വാണി ആയിരുന്നു. എപ്പോഴാണ് അവളോട് ഇഷ്ടം തോന്നിയത് എന്ന് എനിക്ക് ഓർമ്മയില്ല. എന്റെ നമ്പർ അവൾ വാങ്ങി ആദ്യമായിട്ട് അവളോട് ഫോണിൽ സംസാരിക്കുമ്പോൾ സീനിയേസ് കാണുന്നുണ്ടാവുമോ എന്ന് ഭയന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. പരസ്പരം ഒരു പ്രൊപോസൽ ഉണ്ടായിട്ടില്ല. ഞാൻ പറയാതെ തന്നെ പലപ്പോഴും അവൾ എന്നെ മനസ്സിലാക്കിയിട്ടുണ്ട് അതുപോലെ തിരിച്ചു ഞാനും.
അവൾ തമിഴ്ലും ഞാൻ മലയാളത്തിലും പറഞ്ഞാൽ പോലും അവൾക്ക് മനസ്സിലാവാറുണ്ട്. ഇടക്ക് ചില വാക്കുകൾ വരുമ്പോൾ മാത്രം അവൾ ചോദിക്കും എന്താണെന്ന്.
“വിഷ്ണു… എന്ന യോസിച്ചിട്ടിറുക്കെ?”
“നമ്മ… നമ്മൾ ആദ്യം കണ്ട സീൻ ഒന്ന് ഓർത്തതാ… ഓർക്കണ്ട നീയ്..?”
“മറക്ക മുടിയുമാടാ അത്? ഒരു വർഷം അപ്പിടിയെ… നിനയ്‌ക്കുംപോത്…സെമ്മയാ ഇറുന്തേലെ..”
സ്റ്റായറിന് മുൻപുള്ള ക്ലാസ്സിന് മുന്നിൽ എത്തിയപ്പോൾ ഞാൻ അവളെ നോക്കി. സെക്കന്റ് സെമസ്റ്റർ ഞങ്ങൾ പഠിച്ചത് ഈ റൂമിലായിരുന്നു.
” ഇത് ന്യാപകം ഇറുക്കാ.. ” ഞാൻ അവളോട് ചോദിച്ചു.
“ഇത.. ഏതുമേ ന്യാപകം വറല്ലയെ..” അവൾ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാരി സ്റ്റെപ്പിലേക്ക് കയറി.
“നിനക്ക് ഓർമ്മയില്ലാലെ…” സ്റ്റെപ്പിലേക്ക് കാൽ എടുത്ത് വെച്ച് ഹാൻഡ് റെയിലിലേക്ക് ചാരി അവളെ നോക്കി ചോദിച്ചു. അവൾ തിരിഞ്ഞു എന്നെ നോക്കി.
” പ്പാ… ന്യാപകം ഇറുക്ക് സ്വാമി… സീക്രമാ മേലെ ഏറി വാടാ… ”
“ആ വരുന്ന്…”
ഞങ്ങൾ ആദ്യമായിട്ട് കിസ്സ് ചെയ്തത് ആ ക്ലാസിന്റെ ഡോറിന്റെ പിന്നിലായിരുന്നു. പക്ഷെ ഇംഗ്ളീഷ് എടുക്കുന്ന ധരണി മാം അന്നത് കണ്ടു ഞങ്ങളെ പിന്നീട് വിളിപ്പിച്ചു. ആണും പെണ്ണും അടുത്ത് ഇരുന്ന് മിണ്ടിയാൽ സസ്പെൻഷൻ കിട്ടും എന്ന് സീനിയേഴ്‌സ് പറഞ്ഞിരുന്നു. ഞാനും അവളും അന്ന് ശരിക്കും പേടിച്ചു. പക്ഷെ മാം അത് റിപ്പോർട്ട് ചെയ്തില്ല. എന്തോ ഭാഗ്യം.
സെക്കന്റ് ഫ്ലോറിൽ എത്തി ക്ലാസിലേക്ക് നടന്നു. അങ്ങനെ ആരും അധികം ഉണ്ടായില്ല വരാന്തയിലും ക്ലാസിലും. ഞാൻ അവൾക്ക് പിന്നിൽ നടന്നു. എന്റെ ഫോൺ എടുത്ത് അവൾ നടന്നു പോകുന്ന കുറെ പിക്സ് എടുത്തു.
വരാന്തയുടെ അറ്റത്തുള്ളതായിരുന്നു ഞങ്ങളുടെ ക്ലാസ്. അവൾ ക്ലാസ്സിലേക്ക് കയറി പിന്നിലുള്ള ബെഞ്ചിൽ ഇരുന്നു എന്റെ നേരെ നോക്കി. ഞാൻ ഡോറിന്റെ അടുത്തായി നിൽക്കുവായിരുന്നു.
“റൊമ്പ മിസ്സ് പണ്ണ പോറെൻ … ഇന്ത ക്ലാസ്… കോളേജ്… ഫ്രണ്ട്സ്… അപ്പുറം……”
അവൾ ഒന്ന് നിർത്തി എന്നെ നോക്കി. ഞാൻ പുറത്തേക്ക് ഒന്നൂടെ നോക്കി അകത്തേക്ക് കയറി അവളുടെ അടുത്ത് വന്നിരുന്നു. അവളുടെ തോളിലേക്ക് കയ്യിട്ടു.
“പോകൻ തോന്ന്..നില്ല…” അവളുടെ മലയാളം ഇടയ്ക്ക് കേൾക്കുമ്പോൾ ഒരു കുട്ടി പറയുന്നപോലെ എനിക്ക് തോന്നും.
” ഒരു സെൽഫി കൂടെ എടുത്താലോ മ്മക്ക് … ”
ഒരു സെൽഫി എടുത്ത് കുറച്ച് നേരം ഞങ്ങൾ അവിടെ ഇരുന്നു.
വാണി വീട്ടിൾ നിന്നും ഉച്ചക്ക് ഫുഡ് കൊണ്ട് വരുമ്പോൾ മിക്കപ്പോഴും എനിക്കും കൂടെ കരുതും. അതില്ലേൽ അവൾ അവളുടെ ഫുഡ് ഷെയർ ചെയ്യും. ഇടക്ക് ഞാനും അരുണും അത് കഴിക്കും. അല്ലേൽ ഞാനും അവളും ഒരുമിച്ചിരുന്നു ഒരു പാത്രത്തിൽ നിന്ന് കഴിക്കും. സാമ്പാർ സാദം, തൈര് സാദം, തക്കാളി സാദം, പുതിനാ സാദം അങ്ങനെ ഓരോ വെറൈറ്റി ചോറുകൾ.. ഹാ അതോർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. ഷെയർ ചെയ്ത് കഴിക്കുന്ന ഫുഡിന് അസാധ്യ രുചി തന്നെയാണ് അതും ഇഷ്ടമുള്ള ആള് ഉണ്ടാക്കി ആ ആളുടെ ഒപ്പം തന്നെ ഇരുന്ന് കഴിക്കുമ്പോൾ.
“തൈര് സാദം കഴിക്കാൻ തോന്നുന്നു വാണി..”
“വീട്ടിക്ക് വാടാ… ”
“നിന്റെ അപ്പക്ക് നമ്മുടെ കാര്യത്തിൽ ഡൗട്ട് ഉണ്ടെന്ന് അല്ലെ നീ പറഞ്ഞെ.. സത്യം പറയാലോ.. അങ്ങേരെ കാണുമ്പോ തന്നെ ഒരു ഗുണ്ടാ ലുക്ക് ഉണ്ട്…”
“പോടാ… അപ്പ പാവം ടാ..”
“ആ നിനക്ക് പാവം… നിന്നെ സ്നേഹിക്കുന്ന ഞാൻ അപ്പാടെ കണ്ണിൽ വില്ലൻ ആവും…”
“വിഷ്ണു സീരിയസാ സൊള്ളുടാ… വീട്ടിക്ക് വരുവിയ ഇല്ലെയാ…”
“വരും… ഇപ്പോഴല്ല.. പിന്നെ ആവട്ടെ…..”
അവളൊന്ന് മൂളുക മാത്രം ചെയ്തു. ഞങ്ങൾ താഴെക്ക് ഇറങ്ങി. ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങി ബസ്സ് സ്റ്റോപ്പ് വരെ അവളുടെ ഒപ്പം നടന്നു.
“എറണാകുളം എക്സ്പ്രസ്സ് താനേ…? സെയിം ടൈം?”
“അത് തന്നെ”
“നീ സെൻഡ്രൽ സ്റ്റാണ്ടിലെ ഇറങ്കിട്… ണാ വരേൻ…”
“ഓക്കെ.. ബൈ…”
തിരിച്ച് ഹോസ്റ്റലിലേക്ക് നടന്നു. ഇനി ഹോസ്റ്റലിലേക്ക് വരേണ്ടി വരില്ലാലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരുപാട് സങ്കടം വന്നു. ആദ്യ ദിവസങ്ങളിലെ റാഗിങ്, പിന്നെ സീനിഴേയ്സ് ആയിട്ട് കമ്പനി ആയത്. വെളുക്കുവോളം വരെ ചിലപ്പോൾ ഇരുന്ന് സംസാരിച്ചത്. ആദ്യമായിട്ട് ജൂനിയേസിനെ കിട്ടിയപ്പോൾ അവരുമായി കൂട്ടായത്. അവരുടെ കഥകൾ കേട്ടത്. മച്ചാ എന്ന് തമിഴ് കൂട്ടുകാരുടെ സ്നേഹത്തോടെ ഉള്ള വിളിയും സ്നേഹവും. വെക്കേഷൻ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് വരുമ്പോൾ ഷെയർ ചെയ്തിരുന്ന ഭക്ഷങ്ങളുടെ രുചി. രാത്രി പാസ്സ് വാങ്ങി സിനിമക്ക് പോയത്, അവധി ദിവസങ്ങളിൽ പാസ്സ് വാങ്ങി പുറത്തു പോയതും. ഉച്ച കഴിഞ്ഞുള്ള ക്ലാസ് കട്ട് ചെയ്ത് വന്നു റൂമിൽ കിടന്ന് ഉറങ്ങിയതും എല്ലാം മനസ്സിലൂടെ പാസ്സ് ചെയ്തു പോയി.
റൂമിൽ ഞങ്ങൾ മൂന്ന് പേര് ആയിട്ട് കുറഞ്ഞിരുന്നു. മൂന്നുപേർ പുറത്തു റൂം എടുത്തു. ഏറ്റവും വിഷമം ആയത് 4 വർഷത്തോളം റൂം മേറ്റ്സ് ആയിരുന്ന ഫ്രണ്ട്സിനോട് ബായ് പറയാൻ ആയിരുന്നു. വഴക്കുകളും ചെറിയ പിണക്കങ്ങളും അതിലും ഉപരി സപ്പോർട്ടും ഞങ്ങങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഒന്ന് കെട്ടിപിടിച്ചു ഇനിയും കാണാം എന്ന് പറഞ്ഞു ഇറങ്ങി. അവർ നാളെയെ ഇറങ്ങുന്നുള്ളു. അവരുടെ ട്രെയിൻ നാളെയെ ഉള്ളൂ. ജൂനിയേഴ്‌സ് ഞാൻ ഇറങ്ങും മുൻപ് വന്ന് കണ്ടിരുന്നു. ഹോസ്റ്റലിന് മുന്നിൽ നിന്ന് സെൽഫിയും എടുത്തു എന്റെ മണ്ടൻ ലഗ്ഗെജ് ബാഗ് തോളിൽ ഇട്ട് ഹോസ്റ്റലിൽ നിന്നും ഇറങ്ങി.
6 മണിക്ക് സെൻട്രൽ ബസ് സ്റ്റാൻഡിൽ എത്തി. വാണി എന്നെ കാത്ത് അവളുടെ സ്കൂട്ടറിൽ ഇരിക്കുന്നുണ്ടായിരുന്നു.
“വന്ത് റൊമ്പ നേരമാച്ചാ?”
“ഇപ്പൊ താ വന്തേ.. വാ യെറ്” ഞാൻ അവളുടെ പിന്നിൽ കയറി. അവൾ വണ്ടി ദിൻഡിഗിൽ ബിരിയാണി കടയുടെ മുന്നിൽ നിർത്തി. ഒത്തിരി നാളായിട്ട് പോകണം എന്ന് ആഗ്രഹിച്ച കട. അവിടെയും ആദ്യമായിട്ട് കയറുന്നത് അവളുടെ കൂടെ.
ട്രിച്ചിയിലെ LA മാരിസ് തിയറ്റർ, ഞാൻ കണ്ടിട്ടുള്ളതിൽ മികച്ച തീയേറ്ററുകളിൽ ഒന്ന് അതാണ്, അവിടെ ആദ്യമായി കയറുന്നത് വാണിയുടെ ഒപ്പമായിരുന്നു . അതും ഒരു മലയാള സിനിമക്ക്, പ്രേമം. അന്ന് പ്രേമം സെൻസർ കോപ്പി ഇറങ്ങി സിനിമ തമിഴ് നാട്ടിൽ ഒരുപാട് ഫേമസ് ആയിരുന്നു, അത്രമാത്രം ഫാൻ ബേസ് ഉണ്ടായിരുന്നു ആ സിനിമയ്ക്ക്. അതോണ്ട് ആവണം സിനിമ വീണ്ടും ട്രിച്ചിയിൽ റിലീസ് ചെയ്തത്. വാണിയാണ് അതിന്റെ ടിക്കറ്റ് എടുത്ത് ” നീ വറിയ എൻ കൂടെ പടത്തുക്ക് ?” എന്ന് ചോദിച്ചത്. റിലീസ് സമയം നാട്ടിലെ തിയറ്ററിൽ നിന്ന് 2 തവണ കണ്ടെങ്കിലും അവളുടെ അന്നത്തെ ചോദ്യത്തിന് മുൻപിൽ ഞാൻ no പറഞ്ഞില്ല. തിയറ്ററും ആ ഒരു ആമ്പിയൻസും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് അത്. അതുപോലെ തന്നെ മലൈകോട്ടയ്, ബട്ടർഫ്‌ളൈ പാർക് തുടങ്ങി കുറെ ഏറെ ട്രിച്ചിയിലെ സ്ഥലങ്ങൾ ഞാൻ പോയത് വാണിയുടെ കൂടെയായിരുന്നു.
“അവസാന ദിവസം വേണ്ടി വന്നു ഇവിടെ വരാൻ”
“അതുക്ക്ന്ന് ഒരു ടൈം ഇറുക്കെലെ…”
കഴിച്ചുകൊണ്ട് ഇരിക്കുന്നതിനു ഇടക്ക് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു ചിരി ആ മുഖത്തുണ്ടെങ്കിലും എന്തോ എനിക്ക് അത്ര സുഖായിട്ട് എനിക്ക് തോന്നീല്ല.
കഴിച്ചു കഴിഞ്ഞ് അവൾ ഞങ്ങൾ റെയിൽ വേ സ്റ്റേഷനിലേക്ക് പോന്നു. വണ്ടി പാർക്ക് ചെയ്ത് ഒരു പ്ലാറ്റ്ഫോം ടിക്കറ്റും എടുത്ത് അവൾ എന്റെ കൂടെ അകത്തേക്ക് വന്നു. നടക്കുമ്പോൾ എന്റെ കൈയ്യിൽ അവൾ മുറുക്കെ പിടിച്ചിരുന്നു.
സമയം 6.30 കഴിഞ്ഞിരുന്നു. ഒരു മണിക്കൂർ കൂടെ ഉണ്ട് ട്രെയിൻ വരാൻ.
“വിഷ്ണു… എന്നാ പേസണംന്ന് തെറിയിലെ… ഉന്നെ കണ്ടിപ്പ റൊമ്പ മിസ്സ് പണ്ണിടുവേ… ”
“നാനും താ … നിന്നെ ഒത്തിരി മിസ്സ് ചെയ്യും…”
“പൊയ്.. കേരള പോണെണാ.. ണി എന്നെ അപ്പിടിയെ മറന്തിടുവേ… ഏതാവത് കേരള പൊണ്ണേ കറക്ട് പണ്ണീടും ”
“എപ്പോഴെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടോടി…എത്ര വട്ടം വെക്കേഷന് നാട്ടിൽ പോയിട്ടുണ്ട്… എപ്പോഴെലും നിന്നെ മറന്നപോലെ നിനക്ക് തോന്നീട്ടുണ്ടോ…ഒരു മാതിരി മറ്റേ വാർത്താനം പറഞ്ഞാലുണ്ടല്ലോ…”
“പ്പ… സുമ്മ സൊണ്ണേണ്ടാ.. അതുക്ക് ഇവളോ കോവം..” എന്റെ കയ്യിൽ അവൾ മുറുക്കെ കെട്ടിപിടിച്ചു “ലബ് യു”
കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങൾ അങ്ങനെ റെയിൽ വെ സ്റ്റേഷനിലെ ബെഞ്ചിലിരുന്നു. എന്ത് പറയണം എന്ന് എനിക്കും അവൾക്കും അറിയില്ലായിരുന്നു.
“നീ ഇങ്കെ ഏതാവത് ജോബ് ട്രൈ പണ്ണളാമേ… അല്ലെന്നാ ണാ അങ്കെ വരെ… കൊച്ചിനിലെ?”
“ഞാനും അതാ ആലോചിച്ചേ… ഇവിടെ ഞാൻ ഒരു ജോലി നോക്കാം… അല്ലേൽ നീ അന്ന് പറഞ്ഞപോലെ നമുക്ക് ചെന്നൈയിൽ നോക്കിയാലോ..?”
“എപ്പിടി വറത്തുന്ന് പാക്കലാം..അപ്പിടി ഇല്ലെന്നാലും പറവില്ലേ… എങ്കെ വേണാ ഇറുന്തുക്കോ… ആണാ എന്നെ മട്ടും താ നീ കല്യാണം പണ്ണിറുക്കണം… പുറിഞ്ചിത?”
“പുരിഞ്ചിത് പുരിഞ്ചിത്ത്…”
“ഫണ് പൻഡ്രിയ?”
“എങ്കെ ഇരുന്താലും ഉന്നൈ തേടി ണാൻ വരുവേൻ… പോതുമാ?”
“ലബ് യു ഡാർലിംഗ്…. തെറിയും ടാ..”
7.30 ആയപ്പോൾ ട്രെയിൻ എത്തി. 8.10 നാണ് ട്രെയിൻ പുറപ്പെടൂ. ഞാൻ ട്രെയിനിലേക്ക് കയറും മുൻപ് 4 വർഷത്തെ സേവിങ്ങ്സിൽ നിന്നുമെടുത്ത് ഒരു ഡയമണ്ട് പെൻഡന്റ് വാങ്ങിയിരുന്നു. അത് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. അവൾ എന്നെ അത്ഭുതത്തോടെ നോക്കി. അവളും ഉടൻ പോക്കറ്റിലേക്ക് കൈയിട്ടു.കൈ പുറത്തെടുത്തു തുറന്നു. ഒരു മോതിരം.
“ഇത് കൂടെ നാമ്മ ഏതോ സെയിമാ യോസിച്ചേ…”
“അതാണ് ഞാനും ഞെട്ടിയത്… എന്നാ ഒട്ടും വൈകിക്കാതെ ഈ വിരലിലേക്ക് അങ്ങ് ഇട്ടോളൂ..”
ഞാൻ എന്റെ കൈ വിടർത്തി അവൾക്ക് നേരെ നീട്ടി. അവൾ ചിരിച്ചുകൊണ്ട് ചുറ്റും ഒന്ന് പെട്ടന്ന് ഓടിച്ചു നോക്കി എന്റെ കയ്യിൽ പിടിച്ചു വിരലിലേക്ക് മോതിരം ഇട്ട് തന്നു.
“ഞാൻ ഈ പെൻഡന്റ് കെട്ടി തരട്ടെ..”
“യ്യോ.. പ്പാ.. ഇങ്കെ വേണാ… അപ്പുറം…” ഒരു കള്ള ചിരിയോടെ അവൾ അത് പറഞ്ഞു.
ട്രെയിൻ പോകാനുള്ള ഹോൺ വിളി കേട്ടപ്പോൾ ഞാൻ അവളെ ഒന്ന് മുറുക്കെ കെട്ടിപിടിച്ച ശേഷം വണ്ടിയിലേക്ക് കയറി. അകത്തേക്ക് കയറാതെ ഞാൻ വാതിൽക്കൽ തന്നെ നിന്നു. വണ്ടി മുൻപോട്ട് നീങ്ങും തോറും അവളും വണ്ടിയുടെ ഒപ്പം നടന്നു. വണ്ടി വേഗത്തിൽ നീങ്ങും തോറും അവൾ പിന്നിലായി. കാഴ്ചയിൽ നിന്നും അവൾ മറയും മുന്നെ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു.
ഇതാകും എന്റെ മനസ്സിൽ പതിയുന്ന അവളുടെ അവസാന നിമിഷങ്ങൾ എന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. അടുത്ത നാൾ എന്നെ കാത്തിരുന്നത് എന്നെ രണ്ടായി മുറിക്കുന്ന പോലെ ഒരു വാർത്തയായിരുന്നു. വാണിയെ കാണാൻ ഇല്ലെന്ന്. എന്നെ കൊണ്ട് വിട്ട് കഴിഞ്ഞ് അവൾ തിരികെ വീട്ടിൽ എത്തിയില്ല.
അവളുടെ പേരന്റസ് പോലീസിൽ കംപ്ലയിന്റ് കൊടുത്തു. എന്നെയും പോലീസ് ചോദ്യം ചെയ്തു. റെയിൽ വേ സ്റ്റേഷനിലെ സ്റ്റേഷനിലെ cctv യിൽ നിന്നും അവൾ വെളിയിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളുണ്ട്. പാർക്കിങ്ങിൽ നിന്ന് പുറത്തേക്ക് പോകുന്നതും.
ഒന്നും പേടിക്കാനില്ല 24 മണിക്കൂർ കൊണ്ട് കണ്ടെത്തും എന്ന് പറഞ്ഞ പോലീസിന് ഇന്നേക്ക് 12 മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ ഒരു പുരോഗതി കണ്ടെത്താണായില്ല.
ഞാൻ ട്രിച്ചിയിൽ തന്നെ ഒരു ജോലി കണ്ടെത്തി. അന്വേഷണത്തിന്റെ പുരോഗതി എന്തെന്ന് അടുത്തിനിന്ന് അറിയാൻ കഴിയും. ഒരു മടുപ്പുമില്ലാതെ ഞാൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പക്ഷെ അന്വേഷണം എത്താണ്ട് അവർ അവസാനിപ്പിച്ച പോലെയായിരുന്നു.
ഞാൻ ഇടയ്ക്ക് വാണിയുടെ വീട്ടിൽ പോകും. അവർക്ക് എന്നെ കാണുന്നത് ചെറിയ ഒരു ആശ്വാസം നൽകുന്ന പോലെ എനിക്ക് തോന്നുകയുണ്ടായി. അവളുടെ അപ്പ എന്നോട് സ്നേഹത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ അത് വാണി കണ്ടിരുന്നേൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു.
മറ്റൊരു അന്വേഷണസംഘത്തെകൊണ്ട് ഈ കേസ് പുനരന്വേഷിക്കാൻ ഉള്ള ഒരു അപേക്ഷ വാണിയുടെ അപ്പ അപ്പോഴേത്തെ റൂളിങ്ങ് പാർട്ടിയിലെ തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മുന്നോട്ട് വെച്ചു. അധികം വൈകാതെ പുതിയ ഒരു ടീമം അന്വേഷണം പുനരാരംഭിച്ചു.
പലരും എന്നോട് നേരെയും അല്ലാതെയും പറഞ്ഞു. ഇനി വാണിക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥം ഇല്ലെന്ന്. മൂവ് ഓൺ ചെയ്യാൻ, എന്റെ നല്ലത് ഓർത്തു പറഞ്ഞതാവണം. ഞാൻ ആരെയും മുഷിപ്പിച്ചില്ല എന്തോ എനിക്ക് അവളെ നഷ്ടമായി എന്ന് ചിന്തിക്കാൻ കൂടെ കഴിഞ്ഞില്ല. അവളെ പറ്റി എന്തെങ്കിലും അറിയാൻ സാധിക്കും എന്ന് തന്നെ ഞാൻ ദൃഡമായി വിശ്വസിച്ചു.
ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു വാണിയെ കാണാതായിട്ട്. ഒരിക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും അപ്പക്ക് ഒരു കോൾ വന്നു. ഞാനും കൂടെ പോയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ ഞങ്ങളെ റൂമിലേക്ക് കൂട്ടി. അധികം വിവരങ്ങൾ ഒന്നും നൽകാതെ അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ കുറച്ച് ഫോട്ടോകൾ വച്ചു. പത്തിരുപതോളം ഫോട്ടോസ് കാണും . അപ്പ അത് എടുത്തു ഓരോന്നായി നോക്കി എന്റെ കയ്യിലേക്ക് ഓരോ ഫോട്ടോ തന്നു. അപ്പ തന്ന ഫോട്ടോസ് ഞാനും നോക്കി, പ്രതീക്ഷയോടെ. ഒരു ഫോട്ടോ, അതിലേക്ക് നോക്കി അപ്പ എന്നെ നോക്കി. ഞാനും അതിലേക്ക് നോക്കി. അപ്പയുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ ആ ഫോട്ടോ അപ്പയുടെ കയ്യിൽ നിന്നും വാങ്ങി. രൂപത്തിന് മാറ്റം ഉണ്ടെങ്കിലും വാണിയുടെ കണ്ണുകൾ അവളെ അത്ര അറിയുന്ന ആർക്കും മറ്റു കണ്ണുകളിൽ നിന്ന് തിരിച്ചറിയാൻ കഴിയും.
“മലേഷ്യയിൽ ഇന്റർപ്പോൾ നടത്തിയ ഒരു ഒപ്പറേഷനിൽ അവർ കണ്ടെത്തിയതാണ് ട്രാപ്പ്ട് ആയി പോയ 40 ഓളം വരുന്ന ഇന്ത്യൻ സ്ത്രീകളെയും, പ്രത്യേകിച്ചും 16-30 ണും ഇടയിലുള്ള പെൺകുട്ടികൾ, കോടികൾ വരുന്ന ലഹരി വസ്തുക്കളും, അത് റൺ ചെയ്യുന്ന UN ഡെസിഗ്നേറ്റഡ് തീവ്രവാദിയെയും പിടികൂടുന്നത്. മിക്ക സ്ത്രീകളെയും പല സംസ്ഥാനങ്ങളിൽ നിന്നും തട്ടിക്കൊണ്ടു വന്നതാണ്. ഇന്ത്യയിൽ നിന്നുമുള്ള CBI ഓഫീസർസും മലേഷ്യയിൽ ഉള്ള ഇന്ത്യൻ എമ്പസിയും മലേഷ്യൻ പോലീസും ചേർന്ന് അവരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ട് വരാൻ സഹായിച്ചു. ഇന്ത്യയിൽ വന്ന ഉടനെ ഇവരെ ഒരു റെസ്ക്യൂ ഹോമിൽ ആക്കി അവരിൽ നിന്നും അവർക്ക് ഓർമ്മയുള്ള വിവരങ്ങൾ ശേഖരിച്ച അതാത് പോലീസ് സ്റ്റേഷൻ ആയിട്ട് കോണ്ടാക്ട് ചെയ്തു. അവിടെ നിലനിൽക്കുന്ന മിസ്സിംഗ് കേസ് ആയിട്ട് ക്രോസ്സ് മാച്ച് ചെയ്തു.” എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ചപ്പോ അന്വേഷണം ഉദ്യോഗസ്ഥൻ ഞങ്ങളോട് ഇത് പറഞ്ഞു.
അന്ന് വൈകിട്ട് തന്നെ വാണിയെ ഡൽഹിയിൽ നിന്നും ട്രിച്ചിയിൽ എത്തിച്ചു. ഞാൻ ഹോസ്പിറ്റലിൽ പോയാണ് അവളെ കണ്ടത്. അവളെ നേരിട്ട് കാണും മുൻപ് ഞാൻ ഡോക്ടറെ കണ്ടിരുന്നു. PTSD യുടെ ചെറിയ സിംപ്റ്റംസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ആ ട്രോമ അവളെ എന്തുമാത്രം മാറ്റിയിട്ടുണ്ടാവും. ഞാൻ അവളെ കാണുന്നതിൽ എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. ഡോക്ടർ അതിന് കുഴപ്പം ഒന്നും ഇല്ല. ധൈര്യയിട്ട് കണ്ടോളാൻ പറഞ്ഞും. പ്രതീക്ഷിക്കുന്ന റിയാക്ഷൻ കണ്ടില്ലേൽ സങ്കടപെടരുതെന്ന് മുൻകൂട്ടി പറഞ്ഞു.
ഞാൻ അവളെ കാണാൻ റൂമിലേക്ക് ചെന്നു. അപ്പയും അമ്മയും അവളുടെ അടുത്തുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്നുതും അവൾ എന്നെ നോക്കി ആദ്യം. അവളുടെ കണ്ണിൽ എന്നെ കണ്ട സന്തോഷം ഞാൻ ആദ്യം കണ്ടു പെട്ടന്ന് അത് കണ്ണീരിൽ നിറഞ്ഞു. അവൾ മുഖം തിരിച്ചു. ഞാൻ അവൾക്ക് അരികിലേക്ക് നടന്നു.
ഞാൻ അവളുടെ അടുത്ത് വന്ന് അവളുടെ കയ്യിൽ പതിയെ മുറുക്കെ പിടിച്ചു. എന്റെ കയ്യിൽ കിടന്ന മോതിരത്തിൽ അവളുടെ വിരൽ കൊണ്ടപ്പോൾ ഒരു ഞെട്ടലോടെ അവൾ എന്റെ നേരെ നോക്കി.ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു. അവളുടെ ചെവിയുടെ അടുത്തായി വന്ന് പറഞ്ഞു
“കണ്ടിപ്പാ.. ഉണ് കൂടെയേ ഇറുപ്പേ…”
Courtesy: Amal Sujatha Satheesan