രചന : – സുരേന്ദ്രൻ കരുളായി.
” ഇരു വൃക്കകളും തകരാറിലായ യുവതി ചികിൽസാ സഹായം തേടുന്നു…”
വാർത്ത സമൂഹ മാധ്യമങ്ങളിലും പ്രാദേശിക ചാനലുകളിലും പരന്നു. സന്നദ്ധ സംഘടനകളും ക്ലബ്ബുകളും മറ്റു സാമൂഹ്യ പ്രവർത്തകരും ഇതിനുള്ള ധനശേഖരണത്തിനായി ബിരിയാണി ചലഞ്ചും പായസ ചലഞ്ചുമൊക്കെയായി സജീവമായി രംഗത്തുണ്ട്.
പ്രവാസികളും അവരുടേതായ സംഭാവനകളുമായി ഈ ധനശേഖരണത്തിൽ പങ്കാളികളാവുന്നുണ്ട്. ഓട്ടോ തൊഴിലാളികളും ചില ബസ്സുടമകളും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നീക്കിവയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മഴയായതിനാലും ഓട്ടം കുറവായതിനാലും ഞാൻ ഓട്ടോയുമായി വീട്ടിലേക്ക് തിരിച്ചു.
കോരിച്ചൊരിയുന്ന മഴ… തണുത്തു മരിച്ച അന്തരീക്ഷം… മണ്ണാത്തിപ്പൊയിൽ കവലയിലെത്തിയപ്പോൾ ഉള്ളിലെ വിറയൽ ഒന്നു ശമിപ്പിക്കാനായി ഒരു ചായ കുടിക്കാമെന്നു കരുതിയാണ് ഹരിയേട്ടന്റെ ചായക്കടയിലേക്ക് കയറിയത്. കടയിലേക്കും മറ്റും വന്ന ആളുകൾ മഴ ഒന്നു ശമിക്കുന്നതും കാത്തിരിപ്പാണ്.
ഞാൻ കടയിലേക്ക് കയറുമ്പോൾ അവിടെയും ചർച്ച ചികിൽസാ സഹായത്തിനെ കുറിച്ചാണ്.
“എടാ… ആ പെണ്ണിന് വൃക്ക കൊടുക്കാൻ ആരെങ്കിലും തയ്യാറായോ…?”
വീരാൻകുട്ടി ഹാജി എന്നെ കണ്ടതും ചോദിച്ചു.
“ആര് കൊടുക്കാൻ…. സ്വന്തം കുടുംബത്തിലുള്ളവർ ആരും തയ്യാറാവുന്നില്ല. പിന്നെയല്ലേ നാട്ടുകാര് … ”
ചോദ്യം എന്നോടായിരുന്നെങ്കിലും അതിനു മറുപടി പറഞ്ഞത് ദിനേശേട്ടനാണ്.
” അത് അനക്കെങ്ങനെ അറിയാ… ഓര്ടെ മോളല്ലേ… കൂടപ്പിപ്പല്ലേ… ഓരതിന് തയ്യാറാവാതിരിക്കോ…?”
“എന്താപ്പങ്ങളെയീ വർത്താനം…? ഞാൻ വെറുതെ പറഞ്ഞതൊന്നുമല്ല…സുധാകരേട്ടനെ ഞാനിന്നലെക്കൂടി കണ്ടതാ… അയാളുതന്നാ എന്നോടു പറഞ്ഞത്… ആൺമക്കൾ രണ്ടു പേരും അതിനു തയ്യാറാവുന്നില്ല എന്നും സുധാകരേട്ടനാണെങ്കിൽ പലവിധ അസുഖങ്ങളാണ്. അതിനിടക്ക് ഇതും കൂടി താങ്ങാനാവില്ല എന്നാണ് അയാളുടെ അഭിപ്രായം. പിന്നെയുള്ളത് ഭാര്യയാണ്. അവർക്കും വയറു സബന്ധമായ എന്തോ അസുഖം ഉണ്ടത്രെ….പിന്നെ ആരാ കൊടുക്കാൻ …. പോത്തുപോലെ വളർന്ന രണ്ടാൺമക്കുണ്ട്. മൂത്തവൻ ഭാര്യയുടെ സമ്മർദ്ദം മൂലം അതിനു തയ്യാറാവുന്നില്ല. ഇളയവൻ കല്ല്യാണം കഴിച്ചിട്ടില്ലല്ലോ… അവന്റെ ഭാവി അവനും നോക്കി…”
ദിനേശേട്ടൻ വിശദമായിത്തന്നെ അതിനൊരു വിശദീകരണം നൽകി. കേട്ടറിഞ്ഞിടത്തോളം അതു സത്യമാണെന്ന് എനിക്കുമറിയാം.
“എന്താ കഥ…. അപ്പോ ആ കുട്ടിക്ക് ഭാവിയൊന്നൂല്ലേ…?”
വീരാൻകുട്ടി ഹാജി മൂക്കത്ത് വിരൽ വച്ചു.
” അതിന്റെ ഭാവിയേതായാലും അവതാളത്തിലായില്ലേ… ഇനി ബാക്കിയുള്ളോരുടെ ഭാവി കൂടി അതിനു വേണ്ടി തുലയ്ക്കണ്ട എന്നു കരുതിക്കാണും. ”
ദിനേശേട്ടൻ അവരുടെ ന്യായം കണ്ടെത്തി പറഞ്ഞു.
“ന്നാലും ന്റെ ദിനേശാ … ഓരൊന്നും മനിസൻമ്മാരല്ലെ….?”
” ഉദ്യോഗസ്ഥൻമാർക്ക് കെട്ടിച്ചു കൊടുക്കാൻ കാത്തുവച്ച പെണ്ണാ ഇപ്പോ ഈ അവസ്ഥയിൽ കിടക്കുന്നത്… ഈ പ്രതാപൻ ആ പെണ്ണിനു വേണ്ടി ഒരുപാട് കെഞ്ചിയതാ അവരുടെയൊക്കെ മുമ്പില് ….”
എനിക്കുള്ള ചായ കൊണ്ടു വയ്ക്കുന്നതിനിടയിൽ ഹരിയേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.
” അതുകൊണ്ടെന്താ അതു നന്നായില്ലേ… അല്ലെങ്കിൽ ഓനുംകൂടി അതിലെടങ്ങേറാവണ്ടെ … എന്താ പ്രതാപാ …ഞാൻ പറഞ്ഞത് ശരിയല്ലേ…?”
ഹാജി എന്നെ നോക്കി.
” അതൊന്നും ശരിയല്ല ഹാജിയാരേ… എനിക്കവളെ തന്നില്ലേലും ഇന്നനെയൊരവസ്ഥ കണ്ടാൽ ആർക്കെങ്കിലും ആശ്വസിക്കാൻ കഴിയുമോ…?”
“അല്ല…അതല്ല ഞാൻ പറഞ്ഞത്. അതിന്റെ കാര്യോർത്ത് നിയ്ക്കും സങ്കടണ്ട്…അവളെ കെട്ടിയിരുന്നെങ്കില് അതിന്റെ കഷ്ടപ്പാടും ദുരിതോം നീയും കൂടി കാണണ്ടെ എന്നാ ഞാനുദ്ദേശിച്ചത്…”
തന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതുപോലെ തോന്നായതുകൊണ്ടാവണം അയാൾ വിശദീകരിച്ചു.
“അതൊന്നും സാരമില്ല ഹാജിയാരെ… അവര് ചിന്തിക്കുന്നതുപോലെ നമുക്കാർക്കും ചിന്തിക്കാൻ കഴിയില്ലല്ലോ…”
എന്റെ മറുപടി ഹാജിയ്ക്കും വിഷമമായെന്ന് എനിക്കു തോന്നി.
“അപ്പോ ഇനീപ്പാക്കുട്ടീന്റെ ചികിൽസ നടക്കൂലേ ….?”
വീരാൻകുട്ടി ഹാജിയുടെ സംശയം അതായി.
” നടക്കണമെങ്കിൽ വൃക്ക കൊടുക്കാൻ ആരെങ്കിലും തയ്യാറാവണ്ടേ… അല്ലെങ്കിൽ അവയവദാനത്തിന് സമ്മതപത്രം കൊടുത്ത ആരെങ്കിലും മരിക്കണം. എന്നാലും അവർക്കത് കിട്ടിക്കോളണമെന്നില്ല. അതൊന്നും നമ്മളുദ്ദേശിക്കുന്ന രീതിയിൽ നടക്കില്ല. അങ്ങനെയൊന്ന് കിട്ടാൻ വേണ്ടി കാത്തിരുന്നാൽ ഈ പെണ്ണിന്റെ അവസ്ഥയെന്താകും…?”
ദിനേശേട്ടൻ തന്റെ അറിവിൽപെട്ട കാര്യങ്ങൾ പറഞ്ഞു.
” അതൊന്നും നടക്കില്ല…. എത്രേം പെട്ടെന്ന് അത് മാറ്റിവയ്ക്കാനുള്ള വഴിയാ നോക്കേണ്ടത്… അല്ലാതെ എത്ര കാലം ഇതിങ്ങനെ നീട്ടിക്കൊണ്ടോകാൻ പറ്റും…?”
ഹരിയേട്ടനും അക്കാര്യത്തിൽ തന്റെ ആശകയറിയിച്ചു. ആ ചിന്ത എല്ലാവരേയും അൽപ സമയം മൂകരാക്കി.
” കിഡ്നി കൊടുക്കാൻ ഞാൻ തയ്യാറാണ്…!!”
ശബ്ദം കേട്ടഭാഗത്തേക്ക് എല്ലാവരും ആശ്ചര്യത്തോടെ നോക്കുന്നതു കണ്ടു.
“പ്രതാപാ നീ….!!?”
എല്ലാവരുടേയും ചുണ്ടുകളിൽ ആ ചോദ്യം വന്നു നിന്നു.
” നീയാലോചിച്ചിട്ടു തന്നെയാണോ ഈ പറയുന്നത്…?”
ഹരിയേട്ടന്റെ കണ്ണുകൾ വല്ലാതെ മിഴിഞ്ഞു.
“ആലോചിച്ചിട്ടു തന്നെയാണ് ഹരിയേട്ടാ… പക്ഷേ, ഒറ്റക്കാര്യത്തിന് അവർ സമ്മതിക്കണം…”
“എന്താദ്….?”
കോറസ്സായി ആ ചോദ്യം എന്റെ നേരെ വന്നു.
“അവളുടെ കഴുത്തിലൊരു താലി ചാർത്താൻ അവരെന്നെ അനുവദിക്കണം….!!”
” ഇയ്യെന്താണു മോനേ ഈ പറേണേ….?”
എന്റെ അവസാന വാചകം എല്ലാവരേയും ഞെട്ടിച്ചെന്ന് ഉപ്പായി. വീരാൻകുട്ടി ഹാജി എന്റെ തോളിൽ കൈവച്ചു….
“എനിക്കവളെ വേണം ഹാജിയാരേ…. ഒരു മരണത്തിനും ഞാനവളെ വിട്ടുകൊടുക്കില്ല… എനിക്കത്രേം ഇഷ്ടാ അവളെ….”
എന്റെ കണ്ണുകളും നനഞ്ഞു തുടങ്ങിയിരുന്നു.
“ഇങ്ങനെയൊവസ്ഥയിൽ നീയവളെ….”
പൂർത്തിയാക്കാനാവാതെ ഹരിയേട്ടനും സകടപ്പെട്ടു.
” ഇതൊന്നും ആരും മന:പ്പൂർവ്വം വരുത്തിവയ്ക്കുന്നതല്ലല്ലോ ഹരിയേട്ടാ …. ഈ അവസ്ഥയിൽ അവളെ കൈവിട്ടാൽ ഞാനവളെ സ്നേഹിച്ചതിന് എന്തർത്ഥമാണുള്ളത്…? അവൾ ആത്മാർത്ഥമായി എന്നെ സ്നേഹിച്ചിരുന്നില്ലെങ്കിലും എനിക്കവളെ മറക്കാനാവില്ല…”
അവൾക്ക് എന്നോട് സ്നേഹമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് എന്നോടൊപ്പം ഇറങ്ങി വരാൻമാത്രം ഗാഢമായിരുന്നില്ല അവൾക്ക് എന്നോടുണ്ടായിരുന്ന പ്രണയം എന്നു വ്യക്തമായിരുന്നു.
രണ്ടു മനസ്സായിരുന്നു ഇക്കാര്യത്തിൽ അവൾക്ക്. ഒരു ഓട്ടോക്കാരനായ എന്നോടൊപ്പം ജീവിക്കണോ അതോ അച്ഛനും ആങ്ങളമാരും വച്ചു നീട്ടുന്ന സർക്കാറുദ്യോഗസ്ഥനോടൊപ്പം ജീവിക്കണോ….
അവളുടെ മനസ്സിൽ ആ കാര്യത്തിന് വ്യക്തത വരും മുമ്പ് അവൾ ഈ അവസ്ഥയിലുമായി.
” നീ കാര്യമായിട്ടാണോ പ്രതാപാ പറയുന്നത് ….?”
ദിനേശേട്ടൻ വിശ്വാസം വരാതെ പിന്നെയും ചോദിച്ചു.
” ഇങ്ങനെയുള്ള കാര്യങ്ങൾ ആരെങ്കിലും തമാശയായി പറയുമോ…? പറ്റുമെങ്കിൽ അവരുമായി ഇക്കാര്യം ഒന്നു സംസാരിക്കാമോ…?”
ഞാൻ യാചനാ ഭാവത്തിൽ ദിനേശേട്ടനെ നോക്കി.
“ഞാൻ സംസാരിക്കാം സുധാകരേട്ടനോട്. നാളെ വൈകുന്നേരത്തിനുള്ളിൽ നിനക്കു ഞാൻ വിവരം തരാം….”
ദിനേശേട്ടൻ ആ കാര്യമേറ്റു.
ആരും കണ്ണുകൾ എന്റെ മുഖത്തു നിന്നും മാറ്റുന്നതേയില്ല. ഞാൻ ഹരിയേട്ടന് ചായയുടെ കാശും കൊടുത്ത് അവിടെ നിന്നും ഇറങ്ങി എന്റെ ഓട്ടോയുമായി വീട്ടിലേക്ക് വിട്ടു ….
ദിനേശേട്ടൻ പറഞ്ഞതു പോലെ പിറ്റേ ദിവസം എന്നെ കാണാനെത്തി.
അവർക്ക് സമ്മതമാണത്രെ…
അതറിഞ്ഞപ്പോൾ കാര്യം അമ്മയേയും അറിയിച്ചു.
“എന്റെ മോനേ… നീയെന്തിനുള്ള പുറപ്പാടാ… ഈയമ്മയ്ക്ക് ആശ്രയവും കൂട്ടുമായിട്ട് നീ മാത്രമേയുള്ളൂവെന്ന് നിനക്കറിയാലോ…എന്റെ കണ്ണടയുന്നതുവരെ എനിക്കു താങ്ങായി നീയുണ്ടാവണം എന്നാണെന്റെ ആഗ്രഹം …. ആ നീ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനാടാ ….?”
അമ്മ കരച്ചിലും പിഴിച്ചിലും തുടങ്ങി…
“ഒരു മനുഷ്യന് ജീവിക്കണമെങ്കിൽ രണ്ടു കിഡ്നിയുടെയൊന്നും ആവശ്യമില്ലമ്മേ… എനിക്കൊന്നും സംഭവിക്കില്ല… ദൈവം ആയുഷ് തരുന്നിടത്തോളം ഞാനമ്മയോടൊപ്പമുണ്ടാകും. അതു മാത്രമല്ല. അമ്മയ്ക്ക് കൂട്ടായി ഒരാൾകൂടി ഉണ്ടാവുന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്…”
ഞാനമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതിലൊന്നും ആശ്വാസം കണ്ടെത്താൻ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് എനിക്കു മനസ്സിലായി.
“എന്നാലും എന്റെ കുഞ്ഞേ നീ….”
” അമ്മ ഒന്നു കൊണ്ടും പേടിക്കേണ്ട….എനിയ്ക്കൊന്നും സംഭവിക്കില്ലെന്നുതന്നെ വിശ്വസിക്കുക… അമ്മയ്ക്ക് ഈശ്വരനിൽ വിശ്വാസമുണ്ടോ…?”
“അതെന്താടാ നീയങ്ങനെ ചോദിച്ചത്…? എനിക്ക് ഈശ്വരനിൽ വിശ്വാസമില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ നിനക്ക് …?”
അമ്മ കണ്ണീരിനിടയിലും എനിയ്ക്കു നേരെ കണ്ണുരുട്ടി.
“ആ വിശ്വാസമുണ്ടെങ്കിൽ ഞാൻ പറയുന്നതും വിശ്വസിക്കുക… എനിയ്ക്ക് ഈശ്വരൻ ഒരായുഷ് നിശ്ചയിച്ചിട്ടുണ്ട്. അതിനി ഒരു കിഡ്നിയായാലും രണ്ടു കിഡ്നിയായാലും ആ നിശ്ചയത്തിനപ്പുറം പോകില്ല. എന്താ ശരിയല്ലേ…?”
ഞാൻ അമ്മയെ ചേർത്തു പിടിച്ചു.
“എന്റെ കുട്ടിയുടെ സന്തോഷാ എനിയ്ക്കു വലുത്. നിന്റെ സന്തോഷത്തിനും തീരുമാനത്തിനും അമ്മ എതിരല്ല. കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി…..അവളോട് നിനക്കുള്ള ഇഷ്ടം ഈ അമ്മയ്ക്ക് നന്നായറിയാം. അവൾ നിന്റെ ജീവിതത്തിലേക്ക് വരാൻ ഇങ്ങനെയൊരു നിമിത്തമായിരിക്കും ഈശ്വരൻ കരുതിയിട്ടുണ്ടാവുക എന്നോർത്ത് അമ്മ സമാധാനിച്ചോളാം….എല്ലാം നല്ലതായി തീരാൻ അമ്മ പ്രാർത്ഥിച്ചോളാം…”
വേദനയോടെയെങ്കിലും എന്റെ തീരുമാനം അമ്മ അംഗീകരിച്ചിരിക്കുന്നു. എനിക്കൽപം ആശ്വാസമായി.
അമ്മയുടെ നിർബന്ധ പ്രകാരം നല്ലൊരു മുഹൂർത്തം നോക്കി ഞാനും അമ്മയും സുപ്രിയയുടെ വീട്ടിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത വരവേൽപ്പും സ്വീകരണവുമായിരുന്നു. എല്ലാം കണ്ടപ്പോൾ എനിക്കവരോട് പുഛമാണ് തോന്നിയത്.
സുപ്രിയയെ കണ്ടപ്പോൾ ഞാൻ തളർന്നു പോയി… അസുഖം അവളെ മാനസികമായും ശാരീരികമായും ഏറെ തളർത്തിയിരുന്നു. എന്നെ കണ്ടപ്പോൾ അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. അവളുടെ ആ അവസ്ഥ എനിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ച് അത് വിഫലമാകുന്നത് ഞാൻ കണ്ടു. ഞാൻ താലി ചാർത്തുമ്പോൾ എന്റെ കണ്ണുകളിലേക്കവൾ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ആരാധനയോ കുറ്റബോധമോ എന്താണവളുടെ കണ്ണുകളിലെന്നത് എനിയ്ക്ക് വേർതിരിച്ചറിയാനായില്ല.
എങ്കിലും ഒന്നെനിയ്ക്ക് ഉറപ്പായി….. രോഗശയ്യയിലെങ്കിലും ഇന്നു മുതൽ അവളെന്റെ ഭാര്യയാണ്. ദൈവം എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്ഥലമാക്കിത്തന്നത് ഇങ്ങനെയൊരു മുഹൂർത്തത്തിലാണല്ലോ എന്നൊരു പരിഭവം എന്തുകൊണ്ടോ ഈശ്വരനോടെനിയ്ക്കു തോന്നിയില്ല.കാരണം, ഇതിലും വലുതാണ് ഇനി ഈശ്വരൻ എനിയ്ക്കു സഫലമാക്കിത്തരാനുള്ളത്….അവളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നത് എന്റെകൂടി ദൗത്യമാണിനി.
അവളുടെ കുടുംബാംഗങ്ങളുടെ മുഖങ്ങളിൽ ഏതോ വലിയൊരാപത്തിൽ നിന്ന് രക്ഷപ്പെട്ടതുപോലെയൊരു ഭാവമായിരുന്നു. ഇനിയെല്ലാം നിന്റെ കയ്യിലാണ് എന്നൊരു ധ്വനികൂടി ആ മുഖങ്ങളിൽ നിന്നും എനിയ്ക്കു വായിച്ചെടുക്കാനായി.
അവൾക്ക് ധൈര്യവും സാന്ത്വനവും നൽകി അധികം വൈകാതെ ഞങ്ങളവിടം വിട്ടു….
ദിവസങ്ങൾ പിന്നെയും കടന്നുപോയി….
ചികിൽസയ്ക്കുള്ള പണം അപ്പോഴേക്കും അക്കൗണ്ടിലെത്തിയിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അത്…!
ആയിരക്കണക്കിന് നൻമ നിറഞ്ഞ മനസ്സുകൾ അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനായി പ്രാർത്ഥനയോടെ ചെറുതും വലുതുമായ സംഖ്യകൾ വച്ചു നീട്ടിയപ്പോൾ എല്ലാം പ്രതീക്ഷിച്ചതിലും മുമ്പേ സാധ്യമായി.
സോഷ്യൽ മീഡിയയിൽ ഞാനൊരു താരമായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അതിലൊന്നും അഭിമാനിക്കാനോ സന്തോഷിക്കുവാനോ എനിയ്ക്കു താത്പര്യം തോന്നിയില്ല.
എന്റെ മനസ്സ് അവളോടൊപ്പമായിരുന്നു…. ഈ ജീവിതംതന്നെ അവൾക്കു വേണ്ടി മാറ്റിവച്ചു കഴിഞ്ഞു. ഇനിയെല്ലാം ശുഭകരമായി പര്യവസാനിക്കുന്നതുവരെ മനസ്സിനു സ്വസ്ഥതയില്ല.
ടെസ്റ്റുകളും കാര്യങ്ങളുമായി ദിവസങ്ങൾ പിന്നെയും കടന്നുപോയി…..
ഒടുവിൽ ഈശ്വര നിശ്ചയ പ്രകാരം എല്ലാം തടസ്സമില്ലാതെ കഴിഞ്ഞു. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഞങ്ങൾ മെല്ലെ പുതിയൊരു ജീവിതത്തിലേക്ക് പിച്ചവച്ചു…..
“സുപ്രിയയുടെ അവസ്ഥ ഇപ്പോഴെന്താണു ഡോക്ടർ …?”
എന്റെ ആശങ്ക ചോദ്യമായി ഡോക്ടർക്കു മുമ്പിലിട്ടു.
“അതോർത്ത് ടെൻഷനടിക്കേണ്ട പ്രതാപൻ… സുപ്രിയ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്…”
എന്റെ മുഖത്തെ വേവലാധി കണ്ടാവണം ഡോക്ടർ ഹരികൃഷണൻ ചെറു പുഞ്ചിരിയോടെ മറുപടി നൽകി.
“ഡോക്ടർ… എനിയ്ക്കൊന്നു കാണാൻ പറ്റുമോ അവളെ…?”
എന്റെ കണ്ണുകളിൽ ദൈന്യത നിറഞ്ഞു…
” കാണാം പ്രതാപൻ…. ഇപ്പോഴല്ല… നിങ്ങൾ രണ്ടു പേരും സേഫായൊരു സ്റ്റേജിലെത്തുമ്പോൾ… അതിനുള്ള അവസരം വൈകാതെയുണ്ടാകും. പിന്നെ…. സുപ്രിയയ്ക്ക് ബോധം തെളിഞ്ഞപ്പോൾ ആദ്യം ചോദിച്ചത് നിങ്ങളെയാണ് …. അതുകൊണ്ട് നെഗറ്റീവായ ചിന്തകൾ മനസ്സിൽ നിന്നു മാറ്റിവയ്ക്കു… പോസിറ്റീവായി ചിന്തിക്കുക… എപ്പോഴും സന്തോഷമായിട്ടിരിക്കുക…. ഓക്കെ…? ഞാൻ പറയുന്നത് പ്രതാപന് മനസ്സിലാവുന്നുണ്ടോ…?”
“ഉവ്വ് ഡോക്ടർ ….”
“എങ്കിൽ അതേപോലെ ചെയ്യില്ലേ…?”
” ചെയ്യാം…”
“ഓകെ പ്രതാപൻ…. ദെൻ ഗുഡ്‌ലക്ക് ….”
ഡോക്ടർ എന്റെ ചുമലിലൊന്ന് തട്ടിയിട്ട് പുറത്തേക്ക് നടന്നു…. ഡോക്ടർ പകർന്നു നൽകിയ ഊർജ്ജവുമായി വരാൻ പോകുന്ന നല്ല നാളുകൾക്കായി കാതോർത്ത് കാത്തിരുന്നു….
ശുഭം.
രചന : – സുരേന്ദ്രൻ കരുളായി.