Categories
Uncategorized

കുറച്ചു നാളത്തേക്ക് ഇരുവരും തമ്മിൽ മിണ്ടാട്ടമുണ്ടായിരുന്നില്ല……. എങ്കിലും പിന്നീട് വിനോദ് രമ്യയോടു പലതവണ ക്ഷമ ചോദിക്കുകയും അവർ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു……

രചന : മേഘ മയൂരി

ഞാൻ പഠിച്ച സ്കൂളിൽ പ്ലസ് ടു ബാച്ച് ആരംഭിച്ചെങ്കിലും ആ വർഷത്തിനു ശേഷം പ്രീഡിഗ്രി കോഴ്സുകൾക്ക് വംശനാശം സംഭവിക്കുമെന്നുള്ളതു കൊണ്ട് എന്തു വില കൊടുത്തും കോളേജിൽ പഠിക്കണമെന്ന ആഗ്രഹത്താൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പെടുത്തു കോളേജിൽ ചേർന്നു……ഗേൾസ് ഓൺലി സ്കൂളിൽ മാത്രം പഠിച്ചു ശീലിച്ച എനിക്ക് മിക്സഡ് കോളേജിലെ ഓരോ ദിവസവും ഏറെ പുതുമ നിറഞ്ഞതും ആകാംക്ഷാഭരിതവുമായിരുന്നു.

കലാലയ ജീവിതത്തിൽ ആറു തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.

I. പഠിപ്പിസ്റ്റുകൾ – വ്യക്തമായ പ്ലാനിംഗോടു കൂടി കോഴ്സ് തിരഞ്ഞെടുത്ത് ആ വഴിയേ സഞ്ചരിക്കുന്നവർ……..മിക്കവരുടെയും മാതാപിതാക്കൾ ഉദ്യോഗസ്ഥർ………മറ്റു ചിലർ ദരിദ്രമായ ചുറ്റുപാടുകളിൽ ജനിച്ചു വളർന്ന് പ്രതിഭ കൊണ്ടു മാത്രം പഠിച്ചു ഉന്നത നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നവരും അതിനു വേണ്ടി എത്ര കഠിന പ്രയത്നവും ചെയ്യാൻ തയ്യാറുള്ളവരും……….ഇവരിൽ ചിലർ രാത്രിയിൽ ഓട്ടോ ഓടിച്ചും ട്യൂഷൻ എടുത്തും മറ്റു ചില ചില്ലറ ജോലികൾ ചെയ്തുമാണ് പഠനം മുന്നോട്ടു കൊണ്ടു പോവുന്നത്.

ലക്ഷണങ്ങൾ: അറ്റൻറൻസ് 100 %. ലൈബ്രറികളിൽ കാണപ്പെടുന്നു……അധികം സുഹൃത്തുക്കളില്ല. അണിഞ്ഞൊരുങ്ങി നടക്കാൻ താല്പര്യമില്ല. ഇവരോടൊപ്പം സന്തത സഹചാരിയായി പുസ്തകക്കെട്ടുകൾ ഉണ്ടാവും. അധ്യാപകരുടെ കണ്ണിലുണ്ണികൾ….

2. ആസ്വാദകർ – പഠിക്കാനായിട്ടു മാത്രമല്ല ഇവർ കോളേജിൽ വരുന്നത്…….പഠനം ഒരു സൈഡ് ബിസിനസ് മാത്രമാണ് ഇവർക്ക്……..ഇവരിൽ മിക്കവരും ധനികരുടെ മക്കളാണ്. എന്തെങ്കിലും ഒരു കോഴ്സ് പഠിക്കുന്നു എന്നു മാത്രം……. ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് ഇവരുടെ തത്വം.

ലക്ഷണങ്ങൾ :അറ്റന്റൻസ് വളരെ കുറവ്…….ഐസ്ക്രീം പാർലറുകളിലും കാന്റീനിലും സിനിമാ തിയറ്ററുകളിലും കാണപ്പെടുന്നു. ക്ലാസിലിരുന്ന് ഉറക്കം. കമന്റടി……വായ് നോട്ടം…….. വിസിലടി…….കറക്കം……. ഇവർക്ക് പൊതുവേ ഗ്യാങ്ങുകളുണ്ടായിരിക്കും. അണിഞ്ഞൊരുങ്ങി നടക്കുന്നു. വിവിധയിനം വാഹനങ്ങളിൽ ചെത്തി നടക്കുന്നു. ഫാഷണബിൾ ഡ്രസ്സുകൾ…… ടീച്ചർമാർക്ക് ഒടുക്കത്തെ തലവേദന.

3.സ്റ്റാറുകൾ – സൗന്ദര്യത്തിലോ ആർട്സിലോ സ്പോർട്സിലോ മുൻ പന്തിയിൽ നിൽക്കുന്നവർ….. ആരാധകരുടെ എണ്ണം വളരെ കൂടുതലാണ് ഇവർക്ക് …….

ലക്ഷണങ്ങൾ: ചിരിച്ച മുഖം,കഴിവ്, വിനയം, ആത്മവിശ്വാസം ,അധ്യാപകർ വരെ ഇവരുടെ ആരാധകർ, കഠിന പ്രയത്നം ചെയ്യുന്നവർ, കോളേജിന്റെ മെഡൽ പ്രതീക്ഷകൾ……

4. രാഷ്ട്രീയക്കാർ – വിപ്ലവകാരികൾ. ഇവർക്ക് കൊല്ലാനും ചാകാനും മടിയില്ല. ഭാവിയിലെ മന്ത്രിമാരും എം.എൽ.എ.മാരും രാഷ്ട്രീയ പ്രവർത്തകരും…. ഇടയ്ക്കിടയ്ക്ക് സമരം, അടിപിടി എന്നിവ ഉണ്ടാക്കിയില്ലെങ്കിൽ ഇവർക്കിത്തിരി സമാധാനക്കേടാണ്….

ലക്ഷണങ്ങൾ: മികച്ച പ്രാസംഗികർ……..മൈക്ക് കാണുന്നത് സന്തോഷസൂചകം…..വെള്ളയും വെള്ളയും വേഷം……പാർട്ടി ഓഫീസുകളിൽ കാണപ്പെടുന്നു……..അറ്റന്റൻസ് ഇവർക്കും കുറവ്.

5. ലവ് ബേഡ്സ് – പ്രേമിക്കാനായി മാത്രം കോളേജിൽ വരുന്നവർ……….കോളേജ് തുറക്കുന്നതിനു മുമ്പേ കോളേജിലെത്തും. കോളേജുവിട്ടാലും വീട്ടിൽ പോവാതെ ചുറ്റിപ്പറ്റി നിൽക്കും.

ലക്ഷണങ്ങൾ: കൂട്ടുകക്ഷി വരുന്നതുവരെ ഗേറ്റിങ്കൽ നിൽപ്…… ഒഴിഞ്ഞ സ്ഥലങ്ങളിലും ഐസ് ക്രീം പാർലറിലും സിനിമാ തിയറ്ററുകളിലും കാണപ്പെടുന്നു….. ദിവാസ്വപ്നം കാണലാണ് ഇവരുടെ പ്രധാന ഹോബി.

6. ഇതിലൊന്നും പെടാത്ത ചിലർ –

അങ്ങനെ സീനിയേഴ്‌സിന്റെ വക ചെറിയ രീതിയിലുളള റാഗിംഗും മറ്റുമായി ദിവസങ്ങൾ മുന്നോട്ടു പോകവേ എനിക്കൊരു കാര്യം മനസിലായി………..ഏതോ ഒരു അന്യഗ്രഹത്തിൽ പെട്ടതു പോലെയാണ് ക്ലാസ്സെടുക്കുമ്പോൾ ഞാനടക്കമുള്ള ഭൂരിഭാഗം വിദ്യാർത്ഥികളും ഇരിക്കുന്നത്…….ക്ലാസിൽ പഠിപ്പിക്കുന്നതിൽ ഒരു വാക്കു പോലും മനസിലാവുന്നില്ല……..ടീച്ചർമാർ ഘോര ഘോരം ഇംഗ്ലീഷിൽ പ്രസംഗിക്കുമ്പോൾ എനിക്കു മനസിലാവുന്നത് “ന്റ ട്ട ണ്ട റ്റ ക്ക ഞ്ച മ്മ” എന്നൊക്കെയാണ്……… അർത്ഥമില്ലാത്ത കുറേ ജൽപനങ്ങൾ……… എനിക്കു മാത്രമല്ല ,മലയാളം മീഡിയത്തിൽ പഠിച്ചു വന്ന പലർക്കും അതു തന്നെ അവസ്ഥ……….അതും പോരാഞ്ഞ് സെക്കൻഡ് ലാംഗ്വേജായി ഹിന്ദിയും………..ഹിന്ദി തന്നെ എടുക്കണമെന്നത് അച്ഛന്റെ നിർബന്ധമായിരുന്നു……..അച്ഛനേക്കാൾ കൂടുതൽ നിർബന്ധം അമ്മയ്ക്കായിരുന്നു…… മകളെ ഹിന്ദി വിദുഷിയാക്കാനായിരിക്കണം അമ്മയുടെ പ്ലാൻ………..മലയാളം പോലും മര്യാദയ്ക്ക് എഴുതാനോ വായിക്കാനോ അറിയാത്ത എന്നെ സെക്കൻഡ് ഗ്രൂപ്പെടുപ്പിക്കാനും സെക്കൻഡ് ലാംഗ്വേജ് ഹിന്ദിയുമാക്കിക്കാനും എന്റെ മാതാപിതാക്കളെയും തദ്വാരാ എന്നെയും പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് എനി ക്കിപ്പോഴും അറിഞ്ഞുകൂടാ…..

ഞങ്ങളുടെ ക്ലാസിനു മുമ്പിൽ എപ്പോഴും സന്ദർശകരുടെ ബാഹുല്യമാണ്…… മറ്റു ഗ്രൂപ്പുകളിൽ അത്രയ്ക്കില്ല……..അതിനു കാരണമുണ്ട്……. “കോളേജ് ബ്യൂട്ടീസ്” കൂടുതലും ഞങ്ങളുടെ ക്ലാസിലാണ്……….ക്ലാസിലെ ഇരുപത് ആൺകുട്ടികളെ സന്ദർശിക്കാൻ പത്തുപേരാണ് വരുന്നതെങ്കിൽ നാൽപതു പെൺകുട്ടികളെ സന്ദർശിക്കാൻ നൂറ്റി ഇരുപത് പേരാണ് ദിവസവും വരുന്നത്……. ബെല്ലടിച്ചാലും ക്ലാസിൽ പോവാൻ ചേട്ടൻമാർക്കു ഭയങ്കര മടിയാണ്…… അവരുടെ സ്നേഹം കണ്ടാൽ നമ്മുടെ കണ്ണു നിറഞ്ഞു പോവും സൂർത്തുക്കളേ…… കരഞ്ഞു കരഞ്ഞു പണ്ടാരമടങ്ങിപ്പോവും…..പ്രീഡിഗ്രി ക്ലാസുകൾ ഇനിയില്ലല്ലോ, ഇതവസാനത്തെ അവസരമാണല്ലോ എന്ന ചിന്തയായിരിക്കും ചേട്ടന്മാരുടെ സ്നേഹക്കൂടുതലിനു കാരണം……….. പെൺപിള്ളേരെ ഭക്ഷണം കഴിപ്പിക്കുന്നതിലും അവരുടെ വീട്ടുകാര്യങ്ങൾ അന്വേഷിക്കുന്നതിലുമുള്ള ഈ ചേട്ടന്മാരുടെ ശ്രദ്ധ സ്വന്തം വീട്ടിലെ പെണ്ണുങ്ങളോടുണ്ടോ ആവോ?????? ബുധനാഴ്ച ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ പറ്റില്ല……… അന്നാണ് കളർ ഡ്രസിടാനുള്ള ഏകദിനം…….മറ്റെല്ലാ ദിവസവും യൂണിഫോം ധരിച്ചെത്തുന്നവർ അന്ന് വളരെ മോടിയായി വസ്ത്രം ധരിച്ചെത്തും……. പ്രത്യേകിച്ച് പെൺകുട്ടികൾ……

സുന്ദരിമാരുടെ കൂട്ടത്തിൽ അതീവസുന്ദരികളുടെ “ഐവർ സംഘ”മുണ്ട് ക്ലാസിൽ…….. അവർക്ക് ശല്യമൊഴിഞ്ഞ നേരമില്ല ……….പൂക്കൾക്കു ചുറ്റും വണ്ടുകൾ പറന്നു നടക്കുന്നതു പോലെ എന്നും അവരുടെ ചുറ്റും ആൾക്കാരെ കാണാം…….പക്ഷേ കുറ്റം പറയരുതല്ലോ????ലൈനടിക്കുന്ന കാര്യത്തിൽ ഈ വണ്ടുകൾ വിശാലഹൃദയമുള്ളവരാണ്……. ഒരു പൂവിനോട് ലൈൻ ചോദിക്കുന്ന വണ്ടിന് സ്നേഹം നിഷേധിച്ചാൽ തൊട്ടടുത്തിരിക്കുന്നയാളിനോടു ” അടുത്ത കുട്ടീ…. ചേട്ടനൊരു ലൈൻ തരുമോ ?” എന്നു ചോദിക്കാൻ യാതൊരു ചമ്മലുമില്ല……….. ഇനി ആ പൂവും നിഷേധിച്ചാൽ അടുത്തതിലേക്ക്……. അങ്ങനെയങ്ങനെ അവസാനമില്ലാതെ …………

ഇനി എന്നെ ഒന്നു പരിചയപ്പെടുത്തണ്ടേ …. പത്താം ക്ലാസ്സിൽ ശരാശരി മാർക്കുമായി മാനേജ്മെൻറ് ക്വാട്ടയിൽ സെക്കന്റ് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടിയതാണെങ്കിലും എനിക്കതിന്റെ യാതൊരു അഹങ്കാരവുമില്ല കേട്ടോ….. എന്റെ ക്ലാസിലെ ഒന്നാം റാങ്കുകാരി എന്ന് എന്നെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. മറ്റുള്ളവരാരും തന്നെ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ തന്നെ പറയണ്ടേ? അതിലെന്താണ് കുഴപ്പം?

എനിക്ക് രണ്ടു കൂട്ടുകാരികളുണ്ട്. ഒരാൾ വന്ദന…..മറ്റെയാൾ രമ്യ എസ്.നായർ………സമാന സ്വഭാവമുള്ളവരും സമാനചിന്താഗതിക്കാരും………..അതല്ലെങ്കിലും അങ്ങനെയല്ലേ വരൂ?

” ചേര ചേരയോടല്ലേ ചേരൂ ?”

ഞങ്ങളിൽ ഒരാളെ കണ്ടാൽ മറ്റു രണ്ടു പേരും അവിടെയെവിടെയെങ്കിലുമുണ്ടെന്ന് അനുമാനിക്കാം…….. ഏതു സമയവും ഞങ്ങൾ മൂവരെയും ഒരുമിച്ചു കാണുന്നതുമൂലം സീനിയേഴ്സ് ഞങ്ങൾക്ക് ഒരോമനപ്പേരിട്ടു. ” ത്രീ മസ്ക്കറ്റിയേഴ്സ് …….”

ക്ലാസ്‌ മുന്നോട്ടു പോകവേ പരീക്ഷ പാസാവുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമായിരുന്നു………ജയിക്കണമെങ്കിൽ പ്രൈവറ്റ് ട്യൂഷൻ വേണ്ടി വരും……. അങ്ങനെ ഞങ്ങൾ മൂവരും ഫിസിക്സിനും കെമിസ്ട്രിക്കും ട്യൂഷനു പോവാൻ തുടങ്ങി…………ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളും ഫസ്റ്റ് ഗ്രൂപ്പിലെ കുട്ടികളും ഉണ്ട്.

മൂന്നു പേരിലും കൂടുതൽ സുന്ദരി രമ്യയാണ്……നീണ്ട കണ്ണുകളും അരക്കെട്ടിനൊപ്പമുള്ള ഇടതൂർന്ന തലമുടിയും അവളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നുണ്ട്. അതുപോലെ തന്നെ കൂടുതൽ തന്റേടവും അവൾക്കു തന്നെയാണ്……… അവളോടടുക്കാൻ ശ്രമിച്ച ആൺകുട്ടികളെല്ലാം തന്നെ അവളുടെ നാക്കിന്റെ ചൂടറിഞ്ഞിട്ടുണ്ട്. പണിക്കർ സാർ അവളെ വിശേഷിപ്പിക്കുന്നതു തന്നെ “കുട്ടി പഠിക്കുന്നത് പത്താം ക്ലാസിലാണെങ്കിലും നാക്ക് എം.എ.യ്ക്കാണ് പഠിക്കുന്നത്…….. ” എന്നാണ്. കാരണം സാറിന്റെ ക്ലാസിൽ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ മാത്രം ഇരിക്കുമ്പോൾ ഇവൾ മാത്രം ഉരുളയ്ക്കുപ്പേരി പോലെ കുറിക്കു കൊള്ളുന്ന മറുപടികൾ കൊടുക്കും.

സുവോളജിയും ബോട്ടണിയും പഠിക്കുമ്പോൾ കഠിച്ചാൽ പൊട്ടാത്ത ശാസ്ത്രീയ നാമങ്ങൾ പഠിക്കാൻ ഞങ്ങൾ കണ്ടെത്തിയ പോംവഴി കുട്ടികൾക്കൊക്കെ അവരുടെ രൂപത്തിനോ സ്വഭാവത്തിനോ യോജിച്ച മൃഗങ്ങളുടെയോ സസ്യങ്ങളുടെയോ പേരു കൊടുത്ത് അതിന്റെ ശാസ്ത്രീയ നാമങ്ങൾ വിളിക്കുക എന്നതാണ്……….പാന്തറ ലിയോ, പാവോ ക്രിസ്റ്റാറ്റസ്, മാഞ്ചിഫെറ ഇൻഡിക്ക, ഒറൈസ സറ്റൈവ, റാണാ ഹെക്സാ ഡാക്ക്റ്റൈലാ, നാജ നാജ, കാഷ്യ ഫിസ്റ്റുല ഇവയൊക്കെയായി ഓരോരുത്തരുടെയും പേരുകൾ………….ഓന്ത് വാസു, അണലി ഷാജി, കൊണ്ടോട്ടി മൂസ ,പാമ്പ് സൂരജ് എന്നിങ്ങനെയുള്ള പേരുകളേക്കാളും ഫാർ ഫാർ ബെറ്റർ അല്ലേ? അല്ലെങ്കിൽ ഈ അനലിഡ, ആർത്രോപോഡാ, വെർട്ടിബ്രേറ്റ, കോർഡേറ്റ, മമ്മാലിയ ബ്രയോഫൈറ്റ, ട്ടെരിഡോഫൈറ്റ……… ഇവയൊക്കെ ആരോർക്കാൻ?

ഒരു നാൾ ട്യൂഷൻ ക്ലാസിൽ ഇരിക്കുമ്പോൾ രമ്യ അവളുടെ പേര് ഷോർട്ടാക്കി ആർ.എസ്.എൻ.എന്ന് റൈറ്റിംഗ് ബോർഡിൽ കോറിയിട്ടു……..പിറ്റേ ദിവസത്തെ ക്ലാസ്സിൽ അതിനു തൊട്ടു താഴെ വേറൊരു എഴുത്ത്.

“രാക്ഷസി സമുദായത്തിലെ നാറി ”

രമ്യ ഒരു ഭാവഭേദവും കൂടാതെ അതിനു ചുവട്ടിൽ ഇങ്ങനെ എഴുതി.

” ഇത് എഴുതിയവന്റെ അമ്മ”

ഞങ്ങൾ രണ്ടു പേരും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. അന്നത്തെ ക്ലാസു കഴിഞ്ഞപ്പോൾ ഞങ്ങൾ ഇതേ പറ്റി ചർച്ച ചെയ്തു……. ആരായിരിക്കും ഇങ്ങനെ എഴുതിയിട്ടുണ്ടാവുക? ട്യൂഷൻ ക്ലാസിലെ മുഴുവൻ ആൺകുട്ടികൾക്കു നേരെയും സംശയത്തിന്റെ കുന്തമുന നീണ്ടു…….അതോ ഇനി പെൺകുട്ടികളിലാരെങ്കിലും കളിപ്പിക്കാനായി ചെയ്തത് ആയിരിക്കുമോ?

തിരികെ വീട്ടിലേക്കു പോവുമ്പോൾ വഴിയിൽ ഫസ്റ്റ് ഗ്രൂപ്പിലെ വിനോദ് കാത്തു നിൽക്കുന്നു.

“രമ്യ,………. എനിക്കൊരു കാര്യം പറയാനുണ്ട് ……….ഒന്നിങ്ങോട്ട് വരുമോ?” വിനോദ് വളരെ വിനീതനായി ചോദിച്ചു. “അതിനെന്താ ?” എന്നു ചോദിച്ചു കൊണ്ട് രമ്യ അവന്റെയരികിലേക്കു പോയി.

“നീ എന്റെ അമ്മയ്ക്കു പറയാനായോടീ? ” എന്നു ചോദിച്ചതും വിനോദ് അവളുടെ മുഖമടച്ച് ഒരടി കൊടുത്തതും ഒരുമിച്ചായിരുന്നു…….സാധാരണ ഇങ്ങോട്ടാരെങ്കിലും അടിച്ചാൽ തിരിച്ചടിക്കാൻ ഒട്ടും മടി കാണിക്കാത്ത രമ്യ ഇക്കുറി ഷോക്കേറ്റതു പോലെ നിന്നു…… ഒരക്ഷരം പോലും മിണ്ടിയില്ല………കണ്ടുനിൽക്കുന്ന ഞങ്ങളും ഒരന്ധാളിപ്പിലായിപ്പോയി.

ഇവൻ? നരന്തുപോലെയിരിക്കുന്ന ഈ ചെറുക്കന് ഇത്രക്ക് ധൈര്യമോ?

അന്തം വിട്ട് കുന്തം വിഴുങ്ങിയ മട്ടിൽ നിന്നെങ്കിലും നിമിഷങ്ങൾക്കകം ഞെട്ടലിൽ നിന്നുണർന്നപ്പോൾ ഞങ്ങൾ അരയും തലയും മുറുക്കി ഉണ്ണിയാർച്ചയെ പോലെ അവന്റെ നേർക്കു ചെന്നു. “എന്താടാ ഈ കാണിച്ചത്?” എന്ന ഞങ്ങളുടെ ചോദ്യത്തിനു മറുപടിയായി അവൻ പറഞ്ഞത് രമ്യയോടുള്ള വിരോധം മൂലമാണ് അങ്ങനെ എഴുതിയതെന്നാണ്.. രമ്യ പലകാര്യങ്ങളിലും പല സമയത്തും അവനെ കളിയാക്കാറുണ്ടായിരുന്നു പോലും……

കുറച്ചു നാളത്തേക്ക് ഇരുവരും തമ്മിൽ മിണ്ടാട്ടമുണ്ടായിരുന്നില്ല……. എങ്കിലും പിന്നീട് വിനോദ് രമ്യയോടു പലതവണ ക്ഷമ ചോദിക്കുകയും അവർ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു……

പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം ഞാൻ ഡിഗ്രി, ബി.എഡ് കഴിഞ്ഞ് ഹൈസ്കൂൾ അധ്യാപികയായി………വന്ദന വീട്ടമ്മയായി ഒതുങ്ങിക്കൂടി……….രമ്യ ബി.എസ്.സി.നഴ്സിംഗ് കഴിഞ്ഞ് വിദേശത്ത് ജോലിക്കു പോയി…… കുറേ നാളുകൾ ഞങ്ങൾ തമ്മിൽ ഫോൺ വിളിയോ മറ്റു കോണ്ടാക്റ്റുകളൊന്നുമുണ്ടായില്ല……… ഒരു നാൾ ഫെയ്സ് ബുക്കിൽ തിരഞ്ഞ് തിരഞ്ഞ് ഞാൻ രമ്യയെ കണ്ടെത്തി……… അപ്പോഴേക്കും രമ്യ എസ്.നായർ. രമ്യ വിനോദായി മാറിക്കഴിഞ്ഞിരുന്നു………….

രചന : മേഘ മയൂരി

Leave a Reply

Your email address will not be published. Required fields are marked *