( രാജേഷ്കുമാർ കുരാ )
കുന്നിൻചരുവിലെ അമ്പത് സെന്റ് പുരയിടത്തിലെ കൊച്ചുവീട്ടിലാണ് മത്തായിച്ചനും അന്നമ്മചേട്ടത്തിയും നാല് പെണ്മക്കളും താമസിക്കുന്നത്..
നാലാമത്തേതുകൂടി പെൺകുട്ടി ആയപ്പോൾ എല്ലാരും മത്തായിച്ചനോട് ചോദിച്ചു നീയീ നാലുപെമ്പിള്ളേരേംകൊണ്ട് എന്തു ചെയ്യുമെടെ മാത്തായീന്ന്..
ദുശീലമൊന്നുമില്ലാത്ത മത്തായി കൂലിപ്പണിക്ക് പോയി അന്നന്ന് കൊണ്ടുവരുന്ന തുക നുള്ളാതെ മുറിയാതെ അന്നമ്മചേട്ടത്തിയെ ഏല്പിക്കും.. അന്നമ്മചേട്ടത്തി കോഴിയെ വളർത്തീം ആടിനെ വളർത്തീം പശൂനെ വളർത്തീം പിന്നെ വീട്ടയ്യത്ത് കൊച്ചുകൊച്ച് കൃഷികളൊക്കെ ചെയ്തും മത്തായിച്ചൻ കൊണ്ടുവരുന്ന പൈസ എടുക്കാതങ്ങ് കഴിഞ്ഞുകൂടും…
ക്ഷമയും സഹാനുഭൂതിയുമുള്ള മൂത്തമകളെ മണവാട്ടിയാക്കാൻ മത്തായിച്ചനോടുള്ള സഹതാപംകൊണ്ട് നാട്ടുകാരൊക്കെ പറഞ്ഞെങ്കിലും അവളുടെ ആഗ്രഹപ്രകാരം അവളെയൊരു മാലാഖയാക്കാൻ ആ കുടുംബം തീരുമാനിച്ചു..
വീടിനുള്ളിലേക്ക് മഴവെള്ളം ചോർന്നൊലിക്കുന്ന വിടവുകൾ അടക്കാൻ പാടുപെടുന്ന മത്തായിക്ക് പുതിയ പള്ളിക്ക് വേണ്ടിയുള്ള പിരിവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..
എന്നാലും മത്തായി തന്നെകൊണ്ട് ആവുന്നത് കൊടുത്തു..
രസീതിലെഴുതിയത് കൊടുക്കാഞ്ഞത് കൊണ്ടാവും വികാരിയച്ഛൻ ഇടയ്ക്ക് മത്തായിയെ നോക്കി പുതിയ പള്ളി എല്ലാവരുടെയുംകൂടിയാണെന്ന് പറഞ്ഞ് ഓർമ്മിപ്പിക്കാറുമുണ്ടായിരുന്നു..
മൂത്തമകൾക്ക് പഠിത്തം കഴിഞ്ഞയുടൻ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയുമായി രണ്ടാമത്തവളുടെ പഠിത്തം മൂത്തവൾ ഏറ്റെടുത്തു.. മൂന്നാമത്തവളെയും താൻ പഠിച്ച അതേ കോളേജിൽ ചേർത്ത് പഠിപ്പിച്ചപ്പോഴേക്കും രണ്ടാമത്തവളെയുംകൂടി അവൾ വിദേശത്തേക്ക് കൊണ്ടുപോയി..
അങ്ങനെ വളരെ കുറച്ചുനാളുകൾകൊണ്ടുതന്നെ മത്തായിച്ചന്റെയും അന്നമ്മചേട്ടത്തിയുടെയും വീട്ടിലേക്ക് നാലു മക്കളുടെയും വിദേശപണം ഒഴുകാൻതുടങ്ങി..
അങ്ങനെയിരിക്കെ പള്ളിമുറ്റത്തൊരു സ്വർണ്ണ കൊടിമരത്തിന്റെ കുറവുണ്ടെന്ന് പള്ളികമ്മിറ്റിക്ക് തോന്നിതുടങ്ങി..
നാട്ടിലെ പ്രമുഖ ധനികരെ കാണാനുള്ള തീരുമാനത്തിൽ ആദ്യത്തേത് മത്തായിയുടെ വീടാണെന്നുള്ള കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലായിരുന്നു..
എല്ലാവരും മത്തായിയുടെ വീട്ടിലെത്തി.. കാര്യങ്ങൾ ബോധിപ്പിച്ചു..
മൂത്തമകളുടെ അഭിപ്രായമാണ് ആവീട്ടിലെ അവസാനവാക്ക് എന്നുപറഞ് മത്തായി മകൾക്കൊരു മിസ്സ്‌കാൾ അടിച്ചു..
ഉടൻതന്നെ തിരിച്ചുവിളിച്ച മകളോട് മത്തായി കാര്യങ്ങൾ വിശദീകരിച്ചതിനുശേഷം ഫാദറിന് ഫോൺ കൈമാറി..
സ്വതസിദ്ധമായ ശൈലിയിൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞശേഷം ഫാദർ കാര്യത്തിലേക്ക് കടന്നു..
വിശേഷങ്ങൾക്കെല്ലാം കൃത്യമായ മറുപടി പറഞ്ഞശേഷം അവളും കാര്യത്തിലേക്ക് കടന്നു…
കൊടിമരത്തിന് സ്വർണ്ണം പൂശാനുള്ള തുക തരാൻ എനിക്ക് സന്തോഷമാണ്..
പക്ഷേ.. ഇടവക പരിധിയിൽ ഭവനരഹിതരും പട്ടിണിക്കാരും ഉണ്ടെങ്കിൽ ആ ഇടവകയുടെ മുറ്റത്ത് ലക്ഷങ്ങൾ മുടക്കി തലയുയർത്തി നിൽക്കുന്ന സ്വർണ്ണകൊടിമരം ആഡ്യത്തത്തെയല്ല അല്പത്തത്തെയാണ് സൂചിപ്പിക്കുന്നത് അതുകൊണ്ട് അച്ഛൻ ഞാനീപറഞ്ഞ രീതിയിൽ ആരെങ്കിലും ഇടവകയുടെ പരിധിയിലുണ്ടോന്ന് നോക്കീട്ട് പറ നമുക്ക് ആദ്യം ആ പ്രശ്നം പരിഹരിച്ചിട്ട് നമുക്ക് ഈ പ്രശ്നത്തിനൊരു പരിഹാരം കാണാം..
സ്വൽപ്പനേരം മിണ്ടാതെ നിന്നതിനു ശേഷം ഫാദർ ഫോൺ മത്തായിക്ക് കൈമാറി..
കൂടെവന്ന കമ്മിറ്റിക്കാരുടെ എന്തായി ഫാദറേന്നുള്ള ചോദ്യം കേട്ട് ഫാദർ പറഞ്ഞു
ഇടവകയും സഭയുമൊക്കെ ശുദ്ധീകരിക്കുക എന്ന പദ്ധതിയുമായി ദൈവം ചിലരെ ഈ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട് അതിലൊരാളാണ് ഈ മാത്തായീടെ മകള്..
കുറച്ചുനേരത്തെ ചർച്ചകൾക്ക് ശേഷം മത്തായീടെ പൂർണ്ണപിന്തുണയോടെ പുതിയ ഉദ്യമത്തിന് തുടക്കംകുറിച്ചുകൊണ്ട് മത്തായീടെ വീട്ടിൽനിന്നും അവർ പള്ളിമുറ്റത്തേക്ക് തിരികെ നടന്നു…
( രാജേഷ്കുമാർ കുരാ )