രചന: Nimisha Chandrika Thilakan
ക്ഷീണിച്ചവശനായാണ് കണ്ണേട്ടൻ പണി കഴിഞ്ഞെത്തിയത്.കയ്യിലുരുന്ന ബാഗ് വാങ്ങിച്ചു വെച്ച് കുടിക്കാൻ ചായ എടുത്ത നേരം കണ്ണേട്ടൻ എന്നെ തടഞ്ഞു.
“ചായ ഇപ്പോൾ എടുക്കേണ്ട ദേവി.. നീയെനിക്ക് കുളിക്കാൻ കുറച്ചു വെള്ളം അടുപ്പത്ത് വെക്ക്.. ഇന്ന് മെയിൻ വാർക്ക ആയത് കൊണ്ട് നല്ല പണിയുണ്ടായിരുന്നു. ”
മുക്കിയും മൂളിയുമുള്ള കണ്ണേട്ടന്റെ സംസാരത്തിൽ നിന്നെനിക് വ്യക്തമായിരുന്നു ശരീരം അനക്കാൻ വയ്യാത്ത വിധം വേദനയുണ്ടെന്ന്.
വെള്ളം ചൂടാക്കി കുളിക്കാൻ കൊണ്ട് വെച്ചതിന് ശേഷമാണ് ഞാൻ ചെന്ന് കണ്ണേട്ടനെ വിളിച്ചത്. വേച്ചു വേച്ചുള്ള നടത്തം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു.
കുളി കഴിഞ്ഞെത്തിയതും ബാഗിൽ കരുതിയിരുന്ന പലഹാര പൊതി മക്കൾക്ക് നേരെ നീട്ടിക്കൊണ്ട് കണ്ണേട്ടൻ അവരുടെ ലോകത്തിൽ മുഴുകി. കണ്ണേട്ടൻ കൊടുത്ത പലഹാരങ്ങൾ ആസ്വദിച്ചു കഴിക്കുന്ന അവർ അറിയുന്നുണ്ടോ അച്ഛൻ സഹിക്കുന്ന വേദനയുടെ ആഴം..?
കുട്ടികൾ ഉറങ്ങിയതിനു ശേഷമാണ് ഞാനും കണ്ണേട്ടനും ആഹാരം കഴിക്കാനിരുന്നത്… സാധാരണ ഓരോ ഉരുളയും ഉരുട്ടി താളത്തിൽ ആസ്വദിച്ചു കഴിക്കാറുള്ള കണ്ണേട്ടൻ ഇക്കുറി കൈയിൽ ഭക്ഷണം ആവുന്നതിന് മുന്നേ തന്നെ വായിലേക്ക് വെക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഇടയ്ക്കിടക്ക് കൈ കുടയുന്നത് കണ്ടപ്പോൾ ആഹാരത്തിന്റെ ചൂട് കരണമാണെന്നാണ് കരുതിയത്… പക്ഷെ ചൂടാറാനുള്ള സമയം എടുത്തിട്ടും ഇതാവർത്തിച്ചപ്പോഴാണ് ഞാൻ ഉള്ളം കൈ പിടിച്ചു വലിച്ചു നോക്കിയത്.
സത്യത്തിൽ ആ കാഴ്ച കണ്ട് ഇത്ര നേരം കഴിച്ച ആഹാരമത്രയും ഒരു നിമിഷം കൊണ്ട് ദഹിച്ചു ഇല്ലാതായ പോലെ തോന്നി.. സിമെന്റ് കൊണ്ട് പൊള്ളി കയ്യിലെ തൊലിയെല്ലാം അടർന്നു പോയിരിക്കുന്നു.. എന്നിൽ നിന്നത് മറച്ചു വെച്ച് ആഹാരം കഴിക്കാൻ മുതിർന്നപ്പോൾ കൈ നീറിയിട്ടാണ് പാവം ഇടയ്ക്കിടെ കൈ കുടഞ്ഞു കൊണ്ടിരുന്നത്.
ഓടിപോയി ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് കൊണ്ട് വന്ന് ഞാൻ കണ്ണേട്ടന്റെ കൈ അതിൽ മുക്കി പിടിച്ചു.. കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നെങ്കിലും എനിക്കപ്പോൾ എന്റെ അച്ഛനെയാണ് ഓർമ വന്നത്.. തേഞ്ഞ ഒരു ചെരുപ്പുമിട്ട് പണി കഴിഞ്ഞ് തളർന്നു കയറി വരുന്ന അച്ഛന്റെ വേദനകളെ കുറിച്ച് ഒരിക്കൽ പോലും അന്ന് ചിന്തിച്ചിട്ടില്ല. അച്ഛന്റെ വേദനകളൊന്നും മരിക്കുവോളം പാവം ഞങ്ങളെ അറിയിച്ചിട്ടുമില്ല. കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി ജീവിച്ച മെലിഞ്ഞുണങ്ങിയ ആ ആത്മാവിനെ ഓർക്കുമ്പോൾ ഇപ്പോൾ നെഞ്ച് പിടയുന്നുണ്ട്.
“എന്തിനാ കണ്ണേട്ടാ ഈ പണിക്ക് തന്നെ വീണ്ടും പോണേ… പൈസ കുറഞ്ഞാലും കൊഴപ്പമില്ല വേറെ എന്തേലും പണി നോക്കിയാൽ മതി… മക്കളെ കെട്ടിച്ചു വിടാറൊന്നുമായില്ലല്ലോ.. പിന്നെന്തിനാ ഇങ്ങനെ വേവലാതി കാണിക്കണേ… എനിക്കും പിള്ളേർക്കും കണ്ണേട്ടൻ മാത്രമേയുള്ളു അതോർമ വേണം”
ഞാൻ വാരി കൊടുക്കുന്ന ഓരോ ഉരുള ചോറും ആർത്തിയോടെ കഴിക്കുമ്പോൾ കണ്ണേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു.
“ഏത് ജോലിക്കായാലും അതിന്റെതായ കഷ്ടപ്പാടുകൾ കാണും ദേവി.. അവസാന ദിവസം മാത്രമല്ലെ ഇങ്ങനെ കഷ്ടപാടുള്ളൂ.. മെയിൻ വാർക്ക കഴിഞ്ഞാൽ ഒരു കുപ്പി വാങ്ങിച്ചടിക്കുന്നത് പണി സൈറ്റിൽ പതിവാ… അതങ്ങ് പിടിപ്പിച്ചാൽ മേല് വേദനയൊന്നും അറിയില്ലെന്ന അവർ പറയാറ്.. ഞാൻ കഴിക്കാറില്ലെങ്കിലും മദ്യം തരുന്ന ലഹരിയേക്കാൾ വലുതല്ലേ നിന്റെം മക്കളുടേം സ്നേഹം… ഒരു കുഞ്ഞിനെ പോലെ എന്നെ സംരക്ഷിക്കാൻ നിന്റെ കൈകൾ ഉള്ളപ്പോൾ പിന്നെ ഞാനെന്തിനാടി പെണ്ണെ പേടിക്കുന്നത്.. ”
പിന്നെ ഞാനൊന്നും പറഞ്ഞില്ല. വയറു നിറയുവോളം കണ്ണേട്ടൻ കഴിക്കുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു.
(പുരുഷന്മാർ തന്റെ വിഷമങ്ങൾ അത്രയും ഉള്ളിലൊതുക്കാറാണ് പതിവ്… അത്രമേൽ അസഹനീയമായ ദുഃഖങ്ങൾ മാത്രമേ അവർ മറ്റൊരാളെ അറിയിക്കാറുള്ളൂ അതും പരിഹാരം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം. ഭാരമിറക്കി വെക്കാൻ തന്റെ ദുഃഖങ്ങൾ മറ്റുള്ളവരോട് അവർ പങ്ക് വെക്കാറില്ല… എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ??? 😊)
രചന: Nimisha Chandrika Thilakan