Categories
Uncategorized

കഴിഞ്ഞ ദിവസം അത്തഫണ്ട് ചേരണോ ചേച്ചി എന്ന് ചോദിച്ച് ഒരു പെൺകുട്ടി എന്നെ സമീപിച്ചു..

✍️ശാലിനി ഇ എ

കഴിഞ്ഞ ദിവസം അത്തഫണ്ട് ചേരണോ ചേച്ചി എന്ന് ചോദിച്ച് ഒരു പെൺകുട്ടി എന്നെ സമീപിച്ചു..

അടുത്ത് തന്നെയുള്ള കുട്ടിയാണ്..

അത്തം ആവാൻ ഇനിയും ആഴ്ചകളുണ്ടല്ലോ മോളെ എന്ന എന്റെ ചോദ്യത്തിന് നൂറു ആളെങ്കിലും വേണം ചേച്ചീ.. ഇപ്പോഴേ തുടങ്ങിയാലല്ലേ അപ്പോഴേക്കും ആളെ കിട്ടൂ അതാ

ചേച്ചീടെ പേരിൽ രണ്ടെണ്ണം എഴുതുന്നുണ്ട് എന്നവൾ പറഞ്ഞപ്പോൾ എനിക്കും സന്തോഷം. ഒരു തുണ്ട് ഭൂമി പോലും സ്വന്തം ഇല്ലാത്ത ഞാൻ.. (ഉള്ള പത്തു സെൻറ് ആണേൽ കെട്ട്യോന്റെ പേരിലല്ലേ ) ഇതെങ്കിലും എന്റെ പേരിൽ കിടക്കട്ടെ എന്ന് ഞാനും കരുതി.

പെൺകുട്ടി പോയപ്പോഴാണ് മുൻപ് ചേർന്ന അത്തഫണ്ട്നെ കുറിച്ചും അതുവഴി ഉണ്ടായ കുറച്ച് സംഭവങ്ങളും എന്റെ മനസിലേക്ക് ഓടിയെത്തിയത്.

ഒരു പത്തു പതിമൂന്നു വർഷം മുൻപാണ് എന്നാണെന്റെ ഓർമ.

അന്ന് സ്വന്തമായി ടൈലറിംഗ് ഷോപ്പ് ഉണ്ട്.

അടുത്ത വീട്ടിലെ ചേച്ചി ഇതു പോലെ വന്ന് എന്നോട് ഇങ്ങനെ ഒരു ഫണ്ട് നടത്തുന്നുണ്ട് നീ ചേരുന്നോ എന്ന് ചോദിച്ചു. അത്തം മുതൽ 50 ആഴ്ച മുടങ്ങാതെ പൈസ അടക്കുക..

100 രൂപ വച്ചാണ് അടക്കുന്നതെങ്കിൽ അടുത്ത അത്തം വരുമ്പോൾ 6000 രൂപ കിട്ടും 50 ആണെങ്കിൽ 3000.(അന്നത്തെ കണക്കാണ്.. ട്ടോ )

ഞാൻ 50ന്റെ ചേരാൻ തീരുമാനിച്ചു.

അങ്ങനെ ഓരോ ആഴ്ചയും പിന്നിട്ട് അത്തം എത്തി

കാലത്ത് തന്നെ ആ ചേച്ചി 3000 രൂപയും കൊണ്ട് കടയിലെത്തി.

എനിക്ക് വല്ലാത്ത സന്തോഷം.. ഒരു ചുരിദാർ അടിച്ചാൽ 110 രൂപ കിട്ടുന്ന കാലത്ത് 3000രൂപ ഒന്നിച്ചു കയ്യിൽ കിട്ടിയാൽ പിന്നെ സന്തോഷിക്കാതിരിക്കുമോ.

ഈ പൈസ കൊണ്ട് എന്ത് ചെയ്യണം ഞാൻ തല തിരിച്ചും ചെരിച്ചും പിടിച്ചു ആലോചിച്ചു

അപ്പോഴാണ് എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയത്. ഒരു മൊബൈൽ വാങ്ങിച്ചാലോ.. വീട്ടിൽ കെട്ട്യോനു മാത്രേ അന്ന് ഫോണുള്ളൂ. അതും കുഞ്ഞു ഒരു നോക്കിയോ.. ഞങ്ങളുടെ ഒരു കൂട്ടുകുടുംബം ആണേ അച്ഛനും അമ്മയും മൂന്ന് ആൺമക്കളും അവരുടെ ഭാര്യമാരും ഇവർക്കൊക്കെ കൂടി ആറു കുഞ്ഞുമക്കളും ആയി ഇമ്മിണി വല്യേതു ഒന്നും അല്ലെങ്കിലും തരക്കേടില്ലാത്ത അംഗങ്ങൾ ഉള്ള ഒരു കൂട്ടു കുടുംബം.

അതിൽ മൂത്ത മകന്റെ കെട്ട്യോള് ആണ് ഞാൻ. അനിയന്മാർ രണ്ടുപേരും ഗൾഫിൽ ആണ് കെട്ട്യോന്റെ മൊബൈൽ കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഉള്ളത് ലാൻഡ് ഫോൺ ആണ്…

അപ്പോഴാണ് ഫോൺ വാങ്ങാനുള്ള ന്റെ അടങ്ങാത്ത ആഗ്രഹം.

കെട്ട്യോൻ കടയിൽ വന്നപ്പോൾ ഞാൻ പറഞ്ഞു.. ദേ.. ന്ന് ഈ പൈസോണ്ട് എനിക്കൊരു ഫോൺ വാങ്ങി തരോ…

ആ.. ഫോണല്ലെ.. മ്മക്ക് വാങ്ങാ…

വാങ്ങാന്ന് സമ്മതിച്ചപ്പോൾ എനിക്കത് അന്ന് തന്നെ വാങ്ങണം. പെണ്ണല്ലേ… ആ.. വാങ്ങാം.. നീ നേരത്തെ കടയടച്ചു വീട്ടിൽ വാ എന്നീട്ടു പോകാം. എനിക്ക് ഇതിൽ പരം ഒരു സന്തോഷം പറയാനുണ്ടോ.. സത്യം പറഞ്ഞാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി കടയല്ലേ.. സ്റ്റാഫുകളുടെയും കസ്റ്റമേർസിന്റെയും മുന്നിൽ വച്ച് അങ്ങനെ ചെയ്‌താൽ മാനം പോവില്ലേ.. അതോണ്ട് കൊടുത്തില്ല.

നാലുമണി ആയപ്പോഴേക്കും ഞാൻ കട അടച്ച് വീട്ടിലെത്തി..

ഇന്നെന്താ ചേച്ചി നേരത്തെ എന്ന ചോദ്യത്തിന് കാര്യം പറഞ്ഞപ്പോൾ അവർക്കും സന്തോഷം..

എല്ലാവരും പഴനിയിൽ പോകാൻ വ്രതം ആണ് താഴെയുള്ള അനിയന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണ് ആണ്. ഗൾഫിൽ നിന്നും അനിയനും വരുന്നുണ്ട്. എന്നാൽ പിറ്റേ ദിവസം ഗുരുവായൂർ ചോറൂണ് കഴിക്കുന്നുണ്ട്.. അവളുടെയും കുഞ്ഞിന്റെയും കൂടെ അച്ഛനും അമ്മയും എന്റെ കെട്ട്യോനും പോകുന്നുണ്ട്. ഞങ്ങൾ എല്ലാവരും പഴനിക്കും

അപ്പോ പറഞ്ഞു വന്നത് മൊബൈൽ വാങ്ങുന്ന കാര്യം..

ഞാൻ വീട്ടിൽ എത്തിയപ്പോൾ കക്ഷി അവിടെ ഇല്ല. കുളിച്ച് ഡ്രസ് ഒക്കെ മാറ്റി ഞാൻ കാത്തിരുന്നു.

7മണിക്ക് ആള് കേറി വന്നു.. എന്നീട്ടു ഒറ്റ ചോദ്യം ഇന്നിനി പോണോ.. ഡീ… നാളെ പോയാൽ പോരെ.. എനിക്കാണേൽ ഇപ്പ വച്ച വാഴ ഇപ്പ തന്നെ കുലക്കണം..

എന്താ.. ന്ന് ഈ മാറഞ്ചേരി വരല്ലേ ട്ടപ്പാന്ന് പോയി വരാം

സോപ്പിട്ടു സോപ്പിട്ടു ഒടുക്കം പോവാന്നു സമ്മതിച്ചു

പറഞ്ഞ നേരം കൊണ്ട് കെട്ട്യോൻ നേരെ യമഹ ലിബ്രാടെ മേലെ കേറി സ്റ്റാർട്ടാക്കി.

ലിബ്രൊ ടെ മേലെ കേറിയാൽ കുതിര പുറത്താണെന്നാ കെട്ട്യോന്റെ ഭാവം..

എന്തായാലും മാറഞ്ചേരി എത്തി. അവിടെങ്ങും ഒരു മൊബൈൽ ഷോപ്പും കാണാൻ കഴിഞ്ഞില്ല.. എന്നാ പിന്നെ എരമംഗലം പോകാം

എരമംഗലം പഞ്ചായത്ത് ഓഫീസിന്റെ വരിയിൽ കുറെ കടകൾക്കിടയിൽ ഒരു കുഞ്ഞു മൊബൈൽ ഷോപ്പ്..

കെട്ട്യോന്റെ പിന്നാലെ കടയിലേക്ക് കയറുമ്പോൾ എന്റെ ചങ്ക് ഇടിക്കുന്നുണ്ടായിരുന്നു. ടെൻഷൻ കൊണ്ടല്ല. ..സന്തോഷം കൊണ്ടാ കടയിൽ ഉണ്ടായിരുന്ന ചെറുക്കൻ ഒന്ന് രണ്ട് നോക്കിയോ സെറ്റ് എടുത്തു കാണിച്ചു തന്നു..

രണ്ടും എനിക്കിഷ്ടായി.. അതിൽ ഒന്ന് എന്റെ കയ്യിൽ ഇപ്പം വച്ചു തരും എന്ന് കരുതി ഞാൻ ശ്വാസം അടക്കി കാത്തു നിന്നു. അപ്പോഴുണ്ട് അങ്ങേരുടെ ചോദ്യം Reliance.. ഇല്ലേ ന്ന്… ഇങ്ങേർക്കിതെന്താ… nokiyo എടുത്താൽ എന്താ കുഴപ്പം..

പറയാൻ ഉള്ളതെല്ലാം ഉള്ളിൽ പറയുമെന്നല്ലാതെ പുറത്തേക്കു കമാന്നൊരക്ഷരം ഞാൻ മിണ്ടില്ല.

ഉണ്ടല്ലോ ചേട്ടാ.. എന്നും പറഞ്ഞ് ആ കൊച്ചൻ വീണ്ടും ഒന്ന് രണ്ടു ഫോണെടുത്തു കാണിച്ചു..

ആ കൊച്ചനാണേൽ ഫോൺ തിരിച്ചും മറിച്ചും പിടിച്ച് തകർത്തു സംസാരിക്കുന്നുണ്ട്..

കട അടക്കാൻ നേരം കയ്യിൽ വന്ന ഒരു കോളല്ലേ.. ചെറുക്കൻ ആ ത്രില്ലിൽ ആരുന്നു.. ഞാൻ ആണെങ്കിൽ ചെറുക്കന്റെ വാചക കസർത്തിൽ.. അങ്ങേര് ഫോണെടുത്തു ഇപ്പൊ എന്റെ കയ്യിൽ തരും എന്ന സ്വപ്നവും കണ്ട് കണ്ണടച്ച് നിൽപ്പാണ് അപ്പോഴാ അങ്ങേരുടെ അടുത്ത ചോദ്യം.. വൊഡാഫോൺ ഇല്ലേ.. ന്ന്.. എനിക്കങ്ങു കലിപ്പ് വന്നു.. ഇതെന്തൊരു മനുഷ്യനാണ്.. ഇനി ഇങ്ങേർക്ക് ഫോൺ വാങ്ങാൻ ഉദ്ദേശ്യം ഇല്ലേ… എന്റെ മനസു ഇങ്ങനെ കുറെ ചിന്തകളിൽ കുഴഞ്ഞു മറിയുമ്പോൾ ആണ്.. ആ ചെറുക്കന്റെ ശബ്ദം എന്റെ കാതിൽ പതിച്ചതു..

അത് ഇവിടെ ഇല്ല ചേട്ടാ… ഇല്ലേ… ഇനി ഇപ്പൊ എന്ത് ചെയ്യും.. ഇവൾക്ക് അത് തന്നെ മതീന്ന് നിർബന്ധം.. ഞാനോ.. ഞാൻ എപ്പോ പറഞ്ഞു.. വൊഡാഫോൺ എന്ന് കേൾക്കുന്ന തന്നെ ഞാൻ അപ്പോഴാ.. കെട്ട്യോന്റെ പറച്ചില് കേട്ട് ഞാൻ അന്തം വിട്ടു നിന്നുപോയി. വേറെ എവിടെ കിട്ടും മോനെ.. എന്ന കെട്ട്യോന്റെ ചോദ്യത്തിന് ചങ്ങരംകുളം പോയാൽ കിട്ടും ചേട്ടാ എന്ന അവന്റെ ദയനീയമായ മറുപടി.

കെട്ട്യോന്റെ പിന്നാലെ അവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ അവനെയൊന്ന് തിരിഞ്ഞു നോക്കി. പാവം.. അവൻ എന്താ പോയ അണ്ണാനെ പോലെ മിഴിച്ചു നിൽപ്പുണ്ട്.

അടുത്ത യാത്ര ചങ്ങരംകുളം… അപ്പോഴേക്കും സമയം എട്ടുമണിയായി

ചങ്ങരംകുളം സെന്ററിൽ തന്നെ ഒരു കട.. നേരെ കേറി ചെല്ലുന്നു വൊഡാഫോൺ ഉണ്ടോ എന്ന് ചോദിക്കുന്നു അവർ എടുത്തു തരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപെടുന്നു സ്വന്തമാക്കുന്നു.. ഹാ.. ഹാ.. എത്ര വേഗം.. കടയിൽ നിന്നും ഇറങ്ങിയപ്പോൾ സ്വന്തമായി ഒരു ഫോൺ കിട്ടിയ സന്തോഷത്തിന് ഒന്ന് തുള്ളി ചാടാൻ തോന്നി. ഇനി വേഗം വീട്ടിൽ പോകാംഎന്നും പറഞ്ഞ് ഞാൻ ബൈക്കിൽ കേറി എരമംഗലത്തേക്ക് തിരിക്കേണ്ട ബൈക്ക് എടപ്പാൾ റോഡിലേക്ക് തിരിക്കുന്നു.. ഇതെന്താ ഇങ്ങോട്ട് എന്ന എന്റെ ചോദ്യത്തിന് ഇതുവരെ വന്നീട്ട് അവളുടെ അടുത്ത് കേറാതെ പോകുമ്പതു എങ്ങനാടി എന്ന ഒരു ചോദ്യം എന്നോട്

ആ ബെസ്റ്റ്.. ഇപ്പൊ തന്നെ എട്ടരയായി..

പത്തു മിനിറ്റ് അതിനുള്ളിൽ ഇറങ്ങാം എന്ന് കെട്ട്യോൻ.. എനിക്ക് ഒരേയൊരു നാത്തൂനേ ഉള്ളു അവളെ കല്യാണം കഴിച്ചിരിക്കുന്നത് ചങ്ങരംകുളത്തേക്ക് ആണ്. അവളുടെ വീട്ടിലെത്തി പത്തു മിനിറ്റ് കഴിഞ്ഞു ഇറങ്ങാം എന്ന് പറഞ്ഞ മനുഷ്യൻ ഒൻപതര ആയീട്ടും അവിടുന്ന് ഇറങ്ങുന്നില്ല. അളിയനും അളിയനും സംസാരിച്ചു തുടങ്ങിയാൽ എണീക്കാൻ വല്ല്യ പാടാ.. എനിക്കാണെങ്കിൽ നല്ല വിശപ്പുണ്ട്. നാത്തൂന്റെ അടുത്ത് നിന്നും കഴിച്ചാൽ വീട്ടിലെ ചോറ് എന്ത് ചെയ്യും.. നാശാക്കിയാൽ അമ്മയുടെ (അമ്മായിഅമ്മ )കയ്യിൽ നിന്നും നല്ല വഴക്കു കേൾക്കും..

ഒരുവിധം 10 മണി കഴിഞ്ഞപ്പോൾ യാത്രയും പറഞിറങ്ങി. നാളെ ഗുരുവായൂർ പോകാനുള്ളതാണെന്ന് ഒരു ചിന്തയും ഇല്ല.. വല്ലാത്തൊരു മനുഷ്യൻ തന്നെ.. തിരിച്ചു ഞങ്ങൾ എരമംഗലം കഴിഞ്ഞപ്പോൾ ചെറുതായി പെയ്യാൻ തുടങ്ങിയ മഴ കോതമുക്ക് എത്തിയപ്പോൾ പേമാരിയായി.. കോട്ടും ഇല്ല കുടയും ഇല്ല. ഒരു കടയുടെ മുന്നിൽ കേറി നിന്നു. അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും കെട്ട്യോന്റെ നാവു ചൊറിയാൻ തുടങ്ങി

അപ്പോഴും ഞാൻ പറഞ്ഞതാ ഓളോട് ഇന്ന് വേണ്ട നാളെ പോവാം ന്ന് അത് കേൾക്കാൻ പറ്റില്ലവൾക്ക്..

അതിനെങ്ങനാ അനുസരണ ശീലം പഠിപ്പിച്ചിട്ടില്ലല്ലോ അച്ഛനും അമ്മയും..

ഇനി നീ എന്നാ ഇതെല്ലാം പഠിക്ക..

ഇതിൽ ഞാൻ മാത്രമാണോ തെറ്റുകാരി.. തിരിച്ചു ഒന്നും പറഞ്ഞില്ല. എല്ലാം കേട്ടു നിന്നു. ഇവിടെ ഞാൻ മാത്രമല്ല തെറ്റുകാരി എന്ന് മൂപ്പർക്കും അറിയാം ഫോണു കിട്ടിയല്ലോ എന്ന സന്തോഷത്താൽ ഈ പറയുന്നതൊന്നും തന്നെയല്ല എന്ന ഭാവത്തിൽ ഞാൻ പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു. പന്ത്രണ്ടു മണി ആയപ്പോൾ മഴയുടെ കനം കുറഞ്ഞു. ചെറിയ ചാറ്റൽ മഴയിൽ നനഞ്ഞു കൊണ്ട് ഒരുവിധം വീടെത്തി. എല്ലാവരും നല്ല ഉറക്കം.. അമ്മയെ വിളിച്ചുണർത്തി വാതിൽ തുറപ്പിച്ചു. കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കുമ്പോഴേക്കും ഒന്നര മണി. ഇനിയെന്തിനു കിടക്കണം.. ഇപ്പൊ നേരം വെളുക്കും ഞാൻ ഗുരുവായൂർ പോണില്ലെങ്കിലും മറ്റുള്ളവർ പോവുമ്പോൾ എനിക്ക് കിടന്നുറങ്ങാൻ പറ്റുവോ.. അങ്ങനെ നേരം വെളുത്തു. ആറു മണിക്ക് ഒരു ബസ് ഉണ്ട് അതിൽ പോകാനാണ് തീരുമാനം.. അച്ഛനും അമ്മയും അനിയത്തിയും കുട്ടിയും ബസിൽ പോകാൻ റെഡിയായി.. അവളുടെ അച്ഛനും അമ്മയും ഇടയ്ക്കു നിന്ന് ബസിൽ കേറും… എന്റെ കെട്ട്യോൻ ബൈക്കിലാണ് പോണത്.. ഇറങ്ങുമ്പോൾ ഏട്ടൻ അനിയത്തിയോട് പ്രത്യേകം പറയുന്നുണ്ട്… ഞാൻ ഉള്ളിൽ ടോക്കൺ എടുത്തു നിൽക്കാം അപ്പോഴേക്കും നിങ്ങളങ് എത്തിയാൽ മതി. തല കുലുക്കി സമ്മതിച്ചു അവർ ബേസിൽ കേറി പോയി. അന്ന് ഞായറാഴ്ച ആയതോണ്ട് എനിക്ക് കട ഇല്ലാരുന്നു..

ഞാനും അനിയത്തിയും മാത്രമായി. ജോലികളെല്ലാം കഴിച്ച് ഞങ്ങൾ രണ്ടുപേരും ഇരുന്ന് ലോക കാര്യങ്ങൾ ചർച്ച ചെയ്യാണ്. അതിനിടയിൽ പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ പെട്ടെന്ന് അവളെ നോക്കി ദേ ഡീ.. മോളെ എന്റെ ഫോൺ ബെല്ലടിക്കുന്നു.. എനിക്ക് വല്ലാത്ത സന്തോഷം.. ഓടിപോയി ഫോണെടുത്തു ഓണാക്കി.. ആരായിരിക്കും എന്ന ചിന്തയിൽ ചെവിയിൽ വച്ചു.. ഹലോ… അതേ.. ഇപ്പൊ എന്റെ ആവശ്യം ഒന്നും അവൾക്കില്ല.. അവള്ടെ കുട്ടിക്ക് ചോറ് കൊടുക്കാൻ പോയ ഞാൻ വിഡ്ഢി..

ആരെടെ.. എന്താ.. എനിക്കൊന്നും മനസിലായില്ല…

അല്ലേലും നിനക്കൊന്നും മനസിലാവില്ല.. ഒരു അകലം ഇട്ട് നിൽക്കാൻ നിന്നോട് ഞാൻ നൂറുവട്ടം പറഞ്ഞീട്ടുണ്ട്.. നിനക്കപ്പോ അനിയത്തിമാരെ താങ്ങാതെ സമാധാനം ണ്ടാവില്ലല്ലോ…

ശ്ശെടാ.. ഞാനിപ്പോ എന്ത് കാട്ടി.. ഇങ്ങള് കാര്യം പറയ് ന്ന്…

ഞാൻ ഗുരുവായൂർ ചെന്ന് ചോറൂണിനു ടോക്കൺ എടുത്ത് പടിഞ്ഞാറേ നടക്കൽ പോയി നിന്നു. 10 മിനുട്ട് കാത്തു നിന്നപ്പോൾ എനിക്ക് തോന്നി അവർ കിഴക്കേ നടക്കൽ കൂടി വന്നീട്ടുണ്ടാവുമോ.. ന്ന് അവിടെ പോയി നിന്നു കുറച്ച് നേരം. അപ്പോഴും കാണാൻ ഇല്ല. വീണ്ടും ഞാൻ പടിഞ്ഞാറേ നടക്കൽ പോയി നിന്നു.. അപ്പോഴും ഇല്ല. ഇനി ഉള്ളിൽ എങ്ങാനും എന്നേം കാത്ത് ഇരിക്കുന്നുണ്ടോന്ന് നോക്കാൻ ഞാൻ വീണ്ടും ഉള്ളിൽ ചെന്നപ്പോഴുണ്ട്.. അവള് ചോറ് കൊടുത്ത ഇല വേസ്റ്റ് ബോക്സിൽ കൊണ്ടിടുന്നു.. എനിക്കങ്ങു അരിശം വന്നു. അമ്പലമാണെന്നു ഒന്നും നോക്കിയില്ല.. വായിൽ വന്നതൊക്കെ ഞാനും പറഞ്ഞു. ആരെ.. ഞാൻ അന്താളിപ്പോടെ ചോദിച്ചു. അവളെ.. എന്തിന്.. ഞാൻ വരും എന്ന് അവൾക്കറിയില്ലേ.. അതിന്. ..കൂടെ ഇങ്ങടെ അച്ഛനും അമ്മയും ഉണ്ടായിരുന്നല്ലോ… അവർക്ക് കുറ്റം ഇല്ലേ… നീ അല്ലേലും അങ്ങനെ.. എന്നേക്കാൾ വലുതാ നിനക്ക് മറ്റുള്ളോര്…. ഇവിടെ വലുപ്പ ചെറുപ്പം ഒന്നല്ല…ഞാൻ ന്യായം പറഞ്ഞതാ.. നിന്റെ ഒരു ന്യായം… നീ വച്ചോ… ബാക്കി വന്നീട്ട്… പിന്നേ പഴനിയിൽ പോക്ക് അങ്ങ് മറന്നേക്കൂ… ഞാൻ അങ്ങനെ തന്നെ നിന്നു.

എന്നാലും എന്റെ ഫോണെ നിന്നിലൂടെ വന്ന കന്നി സന്ദേശം ഇങ്ങനെ ആയി പോയല്ലോ !!!!!!!!

✍️ശാലിനി ഇ എ

Leave a Reply

Your email address will not be published. Required fields are marked *