രചന: Jils Lincy
വാ.. ചേച്ചിയെ പുറത്തോട്ട് വിളിക്കുന്നു… കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ഞങ്ങളുടെ മുറിയിൽ ഇരിക്കുകയായിരുന്നു ഞാൻ…… വീട് നിറച്ചും ആളുകളാണ്…
എന്തോ…ആദ്യമായി പരിചയമില്ലാത്ത ഒരു വീട്ടിൽ വന്നിട്ടാവാം വല്ലാത്തൊരു ടെൻഷൻ…. കല്യാണ വസ്ത്രം മാറി റൂമിലിരുന്നതാണ്… അദ്ദേഹം പുറത്തോട്ട് പോയിട്ട് ഇതു വരെ മുറിയിലോട്ട് വന്നിട്ടില്ല… മറ്റുള്ള ആരെയും വലിയ പരിചയവുമില്ല….
മുറിക്ക് പുറത്തിറങ്ങാൻ മടിയായി….. വാ.. ഭർത്താവിന്റെ കസിൻ സിസ്റ്റർ എന്റെ കയ്യിൽ പിടിച്ചു…. മറ്റൊരു മുറിയിലേക്കാണ് അവളെന്നെ കൊണ്ട് പോയത്….
ഒരു പാട് സ്ത്രീകൾ ഇരുന്ന് പൊട്ടിച്ചിരിച്ചു സംസാരിക്കുന്നു…. ഞാനങ്ങു ചെന്നതും എല്ലാവരും ഒരു നിമിഷം നിശബ്ദരായി….
ആഹാ….മുറിയിൽ നിന്ന് പുറത്തിറങ്ങിയോ… വകയിലുള്ള ചേച്ചിയാണ് ഒരല്പം പരിഹാസത്തിൽ ചോദിച്ചത്… ആന്റിമാർ.. അമ്മായിമാർ അവരുടെ മക്കൾ മരുമക്കൾ എല്ലാവരുമുണ്ട്…..
എനിക്കെന്തോ ശ്വാസം മുട്ടുന്നപോലെ തോന്നി… ഒരു വിമ്മിഷ്ടം….
നിന്റെ സ്വർണം കാണാൻ വേണ്ടി വിളിച്ചതാ…. എത്രയുണ്ട് മൊത്തം!!” ആരോ ചോദിച്ചു….
ഞാൻ പതുക്കെ പറഞ്ഞു …25…
അയ്യോ!!!ആരോ പരിതപിച്ചു…
അവനിതിൽ കൂടുതൽ കിട്ടുമായിരുന്നു…. ആ… പ്രമമല്ലേ.. ഇതു തന്നെ ഭാഗ്യം….
നോക്കട്ടെ മാലയും വളയുമൊക്കെ…. മറ്റൊരാൾ പറഞ്ഞു… ഞാൻ ഓരോന്നായി ഊരി കാണിച്ചു…
ഇതാകെ പൊള്ളായാണല്ലോ…. പെട്ടന്ന് പൊട്ടി പോകും….
ആ…കട്ടി ഉരുപ്പിടി ആക്കണമെങ്കിൽ… കാശ് എണ്ണികൊടുക്കണം….
അയ്യേ!!!എനിക്കിങ്ങനത്തെ മോഡൽ ഇഷ്ടമല്ല കുടുംബത്തിലെ കല്യാണം കഴിയാത്ത പരിഷ്ക്കാരി കൊച്ചാണ്….
തൊട്ടാൽ പൊട്ടുന്ന പോലത്തെ വളയും മാലയും…. അവൾ പരിഹസിച്ചു….
ജീവിതത്തിൽ ഒരിക്കൽ പോലും ഒരു തരി പൊന്ന് മേടിച്ചിടാതെ മകളെ രാജകുമാരിയാക്കാൻ ഉള്ളതെല്ലാം നുള്ളി പെറുക്കി 25 പവൻ മേടിച്ചു തന്ന അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ എന്റെ കണ്ണിൽ നിന്ന് ഒരല്പം കണ്ണീർ ഇറ്റ് വീണു….
പിന്നെ ഒരല്പം അഭിമാനത്തിൽ ഞാൻ പറഞ്ഞു…. മറ്റാരും ഇഷ്ടപെടണമെന്നില്ല…. ഇതെനിക്കിഷ്ടാണ്…. എനിക്കിടാൻ എന്റെ അച്ഛൻ വാങ്ങി തന്നതാണ്… നിങ്ങൾക്കിഷ്ടപെട്ടത് വേണമെങ്കിൽ ജ്വല്ലറിയിൽ പോയി വാങ്ങിച്ചോളൂ….
ചില മറുപടികൾ നമ്മൾ കൊടുക്കുക തന്നെ വേണം..
രചന: Jils Lincy