രചന : – രാജു പി കെ കോടനാട്,
കരുണാമയനേ കാവൽ വിളക്കേ കനിവിൻ…..
ഈശ്വരാ ആരാവും ഈ പാതിരാത്രിയിൽ വിളിക്കുന്നത് എന്നോർത്ത് നെഞ്ചോരം ചേർന്ന് കെട്ടിപ്പുണർന്ന് കിടക്കുന്ന ആൻസിയിൽ നിന്നും പതിയെ അകന്ന് മാറി മൊബൈൽ എടുത്തു. വെല്യപ്പച്ചൻ്റെ മകൻ സൈമൺ ആണല്ലോ ഇവനെന്താ ഈ പാതിരാത്രിയിൽ ഫോണെടുത്തതും തിരക്കി.
“എന്താടാ ഈ അസമയത്ത്.”
“അത് ഇച്ചായാ അമ്മച്ചിക്ക് ഒരു നെഞ്ചുവേദന ഞങ്ങൾ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും…”
“ഇച്ചായൻ പെട്ടന്ന് വീട്ടിലോട്ട് വരണം.”
“ആരാ ഏട്ടാ വിളിച്ചത് എന്താ എന്തു പറ്റി കണ്ണൊക്കെ നിറഞ്ഞ്.”
“സൈമണാണ് അമ്മച്ചി ഇനിയില്ല എന്ന് പറയാനാണ് അവൻ വിളിച്ചത്.”
“ഏട്ടൻ പെട്ടന്ന് പോവാൻ നോക്ക് ഞങ്ങളെ പോകുന്ന വഴിയിയിൽ ഗ്രേസ്സി ആൻ്റിയുടെ വീട്ടിൽ വിട്ടാൽ മതി ഞാനും മക്കളും അമ്മച്ചിയെ പള്ളിയിൽ വന്ന് കണ്ടോളാം.അപ്പച്ചൻ എന്നെയും മക്കളെയും കണ്ടാൽ ചിലപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല.”
ആൻസിയേയും മക്കളേയും ആൻ്റിയുടെ വീട്ടിലാക്കി ജനിച്ച് വളർന്ന സ്വന്തം വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ. ചില ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ തുടങ്ങിയതാണ് ആൻസിയും അപ്പച്ചനും അമ്മച്ചിയും തമ്മിലുള്ള അകൽച്ച ഭക്ഷണം വരെ രണ്ടായി പാകം ചെയ്യുന്ന അവസ്ഥ വന്നപ്പോൾ പതിയെ അവളേയും കുട്ടി താമസം മുകളിലേക്ക് മാറി മോനുണ്ടായതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നാണ് കരുതിയത് പക്ഷെ മനസ്സുകൾ തമ്മിലുള്ള അകൽച്ച കൂടിക്കൊണ്ടേയിരുന്നു..
“അല്ലെങ്കിലും അപ്പനേയും അമ്മച്ചിയേയും എന്തെങ്കിലും കുറ്റം പറഞ്ഞാൽ നിങ്ങൾക്ക് അവരെ ന്യായീകരിക്കാൻ ആയിരം നാവാണല്ലോ.. ആറു മാസത്തിന് ശേഷമാണ് എൻ്റെ അപ്പച്ചനും അമ്മച്ചിയും ഇന്നിവിടെ വരുന്നത് അതും നമ്മുടെ മോൻ്റെ പിറന്നാളിന് നിങ്ങടെ അപ്പനും അമ്മയും അവരെ തല്ലാതെ വിട്ടത് എൻ്റെ ഭാഗ്യം..”
“ആൻസി അവരും മിണ്ടാതിരുന്നിട്ടൊന്നും ഇല്ല അവരൊക്കെ പഴയ ആളുകളാണ് നമ്മളെപ്പോലെ ചിന്തിക്കാനും വിവേകത്തോടെ പ്രവർത്തിക്കാനും അവർക്ക് പലപ്പോഴും കഴിയാറില്ല നമ്മൾ വേണം ക്ഷമിക്കാൻ.”
“നിങ്ങൾ ക്ഷമിച്ചോ എന്നിട്ട് അവരോടൊപ്പം ഇവിടെ സ്വത്തും കെട്ടിപ്പിടിച്ച് സന്തോഷത്തോടെ കഴിഞ്ഞോ ഞാനും മോനും ഒഴിവായിത്തന്നേക്കാം.”
കൈയ്യിൽ ഒരു ബാഗുമായി മോനേയും എടുത്ത് ആൻസി പറഞ്ഞു.
“ഞാനും മോനും ഇറങ്ങുവാ പുറത്ത് എവിടെയെങ്കിലും ഒരു ചെറിയ ഒറ്റമുറി ആയാലും മതി വാടകയ്ക്ക് എടുത്തിട്ട് വിളിച്ചാൽ ആ നിമിഷം ഞങ്ങൾ വരും ഇവിടെ ഇനി വയ്യ..മടുത്തു എന്തിനാ കൊട്ടാരം പോലെ ഇങ്ങനെ ഒരു വീട്.ഒരു ദിവസം പോലും സമാധാനമായി ഇവിടെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.”
നിറഞ്ഞ് തൂവുന്ന കണ്ണുകൾ അമർത്തിത്തുടച്ച് ഒന്നുകൂടി തിരികെ നോക്കി അവൾ നടന്ന് നീങ്ങുമ്പോൾ എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ തനിച്ചായിപ്പോയവൻ്റെ അവസ്ഥ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു..
ആണായി പിറന്ന് പോയാൽ മറ്റുള്ളവരുടെ മുന്നിൽ ഒന്ന് ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയില്ലല്ലോ. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് നല്ല ഒരു നിലയിലെത്തിയപ്പോൾ ഉണ്ടാക്കിയതാണ് ഇതുപോലൊരു വീട് കൂട്ടുകാരിൽ പലരും പറഞ്ഞു ഇത്രയും വലിയ ഒരു വീടിൻ്റെ ആവശ്യമില്ലെന്ന് പക്ഷെ മനസ്സ് സമ്മതിച്ചില്ല നല്ലൊരു മഴ പെയ്താൽ ചോർന്നൊലിക്കുന്ന വയ്ക്കോൽ പുരയിൽ നിന്നും അപ്പച്ചനേയും അമ്മച്ചിയേയും ഇതുപോലൊരു വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ എന്ത് സന്തോഷമായിരുന്നു അവരുടെ മുഖത്ത്.
ഇടനെഞ്ചിലെ വേദന കടിച്ചമർത്തി പതിയെ പുറത്തേക്ക് നടക്കുമ്പോൾ അപ്പൻ അമ്മച്ചിയോട് പറയുന്നുണ്ട്.
“തമ്പുരാട്ടി തുള്ളിക്കൊണ്ട് പോയല്ലോ.. എന്ത് പറ്റി ഇന്ന് നിൻ്റെ മോൻ പോയില്ലല്ലോ കൂടെ.ഇവൻ എനിക്കുണ്ടായത് തന്നെയാണോടി..”
“ദേ മനുഷ്യ പന്നത്തരം പറഞ്ഞാലുണ്ടല്ലോ നിങ്ങടെ നാവ് പുഴുത്തു പോവും.”
സങ്കടങ്ങൾ ഒതുക്കി നിശബ്ദനായി പുറത്തേക്ക് നടക്കുമ്പോഴാണ് ബ്രോക്കർ തരകൻ ചേട്ടൻ മൂന്ന് പേരേയും കൂട്ടി കാറിൽ വന്നിറങ്ങുന്നത്.
പുഞ്ചിരിയോടെ അപ്പച്ചനവരെ സ്വീകരിച്ചു.
“അപ്പോൾ ലോനപ്പൻ ചേട്ടാ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം വീടും സ്ഥലവും ഇവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് സ്ഥലത്തിന് ഒന്നേകാലിൽ കൂടുതൽ അവർക്ക് നോട്ടമില്ല വീടും ചേർത്ത് നമുക്കൊരു രണ്ടു കോടിക്കാണെങ്കിൽ ഇതങ്ങുറപ്പിക്കാം ഒരൻപത് ലക്ഷം ഇപ്പോൾ തരും മൂന്ന് മാസത്തിനുള്ളിൽ ആധാരം.”
അപ്പൻ മറുപടി പറയുന്നതിന് മുന്നെ പതിയെ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു
“തരകൻ ഏത് വീടിൻ്റെ കാര്യമാ പറയുന്നത്.”
“ആഹാ അപ്പോൾ അങ്ങനെയാണോ കാര്യങ്ങൾ സാജനറിയാതെയാണോ..?
“ഈ കച്ചവടം നടക്കില്ല തരകാ താൻ വന്നവരേയും കൂട്ടി തിരിച്ച് പോകാൻ നോക്ക് സ്ഥലം അപ്പൻ്റെ പേരിലാണെങ്കിലും ഈ കാണുന്ന വീട് ഇങ്ങനെ ഉയർന്ന് നിൽക്കുന്നത് എൻ്റെ പണം കൊണ്ടാണ്.”
“ആഹാ ഇത് നല്ല കൂത്ത് എൻ്റെ അപ്പൻ എനിക്ക് തന്ന സ്ഥലം ഞാനത് എനിക്കിഷ്ടമുള്ളവർക്ക് കൊടുക്കും വീട് നിൻ്റെയാണെങ്കിൽ നീ പൊളിച്ചെടുത്തോടാ കുവ്വേ.”
“നീ വിലയുറപ്പിക്ക് തരകാ കാര്യങ്ങൾ നടക്കട്ടെ.”
എന്നാലതൊന്ന് കാണണമല്ലോ മുറ്റത്തിൻ്റെ കോണിലായി കുട്ടിയിട്ടിരുന്ന കമ്പിക്കഷണങ്ങളിൽ നിന്നും സാമാന്യം കനമുള്ള ഒന്ന് വലിച്ചെടുത്തതും വീടിന് മുന്നിലെ വലിയ ജനൽ തന്നെ അടിച്ച് തകർത്തു പിന്നീട് ചുറ്റുമുള്ളവയും അത് കണ്ടതും തരകനും കൂടെ വന്നവരും ഒരു വാക്കു പോലും മിണ്ടാതെ മടങ്ങി വലിയ വായിൽ നിലവിളിച്ചു കൊണ്ട് അമ്മച്ചി മുറ്റത്തേക്ക് വന്നതും കമ്പി മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“പണ്ട് ആ വയ്ക്കോൽ പുരയിൽ കഴിഞ്ഞപ്പോൾ നമ്മുടെ മനസ്സുകളിൽ നന്മയുടെ വെളിച്ചമുണ്ടായിരുന്നു സ്നേഹമുണ്ടായിരുന്നു ഇന്ന് പുറത്ത് നിന്ന് നോക്കിയാൽ മുറ്റം കാണാത്ത ചുറ്റുമതിലും മുറ്റത്തുനിന്നും വീടിനകത്തേക്ക് വെളിച്ചം കയറാത്ത ജനലുകളും എസിയും ഒക്കെ ആയപ്പോൾ വീടിൻ്റെ അകത്തെ ഇരുട്ടു പോലെ നിങ്ങളുടെ മനസ്സിലും ഇരുട്ടായി ആദ്യം വീടിനകത്ത് വെളിച്ചം കയറട്ടെ പതിയെ നിങ്ങളുടെ മനസ്സിലും വെളിച്ചം കയറാൻ ഞാൻ തമ്പുരാനോട് പ്രാർത്ഥിക്കാം.”
ഇത്രയും പഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ അപ്പൻ പറയുന്നുണ്ട്.
” കളിയിവിടെ തീർന്നിട്ടില്ലെടാ നീ കണ്ടോ. ഈ ലോനപ്പൻ ആലങ്ങാട്ടെ കറിയയുടെ മോനാണെങ്കിൽ കർത്താവാണേ നീ അടിച്ച് തകർത്ത ജനൽപ്പാളി നിന്നെക്കൊണ്ട് തന്നെ ഞാൻ പണിയിക്കും.”
പിറ്റേന്ന് രാവിലെ അപ്പൻ കൊടുത്ത പരാതിയുടെ പുറത്ത് സ്റ്റേഷനിൽ വിളിപ്പിക്കുമ്പോൾ ഇതും ഇതിലു വലുതും പ്രതീക്ഷിച്ചിരുന്നതുകൊണ്ട് മനസ്സിൽ വലിയ വിഷമമൊന്നും തോന്നിയില്ല.
“താനാണോ സാജൻ” എന്ന എസ് ഐയുടെ ചോദ്യത്തിന് നിസംഗനായി മുഖമുയർത്താതെ നിന്നപ്പോൾ.
“കഴുവേർടെ മോനെ നീയാരാടാ ജനലിൻ്റെ ചില്ലൊക്കെ അടിച്ച് തകർക്കാൻ ഗുണ്ടയോ” എന്ന ചോദ്യവുമായി അയാൾ വന്നപ്പോൾ മുഖമുയർത്തുമ്പോഴാണ് സഹപാടിയും കോളേജിലെ ചെയർമാനുമായിരുന്ന എന്നെ ഹരീഷ് തിരിച്ചറിയുന്നത്..തല്ലാനായി വന്ന കൈകൾ തോളിലൂടെ ഇട്ട്
“എന്താടാ നിനക്കിതെന്തു പറ്റി എന്താ വീട്ടിൽ പ്രശ്നം.” കാര്യങ്ങൾ ചുരുക്കി പറഞ്ഞവസാനിപ്പിച്ചപ്പോൾ.
“വിൽക്കുന്നെങ്കിൽ അവർ വിൽക്കട്ടെ വീട് വയ്ക്കാൻ ചെലവഴിച്ച പണം നിനക്ക് കിട്ടാനുള്ള വഴി നമുക്കുണ്ടാക്കാം നീ വിഷമിക്കാതെ ചെല്ല് പിന്നെ ആ അടിച്ച് പൊട്ടിച്ച ജനൽപ്പാളികൾ കഴിയുമെങ്കിൽ ഇന്ന് തന്നെ മാറ്റിയിടണം.അല്ലെങ്കിൽ അത് വലിയ പ്രശ്നമാവും വീട് വച്ചത് നീയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇത്തരം കാര്യങ്ങളിൽ നിയമം അവർക്കൊപ്പമേ നിൽക്കു. അപ്പൻ എനിക്ക് മുകളിലേക്ക് പരാതിയുമായിപ്പോയാൽ ആകെ പ്രശ്നമാവും. ചിലരുടെ വാർദ്ധക്യം ചിലപ്പോൾ മക്കൾക്കൊരു ശാപമാവാറുണ്ട്.”
അടിച്ചുടച്ച ജനൽ ഗ്ലാസ്സുകൾക്കു പകരം പുതിയ ഗ്ലാസ്സുകൾ പിടിപ്പിക്കുമ്പോൾ എന്നോടാണോ നിൻ്റെ കളി എന്ന് അപ്പൻ്റെ മുഖം പറയാതെ എന്നോട് പറയുന്നുണ്ടായിരുന്നു ഇതെല്ലാം കണ്ട് നിശബ്ദയായി അമ്മിച്ചിയും.
യാത്ര പറയാതെ ഒന്ന് പിൻതിരിഞ്ഞ് നോക്കാതെ പടിയിറങ്ങിയതാണന്ന് പതിയെ ചെറുതെങ്കിലും ഒരു വീടു വാങ്ങി.
വർഷങ്ങൾക്കു ശേഷം തിരികെ സ്വന്തം വീട്ടുമുറ്റത്തെത്തുമ്പോൾ അമ്മച്ചിയെ അവസാനമായി കാണാൻ എല്ലാവരും എത്തിയിരുന്നു. മുറ്റത്തേക്ക് കയറിയതും പതറിയ കണ്ണുകളുമായി അപ്പച്ചൻ ഒരിടത്ത് ഒന്നിരിക്കാൻ കഴിയാതെ നടക്കുന്നുണ്ട്. എന്നെക്കണ്ടതും തോളിൽ ഒന്നമർത്തി പിടിച്ചു കൊണ്ട് ചോദിച്ചു ആൻസിയും മക്കളും എവിടെ..?
“അവർ വരും അപ്പച്ചാ”
“എന്നെ വടക്കോട്ടെടുക്കുമ്പോഴാവും വരാമെന്ന് പറഞ്ഞിരിക്കുന്നത് അല്ലേ. ഒരർത്ഥത്തിൽ അതാണ് ശരിയും ചിലതെല്ലാം എനിക്ക് മനസ്സിലാക്കാൻ വലിയ നഷ്ടങ്ങൾ വേണ്ടിവന്നു.”
“നിറഞ്ഞ കണ്ണുകളോടെ ഇടറുന്ന കാലടികളോടെ അപ്പച്ചൻ അമ്മച്ചിയുടെ അരികിലേക്ക് നടന്ന് നീങ്ങുമ്പോൾ ആൻസിയേയും മക്കളേയും കൂട്ടി ആൻ്റി പടികടന്ന് വരുന്നുണ്ടായിരുന്നു.”
രചന : – രാജു പി കെ കോടനാട്,