— രചന: അശ്വതി അനുരാജ്
പ്രയാണം
മെയിൻ റോഡിൽനിന്നും സ്കൂട്ടർ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതേയുള്ളു മുന്നേപോയ മിനിലോറിയുടെ വികൃതിയെന്നോണം റോഡിലെ പൊടിപടലങ്ങൾ മുന്നോട്ടുള്ള വഴിയെ ഒരൽപ്പനേരത്തേക്ക് കണ്ണിൽനിന്നും മറച്ചുപിടിച്ചു. പൊടിയോന്നടങ്ങിയതും വഴി വീണ്ടും മുന്നിൽ വ്യക്തമായി. തന്റെയും കുടുംബത്തിന്റെയും മുന്നോട്ടുള്ള ജീവിതം കൂടി ഇതുപോലെ മറനീക്കി ഒന്നുവ്യക്തമായെങ്കിലെന്നു ആ ചുരുങ്ങിയ നിമിഷത്തിനിടയിലും ജീവൻ ആശിച്ചു.
വഴിയോരത്തു പരിചിതരുടെയും അയൽപക്കകാരുടെയും പരിഹാസവും പുച്ഛവും നിറഞ്ഞ സംസാരവും നോട്ടവുമൊക്കെ വണ്ടിയൊടിക്കുന്നതിനിടയിലും അയാൾ അറിയുന്നുണ്ടായിരുന്നു. പണം തിരിച്ചുനൽകാനുള്ളവർ വീട്ടിൽവന്നു ബഹളം വയ്ക്കുക പതിവായതിൽപ്പിന്നെ ഇത്തരം നോട്ടങ്ങളും അടക്കിപിടിച്ച വാർത്തമാനങ്ങളുമൊക്കെ തന്നെ കാണുമ്പോൾ പതിവായിരിക്കുന്നു. അപമാനഭാരം കാരണം തല കുനിഞ്ഞുപോകുന്നു.
വീടെത്തി വണ്ടിയൊതുക്കി ഇറങ്ങിയപ്പോൾതന്നെ കണ്ടു, ഉമ്മറത്ത് ആധിയോടെ തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന ഭാര്യ കമലയെ “ജീവേട്ട എന്തായി പണം ശരിയായോ?”
പ്രതീക്ഷ നിറഞ്ഞ അവളുടെ ചോദ്യത്തിന് നിരാശയോടെ തലയാട്ടി മറുപടി കൊടുത്തു. തന്റെ കൈത്തണ്ടയിലമർന്ന വിരലുകളുടെ മുറുക്കത്തിൽനിന്ന് മനസിലാക്കാം അവളുടെ മനസ്സിലെ സംഘർഷം.
“നീ വിഷമിക്കണ്ട കമല, എല്ലാത്തിനും ഞാനൊരുപരിഹാരം കണ്ടെത്തിയിട്ടുണ്ട്. മക്കളെന്തിയെ….?”മുഖത്ത് വരാത്ത പുഞ്ചിരി കഷ്ടപ്പെട്ട് വരുത്തി ചോദിച്ചപ്പോഴേക്കും നാവും തൊണ്ടയും വല്ലാതെ കിഴയ്ക്കുന്നുണ്ടായിരുന്നു.
ഉമ്മറത്തെ ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടായിരിക്കണം മക്കൾ രണ്ടുപേരും അരികിലേക്ക് ഓടിയെത്തിയത് ജാനുവും പാറുവും, പതിവുപോലെ മിഠായിക്കുവേണ്ടി ഇളയവൾ പാറു എന്റെ ബാഗിൽ കൈയിട്ടു പരതാൻ തുടങ്ങിയതും ശക്തിയോടെ കുഞ്ഞിന്റെ കൈ തട്ടിമറ്റി ബാഗിനെ നെഞ്ചോട് അടക്കിപിടിച്ചു.മിഠായി കിട്ടാത്തതിന്റെ പരിഭവമാണോ കൈയിലെ വേദനയാണോ കാരണമെന്നറിയില്ല കണ്ണൊക്കെ നിറച്ചു കരയാൻ തുടങ്ങുന്നുണ്ട് പാറു.ബാഗിൽ നിന്നും ഒരു മിഠായിയെടുത്ത് അവളുടെ കൈയിലേക്ക് വച്ച് കവിളത്തൊരു ഉമ്മകൂടി കൊടുത്തപ്പോൾ ആ ആറുവയസ്സുകാരിയുടെ പരിഭവമെങ്ങോട്ടോ പറന്നുപോയി.എന്നും കുട്ടിയായിരുന്നാൽ മതിയായിരുന്നെന്ന് ഈ ഒരു നിമിഷം തോന്നി പോകുന്നു, ഉത്തരവാദിത്തങ്ങളില്ലാതെ, വിഷമങ്ങൾ അറിയാതെ ഒരു അപ്പുപ്പൻതാടിപോലെ പാറിപ്പറന്നു രസിക്കുന്നകാലം. കുട്ടിയായിരിക്കുമ്പോൾ ആരായിതീരണമെന്ന് എന്നോട് ചോദിച്ചാൽ വലിയ അഭിമാനത്തോടെ ഞാൻ പറയുമായിരുന്നു “എനിക്ക് വലിയ വീട്ടിലെ സണ്ണി സായിപ്പിനെപ്പോലെ വലിയ പണക്കാരൻ ആവണമെന്ന്”.ആക്കാലത്തു ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന പാണക്കാരനായിരുന്നു വലിയവീട്ടിൽ സണ്ണി. വിദേശത്തിലെ ബിസിനെസ്സും ആഡംബരത്തോട് കൂടിയ അയാളുടെയും കുടുംബത്തിന്റെയും ജീവിതം കണ്ട് നാട്ടുകാർ അയാൾക്ക് നൽകിയ പേരായിരുന്നു സണ്ണി സായിപ്പ്.സായിപ്പിന്റെ മണിമാളികയ്ക്കുമുന്നിലൂടെ പോകുമ്പോഴെല്ലാം എന്റെ ജീവിതവും ഇതുപോലെയായിരിക്കണമെന്ന് മനസിനെ പറഞ്ഞ് ചട്ടംകെട്ടുമായിരുന്നു അന്ന്.ഒടുവിൽ വർഷങ്ങൾക്കുശേഷം കൂട്ടുകച്ചവടത്തിൽ സർവ്വസ്വത്തും നഷ്ട്ടപെട്ട സായിപ്പ് കടംകയറി പാപ്പരായി.പ്രതാപകാലത്തു ആരാധനയോടെ അദ്ദേഹത്തെ നോക്കിയിരുന്ന പലരും ഒളിഞ്ഞും തെളിഞ്ഞും പുച്ഛിക്കാനും പാപ്പര് സായിപ്പെന്നു വിളിച്ച് കളിയാക്കുകയും ചെയ്തിരുന്നു.’അപമാനഭാരത്താൽ വലിയവീട്ടിലെ സണ്ണി സായിപ്പ് ഫാനിൽ കെട്ടിയ ഒരുമുഴം കയറിൽ ജീവിതമവസാനിപ്പിച്ചെന്ന വാർത്തക്ക് അന്നത്തെ ചോരത്തിളപ്പുള്ള പതിനെട്ടുകാരനായ ഞാൻ വലിയ പ്രാധാന്യമൊന്നും കൊടുത്തില്ലന്ന് മാത്രമല്ല കുട്ടിക്കാലത്തെ ആരാധനാപാത്രമായിരുന്നു അയാളെന്നുപോലും വിസ്മരിച്ചുപോയി. പതിനെട്ടുകാരൻ ഇന്ന് ചോരത്തിളപ്പില്ലാത്ത നാല്പത്തിഎട്ടുകാരനായിരിക്കുന്നു. സണ്ണിസായിപ്പിന്റെ മുഖം ഒരിക്കൽക്കൂടി മനസ്സിൽ തെളിഞ്ഞപ്പോൾ ശ്വാസം വിലങ്ങുന്നതുപോലെ.
“അച്ഛാ….” മൂത്തവൾ ജാനിയുടെ വിളിയാണ് ഓർമകളിൽനിന്ന് തിരികെ കൊണ്ടുവന്നത്, നോക്കിയപ്പോൾ അവളുടെ പങ്ക് മിഠായിക്കുവേണ്ടി കൈനീട്ടിപിടിച്ചു നിൽക്കുന്നുണ്ട്. മുഖത്ത് എപ്പോഴും പുഞ്ചിരി യാണ് അവൾക് പതിനഞ്ച് വയസിൽ കവിഞ്ഞ പക്വത ജാനിക്കുണ്ടെന്നു പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്. അവൾക്കുള്ള പങ്ക് മിഠായിയും നൽകി മുറിയിലേക്ക് നടക്കാൻ തിരിഞ്ഞപ്പോഴായിരുന്നു ജാനിയുടെ ചോദ്യം വന്നത്,
“അച്ഛൻ ഓക്കേ അല്ലെ…? എന്തെങ്കിലും വിഷമമുണ്ടോ?” “അച്ഛനു പ്രശ്നമൊന്നുമില്ല മോളെ.. നീ പോയിരുന്ന് പഠിക്കാൻ നോക്ക് ” ഇത്രയും പറഞ്ഞൊപ്പിക്കാൻ നോക്കുമ്പോഴും ശബ്ദം ഇടറാതിരിക്കാൻ ശ്രദ്ധിച്ചു പരാജയപ്പെട്ടുപോയി അയാൾ. സ്റ്റെപ്പുകൾ കയറി മുകളിലെ നിലയിലെത്തിയപ്പോഴേക്കും ജീവൻ വല്ലാതെ കിതച്ചുപോയിരുന്നു. ക്ഷീണം തോന്നുന്നുണ്ട് പക്ഷേ വരാൻപോകുന്ന നിർണായക നിമിഷങ്ങൾ ക്ഷീണമെന്ന വികാരത്തെ അപരിചിതനെപ്പോലെ കാണാൻ മനസ്സിനെ പഠിപ്പിക്കുന്നു. നെഞ്ചോട് അടക്കിപിടിച്ചിരുന്ന ബാഗിൽനിന്ന് വിഷക്കുപ്പി പുറത്തെടുക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും സ്വർണത്തേരിലായിരുന്നു ജീവിതയാത്ര ആരംഭിച്ചത്. പ്രതീക്ഷിച്ചപോലെ ജീവിതം എളുപ്പമല്ലന്ന് ചുരുങ്ങിയകാലം കൊണ്ടുതന്നെ മനസ്സിലായി. സ്വന്തമായി വരുമാനം കണ്ടെത്തിയത് തന്നെ വലിയൊരു കടമ്പായായിരുന്നു. അനേകം PSC പരീക്ഷകൾ എഴുതി ഒടുവിലൊരു ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ കയറിപ്പറ്റി. പേരിനുവലിയ തറവാട്ടുകാരനായിന്നുന്നെങ്കിലും കാര്യത്തിലതൊന്നുമില്ലായിരുന്നു.സർക്കാർ ജോലിയുള്ളതുകൊണ്ട് പെണ്ണുകിട്ടാൻ മാത്രം വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. കമലയുടെ കടന്നുവരവ് ജീവിതത്തിന് കൂടുതൽ നിറങ്ങൾ ചാലിച്ചു ആൺകുഞ്ഞിനെ മോഹിച്ച എനിക്ക് രണ്ടുപ്രാവിശ്യവും പെൺകുഞ്ഞിങ്ങളെ കിട്ടിയപ്പോൾ പരിഭവം തോന്നാതിരുന്നില്ല. കമല അപ്പോഴും സന്തോഷവതിയായിരുന്നു. കുഞ്ഞുങ്ങളുടെ കൊഞ്ചലിലും കളികളിലും ആദ്യം തോന്നിയ പരിഭവം മാ ഞ്ഞുപോയെങ്കിലും
“ജീവന് രണ്ടു പെണ്മക്കളല്ലേ…? ഒരു പിയൂണിന്റെ വരുമാനംകൊണ്ട് നിങ്ങൾ എങ്ങനെ കഴിഞ്ഞുപോകുന്നു?…. ” തന്റെ പെണ്മക്കളെയോർത്തു തന്നെക്കാൾ ആധിപ്പിടിക്കുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇത്തരം ചോദ്യങ്ങൾ ജീവന് രണ്ടു പെണ്മക്കളല്ലേ…? ഒരു പിയൂണിന്റെ വരുമാനംകൊണ്ട് നിങ്ങൾ എങ്ങനെ കഴിഞ്ഞുപോകുന്നു?…. ” തന്റെ പെണ്മക്കളെയോർത്തു തന്നെക്കാൾ ആധിപ്പിടിക്കുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇത്തരം ചോദ്യങ്ങൾ അവരുടെ അച്ഛനായ എന്നിലെ ഭയത്തെയും സമ്മർദ്ദവും നാൾക്ക് നാൾ കൂട്ടിയതേയുള്ളു.
മുടക്കുന്ന തുകയെല്ലാം ഇരട്ടിയാക്കി തിരികെ നൽകാം….. പങ്കാളിയായി നീ കൂടെനിന്നാൽമതിയെന്ന അടുത്ത കൂട്ടുകാരന്റെ ഉറപ്പിലായിരുന്നു കാരണവന്മാർ തന്ന സ്വത്തും കമലയുടെ സ്വർണവുമെല്ലാം വിറ്റും പോരാത്തതിന് ബാക്കിതുക കടം വാങ്ങിയും കൂട്ടുകച്ചവടത്തിൽ പങ്കുചേർന്നത്. മക്കളുടെ സുരക്ഷിതമായ ഭാവിയും ഒപ്പം തന്നെ സമ്പന്നനായി ജീവിക്കണമെന്ന മോഹം കൂടിയായിരുന്നു ഈ സാഹസത്തിനുപിന്നിൽ.തനിക് ജോലിയുള്ളതിനാൽ കമലയുടെ പേരിലായിരുന്നു ബിസിനസ് രേഖകളെല്ലാം. തുടക്കം മുതൽതന്നെ കാര്യമായ നേട്ടങ്ങളൊന്നും തനിക് ബിസിനസ്സിൽ നേടാനായില്ല. ഇതിനിടയിൽ കച്ചവടതന്ത്രങ്ങളറിയാത്ത തന്നെ പലരും നല്ലരീതിയിൽ മുതലാക്കി.അൽപ്പസ്വല്പം കിട്ടിയ ലാഭവുമായി കൂട്ടുകാരന്റെ നാടുവിടൽക്കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി. കടവും കടത്തിൽമേൽ കടവുമായി ഞാൻ നട്ടം തിരിയുന്നു. പണം തിരികെ ചോദിച്ച് കടംവാങ്ങിയവർ വീട്ടിൽ വന്നു ബഹളം വച്ചുതുടങ്ങിയപ്പോൾ നാട്ടുകാരും വിവരങ്ങൾ അറിഞ്ഞു തുടങ്ങി. ഇനി പറയാൻ മുന്നിൽ അവധികളില്ല.
ഇപ്പോൾ താമസിക്കുന്ന ഈ വീടുവിറ്റാൽ അത്യാവിശം കടം വീടുവാനുള്ള പണം തികയുമായിരിക്കും പക്ഷേ കേറിക്കിടക്കാൻ മറ്റൊരിടമില്ലാതെ കമലയെയും കുട്ടികളെയും കൊണ്ട് അലയേണ്ടിവരുന്ന അവസ്ഥ ചിന്തിക്കാൻകൂടിവയ്യ. എല്ലാത്തിലും മേൽ തറവാട്ടു മഹിമയും പെരുമയും വിട്ട് അപമാനിതനായി നിരത്തിലേക് ഇറങ്ങേണ്ട അവസ്ഥ മരണത്തെക്കാൾ ഭീകരമാണ്. എന്തോ അനക്കം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ കമലയാണ്. എന്റെ മുഖത്തേക്കും കൈലിരിക്കുന്ന വിഷക്കുപ്പിയിലേക്കും പകച്ചുനോക്കുന്നുണ്ട് പാവം.
“അപ്പൊ എല്ലാം തീരുമാനിച്ചു അല്ലെ… ജീവേട്ട…? ഇതാണോ നിങ്ങൾ കണ്ടെത്തിയ നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം…..?”കരഞ്ഞുകൊണ്ട് ചോദിക്കുന്ന അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ല എനിക്ക്. തന്റെ അവസ്ഥയിൽ ഏറ്റവും കൂടുതൽ നീറുന്നത് ഇവൾക്കാണ്. വര്ഷങ്ങളായി ജീവന്റെ തീരുമാനങ്ങൾ ആയിരുന്നു കമലയുടേതും, അല്ലെങ്കിൽ അയാൾ അങ്ങനെ ആക്കിത്തീർത്തു. പെട്ടന്ന് ധനികനാകാനുള്ള തന്റെ മോഹങ്ങളെ അവൾ ആദ്യംമുതലേ എതിർത്തിരുന്നു. മക്കളുടെ സുന്ദരവും സുരക്ഷിതവുമായ ഭാവിയെപ്പറ്റിയും അവർക്കു ലഭിക്കാൻപോകുന്ന ജീവിത സൗകര്യങ്ങളെപ്പറ്റിയുമൊക്കെ വാചാലനായി കമലയുടെ വായമൂടികെട്ടുകയായിരുന്നു പലപ്പോഴും. “പോകുമ്പോൾ എല്ലാർക്കും ഒരുമിച്ചുപോകാം ജീവേട്ട… ആരും ആരെയും എവിടെയും തനിച്ചാക്കേണ്ട. ജീവിക്കാൻ ഇനിയും കൊതിയുണ്ട് നിങ്ങളും നമ്മുടെ മക്കളും….. ഒരുപാട് സ്വപ്നം കണ്ടതാ….. പക്ഷേ……”കരച്ചിൽ ചീളുകൾ അവളുടെ വാക്കുകളെ വിഴുങ്ങിക്കൊണ്ടിരുന്നു. “പോവാം എല്ലാർക്കും ഒരുമിച്ചുതന്നെ പോകാം “എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെ മറുപടിപറയുമ്പോൾ അവളുടെയും എന്റെയും കണ്ണുകൾ ഒരുപോലെ പെയ്യുകയായിരുന്നു.
രാത്രി എല്ലാവരും ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്നത് പതിവുള്ളതാണ്. സ്കൂളിലെ വിശേഷങ്ങളും തമാശകളുമായി ഭക്ഷണം കഴിച്ചുകഴിയുമ്പോഴേക്കും നാലുപേരുടെയും വയറും മനസും ഒരുപോലെ നിറയുമായിരുന്നു. പക്ഷേ ദിവസങ്ങളായി പേരിനൊരു ചടങ്ങുമാത്രമായി അത്താഴം കഴിക്കുപ്പോഴുള്ള ഈ കൂടിച്ചേരൽ. അച്ഛനും അമ്മയും വേറെലോകത്താണ് പലപ്പോഴും, കളികളില്ല ചിരിയില്ല.. ആകെമൊത്തം ഒരു വല്ലായ്മ…
അത്താഴം കഴിക്കാനായി ടേബിളിൽ ഇരുന്നപ്പോൾ ജാനി ഓർക്കുകയായിരുന്നു വീട്ടിലെ മാറിവരുന്ന സാഹചര്യങ്ങളെ. വീട്ടിലെന്തൊക്കയോ നല്ലതല്ലാത്ത സംഭവങ്ങൾ നടക്കുന്നുണ്ടെന്നു മനസ്സിലാകുന്നുണ്ട് പക്ഷേ ഒന്നും വിശദമായി അറിയാൻ കഴിയുന്നില്ല, അല്ലെങ്കിലും അച്ഛനും അമ്മയും സങ്കടങ്ങൾ ഞങ്ങളോട് മറച്ചുവയ്ക്കുകയാണ് പതിവ്. ഒരുപാട് നാളുകൾക്കുശേഷം അച്ഛൻ ഞങ്ങൾക്ക് ചോറ് വാരിത്തന്നു.
” ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ച് ഉറങ്ങാം “അമ്മയുടെ അടഞ്ഞ സ്വരം ജാനിയുടെ മനസിലെ സംശയങ്ങൾക്ക് ബലം കൂട്ടി. മനസ് വല്ലാത്ത സംഘർഷത്തിൽ തന്നെ. ഉറങ്ങാൻ കിടന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും കൈകൾ മക്കളെ അടക്കിപിടിച്ചു . ഇടയ്ക്കിടെ കമലയുടെ തേങ്ങലുകൾ നിശബ്‍ദതയേ ഭേധിച്ചുകൊണ്ടിരുന്നു.പാറു ഒഴികെ ബാക്കി മൂന്നുപേർക്കും ആ രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ല. ഇടക്കെപ്പോഴോ മയങ്ങിപ്പോയതായിരുന്നു ജീവൻ, ഉറക്കത്തിൽ അയാൾ പുഞ്ചിരി തൂക്കിനിൽക്കുന്ന കമലയെ കണ്ടു, വെള്ളിക്കോലിസിട്ടു ഓടികളിക്കുന്ന ജാനിയെയും പാറുവിനെയും കണ്ടു, ഒടുവിൽ ഫാനിലെ ഒരുമുഴം കയറിൽ തൂങ്ങിയടുന്ന സണ്ണിസായിപ്പിനെയും കണ്ടു. തൂക്കുകയറിൽ തൂങ്ങിയാടുന്ന സായിപ്പിന്റെ കണ്ണുകൾ തന്റെ നേർക്ക് തുറിച്ചിരിക്കുന്നു. ജീവന് ശ്വാസം വിലങ്ങി. ശരീരത്തിന് ഭാരം നഷ്ടപെടുന്നതുപോലെ, കൈകാലുകൾ ആരോ കെട്ടിയിട്ടതുപോലെ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ. അലറിവിളിക്കാൻ തോന്നി…..കഴിയുന്നില്ല. ഞെട്ടി കണ്ണുകൾ തുറക്കുമ്പോൾ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു അയാൾ. എല്ലാം സ്വപ്നമാണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾക്കൂടി വേണ്ടി വന്നു ജീവന്. ചുറ്റും ഒന്ന് നോക്കിയപ്പോൾ കണ്ടു തന്നെ നോക്കിക്കിടക്കുന്ന ജാനിയെ. “എന്താ അച്ഛാ…. ഉറക്കം വരുന്നില്ലേ?” ആദ്യചോദ്യം അവളുടേതായിരുന്നു “ഇല്ലമോളെ…”
“എനിക്കും ഉറക്കം വരുന്നില്ലഛാ… എന്നാ നമുക്ക് പഠിക്കാൻ പോയാലോ… ഞാൻ പഠിക്കുമ്പോൾ അച്ഛനെനിക്ക് കൂട്ടിരിക്കുമോ?” “മ്മ്മ്മ് ”
സമയം പുലർച്ചെ നാലു മണിയായിരിക്കുന്നു ജാനിയെയുംകൂട്ടി അവളുടെ മുറിയിലേക്ക് പോയപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് സ്വപ്നത്തിൽ കണ്ട സണ്ണി സായിപ്പിന്റെ തുറിച്ച കണ്ണുകളായിരുന്നു. “അച്ഛാ ഇതു വായിച്ചു നോക്ക്… ഞാൻ മലയാളം ടീച്ചർ പറഞ്ഞിട്ട് എഴുതിയതാ…വായിച്ചുനോക്കിയിട്ട് കൊള്ളാമോന്ന് പറ ” തനിക്കുനേരേ അവൾ നീട്ടിയ ബുക്കിൽ അലസമായി കണ്ണുകളോടിച്ചപ്പോൾ അറിയാതെ അവചില വാക്കുകളിൽ കുടുങ്ങിപ്പോയി.’ജീവിതം ‘എന്ന വിഷയത്തിൽ ചെറു കുറിപ്പാണ്.
‘മനുഷ്യൻ എത്ര ഭാഗ്യമുള്ളവനാണ്. മറ്റുള്ള ജന്തുക്കൾ ഭൂമിയിൽ ജനിച്ച് ജീവിച്ച് ഭൂമിയിൽ അവരുടേതായ ഒന്നും തന്നെ അവശേഷിപ്പിക്കാതെ ജീവൻ വെടിയുന്നു. പക്ഷേ മനുഷ്യനോ അവനു സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. അവൻ ബുദ്ധികൊണ്ട് ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നു, തൂലികകൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു, തന്റെ ജീവിതലക്ഷ്യങ്ങൾ മനസ്സിലാക്കി എടുക്കുന്നവർ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുമ്പോൾ ചിലർ തന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പാതിവഴിയിൽ എല്ലാം അവസാനിപ്പിക്കുന്നു. അവൻ അറിയുന്നില്ലായിരിക്കാം ജീവിതം എത്ര വിശാലമാണെന്നും അത്രതന്നെ നിഗൂഢമാണെന്നും. മനുഷ്യന് വികാരങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും ഒടുവിൽ സന്തോഷം എല്ലാത്തിനെയും പിന്നിലാക്കിയിരിക്കും’.
ഒരു പതിനഞ്ച് വയസ്സുകാരിയുടെ വാക്കുകൾ. മനസ്സ് ആ വരികൾക്കിടയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഇനി ഇത് തന്റെ അവസ്ഥ മനസ്സിലാക്കി അവൾ എഴുതിയതായിരിക്കുമോ? ഒരു വേള ചിന്തിക്കാതിരുന്നില്ല. ബുക്കിൽ നിന്നും തലയുയർത്തി അവളെ നോക്കിയപ്പോൾ പുസ്തക വായനയ്ക്കിടയിലും ഒളികണ്ണിട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട് അവൾ.
” സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ എപ്പോഴും മറ്റൊരു വാതിൽ നമുക്കായി തുറക്കപ്പെടും. അടഞ്ഞ വാതിൽ തന്നെ നോക്കിനിൽക്കുന്നതുകൊണ്ടാണ് നമുക്കായി തുറക്കപ്പെട്ട വാതിൽ നാം കാണാതെ പോകുന്നത്”. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും ഹെലൻ കെല്ലറുടെ വാക്കുകൾ തനിക്ക് കേൾക്കാൻ എന്നോണം ഉച്ചത്തിൽ ഉച്ചത്തിൽ വായിക്കുന്നുണ്ട് അവൾ. പറയാതെ തന്നെ മനസ്സിലാക്കിയിരിക്കുന്നു അവളെല്ലാം. ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ജാനിയുടെ തലയിൽ തഴുകുമ്പോൾ വാത്സല്യം മനസ്സിനെ കീഴ്പെടുത്തിയിരുന്നു. നീർത്തിളക്കമുള്ള ജാനിയുടെ കണ്ണുകൾ ഒരു കടലായി അയാൾക്ക് തോന്നി. അവളുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒരു കടൽ. ആ കടലിൽ താൻ അലിഞ്ഞില്ലാതാകുന്നതുപോലെ….
ദുരഭിമാനം ഒരിക്കലും തന്റെ മക്കളുടെ സ്വപ്നങ്ങളേക്കാൾ വലുതല്ല. ഇപ്പോൾ ഞാൻ ജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നു. പക്ഷേ ഈ അവസ്ഥയും സ്ഥിരം അല്ല. എല്ലാ വികാരങ്ങൾക്കും ഒടുവിൽ സന്തോഷം ആധിപത്യം നേടുക തന്നെ ചെയ്യും. ജീവിക്കണം ഇനിയും എന്റെ മക്കൾക്കും കമലയ്ക്കും വേണ്ടി……
ഉറച്ച തീരുമാനത്തോടെ മുറിയിലെത്തി തലേന്ന് വാങ്ങിവച്ച വിഷക്കുപ്പി തിരയുകയായിരുന്നു അയാൾ.. കാണുന്നില്ല എങ്ങുമത്.!! ഒത്തിരി നേരം തിരഞ്ഞിട്ടും കിട്ടാതെ വന്നപ്പോൾ ജീവൻ വല്ലാതെ പരിഭ്രാന്തനായി. എത്രയും പെട്ടെന്ന് അത് വീട്ടിൽ നിന്ന് ഒഴിവാക്കണം അത് മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്ന ഏക ചിന്ത. അല്പം മുമ്പ് ജാനിയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് പ്രഭാതത്തിൽ അവസാനിച്ചേനെ എല്ലാം…..
കമല എങ്ങാനും അത് അടുക്കളയിലേക്ക് മാറ്റിയേക്കുമോ എന്ന ചിന്തയിലാണ് കാലുകൾ അടുക്കളയിലേക്ക് കുതിച്ചത്. അടുക്കളയിൽ നിൽക്കുന്ന ജാനിയെ കണ്ടതും തെല്ലൊരമ്പരപ്പായി. ഇവൾ എന്താ ഇവിടെ ചെയ്യുന്നത്!!
പക്ഷേ അവളുടെ മുഖത്ത് നിറഞ്ഞുനിന്നത് ആത്മവിശ്വാസം ആയിരുന്നു. എന്റെ മുഖത്തേക്ക് തന്നെ മിഴികൾ ഊന്നി അവളാ വിഷക്കുപ്പി അടുക്കള വാതിൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞു. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഞാൻ എന്റെ ചുണ്ടിലേക്കും പകർത്തിയെടുത്തു. ഈ നിമിഷം ഞാൻ അഭിമാനിക്കുന്നു എന്റെ പെൺമക്കളുടെ അച്ഛൻ ആയതിൽ.
അന്നത്തെ പുലരിക്ക് പതിവിലും ഭംഗി തോന്നി ജീവന്. ഇനി പുതിയൊരുയാത്രയിലേക്കാണ്.. വീട് വിറ്റ് കടം തീർക്കണം…. പരാജിതൻ എന്ന ദുരഭിമാനത്തേക്കാൾ വലുതാണ് തനിക്ക് തന്റെ മക്കൾ… കുഞ്ഞിക്കിളികളെയും കൊണ്ട് ചേക്കേറാൻ പുതിയൊരു ചില്ല കണ്ടുപിടിക്കണം….. ആർഭാടങ്ങളും ആഡംബരങ്ങളും ഇല്ലാത്ത ജീവിതത്തിലേക്ക്…
ലൈക്ക് കമന്റ് ചെയ്യണേ…
ശുഭം
— രചന: അശ്വതി അനുരാജ്