Categories
Uncategorized

ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.ആശ്വാസത്തിനായി അവൾ കുറച്ചു നേരം പുറത്തു പോയി ഇരുന്നു ചുവന്ന പട്ടു സാരിയും അതിനു മാച്ച് ചെയ്യുന്ന ബ്ലൗസും ധരിച്ചു അവൾ കല്യാണത്തിന് പുറപ്പെട്ടു .ആരെയും കാണണോ ഓര്മ പുതുക്കാനോ നില്കാതെ ടൂറിസ്റ്റ് ബസിന്റെ പിൻവശത്തുള്ള സീറ്റിൽ പെട്ടെന്നാരും കാണാത്ത വിധം ഒതുങ്ങിയിരുന്നു

രചന : – നിശീഥിനി

രേഷ്മ മുറിയുടെ വടക്കു ഭാഗത്തുള്ള ജനൽ തുറന്നിട്ടു.തന്റെ മുറിയിൽ നിന്നാൽ കല്യാണിയേച്ചിയുടെ വീട് കാണാം .അവിടെ മുറ്റത്തു ഒരു പന്തൽ ഉയരുന്നു .തിങ്കളാഴ്ച ശ്യാമിന്റെ കല്യാണം ആണ്. ഒരിക്കൽ തന്റെ എല്ലാമെല്ലാമായ ശ്യാം .സുന്ദരൻ ,എൻജിനീയർ ,നല്ല ജോലി,നല്ല ശമ്പളം ,വലിയ വീട്,നല്ല കുടുംബം. തനിക്കോ???? ജോലിയായില്ല ,ഇപ്പോഴും റിസെർച് ചെയ്യുന്നു .നിറവും തീരെ കുറവ്.

കഴുത്തിന്റെ പിൻവശത്തു അവന്റെ ചൂട് നിശ്വാസങ്ങൾ .ഒരിക്കലും പിരിയില്ല എന്ന വാഗ്ദാനങ്ങൾ. രണ്ടു വീടുകളുടെയും അതിർത്തിയിൽ പണ്ടാരോ നട്ടുവളർത്തിയ ഒരു പുളിമാവുണ്ട്.വലിയ രീതിയിൽ പടർന്നു പന്തലിച്ച മാവു ഞങ്ങളുടെ വിശ്രമ കേന്ദ്രമായിരുന്നു .ലോകത്തിനു കീഴിലുള്ള ഏത് വിഷയത്തെ കുറിച്ചും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. .തർക്കിക്കാറുണ്ടായിരുന്നു.അതിനൊക്കെ സാക്ഷി ആ പഴയ മാവായിരുന്നു . അച്ഛനും അമ്മയും സന്ധ്യ നേരത്തു TV യുടെ മുന്നിൽ ഇരിപ്പാകുമ്പോൾ ,പുസ്തകം മടക്കി വച്ച് മാവിൻ ചോട്ടിലേക്കു കുതിക്കും .ചിലപ്പോൾ സമയം കടന്നു പോകുന്നത് അറിയില്ല.പിന്നെ അമ്മയുടെ വിളി കേട്ട് ഉരുണ്ടു പിടഞ്ഞ് എഴുന്നേറ്റു,കയ്യാല ചാടി കടന്നു ,വീടിന്റെ പിൻവാതിൽ വഴി മടക്കയാത്ര .

ചിലപ്പോൾ വീണ്ടും മടങ്ങി വന്നു പിണങ്ങിയിരിക്കുന്ന അവനെ ആശ്വസിപ്പിക്കാനായി ഒരു ആലിംഗനം .ഒരിക്കലും പ്രകടനങ്ങൾ അതിൽ കൂടാൻ സമ്മതിക്കാത്ത ഒരു mutual understanding .എന്തെല്ലാം സ്വപ്നങ്ങൾക്കാണ് മാവു സാക്ഷി ആയതു.കണ്ണീർതുള്ളികളും നിശ്വാസങ്ങളും തേങ്ങലുകളും അവിടെ ചിതറി വീണിട്ടുണ്ട്.

ഒരിക്കൽ എന്റേതായിരുന്ന ശ്യാം ,അവന്റെ കല്യാണമാണ് .കല്യാണത്തിന് തീർച്ചയായും പോകണം .അച്ഛനും അമ്മയും വരില്ല .അവർക്കു എന്നെപോലെ അല്ല ,ഒന്നും പെട്ടെന്ന് മറക്കാൻ കഴിയില്ല .അവന്റെ വധു അതിസുന്ദരിയാണെന്നു കേട്ടു.നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന കുട്ടി .അവനെക്കാൾ 6 മാസം മുതിർന്നതാണെന്നും കേട്ടു . കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ തുള്ളികളെ അവൾ തുടച്ചു മാറ്റി.ജനൽ വലിച്ചടച്ചു കൊളുത്തു ഇട്ടു.

“നമ്മൾ വ്യത്യസ്ത ജാതിയിൽ പെട്ടവരാണ് ”

“ഈ ലോകത്തു അകെ രണ്ടു ജാതിയെ ഉള്ളൂ,ആണും പെണ്ണും .

“അതിനു എന്നെ കല്യാണിയേച്ചി അംഗീകരിക്കുമോ ?”

“എൻ്റെ ഇഷ്ടമാ അമ്മയുടെ ഇഷ്ടം ”

ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.ആശ്വാസത്തിനായി അവൾ കുറച്ചു നേരം പുറത്തു പോയി ഇരുന്നു

ചുവന്ന പട്ടു സാരിയും അതിനു മാച്ച് ചെയ്യുന്ന ബ്ലൗസും ധരിച്ചു അവൾ കല്യാണത്തിന് പുറപ്പെട്ടു .ആരെയും കാണണോ ഓര്മ പുതുക്കാനോ നില്കാതെ ടൂറിസ്റ്റ് ബസിന്റെ പിൻവശത്തുള്ള സീറ്റിൽ പെട്ടെന്നാരും കാണാത്ത വിധം ഒതുങ്ങിയിരുന്നു.

കല്യാണം കണ്ടു .സദ്യ ഉണ്ട്.ശ്യാമിനോട് ചേർന്ന് നിന്ന ആരതിയെ പരിചയപ്പെടാൻ നിന്നില്ല .കല്യാണത്തിന്റെ ആരവങ്ങൾ അടങ്ങാൻ മൂന്നു നാലു ദിവസമെടുത്തു .

ഒരിക്കൽ അമ്പലത്തിൽ വച്ച് കല്യാണിയേച്ചിയെ കണ്ടു .ശ്യാമും ആരതിയും ബാംഗ്ലൂർ ആണത്രേ .

“ഇനി ഓണത്തിനേഇങ്ങോട്ടുള്ളു രണ്ടാളും ” അവർ നിശ്വസിച്ചു.

“പട്ടണത്തിൽവളർന്ന കുട്ടിയല്ലേ ഇവിടമൊക്കെ ഇഷ്ടാവുമോ എന്ന് ഞാൻ പേടിച്ചു .എന്താ വിനയം ,എല്ലാരോടും എന്തൊരു ബഹുമാനം ”

രേഷ്മ സങ്കോചത്തോടെ തല താഴ്ത്തി .

“ഇവിടെ വളർന്ന കുട്ടികൾക്കാകട്ടെ ആരോടും ഒരു ബഹുമാനമില്ല ”

കൊല്ലം രണ്ടു കഴിഞ്ഞു .ഇതിനിടക്ക് വായനശാലയിലേക്കുള്ള വഴിയിൽ വച്ച് ശ്യാമിനെ കണ്ടു മുട്ടി

“ആ മുഖത്തെ തെളിച്ചം കുറഞ്ഞുവോ അതോ എൻ്റെ അസൂയ മൂലം എനിക്ക് തോന്നുന്നതാണോ ”

“നിനക്ക് സുഖമാണോ ”

തലകുലുക്കി ആണെന്ന് അറിയിച്ചു

“എന്നോട് മിണ്ടാൻ ഇഷ്ടമുണ്ടാവില്ല അല്ലെ ” ഒന്നും മിണ്ടിയില്ല.അവന്റെ ദുഃഖം സഹിക്കാൻ പറ്റുന്നില്ല .

“ആരതി ഇവിടെയുണ്ടോ??”

വന്നില്ല അയാൾക്കിവിടെ ബോറാകും ” കുട്ടികളുടെ കാര്യം ചോദിച്ചില്ല ,എത്രയാ പ്ലാനിംഗ് ?, അഞ്ചേണ്ണം ആണോ ,പണ്ട് തനിക്കു വാഗ്ദാനം ചെയ്തത് .അവൾക്കു ലജ്ജ തോന്നി . അവൾ ചോദ്യം അടക്കി .

പിരിയുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ പാട് പെട്ടു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി

ഒരു ദിവസം പതിവുപോലെ വൈകിട്ടത്തെ ട്രെയിനിൽ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പൂമുഖത്തു അമ്മയോടൊപ്പം കല്യാണിയേച്ചി .കണ്ണുകൾ സാരി തുമ്പു കൊണ്ട് തുടക്കുകയും മൂക്ക് ചീറ്റുകയും ചെയ്യുന്നു .

അവരെ ശ്രദ്ധിക്കാതെ തന്റെ മുറിയിലേക്ക് പോയപ്പോൾ കേട്ട വാക്കുകൾ ഞെട്ടിച്ചു കളഞ്ഞു

“എല്ലാം അബന്ധമായി സുജാതേ,എല്ലാം ഈശ്വരൻ തീരുമാനിക്കുന്നതല്ലേ ”

“ഒക്കെ കഴിഞ്ഞില്ലേ ചേച്ചി ,ശ്യാമിന് ഒരു നല്ല ജീവിതവും കിട്ടി .അവർക്കു ഇപ്പോഴും നാട്ടിൽ വന്നു നിൽക്കാൻ പറ്റുമോ ,ഓരോരോ തിരക്കല്ലെ”

“എന്ത് ജീവിതമാ ,പുറമെ കാണുന്ന പോലെയല്ല ഒന്നും ,അവന്റെ വിധി ,ഒരു കുഞ്ഞിക്കാലു കാണണമെന്ന് ഞാൻ ഒന്ന് പറഞ്ഞു പോയി.അത് ഈ ജന്മം നടക്കില്ല എന്ന് ആ കുട്ടി മുഖത്തു നോക്കി പറഞ്ഞു ”

” അതിനെന്താ ,ഇപ്പോഴത്തെ കുട്ടികളല്ലേ ,അവർക്കു ഒക്കത്തിനും ഒരു സമയം ഉണ്ട് .ഇതൊക്കെ ആരാ നിശ്ചയിക്കുന്നത് ,അവരല്ലേ ”

“അതല്ല സുജാതേ,ഞാനെങ്ങനെയാ പറയാ .ആ കുട്ടിക്ക് മുൻപും അബോർഷൻ നടന്നിട്ടുണ്ട് .വേറെ എന്തൊക്കെയോ പ്രശ്നങ്ങൾ .ആരും ഒന്നും മുൻപ് പറഞ്ഞില്ല .എൻ്റെ ,മോനെ പറ്റിച്ചതാ.അവൻ്റെ വിധി ,ഞങ്ങളുടെയും

അവർ കണ്ണുകൾ തുടച്ചു ,മുഖവും കവിളുകളും ചുവന്നു വീർത്തു

ഒന്നും കേൾക്കാത്ത മട്ടിൽ രേഷ്മ മുറ്റത്തെ ചെടികൾ നനയ്ക്കാൻ ആയി പോയി.കല്യാണിയേച്ചി അവളെ നോക്കി നെടുവീർപ്പിട്ടു .

“ഞാനെന്ത് അമ്മയാ,എൻ്റെ കുട്ടിയുടെ മനസ്സ് ഞാൻ കണ്ടില്ല .അച്ഛനില്ലാത്ത കുട്ടിയല്ലേ അവൻ .എല്ലാം മികച്ചത് അവനു നൽകണം എന്ന് തോന്നി ,പണത്തിനു പ്രാധാന്യം കൊടുത്തു ,പക്ഷെ ……”

“സാരമില്ല ചേച്ചി എല്ലാത്തിനും ഒരു പരിഹാരം ഉണ്ടല്ലോ ,ചേച്ചി വിഷമിക്കാതിരിക്കു ”

“രേഷ്മയെ ഞാൻ കുറെ വേദനിപ്പിച്ചു .ശ്യാമിപ്പോൾ ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിൽ ആണ് .അവനു ഒന്നും താങ്ങാനായില്ല.ഒരു ആക്സിഡന്റ് .മനഃപൂർവം വരുത്തിയത്.ഇപ്പോൾ എൻ്റെ ഏട്ടന്റെ മകന്റെ കൂടെയാണ്.അവനിപ്പോൾ എന്നോട് ആണ് ദേഷ്യം.അമ്മായി ഇപ്പോൾ ഇങ്ങോട്ടു വരേണ്ടെന്ന് അവൻ പറഞ്ഞു.എനിക്കും അവനെ ആ കിടപ്പിൽ കാണണ്ട .എൻ്റെ ഹൃദയം തകർന്നു പോയി.അവൻ ഇല്ലേൽ ഞാൻ ആർക്കു വേണ്ടി ജീവിക്കണം .ഇപ്പോൾ മനസിലായി എനിക്ക് ആരും ഇല്ലെന്നു .സങ്കടം കൂടി പറയാൻ ആരുമില്ല.”

“ചേച്ചി”

അമ്മ അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നത് കണ്ടാണ് രേഷ്മ രണ്ടു ഗ്ലാസ്സുകളിൽ ചായയുമായി വന്നത്.സുജാത അവരുടെ കൈകളിൽ തടവി ആശ്വസിപ്പിച്ചു

“രേഷ്മയോട് ഒരു അപേക്ഷയുണ്ട് .അവനെ വെറുക്കരുത് .എല്ലാം എൻ്റെ മാത്രം തെറ്റാണു ”

രേഷ്മ അവരെ ചേർത്ത് പിടിച്ചു .

“ഞാനും ശ്യാമും നല്ല സുഹൃത്തുകളല്ലേ ,അതെന്നും അങ്ങനെ തന്നെ ആയിരിക്കും ”

“വെറുമൊരു സുഹൃത്താണോ ശ്യാം നിൻറെ .ഡിവോഴ്സ് കേസ് ഫയൽ ചെയ്തു .എൻ്റെ മോന്റെ സന്തോഷം ആണെനിക്ക് വലുത് ”

“കല്യാണിയേച്ചി എന്നോട് ക്ഷമിക്കണം .വിവാഹമെന്നത് എൻ്റെ സ്വപ്നം അല്ല.ബുദ്ധിവളർച്ചയില്ലാത്ത കുട്ടികൾക്ക് ഒരു സ്കൂൾ ,അതാണ് ഇപ്പോൾ എൻ്റെ സ്വപ്നം .അതിന്റെ മുന്നിൽ എൻ്റെ വേറെ സ്വപ്നങ്ങൾക്ക് പോലും സ്ഥാനമില്ല .അവരുടെ അമ്മയായി എപ്പോഴും കൂടെ ഞാൻ ഉണ്ടാകും .ഞാനും എൻ്റെ രണ്ടു കൂട്ടുകാരും ചേർന്ന് നടത്തുന്നത്.പേപ്പർ വർക്ക് ഒക്കെ ശെരിയായി.ശ്യാമിന് ഒരു മികച്ച സ്പോൺസർ ആകാൻ കഴിയും ”

സുജാത തൻ്റെ മകളുടെ ദൃഢനിശ്ചയത്തിന് മുൻപിൽ തികട്ടി പുറത്തേക്കു വരാനിരുന്ന വാക്കുകളെ ഒതുക്കി .അവളുടെ കണ്ണിലെ ആ തിളക്കം എന്നുമുണ്ടാകണം .”നന്നായി കുട്ടി “.നിൻറെ സ്നേഹത്തെ എത്ര നിഷ്കരുണമാണ് അവർ തള്ളി കളഞ്ഞത് .അവൾ എത്ര മാത്രം വിഷമിച്ചു.ഞാൻ പോലും അവളെ കുറ്റപ്പെടുത്തി .ആത്മാഭിമാനത്തോടെ കല്യാണിയേച്ചിയുടെ മുന്നിൽ നിൽക്കുന്ന മകളെ അവർ വാത്സല്യത്തോടെ നോക്കി .

രേഷ്മയെ നിറകണ്ണുകളോടെ നോക്കിയിരിക്കുന്ന കല്യാണിയേച്ചി.

“ചായ കുടിക്കു ,ശ്യാമിനെ നാട്ടിലേക്കു കൊണ്ട് വരൂ ,ഇവിടെ ഞാനും കിരണും സുമിത്രയുമൊക്കെ ഉണ്ടല്ലോ .ബാക്കിയുള്ളവർ ഇടയ്ക്കിടയ്ക്ക് വരുന്നവർ ആണ്.എല്ലാവര്ക്കും നാടുമായി നല്ല ബന്ധം ആണ് .ഇവിടെ ആയിരിക്കും അവൻ സേഫ് ”

രേഷ്മ ചായ ഗ്ലാസ്സുമായി മടങ്ങി .കല്യാണിയേച്ചി പോകാൻ എണീറ്റു.അവർ വിഷമിച്ചു നടന്നു പോകുന്നത് സുജാത വിഷമത്തോടെ നോക്കി നിന്നു.പുളിമാവിൻചോട്ടിൽ അവർ ഇരിക്കുന്നതും പോക്ക് വെയിൽ അവരുടെ മുഖത്തെ വിഷാദ ഛായ കൂട്ടിയതും ,ഇളം കാറ്റ് വീശി അവരുടെ സാരി തലപ്പ് ഉയരുന്നതും ജനലിലൂടെ രേഷ്മ കാണുന്നുണ്ടായിരുന്നു

രചന : – നിശീഥിനി

Leave a Reply

Your email address will not be published. Required fields are marked *