ഒരു നവരാത്രി ദിനത്തിന്റെ ഓർമ്മക്ക്

Uncategorized

രചന: അച്ചു

“എടി മീനൂട്ടി…. ഒന്ന് വേഗം നടക്കു പെണ്ണെ…”

കൃഷ്ണ വേഗത്തിൽ നടന്നു കൊണ്ട് പുറകെ പാവാട ഞൊറികൾ തെരുപിടിച്ചു കൊണ്ട് മെല്ലെ നടക്കുന്ന മീനുവിനെ നോക്കി പറഞ്ഞു. മീനുവിനാണെങ്കിൽ അവളുടെ സംസാരം കേട്ടപ്പോൾ നല്ല ദേഷ്യമാണ് തോന്നിയത്..

ഈ ഓണത്തിന് അച്ഛമ്മ മേടിച്ചു തന്നതാണ് പുതിയ പട്ടുപാവാട…

ഒരുപാട് ആശിച്ചു കിട്ടിയത്…

സ്കൂളിൽ ഇതൊന്നും ഇടാൻ പറ്റില്ല.. എന്നും യൂണിഫോം ആണ്. ഇതിപ്പോ അമ്പലത്തിലൊക്കെ പോകുമ്പോഴാണ് ഇഷ്ടമനുനുസരിച്ചുള്ള വസ്ത്രധാരണം.

അതുകൊണ്ട് താളത്തിൽ ആ ഞൊറികൾ ഇളകിയാടുന്ന ഭംഗി ആസ്വദിച്ചു കൊണ്ടാണ് മീനുവിന്റെ നടത്തം..

ഇരുവശങ്ങളിലും പച്ചപ്പട്ടു വിരിച്ചത് പോലെയുള്ള വയലിന്റെ ഒത്ത നടുക്കു കൂടിയുള്ള ചെമ്മൺ പാതയിലൂടെയാണ് അവർ നടക്കുന്നത്…

മുന്നോട്ട് വേഗത്തിൽ നടന്നു നീങ്ങിയ കൃഷ്ണ പെട്ടെന്നുതന്നെ നടപ്പിന് വേഗത കുറച്ചു… അതുകണ്ടപ്പോൾ മീനുവിന് ചുണ്ടിൽ ചിരി വിരിഞ്ഞു.. കാരണം വേറൊന്നുമല്ല… ചെമ്മൺപാത അവസാനിക്കുന്നിടത്ത് ഒരു കല്ലിങ്ക് ആണ്. അവിടെ എപ്പോഴും കാണും കുറെ വായിനോക്കികൾ…

ഇന്നിപ്പോൾ അമ്പലത്തിൽ പോകുന്നവരെ കമന്റ്‌ അടിക്കാൻ ഒത്തുകൂടിയതാകാം എല്ലാം… വിജയദശമി ദിനമാണ്… പുസ്തകപൂജ തുടങ്ങുന്നതിനു മുൻപ് ക്ഷേത്രത്തിൽ എത്തണം.

വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ട് ദേവിക്ഷേത്രത്തിലേക്ക്…

അവിടെ നവരാത്രി ആഘോഷങ്ങൾ നടക്കുന്നു…

പുസ്തകം പൂജക്കഴിഞ്ഞാൽ തിരുമേനി പേര് വിളിക്കുന്ന മുറക്ക് ദക്ഷിണ കൊടുത്തു മേടിക്കണം.. വൈകിയാൽ… പേര് വിളിച്ചു പോയാൽ,പിന്നെ കുട്ടികളെ എഴുതിനിരുത്തി… എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമേ പുസ്തകം കിട്ടൂ. അതേവരെ കാത്തു നിൽക്കണം.. അതാണ് കൃഷ്ണ വേഗത്തിൽ നടന്നത്…

ഇതിപ്പോ ആ വായിനോക്കികളിൽ ഒരു കേമനുണ്ട്.. അവനാണെങ്കിൽ കുറെ നാളായി കൃഷ്ണയുടെ പുറകെയാണ്… അവൾക്കു അവനെ കാണുന്നത് തന്നെ ചതുർഥിയാണ്…

“എന്താടി ബ്രേക്ക്‌ ഇട്ടപോലെ….

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

അമ്പലത്തിൽ നേദിക്കാനുള്ള പഴവും ശർക്കരയും അവിലും മറ്റും നിറച്ച തട്ടം കൈയിൽ തെരുപിടിച്ചു കൊണ്ട് അവൾ എന്നെ ദയനീയമായി നോക്കി…

“ഈ കമന്റ്‌ അടിക്കുന്നവൻമാരോടൊക്കെ രണ്ടെണ്ണം പറയണമെങ്കിൽ അതിനു ഞാൻ തന്നെ വേണം..

അങ്ങനെ അവിടെയിരുന്നു കമന്റ്‌ അടിക്കുന്നവൻമാർക്ക് കുറിക്ക് കൊള്ളൂന്ന മറുപടിയും കൊടുത്തു ഞങ്ങൾ നടന്നു അമ്പലത്തിൽ എത്തിയപ്പോഴേക്ക് ശ്രീകോവിലിലെ പൂജ കഴിഞ്ഞ് തിരുമേനി പുസ്തകപൂജ തുടങ്ങിയിരുന്നു… അകത്തളത്തിൽ മൂന്ന് വട്ടം വലം വച്ചു… ശ്രീകോവിലിൽ മുന്നിൽ നിന്ന് ദേവിയെ വിളിച്ചു മനസുരുകി പ്രാർഥിച്ചു.

“എന്റെ കാവിലമ്മേ… Plus two ആണ്… നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി പാസ്സാക്കാൻ അനുഗഹിക്കണേ ദേവി….

തൊഴുത് പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ പൂജ കഴിഞ്ഞ് പുസ്തകം കൊടുത്തു തുടങ്ങിയിരുന്നു… എവിടെയാണെങ്കിൽ നല്ല തിരക്ക്… നില്ക്കാൻ കൂടി സ്ഥലമില്ല… ഞാൻ അവിടെ ഒതുങ്ങി നിന്ന് കൊണ്ട് ആകെമാനം വീക്ഷിച്ചു…

കൂടെ പഠിച്ചവർ.. സുഹൃത്തുക്കൾ…അങ്ങനെ പരിചയമുള്ള കുറെ മുഖങ്ങൾ… ആഗ്രഹിച്ച മുഖം മാത്രം അവിടെയെങ്ങുമില്ല… മീനുവിന് കടുത്ത നിരാശ തോന്നി…

“മീനാംബിക, തെക്കേതിൽ…

തിരുമേനി രണ്ടാവർത്തി ഉറക്കെ വിളിച്ച ശേഷം ചുറ്റും നോക്കി…

കൃഷ്ണ ഒരു നുള്ള് തന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്…

ഞാനാണെങ്കിൽ തേടുന്ന മുഖം കാണാത്തതിന്റെ നിരാശയിൽ നിൽക്കുകയാണ്…

വേഗം ദക്ഷിണ കൊടുത്തു പുസ്തകം മേടിച്ചു പുറത്തേക്ക് നടന്നു..

അവിടെ ഊട്ടുപുരയ്ക്ക് സമീപം ഉള്ള തറയിൽ നിലത്തു വിതറിയ മണലിൽ ആദ്യാക്ഷരം എഴുതുന്നതിനായി ഇരുന്നു.

“ഇന്നേ വരെ ഒന്നും മിണ്ടിയില്ല… സ്നേഹത്തോടെ ഒന്ന് നോക്കി ചിരിച്ചിട്ട് കൂടിയില്ല… എന്നാലും എന്നും കാണാറുണ്ട്… തന്നെ മാത്രം ശ്രദ്ധിക്കുന്ന പോലെ തോന്നാറുണ്ട്… ഇന്നിപ്പോ ഈ വിശേഷദിവസം ആളെവിടെ???

ആ ഒരാൾ കാണാൻ വേണ്ടിയല്ലേ…

കണ്ണിണയിൽ കരിമഷിയണിഞ്ഞു… കൈകളിൽ കുപ്പിവളയണിഞ്ഞു… പാട്ടുപാവാടയുടുത്തു…. നീണ്ട മുടിയിൽ തുളസികതിരൊക്കെ അണിഞ്ഞു ഓടി വന്നത്…

എന്നിട്ടിപ്പോ….

മീനുട്ടിക്ക് മിഴികൾ ഈറനണിഞ്ഞിട്ട് കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി…

“വിഷമിക്കല്ലെടി… എന്തെങ്കിലും തിരക്ക് കാണും അതായിരിക്കും വരാത്തത്…”

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ തന്നെ സമാധാനിപ്പിക്കാൻ കൃഷ്ണ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

എന്നാൽ അതൊന്നും എന്റെ ചെവിയിൽ കേറിയില്ല…

കുറെ വർഷങ്ങളായി ഹരിയേട്ടനെ അമ്പലത്തിൽ വച്ചു കാണാൻ തുടങ്ങിയിട്ട്…

ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലാണ് ആള്…

ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് ചുവടു വച്ചപ്പോൾ മനസിലെ ചിന്തകൾക്ക് നിറമാറ്റം സംഭവിച്ചു തുടങ്ങിയപ്പോൾ മനസ്സിൽ കയറി കൂടിയ രൂപമാണ്…

ഒരിക്കലും സംസാരിച്ചിട്ടില്ല…

എന്നാലും എവിടെയോ പറയാതെ പോയൊരു ഇഷ്ടം ആ മനസ്സിൽ തന്നോടുണ്ടെന്ന് തോന്നിയിട്ടുണ്ട്…

ഓരോന്ന് ചിന്തിച്ചു നടന്നു നടന്നു കൃഷ്ണയുടെ വീടെത്താറായത് അറിഞ്ഞതേയില്ല…

അവൾ യാത്ര പറഞ്ഞു പോയപ്പോൾ മൗനമായി മെല്ലെ നടന്നു മീനു….

നിറയെ ചെമ്പരത്തി പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന വേലിപ്പടർപ്പിന്റെ സമീപത്തു എത്തിയപ്പോഴാണ് കുറെ ദൂരെ വയലിലേക്ക് തിരിയുന്ന ഭാഗത്ത്‌ ഒരു ബൈക്ക് ഇരിക്കുന്ന കണ്ടത്….

ആ ബൈക്കിൽ ചാരി തന്നെ മാത്രം ശ്രദ്ധിച്ചു കൊണ്ട് ഒരാൾ..

“ഹരിയേട്ടൻ…

എനിക്ക് ഹൃദയം പട പട ഇടിച്ചു തുടങ്ങി…

മുന്നോട്ടു നടക്കാൻ കാലുകൾക്ക് ശക്തിയില്ലാത്ത പോലെ…

“എന്താണ് പെണ്ണെ… എന്നെ കണ്ടതും നിന്ന് പരുങ്ങുന്നേ…???

അടുത്തെത്തിയതും ഹരിയേട്ടന്റെ ചോദ്യം…

ദേഷ്യമാണോ.. സങ്കടണോ… സന്തോഷണോ…

എനിക്കറിയില്ല… എന്റെ ആ സമയത്തെ വികാരം എന്തായിരുന്നെന്നു….

ഞാൻ പകപ്പോടെ ചുറ്റും നോക്കി… ആരെങ്കിലും കണ്ടാൽ…

ഭാഗ്യം!”

ആ ഭാഗത്തെങ്ങും ആരുമില്ല…

“ഒന്നും പറയാനില്ലേ മീനുട്ടിക്ക് എന്നോട്….

തന്നെത്തന്നെ നോക്കി മൗനമായി നിൽക്കുന്ന ആ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ നിൽക്കുമ്പോഴാണ് ഹരിയേട്ടന്റെ ചോദ്യം…

“അമ്പലത്തിൽ ഞാനെത്ര നോക്കി… ശരിക്കും സങ്കടായി.. അറിയോ???

ഒരു പിണക്കം പോലെ അത്രയും പറഞ്ഞൊപ്പിച്ചു ഞാൻ….

“”ഞാൻ കണ്ടിരുന്നു… ആരെയോ തിരയുന്ന ഈ കണ്ണുകൾ…

ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു…

“എന്നിട്ടെന്തേ എന്റെ മുന്നിൽ വരാതെ… എന്നെ മനഃപൂർവം സങ്കടക്കാൻ ആണല്ലേ…?

ഞാൻ പരിഭവം പോലെ പറഞ്ഞു…

“അങ്ങനെ ആൾക്കൂട്ടത്തിലും ആരവത്തിനും ഇടയിലല്ലാതെ എന്റെ മീനുട്ടിയെ എനിക്കിന്ന് തനിയെ കാണണം എന്ന് തോന്നി…

മനസ്സിൽ ഇതുവരെ പറയാതെ ഒളിപ്പിച്ച ആ ഇഷ്ടം ഈ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കണം എന്ന് തോന്നി. അതാണിവിടെ കാത്തു നിന്നത് ”

പ്രണയമാണോ വാത്സല്യമാണോ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നതെന്നു എനിക്ക് വിവേചിച്ചറിയാൻ കഴിഞ്ഞില്ല…

എന്തായാലും ഹരിയേട്ടൻ യാത്രപറഞ്ഞു പോയിട്ടും ഞാനാനിൽപ്പ് അവിടെ തന്നെ നിന്നു…

അങ്ങ് ദൂരെ വയലിറമ്പിൽ പ്രഭാതസൂര്യന്റെ ചുവപ്പിന് തിളക്കം കൂടുതലാണെന്നെനിക്ക് തോന്നി… പ്രണയത്തിന്റെ രാജിമല്ലിപ്പൂക്കൾ എന്റെ മനസിലും ആദ്യമായി പൂവിട്ട ഒരു അനുഭവം.

ശുഭം….

രചന: അച്ചു

Leave a Reply

Your email address will not be published. Required fields are marked *