Categories
Uncategorized

ഒരു ദിവസം വന്ന വിവാഹാലോചനയ്ക്ക് സമ്മതമെന്നു പറഞ്ഞ് അവൾ…

രചന: വൈദേഹി വൈഗ (ജാനകി )

ഇരുപൂക്കൾ…

“നാശം….. നീ ആരുടേലും തലേലായി ഇവിടുന്നൊന്ന് പോയാലേ എനിക്ക് സ്വസ്ഥത എന്നൊരു സാധനം കിട്ടൂ……”

എല്ലാവരുടെയും മുന്നിൽ വച്ച് അനഘ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജനയുടെ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു, വേദനയിലോ അപമാനത്തിലോ എന്തെന്നറിയില്ല, കോപം തികട്ടി വന്നതും അനഘയുടെ മുഖത്ത് അഞ്ജന ആഞ്ഞടിച്ചു.

“നാവടക്കെടി അസത്തെ…. ഇനിയൊരക്ഷരം മിണ്ടിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും…..”

നിസാരമായൊരു കാര്യത്തിൽ തുടങ്ങിയ വാക്കുതർക്കം ഇത്രത്തോളം എത്തുമെന്ന് അവിടെ കൂടിയിരുന്ന ആരും കരുതിയിട്ടുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി അഞ്ജനയുടെ പിറന്നാളാഘോഷിക്കുകയായിരുന്നു. നാവിലലിയും മധുരമൂറും നിമിഷങ്ങൾക്കിടയിലാണ് കയ്പ്പ് കലർന്ന സംഭവങ്ങൾ അരങ്ങേറിയത്, അതിന്റെ ആഘാതത്തിലായിരുന്നു എല്ലാവരും.

“നീ…. നീയെന്നെ തല്ലിയല്ലേ….. ”

അടികൊണ്ടു ചുവന്ന കവിളിൽ കൈചേർത്ത് അനഘ പൊട്ടിത്തെറിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു….

അവളുടെ കണ്ണുനീർ കണ്ടതും അഞ്ജുവിന്റെ ഹൃദയത്തിൽ ചോര പൊടിഞ്ഞപോൽ നീറ്റലായിരുന്നു, ഇന്നേവരെ ഒന്ന് നുള്ളിനോവിച്ചിട്ടില്ല തന്റെ അനിയത്തിയെ… തല്ലണമെന്ന് കരുതിയതല്ല. ദേഷ്യം സഹിക്കവയ്യാതെ പറ്റിപ്പോയതാണ്.

“അനൂ… ഞാൻ….”

അവൾ പറയാനാഞ്ഞതും അനഘ കരഞ്ഞുകൊണ്ട് മുറിയിലേക്കോടിയിരുന്നു, ഒരു നിമിഷം കൊണ്ട് സന്തോഷം നിറഞ്ഞുതുളുമ്പിയ ആ വീട് മരണവീട് പോലെ മൂകമായി. പതിയെ അഞ്ജനയും അവളുടെ റൂമിലേക്ക് ഉൾവലിഞ്ഞു.

പുറത്ത് ഭക്ഷണം വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയും ശബ്ദകോലാഹലങ്ങൾ കേട്ടിരുന്നെങ്കിലും മുറിവിട്ടിറങ്ങാൻ അവൾക്ക് തോന്നിയില്ല, വെളിച്ചം അരോചകമെന്ന് തോന്നി ലൈറ്റ് കെടുത്തി വെറും നിലത്തിരുന്നു, കണ്ണടച്ചാൽ കാണുന്നത് അനുവിന്റെ കരയുന്ന മുഖമാണ്. അഞ്ജനക്ക് സ്വയം വെറുപ്പുതോന്നി.

ഇടക്കെപ്പോഴോ അച്ഛൻ ഊണുകഴിക്കാൻ വന്നു വിളിച്ചെങ്കിലും വിശപ്പില്ലെന്നു പറഞ്ഞ് മടക്കിയയച്ചു, മനസ്സ് നീറിപ്പുകയുമ്പോൾ എന്ത് വിശപ്പ് എന്ത് ദാഹം…..

രാത്രിയേറെ കഴിഞ്ഞു, ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ ശാന്തമായി അന്തരീക്ഷം. മനസ്സിനൊരു സമാധാനവുമില്ലാഞ്ഞിട്ടാണ് രാത്രിയേറെ വൈകിയെന്നറിയാമായിരുന്നിട്ടും അനഘയുടെ മുറിയിലേക്ക് നടന്നു, ക്ഷമ ചോദിക്കാം, വേണമെങ്കിൽ കാലുപിടിക്കാം…. തെറ്റ് തന്റെ ഭാഗത്തുമുണ്ടല്ലോ….

പക്ഷെ അനഘയുടെ തേങ്ങൽ അവളെ തടഞ്ഞു, വാതിലിന് സമീപം നിന്നു പോയി അഞ്ജു, ഉള്ളിലേക്ക് കടന്ന് അനുവിനെ ആശ്വസിപ്പിക്കാൻ അവളുടെ ഉള്ളം വിങ്ങി.

“അവളുണ്ടെങ്കിൽ ഞാൻ ഈ വീട്ടിൽ നിക്കില്ലച്ഛാ, എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയേക്ക്… ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോക്കോളാം….”

അച്ഛനോടുള്ള അവളുടെ അപേക്ഷ കേട്ട് അഞ്ജുവിന്റെ ഹൃദയം തകർന്നു, തറയിൽ വീണു ചിതറിയ കണ്ണാടിത്തുണ്ടുകളിൽ വീണു പിടഞ്ഞ ചോരയിറ്റുന്ന ഹൃദയവുമായി അവൾ ദിവസങ്ങളോളം തന്റെ മുറിയിൽ ഇരുളിൽ ഏകയായി കഴിച്ചുകൂട്ടി. ഒടുവിൽ പെട്ടെന്നൊരു ദിവസം വന്ന വിവാഹാലോചനയ്ക്ക് സമ്മതമെന്നു പറഞ്ഞ് അവൾ എല്ലാരേയും അമ്പരപ്പിച്ചു,

കല്യാണ ഒരുക്കങ്ങളൊക്കെ പെട്ടെന്നായിരുന്നു, വിവാഹനിശ്ചയവും തിയതി കുറിക്കലും കല്യാണപ്പുടവയെടുക്കലും ആഭരണം വാങ്ങലും ഒക്കെ ദിവസങ്ങൾക്കുള്ളിൽ നടന്നു, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ കല്യാണത്തിന്…

കല്യാണനാൾ അടുക്കുംതോറും അനുവിന്റെ സ്വസ്ഥത നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു, വിലപ്പെട്ടതെന്തോ നഷ്ടമാകുന്നു എന്ന തോന്നൽ അവളെ ചെവിയിൽ ഉറുമ്പ് കടന്നാലെന്ന പോലെ അനുനിമിഷം അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു….

വിവാഹത്തിനായി ആ വീടൊരുങ്ങിയപ്പോഴും രണ്ട് ആത്മാക്കൾ ഒരേ കൂരക്കീഴിൽ രണ്ടുമുറികളിൽ ഉറക്കമില്ലാത്ത പലരാത്രികളെയും കടന്നുപോയ്ക്കൊണ്ടിരുന്നു.

തനിക്കെന്താണിത്രയും അസ്വസ്ഥത, തന്റെ ഹൃദയം എന്തിനാണ് ഇങ്ങനെ വി-ങ്ങിപ്പൊട്ടുന്നതെന്ന് അനുവിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല, തന്റെ പ്രധാന എതിരാളി വീടുവിട്ടു പോവുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്, എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ അനു ഉറക്കമില്ലാതലഞ്ഞു,

കല്യാണത്തലേന്ന്, ബന്ധുക്കളും അടുത്ത അയൽവാസികളുമൊക്കെയായി വീട് ഇരുളിലും ഉണർന്നിരുന്നു.തീരെ സഹിക്കവയ്യാതെ അനു അഞ്ജുവിന്റെ മുറിയിലേക്ക് നടന്നു, പക്ഷെ മുറിക്ക് മുന്നിലെത്തിയതും അവൾ ഒന്ന് നിന്നു,

വേണ്ടാ, നാളെയവൾ പടിയിറങ്ങുകയല്ലേ, ഇത്രയും ദിവസങ്ങളിൽ ഇല്ലാത്തതൊന്നും കുറച്ചു മണിക്കൂറുകൾക്ക് വേണ്ടി വേണമെന്നില്ല….

പറയാനുണ്ടായിരുന്നതൊക്കെ മനസ്സിൽ തന്നെ കുഴിച്ചു മൂടി അവൾ തിരികെ തന്റെ തിരക്കുകളിലേക്കൂളിയിട്ടു.

കല്യാണം കഴിഞ്ഞു, ചെക്കൻ വീട്ടുകാർ പെണ്ണിനെ കൂട്ടി പോകാനിറങ്ങുമ്പോൾ നിയന്ത്രണം വിട്ടുകരയുന്ന ചേച്ചിയെയും അച്ഛനെയും നോക്കി നിർവികാരതയോടെ നിക്കുമ്പോൾ അനു ഓർത്തു, അമ്മയുണ്ടായിരുന്നെങ്കിൽ……

അമ്മയുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങൾ ഇതായിരുന്നേനെ…

അനുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു, അതാരും കാണാതെ മറച്ചുപിടിക്കാനോ കൂടെപ്പിറപ്പ് തന്നിൽ നിന്നകലുന്നത് കണ്ടുനിൽക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടോ… പിന്നെയൊരു നിമിഷം പോലും അനു അവിടെ നിന്നില്ല.

അഞ്ജു ഇല്ലാത്ത വീട്ടിൽ അവൾക്ക് ഭ്രാന്ത്‌ പിടിക്കുംപോലെ തോന്നി, പണ്ട് എവിടെ തിരിഞ്ഞാലും പൂച്ചയെ പോലെ വീടിന്റെ ഏതെങ്കിലുമൊരു കോണിൽ ചേച്ചിയുണ്ടാകുമായിരുന്നു, അന്നാ ധൈര്യത്തിൽ ഒന്ന് മിണ്ടുക കൂടിയുണ്ടായിരുന്നില്ല.

പക്ഷെ ഇന്ന്….. അവൾ ഇല്ലാത്ത വീട് നരകമാണെന്ന് അനു തിരിച്ചറിയുകയായിരുന്നു. വിശപ്പും സ്ഥലകാലബോധവുമില്ലാതെ ഭ്രാന്ത് പിടിച്ചാലെന്ന പോലെ മാറി അവൾ.

മറുവീട് കാണലിന് ആദ്യം പുറപ്പെട്ടിറങ്ങിയത് അനു ആയിരുന്നു, എങ്ങനെയെങ്കിലും ചേച്ചിയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ…..

വണ്ടിയിൽ നിന്നിറങ്ങി അക്ഷരാർഥത്തിൽ ഓടുകയായിരുന്നു, ഓടിപ്പോയി അഞ്ജുവിനെ കെട്ടിപ്പിടിച്ചു പരിസരബോധം പോലുമില്ലാതെ പൊട്ടിക്കരഞ്ഞു അവൾ, അഞ്ജുവിന്റെ അവസ്ഥയും വേറിട്ടതായിരുന്നില്ല…..

നമ്മളിൽ പലരും അഞ്ജുവിനെയും അനുവിനെയും പോലെയാണ്, അരികിൽ ഉണ്ടായിരിക്കുമ്പോൾ വിലയുണ്ടാവില്ല. അവർ വിലമതിക്കാനാവാത്തതായിരുന്നു എന്ന് തിരിച്ചറിയുന്നത് അവർ അത്രമേൽ നമ്മിൽ നിന്നകലുമ്പോളായിരിക്കും….

ഒരുപക്ഷെ ആ തിരിച്ചറിവ് വരുമ്പോഴേക്കും അവർ അടുക്കാനാകാത്ത വിധം ഒരുപാട് അകലെയുമായിരിക്കാം…..

ബന്ധങ്ങൾ സ്പടികത്തുണ്ട് പോലെയാണ്, പൊട്ടിത്തകരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യവും…..

രചന: വൈദേഹി വൈഗ (ജാനകി )

Leave a Reply

Your email address will not be published. Required fields are marked *