ഒരിക്കൽ പോലും അവളവളുടെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല.

Uncategorized

രചന: Nila Chenthechi

ഹൃദയത്തിൽ സൂക്ഷിക്കാൻ…

തൊഴുതിറങ്ങിയവൻ ആൽത്തറയിൽ വന്നിരുന്നു.

മൂന്നു മാസത്തെ ലീവിന് വന്നതാണ്, വല്ല്യ വിശ്വാസിയായത് കൊണ്ടൊന്നുമല്ല പക്ഷെ അമ്പലത്തിനു ചുറ്റും ഒരു പോസിറ്റീവ് എനർജിയാണ്….!!

പ്രത്യേകിച്ച് ഈ ആൽമരം….!!

നല്ല ശുദ്ധ വായു കിട്ടും…..

ഈ നാട്ടിൽ ഒറ്റക്ക് വന്നിരിക്കാൻ ഇത്രയും നല്ല സ്ഥലം വേറെയില്ല.

ലീവിന് വന്നാൽ പിന്നെ എല്ലാ ദിവസവും വൈകുന്നേരം ഇവിടെ വന്നിരിക്കും, കുറെ നനുത്ത ഓർമ്മകളും പേറി…..!!

ഇടയ്ക്കിടെ വീശിയടിക്കുന്ന മാരുതൻ ആലിലകളെ പുളകം കൊള്ളിച്ചു കടന്നു പോകുന്നുണ്ട്…..!!

അവയിങ്ങനെ താളത്തിൽ ആടുന്നുണ്ട്.!!

വൈകുന്നേരം ആയതു കൊണ്ട് വലിയ തിരക്കില്ല, എങ്കിലും സാമാന്യം ആളുകൾ ഉണ്ട്,

തൊഴുതിറങ്ങുന്നവരെല്ലാം തന്നെ നോക്കുന്നുണ്ട്,

അഭിമാനവും ആദരവുമെല്ലാം ആ കണ്ണുകളിലുണ്ട്,

തന്റെ പദവിക്ക് കിട്ടുന്ന അംഗീകാരം….!!

തൊഴുതിറങ്ങുന്ന ചില തരുണികളുടെയും ശ്രദ്ധ തന്നിൽ തന്നെയാണ്,

തന്നിലേക്ക് നീളുന്ന അവരുടെ കണ്ണുകളിൽ വല്ലാത്ത തിളക്കമവൻ കണ്ടു,

കണ്മഷിക്കറുപ്പുള്ള ആ കണ്ണുകളിൽ ആരാധനയുടെ, അതിലുപരി മറ്റെന്തിന്റെയോ ലാഞ്ചനയുണ്ട്….!!

പക്ഷെ അവയൊന്നും തന്നെ മോഹിപ്പിക്കുന്നില്ല,

തന്നെ എന്നും മോഹിപ്പിച്ചിരുന്നതാ ഒഴിഞ്ഞ മിഴികളാണ്…..!!

ചുവന്നു തുടുത്ത മുഖത്തേ കൂടുതൽ പ്രകാശപൂരിതമാക്കുന്ന ആ കുഞ്ഞിക്കണ്ണുകൾ….!!

അമ്പലത്തിൽ ആളൊഴിഞ്ഞു തുടങ്ങി, ആലിലകളിങ്ങനെ ഏതോ പാട്ടിനീണമിട്ടെന്ന പോലെ താളത്തിലാടിക്കൊണ്ടിരുന്നു.

ശുദ്ധവായു നിറഞ്ഞ മനം കുളിർപ്പിക്കുന്നൊരു ഗന്ധം അവനെ പൊതിഞ്ഞു.

മനസ്സിങ്ങനെ ആലിലകളെ പോലെ ആടിക്കൊണ്ടിരുന്നു… പക്ഷെ അവയെ പോലെ അതിനൊരു താളമില്ലായിരുന്നുവെന്ന് മാത്രം…..!!

ഓർമ്മകളിൽ വെളുത്തു കൊലുന്നനെയുള്ളൊരു പെണ്ണിന്റെ രൂപം തെളിഞ്ഞു.

ആപ്പിൾ പോലെ തുടുത്ത കവിളുകളുള്ളവൾ….!!

ചുവന്ന പനിനീർ പുഷ്പം പോൽ മനോഹരിയായവൾ……!!

മഞ്ഞിനേക്കാൾ മൃദുലമായ പുഞ്ചിരിയുള്ളവൾ…..!!

————————-

ഒരു ദിവസം യാദൃശ്ചികമായാണവളെ കാണാനിടയായത്…….

രാവിലെ ക്യാമ്പിലെ സുഹൃത്തുക്കൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു.

ശരീരം മരവിപ്പിക്കുന്ന തണുപ്പ്, പക്ഷെ ഇപ്പൊ അത് ശീലമായിരിക്കുന്നു.

കാശ്മീരിന്റെ മണ്ണിൽ കാല് കുത്തിയ നിമിഷം മുതൽ ആസ്വദിക്കുകയായിരുന്നു ഇന്ത്യയെ മനോഹരമാക്കുന്ന കശ്മീർ എന്ന വിസ്മയത്തേ….!!

മഞ്ഞു വീണ വഴികളിലൂടെ ഞങ്ങൾ നടന്നു നീങ്ങി,

ദാൾ തടാകത്തിനരികിലെത്തിയതും ഞങ്ങൾ നിന്നു….!!

അത്രമേൽ മനോഹാരിതയോടവൾ നിറഞ്ഞൊഴുകുമ്പോൾ കാണാതെ പോകുന്നതെങ്ങനെ….??

ശരിക്കും മനോഹരമല്ല അതിമനോഹരമാണിവിടം….!!

അത്രമേൽ മനോഹരം കാശ്മീരിന്റെ ഓരോ തുടിപ്പും….

അതു തന്നെയാണ് ശത്രുക്കളെ പോലും ഇവിടേക്കാകർഷിക്കുന്നതും…..!!

“ദാൾ….!!”

“പൂക്കളുടെ തടാകം….!!”

തടാകത്തിലൂടെ തുഴഞ്ഞു നീങ്ങുന്ന കൊച്ചു കൊച്ചു ബോട്ടുകൾ…

അതിൽ നിറയെ പച്ചക്കറികളും പല തരം മനോഹരമായ പുഷ്പങ്ങളും…

Floating market…..!!

തടാകത്തിലൂടെയുള്ള വാണിജ്യം…

പിറകിൽ പുകപടലം പോലുയർന്നുപൊങ്ങുന്ന മഞ്,

നീല ജലത്തിനുമുകളിലുള്ള പച്ചപ്പായലുകളെ വകഞ്ഞു മാറ്റി,

ഏഴു വർണ്ണങ്ങളുമുള്ള പൂക്കൾ നിറച്ചു കൊണ്ട് ഓളപ്പരപ്പിലൂടൊഴുകി നടക്കുന്ന കുഞ്ഞ് ബോട്ടുകൾ….

ആ കാഴ്ച…..!!

മനോഹരമല്ല അതിമനോഹരം….!!

ദാൾ തടാകത്തിന്റെ ഓളപ്പരപ്പിൽ കണ്ണു നട്ടു നിൽക്കവെയാണ്…

നിറയെ പൂക്കൾ നിറച്ചുകൊണ്ട് അവളാ കുഞ്ഞ് വഞ്ചി തുഴഞ്ഞെന്റെ ഹൃദയത്തിൽ കയറിയത്……!!

പല തരത്തിൽ പല വർണ്ണങ്ങളിലുള്ള പൂക്കൾ ആ വഞ്ചിയിൽ ഉണ്ടായിരുന്നു.

എന്നിട്ടും മിഴികൾ തറഞ്ഞതാ കാശ്മീരി പെണ്ണിലായിരുന്നു.

ആ വഞ്ചിയെ മനോഹരമാക്കുന്നതാ പൂക്കളല്ല അവളാണെന്ന് തോന്നി,

കണ്ണെടുക്കാതെ നോക്കി നിന്നു.

വഞ്ചി കരക്കടുപ്പിച്ചവൾ പൂക്കളുമായി നടന്നു നീങ്ങി,

അറിയാതെ അവൾക്ക് പിറകെ കാലുകൾ ചലിച്ചു.

കടയിൽ വിൽപ്പനക്കായി കൊണ്ടു വന്ന പൂക്കളാണത്, അവൾ കടയിലേക്ക് കയറി കടക്കാരന് പൂക്കൾ നൽകി,

അയാൾ കൊടുത്ത പണത്തിൽ ഒരു കീറിയ നോട്ട് കണ്ടതും അതെടുത്തു അയാൾക് തിരികെ നൽകി ദേഷ്യത്തോടെ എന്തൊക്കെയൊ പറയുന്നത് കണ്ടു.

അയാൾ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ ഒന്നു കൊട്ടി നോട്ട് മാറ്റി നൽകി,

അപ്പോൾ അയാളെ കോക്രി കാണിച്ചു ചിരിച്ചു കൊണ്ട് കടയിൽ നിന്നിറങ്ങുന്നത് കണ്ടു,

അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.

വിക്കി……..!!!

കൂട്ടുകാരുടെ അലർച്ച കേട്ടാണ് തിരിഞു നോക്കിയത്,

മാറിൽ കൈ കെട്ടി തന്നെയും നോക്കി നിൽക്കുന്നു.

അപ്പോഴാണ് അവരെ കുറിച്ചോർത്തത്, ഒരുമിച്ചു നടക്കുന്നതിനിടയിൽ അറിയാതെ അവൾക്കു പിറകെ വന്നു പോയതാണ്,

ആപ് യഹാം പർ ക്യാ കർ രഹെ ഹെ….?? (നീയിവിടെ എന്താണ് ചെയ്യുന്നത് )

ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവർക്കൊപ്പം തിരികെ ക്യാമ്പിലേക്ക് നടന്നു.

അന്നു മുഴുവൻ അവളെ കുറിച്ചുള്ള ചിന്തകളായിരുന്നു.

എന്തിനാണ് അവളെ കുറിച്ച് ചിന്തിക്കുന്നത്…??

സ്വയം ചോദിച്ചു.

അറിയില്ല, പക്ഷെ ഒരിക്കൽ കൂടി അവളെ കാണാൻ തോന്നുന്നു.

പിറ്റേദിവസവും അവളെ കണ്ടു. മനസ്സിൽ വല്ലാത്തൊരു സന്തോഷം….

അതേ, ദാൾ തടാകത്തിലൂടെ വഞ്ചി തുഴഞ്ഞവൾ വന്നത് എന്റെ ഹൃദയത്തിലേക്കായിരുന്നു.

ഓടി അവൾക്കു മുന്നിൽ ചെന്നു നിന്നു.

പരിചയമില്ലാത്തൊരാൾ പെട്ടന്ന് മുന്നിൽ കയറി നിന്നത് കൊണ്ടാവണം ആ മുഖത്ത് പകപ്പും ഭയവുമുണ്ട്,

ആരാ….??

എന്തു വേണം…??

Iam a Soldier….!!

ആ കണ്ണുകളിൽ ഭയം..

Hey dont worry,

Flower….flower വാങ്ങാൻ…..!!

ഇത് വിൽക്കാനുള്ളതല്ല….കടയിൽ നിന്നും വാങ്ങിക്കോളൂ…

ടൈം ഇല്ലാത്തതു കൊണ്ടാണ്….പ്ലീസ്…..

മ്മ്… ഏത് പൂവാണ് വേണ്ടത്…??

ഇത്….. വയലറ്റ് ട്യൂലിപ്സ് പൂക്കൾ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

എന്റെ മുഖത്തേക്ക് നോക്കാതെ കാശു വാങ്ങുന്നവളെ കണ്ടപ്പോൾ ചിരി വന്നു.

പട്ടാളക്കാരെ പേടിയാണോ….??

അല്ലെന്നും ആണെന്നും അവൾ തലയാട്ടി,

എന്തിനാ പേടിക്കുന്നെ ഞങ്ങളും മനുഷ്യരാണ്…..!

അതു കേട്ടതും എനിക്കൊരു പുഞ്ചിരി സമ്മാനിച്ചവൾ നടന്നു നീങ്ങി,

പിന്നീടെന്നും രാവിലെയുള്ള യാത്രകളിൽ കൂട്ടുകാരുടെ കണ്ണു വെട്ടിച്ചു ഞാൻ അവളെ കണ്ടു പൂക്കൾ വാങ്ങി,

ഓരോ ദിവസവും ഓരോ നിറത്തിലുള്ള ട്യൂലിപ്സ് പൂക്കൾ…..!!

ഒരു ദിവസം അവൾ ചോദിച്ചു.

പട്ടാളക്യാമ്പിൽ പൂക്കൾ കൊണ്ട് എന്താണ് ചെയ്യുന്നത്…??

ഒരു വസന്തം തീർക്കുകയാണെന്ന്…!!

ഞാനവളോട് മറുപടി പറഞ്ഞു.

മുഖം ചുളുക്കിയവൾ എന്നെ നോക്കി, പിന്നെ വീണ്ടും മനോഹരമായ പുഞ്ചിരി സമ്മാനിച്ചു നടന്നു നീങ്ങി,

എത്ര അടുക്കാൻ ശ്രമിച്ചാലും അവളിൽ എന്നോടൊരു അകലം ഉണ്ടായിരുന്നു താൻ എന്തൊക്കെ ചോദിച്ചാലും അവളുടെ മറുപടികൾ പരിമിതമായിരുന്നു.

പോകേപ്പൊകേ അവളെ കാണുന്നതും പൂക്കൾ വാങ്ങിക്കുന്നതും എന്റെ ദിനചര്യയായി….!!

ഒരു ദിവസം കൂട്ടുകാരെ വെട്ടിച്ചു പതിവ് പോലെ പൂക്കൾ വാങ്ങിതിരിഞതും അവർ കയ്യും കെട്ടി തന്നേ വീക്ഷിക്കുന്നു.

അവർ കണ്ടെന്നു മനസ്സിലായതും ഞാൻ ചമ്മൽ മറക്കാൻ പാടുപെട്ടു.

അരെ സാലെ…

നിനക്ക് പ്രേമിക്കാൻ ഞങ്ങടെ നാട്ടിലെ പെണ്ണ് തന്നെ വേണമല്ലേ….??

രണജിത് സിംഗ് എന്ന ക്യാമ്പിലെ തന്റെ സഹപ്രവർത്തകനും അതിലേറെ ഉറ്റ മിത്രവുമായവൻ കപട ദേഷ്യത്തോടെ ചോദിച്ചു.

അതേ എന്നു കണ്ണിറുക്കി കാണിച്ചു മറുപടിയും പറഞ്ഞു.

ഇതിനിടയിൽ അവളെ കുറിച്ചു കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി,

അവളുടെ പേര്…..”കൻവാൾ…!!”

കശ്മീരിയിൽ “ഒരു പുഷ്പം” എന്നാണ് ആ പേരിനർത്ഥം…..!!

മൃദുലവും സുന്ദരവും അതിലോലവുമായ കാശ്മീരിലെനിക്കേറ്റവും പ്രിയപ്പെട്ട പുഷ്പം അവൾ… “കൻവാൾ…!!”

“ശ്രീനഗർ ഗവണ്മെന്റ് കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥി….!!”

അവൾ എന്നും പൂക്കൾ കൊണ്ടു വരുന്നത് അവളുടെ കടയിലേക്ക് തന്നെയാണ്, അവളുടെ ബാബ് (അച്ഛൻ ) ആണ് കടയിൽ ഉള്ളത്, പൂക്കൾ കൊണ്ടു വരുന്നതിന് അച്ഛൻ സമ്മാനിക്കുന്ന പോക്കറ്റ് മണിയാണ് ആ കാശ്.

അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു കുഞു സാധാരണ കുടുംബമാണ് അവളുടേത്….!!

എന്നും പൂക്കൾ വാങ്ങി വാങ്ങി ഇപ്പോൾ അവൾക്കും അത് ശീലമായി, ഞങ്ങൾ തമ്മിൽ ഒരു കുഞു സൗഹൃദം ഉടലെടുത്തു. എങ്കിലും അവളുടെ വാക്കുകൾ പരിമിതമായിരുന്നു എന്നോട് ഒരകലം അവൾ സൂക്ഷിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി.

പോകെ പോകെ എന്റെ സ്ഥിരമായുള്ള പൂ വാങ്ങൽ അവളിൽ സംശയം ജനിപ്പിച്ചുവെങ്കിലും അവളൊന്നുമറിയാത്ത പോലെ പെരുമാറി,

മഞ്ഞു പോലെയാ പെണ്ണ് ഉള്ളിലാകെ പെയ്തിറങ്ങിക്കൊണ്ടിരുന്നു.

ഇനിയും കാത്തിരിക്കാൻ കഴിയില്ല, അവളോട് തന്റെ ഇഷ്ട്ടം പറയാൻ തന്നെ തീരുമാനിച്ചു.

പിറ്റേദിവസം എന്നെ കണ്ടയുടനെ ചിരിച്ചുകൊണ്ടവൾ ട്യൂലിപ്സ് പൂക്കൾ കയ്യിലെടുത്തതും ഞാൻ വിരൽ ചുവന്ന പനിനീർ പൂവുകളിലേക്ക് ചൂണ്ടി കാണിച്ചു.

ഇന്നെന്താ ഒരു മാറ്റാം…..??

പറയാം….

അവളിൽ നിന്നും അതു വാങ്ങി അവൾ പൂക്കൾ കടയിൽ കൊടുത്തു തിരികെ വരുന്നതും നോക്കിയിരുന്നു.

കൻവാൾ….!!

വിളി കേട്ടവൾ തിരിഞു നോക്കിയതും ആ ചുവന്ന പനിനീർപ്പൂക്കൾ അവളുടെ കയ്യിൽ വെച്ചു കൊടുത്തു.

ഇഷ്ട്ടമാണ്…. പറഞ്ഞു തീരും മുമ്പേ അവൾ തിരിഞ്ഞോടി,

ആലോചിച്ചിട്ട് മറുപടി പറയണം…!!

വിളിച്ചു പറഞ്ഞത് കേൾക്കാതെ അവളോടി മറഞു

പിറ്റേദിവസം പൂക്കൾ വാങ്ങാൻ അവൾക്കരികിലേക്ക് ചെന്നതും അവൾ തന്നെ കാണാത്ത പോലെ നടന്നു പോയി,

കുറെ വിളിച്ചു പിറകെ നടന്നു.

രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയി എനിക്കു മുഖം തരാതെ എന്നോട് സംസാരിക്കാതെ അവൾ നടന്നു.

പൂക്കൾക്കൊപ്പം പതിവായി കിട്ടാറുള്ള ആ പുഞ്ചിരിയും മാഞ്ഞു.

അവളുടെ ആ പെരുമാറ്റമാണ് അവളെന്നിൽ എത്ര മാത്രം പതിഞ്ഞു പോയെന്ന് മനസ്സിലാക്കിച്ചു തന്നത്,

കുറച്ചു ദിവസങ്ങൾക്കു ശേഷം പതിവ് പോലെ അവളെ കാത്തു നിന്നു.

തന്നെ ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നത് കണ്ടതും ദേഷ്യത്തോടെ അവൾക്ക് മുന്നിൽ കയറി നിന്നു ബലമായി ഒരു പിടി ട്യൂലിപ്സ് പൂക്കൾ എടുത്തു കാശു കയ്യിൽ വെച്ചു കൊടുത്തു തിരിഞ്ഞു നടന്നു.

അവൻ പോകുന്നതും നോക്കി പുഞ്ചിരിയോടവൾ തിരിഞു നടന്നു.

പിന്നീട് പൂക്കൾ തരുമെങ്കിലും അവളിൽ എന്നോടുള്ള അതേ അകലം സൂക്ഷിക്കപ്പെട്ടു എങ്കിൽ എന്നിൽ അവളോടുള്ള പ്രണയവും അതു പോലെ സൂക്ഷിക്കപ്പെട്ടു.

മഞ്ഞുപോൽ മൃദുവായ പുഞ്ചിരിയുള്ള ആ കാശ്മീരി പെൺകൊടി “വിഘ്‌നേശ് വിശ്വാ” എന്ന എന്റെ ഹൃദയം കവർന്നെടുത്തു.

————-

കുറച്ചു ദിവസങ്ങൾക്കു ശേഷം……

“പാക്കിസ്ഥാൻ തീവ്രവാദികൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുപതോളം പേരെ തട്ടിക്കൊണ്ടു പോയി ബന്ധികളാക്കിയിരിക്കുന്നു.”

ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങളുടെ ടീം അവരുടെ ഒളിത്താവളം കണ്ടെത്തി,

കൃത്യമായ പ്ലാനിങ്ങോടെ ഞങ്ങൾ ആ കെട്ടിടത്തിനുള്ളിൽ കയറി, കുറച്ചു നേരത്തേ സംഘട്ടനങ്ങൾക്കൊടുവിൽ അവരിൽ ഭൂരിഭാഗം പേരും ഞങ്ങളുടെ വെടിയേറ്റ് മരിച്ചു വീണു.

ശത്രുക്കളെ എതിർക്കുന്നതിനിടയിൽ ഞങ്ങൾ ഓരോരുത്തരെയായി മോചിപ്പിച്ചു.

കണക്കു പ്രകാരം ബന്ധികളാക്കിയത് ഇരുപത് പേരാണ്….??

അപ്പോൾ ഒരാൾ മിസ്സിംഗ്‌ ആണ്…

ഞങ്ങൾ അന്വേഷണം തുടർന്നു.

ആ കെട്ടിടത്തിനു താഴേ ഒരറയുള്ളത് ഞങ്ങൾ ശ്രദ്ധിച്ചു.

ആ അറയിൽ നിന്നും ഒരു പെണ്ണിന്റെ തേങ്ങൽ കേൾക്കുന്നു.

അതു തുറന്നു അകത്തു കയറിയതും ബന്ധിക്കപ്പെട്ട നിലയിൽ കൻവാൾ….!!

ഇരുപതാമത്തെ ആൾ….

ഓടി അവൾക്കരികിൽ ചെല്ലാൻ ഒരുങ്ങുമ്പോഴേക്കും മാരകയുധങ്ങളുമായി അറയിൽ ഒളിച്ചിരുന്ന മറ്റു തീവ്രവാദികൾ ഞങ്ങൾക്ക് മേലേക്ക് ചാടി വീണു.

അവരുമായുള്ള ഏറ്റുമുട്ടലിൽ രണജിത്തിന് കൈക്ക് ചെറുതായി വെടിയേറ്റു.എങ്കിലും അവനും ഞങ്ങളും പൊരുതി,

ഓടി ചെന്നവളുടെ കയ്യിലെ കെട്ടുകളഴിച്ചു വാരിയെടുത്തു മടിയിൽ കിടത്തി,

കീറിപ്പറഞ്ഞ വസ്ത്രങ്ങൾ, അലങ്കോലമായ മുടിയിഴകൾ, മുറിഞ്ഞു പോയ ചുണ്ടുകൾ….

ശരീരമാകെ പല്ലും നഖവും കൊണ്ട് മുറിഞ്ഞ പാടുകൾ…….

“വേദനയോടെ ഞാനാ സത്യം മനസ്സിലാക്കി ഈ രണ്ടു ദിവസം ക്രൂരമായവൾ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു….!!”

കൻവാൾ…..!!

കരഞ്ഞു കൊണ്ടവളെ ഇറുകെ പുണർന്നു.

അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പതിയെ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

പെട്ടെന്നാണ് അതിലൊരുവൻ എനിക്ക് നേരെ നിറയൊഴിച്ചത് അതു കണ്ട അവൾ എന്നെ തള്ളിമാറ്റി അതേറ്റു വാങ്ങി,

രണ്ടാമത്തെ പ്രാവശ്യം അവൾക്കു നേരെ നിറയൊഴിക്കാൻ ശ്രമിച്ചപ്പോഴേക്കും രണജിത് അവനെ വെടി വെച്ചു വീഴ്ത്തിയിരുന്നു.

എന്തിനാ ഇങ്ങനെ ചെയ്തത്…..??

എന്നും ചോദിച്ചു കൊണ്ട് അവളെ തന്റെ മടിയിലേക്ക് കിടത്തി, കരഞ്ഞു കൊണ്ടവളെ വാരിയെടുക്കാൻ തുനിഞ്ഞതും അവളെന്റെ കയ്യിൽ പിടിച്ചു വെച്ചു.

നിങ്ങളെ കാശ്മീരിനാവശ്യമുണ്ട്….!!

ഇന്ത്യക്ക് ആവശ്യമുണ്ട്……!!

അത്രമാത്രം പറഞ്ഞവൾ എന്റെ മടിയിൽ കിടന്നു അവസാന ശ്വാസമെടുത്തു.

അവളുടെ ശരീരം കെട്ടിപ്പിടിച്ചു ഞാൻ ആർത്തു കരഞ്ഞു.

ഒന്നും ചെയ്യാൻ തനിക്കു കഴിഞ്ഞില്ല,

അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല……

ആ ജീവനെങ്കിലും തിരികെ തന്നു കൂടായിരുന്നോ…..??

ക്രൂരമായ ഭോഗത്തിന്റെ അടയാളങ്ങൾ അവളുടെ ശരീരമാകെ കാണാമായിരുന്നു.

തനിക്കെപ്പോഴും മഞ്ഞു പോലെ മൃദുവായ പുഞ്ചിരി സമ്മാനിച്ചിരുന്ന ചുവന്ന അധരങ്ങൾ പൊട്ടിമുറിഞ്ഞു നീലിച്ചു പോയിരിക്കുന്നു.

മഞ്ഞു പോലുള്ളിൽ പെയ്തിറങ്ങിയവൾ മഞ്ഞു പോൽ മാഞ്ഞു പോയിരിക്കുന്നു…..!!

—————————————*

അവൻ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുമാറ്റി,

ഇന്നുമവളുടെ ഓർമ്മകൾ മിഴികൾ നനച്ചേ പെയ്തിറങ്ങാറുള്ളു….!!

എങ്കിലും ഹൃദയത്തിൽ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആ നനുത്ത പുഞ്ചിരി,

ഒരിക്കൽ തന്റെ ലോകം ചുരുങ്ങിപ്പോയ ആ കുഞ്ഞിക്കണ്ണുകൾ……!!

ഒരിക്കൽ പോലും അവളവളുടെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല എങ്കിലും ആ ഹൃദയം തൊട്ടറിഞ്ഞവനാണ് താൻ,

ജീവിച്ചിരുന്നിരുന്നുവെങ്കിൽ ആ പ്രണയം തനിക്കു സ്വന്തമായേനെ……!!

ദാൾ തടാകം സാക്ഷിയാക്കി മിഴികൾ കൊണ്ട് ഒരായുസ്സിന്റെ പ്രണയം തനിക്കു സമ്മാനിച്ചവൾ…..!!

മനോഹരമായ ട്യൂലിപ്സ് പൂക്കൾക്കൊപ്പം അതിനേക്കാൾ മനോഹരമായ പുഞ്ചിരി സമ്മാനിച്ചവൾ…..!!

കുഞ്ഞിക്കണ്ണുകളിൽ ദാൾ തടാകം പോൽ നിറഞു തൂവുന്ന പ്രണയം സമ്മാനിച്ചവൾ.

ഹൃദയത്തിൽ എന്നുമെന്നും സൂക്ഷിക്കാൻ ഒത്തിരി നനവേറിയ ഓർമ്മകൾ തന്നവൾ….!!

വർഷങ്ങളിത്ര കഴിഞ്ഞിട്ടും ആ കുഞ്ഞിക്കണ്ണുകളും പുഞ്ചിരിയും പഴയതിലും തെളിമയോടെ എന്നിൽ നിറഞു നിൽക്കുന്നു.

“വാക്കുകൾ കൊണ്ട് പ്രണയം പറഞ്ഞില്ലായെങ്കിലും നോക്കുകൾ കൊണ്ട് നീ തീർത്ത വസന്തമില്ലേ എന്നുമീ “ഹൃദയത്തിൽ സൂക്ഷിക്കാൻ…!!”

അവളെന്ന പ്രണയം ഓരോ വർഷം പിന്നിടുമ്പോഴും എന്റെ ഹൃദയത്തിന്റെ മുറിവും മരുന്നുമാവുന്നു.

ട്യൂലിപ്സ് പൂക്കൾ പോലെ പല വർണ്ണങ്ങൾ സമ്മാനിച്ചീ ഇടനെഞ്ചിൽ വാടാതെ പൂത്തു നിൽക്കുന്നു.

ദാൾ തടാകത്തിനരികിൽ നിൽക്കുമ്പോൾ ഇന്നുമവൾ പൂക്കളുമായി വഞ്ചി തുഴഞ്ഞു വരാറുണ്ട്,

ശ്രീനഗറിലെ അവരുടെ കടയിൽ പൂക്കളുമായി വരാറുണ്ട്,

എനിക്ക് നേരെ മനോഹരമായ ട്യൂലിപ്സ് പൂക്കൾ നീട്ടാറുണ്ട്,

മഞ്ഞു പോലെ മൃദുലമായ പുഞ്ചിരി സമ്മാനിക്കാറുണ്ട്,

മരണമില്ലാതവൾ മഞ്ഞു പോലെ ഇന്നുമുള്ളിൽ പെയ്തിറങ്ങാറുണ്ട്….!!

കുളിരു സമ്മാനിച്ച്…നോവു സമ്മാനിച്ചു….

എങ്കിലും ആ ഓർമ്മകളാണ് എനിക്കിന്നേറേ പ്രിയം……!!

പിഴുതെറിയില്ലൊരിക്കലും അവ എന്റെ ഹൃദയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

അവളുടെ ഓർമ്മകളിൽ ഹൃദയവും മിഴികളും നിറഞ്ഞൊഴുകുമ്പോഴും ആ മൃദുലമായ പുഞ്ചിരി അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.

അവളുടെ അവസാനത്തെ വാക്കുകൾ അവന്റെ പ്രവർത്തികൾക്ക് കൂടുതൽ ഊർജം നൽകുന്നു.

ഇല്ലായിരുന്നുവെങ്കിൽ ഓരോ വർഷം പിന്നിടുമ്പോഴും ഇന്ത്യൻ ആർമിയിൽ താനിങ്ങനെ നേട്ടങ്ങളോടെ ശോഭിക്കില്ലായിരുന്നു…..!!

താനിന്നേറേ ഇഷ്ടപ്പെടുന്നത് ശ്രീനഗറിന്റെ മണ്ണിൽ മരിച്ചു വീഴാനാണ്….!!

കശ്മീരിന്റെ ഓരോ തുടിപ്പിനെയും ഉള്ളിലാവാഹിച്ചു ദാൾ തടാകം സാക്ഷിയാക്കി മരിച്ചു വീഴാൻ…..!!

അവളുടെ ആത്‍മാവലിഞ്ഞ മണ്ണിൽ ജീവത്യാഗം ചെയ്യാൻ…..!!

നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അവനവിടെ നിന്നും എഴുന്നേറ്റു തിരികെ നടന്നു.

നാളെ ലീവ് തീരുകയാണ്….

ഇനി വീണ്ടും കാശ്മീരിലേക്ക്…..!!

ശ്രീനഗറിലേക്ക്…..

അവളുടെ ആത്‍മാവിലേക്ക്……..!!

രചന: Nila Chenthechi

Leave a Reply

Your email address will not be published. Required fields are marked *