Categories
Uncategorized

“ഒരിക്കലെങ്കിലും എന്നേ നിങ്ങൾ സ്നേഹിച്ചുട്ടുണ്ടോ.. ” പതറിയിരുന്നു മാലിനിയുടെ ശബ്ദം..

രചന : – Unni K Parthan

“ഒരിക്കലെങ്കിലും എന്നേ നിങ്ങൾ സ്നേഹിച്ചുട്ടുണ്ടോ.. ” പതറിയിരുന്നു മാലിനിയുടെ ശബ്ദം..

“എന്നേ ചേർത്ത് പിടിച്ചിട്ടുണ്ടോ നിങ്ങൾ.. ഒരിക്കലെങ്കിലും..” മാലിനിയുടെ ശബ്ദം ഒന്നുടെ താഴ്ന്നു..

“എന്റെ രണ്ടു മക്കൾ അല്ലേ നിങ്ങൾ.. പത്തു മാസം ഈ വയറ്റിൽ ചുമന്നല്ലേ ഞാൻ നിങ്ങളേ പെറ്റത്.. പക്ഷെ.. ഇടക്ക് ഞാൻ സ്വയം ചോദിക്കാറുണ്ട്.. എന്റെ വയറ്റിൽ തന്നേയാണോ നിങ്ങൾ ജന്മമെടുത്തത് ന്ന്..

ദാ.. ഈ ഇരിക്കുന്ന മനുഷ്യൻ ഉണ്ടല്ലോ.. നിങ്ങളുടെ അച്ഛൻ.. ഒന്നും പറയില്ല നിങ്ങളോട്.. കാരണം.. നെഞ്ചിൽ സ്നേഹം മാത്രം ഇങ്ങനെ വാരി വിതറി കൊണ്ടു നടക്കുന്ന അച്ഛനെ നിങ്ങൾക്ക് ഇഷ്ടമാണ്.. ജീവനാണ്..

പക്ഷെ അമ്മയോ.. എന്നും വഴക്കും… ചീത്തയും മാത്രമായി നിങ്ങളുടെ മുന്നിൽ വരുന്നവൾ..

അറിയുന്നുണ്ടായിരിന്നോ നിങ്ങൾ എന്നേ.. എന്തിനായിരുന്നു ആ ശാസനയെന്ന്.. അറിയുന്നുണ്ടായിരുന്നോ.. കർക്കശ്യക്കാരിയായ അമ്മായത് ന്ന്..

നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയത് കൊണ്ട്.. വാത്സല്യം കൊണ്ട്.. സ്നേഹം കൊണ്ട്.. ലാളന കൊണ്ട് നിങ്ങളേ വീർപ്പു മുട്ടിക്കുമ്പോൾ.. എനിക്ക് ശ്വാസം മുട്ടാറുണ്ടായിരുന്നു… അതിനു പലപ്പോഴും ഞാൻ ഈ മനുഷ്യനോട് കയർത്തു സംസാരിച്ചിട്ടുമുണ്ട്..

ഒരു കുഞ്ഞു ചിരിയിൽ എല്ലാം ഒതുക്കി.. എന്നേ അന്നും ഇന്നും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ ഈ മനുഷ്യൻ.. നെഞ്ചിൽ നെരിപ്പോട് പുകയുകയാണെങ്കിലും.. ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചാൽ.. അവിടെ തീർന്നു ഞാൻ എന്ന ദേഷ്യക്കാരി.. അത് മറ്റാരേക്കാളും നിങ്ങളുടെ അച്ഛന് അറിയാം..

ഏട്ടാ ഒന്ന് തികച്ചു വിളിച്ചിട്ടില്ല ഞാൻ.. നിങ്ങൾ… നിങ്ങൾ എന്നല്ലാതെ എന്റെ വായിൽ വന്നിട്ടില്ല.. ദേഷ്യം വരുമ്പോൾ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുമ്പോളും കണ്ണിറുക്കി ഒരു ചിരി ചിരിക്കും..

ഒന്നും ഉണ്ടാവില്ല ഡോ.. താൻ ടെൻഷൻ അടിക്കല്ലേ ന്ന് പറഞ്ഞു വീണ്ടും ചേർത്ത് പിടിക്കും..

നിങ്ങളോ… എന്റെ ഒച്ചയൊന്നു പൊങ്ങിയാൽ.. എന്റെ മുഖമൊന്നു കറുത്താൽ.. ഒപ്പത്തിന് ഒപ്പം നിന്ന് തർക്കിച്ചു.. ചെയ്തത് തെറ്റാണെന്ന് പോലും ചിന്തിക്കാതെ.. എല്ലാം എറിഞ്ഞു പൊട്ടിച്ചു.. റൂമിൽ കയറി കുറ്റിയും ഇട്ട് ഇരിക്കും..

മോളായാലും മോനായാലും അതൊക്കെ തന്നെയായിരുന്നു ആദ്യം..

പിന്നീട് നിങ്ങളിലും മാറ്റം വന്നു.. ഇപ്പൊ പ്രായം നീതു മോൾക്ക് ഇരുപത്തി നാല്.. അഭി കുട്ടന് ഇരുപത്..

ഇപ്പൊ എന്നോടുള്ള ദേഷ്യം കൊണ്ടാണോ എന്ന് അറിയില്ല..

ഇന്ന് നിങ്ങളുടെ മുറിയിൽ നിന്നും കിട്ടിയതാണ് ഇത്.. ടിവി സ്റ്റാൻഡിന്റെ അടിയിൽ നിന്നും രണ്ടു ബോട്ടിൽ മദ്യവും.. ലഹരി മരുന്നിന്റെ രണ്ടു കുഞ്ഞു പാക്കറ്റും എടുത്തു ടീപ്പോയിലേക്ക് വെച്ച് കൊണ്ട് മാലിനി പൊട്ടി കരഞ്ഞു…

“ഇതിനാണോ മനുഷ്യാ നിങ്ങൾ ഇവരെ വാത്സല്യം കൊണ്ട് പൊതിഞ്ഞത്.. സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചത്.. ഹൃദയം കൊണ്ട് ചേർത്ത് പിടിച്ചത്… എന്നിട്ട് ദാ.. നിങ്ങൾക്ക് തരുന്ന കൂലിയാണ് ഇത്..” അലറി കരഞ്ഞു കൊണ്ട് മാലിനി അനന്തനേ നോക്കി ചോദിച്ചു..

അനന്തന്റെ മുഖം താണു..

“ഇങ്ങോട്ട് വാ..” അനന്തൻ നീതുവിനെയും അഭിയേയും വിളിച്ചു..

ഒന്നും സംഭവിക്കാത്തത് പോലേ.. യാതൊരു കൂസലുമില്ലാതെ ഇരുവരും അനന്തന് മുന്നിൽ വന്നു കൈ കെട്ടി നിന്നു..

“ഇത് നിങ്ങളുടെ ആണോ..”

“മ്മ്..” ഇരുവരും മൂളി..

“എത്ര നാളായി തുടങ്ങിട്ട്..”

“രണ്ടു മാസം..” ഇരുവരും ഒരുമിച്ചു പറഞ്ഞു..

“ഇത് നിങ്ങൾ രണ്ടു പേരും ഒരുമിച്ചാണോ ഉപയോഗിക്കാറുള്ളത്..”

“ഇടയ്ക്ക്..” നീതുവിന്റെയായിരുന്നു മറുപടി..

“അതെന്താ ഇടയ്ക്ക് മാത്രം..”

“സ്റ്റഫ്… കിട്ടാതെ വരുമ്പോൾ പരസ്പരം ഷെയർ ചെയ്യാറുണ്ട് ഞങ്ങൾ..” ഒരു കൂസലുമില്ലാതെ അഭിയുടെ മറുപടി കേട്ട് അനന്തൻ ചാടിയെഴുന്നേറ്റ് നീതുവിന്റെ കവിളിൽ ആഞ്ഞടിച്ചു..

“നിന്നെ ഞാൻ തല്ലില്ല.. ഇനി ഇങ്ങനെ ഉണ്ടായാൽ നിന്നെ ഞാൻ കൊല്ലും.. ഇവളെ തളർത്തി ഇവിടെ ഈ വീട്ടിൽ ഇടും.. സ്വബോധത്തോടെ ഇവൾ ഇവിടെ കിടന്നു അനുഭവിക്കും..

ഇനി ഒരു ചോദ്യം ചെയ്യൽ ഉണ്ടാവില്ല രണ്ടാളോടും.. പിന്നെ നിന്നേ ഞാൻ തല്ലിയത്.. അനിയനാണ്.. നീ ആണ് നേർ വഴിക്ക് നടത്തേണ്ടത്.. എപ്പോളാണോ നിങ്ങൾ വഴി തെറ്റി പോയത് എന്ന് എനിക്ക് അറിയില്ല..

ഇനി നിങ്ങൾ വഴി തെറ്റി പോകില്ല.. പോയാൽ..”

ഇരുവരേയും നോക്കി ചൂണ്ടു വിരൽ ആട്ടി കൊണ്ട് അനന്തൻ സെറ്റിയിലേക്ക് ഇരുന്നു..

രാത്രി..

“തെറ്റി പോയി പെണ്ണേ.. മക്കൾ എന്നും കുഞ്ഞുങ്ങൾ ആണെന്ന് കരുതി.. അവർ വളർന്നത് അറിയാതെ പോയി.. അവരേ കൂട്ടുകാരെ പോലേ കൂടെ കൂട്ടിയത് എന്തും തുറന്നു പറയാൻ അവർക്ക് കഴിയട്ടെ എന്നോർത്താണ്.. അവരുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുത്തത്.. എനിക്ക് കിട്ടാതെ പോയത് എന്റെ മക്കൾക്ക് കിട്ടട്ടെ എന്ന് കരുതി.. എന്നിട്ടും.. എന്നിട്ടും എവ്ടാണ് എനിക്ക് തെറ്റ് പറ്റിയത്..” ഹൃദയം നുറുങ്ങുന്ന വേദനയിൽ അനന്തൻ തല താഴ്ത്തി കട്ടിലിൽ ഇരുന്നു….

“ഹേയ്.. എനിക്ക് കുറച്ചു നാളായി രണ്ടു പേരുടെയും പെരുമാറ്റത്തിൽ പന്തികേട് തോന്നിയിരുന്നു.. പക്ഷെ ന്താണ് എന്ന് മനസിലായില്ല.. അവരുടെ മാറ്റം ഞാൻ അറിയുന്നുണ്ടായിരുന്നു മനുഷ്യാ.. സകല ദൈവങ്ങളെയും വിളിച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ടായിരിന്നു.. ഇവരുടെ മാറ്റം എന്താണ് എന്ന് അറിയിക്കണേയെന്ന്.. ഒടുവിൽ ഇന്ന് രാവിലെ ദൈവം എനിക്ക് അത് കാണിച്ചു തന്നു..

ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല ന്നേ.. നമ്മുടെ മക്കൾ അല്ലേ.. ഒന്നും ഉണ്ടാവില്ല..” മാലിനി അനന്തന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

അനന്തൻ മെല്ലേ മുഖമുയർത്തി നോക്കി..

“ഇനി അവർ തെറ്റോ ചെയ്യോ പെണ്ണേ..” ഇടറുന്ന ശബ്ദം മുറിയിൽ അലയടിച്ചു..

ശുഭം..

രചന : – Unni K Parthan

Leave a Reply

Your email address will not be published. Required fields are marked *