Categories
Uncategorized

ഒന്നുകൂടെ ചിരിച്ചെന്ന് വരുത്തി ഓട്ടോയിലേക്ക് കയറുമ്പോൾ…

രചന: മഹാദേവൻ

“ഇതെന്താ, ഗ്യാസ് കേറിയതാണോ ചേച്ചി”

“അല്ലേടാ, കെട്യോൻ…………………….”

അവന്റെ ആക്കിയ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ പറയാൻ തോന്നിയത് അങ്ങനെ ആയിരുന്നു.

അല്ലെങ്കിലും ചില ഞ രമ്പുകൾക്ക് ഗർഭിണികളെ കാണുമ്പോൾ ഒരു ഇളക്കമുണ്ട് . ഇവനൊക്കെ എങ്ങനെ ആണാവോ പുറത്ത് വന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉളളൂ.. പക്ഷേ…

ഉള്ളതങ് മുഖത്തു നോക്കി പറഞ്ഞപ്പോൾ അവനങ് പോയി. കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി

” ടോ, രേണു ”

പതിയെ തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മുഖം കണ്ട് ആദ്യമൊന്ന് അമ്പരന്നു.

പഴയ കാമുകൻ ദേ കവുങ്ങ്തടി പോലെ മുന്നിൽ നിൽക്കുന്നു.

“എന്താടോ.. കണ്ടിട്ട് കിളി പോയ പോലെ… അതോ അന്ന് എല്ലാവർക്കും മുന്നിൽ വെച്ച് അറിയില്ലെന്ന് പറഞ്ഞപോലെ ഇപ്പഴും അറിയാത്ത ഭാവം കാണിക്കുവാനോ ? ”

അവന്റെ ആക്കിയ ഒരു ചോദ്യം കേട്ടപ്പോൾ എന്ത് പറഞ്ഞ് ഒഴിവാക്കും എന്ന ചിന്ത ആയിരുന്നു.

” ഏയ്യ്. അങ്ങനെ ഒക്കെ മറക്കാൻ പറ്റോ രാഹുൽ. മനപ്പൂർവം പറഞ്ഞതല്ല അങ്ങനെ ഒന്നും.. സാഹചര്യം. പിന്നെ നിന്നോട് എനിക്ക് ബഹുമാനം ഉണ്ട്. പെട്രോളും ആസിഡുമൊന്നും ഉപയോഗിച്ചില്ലല്ലോ. എന്നെ ജീവിക്കാൻ അനുവദിച്ചല്ലോ… ”

അത് കേട്ടപ്പോൾ അവന്റെ മുഖത്തു പുഞ്ചിരി ആയിരുന്നു.

” ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരാൾക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെടോ. ഇന്നത്തെ കാലത്ത് പ്രണയം ഒരു ഫാഷനാണ്. പക്ഷേ, പ്രണയം ജീവിതത്തോളം ചേർത്തുവെക്കുന്നവരും ഉണ്ട് ചുരുക്കം. എനിക്ക് പ്രണയം അങ്ങനെ ആയിരുന്നു. അതുകൊണ്ട് തന്നെ ആ ഇഷ്ടത്തെ വൈരാഗ്യം കൊണ്ട് കളങ്കപെടുത്താൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. നിന്റ തീരുമാനം നിന്റ ശരികളിൽ ഒന്നായിരിക്കാം. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ലോകത്ത് ആത്മഹത്യകൾ ഉണ്ടാവില്ലായിരുന്നല്ലോ. ”

അവന്റെ വാക്കുകളിൽ നിരാശ ഉണ്ടെന്ന് തോന്നി. പലതും ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് വെച്ച് തിരികെ ഓട്ടോയിലേക് കേറാൻ തുടങ്ങുമ്പോൾ അവനെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചു.

” കാണാം ” എന്ന് പറയുമ്പോഴും അവന്റെ മുഖത്ത്‌ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.

” ടോ, ഒരു കാര്യം പറഞ്ഞോട്ടെ….. ഇയാളെ എനിക്ക് ഇപ്പോഴും ഇഷ്ട്ടാട്ടോ ”

അത് കേട്ടപ്പോൾ പെട്ടന്നൊരു വിറയൽ. ഇവനിത് എന്ത് ഭാവിച്ചാ ഈ വരവെന്ന ചോദ്യം മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി. പഴയ ബന്ധം പുതുക്കാനുള്ള വരവായിരിക്കുമോ. !

” രാഹുൽ.. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലേ. ഇപ്പോൾ താനും ഞാനും രണ്ട് ദ്രുവങ്ങളിൽ ആണ്. രണ്ട് ഫാമിലികൾ. രണ്ട് തരം ജീവിതങൾ. അതിനിടയിലേക്ക് ഇനിയും ആ പ്രണയകാലത്തെ വലിച്ചിഴയ്ക്കണോ? ”

വാക്കുകളിലെ നീരസം അവന് മുന്നിൽ പ്രകടിപ്പിക്കുമ്പോൾ അത് മനസ്സിലാക്കിയപോലെ അവൻ പതിയെ തലയാട്ടി.

“ശരിയാണ്.. രണ്ട് ദ്രുവങ്ങൾ, രണ്ട് തരം ജീവിതങ്ങൾ. പക്ഷേ ഒന്നുണ്ട് രേണു. നീ അന്ന് പോയത് കൊണ്ട് ഞാനിപ്പോ നല്ല നിലയിലെത്തി. അതിനൊരു താങ്ക്സ് പറയണമെന്ന് ഉണ്ടായിരുന്നു. മറക്കാൻ കഴിയില്ലല്ലോ നീ അന്ന് തേച്ചിട്ട് പോയ ആ ദിവസം. നീ അന്ന് തേച്ചില്ലായിരുന്നെങ്കിൽ ഞാനിപ്പോ വല്ല ഓട്ടോയും ഓടിച്ചു നടുവൊടിഞ്ഞു നിന്റ സാരിത്തലപ്പും താങ്ങി നടക്കേണ്ടി വന്നേനേ. ഇതിപ്പോ കെട്ടിയ പെണ്ണ് ബ്രിട്ടനിൽ ആയത് കൊണ്ട് അവിടെ ഒരു ജോലി കിട്ടി, ജീവിതം അങ്ങ് സെറ്റിൽ ആയി. എല്ലാത്തിനും നീ ആണ് കാരണം. ”

വെറുതെ അല്ല തെണ്ടി മറക്കാത്തത്, പ്രതികാരം ചെയ്യാൻ വന്നേക്കുവാണ് എന്ന് ചിന്തിച്ചുകൊണ്ട് മുഖത്തൊരു ചിരി വരുത്തുമ്പോൾ അവന്റെ അടുത്ത ചോദ്യം

” അല്ല, നിന്റ ഗൾഫുകാരൻ കെട്യോൻ എന്ത് ചെയ്യുന്നു ഇപ്പോൾ “..

ഒന്നും മിണ്ടിയില്ല… ഒന്നുകൂടെ ചിരിച്ചെന്ന് വരുത്തി ഓട്ടോയിലേക്ക് കയറുമ്പോൾ മുന്നിലിരിക്കുന്ന ഡ്രൈവർ അവളെ ഒന്ന് തറപ്പിച്ചുനോക്കി പറയുന്നുണ്ടായിരുന്നു “എടി മറ്റവളെ, നീ പുറത്തേക്കിറങ്ങുന്നത് ഇതിനാണല്ലേ. കണ്ടവന്മാരോടൊക്കെ കിന്നരിക്കാൻ. വീട്ടിൽ ചെല്ലട്ടെ.. കാണിച്ചുതരാം ഞാൻ ”

അയാൾ പല്ലിറുമ്മി ഓട്ടോ മുന്നിലേക്ക് എടുക്കുമ്പോൾ വയറിൽ പൊത്തിപ്പിടിച്ചുകൊണ്ട് ഒന്നേ പറഞ്ഞുള്ളൂ ” കഷ്ടകാലം “.

പിന്നിൽ അവനിപ്പോ ചിരിക്കുന്നുണ്ടാകണം. പണവും പത്രാസും കണ്ടു ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്നും പറഞ്ഞ് ചാടിയപ്പോൾ ഓർത്തില്ല, പച്ചപ്പ് മാത്രേ ഉളളൂ, കല്യാണം കഴിയുന്നതോടെ ആ പച്ചപ്പൊക്കെ വെറും പറ്റിപ്പ് ആയി മാറുമെന്ന്.

അപ്പോഴുണ്ട് മുന്നിലിരിക്കുന്ന കെട്യോന്റെ അടുത്ത ചോദ്യം

” എന്താടി, മറ്റവനെ കണ്ടതോടെ സ്വപ്നം കണ്ടിരിക്കുവാനോ? അല്ലേലും നിന്നെപ്പോലെ ഇച്ചിരി സൗന്ദര്യം ഉള്ളതുങ്ങളെ കെട്ടിയാൽ ന്നെപ്പോലെ ഉള്ള കെട്യോൻമാരുടെ നെഞ്ചിൽ തീയാ… ”

അയാളുടെ വാക്കുകൾ കേട്ടിട്ടും ഒന്നും മിണ്ടിയില്ല. സംശയം ഒരു രോഗമാണ്. ചികിത്സയില്ല. ജീവിതം അവസാനിക്കുംവരെ. ഇനി അഥവാ മറുത്തൊരു വാക്ക് പറഞ്ഞാൽ അടുത്ത സംശയം അതിൽ പിടിച്ചായിരിക്കും.

മൗനം പാലിച്ചിരുന്നു വീടെത്തുംവരെ. ഇനി കുറച്ചു ദിവസം അയാൾക്ക് പറഞ്ഞ്കുത്താനുള്ള വക ആയല്ലോ എന്ന് നെടുവീർപ്പോടെ ഓർത്തുകൊണ്ട്. !

” പട്ടരെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു പഴഞ്ചൊല്ല് ണ്ടല്ലോ.. ഇപ്പോൾ അതാണ് അവസ്ഥ…

രചന: മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *