Categories
Uncategorized

എൻ്റമ്മേ.. ഇത് കണ്ടോ ഇവിടെ? നെഞ്ചിടിപ്പറിയണമെങ്കിൽ കുറച്ച് കൂടി താഴെ ഇപ്പോൾ അമ്മ വച്ചത് പോലെ വച്ച് നോക്കണ്ടെ ?അത് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറയുവാണ്, മോളെ പെൺകുട്ടികൾ വലുതായി കഴിഞ്ഞാൽ, അച്ഛനാണെങ്കിൽ പോലും ഇങ്ങനെയുള്ള ഭാഗങ്ങളിലൊന്നും സ്പർശിക്കാൻ അനുവദിക്കരുതെന്ന് ,

രചന : സജി തൈപ്പറമ്പ് .

അവളെ വിട് ദിനേശേട്ടാ .. നിങ്ങളെന്താണീ കാണിക്കുന്നത്,?

മാളൂട്ടിയുടെ അടുത്ത് നിന്ന ഭർത്താവിനെ, ദേവു അനിഷ്ടത്തോടെ തള്ളിമാറ്റി .

എന്താ അമ്മേ ഞങ്ങള് കളിക്കുവല്ലേ?

നീരസത്തോടെ മാളു ചോദിച്ചു.

ദേ മാളു നീയിപ്പോൾ കൊച്ചു കുട്ടിയൊന്നുമല്ല ,വയസ്സ് പതിനൊന്ന് കഴിഞ്ഞു, നിനക്ക് പഠിക്കാനൊന്നുമില്ലേ ?നീ നിൻ്റെ മുറിയിൽ പോയിരുന്ന് വല്ലതുമെടുത്ത് വച്ച് വായിക്ക് മാളൂ .., പൊതുപരീക്ഷയല്ലേ വരാൻ പോകുന്നത് ?അതെങ്ങനാ ,അച്ഛനെന്ന് പറയുന്നയാൾക്ക് കൂടി ആ വിചാരം വേണ്ടേ? എൻ്റെ ദിനേശേട്ടാ .. നിങ്ങൾക്കൊന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി കൂടെ ?

മാളു സ്വന്തം മുറിയിലേക്ക് മനസ്സില്ലാ മനസ്സോടെ പോയപ്പോൾ ,ദേവുവിൻ്റെ ഭാവമാറ്റം കണ്ട്, ദിനേശൻ അമ്പരന്ന് നില്ക്കുകയായിരുന്നു

അല്ല ദേവൂ… ഞാനവളുടെ അച്ഛനല്ലേ ?അല്ലാതെ അയൽക്കാരനൊന്നുമല്ലല്ലൊ? നീ ഇത്രയും കിടന്ന് തുള്ളാനായിട്ട്,,,

ദിനേശൻ അരിശത്തോടെ ചോദിച്ചു.

എന്ന് വച്ച് പെൺമക്കള് കെട്ട് പ്രായമെത്തുമ്പോഴും, അച്ഛന് മകളെ കെട്ടിപ്പിടിച്ച് കളിക്കണമെന്ന് നിർബന്ധമുണ്ടോ?

ദേവൂ നീ ,പറഞ്ഞ് പറഞ്ഞ് അതിര് കടക്കുന്നു , നിനക്കെന്താ സ്ഥലകാലബോധമില്ലേ? എടീ ഇത് നമ്മുടെ വീടാണ്, ആ പോയത് ,നീ പ്രസവിച്ച എൻ്റെ സ്വന്തം മകളുമാണ്

അതൊക്കെ എനിക്കറിയാം പക്ഷേ ഇനിമുതൽ നിങ്ങളുടെ ഇടയിൽ ഒരു ശാരീരിക അകലം വേണം, ഇത് തമാശയല്ല , ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാണ്..

അസന്നിഗ്ധമായി പറഞ്ഞിട്ട് ദേവു തിരിച്ച് പോയപ്പോൾ ദിനേശൻ സ്തബ്ധനായി നിന്നു പോയി.

ഇവൾക്കിതെന്താ പറ്റിയത്?

അയാൾ ആലോചനയോടെ ബാത്ടവ്വലുമെടുത്ത് കൊണ്ട് കുളിമുറിയിലേക്ക് പോയി.

സമയം രാത്രി, പത്ത് മണി

അല്ല നീയിതെവിടെ പോകുന്നു ?

കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയണയുമെടുത്ത് മുറിക്ക് പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന ദേവുവിനോട് ദിനേശൻ ചോദിച്ചു.

ഞാനിന്ന് മോളുടെ മുറിയിലാണ് കിടക്കുന്നത്,

അതെന്തിനാ? അവൾ തനിച്ചല്ലേ എപ്പോഴും കിടക്കുന്നത്?

പക്ഷേ, ഇനിമുതൽ അവൾ തനിച്ച് കിടന്നാൽ ശരിയാവില്ലന്ന് തോന്നി,

അതും പറഞ്ഞ് മുറിയിൽ നിന്നും പൊടുന്നനെ ദേവു ഇറങ്ങിപ്പോയി.

സമയം രാത്രി പതിനൊന്ന് മണി,

ഗാഡനിദ്രയിലാണ്ട മകളുടെ നിഷ്കളങ്കമായ മുഖത്തേയ്ക്ക് നോക്കി കിടക്കുമ്പോൾ, ദേവുവിൻ്റെ മനസ്സ് മുഴുവൻ താൻ രാവിലെ കണ്ട, അസ്വസ്ഥതയുളവാക്കുന്ന കാഴ്ചയായിരുന്നു.

അച്ഛൻ്റെയും മകളുടെയും പൊട്ടിച്ചിരിയും ബഹളവും കേട്ട് അടുക്കളയിൽ നിന്ന് ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ കൈത്തലം മാളുവിൻ്റെ മാറിടത്തിലായിരുന്നു .

അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട ഷോക്കിലായിരുന്നു രാവിലെ ഭർത്താവിനോടും മകളോടും തനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നത്.

ദിനേശേട്ടൻ അവളോട് വൈകാരികമായി ബിഹേവ് ചെയ്തതാവുമോ ?അവളൊരു പൊട്ടിപ്പെണ്ണായത് കൊണ്ട് മനസ്സിലായിട്ടുണ്ടാവുമോ? പക്ഷേ, ദിനേശേട്ടൻ സ്വന്തം മകളോട് അത്തരമൊരു മ്ളേച്ഛമായൊരു പ്രവർത്തി കാണിക്കുമോ? പറയാൻ പറ്റില്ല,ദിവസേന പത്രങ്ങളിലും സോഷ്യൽ മീഡിയകളിലുമൊക്കെ അച്ഛൻ മകളെ പീഡിപ്പിച്ച വാർത്തകളല്ലേയുള്ളു,

ദേവുവിൻ്റെ ചിന്തകൾ കാട്കയറി.

പെട്ടെന്നാണ് എന്തോ ദുഃസ്വപ്നം കണ്ട്, മാളു ചാടിയെഴുന്നേറ്റത്.

എന്താ മോളേ.. എന്ത് പറ്റി?

ദേവു, ഉത്കണ്ഠയോടെ ചോദിച്ചു.

അതമ്മേ.. ഞാനൊരു സ്വപ്നം കണ്ടു, ഒരു പേടിപ്പെടുത്തുന്ന സ്വപ്നം,

ഭയചകിതയായി ,ചുറ്റിനും നോക്കി കൊണ്ട് അവൾ പറഞ്ഞു.

അത്രേയുള്ളു? സാരമില്ല, അമ്മ പറഞ്ഞിട്ടില്ലേ എപ്പോഴും പ്രാർത്ഥിച്ചിട്ടേ കിടക്കാവൂന്ന്?

ദേവു, അരുമയോടെ മകളുടെ നെറുകയിൽ തഴുകി

അമ്മ എൻ്റെ നെഞ്ചിലൊന്ന് കൈ വച്ച് നോക്കിക്കേ, ഇപ്പോഴും എൻ്റെ നെഞ്ചിടിപ്പ് മാറിയിട്ടില്ല,

ങ്ഹാ ശരിയാണ് ,പടപടാന്ന് മിടിക്കുന്നുണ്ട് ,ഇങ്ങനൊരു പേടിച്ച് തൂറി,,,

ദേവു മകളെകളിയാക്കി ചിരിച്ചു.

ഒന്ന് പോ അമ്മേ… ഇന്നലെ അച്ഛനും എന്നെ ഇങ്ങനെ പറഞ്ഞ് കളിയാക്കി,

അച്ഛനെന്താ പറഞ്ഞത് ?

ദേവു, ജിജ്ഞാസയോടെ ചോദിച്ചു.

അതമ്മേ… ഇന്നലെ ഞങ്ങള് ഹൈഡ് ആൻറ് സീക്ക് കളിക്കുകയായിരുന്നു , ഞാൻ കണ്ണ് പൊത്തിക്കൊണ്ട് എണ്ണുകയായിരുന്നു ,എണ്ണിത്തീർന്നപ്പോൾ, പെട്ടെന്ന് അച്ഛൻ എൻ്റെ പുറകിൽ നിന്ന് കൊണ്ട് ഉറക്കെ ഒരു അലർച്ച ,ആരായാലും പേടിക്കില്ലേ ?ഞാനാണെങ്കിൽ ഞെട്ടിത്തരിച്ച് പോയി ,ചിരിച്ചോണ്ട് നിന്ന അച്ഛനോട് ഞാൻ പറഞ്ഞ് എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അച്ഛനറിയുന്നുണ്ടോ ?ആ കൈയ്യൊന്ന് വച്ച് നോക്കിക്കേ എന്ന് പറഞ്ഞപ്പോൾ, അച്ഛൻ എവിടാ കൈവച്ചതെന്നറിയാമോ?

എവിടെയാ ?

ഞെട്ടലോടെയാണ് ദേവു അത് ചോദിച്ചത്.

എൻ്റമ്മേ.. ഇത് കണ്ടോ ഇവിടെ? നെഞ്ചിടിപ്പറിയണമെങ്കിൽ കുറച്ച് കൂടി താഴെ ഇപ്പോൾ അമ്മ വച്ചത് പോലെ വച്ച് നോക്കണ്ടെ ?അത് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറയുവാണ്, മോളെ പെൺകുട്ടികൾ വലുതായി കഴിഞ്ഞാൽ, അച്ഛനാണെങ്കിൽ പോലും ഇങ്ങനെയുള്ള ഭാഗങ്ങളിലൊന്നും സ്പർശിക്കാൻ അനുവദിക്കരുതെന്ന് , അപ്പോൾ ഞാൻ ചോദിച്ചു, വേറെ എവിടെയൊക്കെ സ്പർശിക്കാമെന്ന്, അപ്പോൾ അച്ഛൻ പറയുവാണ് , അത് അമ്മയോട് പോയി ചോദിക്ക് , അമ്മ പറഞ്ഞ് തരുമെന്ന്, ഈ അച്ഛൻ്റെയൊരു കാര്യം,…

അതും പറഞ്ഞ് മകൾ കുലുങ്ങിച്ചിരിച്ചപ്പോൾ,

ദേവുവിൻ്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി, മകളെ ആശ്ളേഷിച്ച് കിടക്കുമ്പോൾ, എത്രയും വേഗം ദിനേശൻ്റെ അരികിലേക്കെത്താൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.

രചന : സജി തൈപ്പറമ്പ് .

Leave a Reply

Your email address will not be published. Required fields are marked *