രചന: ന ജ് ല. സി
വലതു കൈത്തണ്ടയിലാണ് പാമ്പിന്റെ കടിയേറ്റത്. പാമ്പ് കൊത്തിയ പാടിന്റെ അപ്പുറത്തായി ഇക്ക ഒരു തുണി കൊണ്ടു കെട്ടി. ഭയത്തിന്റെ കൊടുമുടിയുടെ നെറുകിൽ നിൽക്കുന്ന ഞാൻ കരയുകയോ ബഹളം വക്കുകയോ ചെയ്തില്ല.
” ചെറിയ എന്തോ ആണ്.. വല്ല കൽക്കുന്നനോ തേളോ മറ്റോ… ”
വണ്ടിയിലേക്ക് കയറുമ്പോൾ ഇക്ക പറഞ്ഞു.
“അല്ല ഞാൻ കണ്ടതാ വിറകിന്റെ ഇടയിൽ ഒരനക്കം. പാമ്പിന്റെ വാലും കണ്ട്.. ”
“വിഷമില്ലാത്ത വല്ലതും ആവും.. പേടിക്കണ്ട വേഗം ഹോസ്പിറ്റലിൽ എത്തിയാൽ മതി ”
എന്റെ ശബ്ദത്തിലെ ഇടർച്ചയും മുഖത്തെ ഭാവവും വായിച്ചെടുത്ത ഇക്ക എന്നെ സമാധാനിപ്പിക്കാനെന്ന വണ്ണം പറഞ്ഞു.
ഞാൻ ഇക്കാടെ കണ്ണുകളിലേക്ക് നോക്കി. എന്നെ സമാധാനിപ്പിക്കാനുള്ള വാക്കുകൾക്കപ്പുറം ആ കണ്ണുകളിൽ ആശങ്ക കൂടുകൂട്ടിയിരിക്കുന്നത് ഞാൻ കണ്ടു.
വണ്ടിയിൽ ഇരുന്ന് മുഴുവൻ സമയവും ഇക്കാടെ കണ്ണുകൾ എന്നെ നിരീക്ഷിക്കുകയായിരുന്നു.
“ഡീ വേദനയുണ്ടോ പെണ്ണേ…”
പേടിച്ചിട്ട് എനിക്കാകെ മരവിപ്പാണ്.. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
“നീയെന്താ ചോദിക്കുന്നതിന് മറുപടി തരാതെ അന്തം വിട്ടിരിക്കുന്നത്..? ”
എന്റെ മുഖം പിടിച്ച് നെഞ്ചിലേക്ക് ചായ്ച്ചു വച്ച് ഇക്ക ചോദിച്ചു.
ഞാൻ ചുമൽ കുലുക്കി ഒന്നുമില്ലെന്ന് കാണിച്ച് ഇക്കാടെ നെഞ്ചിൽ ചാഞ്ഞിരുന്നു. അപ്പോഴേക്കും എന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീര് ഇക്കാടെ നെഞ്ചിൽ വീണു. ഞാൻ അടുത്തിരിക്കുന്ന മോനെ നോക്കി.മോൻ പേടിച്ചിട്ടുണ്ട്. അവനെ എന്റെ അരികിലേക്ക് ഒന്നൂടെ ചേർത്തുപിടിച്ചു.
“നീയിപ്പോൾ എന്താണ് ചിന്തിക്കുന്നെന്ന് പറയട്ടെ ഞാൻ ”
എന്റെ താടി പിടിച്ചുയർത്തി ഇക്ക ചോദിച്ചു.
“നിന്നെയേതോ ഭയങ്കരമായ പാമ്പ് കടിച്ചതാണെന്നും നീയിപ്പോ മരിച്ചു പോവുമെന്നും അതിലൊക്കെ ഉപരി ഞാൻ വേറെ പെണ്ണുകെട്ടുമെന്നുമൊക്കെയല്ലേ ചിന്തിച്ചുകൂട്ടുന്നത് ? ഒരു ജലദോഷപ്പനി വന്നാൽ പോലും നിന്റെ ചിന്ത അതാണല്ലോ.. ”
അതുവരെ പിടിച്ചുവച്ച കരച്ചിലൊക്കെ ഒന്നിച്ച് അണപൊട്ടിയൊഴുകി ഞാൻ ഉച്ചത്തിൽ കരഞ്ഞുപോയി.
“ഉമ്മച്ചി… ഉപ്പച്ചിക്ക് ഉമ്മച്ചിനെ തന്നെ മതി.. വേറെ ആരേം വേണ്ടാ.. ഉമ്മച്ചിക്കൊന്നൂല്ല.. ഉമ്മച്ചി മരിക്കൂല..കരയല്ലേ..” മോൻ എന്നെയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
അതുകൂടിയായപ്പോൾ എന്റെ നിയന്ത്രണം വിട്ട് കരച്ചിൽ നിർത്താൻ പറ്റാണ്ടായി. കരയല്ലേ പറഞ്ഞിട്ടും കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചിട്ടും ഞാൻ നിർത്തിയില്ല. ശബ്ദം കൂടിക്കൂടി വന്നപ്പോൾ ഇക്ക സർവ്വശക്തിയുമെടുത്ത് എന്നെ കുലുക്കി വിളിച്ചു… അപ്പോൾ ഞാനുണർന്നു.
സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടും എന്റെ നെഞ്ചിടിപ്പോ കരച്ചിലോ ഒതുങ്ങിയിട്ടുണ്ടായിരുന്നില്ല.
ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിൽ ഇക്ക മിണ്ടാതെ കിടന്നു.
“ഇക്കാ..… സ്വപ്നം..
ആ..… ഞാൻ വേറെ പെണ്ണ് കെട്ടിയതല്ലേ..? നമുക്ക് വഴിയുണ്ടാക്കാം.. ഇതൊന്ന് യാഥാർത്ഥ്യമാക്കിയാൽ ഇടയ്ക്കിടെ ഇങ്ങനെ സ്വപ്നം കണ്ട് കരയണ്ടല്ലോ ഇക്കാടെ കുട്ടിക്ക്…ഇപ്പൊ ഉറങ്ങിക്കോ… നേരം ഒന്ന് വെളുക്കട്ടെ ട്ടോ…”
ഞാൻ വളരെ പണിപ്പെട്ട് തേങ്ങലൊതുക്കി പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഇക്ക ലളിതമായി പറഞ്ഞവസാനിപ്പിച്ചു.
കണ്ണൊക്കെ തുടച്ച് നല്ലകുട്ടിയായി പറ്റിപ്പിടിച്ചു കിടന്ന് ഇക്കാടെ ചെവിയിൽ ചുണ്ടുകൾ ചേർത്തുവച്ച് ഞാൻ പതുക്കെ മന്ത്രിച്ചു…
“ഇക്കാ… ഞാനിനി ഇങ്ങനെള്ള സ്വപ്നം കാണൂലാ ട്ടോ.. ”
രചന: ന ജ് ല. സി