Categories
Uncategorized

“എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ. നിങ്ങൾക്ക് എപ്പോ വഴക്കുണ്ടായാലും എന്റെ വീട്ടുകാരെ പറയാൻ വലിയ ഉത്സവം ആണല്ലോ. നിങ്ങളുടെ വീട്ടുകാർ പിന്നെ നല്ലതാണോ? നിങ്ങളുടെ അമ്മയുടെ സ്വഭാവം എന്നേ കൊണ്ട് പറയിക്കണ്ട “

രചന : – Ammu Santhosh

“എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ. നിങ്ങൾക്ക് എപ്പോ വഴക്കുണ്ടായാലും എന്റെ വീട്ടുകാരെ പറയാൻ വലിയ ഉത്സവം ആണല്ലോ. നിങ്ങളുടെ വീട്ടുകാർ പിന്നെ നല്ലതാണോ? നിങ്ങളുടെ അമ്മയുടെ സ്വഭാവം എന്നേ കൊണ്ട് പറയിക്കണ്ട ”

അനു ചീറിക്കൊണ്ട് കൈ ചൂണ്ടി.

അവന് നല്ല ദേഷ്യം വന്നു

“പറയടി നി പറയ്യ്. എന്റെ അമ്മ നിന്നോടെന്തോ ചെയ്തു? കല്യാണം കഴിഞ്ഞു വന്നപ്പോൾ ഒരു ചായ ഇടാൻ അറിയാമായിരുന്നോ നിനക്ക്? ഇല്ലല്ലോ.അമ്മ എന്തെങ്കിലും ഒക്കെ പറഞ്ഞു കാണും. അതിൽ ഒരു തെറ്റുമില്ല ”

“പിന്നേ നിങ്ങളുടെ വീട്ടുകാർക്ക് ചായ ഇട്ട് തരാനല്ലേ ഞാൻ ഇങ്ങോട്ട് വന്നത്? അല്ല ചായ നിങ്ങൾക്കുമിടാമല്ലോ?”

“അയ്യോടി..ഞാൻ ഇപ്പൊ ചായ മാത്രം അല്ലല്ലോ ഉണ്ടാക്കുന്നത്?ചോറ് കറി. . പിന്നെ വാഷിംഗ്‌, ക്ലീനിങ് എല്ലാം ചെയ്യുന്നുണ്ടല്ലോ.എന്റെ അമ്മ എന്നെ എല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്. ആണന്നു പറഞ്ഞു കൊമ്പത്ത് കേറ്റി ഇരുത്തിയിട്ടൊന്നുമില്ല. അവനവനു പാചകം അറിയാമെങ്കിൽ അവനവനു കൊള്ളാം. ഇല്ലെങ്കിൽ അതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും ”

അവൾക്ക് ഉത്തരം മുട്ടി

“ഇപ്പൊ ഞാൻ ചെയ്യുന്നുണ്ടല്ലോ “അവൾ വിക്കി

“ഇപ്പൊ നമ്മൾ തനിച്ചാണല്ലോ. രണ്ടു പേർക്കും ജോലിക്ക് പോകണം. അപ്പൊ രണ്ടു പേരും കൂടി പാചകം മാത്രം അല്ല സർവ ജോലിയും ചെയ്യണം “അവൻ തീർത്തു പറഞ്ഞു

പിന്നെ ബാഗ് എടുത്തു ചോറ്റുപാത്രം അതിൽ വെച്ച് ബൈക്കിന്റെ കീ എടുത്തു.

“ഞാൻ ഒരുങ്ങിയില്ല “അവൾ വേഗം സാരീ എടുത്തു.

“നീ ഒരുങ്ങി തനിച്ചു ബസിൽ കേറി പോയ മതി. നിന്നേ ഒരുക്കി കൊണ്ട് പോകാൻ നിന്നാൽ എന്റെ ജോലി നടക്കില്ല. എന്റെ ജോലി ബാങ്കിലാണ്.കൃത്യം സമയം ഉണ്ട്.”

“പ്ലീസ് കിച്ചു ഇപ്പൊ വരാം അഞ്ചു മിനിറ്റ്.”

“ഇല്ല എന്ന് പറഞ്ഞാൽ ഇല്ല. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ബാങ്കിൽ പോകാൻ തുടങ്ങുമ്പോൾ നിസാര കാര്യത്തിൽ വഴക്കിടാൻ വരരുത് എന്ന്. ഇന്ന് നീ വഴക്കിട്ടതിന്റ കാരണം എന്തായിരുന്നു? ബാങ്കിലെ സ്വപ്ന വിളിച്ചപ്പോൾ ഞാൻ അവൾ ഇന്നലെ കൊണ്ട് വന്ന കറിയെ കുറിച്ച് പുകഴ്ത്തി പറഞ്ഞതിന് അല്ലെ?”

അവൾ നഖം കടിച്ചു തുപ്പി

“ആരെയും ഞാൻ പുകഴ്ത്തി പറയാൻ പാടില്ല. നീ മാത്രം നല്ലത് എന്ന് പറഞ്ഞോണ്ടിരിക്കണം. അതിന് എന്റെ പട്ടി വരും..”

അവൻ ബൈക്ക് എടുത്തു ഒറ്റ പോക്ക്.

അവൾ സ്വന്തം തലയിൽ ഒരു കൊട്ട് കൊട്ടി. കിച്ചു പറഞ്ഞത് ശരിയാണ്. ഓഫീസിൽ പോകുന്ന സമയത്തു വഴക്ക് ഉണ്ടാക്കുമ്പോൾ അത് അന്നത്തെ ജോലിയെ ബാധിക്കും. തനിക്കാണെങ്കിൽ കുറച്ചു വല്ലോം മതി. ദേഷ്യം എവിടെ നിന്നു വരുന്നു എന്നറിയില്ല. കൊച്ചിലെ മുതൽ ഇങ്ങനെ ആണ്. പെട്ടെന്ന് ദേഷ്യം വരും. വായിൽ തോന്നുന്ന മുഴുവൻ വിളിച്ചു പറയും. മറ്റുള്ളവർക് എന്ത് തോന്നുമെന്ന് അപ്പൊ ഓർക്കില്ല. തന്റെ ഈ സ്വഭാവം കൊണ്ടാണ് കിച്ചു മാറി താമസിക്കുന്നത് പോലും. കിച്ചുവിന്റ അമ്മയോടും പലതവണ താൻ പൊട്ടിത്തെറിച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ആ അമ്മയായത് കൊണ്ട് പലതും ക്ഷമിച്ചതാണ്. എന്നാലും ഒരു വഴക്ക് ഉണ്ടാകുമ്പോൾ താൻ അവരെയും കുറ്റം പറയും. എന്ത് നശിച്ച സ്വഭാവം ആണ് ദൈവമേ!

അവൾ സാരീ മാറ്റി ഒരു ചുരിദാർ ധരിച്ചു. ഇനി സാരീ ഉടുത്തിട്ട് വേണം ബസിൽ കേറുന്ന അവന്മാർക്ക് തോണ്ടാനും പിച്ചാനും. ഇതാകുമ്പോൾ എല്ലാം മറഞ്ഞു കിടന്നോളും. കിച്ചുവുമായി വഴക്ക് ഉണ്ടാക്കണ്ടായിരുന്നു. പാവം രാവിലെ എണീറ്റു എല്ലാ ജോലികൾക്കും സഹായിച്ച് ഒടുവിൽ ഓഫീസിൽ പോകാനുള്ള തന്റെ ഡ്രസ്സ്‌ വരെ അയൺ ചെയ്തു വെയ്ക്കും. തനിക്ക് ജോലികൾ ചെയ്യാൻ സ്പീഡ് കുറവാണ്. കിച്ചു വേഗം ചെയ്യും. എന്നാലും ഇടക്ക് ചെറിയ കാര്യത്തിൽ വഴക്ക് ഉണ്ടാകും. സ്വപ്ന ഉണ്ടാക്കിയ കറി ഉഗ്രൻ ആണെന്ന് പറഞ്ഞപ്പോൾ തനിക്ക് ഒരു കോംപ്ലക്സ് അടിച്ചുവെന്നതാണ് സത്യം. മിണ്ടാതിരുന്നാൽ മതിയാരുന്നു.

കിച്ചു ഇനി എപ്പോ മിണ്ടുമോ ആവോ.. സാധാരണ പിണങ്ങിയാൽ കിച്ചു തന്നെ വന്നു മിണ്ടും. ഇന്ന് എങ്ങനെ ആണോ ആവോ?

കിച്ചു ബാങ്കിൽ എത്തിയപ്പോളും, ജോലി ചെയ്യുമ്പോളും ആ മൂഡ് ഓഫ്‌ മാറിയില്ല. ഒരു കാര്യവുമില്ലാതെയായിരുന്നു ഇന്നത്തെ വഴക്ക്. എത്ര സ്നേഹിച്ചിട്ടും അവൾക്ക് തന്നെ മനസിലാകുന്നില്ലല്ലോ എന്നവൻ ഓർത്തു. ഓഫീസിൽ ഉള്ള പലരും ജോലി കഴിഞ്ഞു രണ്ടെണ്ണം അടിച്ച് പതിയെ ആണ് വീട്ടിൽ പോകുക. താൻ ആർക്കുമൊത്തു സമയം കളയാതെ വീട്ടിൽ എത്തും. അവൾക്കൊപ്പം ഇരിക്കാനാണ് ഇഷ്ടം. അവൾക്കും അതെ ചിലപ്പോൾ ഇങ്ങനെ ആണ്എന്നേയുള്ളു. പക്ഷെ ഇത്തവണ അവന് വാശി തോന്നി. മിണ്ടുന്നില്ല രണ്ടു ദിവസം. പഠിക്കട്ടെ അവള്.

ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ സമയത്തു അവൾ വിളിച്ചു. അവൻ ഫോൺ എടുത്തില്ല.

വൈകുന്നേരം അവൻ വിളിക്കാൻ വരുമെന്ന് ഓർത്തു കുറെ നേരമൊക്കെ നോക്കി വന്നില്ല എന്ന് കണ്ടപ്പോൾ ബസിൽ കേറി പോരുന്നു

വീട്ടിൽ എത്തുമ്പോൾ അവൻ ഉണ്ട്. കുളിച്ചു വേഷം മാറി ഒരു ചായ അവനുള്ളത് മാത്രം ഇട്ട് കുടിച്ചു കൊണ്ട് ടീവി കാണുന്നു.

അവൾ എന്തൊ പറയാൻ ഭാവിച്ചപ്പോ ടിവിയുടെ വോളിയം കൂട്ടി വെച്ചു.

“രാത്രി എന്താ കിച്ചു വേണ്ടത്?”

അവൾ വന്നു ചോദിച്ചു

അവനപ്പോൾ മേശപ്പുറത്ത് ഇരുന്ന രണ്ടു ഏത്തപ്പഴം കഴിച്ചു ബെഡ്‌റൂമിലേക്ക് നടന്നു.

പിറ്റേന്ന് രാവിലെ അത് തന്നെ അവസ്ഥ

അവൻ രാവിലെ എണീറ്റു കുളിച്ചു വേഷം മാറി ബൈക്കിൽ കേറി പോയി.

അവൾക്ക് സങ്കടം വന്നു.

അവൾ ഫോൺ എടുത്തു മെസ്സേജ് അയച്ചു.

എത്ര തവണ സോറി പറഞ്ഞു കിച്ചു. ഞാൻ ഇനി ഇങ്ങനെ ചെയ്യില്ല. പ്ലീസ് കിച്ചു എന്നോട് പിണങ്ങല്ലേ

മെസ്സേജ് റീഡ് ആക്കിട്ട് പോലുമില്ല.

അവൾക്ക് കഴിക്കാൻ തോന്നിയില്ല.

അന്ന് ഓഫീസിൽ പോകാനും തോന്നിയില്ല.

കിച്ചു പിണങ്ങി ഇരുന്നിട്ടില്ല.

മിണ്ടാതെ ഇരിക്കാൻ പറ്റുന്നില്ല മോളെ എന്നാണ് പറയുക.

ഇപ്പൊ കിച്ചു തന്നെ വെറുത്ത് തുടങ്ങി കാണുമോ?

ഓർക്കുമ്പോൾ തന്നെ ഒരു ആധി നിറഞ്ഞ പോലെ.

വഴക്കിട്ടാലും കിച്ചു തന്റെ ജീവനാണ്.

കിച്ചുവിനും അങ്ങനെ അല്ലെ?

അവൾ വെറുതെ പുതപ്പ് മൂടി കിടന്നു.

കിച്ചുവിന് ലേശം വിഷമം ഒക്കെ തോന്നുണ്ടായിരുന്നു.

മിണ്ടിയേക്കാം എന്നൊക്കെ ഉള്ളിൽ തോന്നി തുടങ്ങി.

അവൻ വൈകുന്നേരം അവളുടെ ഓഫീസിൽ എത്തി.

“ഇന്ന് അനു വന്നില്ലല്ലോ. ആഹാ കൊള്ളാല്ലോ നിങ്ങൾ അപ്പൊ ഒന്നിച്ചല്ലേ താമസം?”

അവൻ അത് പറഞ്ഞ, ജേക്കബിനെ രൂക്ഷമായി ഒന്ന് നോക്കി

“അലവലാതി “അവൻ ഉള്ളിൽ വിളിച്ചു

അവിടെ നിന്നിറങ്ങുമ്പോൾ അവൻ വാട്സാപ്പ് നോക്കി. രാവിലെ ഓൺലൈനിൽ വന്നിട്ട് പിന്നെ വന്നില്ല.

വിളിച്ചു നോക്കിയപ്പോൾ ബെൽ ഉണ്ട്. എടുക്കുന്നില്ല.

ഒറ്റ നിമിഷം കൊണ്ട് ഒരായിരം ചിന്തകൾ അവന്റെ മനസ്സിൽ കൂടി പോയി.

അവൻ വേഗം വീട്ടിൽ ചെന്നു.

അവൾ മുറ്റം തൂത്തു കൊണ്ട് നിൽക്കുന്നു.

ഹോ അപ്പൊ കുഴപ്പമൊന്നുമില്ല.

‘ആഹാ കിച്ചു വന്നോ… ഞാൻ ഇന്ന് കിച്ചുവിന് ഏറ്റവും ഇഷ്ടം ഉള്ള ഉണ്ണിയപ്പം ഉണ്ടാക്കി ട്ടോ. യു ട്യൂബിൽ നോക്കിയ ഉണ്ടാക്കിയെ. നന്നായിട്ടുണ്ടാവില്ല. തിന്നു നോക്കുമോ?”

അവൻ കുളിച്ചു വേഷം മാറി വന്നപ്പോൾ മുന്നിൽ അവൾ ഉണ്ണിയപ്പം വിത്ത്‌ ചൂട് ചായ.

അവൻ ഒരെണ്ണം എടുത്തു കടിച്ചു

“ദൈവമേ ഇത് എന്താ ബോംബോ എന്തൊരു കട്ടി ”

അവളുടെ മുഖം വാടി

“ശത്രുക്കൾക്കു പോലും നീ ഇത് കൊടുത്തേക്കല്ലേ അനു ”

അവൻ അത് തിരിച്ചു വെച്ചു

അവളുടെ മുഖം വാടി

“അല്ലെങ്കിലും യു ട്യൂബിൽ നിറച്ചു തട്ടിപ്പാ “അവൾ ഒരെണ്ണം എടുത്തു തിന്നു നോക്കി പറഞ്ഞു

അവൻ ഒരു ചിരി കടിച്ചമർത്തി. ശരിക്കും പറഞ്ഞാൽ അത് അത്ര മോശമല്ലായിരുന്നു. അവൾ സോപ്പിടാൻ ചെയ്തതാണെന്ന് മനസിലായത് കൊണ്ട് അവൻ അങ്ങനെ പറഞ്ഞുന്നേയുള്ളു.

“പച്ചക്കറി വാങ്ങിച്ചായിരുന്നോ?”

“ആ ടേബിളിൽ ഉണ്ട് “അവൻ മുറിയിലേക്ക് പോയി

മേശപ്പുറത്ത് ഒരു കവർ ഇരിക്കുന്നുണ്ടായിരുന്നു

കുറച്ചു ചീര, ക്യാബേജ്, പച്ചമുളക്… പിന്നെ.. പിന്നെ അവൾ ഒന്നുടെ നോക്കി

ഡയറി മിൽക്ക് മൂന്നെണ്ണം

തനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മുട്ടായി

അവൾ ഒരെണ്ണം കവർ പൊളിച്ച് തിന്നു തുടങ്ങി. എന്നിട്ട് പതിയെ അവന്റെ അടുത്ത് ചെന്നു.

“കിച്ചു..”

“ഉം ”

“, മുട്ടായിക്ക് താങ്ക്സ് ” അവൾ ചിരിച്ചു

അവൻ മൂളി

“മതി കിച്ചു ഇനി മിണ്ട്…”

“നീ ഇനി ഓഫീസിൽ പോകാൻ തുടങ്ങുമ്പോ വഴക്ക് ഉണ്ടാക്കുമോ?”

“ഇല്ല ”

“നീ എന്താ ഇന്ന് പോകാഞ്ഞത്?”

“കിച്ചു മിണ്ടാഞ്ഞപ്പോ മനസ്സ് ആകെ വല്ലാണ്ടായി. ചെന്നാലും പണി മര്യാദക്ക് നടക്കില്ല.”

“ആണല്ലോ ഇതാ എന്റെയും അവസ്ഥ. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടാകും. പിണക്കം ഉണ്ടാകും. പക്ഷെ അത് ഒരു യാത്ര പോകുമ്പോഴോ ജോലിക്ക് പോകുമ്പോഴോ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോളോ തുടങ്ങി വെയ്ക്കരുത്. ഒന്ന് സ്വസ്ഥം ആയി ഇരിക്കുമ്പോൾ എന്ത് വേണേൽ പറ..”

അനു മിണ്ടിയില്ല

“ഞാൻ ഇനി ശ്രദ്ധിക്കാം കിച്ചു “അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു

അവനൊന്നു മൂളി

“കിച്ചു “അവൾ അവനെ തോണ്ടി

“എന്താ?”

“ഒരു ഉമ്മ തരാമോ?”അവൾ കെഞ്ചി

അവന് ചിരി പൊട്ടിപ്പോയി

“ഇങ്ങനെ ഒരു പൊട്ടിക്കാളി ”

അവൾ സമാധാനത്തോടെ ചിരിച്ചു

“എത്ര ഉമ്മ വേണം?”

അവൻ കുസൃതിയിൽ ചോദിച്ചു

അവളുടെ കണ്ണുകൾ നിറഞ്ഞു

ഈ കിച്ചു വിനെയാണ് രണ്ടു ദിവസം തനിക്ക് മിസ്സ് ചെയ്തത്. ഇനി അതിന് ഇടവരുത്തരുതേ ദൈവമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു അനു.

രചന : – Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *