Categories
Uncategorized

“എന്റെ പ്രിയപെട്ടവളേ.. നിനക്ക് സർവ്വമംഗളങ്ങളും !!! ഞാൻ, ഇത് എന്റെയും, നിന്റെയും, പ്രണയത്തിന്റെ ഓർമ്മയിൽ കുറിക്കട്ടെ!!

രചന : – റോയ് സാബു ഉദയഗിരി

“എന്റെ പ്രിയപെട്ടവളേ.. നിനക്ക് സർവ്വമംഗളങ്ങളും !!! ഞാൻ, ഇത് എന്റെയും, നിന്റെയും, പ്രണയത്തിന്റെ ഓർമ്മയിൽ കുറിക്കട്ടെ!!

“ഡിസംബർ മാസത്തിൽ ബത്‌ലഹേം, ചർച്ചിനു മുകളിൽ, മഞ്ഞു പെയ്യുന്നത് നീ, കണ്ടിട്ടുണ്ടോ?? കൂനിക്കൂടി വിറ കൊള്ളുന്ന, ഒലിവുമരങ്ങളിൽ, മഞ്ഞുകട്ടകൾ, അപ്പൂപ്പൻതാടി പോലെ പറന്നു വീഴുന്നത് നീ!കണ്ടിട്ടുണ്ടോ? ഇപ്പോൾ എന്റെ മനസ്സിലും, അത് തന്നെയാണ്. മനോഹരമായ കാഴ്ച.. പക്ഷെ!!അതിലേറെ, ഗാഢമായ തണുപ്പ്, എന്റെ മനസ്സിനെ, നിന്റെയോർമ്മകളുമായ്, ബന്ധിപ്പിച്ചിരിക്കുന്നു.. ഹൃദയം മുഴുവൻ മഞ്ഞുകട്ടയുടെ മുകളിൽ ആണെന്ന് മാത്രം, എനിക്കറിയാം!!! “എന്റെ പ്രിയപെട്ടവളേ… പ്രണയത്തിന്റെ ശവകുടീരത്തിൽ, നിന്നുകൊണ്ട് ഞാൻ,, എന്റെ ശവപെട്ടി തുറന്നു!അതിനുള്ളിൽ ഞാൻ എന്നെത്തന്നെ കാണുന്നു നമ്മുടെ സ്വപ്നങ്ങളും, നൊമ്പരങ്ങളും. നിനക്കറിയാലോ… ഇന്നെന്റെ ജീവിതം, സെമിത്തേരിയിലെ കല്ലറകൾ പോലെയാണ്.. ആളും അനക്കവുമില്ല!മരണത്തിന്റെ ശാന്തതയുണ്ട് അവിടെ, ആരും സംസാരിക്കാനില്ല!!അനാഥമായ് കിടക്കുന്നു. ചുറ്റും വാടിയ കുറച്ചു പൂക്കൾ മാത്രം!!അവിടെ ലില്ലിചെടി മാത്രം പൂത്തുനിൽക്കുന്നുണ്ട് (അത് നിനക്ക് ഏറ്റവും പ്രിയപ്പെട്ട ചെടി ആയതു കൊണ്ടായിരിക്കാം )നിന്നെക്കുറിച്ചുള്ള എന്റെയോർമ്മകൾ പോലെ…

“എന്റെ പ്രിയപ്പെട്ടവളേ… എന്നാണ് നമ്മൾ ആദ്യം കണ്ടുമുട്ടിയത്… ഞാൻ മറക്കില്ല!! ബെത്‌ലെഹെം ചർച്ചിന്റെ നടവഴികളിൽ, നീ!വെള്ള ചുരിദാറും ധരിച്ചു വെള്ള റോസാപ്പൂവുമായി വന്ന അന്നല്ലേ… നാം ആദ്യമായി കണ്ടതും, ഇഷ്ടപെട്ടതും, അതിനു ശേഷം നിനക്കോർമ്മയുണ്ടോ?? ഒരിക്കലും, നമ്മൾ, പിരിയില്ല എന്ന് വാക്ക് നൽകിയതും, ഞാനല്ല!!നീയായിരുന്നു!! ഇന്ന് അതെല്ലാം വെറും പാഴ്ക്കിനാവ് മാത്രം!! ” ആകാശത്തിന് നീലനിറമാണെന്ന് ആദ്യമായി എന്നെ പറഞ്ഞു പഠിപ്പിച്ചത് നീയായിരുന്നു! നക്ഷത്ര കുഞ്ഞുങ്ങൾ മിഴി ചിമ്മുന്നതും, ചന്ദ്രക്കലയിലെ, മിന്നുന്ന പ്രകാശം നമ്മുടെ, പ്രണയത്തിന്റെ, മുഖമുദ്രയാണെന്നും. “നിന്റെ ചുടുചുംബനം ആദ്യമായ്, ഞാൻ ഏറ്റുവാങ്ങിയതും, അന്ന് തന്നെയല്ലേ!! നമ്മൾ പ്രണയമെന്ന വികാരത്തിന്റെ, വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്, അനന്തമായ, നീലാകാശത്തിന്റെ, വെള്ളിതേരിലേറി, മേഘപാളികൾക്കിടയിലൂടെ, നൃത്തം ചെയ്തതും, ആൺമയിൽ പീലി വിടർത്തുംപോലെ ഞാൻ നിന്നിൽ പടർന്നതും, പാതിരാത്രിയിൽ നിശാഗന്ധി, പുഷ്പിച്ചതു പോലെ സൗരഭ്യം പകർന്നതും,നിനക്കോർമ്മയില്ലേ?

“എന്റെ പ്രിയപ്പെട്ടവളേ !!!ഇന്ന് ഞാൻ ആ, മധുരസ്മരണയുടെ മാധുര്യം അയവിറക്കുന്നു. ഗുൽമോഹർ പൂത്തുതളിർത്തുവോ..? അതിന്റെ ചുവട്ടിലിരുന്ന്, നിന്റെ മടിയിൽ തലവെച്ചു കിടന്നതും, എന്റെ നാസിക തുമ്പിൽ നിന്റെ പല്ലുകളാഴ്ന്നതും, എന്റെ മിഴികളിലെ, കൺപീലികളിൽ നിന്റെ ചുണ്ടുകൾ പതിഞ്ഞതും ഇന്നലെയെന്ന പോലെ, എന്റെയുള്ളിൽ മാഞ്ഞുപോവാതെ നിൽക്കുന്നു!! “എന്റെ പ്രിയപ്പെട്ടവളേ…. നിന്റെ കണ്ണുകളിൽ വജ്രത്തിന്റെ ശോഭയുണ്ടെന്ന്, ഞാൻ പറഞ്ഞതും, നീ.. ചിരിയടക്കാൻ, പാടുപെട്ടതും, നിന്നോടുള്ള സ്നേഹം, എന്നെ ഭ്രാന്തനാക്കിയതും, നീ മറന്നുപോയോ..? പാലക്കയം തട്ടിൽ, മഞ്ഞു, നേർത്ത പുകപടലം പോലെ, എന്റെ കണ്ണുകളെ മറച്ചിരിക്കുന്നു.. അവിടെ നിന്റെ മുഖമാണ്, തെളിഞ്ഞുവരുന്നത്. ഇന്ന് ഉറക്കമില്ലാതെ, ഞാൻ തിരിഞ്ഞും, മറിഞ്ഞും, ഒടുവിൽ കണ്ണിനുമുകളിൽ, കട്ടിയുള്ള പുതപ്പ് കൊണ്ട് മറച്ചിട്ടും, നിന്റെ രൂപം തെളിഞ്ഞുവരുന്നു..

“എന്റെ പ്രിയപ്പെട്ടവളേ.. നീ.. എവിടെയാണ്…? എന്തിനാണ് എന്നെ, ഈ ഇരുട്ടിന്റെ, ഏകാന്തതയുടെ, തടവുമുറിയിൽ, ഒറ്റയ്ക്കാക്കിയത്..? “പക്ഷെ! ഞാൻ ഒറ്റയ്ക്കല്ല.. കേട്ടോ. നിന്നെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ട് കൂട്ടിന്. മറക്കാനാവാത്ത….. നീ, തന്ന ചില നിമിഷങ്ങൾ കൂടിയുണ്ട് മനസ്സിൽ!! “നമുക്കുണ്ടാവുന്ന, ആദ്യകുഞ്ഞിന്റെ രൂപം, നിന്റേതു പോലെയാവണമെന്ന് ഞാൻ പറഞ്ഞപ്പോൾ, “വേണ്ട “എന്നെ പോലെ, മതി എന്നു നമ്മൾ പരസ്പരം മിണ്ടാതെ ഇരുന്നില്ലേ.. അത് ഓർക്കുന്നുണ്ടോ നീ!!അന്ന് പിണക്കം മാറ്റിയ ആ വിദ്യ!!”ഞാൻ ഓർമ്മിക്കുന്നു. എന്റെ ശിരസ്സിലൂടെ, നിന്റെ കൈവിരലുകൾ, കുസൃതിയോടെ, ഓടിനടന്നതും, എന്റെ നെറ്റിയിൽ, നിന്റെ ചുണ്ടുകൾ, ഇക്കിളിയിട്ടതും, ഞാൻ നിന്റെ മുഖം കൈക്കുടന്നയിൽ, കോരിയെടുത്തതും, നീ!..മറന്നു പോയോ..?

“എന്റെ പ്രിയപ്പെട്ടവളേ…! ഈ.. തണുപ്പ്, എന്റെ ശരീരത്തിന്റെ, ഉള്ളറകളിലേക്ക്, ഇറങ്ങി വരുന്നു. അത് ശരീരം മുഴുവൻ പടർന്നുപിടിച്ചുവോ.. എന്റെ ഹൃദയം മാത്രം സ്പന്ദിക്കുന്നുണ്ട്. “എന്റെ കൈകാലുകൾ, ചലിക്കുന്നില്ല, ഭയാനകമായ.. ഒരു തണുപ്പ്, എന്നിലേയ്ക്ക് അരിച്ചു, വരുന്നുണ്ട്. ‘അത്, എന്റെയും, നിന്റെയും, ഓർമ്മകൾ, തട്ടിയെടുക്കുമോ..? “അറിയില്ല!! എന്റെ പ്രിയപ്പെട്ടവളേ!!

എന്റെ ഹൃദയത്തിന്റെ, ചുവരുകളിലൂടെ.. നിന്റെ, പ്രണയത്തിന്റെ, ചുടുരക്തം, ഇറ്റു വീഴുന്നുവോ… അത് എന്റെ മനസ്സിന്റെ, കോണുകളിലൂടെ, ഒലിച്ചിറങ്ങുന്നുണ്ട്… അത്, വേദനയുടെ, നൊമ്പരമായി, എന്റെ കണ്ണുകളിലൂടെ, പുറത്തു വരുന്നുണ്ട്!! എന്റെ കാഴ്ചകൾ മുഴുവൻ, മറയുന്നു! എന്റെ ജീവൻ നിന്റെ, ആത്മാവിനോടുകൂടി, ലയിച്ചു, ചേരുന്നുണ്ടെന്നു തോന്നുന്നു!.. എന്റെ പ്രിയപ്പെട്ടവളേ!!… നീ!! എവിടെയാണ്…..?

രചന : – റോയ് സാബു ഉദയഗിരി

Leave a Reply

Your email address will not be published. Required fields are marked *