രചന : – Sony Asokan..
“പാറൂ.. നീയിനി പിഎസ്സ്സി എഴുതാൻ പോകണ്ട”
കുട്ടികളെ ഉറക്കി കിടത്തി അടുക്കളയിലെ പണിയെല്ലാം കഴിച്ച്, റൂമിലെ ബെഡ്‌ഡിൽ, രാജേഷിനരികിലായി വന്നു കിടന്ന പാറുവിനോട്, രാജേഷ് പറഞ്ഞൂ.
“അതെന്താ രാജേഷേട്ടാ.. ഇപ്പോൾ അങ്ങിനെ തോന്നാൻ..?!” രാജേഷിന്റെ തീരുമാനം കേട്ട് പാർവ്വതിക്ക് അത്ഭുതം തോന്നീ.
“ഒന്നുമില്ല പാറൂ.. നീ ഇതിപ്പോൾ നീ എത്ര എക്സാമായി എഴുതുന്നൂ…?! നമുക്ക് ഭാഗ്യമില്ലെന്ന് തോന്നുന്നൂ….” രാജേഷ് മുഖത്തും വാക്കുകളിലും അല്പം സങ്കടം വരുത്തി പറഞ്ഞൂ.
“എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ രാജേഷേട്ടന്…?! രാജേഷേട്ടൻ തന്നെയല്ലേ, ജോലിക്ക് പോകുന്നില്ലെന്നും പറഞ്ഞിരുന്ന എന്നെ നിർബന്ധിപ്പിച്ച് പിഎസ്സ്സി കൊച്ചിങ്ങ് ക്ലാസ്സിന് വിട്ടത്..? രാജേഷേട്ടനും ഒരുപാട് പിഎസ്സ്സി ടെസ്റ്റ് എഴുതിയിട്ട് തന്നേയല്ലേ കെ.എസ്സ്.ഇ.ബി യിലെ ഇപ്പോഴത്തെ ഈ ജോലി കിട്ടിയത്?! എനിക്ക് കൂടെ ഒരു വരുമാനമായാൽപിന്നെ ജീവിതം രക്ഷപ്പെട്ടൂ എന്നൊക്കെ പറഞ്ഞിട്ടിപ്പോൾ, എന്താണ് ഇങ്ങനെ തോന്നാൻ….?!” പാറുവും അവളുടെ വാക്കുകളിൽ സങ്കടമൊട്ടും കുറച്ചില്ല.
“അത് പിന്നെ… പിഎസ്സ്സി പരീക്ഷക്കെന്നും പറഞ്ഞിട്ട് ഒരുമാസം എത്ര കാശാണ് നമുക്ക് ചിലവാകുന്നത് പാറൂ….?! ”
“അങ്ങിനെ പറഞ്ഞാൽ….. നമ്മുടെ കാര്യങ്ങൾ നടക്കണ്ടേ രാജേഷേട്ടാ?! രാജേഷേട്ടന്റെ വരുമാനത്തിന്റെ കൂടെ, എനിക്കുമൊരു ജോലി ആയി, അതിന്റെ വരുമാനം കൂടെ കിട്ടിതുടങ്ങിയാൽ പിന്നെ, എല്ലാം ശരിയാകുമല്ലോ…?! എല്ലാം നല്ലതിനുവേണ്ടിയല്ലേ…?!”
” സത്യം പറ പാറൂ… നീ ശരിക്കും, പഠിച്ചിട്ട് തന്നെയാണോ എക്സാമിന് പോകുന്നത്..?!”
“ദേ.. രാജേഷേട്ടാ ചുമ്മാ ഓരോന്ന് പറഞ്ഞു വഴക്കിടാൻ വരല്ലേ.. പിന്നെ പഠിക്കാതെയാണോ ഞാൻ എക്സാമിന് പോകുന്നത്?! രാജേഷേട്ടനിപ്പോൾ എന്താണ് ഇങ്ങിനെ തോന്നാൻ..?! ”
“അതല്ല പാറൂ.. നിന്റെ കൂടെ പഠിച്ചിരുന്ന, നിന്റെ കൂട്ടുകാരികൾക്കെല്ലാം ഇപ്പോൾ ജോലി ആയി. നിനക്ക് മാത്രം ഇതുവരെ…..?!”
രാജേഷിന്റെ സംശയത്തിന്റെ മുനവെച്ചുള്ള, തനിക്ക് കുറ്റബോധം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം, പാർവതിക്ക് അത്രക്കങ്ങോട്ട് ദഹിച്ചില്ല. അവളെ മറ്റുള്ളവരുടെ മുൻപിൽ കൊച്ചാക്കുന്ന പോലെ, അവളുടെ ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു തോന്നൽ.
” ഓഹ്! അതാണോ..? അതൊക്കെ പിടിപാടിന്റെ പുറത്തല്ലേ രാജേഷേട്ടാ..? പിന്നെ എല്ലാവർക്കും ജോലി കിട്ടി എന്നുംപറഞ്ഞിട്ട് വല്ലാണ്ടങ്ങോട്ട് പൊലിപ്പിക്കണ്ട… ഒരു മൂന്നു നാല് പേർക്ക് ജോലി കിട്ടി, അത്രയല്ലേ ഉളളൂ…?!”
“എന്ത് പിടിപാടാണ് പാറൂ..?!”
“രാഷ്ട്രീയ സ്വാധീനം. അല്ലാതെന്താ..?! കോളേജിൽ പഠിക്കുന്ന കാലത്തേ.. എന്നും അവരെക്കാളും കൂടുതൽ മാർക്ക് എനിക്കാണ് കിട്ടിയിരുന്നത്, അതറിയോ രാജേഷേട്ടന്?!” ശുണ്ഠി കയറിയ പാറു ചോദിച്ചൂ…
“അപ്പോൾ പിഎസ്സ്സി എഴുതി കിട്ടുന്നതൊക്കെ രാഷ്ട്രീയ സ്വാധീനം ഉള്ളവർക്കാണോ?! എനിക്കെന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉണ്ടായിരുന്നത് പാറൂ..?!”
തൽക്കാലത്തേക്ക് ഒന്ന് പിടിച്ചു നിൽക്കാൻ വേണ്ടി പറഞ്ഞത്, തനിക്ക് തന്നെ പാര ആയോ എന്നോർത്ത്, അതിൽ നിന്നും തലയൂരാൻ വേണ്ടി പാറു പറഞ്ഞൂ.
“അങ്ങിനെ എല്ലാവരും സ്വാധീനം കൊണ്ടാണ്… എന്നല്ല ഞാൻ പറഞ്ഞത്. ന്നാലും…. ചിലരൊക്കെ അങ്ങിനെയാണ് രാജേഷേട്ടാ..” പാറു പരുങ്ങി.
” അതൊന്നുമല്ല ഇവിടുത്തെ വിഷയം പാറൂ. നീ എക്സാം എഴുതുന്നതുകൊണ്ട് എനിക്ക് വിരോധമില്ല. പക്ഷേ…. ഒരു ദിവസം നിന്നെ എക്സാമിന് കൊണ്ടുപോകുമ്പോൾ ചിലവാകുന്നത് രണ്ടായിരത്തി അഞ്ഞൂറും മൂവായിരവുമൊക്കെയാണ്. ചിലപ്പോൾ മൂവായിരവും കടക്കാറുണ്ട്. അതും ചിലപ്പോൾ ഒരു മാസം തന്നെ രണ്ടും മൂന്നും എക്സാമുകൾ. ഇങ്ങനെ പോയാൽ എങ്ങിനെ ചിലവ് താങ്ങാൻ സാധിക്കും?! ഇനി, എക്സാം എഴുതാൻ വല്ല ലോണും കിട്ടുമോന്ന് നോക്കേണ്ടി വരും..”
” ഇത്രയൊക്കെ ചിലവ് എങ്ങിനെയാണ് രാജേഷേട്ടാ…?! ഞാൻ എക്സാമിന് പോകാതിരിക്കാൻ രാജേഷേട്ടൻ ചുമ്മാ ഓരോന്ന് പറയാൻ നിൽക്കണ്ട.” രാജേഷ് പറഞ്ഞ തുകകൾ കേട്ട് പാർവ്വതി അത്ഭുതപ്പെട്ടൂ.
“ഞാൻ ചുമ്മാ ഓരോന്ന് പറയാന്നാണോ നിന്റെ വിചാരം പാറൂ..?! നീ തന്നെയൊന്ന് കണക്ക് കൂട്ടിനോക്കിയേ.. നിന്നെ എക്സാം സെന്ററിൽ കൊണ്ടുവിടാനും തിരികെ കൊണ്ടുവരാനും, കാറിൽ പെട്രോൾ അടിക്കാൻ തന്നെ വേണം രൂപ ആയിരം. ഒരു ജില്ലയുടെ അങ്ങേയറ്റത്ത് ഏറ്റവും അകലെയുള്ള സ്കൂൾ തന്നെ നോക്കി പരീക്ഷാർത്ഥികൾക്ക് എക്സാം സെന്റർ നിശ്ചയിച്ച്, മനുഷ്യരെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കുന്നതിൽ ഈ പിഎസ്സ്സിക്കാർക്ക് എന്ത് മനഃസുഖമാണാവോ കിട്ടുന്നത്..?!
നിനക്കറിയുമോ പാറൂ? ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവർ ആരാണെന്ന്?!”
” ആരൊക്കെയാണ് രാജേഷേട്ടാ?”
“അത് കോടികൾ ലോട്ടറി അടിക്കുന്നവനുമല്ല, കിണറ് കുഴിക്കുമ്പോൾ നിധി കിട്ടുന്നവനുമല്ല”
“പിന്നേ….?!!”
“വീടിനടുത്തുള്ള സ്കൂൾ, പി എസ്സ് സി യുടെ എക്സാം സെന്റർ ആയി കിട്ടുന്നവർ ആണ്. ഇന്നുവരെ ഏതെങ്കിലുമൊരാൾക്ക് ആ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടോ ആവോ എന്റെ ഭഗവാനേ…?!” രാജേഷിന്റെ ദേഷ്യത്തോടെയുള്ള ദൈവത്തിനോടുള്ള ചോദ്യം കേട്ട് പാർവ്വതിക്ക് ചിരി പൊട്ടി.
“അതിനിപ്പോൾ നമ്മളെന്തു ചെയ്യാനാ രാജേഷേട്ടാ?! ദൂരെ എക്സാം സെന്റർ കിട്ടുമ്പോൾ എനിക്ക് ഒറ്റക്ക് പോകാനൊക്കുമോ?! നമ്മൾ രണ്ടാളും ഒരുമിച്ചു പോകുമ്പോൾ പിള്ളേരെ മാത്രം വീട്ടിലാക്കി പോകാൻ പറ്റില്ലല്ലോ?! അപ്പോൾ പിന്നെ കാർ എടുത്തല്ലേ പറ്റൂ..?!”
“ആ… അതു കഴിഞ്ഞു പോകുന്ന വഴിയിൽ സ്നാക്സ്, ജ്യൂസ്. അതിനൊരു മുന്നൂറ് മൂന്നൂറ്റി അൻപത് വരും”
“പിള്ളേർക്ക് അത്രേം ദൂരം കാറിലിരിക്കുമ്പോൾ പിന്നെ വിശക്കില്ലേ രാജേഷേട്ടാ?! രാവിലെ വീട്ടീന്ന് നേരത്തേ തന്നെ കഴിച്ചിറങ്ങുന്നതല്ലേ..?!”
” ഞാൻ പരാതി പറഞ്ഞതല്ലല്ലോ പാറൂ..? ചിലവിന്റെ കാര്യങ്ങൾ പറഞ്ഞതല്ലേ…? പിന്നെ ഉച്ചഭക്ഷണം.”
“അതിന് എക്സാമിന്റെ ദിവസം ഉച്ചക്ക് ഞാനൊന്നും കഴിക്കാറില്ലല്ലോ രാജേഷേട്ടാ…?!”
“എന്റെ പാറൂ.. നീ കഴിച്ചില്ലെങ്കിലും പിള്ളേർക്ക് കഴിക്കണ്ടേ..?! എനിക്ക് കഴിക്കണ്ടേ?! നിനക്ക് നമ്മുടെ പിള്ളേരെ അറിയാലോ? ഹോട്ടലിൽ ചെന്നാൽ പിന്നെ രണ്ടുപേർക്കും രണ്ടുതരം ഭക്ഷണമാണ് ഇഷ്ടം. ഒരാൾക്ക് ചിക്കനും പൊറോട്ടയുമാണെങ്കിൽ ഒരാൾക്ക് ബിരിയാണി. ഭക്ഷണത്തിന്റെ കാര്യമല്ലേ..? വാങ്ങിക്കൊടുക്കാതിരിക്കാൻ പറ്റുമോ?! ഞാൻ പിന്നെ എനിക്ക് ഭക്ഷണമൊന്നും പറയാതെ, അവരുടേതിൽ നിന്നും ഷെയർ ചെയ്തു കഴിക്കും. ഇതൊന്നും പോരാഞ്ഞിട്ട്, എത്ര അടച്ചു കെട്ടിയ പ്രൈവറ്റ് കാബിനുള്ളിൽ കയറിയിരുന്നു ഭക്ഷണം കഴിച്ചാലും, ബില്ലിന് വേണ്ടി വെയ്റ്ററെ വിളിച്ചാൽ, അയാൾ വരുമ്പോൾ കയ്യിൽ അടുത്ത ടേബിളിലേക്കുള്ള ഐസ്ക്രീം കാണും. ഇവന്മാർ ഐസ്ക്രീം ചിലവാക്കാൻ മനഃപൂർവം ചെയ്യുന്നതാണോ എന്തോ?! പിള്ളേരുടെ ഐസ്ക്രീമിലേക്കുള്ള നോട്ടം കണ്ടാൽ പിന്നെ അത് വാങ്ങിക്കൊടുക്കാതിരിക്കാൻ പറ്റുമോ?! അങ്ങിനെ അവിടേയുമാകും ഒരു നാനൂറും അഞ്ഞൂറുമൊക്കെ”
രാജേഷിന്റെ കണക്കുകൾ കേട്ട് പാർവ്വതിയുടെ കണ്ണുകൾ പതിയെ അടഞ്ഞുപോയിക്കൊണ്ടിരുന്നൂ. അത് ശ്രദ്ധിച്ച രാജേഷ് പാർവതിയുടെ ചുമലിൽ പിടിച്ചുകുലുക്കിക്കൊണ്ട്.
” ആഹാ…!! പാറു ഉറങ്ങുവാണോ..?!”
പാറു പെട്ടെന്ന് ഞെട്ടി എണീറ്റിട്ട്, “അല്ല രാജേഷേട്ടാ ഉറങ്ങിയതല്ല.. സോറി.. പ്രൈവറ്റ്… ഐസ്ക്രീം… ആ.. ബാക്കി പറ..”
” കുന്തം…! പ്രൈവറ്റ് ഐസ്ക്രീം അല്ല.. പബ്ലിക് ഐസ്ക്രീം.. കാര്യമായിട്ടുള്ള കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണോ പാറൂ നിന്റെയൊരു ഉറക്കം..?!”
“അത് പിന്നെ, നല്ല ക്ഷീണമുണ്ട് രാജേഷേട്ടാ… ഇന്ന് ഉച്ചക്ക് കുറച്ചധികം ഉറങ്ങി, അത് പതിവില്ലാത്തതല്ലേ? ചിലപ്പോൾ അതിന്റെയാകും ക്ഷീണം. രാജേഷേട്ടൻ പറ, ഇനി ഞാൻ ഉറങ്ങില്ല..” “ആ.. ഇങ്ങനെ ഉണ്ടും ഉറങ്ങിയും ക്ഷീണിച്ചു നടന്നോ പാറൂ.. അങ്ങിനെ ആ ഹോട്ടലിൽ ആകും അഞ്ഞൂറെന്ന്..”
“ആ.. ഓക്കേ.. പിന്നെ…?!”
“പിന്നെ, നീ എക്സാം കഴിഞ്ഞു വരുമ്പോൾ, അടുത്ത ഹോട്ടലിൽ നിന്നും എല്ലാവർക്കും ചായ മസാലദോശ. അതിനാകും ഒരു മുന്നൂറ് മുന്നൂറ്റി അൻപത്”
“അത് പിന്നെ ഞാൻ, ഉച്ചക്കൊന്നും കഴിക്കാതെയല്ലേ എക്സാമിന് കയറുന്നെ..?! അപ്പോൾ എക്സാം കഴിയുമ്പോൾ വിശക്കില്ലേ രാജേഷേട്ടാ…?”
“ഞാൻ പറഞ്ഞല്ലോ?! ഇതൊരു പരാതിയല്ല പാറൂ… ഞാൻ ചിലവിന്റെ കാര്യങ്ങൾ പറയുന്നതല്ലേ…?!”
“ആ…, രാജേഷേട്ടൻ ബാക്കി പറ..”
മലർന്നുകിടന്നിരുന്ന പാർവതി ഒരു കൊട്ടുവായോടുകൂടെ അത് പറഞ്ഞവസാനിപ്പിച്ചിട്ട്, രാജേഷിനെ ശ്രദ്ധിക്കുന്നതായി ഭാവിച്ചുകൊണ്ട് അവന്റെ മുഖത്തിനഭിമുഖമായി തിരിഞ്ഞു കിടന്നൂ.
“പിന്നെ അതും കഴിഞ്ഞിട്ട് തിരിച്ചുപോരുന്ന വഴിക്ക് തുണിക്കട എവിടേലും കണ്ടാൽ നിനക്ക് പിന്നെ ഒരു പാന്റോ ടോപ്പോ ഇല്ലാതെ പറ്റില്ലല്ലോ..?!”
” അതുപിന്നെ, ഉള്ളതൊക്കെ ഇട്ട് ഇട്ട് മടുത്തൂ രാജേഷേട്ടാ. പിന്നെയുള്ളത് കുറേ പഴയ ഡ്രെസ്സുകളൊക്കെയാണ്. അതൊക്കെ ഒരോ കല്യാണങ്ങൾക്കെടുത്തത്. അതൊക്കെ എല്ലാവരും കണ്ടതാണ്. പണ്ടൊക്കെ പുതിയ ഡ്രസ്സ് എടുക്കാൻ വല്ലപ്പോഴും ഓരോ കല്ല്യാണങ്ങളൊക്കെ വരുമായിരുന്നൂ. ഇതിപ്പോൾ കൊറോണ കാരണം അകന്ന ബന്ധുക്കളൊന്നും കല്യാണം വിളിക്കുന്നുമില്ല. അടുത്ത ബന്ധത്തിൽ കല്യാണപ്രായമായ ആരുമില്ലതാനും. എപ്പോഴും ഒരേ ഡ്രസ്സ് ഇട്ട് നടന്നാൽ എങ്ങിനെയാ? ഇടക്ക് എന്തെങ്കിലുമൊക്കെ പുതുമ വേണ്ടേ..? പിന്നെ, ഇതും പരാതി ഒന്നുമല്ലല്ലോ രാജേഷേട്ടാ..?!! ചിലവിന്റെ കാര്യം പറഞ്ഞത് മാത്രമല്ലേ….?!” പാർവ്വതി ചെറുതായൊരു ചിരി ചുണ്ടിൽ വരുത്തിക്കൊണ്ട് ചോദിച്ചൂ.
” എന്നാൽ ഇത് പരാതി ആയിരുന്നൂട്ടാ പാറൂ … ” രാജേഷും ചിരിച്ചുകൊണ്ട് അവളുടെ മൂക്കിൽ പിടിച്ചു ഇളക്കിക്കൊണ്ട് പറഞ്ഞൂ.
“ഒന്ന് പോ രാജേഷേട്ടാ..” പാർവതിയുടെ നുണക്കവിളുകൾ വിരിഞ്ഞൂ. അവൾ അവന്റെ കൈ അവളുടെ മൂക്കിൽ നിന്നും വിടുവിച്ചിട്ട് അവന്റെ നെഞ്ചിൽ തന്നെ അമർത്തി പതിച്ചു വെച്ചൂ.
” അതല്ല പാറൂ… നീയല്ലേ കഴിഞ്ഞതിനും മുൻപത്തെ പ്രാവശ്യം എക്സാമിന് പോയപ്പോൾ ഒരു മഞ്ഞ കളർ പാന്റ് വാങ്ങിയത്? അതു കഴിഞ്ഞിട്ട്, അടുത്ത പ്രാവശ്യം എക്സാമിന് പോയപ്പോഴും നീയൊരു മഞ്ഞ പാന്റ് വാങ്ങി. ഇതെങ്ങിനെയാണ് മുൻപ് വാങ്ങിയ പാന്റ് ഇത്ര പെട്ടെന്ന് കേടുവന്നത്..?”
” അതിന് ആ പാന്റ് കേടുവന്നെന്ന് ആര് പറഞ്ഞൂ രാജേഷേട്ടാ…?! പാർവതി ആശ്ചര്യത്തോടെ ചോദിച്ചൂ.
“അപ്പോൾ പിന്നെ നീയെന്തിനാ രണ്ടാമതും മഞ്ഞപാന്റ് വാങ്ങിയത്…?!”
“അത് ‘പലാസ്സോ’.. അയ്യേ….!!! ഈ രാജേഷേട്ടന് ഒന്നും അറിയില്ല..”
അവൾ പറഞ്ഞത് കേട്ടിട്ട് ജീവിതത്തിൽ ആദ്യമായൊരു വാക്ക് കേട്ടപോലെ അവൻ ആശ്ചര്യപെട്ടൂ, എന്നിട്ട് ഒന്നും മനസ്സിലാകാതെ തല ചൊറിഞ്ഞൂ കൊണ്ട് ചോദിച്ചൂ..
“എന്ത്…?!”
” എന്റെ രാജേഷേട്ടാ.. നമ്മൾ അവസാനം എടുത്ത പാന്റാണ് ‘പലാസ്സോ’.. മുൻപ്പെടുത്തത് ‘ചുരി ബോട്ടം’. ഇങ്ങനെയൊരു ഫാഷൻ സെൻസ് ഇല്ലാത്ത മനുഷ്യൻ”
ആവൾ പറഞ്ഞത് അപ്പോഴും ഒന്നും മനസ്സിലാകാതിരുന്ന രാജേഷ്, കൂടുതൽ ചോദിച്ചിട്ട് ഫാഷനിലുള്ള തന്റെ അജ്ഞാനം ഇനിയും വെളിപ്പെടുത്തേണ്ടെന്നു കരുതി, നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കൈകൊണ്ട് തുടച്ചുകൊണ്ട് അവളോട് പറഞ്ഞൂ.
“ആ… ഓക്കേ.. ഓക്കേ.. നീ എണീറ്റ് ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിയിട്ടേ.. പിന്നെ ലൈറ്റും ഓഫ് ചെയ്‌തോ.. നമുക്ക് ഉറങ്ങാം പാറൂ..”
പാർവ്വതി എണീറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ നടക്കുമ്പോഴാണ്. മുറിയുടെ മൂലയിൽ ഇട്ടിരുന്ന കപ്ബോർഡിന്റെ വാതിൽ പാതി തുറന്നു കിടക്കുന്നത് ശ്രദ്ധിച്ചത്. കുട്ടികൾ ആരേലും തുറന്നിട്ട് അടക്കാതെ പോയതാകും. എന്നാൽ പിന്നെ അതടച്ചിട്ട് ലൈറ്റ് ഓഫ് ചെയ്യാം എന്ന് കരുതി അവൾ അങ്ങോട്ട് നടന്നൂ.
വാതിൽ അടക്കാൻ നേരം കപ്ബോർഡ് ഒന്ന് തുറന്ന് അവളുടെ ഡ്രെസ്സുകൾ ഒന്ന് കാണാൻ അവൾക്കൊരാഗ്രഹം. അവൾ കപ്ബോർഡിന്റെ രണ്ടുവാതിലും മലർക്കേ തുറന്നിട്ട്, ഹാങ്ങറിൽ തൂക്കിയിട്ട അവളുടെ ഡ്രെസ്സുകളുടെ ഭംഗി നോക്കി അവയെ ചാഞ്ചാടിപ്പിച്ചുകൊണ്ട്, വലതുഭാഗത്തുനിന്നും ഇടതുവശത്തേക്ക് കൈകൊണ്ട് പതിയെ തലോടി. നടുവിൽ കിടന്നിരുന്ന പർപ്പിൾ ടോപ്പിൽ എത്തിയപ്പോൾ അവളുടെ കൈ അറിയാതെ അവിടെ ഉടക്കി നിന്നൂ. അതിനൊരു പാന്റ് വേണമല്ലോ എന്നുള്ള കാര്യം അപ്പോഴാണവൾ ഓർത്തത്. അവൾ പതിയെ തല പുറകോട്ട് തിരിച്ചിട്ട് രാജേഷിനെയൊന്ന് പാളി നോക്കി. രാജേഷ് അവിടെ മൊബൈലിൽ എന്തോ നോക്കി തോണ്ടിക്കൊണ്ടിരിക്കുകയാണ്. അവൾ വേഗം കപ്ബോർഡ് അടച്ചിട്ട്, ഫാനിന്റെ സ്പീഡ് കൂട്ടി, ലൈറ്റ് ഓഫ് ചെയ്ത് രാജേഷിന്റെ ഫോണിന്റെ വെട്ടത്തെ ലക്ഷ്യമാക്കി നടന്നൂ.
“രാജേഷേട്ടാ….” പാർവതി അലസത കലർന്ന നാണത്തോടെ, ഇക്കിളി പെടുത്തുന്നൊരു വിളി വിളിച്ചുകൊണ്ട് ബെഡ്‌ഡിലേക്ക് കിടന്നൂ.
“മം…?!!” രാജേഷ് ഫോണിലേക്ക് നോക്കിക്കൊണ്ട് തന്നെ ചോദ്യഭാവത്തിൽ മൂളി.
“അതേ.. രാജേഷേട്ടാ… നമുക്ക് എക്സാം എഴുതലൊന്നും നിർത്തണ്ട…. ഞാനിപ്പോൾ നല്ല രീതിയിൽ പഠിക്കുന്നുണ്ട് രാജേഷേട്ടാ… ചിലപ്പോൾ അടുത്ത രണ്ടുമൂന്ന് എക്സാമോട് കൂടെ ജോലി ആകാൻ നല്ല സാധ്യത കാണുന്നുണ്ട്… ഇന്നലേം കൂടെ വീട്ടീന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞൂ.. ജാതകപ്രകാരം എനിക്കിപ്പോൾ ശുക്രൻ ആണത്രേ… ” പാർവ്വതി അവളുടെ വലതുകൈയ്യിലെ ചൂണ്ടുവിരൽ മലർന്നുകിടന്നിരുന്ന രാജേഷിന്റെ ഷോൾഡറിൽ കുത്തി പതിയെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ട് പറഞ്ഞൂ.
“അല്ലെങ്കിലും നിനക്ക് എന്നാണ് ശുക്രൻ അല്ലാത്തത് പാറൂ…?! സമയത്തിന് ഭക്ഷണം ഉറക്കം. വേറെ ഒരു ടെൻഷനുമില്ല. എന്തായാലും നമുക്ക് നോക്കാം പാറൂ….”
“അങ്ങിനെ നോക്കാന്ന് പറഞ്ഞതോണ്ടായില്ല രാജേഷേട്ടാ. എഴുതിയേ പറ്റൂ… എന്തൊക്കെ ആയാലും ഞാൻ ജോലി വാങ്ങിയിരിക്കും രാജേഷേട്ടൻ നോക്കിക്കോ…”
“ഹും.. ശരി.. ശരി… ഇത് കുറേ കേട്ടതാണെങ്കിലും ഇടക്കിടക്ക് വീണ്ടും കേൾക്കുമ്പോൾ ഒരു രസമൊക്കെയുണ്ട് പാറൂ. എന്തായാലും ഇനി എക്സാം എഴുതി നോക്കാത്തതുകൊണ്ട്, ജോലികിട്ടാതെ പോയി എന്നുള്ള സങ്കടം വേണ്ടാ… നീ അടുത്ത എക്സാമിന് തയ്യാറായിക്കോളൂ..”
രാജേഷിന്റെ വാക്കുകൾ കേട്ട പാർവ്വതിയുടെ മനസ്സ് വീണ്ടും പർപ്പിൾ ടോപ്പിന്റെ പാന്റിൽ എത്തി നിന്നൂ. “കൃഷ്ണാ…. അടുത്ത എക്സാം സംഗീതയുടെ മകളുടെ ബർത്ത്ഡേക്ക് മുൻപ് ഉണ്ടാകണേ…. ” എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് അവൾ രാജേഷിനടുത്തേക്ക് നീങ്ങി കിടന്നൂ.
“അടുത്ത പിഎസ്സ്സി എക്സാം പെട്ടെന്നൊന്നും ഉണ്ടാകല്ലേ കൃഷ്ണാ…” എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്, കൃഷ്ണനെ ആശയക്കുഴപ്പത്തിലാക്കി, രാജേഷും ഫോൺ സൈലന്റ് ആക്കി, ലോക്ക് ചെയ്ത്, കട്ടിലിനടുത്ത് കിടന്നിരിരുന്ന ടേബിളിൽ വെച്ചുകൊണ്ട്, പാർവതിയെ അവനോട് ചേർത്ത് പിടിച്ചുകിടന്നൂ.
ഇതിൽ ആരുടെ പ്രാർത്ഥന നടത്തിക്കൊടുക്കണമെന്ന് ഇനി കൃഷ്ണൻ തീരുമാനിക്കട്ടെ…
രചന : – Sony Asokan..