എന്റെ നെഞ്ചിൽ ഇടിയും മിന്നലും പട പടോന്നു വന്നു വീണു.. ഞാൻ ഓടിച്ചെന്ന് ചാർജ്ജറെടുത്ത് ഫോണിൽ കുത്തി.. കുത്തിയിട്ട് ഊരിയിട്ടും ഊരിയിട്ട് കുത്തിയിട്ടും ഫോൺ ഓണാകുന്നില്ല..മരിച്ചു പോയ രോഗിയ്ക്ക് ഓക്സിജൻ കൊടുത്ത പോലെ ചലനമറ്റ് കിടക്കുവാ .

Uncategorized

അബ്രാമിന്റെ പെണ്ണ്

കഴിഞ്ഞയിടയ്ക്ക് ഒരൂസം ഞാൻ ഫോണിലിങ്ങനെ തോണ്ടിക്കൊണ്ടിരിക്കുവാരുന്നേ.. തോണ്ടലിന്റെയും കുത്തിന്റെയും നീക്കിന്റെയുമൊക്കെ ഊക്ക് കൂടിയതുകൊണ്ടാണോ എന്നറിഞ്ഞൂടാ ആദ്യം ഫോണിലേക്ക് സൂര്യനുദിച്ചപോലൊരു വെട്ടമിങ്ങു വന്നു.. ഇത്തിരി നേരം കഴിഞ്ഞ് ആ വെട്ടം എന്നെന്നേക്കുമായി അണഞ്ഞു…

എന്റെ നെഞ്ചിൽ ഇടിയും മിന്നലും പട പടോന്നു വന്നു വീണു.. ഞാൻ ഓടിച്ചെന്ന് ചാർജ്ജറെടുത്ത് ഫോണിൽ കുത്തി.. കുത്തിയിട്ട് ഊരിയിട്ടും ഊരിയിട്ട് കുത്തിയിട്ടും ഫോൺ ഓണാകുന്നില്ല..മരിച്ചു പോയ രോഗിയ്ക്ക് ഓക്സിജൻ കൊടുത്ത പോലെ ചലനമറ്റ് കിടക്കുവാ ..

ചോറ് തിന്നാതെയും കുളിക്കാതെയും നനയ്ക്കാതെയും എത്ര കൊല്ലം വേണമെങ്കിലും കഴിയാം.. ഫോണില്ലാതെ എന്തിന് ജീവിക്കണം,,,, എങ്ങനെ ജീവിക്കും…??

അന്നൊരു ഞായറാഴ്ചയായിരുന്നു… വൈകുന്നേരത്തോടെ ഞാനും മോളും അനിയത്തിയുമടങ്ങുന്ന സംഘം പ്രസ്തുത ഡെഡ്ബോഡി ബാഗിലാക്കി കൊട്ടാരക്കരയിലേയ്ക്ക് കത്തിച്ചു വിട്ടു..കെട്ടിയോൻ രാവിലെ ജോലിക്ക് പോവുകയും ചെയ്താരുന്നു….അല്ലെങ്കിൽ ഫോണ് ചത്തത് കണ്ട് അങ്ങേർക്ക് ഹൃദയാഹ്ലാദം വന്നേനെ..

ആ സ്റ്റാൻഡിന്റെ തൊട്ടപ്പുറത്തെ കടേലോട്ട് ഫോണും കൊണ്ട് ഞങ്ങള് കേറി.. അവിടുത്തെ ഫോണിന്റെ ഡോക്ടറെന്ന് തോന്നിപ്പിക്കുന്ന മനുഷ്യൻ ഫോൺ വാങ്ങി തിരിച്ചും മറിച്ചും കുലുക്കി നോക്കി..

“ഇതെന്തുവാ പേട്ട് തേങ്ങായാണോ.. ഇങ്ങനെ കുലുക്കി നോക്കാൻ..

മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അദ്ദേഹത്തെ ദയനീയമായി നോക്കി നിന്ന്..

ഫോണ് കുലുക്കി നോക്കിയിട്ട് അങ്ങേരെന്റെ മുഖത്തോട്ട് നോക്കി..

“ഫോണിന്റെ…. അതോ…. മറ്റേതോ ഏതാണ്ട് പോയതാണെന്ന് തോന്നുന്നു.. ഇന്ന് ഇവിടെ ടെക്‌നിഷ്യൻ ആരുമില്ല.. നാളെ രാവിലെ കൊണ്ട് വാ.. അപ്പൊ ശരിയാക്കി തരാം..1500 രൂപയാകും..

പ്രതീക്ഷയോടെ നോക്കി നിന്ന എന്റെ കയ്യിലേയ്ക്ക് അതിയാൻ ഫോൺ തിരിച്ചു തന്നു.. നാളെ എന്നൊരു ദിവസം എന്നെക്കൊണ്ട് ഉൾക്കൊള്ളാനൊക്കുന്നതിലും എത്രയോ വലുതാണ്..

ഞങ്ങളവിടെ നിന്നിറങ്ങി കൊച്ചിന് ഇച്ചിരി തുണി വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാ വേറൊരു മൊബൈൽ കട കാണുന്നത്.. ന്തായാലും അങ്ങോട്ടും കൂടെയൊന്നു കാണിച്ചു നോക്കാമെന്ന് കൂടപ്പിറപ്പ് പറഞ്ഞപ്പോ ഞാനും സമ്മതിച്ചു..

മറ്റേ കടയിലേക്കാളും ഇച്ചിരി പ്രായമുള്ളൊരു മനുഷ്യനാരുന്നു ആ കടയിൽ ഇരുന്നത്.. ഞാൻ ഫോണിന് സംഭവിച്ച ദുരന്തം ഡോക്ടറുടെ മുന്നിലിരുന്ന് രോഗി പറയുന്ന പോലെ അതിന്റെ അങ്ങേയറ്റം ഭീകരമായി വർണ്ണിച്ചു.. അങ്ങേർക്ക് യാതൊരു ഭാവ മാറ്റവുമില്ല…

ചില ഡോക്ടർമാര് അങ്ങനെയാണല്ലോ..

അയാൾ പിന്ന് പോലൊരു സാനം വെച്ച് ഫോണിന്റെ അവിടെയും ഇവിടെയുമൊക്കെ കുത്തി.. ഫോൺ തുറന്നിട്ട്‌ ബാറ്ററി ചെക്ക് ചെയ്തു… എന്നിട്ട് അത് അടച്ചു.. ഇടയ്ക്ക് വേറൊരുത്തനും കൂടെ വന്നു.. ബംഗാളിയാണെന്ന് തോന്നുന്നു.. രണ്ടാളും കൂടെ എന്തൊക്കെയോ കുശുകുശു പറഞ്ഞു..

കൊറേ കഴിഞ്ഞപ്പോ ദാണ്ടെടെ എന്റെ ഫോണ് ഓണായിരിക്കുന്നു…!!!!

അപ്പോഴുണ്ടായൊരു സന്തോഷം…. എനിക്ക് വയ്യ…!!!!

ഫോണങ്ങോട്ട് ഓണായതും നിറഞ്ഞു നിന്ന ഡാമിന്റെ ഷട്ടർ തുറക്കുമ്പോ വെള്ളം പുറത്തോട്ട് പാഞ്ഞു വരുന്ന പോലെ മെസേജുകളുടെ കൂ കൂ ശബ്ദം..

“മോളേ,,

എവിടാണ്..

എന്ത്പറ്റി,,

മിണ്ടുന്നില്ലല്ലോ,,

വയ്യായോ,,,

കഴിച്ചോ,,

എന്തേലുമൊന്ന് മിണ്ടു പൊന്നേ,,,

ഇങ്ങനെ തുരുതുരാ മെസേജുകൾ വരുന്നത് കണ്ട് ആ ചേട്ടൻ അന്തംവിട്ട് പോയി…

“അല്ലണ്ണാ,, ഈ ഫോണിനെന്തു പറ്റിയതാ..

ഞാൻ ചോയ്ച്ചു..

“ഫോൺ ഹാങ്ങാവുന്നതാണെന്ന് തോന്നുന്നു.. ഫേസ്ബുക്കും യൂട്യൂബും ഒരുപാട് യൂസ് ചെയ്യുന്നുണ്ടോ…

അദ്ദേഹം അനുകമ്പയോടെ ചോദിച്ചു..

“ഇത് രണ്ടുമില്ലാതെ എന്തോന്ന് ജീവിതം അണ്ണാ… അല്ല ഇനിയുമിങ്ങനെ ഓഫായിപ്പോകാതിരിക്കാൻ ഞാനെന്തോ ചെയ്യണം..

അങ്ങേരെന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കേട്ടോ.. ഞാനങ്ങു കൊടുത്തു.. ന്റെ പ്രാണൻ വേണേലും കൊടുക്കും..

ഫോൺ ഓണാക്കിയിട്ട് പുള്ളി എഫ് ബിയുടെ എന്തൊക്കെയോ കുന്ത്രാണ്ടത്തിലൊക്കെ തൊട്ട് കാണിച്ചു.. അങ്ങനെ ചെയ്‌താൽ ഇങ്ങനെ ആവില്ലെന്ന് പറഞ്ഞു..

പിന്നീട് പുള്ളി യൂട്യൂബിൽ പോയി.. എന്നിട്ട് അതിന്റെ സെർച്ച്‌ ലിസ്റ്റിൽ നോക്കി.. ശേഷം എന്നെയും നോക്കി… പിന്നേം ഫോണിൽ നോക്കുന്നു.. എന്നേം നോക്കുന്നു..

“ചുമ്മാതല്ല ഫോൺ ഹാങ്ങാവുന്നത്.. പൊട്ടിത്തെറിച്ചു പോയില്ലെങ്കിലേ അതിശയമുള്ളൂ…

അതിയാൻ ലോകത്തിലെ ഏറ്റവും വലിയ വെറുപ്പ് ശബ്ദത്തിൽ നിറച്ചു പിറുപിറുത്തു..

“ങ്‌ഹേ.. ഇങ്ങേർക്ക് എന്തോ പറ്റി..നോട്ടത്തിൽ മുൻപ് കണ്ട സഹതാപമില്ലല്ലോ.. യൂട്യൂബിലെന്തുവാ കടന്നലിനെ കണ്ടോ…

മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഫോണിലേയ്ക്ക് എത്തി വലിഞ്ഞു നോക്കി.. സേർച്ച്‌ ലിസ്റ്റിൽ നോക്കിയ ഞാനും ഞെട്ടി…

“കമ്പികഥകൾ…

ഭാഗവാനേ,, മാനം കപ്പല് കേറിയിരിക്കുന്നു..

സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് തുടങ്ങിയ കാലത്ത് ഒരിക്കൽ ആകെക്കൂടിയുള്ള എന്റെ ചോന്ന കൊടയുടെ കമ്പി ഒടിഞ്ഞു പോയി.. അന്നൊക്കെ ഫോണ് ഉപയോഗിക്കുന്നതിൽ നമ്മള് ശിശുവാണ്.. ഒരു വെണ്ടയ്ക്കയും അറിഞ്ഞൂടാ എന്ന് തന്നെ പറയാം…

അടുത്തുള്ളോരു ചേച്ചി വീട്ടിൽ വന്നപ്പോ ഞാനെന്റെ കൊടയുടെ കഥന കഥ പറഞ്ഞു.. കടയിൽ കൊടുത്തു ശരിയാക്കാൻ കാശ് കുറച്ച് ആകുമെന്ന് പറഞ്ഞപ്പോ…

“നീയാ യൂട്യൂബിൽ നോക്ക് പെണ്ണേ,, നമുക്ക് തനിയെ ആ കമ്പി കെട്ടാം.. അതും പൊക്കിക്കൊണ്ട് കടയിൽ പോവണ്ട..ഞാൻ അങ്ങനെയൊക്കെയാ ചെയ്യുന്നേ….

എനിക്കത് കേട്ടപ്പോ വലിയ അതിശയം.. യൂട്യൂബിൽ നോക്കി പിള്ളേര് പ്രസവം വരെ എടുക്കുന്ന കാലമാണെന്ന് ദൈവത്തിനാണെ ഞാനറിഞ്ഞില്ല..

ചേച്ചി തിരിച്ചു പോയിക്കഴിഞ്ഞിട്ട് ഞാൻ യൂട്യൂബിൽ കേറി “കമ്പി.. എന്ന് ടൈപ്പ് ചെയ്തപ്പഴേ “കമ്പികഥകൾ ” എന്നും പറഞ്ഞു കുറെയെണ്ണം വരി വരിയായി വരാൻ തുടങ്ങി..

“കമ്പിക്കും കഥയോ…??

വായിച്ചു നോക്കിയപ്പോഴാണ് സംഭവം വേറെയാണെന്ന് മനസ്സിലാകുന്നത്…

“പടച്ചോനേ,, വിസ്മയം എന്ന് പറഞ്ഞാൽ എജ്ജാതി വിസ്മയം…

ഓരോ കഥയും വായിക്കുമ്പോൾ സങ്കടം വന്നു. ഇത്രയും വിഷമങ്ങൾ അനുഭവിക്കുന്ന ആൾക്കാരാണല്ലോ നമുക്ക് ചുറ്റിലുമുള്ളതെന്നോർത്ത് നെഞ്ച് പൊട്ടി …

കൊട പിന്നെ കടയിൽ തന്നെ കൊടുത്ത് ശരിയാക്കി കേട്ടോ… പിന്നെ യൂട്യൂബിൽ എന്തിനെങ്കിലും കേറുമ്പോ മറ്റേ സാനം കാണാറുണ്ട്… നമ്മള് എങ്ങോട്ടെങ്കിലും പോവുമ്പോ വഴീൽ വെച്ച് അറിയുന്ന ആരെയെങ്കിലും കണ്ടാൽ മിണ്ടത്തില്ലേ.. അതേപോലൊന്നു പരിചയം പുതുക്കും.. അത്രന്നെ…

ഫോണിൽ ഏതാണ്ടൊക്കെ ചെയ്തിട്ട് ആ ചേട്ടൻ ഫോണിങ്ങു തിരിച്ചു തന്നു..

“എത്ര രൂപയായി ചേട്ടാ..

ഞാൻ ഇന്നേവരെ ആർക്കും കൊടുക്കാത്തത്ര മര്യാദയിൽ വിനയത്തോടെ ചോദിച്ചു..

“പൈസയൊന്നും വേണ്ട..പിന്നെ ഇതൊന്നും അത്ര നല്ലതല്ല കേട്ടോ..??

കടയിൽ നിന്ന് ഇറങ്ങിത്തന്നാൽ മതിയെന്ന ഭാവം മുഖത്ത്..

ഹല്ലേ.. ഞാനേതാണ്ടോ വലിയ അപരാധം ചെയ്ത പോലാന്നല്ലോ…

ഇതൊക്കെ ആൾക്കാര് കുത്തിയിരുന്ന് എഴുതി വിടുന്നത് ഓരോരുത്തര് വായിക്കാൻ വേണ്ടിയല്ലേ.. പത്തു രൂപാ കൊടുത്ത് ഒരു മനുഷ്യനേ നമ്മക്ക് സഹായിക്കാൻ നിവൃത്തിയില്ല… നമ്മളെപ്പോലുള്ളവർ ഇതൊക്കെ വായിക്കുന്നോണ്ട് ആരെങ്കിലുമൊക്കെ പച്ചരി വാങ്ങിച്ചു കഞ്ഞി വെച്ച് കുടുമ്മക്കാരുടെ കൂടിരുന്നു കുടിക്കുന്നെങ്കിൽ അതൊരു പുണ്യമല്ലേ..

നമ്മടെ ഫോണ്..

നമ്മടെ കാശ്..

നമ്മടെ കണ്ണ്.. കയ്യ്…

പിന്നെ ഇവർക്കൊക്കെ ഇത്ര സങ്കടം എന്തിനാണെന്നാ മനസിലാവാത്തത്…

അല്ലെങ്കിലും നന്മ ചെയ്യുന്നവർക്ക് ഈ ലോകത്ത് വിലയില്ലല്ലോ…

അബ്രാമിന്റെ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *