എന്റെ നിഷേ ഇപ്പൊ വന്നാൽ ശരിയാവില്ല എനിക്ക് വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെന്നേ…

Uncategorized

രചന : നിരഞ്ജൻ എസ് കെ

ദേ ദേവേട്ടാ രണ്ടു വർഷം കഴിഞ്ഞില്ലേ നിങ്ങള് പോയിട്ട് എന്നിട്ട് പിന്നേം കുറച്ചൂടെ കഴിയട്ടെ എന്നാണോ പറയുന്നത്…

എനിക്ക് വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെന്നേ…

പിന്നെന്താണ് നിങ്ങക്ക് എന്നേം പിള്ളേരേം കാണണം എന്നൊന്നുമില്ലേ

ഡീ ചങ്കിൽ കൊള്ളണ വർത്താനം പറയരുത് ട്ടാ ഇവിടെ കിടന്നു രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നത് നിനക്കും പിള്ളേർക്കും വേണ്ടിയിട്ടാണ്….

പിന്നെന്താ നിങ്ങക്കൊന്നു വന്നാൽ നിങ്ങക്ക് കാണണം എന്നില്ലേലും എനിക്ക് കാണണം എന്നുണ്ട്…

അത് കൊണ്ടല്ലെടി നിനക്ക് അറിയാവുന്നത് അല്ലേ വീട് വച്ച കടം തന്നെ ഇതുവരെയും തീർന്നിട്ടില്ല മാസാമാസം ഒരുറുപ്പിക പോലും മാറ്റി വയ്ക്കാതെ അല്ലേ ഞാൻ നാട്ടിലേക്ക് പൈസ അയക്കണത് എന്റെ കയ്യിൽ ഒരഞ്ചിന്റെ പൈസ ഇല്ല അതിനിടയിൽ ഞാൻ എങ്ങനെ ലീവിന് വരാനാണ്….

ടിക്കറ്റ് കമ്പനി തരില്ലേ പിന്നെന്താ…

എന്റെ നിഷേ നീ ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ സംസാരിക്കല്ലേ ടിക്കറ്റ് മാത്രം മതിയോ ഒരുപാട് സാധനം മേടിക്കണം നാട്ടിൽ വന്നാൽ കുറച്ചു നാൾ പിടിച്ചു നിൽക്കണം അതിനൊക്കെ എത്ര ചിലവുണ്ട് എന്നറിയോ….

അതൊക്കെ എനിക്കറിയാം നാട്ടിൽ വന്നാൽ ഉള്ള ചിലവ് അല്ലേ അതോർത്തു ചേട്ടൻ പേടിക്കേണ്ട അതിന് ഞാൻ എന്റെ ഒരു വള പണയം വയ്ക്കാൻ തരാം നിങ്ങള് ഇങ്ങ് വന്നാൽ മതി ഒന്ന് നേരിട്ട് കാണാൻ അത്രേം ആഗ്രഹം ഉള്ളോണ്ടല്ലേ ദേവേട്ടാ…

അതൊന്നും ശരിയാവില്ല വളയൊന്നും പണയം വയ്‌ക്കേണ്ട ആകെ ഒരു തരി പൊന്നെന്ന് പറയാൻ ആ വളയും മാലയുമെ ഉള്ളൂ ഇതിലും വല്ല്യ അത്യാവശ്യം വന്നിട്ട് വച്ചില്ല അപ്പോഴാണ്….

ദേ മനുഷ്യാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

എന്റെ മുത്തല്ലേടി കുറച്ചു നാൾ കൂടെ ഒന്ന് കഴിഞ്ഞോട്ടെ അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ….

എന്നെ മുത്തേ തേനേ എന്നൊന്നും വിളിക്കേണ്ട ഒക്കെ സംസാരത്തിൽ മാത്രേ ഉള്ളൂ അല്ലാതെ ഒരു സ്നേഹോം ഇല്ല നിങ്ങക്ക്… ഇവിടെ കുടുംബശ്രീന്ന് ഒക്കെ പറയുന്നത് സത്യാ….

നീ എന്തൊക്കെയാണ് പറയുന്നത് കുടുംബശ്രീന്ന് എന്ത്‌ പറഞ്ഞൂന്നാ…

ഒന്നുല്ല… അടുത്ത മാസം നാട്ടിൽ വന്നേക്കണം ഇല്ലേൽ പിള്ളേരേം കൂട്ടി ഞാൻ എന്റെ വീട്ടിൽ പോകും പറഞ്ഞില്ലെന്നു വേണ്ട….

എടീ ഞാൻ…

ഒന്നും പറയേണ്ട എനിക്ക് അറിയാം എല്ലാം ചേട്ടൻ വന്നാൽ മതി ചിലവിനുള്ള പൈസയേ ഞാൻ കുടുംബശ്രീന്ന് എടുത്തു തന്നേക്കാം……

അവസാനവാചകം പോലെ അവളത് പറയുമ്പോൾ സംസാരം ആർദ്രമായി മാറിയിരുന്നു മറുത്തൊന്നും പറയാൻ കഴിയാതെ സമ്മതം മൂളി ഫോൺ കട്ട്‌ ചെയ്തു….

പതിനൊന്നു വർഷം മുൻപ് താൻ താലി ചാർത്തിയ പെണ്ണ് തന്റെ വിഷമത്തിലും സന്തോഷത്തിലും എന്നും കൂടെ നിന്നവൾ കുടുംബവും വീട് പണിയും എല്ലാം കൂടെ ഒന്നിച്ചു കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടായിരുന്നു ഗൾഫുകാരൻ എന്ന ലേബൽ സ്വീകരിച്ചത് ഇത്രയും വർഷത്തിൽ ഒരിക്കൽ പോലും അവളെയോ പിള്ളേരെയോ പിരിഞ്ഞിരുന്നിട്ടില്ല പക്ഷേ ജീവിതം അത് തിരുത്തിക്കുറിച്ചു

തുച്ഛമായ ശമ്പളം മാത്രമേ ഉള്ളൂ എന്നറിഞ്ഞിട്ടും നിവൃത്തികേട് കൊണ്ടായിരുന്നു ജോലിയിൽ തുടർന്നത് ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടുതുടങ്ങി..

അവൾക്ക്‌ കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാൻ അടുത്ത മാസത്തേക്ക് തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു കൂടെയുള്ളവരോട് ഒക്കെയും ചെറിയ ചെറിയ രീതിയിൽ കടം വാങ്ങി പിള്ളേർക്കും അവൾക്കുമുള്ള സാധനങ്ങൾ വാങ്ങിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു

നാട്ടിലെത്തി സ്വന്തം അധ്വാനത്തിന്റെ ഫലമായ ആ വീട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു മക്കൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും നൽകിയും അവരോട് ചേർന്ന് കളിച്ചും ഒരുപാട് സമയം പോയി രാത്രിയിൽ കിടക്കാൻ നേരം ആയിരുന്നു അവളുടെ ചോദ്യം…

അതേ എനിക്ക് എന്താ കൊണ്ട് വന്നത്…

അത് പിന്നെ…. ഞാൻ…

എന്റെ അവസ്ഥ അറിഞ്ഞിട്ടും അവളത് ചോദിച്ചു പോയല്ലോ എന്നുള്ള മുഖഭാവം അവളിൽ തെളിഞ്ഞതും ഒരു പുഞ്ചിരിയോടെ ആ കാലുകൾ എടുത്തു മടിയിൽ വച്ച് പോക്കറ്റിൽ വച്ചിരുന്ന കൊലുസ് എടുത്തു അതിലണിയിക്കുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…

എന്തിനാ ദേവേട്ടാ ഇതൊക്കെ വാങ്ങി പൈസ കളഞ്ഞേ… ഞാൻ അന്ന് ചുമ്മാ പറഞ്ഞതല്ലേ എനിക്ക് നിങ്ങളെ ഒന്ന് അടുത്ത് കണ്ടാൽ മാത്രം മതി… ചിണുങ്ങി കൊണ്ടവൾ പറയുമ്പോൾ അവനവളെ ചേർത്ത് പിടിച്ചിരുന്നു…

അതേയ് കണ്ണീരും കരച്ചിലുമൊക്കെ പിന്നെ ആദ്യം മോളാ നൈറ്റി ഒന്ന് പൊക്കിയെ ഞാൻ ആ കൊലുസ്സിട്ട കാലൊന്ന് ഫോണിൽ പകർത്തട്ടെ….

കളിയും ചിരിയുമായി രണ്ടുവർഷങ്ങൾക്കിപ്പുറം അവന്റെ കരവലയത്തിൽ കിടക്കുമ്പോൾ പതിയെ ചോദിച്ചു എടിയേ നിന്റെ കുടുംബശ്രീ എപ്പോഴാ….

ദേ മനുഷ്യാ നിങ്ങളിപ്പോ എന്റെ കുടുംബശ്രീടെ കണക്ക് എടുക്കേണ്ട അതൊക്കെ സെറ്റ് ആണ് ഇപ്പൊ എന്റെ പൊന്നു മോൻ ചേർന്ന് കിടന്നേച്ചാൽ മതി….

മൂന്നാല് ദിവസത്തെ ചെറിയ കറക്കവും മറ്റും ഒക്കെ കഴിയുമ്പോഴേക്കും പോക്കറ്റ് കാലി ആവാൻ തുടങ്ങി അടുത്ത ദിവസം ആണ് കുടുംബശ്രീ സാധരണ ട്രോളിലും മറ്റും ഒന്നും കാണുന്നത് പോലെ ഒന്നുമല്ല കുടുംബശ്രീകൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുടുംബശ്രീക്കാരെ കൊണ്ട് ട്രോളുകൾ ഇറക്കിയവരോട് പുച്ഛം തോന്നി….

പിറ്റേന്ന് സ്വന്തം വീട്ടിൽ വച്ചുള്ള കുടുംബശ്രീയിൽ പങ്കെടുക്കാൻ പത്തു പന്ത്രണ്ടോളം പെണ്ണുങ്ങൾ ഉണ്ടായിരുന്നു അമ്പതിനായിരം കയ്യിലേക്ക് വരുമെന്ന സന്തോഷത്തോടെ മെല്ലെ പുറത്തേക്ക് ഇറങ്ങി

കുടുംബശ്രീ തുടങ്ങാൻ നേരമായിരുന്നു എല്ലാവർക്കും ഒരു പുഞ്ചിരി പാസ്സാക്കി ഒരു സൈഡിലോട്ട് മാറി ഇരുന്നു അപ്പോഴായിരുന്നു കൂട്ടത്തിൽ ഒരാൾ മകൻ കണ്ണനോടായി സംസാരിച്ചു തുടങ്ങിയത്…

അച്ഛൻ വന്നിട്ട് കണ്ണന് എന്താ കൊണ്ട് തന്നത്….

അഞ്ച് വയസ്സിന്റെ നിഷ്കളങ്കതയുമായി അവൻ പറഞ്ഞു തുടങ്ങി കുറേ ചോക്ലേറ്റ് മിട്ടായി പിന്നെ കാർ

അപ്പൊ ദേവൂട്ടിക്കോ… ദേവൂട്ടിക്ക് ഉടുപ്പും പിന്നെ മിട്ടായി, ടെഡിബിയർ ഒക്കെയുണ്ട്…

പറയുന്നത് ഒക്കെയും കേട്ട് ചിരിച്ചങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു അടുത്ത ചോദ്യം

അച്ഛൻ അമ്മയ്ക്ക് ഒന്നും കൊണ്ടുവന്നില്ലേ…

കൊണ്ട് വന്നല്ലോ അമ്മയ്ക്ക് പാദസരം കൊണ്ട് വന്നു

ആണോ എന്നവർ ആശ്ചര്യത്തോടെ ചോദിച്ചതും വന്നു അടുത്ത മറുപടി

ആ പിന്നെ അച്ഛൻ അത് അന്ന് രാത്രി ഇട്ട് കൊടുത്തു അമ്മേടെ മാക്സി പൊക്കി ഫോട്ടോ ഒക്കെ എടുത്തു…

ചെറുക്കൻ പറഞ്ഞത് കേട്ടതും ഇരുന്ന ഇരുപ്പിൽ ആവിയായി ആ പെണ്ണുങ്ങൾക്കിടയിലൂടെ എങ്ങനെയാണ് പുറത്തേക്ക് വന്നത് പോലും മനസ്സിലായില്ല

കുടുംബശ്രീയെക്കുറിച്ച് മസസ്സിൽ കുറച്ചു മുൻപ് വരെയുള്ള ധാരണകൾ ഒരുദിവസം കൊണ്ട് മാറി മറിഞ്ഞു ഒരൊറ്റ ദിവസം കൊണ്ട് പാദസരം ഒക്കെ എവിടെയോ മാഞ്ഞു മാക്സി പൊക്കി ഫോട്ടോ എടുത്ത കഥ മാത്രം നാട്ടിൽ പാട്ടായി

നാണക്കേട് കാരണം കുടുംബശ്രീയിൽ നിന്നും കിട്ടിയ പൈസയ്ക്ക് തിരിച്ചു ടിക്കറ്റ് എടുത്തു പോകുമ്പോൾ മനസ്സിൽ ചിന്തിച്ചു ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു ഭർത്താവ് എന്നോളം വേറെ ആരുമുണ്ടാവില്ല

വർഷം മൂന്ന് കഴിഞ്ഞെങ്കിലും ഗൾഫുകാരൻ എന്നതിന് പകരം തുണി പൊക്കി ഫോട്ടോ എടുത്തവൻ എന്ന് പറഞ്ഞാൽ എന്നെ അറിയാത്തതായി ആ നാട്ടിൽ ഇപ്പോ ആരും തന്നെയില്ല

രചന : നിരഞ്ജൻ എസ് കെ

Leave a Reply

Your email address will not be published. Required fields are marked *